സദ്‌റുദ്ദീന്‍ വാഴക്കാട്
ബാഡ്മീര്‍ മരുഭൂമിയിലെ സുഖദമായ രാക്കുളിരും ഇളംകാറ്റുമേറ്റുള്ള ഉറക്കം
കഴിഞ്ഞ് ഞങ്ങള്‍ ഉണര്‍ന്നത്, സ്വപ്‌നതുല്യമായ ജയ്‌സാല്‍മീര്‍
യാത്രയിലേക്കായിരുന്നു. കേരള രീതിയില്‍ കുളിക്കാന്‍ വേണ്ട വെള്ളം, കടുത്ത
ജലക്ഷാമം അനുഭവിക്കുന്ന പാണ്ഡികപാര്‍ ഗ്രാമത്തില്‍ ഇല്ലാത്തതിനാല്‍
കഷ്ടിച്ച് പ്രഭാതകൃത്യങ്ങള്‍ നടത്തി ഞങ്ങള്‍ ഒരു ടാറ്റാ സുമോയില്‍ യാത്ര
പുറപ്പെട്ടു. ബാഡ്മീറില്‍നിന്ന് 150 കി.മീ ഉണ്ട് ജയ്‌സാല്‍മീറിലേക്ക്.
ഇനി, മരുഭൂമിയുടെ പ്രഭാതകാഴ്ചകള്‍ കണ്ട് നീണ്ട സഞ്ചാരമാണ്.
മണല്‍പ്പരപ്പും മുള്‍ചെടിപ്പടര്‍പ്പുകളും മരുഭൂമി മുറിച്ചുകടക്കുന്ന
കറുത്ത റോഡും അതിനിരുവശങ്ങളിലുമുള്ള ഗ്രാമീണരുമൊക്കെ സഞ്ചാരികള്‍ക്ക്
പ്രിയപ്പെട്ട കാഴ്ചകള്‍ തന്നെ!
ആതിഥേയനായ വലി മുഹമ്മദ് ഞങ്ങളോടൊപ്പം ജയ്‌സാല്‍മീറിലേക്ക് വരാന്‍
പ്രത്യേകിച്ചൊരു കാരണമുണ്ടായിരുന്നു. പാണ്ഡികപാറില്‍നിന്ന് എന്‍.എച്ച്
15-ല്‍ എത്തുന്നതുവരെ, ഞങ്ങള്‍ കടന്നുപോകേണ്ട വഴിയിലെ ജിന്‍ജിയാള്‍
ഗ്രാമത്തില്‍ രണ്ട് മത സമുദായങ്ങള്‍ക്കിടയില്‍ തലേന്നാള്‍ ഒരു സംഘര്‍ഷം
ഉടലെടുത്തിട്ടുണ്ട്. പ്രണയ വിവാഹമാണ് പ്രശ്‌നം. പെണ്‍കുട്ടിയുടെ
ഗോത്രക്കാര്‍ ഒന്നാകെ ഇളകിവശായിരിക്കുന്നു. ഇരുവരെയും കണ്ടെത്താനായി
അവര്‍ ആയുധധാരികളായി പരക്കം പായുകയാണ്. ഒരുപക്ഷേ, ഞങ്ങള്‍
ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് അല്‍പം ഭീതിയോടെയായിരുന്നു യാത്ര.
ഞങ്ങളെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുകയെന്ന ഉത്തരവാദിത്തം ആതിഥേയന്‍
ഏറ്റെടുക്കുകയായിരുന്നു. ആപത്തൊന്നുമില്ലാതെ ഞങ്ങള്‍ എന്‍.എച്ച് 15-ല്‍
പ്രവേശിച്ചു.
പഞ്ചാബിലെ പഠാന്‍കോട്ടില്‍നിന്ന് ഗുജറാത്തിലെ സംഖ്യാലി വരെ നീളുന്ന 900
കി.മീ റോഡാണ് ദേശീയ പാത പതിനഞ്ച്. ഈ റോഡിലൂടെ താര്‍മരുഭൂമി
മുറിച്ചുകടക്കുക രസകരമാണ്. സാമാന്യം വേഗത്തില്‍ ഞങ്ങളുടെ വാഹനം
മുന്നോട്ട് നീങ്ങുമ്പോള്‍ റോഡിനിരുവശത്തും കൂറ്റന്‍ ഫാനുകള്‍
കാണാമായിരുന്നു. കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വലിയ
പവര്‍ സ്റ്റേഷനുകളാണ് (ണശിറ ങശഹഹ) അവ. വന്‍കിടക്കാരുടെ ഉടമസ്ഥതയിലുള്ള
പവര്‍ സ്റ്റേഷനുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി
ഉല്‍പാദിപ്പിച്ച് ഗവണ്‍മെന്റിനു വില്‍ക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും
വലുതും ലോകത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതുമാണ് ജയ്‌സാല്‍മീര്‍
വിന്‍ഡ് പാര്‍ക് (ണശിറ ജമൃസ). സുസ്‌ലോണ്‍ ഇന്‍ഫ്രാസ്ട്രക്ചറിനാണ് ഇതിന്റെ
മേല്‍നോട്ടം. ഗവണ്‍മെന്റ് തന്നെ പാട്ടത്തിന് കൊടുത്ത ഭൂമിയില്‍
സ്വകാര്യകുത്തകകള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപഭോക്താക്കളാണ്
ഗവണ്‍മെന്റ്! ദരിദ്രലക്ഷങ്ങള്‍ ജീവിക്കുന്ന രാജസ്ഥാന്‍ ഗ്രാമങ്ങളുടെ
ശാക്തീകരണത്തേക്കാള്‍ അധികാരികള്‍ക്ക് പ്രിയം
സ്വകാര്യകുത്തകകളാണെന്നതിന്റെ തെളിവുകളിലൊന്നായിരുന്നു ആ കൂറ്റന്‍
ഫാനുകള്‍.
ഇതിനിടയില്‍ ചില ഗ്രാമങ്ങളില്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകരെയും ആടിനെ
മേയ്ക്കുന്ന ഇടയന്മാരെയും കാണാനായി. ബാഡ്മീര്‍ പോലെ ജയ്‌സാല്‍മീറിലെയും
സാധാരണക്കാരുടെ പ്രധാന വരുമാന മാര്‍ഗമാണ് കാലിവളര്‍ത്തല്‍. വെളുത്ത
ചെമ്മരിയാടിന്‍ പറ്റങ്ങള്‍ മരുഭൂമിയിലേക്ക് ഒഴുകിപ്പരക്കുന്നത് രസകരമായ
കാഴ്ചയാണ്. അവക്കു പിന്നില്‍ പാട്ടും പാടി, വലിയൊരു വടിയും ചുമലില്‍
പിടിച്ച് അതില്‍ ഭക്ഷണ സഞ്ചിയും തൂക്കി ഇടയന്മാര്‍ നടന്നുനീങ്ങുന്നു. ഒരു
വര്‍ഷം മൂന്ന് തവണയെങ്കിലും ചെമ്മരിയാടിന്റെ രോമം മുറിച്ചെടുക്കുമത്രെ.
തരക്കേടില്ലാത്ത വിലയും കിട്ടും. പലതരം ആടുകളെ ഗ്രാമീണര്‍
വളര്‍ത്തുന്നുണ്ട്. അവയുടെ ഇനവും തരവുമൊക്കെ വലി മുഹമ്മദ്
വിശദീകരിച്ചുതന്നു. ആട്ടിറച്ചി അവിടെ സുലഭമാണ്; കിലോക്ക് 350 രൂപയാണ്
കൂടിയ വില. പക്ഷേ, ബീഫ് കിട്ടില്ല! ബീഫ് എന്ന പദം തന്നെ തദ്ദേശീയരുടെ
നിഘണ്ടുവിലില്ലെന്ന് വലി മുഹമ്മദ് പറയുകയുണ്ടായി. കേരളത്തില്‍ ബീഫ്
സുലഭമാണെന്ന് കേട്ട് അദ്ദേഹം കണ്ണുമിഴിച്ചിരുന്നു. യു.പിയില്‍ മുഹമ്മദ്
അഖ്‌ലാഖ് വധിക്കപ്പെട്ടതുള്‍പ്പെടെ ബീഫിന്റെ ‘ഭീകരത’ പിന്നീട്
അനുഭവപ്പെട്ടപ്പോഴാണ് വലി മുഹമ്മദിന്റെ തുറന്നുവെച്ച കണ്ണുകളിലെ
അന്ധാളിപ്പ് ഇപ്പോള്‍ ശരിക്കും വായിച്ചെടുക്കാന്‍ കഴിയുന്നത്.
ഇത്തിരി ഉള്ളിലോട്ടു സഞ്ചരിച്ചാല്‍ ജയ്‌സാല്‍മീറിലെ പ്രസിദ്ധമായ ഡസേര്‍ട്
നാഷ്‌നല്‍ പാര്‍കില്‍ (ഡി.എന്‍.പി) എത്താം. 3000-ലേറെ കി.മീ
വിസ്തൃതിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ക്കാണിത്. താര്‍
മരുഭൂമിയുടെ ആവാസ വ്യവസ്ഥയും ജൈവികതയുമൊക്കെ ഇവിടെ അനുഭവിച്ചറിയാനാകും.
അത്യപൂര്‍വങ്ങളായ പക്ഷികളും മൃഗങ്ങളുമൊക്കെ പരിസ്ഥിതിയോട് ചേര്‍ന്ന്
ഇവിടെ സംരക്ഷിക്കപ്പെടുന്നു. വിവിധ ഇനം മാനുകള്‍, മയില്‍, കഴുകന്‍,
മുയല്‍, പ്രാപിടിയന്‍, വെളുത്ത പരുന്ത്, രാജാളി പക്ഷി, പിന്നെ രാജസ്ഥാനി
ഒട്ടകങ്ങള്‍.. എല്ലാമുണ്ടണ്ട് ഇവിടെ. 180 മില്യന്‍ വര്‍ഷങ്ങള്‍
പഴക്കമുള്ള മൃഗങ്ങളുടെ ഫോസിലുകളും പാര്‍ക്കില്‍ കാണാം. സഞ്ചാരികള്‍ക്കായി
സഫാരിയും ഒരുക്കിയിട്ടുണ്ടണ്ട്. ഇതില്‍ കുറേയേറെ ജനവാസമുള്ള
ഗ്രാമപ്രദേശങ്ങളാണ്. പാകിസ്താന്‍ അതിര്‍ത്തിയിലെ ഈ ഇന്ത്യന്‍
ഗ്രാമങ്ങള്‍, വിഭജനത്തിന്റെ മറ്റൊരു ദുരന്തസാക്ഷ്യമാണ്. നമ്മുടെ നാട്
വെട്ടിമുറിച്ചപ്പോള്‍ ഇവിടെയുണ്ടായിരുന്ന മുസ്‌ലിംകള്‍ പാകിസ്താനിലേക്ക്
പോയി, ഹിന്ദുക്കള്‍ ഇങ്ങോട്ടും വന്നു. അന്നുവന്ന ഹിന്ദുക്കള്‍ ഈ
ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഇവിടെ വൈദ്യുതിയോ അടിസ്ഥാന സൗകര്യങ്ങളോ
ഇല്ല. കാലികളെ വളര്‍ത്തിയും ചെറിയ കൃഷി ചെയ്തും ഉപജീവനം കണ്ടെത്തുന്നു
ദരിദ്രരായ ഈ ഗ്രാമീണര്‍. ഡി.എന്‍.പിയായി പ്രഖ്യാപിച്ച ഈ പ്രദേശത്തുനിന്ന്
അവരോട് ഒഴിഞ്ഞുപോകാന്‍ കല്‍പിച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. പക്ഷേ,
ഉള്ളതെല്ലാം പാകിസ്താനില്‍ ഉപേക്ഷിച്ച് പലായനം ചെയ്തുവന്നവര്‍ ഇനി
എങ്ങോട്ട് പോകാന്‍? ഇന്ത്യവിട്ട് പാകിസ്താനിലേക്ക് പലായനം ചെയ്ത
മുസ്‌ലിംകളുടെ അവസ്ഥയും ഭിന്നമല്ല.
വായിച്ചറിഞ്ഞ വിഭജനനാളുകളിലെ ദുരന്തകാഴ്ചകളിലേക്ക് മനസ്സ് കടന്നുപോകവേ
ഞങ്ങള്‍ പതിയെ ജയ്‌സാല്‍മീര്‍ പട്ടണത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
സ്‌കൂള്‍ പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞ താര്‍മരുഭൂമിയുടെ ഭാഗമാണ്
ജയ്‌സാല്‍മീര്‍ എന്ന മനോഹര പ്രദേശം. ഹൈസ്‌കൂള്‍ ക്ലാസില്‍
താര്‍മരുഭൂമിയെക്കുറിച്ച പാഠങ്ങള്‍ കേട്ടിരുന്നപ്പോഴൊന്നും അത്
ജീവിതത്തില്‍ നേരിട്ട് കാണാന്‍ കഴിയുമെന്ന് വെറുതെ പോലും
മോഹിച്ചിരുന്നില്ല. പക്ഷേ കാലമിതാ ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു!
രാജാക്കന്മാരുടെ ദേശമായ ‘രാജസ്ഥാന്റെ’ പ്രൗഢി, രജപുത്രരുടെ സവിശേഷമായ
പൈതൃകം, മരുഭൂമിയുടെ വശ്യമനോഹാരിത, മഞ്ഞ കലര്‍ന്ന സാന്റ് സോണുകള്‍,
അവയില്‍ നിര്‍മിച്ച സ്വര്‍ണവര്‍ണമുള്ള കെട്ടിടങ്ങള്‍… ഇന്ത്യയിലെ
ഏറ്റവും മനോഹരമായ പൈതൃക വിനോദസഞ്ചാര കേന്ദ്രമാണ് ജയ്‌സാല്‍മീര്‍. അതിന്റ
മായാകാഴ്ചകളിലേക്ക് ഊളിയിടാന്‍ മനസ്സ് വെമ്പിക്കൊണ്ടിരുന്നു.
ഹോട്ടലില്‍നിന്ന് രാജസ്ഥാനീ രുചിക്കൂട്ടിലുള്ള പ്രഭാതഭക്ഷണവും കഴിച്ച്
ഞങ്ങള്‍ നേരേ പോയത് നൂര്‍ മസ്ജിദിലേക്കാണ്. ‘തേലി മുസ്‌ലിം’കളാണ് ഈ പള്ളി
നിര്‍മിച്ചതും പരിപാലിക്കുന്നതും. ഹനഫീ മദ്ഹബ് പിന്തുടരുന്നവരാണവര്‍.
വിവിധതരം ഭക്ഷ്യഎണ്ണകള്‍ ഉല്‍പാദിപ്പിക്കുന്നവരാണ് ‘തേലി മുസ്‌ലിംകള്‍’
എന്നറിയപ്പെടുന്നത്. നല്ല സൗകര്യമുള്ള ‘മുസാഫിര്‍ ഖാന’യാണ് നൂര്‍
മസ്ജിദിന്റെ സവിശേഷത. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ലഗേജുകള്‍
സൂക്ഷിക്കാനുമുള്ള റൂമുകള്‍, ബാത്‌റൂം സൗകര്യം, സുരക്ഷിതത്വം, ചെറിയ
വാടക…. ഇതൊക്കെ ആ മുസാഫിര്‍ ഖാനയുടെ പ്രത്യേകതകളാണ്.
ദൂരദിക്കുകളില്‍നിന്ന് വരുന്നവര്‍ക്ക് വലിയൊരു അത്താണിയാണ് ഇത്തരം
മുസാഫര്‍ ഖാനകള്‍. അവിടത്തെ സൗകര്യങ്ങള്‍ കണ്ടപ്പോഴാണ് കേരളത്തിലെ
പള്ളികളെക്കുറിച്ച് ആലോചിച്ചത്! തിരുവനന്തപുരത്തെ ഒരു പള്ളിയിലൊഴികെ
കേരളത്തിലെവിടെയും ഇത്തരം മുസാഫിര്‍ ഖാനകള്‍ ഉള്ളതായി അറിയില്ല. എന്നല്ല,
പലപ്പോഴും മൂത്രപ്പുരകള്‍ പോലും അടച്ചിടുന്ന നമ്മുടെ പള്ളികള്‍ക്ക്
അനുകരിക്കാവുന്ന മാതൃക തന്നെയാണ് ഇത്. ലഗേജുകളെല്ലാം ഇറക്കിവെച്ച് റൂം
പൂട്ടി ഞങ്ങള്‍ ജയ്‌സാല്‍മീര്‍ നഗരക്കാഴ്ചകളിലേക്ക് പ്രവേശിച്ചു.
രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണ് ജയ്‌സാല്‍മീര്‍. ബാഡ്മീറിനെ
അപേക്ഷിച്ച് ഭൂവിസ്തൃതി വളരെ കൂടുതലും ജനസംഖ്യ കുറവുമാണ് ഇവിടെ. 38401
ചതുരശ്ര കി.മീ വരും ജില്ലയുടെ വിസ്തീര്‍ണം. ‘രാജസ്ഥാന്‍’ എന്നാല്‍
രാജാക്കന്മാരുടെ നാട് (ഘമിറ ീള ഗശിഴ)െ എന്നാണര്‍ഥം. അതിന്റെ എല്ലാ
പൈതൃകവും ജയ്‌സാല്‍മീറില്‍ കാണാം. ചെറുതും വലുതുമായ കോട്ടകള്‍,
പ്രഭുക്കന്മാരുടെ താമസസ്ഥലങ്ങളായ ‘ഹവേലികള്‍’ എന്നറിയപ്പെടുന്ന
മാളികപ്പുരകള്‍, ഛത്തരികള്‍ എന്ന് വിളിക്കപ്പെടുന്ന മിനാരങ്ങള്‍ പോലുള്ള
താഴികക്കുടങ്ങള്‍, മഞ്ഞ കല്ലുകളാല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍, നിരവധി
കവാടങ്ങള്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന
പ്രതിമകള്‍… അങ്ങനെ നീളുന്നു ആ പൈതൃക സ്വത്തുക്കള്‍!
എങ്ങനെയാണ് ‘ജയ്‌സാല്‍മീര്‍’ എന്ന പേര് വന്നത്? ഈ ചോദ്യം
മനസ്സിലുടക്കിയപ്പോഴാണ് മ്യൂസിയത്തിലും മറ്റും ചരിത്രപുസ്തകങ്ങള്‍
പരതിയത്. ഇത്തരം യാത്രകളില്‍ അതത് പ്രദേശത്തിന്റെ ചരിത്രവും സവിശേഷതകളും
രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ അവിടെ നിന്നുതന്നെ ശേഖരിക്കാന്‍
ശ്രമിക്കാറുണ്ട്. ഇത്തരം പുസ്തകങ്ങള്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍
ലൈബ്രറി, മ്യൂസിയം ജീവനക്കാര്‍ ആവേശത്തോടെ സഹായിക്കാറുണ്ട് മിക്കപ്പോഴും.
തങ്ങളുടെ നാടിന്റെ ചരിത്രം തേടി വന്ന ഒരു മറുനാട്ടുകാരനെ അവര്‍
താല്‍പര്യപൂര്‍വം സ്വീകരിക്കുന്നതായാണ് പൊതുവെയുള്ള അനുഭവം.
ജയ്‌സാല്‍മീറിനെ കുറിച്ചും ഒത്തിരി പുസ്തകങ്ങള്‍ കാണാനായി. ചിലതെല്ലാം
സ്വന്തമാക്കി.
9-ാം നൂറ്റാണ്ടിലെ ജയ്‌സിംഗ് എന്ന രജപുത്ര രാജാവിലാണ് ജയ്‌സാല്‍മീറിന്റെ
പാരമ്പര്യം ചെന്നുചേരുന്നത്. രജപുത്രരിലെ തന്നെ ‘ഭാട്ടി’ ഗോത്രാംഗമായ
‘ദിയോരാജ്’ ഒരു ദുരന്തത്തെ അതിജീവിച്ചുകൊണ്ട് ‘ദേരാവര്‍’ എന്ന പട്ടണം
നിര്‍മിച്ചു ഭരണം തുടങ്ങി. പിന്നീട് അദ്ദേഹം ‘ലോദര്‍വ’ പിടിച്ചടക്കി.
രജപുത്ര രാജാക്കന്മാരെ തോല്‍പിച്ചുകൊണ്ടുതന്നെയാണ് ദിയോരാജ് തന്റെ
സാമ്രാജ്യം വികസിപ്പിച്ചത്. രജപുത്ര രാജാക്കന്മാരുടെ മുഖ്യശത്രുക്കള്‍
ഒരു ഘട്ടത്തില്‍ ജോദ്പൂരിലെയും ബിക്കാനീറിലെയും റത്തോഡുമാരായിരുന്നു.
അധികാര-സാമ്പത്തിക താല്‍പര്യങ്ങളായിരുന്നു രാജാക്കന്മാര്‍ തമ്മിലുള്ള
യുദ്ധങ്ങളുടെ പ്രധാന കാരണം. ഒരേ മത-സമുദായങ്ങളിലും ഗോത്രങ്ങളിലും
പെട്ടവരും ഭിന്ന മത-സമുദായങ്ങളില്‍ പെട്ടവരും തമ്മില്‍ നടന്ന മിക്ക
യുദ്ധങ്ങളുടെയും കാരണം ഇതുതന്നെ. ജയ്‌സാല്‍മീറിലെ കോട്ടകളും മരുഭൂപാതകളും
സന്ദര്‍ശിക്കുമ്പോള്‍ ഒരു ചരിത്രാന്വേഷിക്ക് ഇന്നലെകളിലെ ഈ സംഭവങ്ങള്‍
മുന്നില്‍വന്നു നില്‍ക്കുന്നതു പോലെ തോന്നും.
ജയ്‌സാല്‍മീര്‍ മരുഭൂമി സാമ്പത്തികമായി വലിയ
പ്രാധാന്യമുള്ളതായിരുന്നുവെന്ന് ഒട്ടകപ്പുറത്ത് അതുവഴി കടന്നുപോകുമ്പോള്‍
നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ല. അവിടത്തെ കോട്ടകള്‍ക്കും
ജലാശയങ്ങള്‍ക്കും വേണ്ടിയാണ് പല യുദ്ധങ്ങളും നടന്നത്. മരുഭൂമിയില്‍
അങ്ങിങ്ങായി കാണപ്പെടുന്ന ജലാശയങ്ങള്‍ രാജകീയ-സൈനിക നീക്കങ്ങള്‍ക്ക്
മുമ്പുകാലത്തുതന്നെ കാരണമായിരുന്നു. ഏതു കാലത്തും മരുഭൂമിയില്‍ ജലം
അത്രമേല്‍ പ്രധാനമാണ്. ഈ ചരിത്രം കേട്ട് മരുഭൂമിയിലൂടെ നടക്കുമ്പോള്‍
‘ജലയുദ്ധങ്ങള്‍’ പുതിയ വിഷയമല്ലെന്ന് മനസ്സിലാക്കാനായി. അല്ലെങ്കിലും,
ഫറോവ ഈജിപ്തിന്റെ അധീശാധിപതി ചമഞ്ഞപ്പോള്‍ നദികളുടെ ഉടമസ്ഥതയെക്കുറിച്ച്
ഗീര്‍വാണം നടത്തിയതായുള്ള ഖുര്‍ആനിക വിവരണം പ്രധാനമാണല്ലോ!
ജയ്‌സാല്‍മീര്‍ മരുഭൂമി വലിയ വ്യാപാര സാധ്യതയുള്ളതുമായിരുന്നു.
ഉത്തരേന്ത്യ-മധ്യേഷ്യ-ഗുജറാത്ത് തുറമുഖം എന്നിവയെ പരസ്പരം
ബന്ധിപ്പിച്ചിരുന്ന പഴയ വ്യാപാര പാതയായിരുന്നു അത്. പേര്‍ഷ്യ, അറേബ്യ,
ഈജിപ്ത് എന്നീ മേഖലകളുടെ താല്‍ക്കാലിക വാണിജ്യ പ്ലാറ്റ്‌ഫോം
ആയിരുന്നുവത്രെ ജയ്‌സാല്‍മീര്‍. മരൂഭൂമിയിലൂടെ ഒട്ടകപ്പുറത്തുള്ള
ചരക്കുഗതാഗതം വലിയ സാമ്പത്തിക സാധ്യതകള്‍ തുറന്നുകൊടുത്തു. ഇതിന്റെ
പേരിലുള്ള കരംപിരിവുകള്‍ രാജാക്കന്മാര്‍ക്ക് നല്ല
വരുമാനമാര്‍ഗമായിരുന്നു. അതുകൊണ്ട് വ്യാപാര പാതകള്‍ അധീനപ്പെടുത്താന്‍
ഒരു ഘട്ടത്തില്‍ രജപുത്ര രാജാക്കന്മാര്‍ പരസ്പരം യുദ്ധം ചെയ്തു.
ജയ്‌സാല്‍മീര്‍ മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ പഴയ
വണിക്കുകളുടെ യാത്രകളും യുദ്ധരംഗങ്ങളുമൊക്കെ നമ്മുടെ കണ്‍മുമ്പില്‍
തെളിഞ്ഞുവരുന്നതുപോലെ.
12-ാം നൂറ്റാണ്ടില്‍ ‘റവാല്‍ ജെയ്‌സല്‍’ ആണ് ജയ്‌സാല്‍മീര്‍ നഗരത്തിന്റെ
നിര്‍മാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷമാണത്
പൂര്‍ത്തീകരിക്കപ്പെട്ടത്. പിന്നീട് പലരും മാറിമാറി ജയ്‌സാല്‍മീര്‍
ഭരിച്ചു. പലരുടെയും സൈനിക നീക്കങ്ങള്‍ ജയ്‌സാല്‍മീറിനെ ലക്ഷ്യമിട്ടു.
അലാവുദ്ദീന്‍ ഖില്‍ജി, ഫിറോസ് ഷാ തുഗ്ലക്ക്, ഹുമയൂണ്‍, മറാത്താ
രാജാക്കന്മാര്‍ തുടങ്ങിയവരൊക്കെ ജയ്‌സാല്‍മീറില്‍ യുദ്ധം ചെയ്തിട്ടുണ്ട്.
മറാത്തരുടെ കാലത്താണ് ബ്രിട്ടീഷുകാര്‍ ജയ്‌സാല്‍ മീറിനുവേണ്ടി യുദ്ധം
ചെയ്തത്. 1914-49 കാലത്ത് രാജാവായിരുന്ന മഹര്‍വാന്‍ ജവാഹീര്‍സിംഗ്
ജയ്‌സാല്‍മീറിന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ജയ്‌സാല്‍മീര്‍ റെയില്‍വേ സ്റ്റേഷനായിരുന്നു ഞങ്ങള്‍ ആദ്യം
സന്ദര്‍ശിച്ചത്. നേരത്തേ നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി,
അഹ്മദാബാദ് വഴി മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍, ടിക്കറ്റ് മാറ്റി
ബുക്ക്‌ചെയ്യലായിരുന്നു ലക്ഷ്യം. സ്റ്റേഷനില്‍ ധാരാളം
പട്ടാളക്കാരുണ്ടായിരുന്നു. പൊഖ്‌റാനിലെ സൈനിക കേന്ദ്രത്തില്‍നിന്ന്
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്നവരാണ്. കൂട്ടത്തില്‍ മലയാളികളുമുണ്ടണ്ട്.
ഒരാളെ പരിചയപ്പെട്ടു. 400 കി.മീറ്ററിലേറെ പാക് അതിര്‍ത്തി പങ്കിടുന്ന
ജയ്‌സാല്‍മീറില്‍ സൈനിക താവളം പ്രധാനമാണ്. ഇന്തോ-മുഗള്‍ ശില്‍പകലയില്‍
പണിത റെയില്‍വെ സ്റ്റേഷന്‍ പുറം കാഴ്ചയില്‍ മനോഹരമാണ്. മിനാരങ്ങള്‍
പോലുള്ള താഴികക്കുടങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇത് പേര്‍ഷ്യന്‍
ശില്‍പകലയില്‍നിന്ന് കടമെടുത്തതാണ്. രാജസ്ഥാനിലെ പ്രധാന
കെട്ടിടങ്ങള്‍ക്കെല്ലാം പൊതുവെ ഇത്തരം ഛത്ത്‌രികള്‍ കാണാനാകും!
രാജസ്ഥാനിലെ സവിശേഷമായ സാന്റ് സ്റ്റോണുകള്‍ കൊണ്ടാണ് കെട്ടിടങ്ങള്‍
നിര്‍മിച്ചിരിക്കുന്നത്. തവിട്ടും മഞ്ഞയും കലര്‍ന്ന നിറമാണ് ഈ കല്ലിന്.
ഗേറ്റുകളും നടപ്പാതകളുമൊക്കെ ഇത്തരം കല്ലുകള്‍ പാകി
മനോഹരമാക്കിയിരിക്കുന്നു. സൂര്യപ്രകാശത്തില്‍ തിളങ്ങുമ്പോള്‍ ഈ
കല്ലുകള്‍ക്ക് സ്വര്‍ണവര്‍ണമാണ്. അതുകൊണ്ടുതന്നെ ജയ്‌സാല്‍മീര്‍
അറിയപ്പെടുന്നതും സുവര്‍ണനഗരി (ഏീഹറലി ഇശ്യേ) എന്നാണ്. സൂര്യോദയ-അസ്തമയ
വേളകളില്‍ ജയ്‌സാല്‍മീര്‍ പൊന്നില്‍ കുളിച്ച പോലെ തിളങ്ങി നില്‍ക്കുന്ന
കാഴ്ച നമ്മെ കണ്ണഞ്ചിപ്പിക്കും. പെയിന്റിംഗുകള്‍ ആവശ്യമില്ല എന്നതാണ് ഈ
കല്ലുകളുടെ പ്രത്യേകത! നിറങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ
വെല്ലുവിളിക്കുന്നതു പോലെ തോന്നും ഈ ‘സമത്വസുന്ദര’ കെട്ടിടങ്ങള്‍! ഈ
കല്ലുകള്‍ മുറിച്ചെടുക്കുന്ന മലകളും അങ്ങിങ്ങായി കാണാന്‍ സാധിച്ചു.
ജയ്‌സാല്‍മീറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് ‘സോനാഖില’
എന്നറിയപ്പെടുന്ന കോട്ട തന്നെയാണ്. നഗരമധ്യത്തില്‍ തന്നെയുള്ള കോട്ട,
‘ജയ്‌സാല്‍മീറിന്റെ അഭിമാനം’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. 1156-ല്‍
ജയ്‌സാല്‍ രാജാവാണ് ഈ കോട്ട പണിതത്. കൂറ്റന്‍ കോട്ടവാതിലിലൂടെ ഞങ്ങള്‍
അകത്തു കടന്നു. രാജകുടുംബാംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും
വിശിഷ്ടാതിഥികള്‍ക്കും താമസിക്കാവുന്ന മാളികകള്‍, പട്ടാളക്കാര്‍,
കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് വസിക്കാവുന്ന ചെറിയ വീടുകള്‍, റൂമുകള്‍
തുടങ്ങിയവ കോട്ടയിലുണ്ട്. സൂരജ് പോല്‍, ഹവാ പോല്‍, ആവായ് പോല്‍ തുടങ്ങിയ
പടിവാതിലുകള്‍. മുപ്പതടി ഉയരത്തില്‍ നില്‍ക്കുന്ന കോട്ടമതില്‍. നൂറോളം
രക്ഷാസങ്കേതങ്ങള്‍! പുറത്തെ ചൂടില്‍നിന്ന് കോട്ടക്കകത്തേക്ക് കടന്ന
ഞങ്ങള്‍ക്ക് സുഖമുള്ള ഒരു തണുപ്പ് വന്നുപൊതിയുന്നതായി അനുഭവപ്പെട്ടു.
രാജസ്ഥാനിലെ കോട്ടകളുടെയും ഇത്തരം പുരാതന കെട്ടിടങ്ങളുടെയും
പ്രത്യേകതയാണ് ഈ തണുപ്പ്. കല്ലുകളുടെ പ്രകൃതിപരമായ പ്രത്യേകതയാണത്രെ അത്!
ആ കല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഗ്ലാസില്‍ വെള്ളം കുടിക്കുന്നത്
ആരോഗ്യദായകമാണെന്നു അവര്‍ പറയുന്നു. ഷുഗര്‍ രോഗത്തിന് ശമനം ലഭിക്കുമെന്ന്
പറഞ്ഞ് ഇത്തരം ഗ്ലാസുകള്‍ വില്‍ക്കുന്നവരെ സോനാകിലയിലും മറ്റു പലയിടത്തും
കാണാനായി.
രജപുത്ര-മുഗള്‍ വാസ്തുശില്‍പശൈലി സമന്വയിപ്പിച്ചുകൊണ്ടാണ് കോട്ടയുടെ
നിര്‍മാണം. രാജ്ഞിമാരുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഇരിക്കാനായി
നിര്‍മിച്ച മട്ടുപ്പാവിന് ചെറിയ കിളിവാതിലുകളുണ്ട്. താഴെ നടക്കുന്ന
പരിപാടികളെല്ലാം സ്ത്രീകള്‍ക്കു കാണാം; പക്ഷേ, ആര്‍ക്കും സ്ത്രീകളെ
അങ്ങോട്ട് കാണാന്‍ കഴിയില്ല! രാജസ്ഥാനിലെ കോട്ടകളിലും ഹവേലികളിലുമൊക്കെ
സ്ത്രീകള്‍ക്കു വേണ്ടി ഉണ്ടാക്കിയ കിളിവാതിലുകളുള്ള മട്ടുപ്പാവുകളുണ്ട്.
സ്ത്രീകള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ വരാത്ത/കാണാത്ത രജപുത്ര
പാരമ്പര്യത്തിന്റെ ഭാഗമാണിത്. മാത്രമല്ല, സ്ത്രീകള്‍ മുഖം മറക്കുന്ന രീതി
രജപുത്രര്‍ക്കിടയില്‍ പ്രത്യേകിച്ചും, രാജസ്ഥാനില്‍ പൊതുവെയും
കാണപ്പെടുന്നുണ്ട്! മരുഭൂവാസികളുടെയും ചില പ്രത്യേക ഗോത്ര
വിഭാഗങ്ങളുടെയും പാരമ്പര്യമാണ് സ്ത്രീകളുടെ മുഖം മറക്കല്‍ എന്ന്,
രാജസ്ഥാനിലെ ഹിന്ദു-ജൈന സ്ത്രീകള്‍ വ്യാപകമായി മുഖം മറക്കുന്നതില്‍നിന്ന്
മനസ്സിലാക്കാന്‍ സാധിക്കും.
ഒട്ടേറെ ഊടുവഴികളുണ്ട് കോട്ടക്കകത്ത്. നല്ല പരിചയമുള്ളവര്‍ക്കു മാത്രമേ
അതിനകത്തു കടന്നുചെന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുകയുള്ളൂ.
രാജകുടുംബത്തിന്റെ, വിശേഷിച്ചും സ്ത്രീകളുടെ സുരക്ഷിതത്വത്തിന്
വേണ്ടിയാണത്രെ കോട്ട ഇങ്ങനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു
യുദ്ധതന്ത്രവും അടങ്ങിയിട്ടുണ്ട്. യുദ്ധവേളയില്‍ ശത്രുസൈനികരോ ചാരന്മാരോ
അകത്തുകടന്നാല്‍ അവര്‍ക്ക് രാജ്ഞിമാരെ പിടിക്കാനോ പുറത്തു കടക്കാനോ
എളുപ്പമല്ല. വാദ്യോപകരണം വായിക്കുന്നവരുടേതുള്‍പ്പെടെ പലതരം രൂപങ്ങള്‍
കൊത്തിവെച്ച തൂണുകള്‍, മേല്‍ക്കൂര, ഇടനാഴികള്‍, പടവുകള്‍,
കൊത്തളങ്ങള്‍… ഇതെല്ലാം കൈകള്‍ കൊണ്ട് അതിമനോഹരമായി പണിതീര്‍ത്ത
ശില്‍പികളുടെ കരവിരുതിനു മുമ്പില്‍ നാം അത്ഭുത പരവശരാകാതിരിക്കില്ല.
രക്തരൂഷിതമായ യുദ്ധങ്ങളുടെ, അവയില്‍ തോറ്റപ്പോഴുള്ള സ്ത്രീകളുടെയും
കുട്ടികളുടെയും ആത്മാഹുതികളുടെയുമൊക്കെ വേദനിപ്പിക്കുന്ന ചരിത്രവും
കോട്ടക്ക് പറയാനുണ്ട്. പക്ഷേ, ഇന്ന് കോട്ട താമസക്കാരും കച്ചവടക്കാരും
കൊണ്ട് നിറഞ്ഞിരിക്കുന്നു. ജനങ്ങള്‍ താമസിക്കുന്ന, ബിസിനസ് കേന്ദ്രമായ
കോട്ടയാണിത്. രജപുത്ര രാജാവായിരുന്ന മഹാ രാവല്‍ രഘുനാഥ് സിംഗാണ് തന്റെ
ആശ്രിതര്‍ക്കും ജീവനക്കാര്‍ക്കുമായി കോട്ടയുടെ ഭാഗങ്ങള്‍
പങ്കുവെച്ചുകൊടുത്തത്. രാജസ്ഥാന്‍ തലസ്ഥാനം 1949-ല്‍ നിലവില്‍
വന്നുവെങ്കിലും രാജാധികാരം പൂര്‍ണാര്‍ഥത്തില്‍ ഒഴിവാക്കപ്പെടുന്നത്
1971-ലാണ്. അന്നത്തെ രാജാവായിരുന്നു രഘുനാഥ് സിംഗ്. ഇപ്പോള്‍ നിരവധി
കടകള്‍, ഹോട്ടലുകള്‍, മസാജ് പാര്‍ലറുകള്‍, വീടുകള്‍ തുടങ്ങിയവ കൊണ്ട്
കോട്ട ജനനിബിഡമാണ്. പത്തനംതിട്ട ജില്ലക്കാരായ രണ്ട് മലയാളി ചെറുപ്പക്കാരെ
അവിടെ ഞങ്ങള്‍ കണ്ടുമുട്ടി; ആയുര്‍വേദ മസാജ് പാര്‍ലര്‍ നടത്തുകയാണ്
അവര്‍. ‘ലോകത്തെവിടെ ചെന്നാലും മലയാളികളെ കണ്ടുമുട്ടു’മെന്ന ചൊല്ല്
വെറുതെയല്ലെന്നു പറഞ്ഞ് ഞങ്ങള്‍ കോട്ടക്കകത്തെ ജൈനക്ഷേത്രം
സന്ദര്‍ശിക്കാനായി മുന്നോട്ടുനടന്നു.
ജയ്‌സാല്‍മീറിന് വലിയൊരു ജൈന മത പാരമ്പര്യമുണ്ട്. അതിന്റെ അടയാളങ്ങളാണ്
കോട്ടക്കകത്തെ ആറോ ഏഴോ ജൈനക്ഷേത്രങ്ങള്‍. ശാന്തിനാഥ്, ചന്ദ്രപ്രഭു
ക്ഷേത്രങ്ങള്‍ അവയില്‍ മുഖ്യമാണ്. സമ്പന്നരായ ജൈന കച്ചവടക്കാരാണത്രെ
കോട്ടക്കകത്ത് ആ ക്ഷേത്രങ്ങള്‍ പണിതത്. 15-ാം നൂറ്റാണ്ടിലാണ് ഇവ
നിര്‍മിക്കപ്പെട്ടത്. ജൈന മതത്തിലെ പത്താമത് തീര്‍ഥങ്കരന്‍
ശീതള്‍നാച്ചിയുടെ അഷ്ടലോഹ വിഗ്രഹം ഉള്‍പ്പെടെയള്ള പ്രതിമകള്‍ക്ക്
ധ്യാനാത്മകതയുടെ പ്രൗഢിയുള്ളതുപോലെ തോന്നി. പുറത്തെ
കച്ചവടബഹളങ്ങള്‍ക്കിടയിലും നിശ്ശബ്ദതയുടെ ഒരു ആധ്യാത്മിക അനുഭൂതി
അതിനകത്തുണ്ട്. നിരവധി ഭക്തര്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.
വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും അതിനകത്ത് ആദരവോടെയാണ് ഇടപഴകുന്നത്.
ഏതു മതവിഭാഗത്തില്‍പെട്ടവരാണെങ്കിലും
ആരാധനാലയങ്ങളെയും ആദരിക്കുന്ന സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരം അവിടെ
പ്രയോഗവല്‍ക്കരിക്കപ്പെടുന്നതായി
സൗന്ദര്യത്തെ വികൃതമാക്കിയതാണല്ലോ, ജൈന-ബുദ്ധ-ദ്രാവിഡ മതങ്ങളെ
കശക്കിയെറിഞ്ഞ ആര്യാധിനിവേശം. ജയ്‌സാല്‍മീറിലെ കോട്ടക്കകത്തും
പുറത്തുമുള്ള ജൈനപാരമ്പര്യത്തിന്റെ പ്രൗഢശേഷിപ്പുകള്‍ സന്ദര്‍ശിക്കുകയും,
ജൈന മതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുകയും ചെയ്യുമ്പോഴാണ് ഏതു
വിധത്തിലാണ് ആര്യാധിനിവേശവും വര്‍ണവെറിയും ഇന്ത്യന്‍ മണ്ണിനെ
ദുരന്തഭൂമിയാക്കിയതെന്ന് കണ്ടറിയാനാകുന്നത്. കോട്ട കണ്ടിറങ്ങുമ്പോള്‍ ഈ
ചിന്തയായിരുന്നു മനസ്സു നിറയെ.