സദ്‌റുദ്ദീന്‍ വാഴക്കാട്
ഇത് ‘ചാണക്കാരു’ടെ ഗ്രാമം; കത്തി മൂര്‍ച്ചകൂട്ടല്‍, അഥവാ ‘ചാണപ്പണി’ കുലത്തൊഴില്‍ പോലെ തുടര്‍ന്നുവരുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍. 100% മുസ്‌ലിംകള്‍, ഹനഫീ മദ്ഹബ് പിന്തുടരുന്നവര്‍, ഉര്‍ദു മാതൃഭാഷ, വിദ്യാഭ്യാസത്തില്‍ അതീവ പിന്നാക്കം. രണ്ട് പള്ളികള്‍, അവിടെ ചെറിയ മദ്‌റസകളില്‍ പേരിന് പ്രാഥമിക മതപഠനം. കൊച്ചുമണ്‍കൂരകള്‍ നിരവധി, മഴയത്ത് ചോര്‍ന്നൊലിക്കുന്നവ, വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുവീണവ. കേരളത്തില്‍നിന്ന് വിവാഹം ചെയ്തുകൊണ്ടുവന്ന ദരിദ്ര മുസ്‌ലിം പെണ്‍കുട്ടികള്‍, അവരുടെ നെടുവീര്‍പ്പുകള്‍… ഈ ഗ്രാമത്തിന്റെ രണ്ടു ഭാഗങ്ങള്‍ക്ക് പേര്: ഹരിചന്ദ്രപുരം, ദീന്‍ നഗര്‍. യാദൃഛികമായാണ് തമിഴ്‌നാട്ടിലെ ഈ ഗ്രാമം സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മാസം അവസരമുണ്ടായത്.
ചെന്നൈയില്‍നിന്ന് 62 കി.മീ ദൂരമുണ്ട്, തിരുവള്ളൂര്‍ ജില്ലയിലെ ഗ്രാമീണ മേഖലയായ തിരുവാലങ്കാട്ടേക്ക്. ‘ഉത്സവങ്ങളുടെ നാട്’ എന്നാണ് തിരുവാലങ്കാടിന്റെ അര്‍ഥം. ഇരിങ്കാട്ടുകോട്ടയും പേരാമ്പക്കവും കടന്നുവേണം തിരുവാലങ്കാട്ട് എത്താന്‍. അവിടെയാണ് ഹരിചന്ദ്രപുരവും ദീന്‍ നഗറും. സാമാന്യം വേഗത്തില്‍ കാര്‍ ഓടിച്ചുകൊണ്ടിരുന്ന ചെന്നൈയിലെ സുഹൃത്ത് റിയാസ് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു; ചെന്നൈ വിശേഷങ്ങള്‍, അവിടത്തെ മുസ്‌ലിം ജീവിതം, സംസ്‌കരണ -പ്രബോധന സാധ്യതകള്‍… ഹരിചന്ദ്രപുരവും ദീന്‍ നഗറും സന്ദര്‍ശിച്ച സുഹൃത്ത് സനദും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വ്യവസായവും കൃഷിയും ഒരുമിച്ചുകൊണ്ടുപോകുന്ന തമിഴ്‌നാടിന്റെ രണ്ടുമുഖങ്ങള്‍ ചെന്നൈ നഗരത്തിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും നമുക്ക് കണ്ടറിയാം. ഇരിങ്കാട്ടുകോട്ടയില്‍ ഫോര്‍ഡും ഹ്യുണ്ടായിയും പോലുള്ള വന്‍കിട കമ്പനികളുടെ നിര്‍മാണ യൂനിറ്റുകളുണ്ട്. നാഷ്‌നല്‍ ഹൈവേയില്‍നിന്ന് സംസ്ഥാന പാതയിലേക്ക് കടന്ന ഞങ്ങള്‍ പേരാമ്പക്കത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ യാത്ര തുടര്‍ന്നു. തടാകം, കൃഷി ഭൂമി, നെല്‍വയലുകള്‍, ആട്ടിന്‍പറ്റങ്ങള്‍, താറാവ് കൂട്ടങ്ങള്‍, അവയെ മേയ്ച്ചു നടക്കുന്ന ഇടയന്മാര്‍…. ഗ്രാമീണ വശ്യതയുടെ തമിഴ്‌നാടന്‍ കാഴ്ചകള്‍ ആസ്വാദ്യകരം തന്നെ. ചെമ്മണ്‍ പാതക്കരികിലെ കരിമ്പനകള്‍ പാലക്കാടന്‍ ഗ്രാമങ്ങളെ ഓര്‍മിപ്പിച്ചു. ഓലക്കുടിലുകളും കോവിലുകളും വഴിയില്‍ പലയിടത്തും കാണാനായി. കോവിലുകളാല്‍ സമൃദ്ധമാണ് തമിഴ്‌നാട് നഗരങ്ങളും ഗ്രാമങ്ങളും. ദ്രാവിഡ പാരമ്പര്യത്തിന്റെ പ്രതീകങ്ങളിലൊന്നായ കോവിലുകള്‍ക്ക് സമകാലിക ഇന്ത്യയിലുള്ള രാഷ്ട്രീയ പ്രാധാന്യം ചെറുതല്ല.
പ്രദേശത്തുകാരനായ തബ്‌ലീഗ് പ്രവര്‍ത്തകന്‍ മുനീര്‍ ബാഷയോടൊപ്പമാണ് ഞങ്ങള്‍ ഗ്രാമം സന്ദര്‍ശിച്ചത്. ഒരു ഗ്രാമത്തിന്റെ രണ്ടു ഭാഗങ്ങളാണ് ഹരിചന്ദ്രപുരവും ദീന്‍ നഗറും. രണ്ടിടത്തുമായി 450 ലേറെ കുടുംബങ്ങളുണ്ട്. മുഴുവന്‍ മുസ്‌ലിംകള്‍. വോട്ടവകാശമുള്ളവര്‍ ഏകദേശം 1000. മുസ്‌ലിം കോളനിയുടെ മറ്റൊരു ഭാഗത്ത് ഹരിജന്‍, നായിഡു, മുതലിയാര്‍ വിഭാഗങ്ങള്‍ താമസിക്കുന്നു. ഓരോ ജാതിക്കാരുടെയും വീടുകള്‍ വെവ്വേറെ ഭാഗങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം സൗഹാര്‍ദപൂര്‍ണമാണ്. ഹരിചന്ദ്രപുരത്തെ കടകളില്‍നിന്നാണ് എല്ലാവരും സാധനങ്ങള്‍ വാങ്ങുന്നത്. വിവാഹാഘോഷങ്ങളില്‍ പരസ്പരം ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നു. എന്നാല്‍, ഹരിജന്‍-മുതലിയാര്‍- നായിഡു വിഭാഗങ്ങള്‍ക്കിടയില്‍ ജാതി വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. വെവ്വേറെ വഴികളിലൂടെയാണ് യാത്ര. മരിച്ചാല്‍ കൊണ്ടുപോകുന്നതും രണ്ട് വഴികളിലൂടെ തന്നെ.
ഹരിചന്ദ്രപുരത്തുനിന്ന് കുറച്ച് പേര്‍ 2001 ല്‍ തൊട്ടടുത്ത സ്ഥലത്തേക്ക് മാറിത്താമസിച്ചു. തങ്ങളുടെ കോളനിക്ക് അവര്‍ നല്‍കിയ പേരാണ് ‘ദീന്‍ നഗര്‍.’ 62 കുടുംബങ്ങളുണ്ട് അവിടെ. പുറമ്പോക്ക് ഭൂമിയിലാണ് ഇവര്‍ കുടിലുകള്‍ കെട്ടിയത്. പിന്നീട് കരുണാനിധി ഗവണ്‍മെന്റ് കുറച്ചു കുടുംബങ്ങള്‍ക്ക് 2 സെന്റ് ഭൂമി വീതം പട്ടയം നല്‍കുകയുണ്ടായി.
കത്തി മൂര്‍ച്ചകൂട്ടല്‍, അഥവാ ചാണപ്പണി കുലത്തൊഴില്‍ പോലെ കൊണ്ടുനടക്കുന്നവരാണ് ഹരിചന്ദ്രപുരത്തെയും ദീന്‍ നഗറിലെയും മുസ്‌ലിം കുടുംബങ്ങള്‍. ദാരിദ്ര്യം അവരുടെ ജീവിതത്തിനുമേല്‍ കരിമ്പടം പുതച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ഇനിയുമവരുടെ കുടിലുകളിലേക്ക് കടന്നുചെന്നിട്ടില്ല. പ്രാഥമിക ജീവിതാവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍. വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും മുഖത്ത് തളംകെട്ടിനില്‍ക്കുന്ന ദൈന്യതയില്‍നിന്ന് നമുക്കവരുടെ ജീവിതാവസ്ഥ വായിച്ചെടുക്കാം. തങ്ങളുടെ കുടിലുകള്‍ മാത്രമല്ല, ജീവിതം തന്നെ പുറമ്പോക്കിലായവര്‍.
ഇങ്ങനെയൊരു സമൂഹം തിരുവാലങ്കാട്ട് എങ്ങനെ രൂപപ്പെട്ടുവെന്ന് കൃത്യമായി പറയാന്‍ പ്രായമുള്ളവര്‍ക്ക് പോലും കഴിയുന്നില്ല. പത്തു തലമുറയെങ്കിലുമായി ഇവരില്‍ പല കുടുംബങ്ങളും ഇവിടെ ജീവിക്കുന്നുണ്ട്. കിടപ്പാടമില്ലാത്തവര്‍ ഏതോ ഒരു ഘട്ടത്തില്‍ ഇവിടെ വന്ന് താമസമാക്കിയതാകണം. പിന്നീട് കേട്ടറിഞ്ഞും പരിചയക്കാര്‍ വഴിയും മറ്റും കുറേ പേര്‍ കൂടി വന്നുചേര്‍ന്നു; അങ്ങനെ ഇതൊരു ഗ്രാമം പോലെ രൂപപ്പെട്ടു. -ഇത്ര മാത്രമേ അവര്‍ക്ക് പറയാനറിയൂ.
ചേരി പോലെയാണ് ഹരിചന്ദ്രപുരത്തും ദീന്‍ നഗറിലും കുടിലുകളുടെ കിടപ്പ്. ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ പണിത ചെറിയ ചില വീടുകള്‍ ഉണ്ടെങ്കിലും അധികവും മണ്ണും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകള്‍. പലര്‍ക്കുമുള്ളത് 2-3 സെന്റ് ഭൂമി. ചിലര്‍ക്ക് പട്ടയമുണ്ട്. തായ്പത്രമാണ് ചിലര്‍ക്ക്. അനന്തരാവകാശത്തിലൂടെ ഭൂമി മക്കള്‍ക്ക് കൈമാറാവുന്ന കൈവശാവകാശ രേഖയാണ് ‘തായ്പത്രം.’ ഇത്തരം ഭൂമി വില്‍ക്കാന്‍ പറ്റില്ല. അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ കഴിയുന്നത് 4-5 മീറ്റര്‍ വിസ്തൃതിയുള്ള ഒറ്റ മുറി വീടുകളില്‍. വല്ലാതെ കുനിഞ്ഞ് പ്രയാസപ്പെട്ടു വേണം അകത്തേക്ക് കയറാന്‍. മണ്ണുകൊണ്ടുള്ള ചുവരുകള്‍. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര. ഭക്ഷണമുണ്ടാക്കുന്നതും അതിനകത്തുതന്നെ. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യങ്ങളില്ലാത്ത വീടുകളുമുണ്ട്! ഒരു രാത്രി പോലും സ്വസ്ഥമായി അന്തിയുറങ്ങാന്‍ കഴിയാത്ത ഈ ദരിദ്ര മുസ്‌ലിം കുടുംബങ്ങള്‍ എഴുത്തുകാരന്റെ അക്ഷരാവിഷ്‌കാരമോ സാഹിത്യകാരന്റെ ഭാവനാവിലാസമോ അഭ്രപാളികളിലെ വിഷ്വല്‍സോ അല്ല; ജീവിതത്തിന്റെ പൊള്ളുന്ന നേര്‍ക്കാഴ്ചകള്‍ മാത്രം.
‘ചാണപ്പണി’യാണ് പൊതുവെ വരുമാനമാര്‍ഗം. മുമ്പ് തൊഴിലവസരങ്ങളുണ്ടായിരുന്നെങ്കി
ഒരു കാലത്ത് ചാണപ്പണിക്ക് കേരളത്തില്‍ നല്ല അവസരമുണ്ടായിരുന്നു. ഗ്രാമത്തിലെ പലരും കേരളത്തില്‍ വന്ന് ചാണപ്പണി ചെയ്തിട്ടുണ്ട്. ‘കത്തി മൂര്‍ച്ച കൂട്ടാനുണ്ടോ’ എന്ന് ചോദിച്ച് പകല്‍ വീടുകള്‍ തോറും കയറിയിറങ്ങും. രാത്രി കടകളുടെ വരാന്തയില്‍ കിടുന്നുറങ്ങും. ഹോട്ടലില്‍നിന്ന് ഭക്ഷണം. ഓരോ പ്രദേശത്തും പരിചയമുള്ള ഹോട്ടലുകളുണ്ടാകും. കൂലിയിനത്തില്‍ കിട്ടുന്ന കാശ് ഹോട്ടലുകാരനെ ഏല്‍
പിക്കും. നാട്ടിലേക്ക് പോകുമ്പോള്‍ ഒന്നിച്ച് തിരിച്ചുവാങ്ങും. കാശ് കൈയില്‍ വെച്ച് കടത്തിണ്ണകളിലൊന്നും കിടന്നുറങ്ങാന്‍ പറ്റില്ലല്ലോ. ഇങ്ങനെ കേരളത്തില്‍ ദീര്‍ഘകാലം കത്തി മൂര്‍ച്ച കൂട്ടി നടന്നവരിലൊരാളാണ് ശംസുദ്ദീന്‍. പിതാവ് ഉസന്റെ കൈ പിടിച്ച് ചെറുപ്രായത്തിലാണ് അദ്ദേഹം കേരളത്തിലെത്തിയത്. 1979ല്‍ ട്രെയ്‌നിലായിരുന്നു ആദ്യയാത്ര. അന്ന് 12-13 വയസ്സ്. പിന്നെ തുടര്‍ച്ചയായി കേരളത്തില്‍ വന്നു. തലപ്പാടി മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്തു. തെരുവില്‍ കിടന്നുറങ്ങി. ഒന്നോ രണ്ടോ മാസം കഴിഞ്ഞാണ് തിരിച്ചുവരിക. കാര്യമായ പണമൊന്നും കിട്ടിയില്ലെങ്കില്‍ മൂന്ന് മാസം വരെ കേരളത്തില്‍ തങ്ങും. ദീര്‍ഘകാലം കേരളത്തില്‍ ചാണപ്പണി ചെയ്തു. പൊതുവെ നല്ല അനുഭവമാണ് തനിക്കുണ്ടായതെന്ന് ശംസുദ്ദീന്‍ പറയുന്നു. ആദ്യ ഭാര്യ മരിച്ച ശേഷം അദ്ദേഹം രണ്ടാമത്ത വിവാഹം ചെയ്തത് പാലക്കാട് ആലത്തൂരിനടുത്ത ഒരു ദരിദ്ര കുടുംബത്തില്‍നിന്നാണ്. ഒറ്റ മുറിയുള്ള വീട്ടിലാണ് താമസം. മൂത്ത മകന് മെക്കാനിക്കായി ജോലി തുടങ്ങിയപ്പോള്‍ തന്നെ, 21 ാം വയസ്സില്‍ മാനസിക രോഗം ബാധിച്ചു. നല്ല ചികിത്സ നല്‍കാന്‍ പണം വേണം. തൊഴില്‍ കുറവ്, വരുമാനമില്ല, നിത്യജീവിതം തന്നെ ദുരിതമയം. പിന്നെന്ത് ചികിത്സ!
തൊഴില്‍ തേടി കേരളത്തിലേക്ക് നടത്തിയ യാത്രകളാണ് വിവാഹ ബന്ധങ്ങള്‍ക്ക് വഴിതുറന്നത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്ന് വിവാഹം ചെയ്തു കൊണ്ടുവന്ന സ്ത്രീകള്‍ ഹരിചന്ദ്രപുരത്തും ദീന്‍ നഗറിലുമുണ്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍-കൂട്ടായി തീരദേശ മേഖലയില്‍നിന്ന് കുറേയേറെ വിവാഹങ്ങള്‍ തിരുവാലങ്കാട്ടേക്ക് നടന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ വീടുകളിലെ ദാരിദ്ര്യം തന്നെയാണ് ഈ വിവാഹത്തിന് നിമിത്തം. ചാണപ്പണിക്കായി വീടുകള്‍ കയറിയിറങ്ങുമ്പോള്‍ കണ്ടുമുട്ടുന്ന, സാമ്പത്തിക പ്രയാസം കൊണ്ട് വിവാഹം കഴിയാതെ നില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് കല്യാണം കഴിച്ച് കൊണ്ടുവന്നത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും ഇത്തരം വിവാഹങ്ങള്‍ക്ക് അവര്‍ കാണിക്കുന്ന സന്മനസ്സ് മാതൃകാപരമാണ്. തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ദേശത്ത് ജീവിക്കേണ്ടിവരുന്നു എന്നതൊഴിച്ചാല്‍ മൈസൂര്‍ കല്യാണങ്ങളിലേതുപോലുള്ള പീഡനങ്ങളോ ദുരിതങ്ങളോ ഇവര്‍ക്ക് പൊതുവെ അനുഭവിക്കേണ്ടിവന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.
ഹരിചന്ദ്രപുരത്തും ദീന്‍ നഗറിലും രണ്ട് പള്ളികളുണ്ട്. ഹരിചന്ദ്രപുരത്തെ പള്ളി പഴയതാണ്. 2001 ല്‍ രൂപപ്പെട്ട ദീന്‍ നഗര്‍ കോളനിയില്‍ 2014-ലാണ്, ‘മസ്ജിദ് അബൂത്വാഹിര്‍’ എന്ന പേരില്‍ ചെന്നൈയിലെ അര്‍റഹ്മാന്‍ ട്രസ്റ്റ് പള്ളി പണിതത്. ഹരിചന്ദ്രപുരത്തെ പള്ളിയില്‍ മദ്‌റസ നടക്കുന്നുണ്ട്. ചെറിയ ക്ലാസുകള്‍ക്ക് രാവിലെയും മുതിര്‍ന്ന ക്ലാസുകള്‍ക്ക് വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റില്‍ നടക്കുന്ന മദ്‌റസയില്‍ 150 കുട്ടികള്‍ പഠിക്കുന്നു. ഉര്‍ദു, അറബി ഭാഷകളില്‍ ഹനഫീ കര്‍മശാസ്ത്രവും മറ്റു പ്രാഥമിക ദീനീവിഷയങ്ങളുമാണ് പഠിപ്പിക്കുന്നത്.
ചാണപ്പണിയല്ലാത്ത തൊഴിലൊന്നും ഗ്രാമീണര്‍ക്ക് പൊതുവെ അറിയില്ല. ഈ ജോലിക്ക് അവസരങ്ങള്‍ തീരെ കുറഞ്ഞതോടെ, പുതിയ തലമുറയില്‍ തൊഴിലില്ലായ്മ രൂക്ഷം. ദാരിദ്ര്യത്തിലേക്ക് തൊഴിലില്ലായ്മ കൂടി ചേര്‍ന്നാല്‍ ഇതുപോലൊരു ഗ്രാമത്തിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പടം (സീനറി) വില്‍പനയും പഴയ സാധനങ്ങള്‍ സംസ്‌കരിക്കുന്ന കമ്പനികളിലെ കൂലിപ്പണിയുമാണ് പുതിയ തലമുറയില്‍ പലരും ചെയ്യുന്നത്. ചുവരില്‍ കൊളുത്തിയിടാവുന്ന പടങ്ങള്‍ (സീനറി) തൂക്കി തെരുവിലലഞ്ഞാല്‍ ചിലപ്പോള്‍ വൈകുന്നേരം 300-400 രൂപ കിട്ടും. ദൈനംദിന ജീവിതച്ചെലവുകള്‍ തന്നെ ഇതുകൊണ്ട് കഴിഞ്ഞുപോവുക പ്രയാസം. വിദ്യാഭ്യാസ രംഗത്തെ അതീവ പിന്നാക്കാവസ്ഥയാണ് പുതിയ തൊഴിലുകള്‍ ലഭിക്കാനും സാമൂഹിക- സാമ്പത്തിക വളര്‍ച്ചക്കും മുമ്പിലെ പ്രധാന തടസ്സം. വിദ്യാഭ്യാസത്തെക്കുറിച്ച ഗൗരവപ്പെട്ട ചിന്തകളൊന്നും പൊതുവെ ഗ്രാമവാസികള്‍ക്കില്ല. സ്‌കൂള്‍ പഠനം പേരിന് മാത്രം. മുമ്പ് ഒരു ബാലവാടിയാണ് ഹരിചന്ദ്രപുരത്ത് ഉണ്ടായിരുന്നത്. എല്ലാ മതങ്ങളിലും പെട്ടവര്‍ ഒന്നിച്ച് അതില്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ഇവിടെയുള്ള രണ്ട് ബാലവാടികളില്‍ മുസ്‌ലിം കുട്ടികള്‍ മാത്രമാണുള്ളത്. തമിഴ് മീഡിയത്തിലുള്ള കോര്‍പറേഷന്‍ സ്‌കൂളില്‍ 1-8 വരെ ക്ലാസ്സുകളാണുള്ളത്. 9 മുതല്‍ +2 വരെ അരക്കോണത്തെ സ്‌കൂളില്‍ പോകണം. അവിടെ യാണ് പത്താം ക്ലാസ്, +2 പഠനം. ഗ്രാമത്തിലെ 24 കുട്ടികളാണ് +2 വിന് പഠിക്കുന്നത്. 5-6 പേര്‍ കോളേജില്‍ പോകുന്നു! പെണ്‍കുട്ടികള്‍ 8-10 ക്ലാസ് വരെ പഠിക്കും. ‘കോളേജില്‍ പഠിച്ചാലും ജോലിയൊന്നും കിട്ടില്ല’ എന്ന ചിന്തയും തുടര്‍പഠനം വീട്ടിലെ ദാരിദ്ര്യത്തിന്റെ ആഴം കൂട്ടുമെന്ന അനുഭവവും കൂടിച്ചേരുമ്പോള്‍ ആണ്‍കുട്ടികളും ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠനം നിര്‍ത്തി ജോലിക്ക് പോകുന്നു. ‘കുടുംബനാഥന്‍’മാരായ അത്തരം കുട്ടികളെ ഗ്രാമത്തില്‍ കാണാന്‍ സാധിച്ചു. മുഹമ്മദ് ആരിഫ് അവരിലൊരാളാണ്. 8-ാം ക്ലാസ് വരെ പഠിച്ച ആരിഫ് രണ്ടു വര്‍ഷമായി പടം വില്‍ക്കാന്‍ പോകുന്നു. അന്ധയായ ഉമ്മയോടും കൂലിപ്പണിക്കാരനായ ഉപ്പയോടും സഹോദരങ്ങളോടുമൊപ്പം ഒരു ചെറിയ കുടിലിലാണ് താമസം.
നാലു മാസം മുമ്പ് ഗുണ്ടകളുടെ കുത്തേറ്റ് മരിച്ച അല്ലാ ബഖ്ഷിന്റെ വീട് സന്ദര്‍ശിച്ചു. ചെന്നൈയില്‍ പോയി ചാണപ്പണി ചെയ്ത് മടങ്ങും വഴിയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. അന്നത്തെ ജോലിയില്‍നിന്ന് ലഭിച്ച തുഛമായ പണം അപഹരിക്കുകയോ മറ്റോ ആയിരുന്നു അക്രമികളുടെ ലക്ഷ്യം. അദ്ദേഹത്തിന്റെ മരണത്തോടെ ആ കുടുംബം അനാഥമായി. മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളും. മൂത്തവള്‍ക്ക് 28 വയസ്സ്. ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. ഭാര്യ ഹമീദ ചുമട്ടുജോലി ചെയ്തും പഴങ്ങളും മറ്റും വിറ്റുമാണ് ജീവിതച്ചെലവുകള്‍ കണ്ടെത്തുന്നത്. കഴിഞ്ഞ ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്ന മസ്താന്‍ബിയുടേതാണ് മറ്റൊരു കുടുംബം. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മകളും പേരക്കുട്ടികളും മസ്താന്‍ബിയോടൊപ്പം കഴിയുന്നു; പ്ലാസ്റ്റിക് ഷീറ്റും പഴയ സാരികളും മറ്റും കൊണ്ട് മറച്ച കുടിലില്‍!
പലവിധ കാരണങ്ങളാല്‍ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ടവരാണ് ചെന്നൈ തിരുവാലങ്കാട്ടെ ഈ ഗ്രാമീണ ജനത. ഒരു തവണയെങ്കിലും ഇവിടം സന്ദര്‍ശിച്ചാല്‍, ആ കുടിലുകളിലെ കുരുന്നു മുഖങ്ങളിലെ ദൈന്യത, സ്ത്രീ ജനങ്ങളുടെ വേദനകള്‍, മെലിഞ്ഞൊട്ടിയ ശരീരങ്ങള്‍, കത്തിയണക്കുന്ന യന്ത്രവും തൂക്കിപോകുന്ന കുടുംബനാഥന്മാര്‍… ഈ കാഴ്ചകളെല്ലാം നമ്മെ പിന്തുടര്‍ന്നു വേട്ടയാടും. മെച്ചപ്പെട്ട ജീവിതാവസ്ഥകളിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതുതലമുറക്ക് മികച്ച വിദ്യാഭ്യാസവും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്ല തൊഴിലും ലഭ്യമാക്കേണ്ടതുണ്ട്. പ്രാഥമിക ക്ലാസ്സുകളില്‍ പ്രദേശത്തെ സ്‌കൂളുകള്‍ പ്രയോജനപ്പെടുത്തിയും പ്രത്യേക ട്യൂഷന്‍ നല്‍കിയും തുടര്‍ പഠനത്തിന് പുറംനാടുകളിലെ ഹോസ്റ്റലുകളും മറ്റും ഉപയോഗപ്പെടുത്തിയും വിവിധ രീതികളില്‍ വിദ്യാഭ്യാസ വളര്‍ച്ച കൈവരിക്കാം. ഇതു സംബന്ധിച്ച കൃത്യമായ ബോധവല്‍ക്കരണവും അവര്‍ക്ക് നല്‍കേണ്ടതുണ്ട്. വിവിധ തൊഴില്‍ പരിശീലനങ്ങളും പ്രദേശത്തു തന്നെ ആരംഭിക്കാവുന്ന സ്വയം തൊഴില്‍ യൂനിറ്റുകളും ജോലി സാധ്യതകള്‍ തുറന്നുതരികയും ദാരിദ്ര്യത്തിന് ഒരളവോളം പരിഹാരമാവുകയും ചെയ്യും. വെള്ളപ്പൊക്കത്തിലും മറ്റും തകര്‍ന്ന ഒട്ടും വാസയോഗ്യമല്ലാത്ത കുടിലുകള്‍ക്ക് പകരം ചെറിയ വീടുകളും ടോയ്‌ലറ്റുകളും മറ്റും നിര്‍മിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കേണ്%