Latest News


Single

TRAVELOGUE

ജബല്‍ ജൈസ്, ജബല്‍ ഹഫീത് ഇമാറാത്തിന്റെ ഉയരമുള്ള സൗന്ദര്യം

November 27, 2018 | by admin_profile


ഭൂപ്രകൃതിയുടെ വൈവിധ്യത ഇമാറാത്തിന്റെ, യു.എ.ഇയുടെ സമ്പത്തും സൗന്ദര്യവുമാണ്. മലയും മരുഭുമിയുമായി ഉയര്‍ന്നും താഴ്ന്നും, തീരം തൊട്ടും കടലാഴങ്ങളില്‍ ഊളിയിട്ടും ആ സൗന്ദര്യമങ്ങനെ ഒഴുകിപ്പരന്നും മാനം മുട്ടിയും നില്‍ക്കുന്നു. അറബ് നാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന മണല്‍ക്കുന്നുകളുടെ വശ്യതയും മരുഭൂമിയുടെ വിശാലതയും ഒരു ഭാഗത്ത്. ചാഞ്ഞും ചരിഞ്ഞും, കയറി ഇറങ്ങിയും ഉയര്‍ന്നുപൊങ്ങിയും, അത്ഭുതപ്പെടുത്തിയും ആനന്ദിപ്പിച്ചും പേടിപ്പിച്ചും നിലകൊള്ളുന്ന മലനിരകള്‍ മറ്റൊരു ദൃശ്യം. മഹാനഗരങ്ങളും തീരദേശങ്ങളും കടന്ന് ഗ്രാമ്യഭംഗിയുടെ വിസ്മയങ്ങള്‍ പിന്നെയും നമുക്ക് കാഴ്ചകളുടെയും അനുഭവങ്ങളുടെയും അറേബ്യന്‍ വിരുന്നൊരുക്കുന്നു.

ഇമാറാത്തിന്റെ പ്രകൃതി സൗന്ദര്യങ്ങളില്‍ പ്രധാനമാണ് സവിശേഷതയാര്‍ന്ന മലനിരകള്‍. ആ മലനിരകളുടെ ഏതാണ്ട് ഉച്ചിയില്‍ കാല് കുത്താനും താഴ്‌വാരങ്ങളില്‍ കറങ്ങാനും യു.എ.ഇ യാത്രയില്‍ അവസരമുണ്ടായി. വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെയുള്ള സവാരി ഡ്രൈവിംഗ് സീറ്റിന്റെ അടുത്തിരുന്ന് ആസ്വദിക്കുകയായിരുന്നു. വാഹനത്തിന്റെ സ്റ്റിയറിംഗ് കൈയിലില്ലാത്തതു കൊണ്ട് ഉയരമുള്ള കാഴ്ചകളിലേക്ക് കണ്‍തുറക്കാനും മനസ്സ് കൊടുക്കാനും സൗകര്യപ്പെട്ടു. ജബല്‍ ജൈസ് മലനിരകള്‍ കയറിയിറങ്ങി, ജബല്‍ ഹഫീത്തിന്റെ നാട്ടില്‍ പോയി, മസാഫീ മലമ്പാതയും തുരങ്കവും താണ്ടി ഇങ്ങനെയൊരു യാത്ര ഇതാദ്യമായിരുന്നു. മലകളെക്കുറിച്ച്, അവയുടെ ഉയരം, ആകൃതി, വലിയ പാറകള്‍, കല്ലുകള്‍, അവയുടെ നിറഭേദങ്ങള്‍, മലയടിവാരങ്ങള്‍, മലവെള്ളപ്പാച്ചിലുകള്‍, അവയുടെ വഴികളും ശേഷിപ്പുകളും, അറേബ്യന്‍ പാരമ്പര്യത്തിലെ ജബലീ ജീവിതങ്ങള്‍, പിന്നെ ധാതു സമ്പത്ത് തുടങ്ങി നമുക്ക് പഠിക്കാന്‍ പര്‍വതനിരകളില്‍ പാഠങ്ങളേറെ! ‘അവര്‍ നോക്കുന്നില്ലേ….. പര്‍വതങ്ങളിലേക്ക്, അവ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന്?’ ഖുര്‍ആനിന്റെ ഈ ചോദ്യം ചിന്തയുടെ എത്ര ഉയരങ്ങളിലേക്കാണ്  നമ്മെ കൊണ്ടു പോകുന്നതെന്ന് ആലോചിച്ചത് ജബല്‍ ജൈസിന്റെ ഏതാണ്ട് മുകളില്‍നിന്ന് താഴോട്ട് കണ്ണയച്ചപ്പോഴാണ്. അപ്പോള്‍, ഉയരങ്ങളില്‍നിന്ന് താഴ്‌വാരങ്ങളിലേക്ക് നോക്കി നാം ദൈവത്തെ സാഷ്ടാംഗം പ്രണമിച്ചു പോകും.

ഭൂമിയുടെ ആണിയും തലയെടുപ്പുള്ള സൗന്ദര്യവും കാലാവസ്ഥാ നിയന്ത്രണത്തിന്റെ പ്രകൃതിപരമായ സംവിധാനവും അമൂല്യമായ വിഭവങ്ങള്‍ ശേഖരിച്ചു വെച്ച നിധികുംഭങ്ങളുമാണല്ലോ ഈ പര്‍വതങ്ങള്‍ എന്നാണ്, ജബല്‍ ജൈസ് കയറി ഇറങ്ങി താഴ്‌വാരത്തെത്തിയപ്പോള്‍ ചിന്തിച്ചത്. മലകളെ സൃഷ്ടിച്ചത് ഭൂമിയുടെ ആണിയായിട്ടാണെന്നും ആടി ഉലഞ്ഞുപോകാതെ അവ ഭൂമിയെയും അതിലെ ജീവിതങ്ങളെയും സംരക്ഷിച്ചു നിര്‍ത്തുന്നുവെന്നും ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (അന്നബഅ്-7, ഫുസ്സ്വിലത്ത്-10, അല്‍അമ്പിയാഅ്-31, അന്നഹ്ല്‍-15). ജബല്‍ ജൈസ് മലനിരകള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞ് കയറിയിറങ്ങുന്ന റോഡിന്റെയും ഷാര്‍ജയില്‍ നിന്ന് ഗോര്‍ഫുഖാനിലേക്കുള്ള, അഞ്ച് ടണലുകള്‍ ഉള്‍ക്കൊള്ളുന്ന മലമ്പാതയുടെയും വിശാലവും മനോഹരവുമായ നിര്‍മാണവും കാഴ്ചയും അനുഭൂതിയും സഞ്ചാര സൗകര്യവുമെല്ലാം ഈ സൂക്തങ്ങളിലെ ചില പരാമര്‍ശങ്ങളെ മനസ്സിലും ചിന്തയിലും മേയാന്‍ വിട്ടു. ഗിരിനിരകളിലെ വഴികളെക്കുറിച്ച ഈ ഖുര്‍ആന്‍ പാഠങ്ങളെങ്ങനെ വെറും വര്‍ത്തമാനമാകും; ‘ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി, അത് അവരെയും കൊണ്ട് ഉലഞ്ഞു പോകാതിരിക്കാന്‍. അതില്‍ വിശാലമായ വഴികളുമുണ്ടാക്കി, ജനം അവരുടെ വഴിയറിയാന്‍’ (അല്‍ അമ്പിയാഅ് -31). ഗിരിപ്രദേശങ്ങളില്‍ സഞ്ചരിക്കാനും ഭൂമിയുടെ ഒരു പ്രദേശം തരണം ചെയ്ത് മറ്റൊരു പ്രദേശം പ്രാപിക്കാനുള്ള പാതകളുണ്ടാക്കാനും വേണ്ടി, പര്‍വതങ്ങള്‍ക്കിടയില്‍ വിടവുകളുണ്ടാക്കുകയും നദികളൊഴുക്കുകയും ചെയ്തതാണ് ദൈവിക ദൃഷ്ടാന്തമായി പരിചയപ്പെടുത്തുന്നത്. ജബല്‍ ജൈസും ജബല്‍ ഹഫീതും ഉള്‍പ്പെടെയുള്ള മലനിരകള്‍ക്ക് താഴെ, ഗ്രാമീണ ജീവിതവും പച്ചപ്പും ഈന്തപ്പനത്തോട്ടങ്ങളും കാണാം. മലയടിവാരങ്ങളിലെ നീരൊഴുക്കും ജല ലഭ്യതയുമാകാം പ്രധാന കാരണം. മലകളില്‍നിന്ന് നദികളൊഴുക്കിയതിനെ കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. കാലഘട്ടങ്ങള്‍ കടന്നുവന്ന താഴ്‌വരകളിലെ ജനവാസ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലുള്ള, ജബലീ ജീവിതങ്ങളെ, അവരുടെ വീടുകളെ ജബല്‍ ജൈസിന്റെ അടിവാരങ്ങളില്‍ കാണാനിടയായി. ജബലീ, ബഹ്‌രീ, ബദവീ ജീവിതങ്ങളെക്കുറിച്ചൊക്കെ വഴിയെ പറയാം.

ജബല്‍ ജൈസ്, ജബല്‍ ഹഫീത്, ജബല്‍ ദാന, ജബലുദ്ദആലീ, ജബല്‍ അംലഹ്, ജബലുല്‍ ഹദീദ് തുടങ്ങിയവയാണ് യു.എ.ഇയിലെ പ്രധാന മലനിരകള്‍. ഭൂമിശാസ്ത്രപരമായി ഇവക്കോരോന്നിനും അതിന്റേതായ സവിശേഷതയും പ്രാധാന്യവുമുണ്ട്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പര്‍വതങ്ങള്‍ക്ക് നിര്‍ണായക പങ്കാളിത്തമുണ്ട്. ഇമാറാത്തിന്റെ മൊത്തം ഭൂമിയുടെ 2.6 ശതമാനമാണ് മലകളുള്ളത്. ഉയരം, നിറം, പാറയുടെ സ്വഭാവം തുടങ്ങിയവയില്‍ ഇവ തമ്മില്‍ അന്തരമുണ്ട്.

വര്‍ണ വൈവിധ്യത പൊതുവെ പര്‍വതങ്ങളുടെ സവിശേഷതയാണ്. ഏതു ഭൂഖണ്ഡത്തിലെയും മലനിരകള്‍ പരിശോധിച്ചാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന് അവയുടെ നിറങ്ങളാണ്, ഇമാറാത്തിലെ പര്‍വതങ്ങളും തഥാ. കറുപ്പും കടും നീലയും വെളുപ്പും ചുകപ്പും ചാരനിറമുള്ളതുമൊക്കെയായ മലനിരകള്‍ ഭൂമിയിലുണ്ട്. ചൈനയിലെ റെയിന്‍ബോ മലകള്‍ വര്‍ണവൈവിധ്യത കൊണ്ടാണ് നമ്മെ വിസ്മയിപ്പിക്കുക. ഇന്ത്യയിലേക്ക് വരുമ്പോള്‍, ഓരോ പര്‍വതത്തിനും മലനിരകള്‍ക്കും അതിന്റേതായ സവിശേഷതകളുള്ളതോടൊപ്പം, രാജസ്ഥാനിലെ മലകളും കുന്നുകളും കല്ലുകളും പ്രകൃതിദത്തമായ നിറഭേദങ്ങളാല്‍ സമ്പന്നമാണ്. കറുപ്പും ചാരനിറമുള്ളതുമാണ് ഇമാറാത്തിലെ മലകള്‍ പൊതുവില്‍. ചിലയിടങ്ങളില്‍ മരുഭൂമിയിലെ മണലുകളോടു സദൃശപ്പെട്ടും മലകള്‍ കാണപ്പെടുന്നു. ജബല്‍ ജൈസില്‍ കടും കറുപ്പ് തീരെ കുറവാണെന്ന് പറയാം. ചാരനിറമാണ് മുഖ്യം. ചിലയിടങ്ങളില്‍ മണ്ണിന്റെയും മണലിന്റെയും നിറങ്ങളിലും കാണപ്പെടുന്നു. മഴയും കാലാവസ്ഥാ മാറ്റങ്ങളും ചിലപ്പോള്‍ ഇവയുടെ നിറങ്ങളില്‍  ചില വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ടത്രെ. ജബല്‍ ജൈസ് മലയടിവാരത്തില്‍ കാണപ്പെട്ട ചെറുതും വലുതുമായ കല്ലുകള്‍ നിറത്തിലും സൗന്ദര്യത്തിലും പുഴത്തീരങ്ങളിലെ മണലിനോട് ചേര്‍ന്ന ചരല്‍ക്കല്ലുകളോട് സദൃശപ്പെടുന്നു. വിശുദ്ധ ഖുര്‍ആന്‍ പര്‍വതങ്ങളുടെ വര്‍ണ വൈവിധ്യതയെക്കുറിച്ചു പറഞ്ഞതാണ്, ജബല്‍ ജൈസ് മലനിരകളില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞത്; ‘അല്ലാഹു ആകാശത്തു നിന്ന് ജലം വര്‍ഷിക്കുന്നത് നീ കാണുന്നില്ലയോ? എന്നിട്ട് അതുവഴി നാം ഭിന്നവര്‍ണങ്ങളുള്ള പല തരം ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. വെളുപ്പും ചുവപ്പും കടും കറുപ്പുമായി ഭിന്ന വര്‍ണങ്ങളിലുള്ള പര്‍വതങ്ങളും കണ്ടു വരുന്നു’ (ഫാത്വിര്‍ -27). പ്രപഞ്ചമാകെ പരന്നു കിടക്കുന്ന വര്‍ണവൈവിധ്യങ്ങളെ ദൈവിക ദൃഷ്ടാന്തമെന്ന നിലയില്‍ അവതരിപ്പിച്ച്, അതേ കുറിച്ച ചിന്തയെ ഉണര്‍ത്തുകയാണ് ഈ സൂക്തം. ഇമാറാത്തിലെ പല പര്‍വതങ്ങള്‍ക്കു മാത്രമല്ല, ഒരേ പര്‍വതത്തിന്റെ ഒരേ ഭാഗത്തു തന്നെ വര്‍ണ വൈവിധ്യം കാണുമ്പോഴാണ്, ഈ സൂക്തം പഠിപ്പിക്കുന്ന ദൈവിക ദൃഷ്ടാന്തങ്ങളോര്‍ത്ത് നാം സുജൂദില്‍ വീണ് പോവുക. കറുപ്പും ചാരവര്‍ണവും നേര്‍ത്തചുകപ്പും കലര്‍ന്നു നില്‍ക്കുന്ന ഭാഗങ്ങള്‍ ജബല്‍ ജൈസില്‍ കാണാനായിട്ടുണ്ട്.  ഈ സൂക്തത്തില്‍ സൂചിപ്പിച്ച പോലെ മഴയും വെള്ളവും മാത്രമല്ല, മലയുടെ അന്തര്‍ഭാഗങ്ങളിലുള്ള ഖനിജങ്ങളും അവയുടെ നിറത്തെ സ്വാധീനിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അതെങ്ങനെ എന്നത് ഭൂമി ശാസ്ത്രപരമായ ഗവേഷണ വിഷയമാണ്. ദൈവിക നടപടിക്രമങ്ങളുടെ ഭാഗമായുണ്ടായ പേമാരിയും പ്രളയവും മറ്റു പ്രകൃതി പ്രതിഭാസങ്ങളും അറേബ്യന്‍ ഭൂഖണ്ഡത്തിലെ മലനിരകളെ ചരിത്രാതീത കാലഘട്ടങ്ങളിലും അതിനു ശേഷവും എങ്ങനെ സ്വാധീനിച്ചുവെന്ന് ആദ്യമായി ചിന്തിച്ചത് മസ്‌കത്തില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു. ഒമാനി

ലെ മലനിരകള്‍ക്ക് ഭൂമിശാസ്ത്രപരമായി മാത്രമല്ല, ചരിത്രപരമായും ചില പ്രത്യേകതകളുള്ളതായി അന്ന് തോന്നിയിരുന്നു.  ആ മലനിരകളുടെ നീള്‍ച്ച തന്നെയാണല്ലോ ഇമാറാത്തിനെയും സുന്ദരവും സമ്പന്നവുമാക്കുന്ന പര്‍വതനിരകള്‍!

ജബല്‍ ജൈസ്

റാസല്‍ഖൈമയില്‍നിന്ന് 69 കിലോമീറ്റര്‍ ദൂരമുണ്ട് ജബല്‍ ജൈസിലേക്ക്. മരുഭൂമി മുറിച്ചു കടക്കുന്ന റോഡുകള്‍, മലമുകളിലേക്ക് എത്താന്‍ ഒട്ടേറെ ഹെയര്‍ പിന്‍ വളവുകള്‍ കടന്ന് കയറിപ്പോകണം. ഇമാറാത്തിലെ ഏറ്റവും ഉയരമുള്ള മലനിരകളാണ് ജബല്‍ ജൈസ്, സമുദ്രനിരപ്പില്‍ നിന്ന് 1910 മീറ്ററാണത്രെ ഇതിന്റെ ഉയരം. ‘ജിബാലുല്‍ ഹജര്‍’, ശിലാ മലനിരകള്‍ (Hajar Mountains) എന്ന് വിളിക്കപ്പെടുന്ന പര്‍വതനിരകള്‍ രൂപപ്പെടുന്നവയിലൊന്ന് ജബല്‍ ജൈസാണ്. റാസല്‍ഖൈമയുടെ ഭാഗമായ ജബല്‍ ജൈസ്, പ്രവിശ്യയുടെ വടക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗത്ത് ഒമാനുമായും ഈ മലകള്‍ അതിര്‍ത്തി പങ്കിടുന്നു.

കടുകട്ടിയുള്ള കരിങ്കല്ലോ ചെങ്കല്ലോ അല്ല ജബല്‍ ജൈസിലെ പാറകള്‍. ഇടക്ക് കരിങ്കല്ല് കാണാമെങ്കിലും പൊതുവെ ചാരനിറത്തിലുള്ള, അതീവ കഠിനമല്ലാത്ത ഒരു തരം പറകളാണ് ഈ മലനിരകളിലുള്ളത്. അടുക്കി വെച്ച പാളികളായാണ് പാറകള്‍ കാണപ്പെടുന്നത്. ചില ഭാഗങ്ങള്‍ കടുത്ത സമ്മര്‍ദവും അത്യന്താധുനിക ഡ്രില്ലുകളും ഇല്ലാതെത്തന്നെ, താരതമ്യേന ചെറിയ അധ്വാനം കൊണ്ട് ഇളക്കിയെടുക്കാവുന്നതാണ്. ഉറപ്പ് കുറവാണെന്ന് ഇതിനര്‍ഥമില്ല. ഈ പാളികള്‍ക്കും അതിലെ കല്ല്, മണ്ണ്, മണല്‍ മുതലായവക്കും ഭൂവിജ്ഞാന ശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും പല പ്രത്യേകതകളും ഉണ്ടായിരിക്കണം. അതു സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരമുണ്ടായില്ല. പക്ഷേ, റോഡ് വെട്ടിയിറക്കിയതിന്റെ ഇരുഭാഗത്തും പാറകള്‍ മനോഹരമായ ശില്‍പചാതുരിയോടെയാണ് കാണപ്പെടുന്നത്. വിദഗ്ധനായ ഒരു കലാകാരന്റെ കൊത്തുപണികളെയും ഗുഹാ ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ് അവയുടെ സ്വാഭാവിക രൂപ ഭംഗി. മലകള്‍ക്കകത്തെ പാറകളുടെ പാളികളും രൂപഘടനയും നിറങ്ങളുമൊക്കെയാണ് ഈ സൗകുമാര്യത്തിന്റെ കാരണം. പക്ഷേ, പ്രപഞ്ചാധിനാഥനായ ദൈവത്തിന്റെ കരസ്പര്‍ശമാണ് ഈ സൃഷ്ട്യത്ഭുതത്തിന്റെ അകം പൊരുള്‍. പിക്കാസോ പറഞ്ഞ പോലെ ദൈവമാണല്ലോ ഏറ്റവും വലിയ കലാകാരന്‍, ഈ പ്രപഞ്ചമാണല്ലോ ഏറ്റവും മികച്ച കലാസൃഷ്ടി! പക്ഷേ,  പ്രമുഖനായൊരു ഖുര്‍ആന്‍ വ്യാഖ്യാതാവ് നിരീക്ഷിച്ചത് ശരിയായിരിക്കാം; ചിരപരിചിതത്വം കാരണം പ്രാപഞ്ചിക അത്ഭുതങ്ങള്‍ നമുക്ക് അജ്ഞാതമാവുകയാണ്.

മഞ്ഞ് പെയ്യുന്ന മലനിരകളാണ് ജബല്‍ ജൈസ്. വര്‍ഷത്തില്‍ രണ്ട് തവണ മഞ്ഞ് ചെയ്യുമ്പോള്‍ ഈ മലനിരകള്‍ ഒരു മണവാട്ടിയെപ്പോലെ മനോഹരിയായിരിക്കും. മാത്രമല്ല, ഇമാറാത്തിലെ ഏറ്റവും ചൂടു കുറഞ്ഞ കാലാവസ്ഥയും ഈ മലനിരകളിലാണ്. ശൈത്യകാലത്ത് ജബല്‍ ജൈസ് മലമുകളിലെ ചൂട് അഞ്ച് ഡിഗ്രി മാത്രമായിരിക്കും. മല മുകളിലെ കാഴ്ചയും കാലാവസ്ഥയും ഡ്രൈവിംഗിലെ സാഹസികതയും ജബല്‍ ജൈസിനെ ഇമാറാത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. സൗകര്യപ്രദമായ പുതിയ റോഡും, നിരീക്ഷണ സ്ഥലങ്ങളും (View Point) വിശ്രമ കേന്ദ്രങ്ങളും ഹോട്ടലുകളും മറ്റും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമാകുന്നു. ടൂറിസം വികസനത്തിന് ബൃഹദ് പദ്ധതിയാണ് ഗവണ്‍മെന്റ് തയാറാക്കിയിരിക്കുന്നത്. എന്റെ സന്ദര്‍ശനവേളയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് കാണാമായിരുന്നു. സമീപകാലത്ത് പ്രവര്‍ത്തനമാരംഭിച്ച ജബല്‍ ജൈസ് സിപ് ലൈന്‍ ലോകത്തിലെ ഏറ്റവും നീളമേറിയതാണ്. 2.83 കിലോമീറ്റര്‍ നീളമുള്ള ജബല്‍ ജൈസ് സിപ് ലൈന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിക്കഴിഞ്ഞു. സാഹസിക സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭൂതി സമ്മാനിക്കുന്ന, സമുദ്രനിരപ്പില്‍നിന്ന് 1,680 മീറ്റര്‍ ഉയരത്തില്‍, 2831.88 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പറക്കുന്ന ഈ സിപ് ലൈനിലൂടെ ഒരാള്‍ കടന്നു പോകുന്നതും മലമുകളില്‍ വെച്ച് കാണാന്‍ അവസരമുണ്ടായി.

മലനിരകള്‍ക്കിടയില്‍ ഒറ്റപ്പെട്ട, ജനവാസം കുറഞ്ഞ ഗ്രാമങ്ങള്‍ കാണാം. മഴ വെള്ളവും മലയടിവാരത്തെ ജലസ്രോതസ്സായ നീര്‍ച്ചാലുകളും പിന്നെ ഔദ്യോഗിക ജലസേചന സംവിധാനവുമൊക്കെ ഉപയോഗപ്പെടുത്തുന്ന കൃഷിത്തോട്ടങ്ങളും കാലി വളര്‍ത്തലുകളും ഈ ഗ്രാമങ്ങളിലുണ്ട്. ഇവര്‍ക്കായി ഗവണ്‍മെന്റ് വീടുകള്‍ നിര്‍മിച്ചുനല്‍കുകയും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.

 

ജബല്‍ ഹഫീത്

ഇമാറാത്തിന്നും ഒമാന്നും ഇടയില്‍ അതിരിടുന്ന ജബല്‍ ഹഫീത് പര്‍വതം അബൂദബി എമിറേറ്റിന്റെ ഭാഗമായ അല്‍ഐനിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1240 മീറ്റര്‍ ഉയരമുള്ള ജബല്‍ ഹഫീത്, ആകാശത്തുനിന്ന് നോക്കുമ്പോള്‍ സമുദ്രതീരത്തണഞ്ഞ ഒരു മത്സ്യത്തെപ്പോലെ തോന്നിക്കുന്നു! ജബല്‍ ജൈസ് കഴിഞ്ഞാല്‍, ഉയരത്തില്‍ ഇമാറാത്തിലെ രണ്ടാമത്തെയും അബൂദബിയിലെ ഒന്നാമത്തെയും പര്‍വതമാണ് ജബല്‍ ഹഫീത്. ഇടക്കിടെ അടര്‍ന്ന് വീഴുന്ന മണ്‍പാറകള്‍ (clay rocks) ആണ്  ജബല്‍ ഹഫീതിന്റെ പ്രത്യേകത. മില്യന്‍ കണക്കിന് വര്‍ഷങ്ങളിലൂടെ പല തരം പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് വിധേയമായാണ് ജബല്‍ ഹഫീത് ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. ഈ മലയുടെ അടിവാരങ്ങളില്‍  നടത്തിയ പര്യവേക്ഷണങ്ങളില്‍ മൃഗങ്ങളുടെ ഫോസിലുകളും മറ്റും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 500-ഓളം മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടത്രെ! ചരിത്ര പൈതൃക സ്വഭാവമുള്ള ഗുഹകളും ജബല്‍ ഹഫീതില്‍ വിജ്ഞാന കുതുകികളെ ആകര്‍ഷിക്കും. 96 മീറ്റര്‍ വരെ ആഴമുള്ള ഗുഹ ജബല്‍ ഹഫീത്തിലുണ്ട്. ചില ഗുഹകളിലേക്കു മാത്രമേ പ്രവേശന അനുമതിയുള്ളൂ.

ജബല്‍ ഹഫീതില്‍ പകല്‍ സമയങ്ങളില്‍ ചൂടും രാത്രി തണുപ്പും അനുഭവപ്പെടുന്നു. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് പൊതുവെ തണുപ്പ് കാലം. ചില സമയങ്ങളില്‍ തണുപ്പിന് കാഠിന്യമേറും, 4 ഡിഗ്രി വരെ തണുപ്പ് എത്താറുണ്ട്. മഴ ലഭിച്ചാല്‍ ജബല്‍ ഹഫീത് കൂടുതല്‍ മനോഹരിയാകും. 100 മി.മീറ്റര്‍ വരെ ഇവിടെ മഴ ലഭിക്കാറുണ്ടത്രെ! അതോടെ, ചെടികളും പുല്ലുകളും വളര്‍ന്ന് ജബല്‍ ഹഫീത്തിന്റെ പല ഭാഗങ്ങളും പച്ചപ്പട്ട് അണിഞ്ഞതുപോലെയുണ്ടാകും. ഇത്തരമൊരു കാഴ്ച സലാലയിലെ മലനിരകളിലാണ് നേരത്തെ കണ്ടിട്ടുള്ളത്.

പുല്ലുകള്‍ നട്ടുപിടിപ്പിച്ചും മികച്ച റോഡുകള്‍ നിര്‍മിച്ചും താഴ്‌വാരങ്ങളില്‍ പുന്തോട്ടങ്ങളും ഉദ്യാനങ്ങളും ഒരുക്കിയും അധികൃതര്‍ ജബല്‍ ഹഫീതിനെ നന്നായി പരിപാലിക്കുന്നുണ്ട്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആലു നഹ്‌യാന്‍ ജബല്‍ ഹഫീതിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹമാണ് ജബല്‍ ഹഫീത്തിന്റെ മുകളിലേക്കുള്ള റോഡ് സാക്ഷാത്കരിക്കാന്‍ നേത്യത്വം നല്‍കിയത്. നിരന്തര പരിശ്രമത്തിലൂടെ ഇന്ന് യു.എ.ഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ജബല്‍ ഹഫീതിനെ  മാറ്റിയെടുത്തിട്ടുണ്ട്.

മരുഭൂമിയിലെ അരുവികളാണ് ജബല്‍ ഹഫീത് താഴ്‌വരയുടെ പ്രധാന മനോഹാരിത. ഇത് അല്‍ഐനിന്റെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഗ്രീന്‍ മുബസറയാണ് ഇതില്‍ മുഖ്യം. ജബല്‍ ഹഫീത് താഴ്‌വരയിലെ പച്ചപ്പ് നിറഞ്ഞ ഒരു മൈതാനമാണിത്, പാര്‍ക്ക് ഉള്‍പ്പെടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പലതുമിവിടെയുണ്ട്. എന്നാല്‍, ജബല്‍ ഹഫീതില്‍ നിന്ന് ഒഴുകിയിറങ്ങുന്ന അരുവികളാണ് പ്രധാന ആകര്‍ഷണം. മുമ്പെപ്പോഴോ ഭൗമാന്തര്‍ഭാഗത്തു നിന്ന് ചൂടുവെള്ള പ്രവാഹമുണ്ടായപ്പോഴാണത്രെ ഗ്രീന്‍ മുബസറ പ്രസിദ്ധമായത്. എന്തായിരുന്നാലും അല്‍ഐനിലെ  പൂ

ന്തോട്ടങ്ങളും പച്ചപ്പുകളും നമ്മുടെ കണ്ണും മനസ്സും നിറക്കും. പച്ചപ്പും അരുവികളും  മരുഭൂമിയുടെ ഊഷരതയിലാകുമ്പോള്‍ വിശേഷിച്ചും.

ലോകത്തെവിടെയുമുള്ള പര്‍വതങ്ങള്‍ നമ്മുടെ വികാരങ്ങളെ തൊട്ടുണര്‍ത്തുന്ന പോലെ, ഇമാറാത്തിലെ മലനിരകളും നമ്മുടെ മനസ്സിനോടും മസ്തിഷ്‌കത്തോടും വൈകാരികമായും വൈജ്ഞാനികമായും സംവദിക്കും. ഒരു ഭാഗത്ത്, അവയുടെ ഗാംഭീര്യവും തലയെടുപ്പും മറുഭാഗത്ത് അവയുടെ ശാന്തതയും സൗന്ദര്യവും നമ്മുടെ മനം കുളിര്‍പ്പിക്കും. മനുഷ്യ സമൂഹവും നാഗരികതകളും പര്‍വതങ്ങളെ നോക്കി വിസ്മയം കൊണ്ടു നിന്നതിന് ഭൂമിയിലെ മനുഷ്യവാസത്തോളം തന്നെ പഴക്കമുണ്ടാകണം. ‘മലമുകളില്‍ കയറി, അവയുടെ കുളിരേകുന്ന വര്‍ത്തമാനങ്ങള്‍ക്ക് കാതോര്‍ക്കുക. അവിടെ വൃക്ഷത്തലപ്പുകളിലേക്ക് സൂര്യകിരണങ്ങള്‍ ഒഴുകിയിറങ്ങുന്നതു പോലെ പ്രകൃതിയുടെ പ്രശാന്തത നിങ്ങളിലേക്ക് അലിഞ്ഞിറങ്ങും. അവിടത്തെ കാറ്റിന്റെ സുഖ ശീതളിമ നിങ്ങളില്‍ ഉന്മേഷം നിറക്കും. തിമിര്‍ത്തു ചെയ്യുന്ന വര്‍ഷ മേഘങ്ങള്‍ നിങ്ങള്‍ക്ക് ഓജസ്സേകും. അപ്പോള്‍ നിങ്ങളുടെ ആകുലതകള്‍ കൊഴിഞ്ഞു വീഴും.’ അമേരിക്കന്‍ എഴുത്തുകാരനും പ്രകൃതി ശാസ്ത്രജ്ഞനുമായ ജോണ്‍ മൂയിറിന്റെ വാക്കുകള്‍.

ADD COMMENT

Previous Next
Close
Test Caption
Test Description goes like this