November 27, 2018 | by admin_profile
സദ്‌റുദ്ദീന്‍ വാഴക്കാട്/പ്രഫ. എ. നബീസാ ഉമ്മാള്‍
അധ്യാപിക, പ്രഭാഷക, സാമൂഹിക പ്രവര്‍ത്തക, ജനപ്രതിനിധി എന്നീ നിലകളില്‍ കഴിവു തെളിയിച്ച വ്യക്തിത്വമാണ് പ്രഫ. എ. നബീസാ ഉമ്മാള്‍. ദാരിദ്ര്യത്തോട് പടപൊരുതി വാശിയോടെ പഠിച്ചുയര്‍ന്ന നബീസാ ഉമ്മാള്‍ ഒരു കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീമുന്നേറ്റത്തിന്റെ ജീവിക്കുന്ന മാതൃകയാണ്. പ്രഫസര്‍, പ്രിന്‍സിപ്പല്‍, എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലൊക്കെ അവര്‍ ശോഭിച്ചു. മുഴക്കമുള്ള ശബ്ദവും ആരെയും പിടിച്ചിരുത്തുന്ന വാചാലതയും, സാഹിത്യവും പുരാണവും കവിതയും മതതത്ത്വങ്ങളുമൊക്കെ ചേര്‍ത്തുള്ള അവതരണ ശൈലിയും വഴി അനുവാചക ഹൃദയങ്ങള്‍ കീഴടക്കുന്ന പ്രഭാഷണ വൈഭവത്തിനുടമയാണ് ടീച്ചര്‍. രാഷ്ട്രീയക്കാര്‍ക്കിടയിലെ അധ്യാപികയും അധ്യാപകര്‍ക്കിടയിലെ രാഷ്ട്രീയക്കാരിയുമായ അവര്‍ക്ക്, പ്രഗത്ഭരായ ശിഷ്യസമ്പത്തുണ്ട്. മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തുന്നതിനും ‘ശരീഅത്തി’ന്റെ മറവില്‍ നടക്കുന്ന ചൂഷണത്തിനും എതിരിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അവര്‍. ശരീഅത്ത് വിവാദ കാലത്തെ പ്രസംഗമാണ് നബീസാ ഉമ്മാളിന് ഇടതുപക്ഷത്തേക്ക് വഴിതുറന്നുകൊടുത്തത്. എം.എല്‍.എയും നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണുമായിരിക്കെ മികച്ച പ്രവര്‍ത്തനങ്ങള്‍ അവര്‍ കാഴ്ചവെക്കുകയുണ്ടായി.
ക്ഷേത്രങ്ങളില്‍ ഗീതാപ്രഭാഷണവും പുരാണ പാരായണവുമൊക്കെ നടത്തിയിരുന്ന ടീച്ചര്‍ കോലത്തുക്കര ശിവക്ഷേത്രത്തിലും തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലും ഒട്ടുമിക്ക ഭഗവതി ക്ഷേത്രങ്ങളിലും സ്ഥിരം ക്ഷണിതാവാണ്. ശ്രീനാരായണഗുരു ദര്‍ശനത്തെക്കുറിച്ച് സവിശേഷമായ അവഗാഹമുണ്ട്. സര്‍വമത സമന്വയ ദര്‍ശനത്തിലൂന്നി ടീച്ചര്‍ രചിച്ച പുസ്തകമാണ് ‘തത്വമസി.’
സംസ്ഥാന ആസൂത്രണ ഉപദേശകസമിതി, ഐ.എം.ജി ഗവേണിംഗ്‌ബോഡി, അകഞ ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മിറ്റി, പരീക്ഷാ ബോര്‍ഡ്, പബ്ലിക് ലൈബ്രറി കമ്മിറ്റി, പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി, പി.എസ്.സി ക്വസ്റ്റ്യന്‍ മേക്കിംഗ് കമ്മിറ്റി തുടങ്ങിയവയില്‍ അംഗമായിരുന്നു. ബി.എസ്.എസ് വൈസ് പ്രസിഡന്റും കോപ്പറേറ്റീവ് ബാങ്കിന്റെ ഗവണ്‍മെന്റ് നോമിനേറ്റഡ് മെമ്പറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ ഈ പ്രതിഭയെത്തേടിയെത്തുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്റിന്റെ ‘നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ വിമണ്‍’ ഏര്‍പ്പെടുത്തിയ പുരസ്‌കാരം (2000), ഗുരുദേവ സന്ദേശ പ്രചാരണത്തിനുള്ള ലക്ഷ്മി അവാര്‍ഡും ബഹുമതിപത്രവും, ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്, ആശാന്‍ മെമ്മോറിയല്‍ പ്രൈസ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
നെടുമങ്ങാട്ടെ ഷാലിമാര്‍ ബംഗ്ലാവില്‍വെച്ച് നടത്തിയ കൂടിക്കാഴ്ചയിലെ അവരുടെ സംഭാഷണം, സംസാര ശൈലിയില്‍ തന്നെ പകര്‍ത്തുകയാണ്.
ടീച്ചറുടെ കുടുംബത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ആരംഭിക്കാമെന്ന് തോന്നുന്നു.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്; അവിടെയാണ് ഞാന്‍ ജനിച്ചത്. കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യസ്വരൂപമാണ് ആറ്റിങ്ങല്‍. തിരുവിതാംകൂര്‍ രാജാവ് ഉദയമാര്‍ത്താണ്ഡവര്‍മ പണികഴിപ്പിച്ച കൊട്ടാരമുണ്ടവിടെ. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഒരു സായുധകലാപം അവിടെ നടന്നിട്ടുണ്ട്; ‘ആറ്റിങ്ങല്‍ കലാപം’ എന്നാണ് അതറിയപ്പെടുന്നത്.
തമിഴ് വേരുള്ള ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ ഉമ്മയുടെ വാപ്പ മൊയ്തീന്‍ കുഞ്ഞ് പോലീസുകാരനായിരുന്നു. വലിയ സാമ്പത്തിക ശേഷിയൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ തമിഴാണ് സംസാരിച്ചിരുന്നത്. തിരുനല്‍വേലിയില്‍നിന്ന് വന്ന സര്‍കസ് സംഘത്തില്‍വെച്ചാണ് എന്റെ അത്ത-വാപ്പ-ഖാദര്‍മൊയ്തീനെ അദ്ദേഹം കണ്ടുമുട്ടിയത്. അത്തയെ ഉമ്മയുടെ വാപ്പക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു, ഭക്ഷണമൊക്കെ കൊടുത്തു.
അപ്പോള്‍, ടീച്ചറുടെ വാപ്പ ഖാദര്‍മൊയ്തീന്‍ തുര്‍ക്കിവേരുള്ള കുടുംബാംഗമാണല്ലോ.
ആണോ? തുര്‍ക്കിയാണെന്ന് പറയാനൊക്കുമോ?
‘അത്ത’ എന്ന പദം തുര്‍ക്കിയാണ്. പിതാവ് എന്നാണര്‍ഥം. മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക്; തുര്‍ക്കിയുടെ പിതാവ് എന്നാണല്ലോ!
ശരിയായിരിക്കാം, മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്കിനെ അറിയാത്തവരാരുണ്ട്. എന്റെ അത്ത യുദ്ധമൊക്കെ അറിയുന്ന, കുതിരയെ ഓടിക്കുന്ന ധീരനായിരുന്നു. നല്ല ശരീരം, അഭ്യാസി. കളരിപ്പയറ്റ് പഠിച്ചിട്ടുണ്ട്. നല്ല മെയ്‌വഴക്കമുണ്ടായിരുന്നു. കടുവകളിയില്‍ വലിയ താല്‍പര്യമായിരുന്നു. ഒരുപാട് നേര്യത് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാന്‍ ഒരു നേര്യത് ഉടുത്തും മറ്റൊന്ന് പുതച്ചുമൊക്കെ സ്‌കൂളില്‍പോയിട്ടുണ്ട്.
ഉമ്മയുടെ വാപ്പ താല്‍പര്യമെടുത്തതുകൊണ്ടാകണം അത്തയും പോലീസില്‍ ചേര്‍ന്നു. ഉമ്മയെ കല്യാണവും കഴിച്ചു. ഹസനുമ്മാള്‍; അതായിരുന്നു ഉമ്മയുടെ പേര്. ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു. ഇപ്പോള്‍ ഞാന്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഉമ്മ വീട്ടില്‍ തമിഴാണ് സംസാരിച്ചിരുന്നത്. ‘കറ്ററ, കശടറ, കര്‍പ്പവൈ കറ്റപ്പിന്‍, നിര്‍ക്ക അതര്‍ക്ക തക എന്നൊക്കെ ഉമ്മ എന്ന പഠിപ്പിച്ചിട്ടുണ്ട്-പഠിക്കുമ്പോള്‍ നന്നായി, ഉറപ്പിച്ച് പഠിക്കണം അതിന്‌വേണ്ടി നട്ടെല്ലോടെ നിലകൊള്ളണം-എന്നര്‍ഥം. ഉര്‍ദു പാരമ്പര്യമുള്ള ആളായിരുന്നു അത്ത. ‘ഛൂട്ട് ബോല്‍നാ മത്’-കള്ളം പറയരുത്-ഇതായിരുന്നു അത്തയുടെ ഉപദേശം. എം.എല്‍.എയും അഞ്ച് പിള്ളേരുടെ അമ്മയും മറ്റുമായി ജീവിച്ചതല്ലേ, ഒട്ടും കളവു പറയാതെ പറ്റുമോ? കൊച്ചുകൊച്ചു കള്ളങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകും. എന്നാലും വലിയ തെറ്റൊന്നും ആരോടും ചെയ്തിട്ടില്ല.
അക്കാലത്ത് ആറ്റിങ്ങലെ സാമൂഹികാന്തരീക്ഷം എങ്ങനെയായിരുന്നു?
നല്ല ചുറ്റുപാടായിരുന്നു പൊതുവെ. ഹിന്ദുസമുദായക്കാരായിരുന്നു പ്രദേശവാസികളിലധികവും. കുറച്ച് ക്രിസ്ത്യാനികളും. അമ്പലവും ഉത്സവവും ഒക്കെയുണ്ട്. മുസ്‌ലിംകള്‍ തീരെ കുറവ്. കുറച്ചപ്പുറത്ത് ആലങ്കോട്ട് മുസ്‌ലിം പള്ളിയുണ്ടായിരുന്നു. കൊല്ലംവിള മാര്‍ക്കറ്റ്‌റോഡില്‍, തേവാരത്ത് കോയിക്കല്‍ കൊട്ടാരത്തിനടുത്തായിരുന്നു എന്റെ വീട്. നല്ല സാംസ്‌കാരിക പാരമ്പര്യമുള്ള ചുറ്റുപാട്.
വീരളം സ്‌കൂളിലാണ് ഞാന്‍ എല്‍.പി, യു.പി ക്ലാസുകളില്‍ പഠിച്ചത്. ആറ്റിങ്ങല്‍ ഇംഗ്ലീഷ് സ്‌കൂളില്‍നിന്ന് 1948-ല്‍ ഇ.എസ്.എല്‍.സി പാസായി. സ്‌കൂളില്‍ കൂട്ടുകാരെല്ലാം ഹിന്ദുസമുദായക്കാരായിരുന്നു. മിക്‌സഡ് സ്‌കൂളായിരുന്നു അത്. എന്റെ ക്ലാസില്‍ മുസ്‌ലിം കുട്ടികള്‍ ഉണ്ടായിരുന്നതായി ഓര്‍മയില്ല. ഇ.എസ്.എല്‍.സിക്ക് അറബി പഠിപ്പിച്ചിരുന്ന വഹാബ് സാര്‍ ഒഴികെ അധ്യാപകരെല്ലാം ഹിന്ദു, ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍. നായര്‍, നമ്പൂതിരി, അയ്യര്‍, അയങ്കാര്‍… ഇത്തരമൊരു സാമൂഹികാന്തരീക്ഷമാണ് ഞാന്‍ കുറേയൊക്കെ ഹിന്ദു കള്‍ച്ചര്‍ സ്വായത്തമാക്കി വളരാനിടയായത്.
വീട്ടില്‍ മതാന്തരീക്ഷമൊന്നും ഉണ്ടായിരുന്നില്ലേ?
വീട്ടില്‍ പറയത്തക്ക മതാന്തരീക്ഷമൊന്നും ഉണ്ടായിരുന്നില്ല. മൂന്നു നാലു വര്‍ഷം ഓത്തുപള്ളിയില്‍ പോയിട്ടുണ്ട്. അലിഫ്, ബാ, താ… കുറേ അറബി അക്ഷരങ്ങള്‍, അര്‍ഥമറിയാത്ത കുറേ അറബി വാചകങ്ങള്‍ പഠിച്ചു. ഖുര്‍ആനിലെ യാസീന്‍ അധ്യായം കാണാതെ പറയാനറിയാം. ഉപ്പാപ്പ സന്ധ്യക്ക് വീട്ടില്‍ ഖുര്‍ആന്‍ വായിക്കുമായിരുന്നു. മുഹ്‌യുദ്ദീന്‍ മാലയും മറ്റും ചൊല്ലും. ‘യാ അല്ലാഹ് യാഅല്ലാഹ്, ഇര്‍ഹം ലില്‍ മുഅ്മിനീന്‍, സ്വല്ലല്ലാഹു റബ്ബനാ അലാനൂരില്‍ ആലമീന്‍, അഹ്മദുല്‍ മുസ്ത്വഫാ സയ്യിദില്‍ മുര്‍സലീന്‍, വഅലാ ആലിഹി വസ്വഹ്ബിഹി അജ്മഈന്‍’-ഇതൊക്കെ ഉപ്പാപ്പ പഠിപ്പിച്ചതാണ്. അത്തരം വാചകങ്ങള്‍ കാണാതെ പറയും എന്നതൊഴിച്ചാല്‍ അതിന്റെയൊന്നും അര്‍ഥവും ആശയവും അറിയുമായിരുന്നില്ല.
പഠിച്ചുവളരണം, ജോലി നേടണം എന്നൊക്കെയുള്ള ചിന്ത എങ്ങനെയാണുണ്ടായത്?
വലിയ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേതെന്ന് പറഞ്ഞല്ലോ. ഉമ്മയുടെ വാപ്പ മരിച്ചതോടെ ഉമ്മയുടെ രണ്ടുസഹോദരിമാരെയും കൂടി നോക്കേണ്ട ഉത്തരവാദിത്വം എന്റെ അത്തക്ക് വന്നുചേര്‍ന്നു. ഒരു പോലീസുകാരന്റെ ശമ്പളം കൊണ്ട്, അവരെയും ഞങ്ങള്‍ 5 മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തെയും എങ്ങനെ സംരക്ഷിക്കും? വലിയ പ്രയാസമായിരുന്നു അന്ന്. ദാരിദ്ര്യവും കഷ്ടപ്പാടും ഒരുപാട് അനുഭവിച്ചു. ഉമ്മയുടെ രണ്ട് സഹോദരങ്ങള്‍ക്ക് വെള്ളം ചൂടാക്കിക്കൊടുക്കുകയും മറ്റും ചെയ്താല്‍ ചെറിയ പൈസ കിട്ടുമായിരുന്നു. അങ്ങനെയൊക്കെയാണ് അന്ന് പഠിച്ചത്. നല്ല രീതിയില്‍ പഠിക്കാനോ, നല്ല ആഹാരം കഴിക്കാനോ, നല്ല വസ്ത്രം ധരിക്കാനോ ഒന്നും അക്കാലത്ത് പൊതുവെ ഞങ്ങള്‍ക്ക് അവസരമുണ്ടായില്ല. എന്റെ കല്യാണം കഴിഞ്ഞിട്ടാണ് അത്തരം സൗകര്യങ്ങളൊക്കെ അനുഭവിച്ചത്.
പ്രയാസപ്പെട്ടാണെങ്കിലും പഠിച്ച് ജോലി നേടണം, കുട്ടികളെയൊക്കെ നല്ലരീതിയില്‍ വളര്‍ത്തണം, ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും അവര്‍ അനുഭവിക്കാനിടവരരുത് എന്നൊരു വാശി അക്കാലത്തേ മനസ്സില്‍ രൂപപ്പെട്ടിരുന്നു. ആ ലക്ഷ്യം നേടാന്‍ കഴിയും വിധം പരിശ്രമിച്ചു. പഠനത്തില്‍ ഞാന്‍ മിടുക്കിയായിരുന്നു. തേര്‍ഡ് ഫോമില്‍ ഡിസ്റ്റിംഗ്ഷനോടെയാണ് പാസായത്. എം.എക്ക് 57% മാര്‍ക്ക് നേടി ഡിസ്റ്റിംഗ്ഷനും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി. കൊന്നിയൂര്‍ മീനാക്ഷിയമ്മയുടെ പേരിലുള്ളതായിരുന്നു ഗോള്‍ഡ് മെഡല്‍. മലയാളത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു ഞാന്‍. ജോലി നേടുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.
എങ്ങനെയായിരുന്നു തുടര്‍പഠനം, മലയാളം അധ്യാപികയായത്…
തിരുവനന്തപുരം വിമണ്‍സ് കോളേജിലായിരുന്നു ഇന്റര്‍മീഡിയറ്റ് (1948-50). ലോജിക്, സൈക്കോളജി, ഗ്രീക്ക് ഹിസ്റ്ററി തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. യൂനിവേഴ്‌സിറ്റി കോളേജില്‍ ബിരുദപഠനം (1950-52). എക്‌ണോമിക്‌സായിരുന്നു ഡിഗ്രിക്ക് മെയ്ന്‍, പൊളിറ്റിക്‌സും ഇന്ത്യന്‍ ഹിസ്റ്ററിയും സബ്‌സിഡയറിയും. ജമീലാബീവി (ഫിസിക്‌സ്), അസ്മാബീവി (മാത്‌സ്), ഐഷാബായ് (മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍), ഫാത്വിമാബീവി (കെമിസ്ട്രി), പത്തനംതിട്ടക്കാരായ സെയ്തമ്മാള്‍, സുബൈദ (അഡ്വക്കറ്റ്‌സ്) തുടങ്ങിയ മുസ്‌ലിം പെണ്‍കുട്ടികള്‍ അക്കാലത്ത് വിവിധ ബാച്ചുകളിലായി കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ അന്നൊക്കെ പഠിക്കാന്‍ പോകുന്നത് വളരെ കുറവായിരുന്നല്ലോ. 1970-ല്‍ മലപ്പുറം ജില്ല രൂപീകരിക്കുന്ന സമയത്ത് ഞാന്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ അധ്യാപികയാണ്. അപ്പോഴവിടെ, സൗദ, സുബൈദ, ഫാത്വിമ തുടങ്ങി മൂന്നോ നാലോ മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമേ പഠിക്കാന്‍ വന്നിരുന്നുള്ളൂ. അതേസമയം, 1983-ല്‍ പ്രിന്‍സിപ്പലായി ഞാന്‍ അവിടെ ചെന്നപ്പോള്‍ നിരവധി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഉണ്ടായിരുന്നു. അവസ്ഥയാകെ മാറിപ്പോയി എന്നര്‍ഥം.
ഡിഗ്രി കഴിഞ്ഞപ്പോള്‍, എം.എക്ക് മലയാളം പഠിച്ചാല്‍ ഉടന്‍ ജോലി കിട്ടുമെന്ന് ഡോ. ഗോദവര്‍മയാണ് എന്നോട് പറഞ്ഞത്. അങ്ങനെ മലയാളം മുഖ്യവിഷയമായെടുത്ത് എം.എക്ക് ചേര്‍ന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ എനിക്ക് മലയാളത്തോട് താല്‍പര്യമുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ മലയാളം നോട്ടുബുക്ക് മറ്റു ക്ലാസുകളില്‍ കൊണ്ടുപോയി കാണിക്കുമായിരുന്നു വരിഞ്ഞം ഗോപിനാഥന്‍സാര്‍. അദ്ദേഹമാണ് മലയാളത്തില്‍ എനിക്ക് പ്രത്യേകമായൊരു താല്‍പര്യം ഉണ്ടാക്കിത്തന്നത്. കോളേജിലെത്തിയപ്പോള്‍ കൃഷ്ണപിള്ള, ഗുപ്തന്‍നായര്‍, ഇളംകുളം കുഞ്ഞന്‍പിള്ള, കീഴ്കുളം രാമന്‍പിള്ള, കരിങ്കുളം നാരായണപിള്ള തുടങ്ങിയ പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം ലഭിക്കാന്‍ അവസരമുണ്ടായി. നന്നായി പഠിച്ചു. കൊന്നിയൂര്‍ മീനാക്ഷിയമ്മയുടെ പേരിലുള്ള ഗോള്‍ഡ് മെഡല്‍ വാങ്ങിയാണ് ഞാന്‍ എം.എ പാസായത്. ഇംഗ്ലീഷില്‍ എം.എ എടുത്ത് പ്രഫസറാകാനാണ് പലരും ഉപരദേശിച്ചിരുന്നത്. ഇംഗ്ലീഷ് പ്രഫസര്‍ ആവുകയെന്നത് വലിയ ഗമയുള്ള കാര്യമായിട്ടാണ് പൊതുവെ കരുതപ്പെട്ടത്. മലയാളം പ്രഫസര്‍ക്ക് ഇംഗ്ലീഷ് പ്രഫസറുടെ അത്ര ശമ്പളമില്ല എന്നുപോലും നെടുമങ്ങാട്ട് പലരും വിചാരിച്ചിരുന്നു. ഫിസിക്‌സ് പ്രഫസറായ ഒരു ജമീല ടീച്ചര്‍ ഇവിടെയുണ്ടായിരുന്നു. പ്രഫ. ജമീലക്ക് കിട്ടുന്ന ശമ്പളം നിങ്ങള്‍ക്കും കിട്ടുന്നുണ്ടോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ 60,000 രൂപ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട് ഞാന്‍. പ്രിന്‍സിപ്പലായി വിരമിച്ചതിന്റെ പെന്‍ഷനും എം.എല്‍.എ പെന്‍ഷനും. അതിനുമാത്രം ഞാന്‍ ഓടിനടന്ന് ജോലി ചെയ്തിട്ടുണ്ട്. എന്നെ നിശ്ചയിച്ച എല്ലാ സ്ഥലത്തും, മലപ്പുറത്തും പാലക്കാട്ടും എറണാകുളത്തുമൊക്കെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. മലബാര്‍ സര്‍വീസ് വേണം എന്ന് ഗവണ്‍മെന്റ് നിയമം ഉണ്ടല്ലോ. കഴിവുറ്റ അധ്യാപകരുടെ സേവനം എല്ലാ ഭാഗത്തും ലഭിക്കണം എന്നതുകൊണ്ടാകാം അങ്ങനെയൊരു നിയമം. ഓള് വമ്പത്തിയല്ലേ അവിടെയും ചെന്ന് പഠിപ്പിക്കട്ടെ എന്നല്ലേ എന്നെ മലപ്പുറത്തേക്ക് നിശ്ചയിച്ചപ്പോള്‍ സി.എച്ച് മുഹമ്മദ് കോയയും ചാക്കീരി അഹ്മദ്കുട്ടിയും മറ്റും പറഞ്ഞത്.
എവിടെയായിരുന്നു അധ്യാപനത്തിന്റെ തുടക്കം?
എം.എ കഴിഞ്ഞ് ഞാന്‍ ജോലിക്ക് അപേക്ഷിച്ചു. ഫാക്കല്‍റ്റി ഇന്റര്‍വ്യൂ നടത്തിയാണ് അധ്യാപകരെ നിയമിക്കുക. ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസില്‍ അന്നുണ്ടായിരുന്നത് മുഴുവന്‍ നായന്മാരും പിള്ളമാരും ആയിരുന്നു. ഇന്റര്‍വ്യൂവില്‍ സ്വാഭാവികമായും ഞാന്‍ പരിഗണിക്കപ്പെട്ടില്ല. ഒരു മുസ്‌ലിം സ്ത്രീക്ക് എങ്ങനെ മലയാളമറിയും, എങ്ങനെ പഠിപ്പിക്കാന്‍ കഴിയും എന്നൊക്കെ അവര്‍ ചിന്തിച്ചു കാണും. മുസ്‌ലിംകള്‍ക്ക് പൊതുവെ അറിവും ഭാഷാശുദ്ധിയുമൊന്നുമില്ലെന്നാണല്ലോ വെപ്പ്. ‘മനുശ്യന്‍, വിശം, കാലകൂട വിശം’ എന്നൊക്കെയാകും ഞാന്‍ പറയുകയെന്ന് അവര്‍ കരുതിയിട്ടുണ്ടാകണം. ആ പോസ്റ്റ് എന്റെ കൂടെ പഠിച്ചിരുന്ന സുലോചനക്ക് കൊടുക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം. അഭിമുഖ പരിശോധനയില്‍ പക്ഷേ, അവരുടെ ധാരണകള്‍ തെറ്റി. ഞാന്‍ നന്നായി പെര്‍ഫോം ചെയ്തു. സുലോചനയെക്കാള്‍ മാര്‍ക്ക് എനിക്കായിരുന്നു. ഇന്റര്‍വ്യൂബോഡിലുണ്ടായിരുന്ന മണ്ണൂര്‍ ഗോവിന്ദപിള്ള പറഞ്ഞത്; ‘ആര്‍ക്കെങ്കിലും നിയമനം നല്‍കുന്നുവെങ്കില്‍ അത് ഈ കുട്ടിക്കാകണം’ എന്നായിരുന്നു. പക്ഷേ, ആറുമാസം കഴിഞ്ഞിട്ടും എനിക്ക് നിയമനം ലഭിച്ചില്ല. കാരണം നേരത്തെ പറഞ്ഞതൊക്കെത്തന്നെ. ഞാന്‍ വൈസ് ചാന്‍സലര്‍ രാമകൃഷ്ണ സ്വാമിയെ ചെന്നുകണ്ടു. തമിഴില്‍ എന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. ആയിടെയാണ് കായംകുളത്തെ പി.കെ കുഞ്ഞ് സാഹിബ് എം.എല്‍.എ വിഷയമറിയുന്നത്. അദ്ദേഹം എന്റെ കാര്യം ഏറ്റെടുത്തു. നിയമസഭയിലും മറ്റും വിഷയമവതരിപ്പിച്ചു. ”ഒരു മുസ്‌ലിം പെണ്‍കുട്ടി, ഡിസ്റ്റിംഗ്ഷനോടെ പാസായി, ഗോള്‍ഡ് മെഡല്‍ നേടി, ഇന്റര്‍വ്യൂ കഴിഞ്ഞു നില്‍ക്കുന്നു. യോഗ്യതയുണ്ടായിട്ടും അവര്‍ ജോലി ലഭിക്കാതെ പ്രയാസപ്പെടുകയോ” എന്നുചോദിച്ച് അദ്ദേഹം പലരോടും വഴിക്കിട്ടു. അങ്ങനെ എന്റെ നിയമനകാര്യങ്ങള്‍ ശരിയായി. 1955-ല്‍ തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ അധ്യാപികയായി. 12 വര്‍ഷം (1955-67) അവിടെ ജോലി ചെയ്തു.
അധ്യാപന ജീവിതം എങ്ങനെയായിരുന്നു?
വളരെ നല്ല അനുഭവമാണത്. പന്ത്രണ്ടുകൊല്ലം വിമണ്‍സ് കോളേജില്‍ പഠിപ്പിച്ചു. അന്ന് കൂടുതലൊന്നും ചെയ്യേണ്ടിയിരുന്നില്ല. സെക്കന്റ് ലാംഗ്വേജും ഓപ്ഷനലുമൊക്കെയല്ലേ ഉള്ളൂ. എം.എക്ക് പഠിപ്പിക്കാന്‍ കിട്ടിയാലല്ലേ കൂടുതല്‍ പഠിക്കാനും വളരാനും കഴിയൂ. ചിറയിന്‍കീഴിലെ ഒരു യോഗത്തില്‍വെച്ച് കണ്ടപ്പോള്‍ ഞാന്‍ ഇതേകുറിച്ച് സി.എച്ചിനോട് പറഞ്ഞു; യൂനിവേഴ്‌സിറ്റി കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടു. വിമണ്‍സ്‌കോളേജില്‍ ഇരുന്നിട്ട് മുന്നോട്ടു പോകാനുള്ള സ്‌കോപ്പില്ല. അന്ന് ഒ.എന്‍.വി കുറുപ്പായിരുന്നു അവിടെ അധ്യാപകന്‍. അദ്ദേഹത്തെ ഈവനിംഗ് ബാച്ചിലേക്ക് മാറ്റി എനിക്ക് ഡേ കോളേജില്‍ നിയമനം തന്നു. പിള്ളേരൊക്കെ വല്ലാതെ ബഹളം വെച്ചു. ഒ.എന്‍.വി വലിയ കവിയല്ലേ. ‘മദനോത്സാവ’ത്തില്‍ പാട്ടൊക്കെ എഴുതി നില്‍ക്കുന്ന സമയമാണ്. കമല്‍ ഹാസനും സറീനാ വഹാബും അഭിനയിച്ച സിനിമയാണത്. അങ്ങനെയൊരു അധ്യാപകനെ മാറ്റുന്നത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടില്ലല്ലോ. എനിക്കെന്തുണ്ട്? ഒരു മുസ്‌ലിം സ്ത്രീ! അവരെന്ത് മലയാളം പഠിപ്പിക്കാന്‍? നേരെ ചൊവ്വേ ഭാഷ അറിയാമോ എന്നുതന്നെ നിശ്ചയമില്ല! ”നിങ്ങള്‍ ടീച്ചറുടെ ക്ലാസൊന്ന് കേട്ടു നോക്കൂ…” സി.എച്ച് പറഞ്ഞു.
എന്നെ പരീക്ഷിക്കാന്‍ വേണ്ടി അവര്‍ ചിലതൊക്കെ ചെയ്തുനോക്കി.
”വാചം മേശൃണു വല്ലഭേതി വിഷയേ
വൈജാത്യമാപദ്യതേ…..
കാതരയേതന്യ കഥമഹം സന്ദേഷമദ്യാരഭേ”
ഇത് കര്‍മണി പ്രയോഗത്തിലാക്കാന്‍ പറഞ്ഞു.
കഷ്ടം കാതരയാമയാ കഥയിദം സന്ദേശമാരദ്വതേ…. എന്ന് ഞാന്‍ മാറ്റിക്കൊടുത്തു. ”വിമണ്‍സ് കോളേജിലാണ് പഠിപ്പിച്ചിരുന്നതെങ്കിലും ടീച്ചര്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. ഞങ്ങള്‍ക്ക് നബീസ ടീച്ചറെയും വേണം, ഒ.എന്‍.വിയെയും വേണം.”-ഇതായിരുന്നു അവരുടെ പ്രതികരണം. അവസാനം എന്നെ ഡേ കോളേജിലും ഒ.എന്‍.വിയെ ഈവനിംഗ് ബാച്ചിലും നിശ്ചയിച്ചു. എന്റെ കൂട്ടുകാരി നളിനകുമാരിയെ എറണാകുളത്തേക്ക് മാറ്റി.
യൂനിവേഴ്‌സിറ്റി കോളേജില്‍ വന്ന് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ സെകന്റ് ഗ്രേഡ് പ്രഫസറായി. പിന്നെ എറണാകുളം പട്ടാമ്പി, മലപ്പുറം, പാലക്കാട് അങ്ങനെ ഒരുപാട് സ്ഥലത്ത്. എല്ലായിടത്തും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായിത്തന്നെയാണിരുന്നത്. വീണ്ടും വുമണ്‍സ് കോളേജില്‍ വന്നു, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായി. പിന്നീട്, രത്‌നമ്മ ടീച്ചര്‍ മാറിയപ്പോള്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റായി. ശേഷമാണ് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ആക്ടിംഗ് പ്രിന്‍സിപ്പല്‍ ആയത്. പിന്നീട് മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പലായി ഒരുവര്‍ഷം സേവനം ചെയ്തു. 1985-ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ പ്രിന്‍സിപ്പലായി. എ.ആര്‍ രാജരാജവര്‍മക്കുശേഷം യൂനിവേഴ്‌സിറ്റി കോളേജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണ് ഞാന്‍. അവിടെ നിന്നാണ് വിരമിച്ചത്; 1986 ജൂലൈ ഒന്നിന്.
വിവാഹത്തെക്കുറിച്ച്?
1952 ലാണ് എന്റെ വിവാഹം നടന്നത്, ഭര്‍ത്താവ് നെടുമങ്ങാട് സ്വദേശി ഹുസൈന്‍ കുഞ്ഞ്. വിവാഹം രസകരമായ ഒരു സംഭവമാണ്. ഞങ്ങളുടെ നാട്ടില്‍ ഒരു പൊന്നപ്പനാശാരി ഉണ്ടായിരുന്നു. മണ്‍വെട്ടിയും കുന്താലിയുമൊക്കെ ഉണ്ടാക്കുന്ന ആളാണ്. കൃഷിക്ക് ആവശ്യമുള്ള ഉപകരണങ്ങളൊക്കെ അദ്ദേഹമാണ് ഞങ്ങള്‍ക്ക് കൊണ്ടുതന്നിരുന്നത്. അയാള്‍ വഴിയാണ് വിവാഹാന്വേഷണം നടന്നത്. അയാള്‍ക്ക് നെടുമങ്ങാട് മാര്‍ക്കറ്റുമായി ബന്ധമുണ്ടായിരുന്നു. ഹുസൈന്‍ കുഞ്ഞ് നെടുമങ്ങാട്ടെ വലിയ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. കുടുംബസ്വത്തും കച്ചവടവുമൊക്കെയായി നല്ല സാമ്പത്തികാവസ്ഥയിലായിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്. സിനിമാ നടന്‍ സത്യനും അദ്ദേഹവും ക്ലാസ്‌മേറ്റ്‌സായിരുന്നു. രണ്ടുപേരുംകൂടെ കുറെ നാടുകളൊക്കെ കറങ്ങിയിട്ടുണ്ട്. ബി.എക്കാരിയെ കെട്ടണം, മഹ്‌റിനുകെട്ടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്ത്രീധനവും മറ്റു മാമൂലുകളുമൊന്നും ഇഷ്ടമായിരുന്നില്ല.
ഞാന്‍ തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ പഠിക്കുമ്പോള്‍, ഹോസ്റ്റലിലായിരുന്നല്ലോ താമസം. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, റോഡരികിലെ ചായക്കടയില്‍ രണ്ടുപേര്‍ എന്നെത്തന്നെ നോക്കിനില്‍ക്കുന്നത് കണ്ടു. കുറേ ദിവസങ്ങള്‍ അടുപ്പിച്ച് ഇത് ആവര്‍ത്തിച്ചു കണ്ടപ്പോള്‍, ഞാന്‍ കൂട്ടുകാരി നളിനമ്മാളോട് വിവരം പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, നെടുമങ്ങാട്ടെ വ്യാപാരിയാണ്, എന്നെ കാണാന്‍ വന്നുനില്‍ക്കുകയാണെന്ന്. പൊന്നപ്പനശാരി പറഞ്ഞതനുസരിച്ചാണ് അവര്‍ എന്നെ കാണാന്‍ ശ്രമിച്ചത്. പിന്നീട് അവര്‍ ആറ്റിങ്ങലെ എന്റെ വീട്ടില്‍വന്ന് കല്യാണമാലോചിച്ചു. ആള്‍ ഇത്തിരി കറുത്തിട്ടാണ്. അതേക്കുറിച്ച് ഉമ്മ പറഞ്ഞു; ‘കറുകറാന്നിരിക്കുന്നല്ലോ!’ ശരീരത്തിന്റെ നിറത്തെക്കുറിച്ചായിരുന്നു ഉമ്മയുടെ ആധി. ‘പുറം കറുപ്പായിക്കോട്ടെ, അകം വെളുപ്പാണ്. മഹ്‌റിനു കെട്ടിച്ചുതരണം, മറ്റൊന്നും വേണ്ട’ ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ത്രീധനവും മറ്റു നിബന്ധനകളുമൊന്നുമല്ലാതെ, പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ട ‘മഹ്ര്‍’ മാത്രം നിശ്ചയിച്ച് കല്യാണം നടത്തണം-ഇതാണ് മഹ്‌റിന് കെട്ടിച്ചുതരണം എന്നുപറഞ്ഞതിനര്‍ഥം. ‘ബി.എ പരീക്ഷ എഴുതി നില്‍ക്കുകയാണ്, എനിക്ക് ഇനിയും പഠിക്കണം’-ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. എത്രവേണമെങ്കിലും പഠിപ്പിക്കാമെന്നായി അദ്ദേഹം. അങ്ങനെ വിവാഹം നടന്നു. പത്തു പവന്റെ ‘ചക്രധാരി’ മാലയായിരുന്നു താലി (മഹ്ര്‍) ചെയ്ന്‍. ആഭരണവും വസ്ത്രങ്ങളുമെല്ലാം അദ്ദേഹം തന്നെ കൊണ്ടുവന്നു.
ബി.എ റിസള്‍ട്ട് അറിഞ്ഞത് വിവാഹ ശേഷമാണ്. തുടര്‍ന്ന് അദ്ദേഹം തന്നെയാണ് എന്നെ എം.എക്ക് ചേര്‍ത്തത്. അന്ന് ഞങ്ങള്‍ നെടുമങ്ങാട്ടായിരുന്നു താമസം. പരീക്ഷയുടെ സമയത്ത് ഞാന്‍ 4/5 മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിന്റെ ആലസ്യം ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എം.എക്ക് റാങ്ക് കിട്ടുമായിരുന്നു. ക്ലാസിലെ ഏക പെണ്‍കുട്ടി ഞാനായിരുന്നു, ബാക്കി ഒമ്പതും ആണ്‍കുട്ടികള്‍. എന്നെ പഠിപ്പിച്ച് വലുതാക്കുന്നതിലും വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം മലയാളം വിദ്വാന്‍ പരീക്ഷ പാസായിരുന്നു. എനിക്ക് എം.എയുടെ നോട്‌സ് എഴുതിത്തന്നിട്ടുണ്ട്. നല്ല ഹാന്റ് റൈറ്റിംഗ് ആണ്. ഹിസ്റ്ററി ഓഫ് ലിറ്ററേച്ചറിന്റെ ഒരു വാള്യം മുഴുവന്‍ നോട്ടെഴുതിത്തന്നത് അദ്ദേഹമായിരുന്നു. കൂടെ ഇരുന്ന് പഠിപ്പിക്കും. പ്രസംഗിക്കാന്‍ പോകുമ്പോള്‍ കൂടെവരും. അദ്ദേഹമില്ലായിന്നെങ്കില്‍ ഞാന്‍ ഒന്നും ആകുമായിരുന്നില്ല. ഒരു സ്‌കൂള്‍ ടീച്ചര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു. പ്രഫസറും, പ്രിന്‍സിപ്പലും, എം.എല്‍.എയുമൊക്കെയായത് അദ്ദേഹത്തിന്റെ കൂടി പിന്തുണകൊണ്ടാണ്. നിയമസഭയിലേക്ക് മത്സരിക്കാന്‍ പോകുന്നത് അദ്ദേഹം ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ്. ഹോസ്പിറ്റലില്‍ നിന്നാണ് ഫീല്‍ഡിലോട്ട് പോയത്, തിരിച്ചുവന്നതും അങ്ങോട്ടുതന്നെ. 1998 ലാണ് ആദ്ദേഹം മരിച്ചത്.
അധ്യാപികയുടെ കസേരയില്‍നിന്ന് രാഷ്ട്രീയത്തിലേക്കി+റങ്ങുന്നത് എങ്ങനെയാണ്? ആദ്യമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നോ?
ഞാന്‍ നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയൊന്നും ആയിരുന്നില്ല. 1985ലാണെന്ന് ഓര്‍മ, വി.ജെ.ടി ഹാളില്‍ ശരീഅത്ത് വിവാദത്തെക്കുറിച്ച് ഒരു സിമ്പോസിയം സംഘടിപ്പിച്ചിരുന്നു. ഞാനും അതില്‍ പ്രസംഗിച്ചു. വേദിയിലുണ്ടായിരുന്ന ഇ.എം.എസാണ് പ്രസംഗം കേട്ട് എന്നെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയമാണ്. ഇ.എം.എസ് പറഞ്ഞു: ‘കഴക്കൂട്ടം എം.എല്‍.എ ഇപ്പോള്‍ എം.എം ഹസനാണ്. ആ മണ്ഡലം ഹസന്റെ കൈയില്‍നിന്ന് പിടിച്ചെടുക്കണമെങ്കില്‍ ടീച്ചര്‍ അവിടെ മത്സരിക്കണം.’ അതായിരുന്നു എന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ പശ്ചാത്തലം.
അന്ന് എം.എം ഹസന് എതിരെ ടീച്ചര്‍ കഴക്കൂട്ടത്ത് മത്സരിച്ചോ?
ഞാന്‍ കഴക്കൂട്ടത്ത് മത്സരിച്ചു. പക്ഷേ, എനിക്കെതിരെ ഹസന്‍ മത്സരിച്ചില്ല. ടീച്ചറിനെതിരെ ഞാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞു. കാരണം, ഹസന്‍ എന്റെ ശിഷ്യനാണ്. വളര്‍ത്തു മകനെപ്പോലെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ചെമ്പഴന്തി കോളേജില്‍നിന്ന് ഹസനെ എക്‌സ്പല്‍ ചെയ്ത് വിട്ടപ്പോള്‍, രക്ഷകര്‍ത്താവായി നിന്ന് യൂനിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ത്തത് ഞാനാണ്. ഞങ്ങള്‍ തമ്മില്‍ നല്ല ഗുരുശിഷ്യ ബന്ധമാണുള്ളത്. ചിലപ്പോള്‍ നിയമസഭയില്‍ എനിക്ക് എതിരായൊക്കെപ്പറയുമായിരുന്നു. അതുകഴിഞ്ഞ് ഓടിവരും; ”ടീച്ചറേ ഗുരുശിഷ്യബന്ധമൊക്കെയുണ്ട്. പക്ഷേ, ഇതിപ്പം…” നല്ല രസമായിരുന്നു നാലുവര്‍ഷം നിയമസഭയില്‍.
എങ്ങനെയായിരുന്നു തെരഞ്ഞെടുപ്പും മത്സരവുമൊക്കെ?
ഇ.എം.എസ് പറഞ്ഞതനുസരിച്ച് സുശീലാഗോപാലന്‍, കാട്ടായിക്കോണം ശ്രീധരന്‍, അരുവിപ്പുറം പ്രഭാകരന്‍ എന്നിവര്‍ വീട്ടില്‍വന്നു. കഴക്കൂട്ടത്ത് ടീച്ചര്‍ മത്സരിക്കണം എന്നാവശ്യപ്പെട്ടു. കഴക്കൂട്ടത്തെ ഏഴു പഞ്ചായത്തുകളിലും ഞാന്‍ നേരത്തെ പ്രസംഗിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും ശ്രീനാരായണ ആശ്രമത്തിലും ചെമ്പഴന്തി വൈല്‍വീരം വീട്ടിലും ലക്ഷ്മി മംഗലം ദേവിക്ഷേത്രം പ്രസംഗിക്കാന്‍ പോയിരുന്നു. അതുകൊണ്ട് ആളുകള്‍ക്കൊക്കെ എന്നെ അറിയാം. എനിക്ക് ധാരാളം ശിഷ്യന്മാരും അവിടെയൊക്കെ ഉണ്ട്. ഈഴവ സമുദായത്തിലൊക്കെപ്പെട്ട ‘ആരാധകര്‍’ തന്നെ അവിടെയൊക്കെയുണ്ട്. ആ അനുകൂല പശ്ചാത്തലം വെച്ചാണ് കഴക്കൂട്ടത്ത് മത്സരിച്ചത്. 1986 ലായിരുന്നു അത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു ഞാന്‍. ത്രാസാണ് ചിഹ്നം. മുസ്‌ലിം ലീഗിലെ നാവായിക്കുളം റഷീദും റെയ്ച്ചല്‍ മത്തായിയുമായിരുന്നു എതിരാളികള്‍. നാവായിക്കുളം റഷീദ് എന്റെ ക്ലാസ്‌മേറ്റാണ്. റെയ്ച്ചല്‍ മത്തായിക്കറിയാത്ത കാര്യങ്ങളൊക്കെ ഞാന്‍ പ്രസംഗിക്കുമായിരുന്നു. വേദമൊക്കെ ഉദ്ധരിച്ചായിരുന്നു എന്റെ പ്രസംഗം. അകാര ഉകാര മകാരസമാഹാഓംകാര…. ഇങ്ങനെ ഹിന്ദുവേദം, ഖുറാന്‍, ബൈബ്ള്‍ എല്ലാം ഉദ്ധരിക്കും. ‘എല്ലാ മതക്കാരുടെ കാര്യവും പറയുന്നു, ടീച്ചര്‍ കൊള്ളാമല്ലോ’-സ്ത്രീകള്‍ക്കൊക്കെ വലിയ ഹരമായിരുന്നു. 14000 ത്തിലധികം വോട്ടുകള്‍ക്കാണ് ജയിച്ചത്. വലിയ ആവേശമായിരുന്നു, ആദ്യാനുഭവമല്ലേ, റോട്ടരികിലും ചന്തയിലും ക്ഷേത്രനടയിലുമൊക്കെനിന്ന് പ്രസംഗിച്ചു. അതെല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. ആദ്യമാദ്യം അതിലൊക്കെ വലിയ വിഷമം തോന്നി.
ആദ്യമായി നിയമസഭയിലെത്തിയപ്പോള്‍ എന്തുതോന്നി?
ഹൊ, എനിക്ക് വലിയ ത്രില്ലായിരുന്നു. എങ്ങനെ നിയമമുണ്ടാക്കുന്നു, ഭേദഗതികള്‍ പാസാക്കുന്നു, പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ അടിയുണ്ടാക്കുന്നതെങ്ങനെ- ഇതൊക്കെ അറിയാന്‍ വലിയ ജിജ്ഞാസയുണ്ടായിരുന്നു. ലോനപ്പന്‍ നമ്പാടന്‍ മാഷ് നേരത്തെയുള്ള ആളല്ലേ. അദ്ദേഹം ഞങ്ങള്‍ക്ക് കാര്യങ്ങളൊക്കെ പറഞ്ഞുതരുമായിരുന്നു. വോട്ടിംഗിന്റെ സമയത്ത് പാര്‍ട്ടി വിപ്പ് വരും, എങ്ങനെ വോട്ട് ചെയ്യണമെന്ന്. ചിലപ്പോള്‍ നമ്മുടെ മനസാക്ഷിക്കെതിരായി വോട്ടുചെയ്യേണ്ടിവരും.
ടീച്ചര്‍ അങ്ങനെ സ്വന്തം മനഃസാക്ഷിക്കെതിരായി നിയമസഭയില്‍ വോട്ട് ചെയ്തിട്ടുണ്ടോ?
പിന്നേ, ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും അധികം പറയാനൊക്കത്തില്ല. തങ്കമണി സംഭവം നടന്നു, കൊല്ലത്ത് അടി നടന്നു. ഞങ്ങള്‍ അഞ്ചുപേരാണ് ഇടതുപക്ഷത്തുള്ള വനിതാ എം.എല്‍.എമാര്‍. ഭാര്‍ഗവി തങ്കപ്പന്‍, ഗൗരിയമ്മ, റോസമ്മ പുന്നൂസ്, മെഴ്‌സികുട്ടി, ഞാന്‍. യു.ഡി.എഫില്‍ മൂന്ന് വനിതാ എം.എല്‍.എമാര്‍. എം.ടി പത്മ, ലീലാദാമോദരന്‍, റോസമ്മാചാക്കോ. ഞങ്ങള്‍ എട്ടുപേരും കൂടി ലേഡീസ് റൂമില്‍ വരുമ്പോള്‍ ഞാന്‍ പറയും; ”നമുക്ക് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം വരുമ്പോഴെങ്കിലും ഒന്നിച്ചുനില്‍ക്കണം, ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിക്കണം. തങ്കമണിയില്‍ നടന്നത് തെറ്റായ സംഭവമാണ്. തല്‍പര കക്ഷികളെ ശിക്ഷിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടണം” ഞാന്‍ നിര്‍ദേശിച്ചു. റൂമില്‍ വെച്ച് എല്ലാവരും അതംഗീകരിച്ചു. പക്ഷേ നിയമസഭയിലെത്തിയപ്പോള്‍ അവര്‍ കരുണാകരന്റെ പക്ഷത്തും നമ്മള്‍ നായനാരുടെ കൂടെയും!
എന്തായിരുന്നു തങ്കമണി സംഭവം?
അതിന്റെ പൂര്‍ണചിത്രം എനിക്കിപ്പോള്‍ ഓര്‍മയില്ല. തങ്കമണിയില്‍ ഒരുപാട് വീടുകളില്‍ കയറി പോലീസ് സ്ത്രീകളെ ആക്രമിക്കുകയും പുരുഷന്മാരെയൊക്കെ പിടിച്ചുകൊണ്ട് പോവുകയും ചെയ്തു. ജനങ്ങളെ കണ്ടമാനം ഉപദ്രവിച്ചു. പള്ളിയിലച്ചന്മാര്‍ കൂട്ടമണിയടിച്ചു. പക്ഷേ, ആരും ഒന്നും കേട്ടില്ല. ലക്ഷ്മണയും മറ്റുമാണല്ലോ അന്ന് പോലീസിന്റെ തലപ്പത്ത്. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഒരുപാട് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവമായിരുന്നിട്ടുപോലും കോണ്‍ഗ്രസ്സ് വനിതാ എം.എല്‍.എമാര്‍ അതിനെതിരെ ഒന്നും പറഞ്ഞില്ല. നിഷ്പക്ഷമായി സംസാരിക്കാന്‍ സാധിച്ചില്ല. അവര്‍ക്ക് പാര്‍ട്ടി വിപ്പുണ്ടായിക്കാണും. അതുപോലെ നായനാരുടെ കാലത്ത് കൊല്ലത്ത് അടിയുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്കൊക്കെ അടികിട്ടി. ഞാനും ലീലാദാമോദര മേനോനും റോസമ്മാ ചാക്കോയും മറ്റും അവിടം സന്ദര്‍ശിച്ചു. കണ്ടപ്പോള്‍ കഷ്ടം തോന്നി. പക്ഷേ, വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. പെണ്ണുങ്ങളുടെ കാര്യത്തിന് വേണ്ടിപോലും വനിതാ നേതാക്കള്‍ക്ക് ഒന്നിച്ചുനില്‍ക്കാനാകില്ല. 33% അല്ല, 50% സംവരണം വരികയും നിയമങ്ങള്‍ ഉണ്ടാക്കുകയുമൊക്കെ ചെയ്താലും ഇങ്ങനെയാണെങ്കില്‍ അതുകൊണ്ടൊന്നും ഒരു ഫലവും ഇല്ല.
നിയമസഭയില്‍ മറക്കാനാകാത്ത സംഭവങ്ങളെന്തെങ്കിലും ?
പലതുമുണ്ട്. എന്റെ മണ്ഡലത്തില്‍, പള്ളി കയറി അക്രമിച്ച സംഭവമുണ്ടായി, ഒരു കുരുത്തോലപ്പെരുന്നാളിന്. കൊലക്കേസ് പ്രതികള്‍ക്ക്, പാപം ചെയ്തവര്‍ക്ക് പള്ളിയില്‍ അഭയം കൊടുത്തു. അച്ഛന്‍ കുമ്പസാരക്കൂട്ടില്‍തന്നെ കുഴപ്പം കാണിച്ചു. അതിനെക്കുറിച്ച് ഒരു കോളിംഗ് അറ്റന്‍ഷന്‍വെച്ച് നിയമസഭയില്‍ സംസാരിക്കാന്‍ ഞാന്‍ ഒരുങ്ങി. പക്ഷേ, ഗൗരിയമ്മയും ബേബിജോണുമൊക്കെ എന്നെ വിലക്കി. പള്ളിക്കാര്യമൊന്നും നമ്മള്‍ പറയണ്ട, പ്രശ്‌നമാകും-ഇതായിരുന്നു അവരുടെ നിര്‍ദേശം. എന്തുപറയണം, എന്തുപറഞ്ഞുകൂടാ എന്നും എനിക്കറിഞ്ഞുകൂടാ. അവസാനം അതൊരു സബ്മിഷനായി, ഠവല ലറഴല വേല ൃേമഴലറശല െയഹൗിറലറ. നമ്മള്‍ നിഷ്പക്ഷമായി ഒരുകാര്യം പറയാന്‍ ശ്രമിച്ചതാണ്. പക്ഷേ അതങ്ങനെയായി. അതിലെനിക്ക് വലിയ വിഷമം തോന്നിയിട്ടുണ്ട്. ഗ്രന്ഥശാലാബില്ല് വന്നു, വനിതാ കമ്മീഷന്‍ ബില്ല് വന്നു, എല്ലാറ്റിലും പാര്‍ട്ടി പറയുന്നതിനനുകൂലമായേ നമുക്ക് പറയാന്‍ പറ്റൂ. നമുക്ക് മറ്റൊരു അഭിപ്രായമുണ്ടെങ്കിലും അത് പറയാനൊക്കത്തില്ല. പാര്‍ട്ടി നിലപാടിനെതിരായൊന്നും മിണ്ടരുതെന്നാണ്. അങ്ങനെ പറഞ്ഞാല്‍ നമുക്കെതിരെ നടപടിവരും. സ്വാതന്ത്ര്യം ഇല്ല; ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥിതിയാണ്. രാഷ്ട്രീയത്തില്‍ വിദ്യാഭ്യാസ യോഗ്യത ഒരു അയോഗ്യതയും കൂടിയാണ്. . പാര്‍ട്ടി നേതാക്കള്‍ക്കാണ് പല കമ്മിറ്റികളിലും സ്ഥാനം കിട്ടുക, നാലാം ക്ലാസും ഗുസ്തിയുമുള്ളവരൊക്കെ വലിയ കസേരകള്‍ പാര്‍ട്ടി ബെയ്‌സില്‍ കൈയടക്കും. നമ്മേപ്പോലെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ‘പാര്‍ട്ടി യോഗ്യത’ക്ക് മുമ്പില്‍ തഴയപ്പെടും.
കോണ്‍ഗ്രസ്സ് നേതാക്കളായ പീതാംബരക്കുറുപ്പും ശരസ്ചന്ദ്രപ്രസാദും ഒരിക്കല്‍ എന്നോട് പറഞ്ഞു; ‘രാഷ്ട്രീയത്തില്‍ വരണം എന്ന് ടീച്ചറിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഞങ്ങളോട് പറഞ്ഞാല്‍ പോരായിരുന്നോ, ഞങ്ങള്‍ കൊത്തിക്കൊണ്ട് പോയെനെ. ടീച്ചര്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് തെറ്റ്.’ (അവര്‍ രണ്ടുപേരും എന്റെ വിദ്യാര്‍ഥികളാണ്). ടീച്ചറെ ഞങ്ങള്‍ മന്ത്രിയാക്കുമായിരുന്നു എന്നും അവര്‍ പറഞ്ഞു.
അവര്‍ പറഞ്ഞത് ശരിയായിരുന്നോ?
ശരിയായിരിക്കണം, പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല. അതേസമയം എം.എല്‍.എ പദവി ഒഴിഞ്ഞശേഷം, എന്നെ ഏതെങ്കിലും കമ്മിറ്റിയില്‍ എടുക്കുകയോ, സാന്നിധ്യം ആവശ്യപ്പെടുകയോ ഒന്നും ചെയ്തില്ല നമ്മുടെ കഴിവ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നില്ല. അങ്ങനെ ഒരു വലിയ പരാതി എനിക്കുണ്ട്. മുന്‍ എം.എല്‍.എ എന്നുപറഞ്ഞ് കരിയിലപോലെയങ്ങ് എടുത്തുകളയുകയാണ്. എന്തുമാത്രം കാശ് ചിലവാക്കി, എത്രമാത്രം ആളുകള്‍ വര്‍ക്ക് ചെയ്തിട്ടാണ് ഒരാള്‍ എം.എല്‍.എ ആകുന്നത്. പെന്‍ഷന്‍, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ്…ഇതെല്ലാം ഉണ്ട്. പക്ഷേ, എത്ര കമ്മിറ്റികളും വേദികളും ഉണ്ട്. അതില്‍ പ്രവര്‍ത്തിക്കാന്‍ അവസരമില്ല. ഇപ്പോള്‍ എജുക്കേഷന്‍ കൗണ്‍സിലൊക്കെ വന്നില്ലേ. എന്നെയൊക്കെ ഉള്‍പ്പെടുത്തിക്കൂടേ? അത് ചെയ്യില്ല. അവരവരുടെ കാര്യം, അത്രയേഉള്ളൂ. അതിലെനിക്ക് വലിയ വിഷമമുണ്ട്. എം.എ ബേബിയോട് ഞാനിത് പറഞ്ഞിട്ടുണ്ട്. ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത എത്രയോ പേരെ മുസ്‌ലിം ലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന് ഏതൊക്കെ സ്ഥാനത്തിരുത്തുന്നു. യോഗ്യതകളുള്ള, യൂനിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലായിരുന്ന ഒരാള്‍ ഒന്നും ചെയ്യാന്‍ അവസരം കിട്ടാതിരിക്കുന്നു. മലപ്പുറത്ത് എന്തൊക്കെ പരിഷ്‌കാരങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പ്രിന്‍സിപ്പലായിരുന്നിടത്തൊന്നും അഞ്ച് പൈസയുടെ പ്രശ്‌നമുണ്ടായിട്ടില്ല. ഓഡിറ്റില്‍ ഒരു പ്രശ്‌നവും കണ്ടിട്ടില്ല. അങ്ങനെയുള്ളവരെയൊക്കെ പിന്നീട് മറക്കാന്‍ പാടുണ്ടോ?
പാര്‍ട്ടി അവഗണിച്ചു എന്നാണോ?
അവഗണിച്ചു എന്നല്ല, പരിഗണിച്ചില്ല. എന്നെക്കാള്‍ കഴിവുള്ളവരൊക്കെയുണ്ടല്ലോ. അവസാനം ഞാന്‍ പാര്‍ട്ടി മെമ്പറും ആയി. ടി.കെ ഹംസ പറഞ്ഞു, ‘നബീസാ, പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കണം. എന്നാലെ വല്ലതുമൊക്കെ ആകൂ.’ അങ്ങനെ മെമ്പറായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു, തോറ്റുതൊപ്പിയിട്ടു. പിന്നെ അംഗത്വം പുതുക്കാനൊന്നും ഞാന്‍ പോയില്ല. ഞാന്‍ പറഞ്ഞു; ‘എന്നെ ഒന്നിനും വിളിക്കണ്ട, സംഭാവന വാങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവിടെ വരും. എന്റെ കൈയില്‍ നിന്നാണ് ആദ്യം വാങ്ങുക. ഏതു ഫണ്ടാണെങ്കിലും ആദ്യം ഞാന്‍ കൊടുക്കണമെന്നാണ് പറയുക. കുറച്ചുമാസങ്ങള്‍ക്കു മുമ്പ്, എന്റെ മാലയിലെ ചുട്ടിയിളക്കിയാണ് ഒരു പവന്‍, ഞാന്‍ കൊടുത്തത്. എല്ലാ പാര്‍ട്ടിക്കാരും വരും, കോണ്‍ഗ്രസുകാരും വരാറുണ്ട്.
എം.എല്‍.എ പെന്‍ഷന്റെ വിഹിതം പാര്‍ട്ടിക്ക് കൊടുക്കുന്നുണ്ടോ?
മുമ്പ് കൊടുത്തുകൊണ്ടിരുന്നു, പത്ത് ശതമാനം. ഇപ്പോള്‍ കൊടുക്കുന്നില്ല. അവര്‍ ചോദിക്കാറില്ല, ഞാന്‍ കൊടുക്കാറുമില്ല. അതിനെക്കുറിച്ച് ഞാനിപ്പോള്‍ സംസാരിക്കാറേ ഇല്ല. ഇപ്പോള്‍ സ്വസ്ഥം, സുഖം. പക്ഷേ, പാര്‍ട്ടിക്കാര്‍ ടീച്ചര്‍ എന്ന ആദരവ് ഇപ്പോഴും തരുന്നുണ്ട്, കോടിയേരിയും പിണറായിയുമൊക്കെ. ഉമ്മന്‍ചാണ്ടിയും മാണിയുമൊക്കെ ചേച്ചീന്നും പറഞ്ഞ് അടുത്ത് വരും. നേതാക്കന്മാരോട് ഒട്ടിനില്‍ക്കാനും കൈനീട്ടാനും കാല് പിടിക്കാനുമൊന്നും നമുക്ക് സാധിക്കില്ല. മുപ്പത് വര്‍ഷത്തോളം ടീച്ചറും പ്രിന്‍സിപ്പലുമൊക്കെ ആയിരുന്നതല്ലേ.
കരുണാകരനും എന്നോട് വലിയ അടുപ്പമായിരുന്നു. മുരളിയെയും പത്മജയേയും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് മുരളിയും യൂനിവേഴ്‌സിറ്റി കോളേജില്‍ പത്മജയും എന്റെ വിദ്യാര്‍ഥികളായിരുന്നു. അതുകൊണ്ട് കുട്ടികളുടെ ടീച്ചര്‍ എന്ന നിലയിലായിരുന്നു കരുണാകരന്‍ എന്നെ കണ്ടിരുന്നത്. മരിക്കുന്നതുവരെ എന്നെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. നോമ്പു തുറക്കാനും വിളിക്കും. വിലകൂടിയ തേയിലയും ഏലക്കായയുമൊക്കെ തരുമായിരുന്നു. മുസ്‌ലിം മന്ത്രിമാര്‍ എന്നെ അങ്ങനെയൊന്നും ക്ഷണിച്ചിരുന്നില്ല. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ഇടക്ക് സി.എച്ചിനെ കാണാന്‍ പോകാറുണ്ടായിരുന്നു. സി.എച്ച് വളരെ നല്ല വ്യക്തിയായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യയും. എം.കെ മുനീറൊക്കെ അന്ന് ചെറിയ കുട്ടിയാണല്ലോ. മുനീര്‍ ഇപ്പോഴും എന്നെ കണ്ടാല്‍ ഉമ്മാ എന്നുതന്നെയാണ് വിളിക്കുന്നത്. നഹാ സാഹിബിന്റെ മകന്‍ അബ്ദുര്‍റബ്ബിനെയും കൊച്ചിലേ എനിക്കറിയാം. 83 വയസായില്ലേ എനിക്കിപ്പോള്‍. എം.എ പാസായിട്ടുതന്നെ 60 വര്‍ഷമായി.
ടീച്ചറെപ്പോലെയൊരാള്‍ക്ക് ചേര്‍ന്നതാണോ തെരഞ്ഞെടുപ്പ് രാഷ്ട്രീയം?
അല്ലേ അല്ല. ഞാന്‍ അറിയാനുള്ള ജിജ്ഞാസ കൊണ്ട് നിന്നതല്ലേ. സര്‍വീസില്‍ നിന്ന് വിരമിച്ചു, മക്കളെയൊക്കെ കെട്ടിച്ചു, സ്വന്തമായി വീടുണ്ട്, ബാധ്യതകളൊന്നുമില്ല. അങ്ങനെയിരിക്കുമ്പോള്‍ ഇതെന്താണെന്ന് അറിയാമല്ലോ എന്ന് വിചാരിച്ച് മത്സരിച്ചതാണ്. അല്ലാതെ ഭൗതിക ലാഭമോ, സ്ഥാന മോഹമോ ഒന്നും ഉള്ളതുകൊണ്ടല്ല തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
സ്ത്രീയെന്ന നിലക്ക് പാര്‍ട്ടിയില്‍ നിന്നെന്തെങ്കിലും…
അങ്ങനെയൊന്നുമില്ല, അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ആണും പെണ്ണുമൊക്കെ തുല്യര്‍തന്നെ. പിന്നെ പാര്‍ട്ടി അംഗമെന്ന നിലക്ക് നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് മെച്ചമുണ്ട്. അവര്‍ക്ക് കൊടുത്തിട്ടേ ഉള്ളൂ വെളിയിലുള്ളവര്‍ക്ക്. എം.എല്‍.എ എന്ന നിലക്ക് പാര്‍ട്ടി കാര്യങ്ങള്‍ക്കൊക്കെ ഞാനും ക്ഷണിതാവായിരുന്നു. അംഗത്വമെടുത്ത ശേഷം കഴക്കൂട്ടം ബ്രാഞ്ചിലാണ് ഉണ്ടായിരുന്നത്. പക്ഷേ പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഞാന്‍ സ്വീകരിച്ചിരുന്നില്ല. ഭാരവാഹിത്വമൊന്നും ഇല്ലായിരുന്നു. ബ്രാഞ്ച് തലം തൊട്ട് പ്രവര്‍ത്തിച്ചുവന്നവര്‍ക്കേ പാര്‍ട്ടി സ്ഥാനങ്ങള്‍ കൊടുക്കുകയുള്ളൂ. പാര്‍ട്ടി മീറ്റിംഗുകള്‍ക്കൊക്കെ പ്രത്യേക ക്ഷണിതാവായി പോകാറുണ്ടായിരുന്നു. ഗള്‍ഫിലിരിക്കുമ്പോഴാണ് ഒരിക്കല്‍ 13-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. അതില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് വി.എസ് കമ്പിയടിച്ചപ്പോള്‍ ഞാന്‍ അതിനും ഓടി വന്നു.
എന്തിനായിരുന്നു ഗള്‍ഫ് യാത്ര?
എന്റെ കുടുംബക്കാരൊക്കെ അവിടെയുണ്ട്. അവരെ കാണാം, നാടും കാണാം. പിന്നെ ജനസംസ്‌കൃതിയുടെ 40 ദിവസത്തെ പ്രഭാഷണമുണ്ടായിരുന്നു. അതിനും വേണ്ടിയായിരുന്നു യാത്ര. കുറേ ദിവസങ്ങള്‍ പ്രഭാഷണങ്ങളുമായി കറങ്ങി.
1991 ലാണല്ലോ ടീച്ചര്‍ രണ്ടാമത് നിയമസഭയിലേക്ക് മത്സരിച്ചത്, അതും പാര്‍ട്ടി ചിഹ്നത്തില്‍.
രണ്ടാമത്തെ തവണ മത്സരിക്കാന്‍ എനിക്ക് അത്ര താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. പലതും ചെയ്തുകൊടുക്കാമെന്ന് ജനങ്ങളോട് പറഞ്ഞിട്ട് വലുതായൊന്നും ചെയ്യാന്‍ പറ്റിയില്ല. ആളുകള്‍ക്കും ആത്മാര്‍ഥത കുറഞ്ഞു. പാര്‍ട്ടി അംഗത്വം ഇല്ലാത്തതുകൊണ്ട് നമുക്ക് ഫണ്ട് വല്ലാതെയൊന്നും കിട്ടിയില്ല.
രാജീവ് ഗാന്ധിയുടെ മരണത്തിനു തൊട്ടുടനെയുള്ള തെരഞ്ഞെടുപ്പിലാണ് രണ്ടാമത് മത്സരിച്ചത്. എം.വി രാഘവനായിരുന്നു എതിരാളി. 360 വോട്ടിനാണ് ഞാന്‍ തോറ്റത്. ജയിക്കാന്‍ വേണ്ടി രാഘവന്‍ കളിക്കാത്ത കളികളൊന്നും ഇല്ല. ആറ് ബൂത്തുകളില്‍ തീവെച്ചു, അവിടെയൊക്കെ റീഇലക്ഷന്‍ വേണ്ടിവന്നു. ഒരുപാട് സ്ഥലത്ത് കള്ള വോട്ട്‌ചെയ്തു; മഫ്ടിയില്‍ വന്ന് പോലീസുകാര്‍ വരെ കള്ള വോട്ട് ചെയ്തിട്ടുണ്ടെന്നാണ് കേട്ടത്. അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റും കണ്ടപ്പോള്‍ അന്ന് സി.പി.എം ജില്ലാ പ്രസിഡന്റായിരുന്ന അനിരുദ്ധനോട് ഞാന്‍ പറഞ്ഞു; ‘നമ്മള്‍ ഇങ്ങനെ ഇരുന്നാല്‍ ഒക്കില്ല. എന്തെങ്കിലും ചെയ്യണം.’ പക്ഷേ, സഖാവിന്റെ മറുപടി ഇങ്ങനെ; ‘ഏയ് അതൊന്നുമില്ല. കഴിഞ്ഞ തവണ കിട്ടിയ 14000 ഭൂരിപക്ഷത്തില്‍നിന്ന് 1000 കുറയുമായിരിക്കും. എന്നാലും ഉമ്മാ നിങ്ങള്‍ 13000 ന് ജയിക്കും.’ എല്ലാവര്‍ക്കും ഓവര്‍കോണ്‍ഫിഡന്‍സായിരുന്നു; എനിക്കും. പക്ഷേ, തോറ്റു! അന്ന് പാര്‍ട്ടി ചിഹ്നത്തിലാണ് ഞാന്‍ മത്സരിച്ചത്. അതും അബദ്ധമായി. ഓര്‍തഡോക്‌സ് മുസ്‌ലിംകളാരും എനിക്ക് വോട്ട് ചെയ്തില്ല, ഓര്‍തഡോക്‌സ് ബ്രാഹ്മിണ്‍സും നായന്മാരും എനിക്ക് വോട്ട് ചെയ്തില്ല. ‘ടീച്ചര്‍ അന്ന് സ്വതന്ത്രയായി മത്സരിച്ചതുകൊണ്ടാണ് ഞങ്ങള്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ പാര്‍ട്ടി ചിഹ്നത്തിലാണ്. പാര്‍ട്ടിക്ക് ഈശ്വരവിശ്വാസമില്ല. അതുകൊണ്ട് ഞങ്ങള്‍ വോട്ട് ചെയ്യില്ല’-എന്ന് അവര്‍ പറയുകയും ചെയ്തു. അതുകൊണ്ട്, ഞാന്‍ ജയിക്കും, പക്ഷേ ഭൂരിപക്ഷമുണ്ടാകില്ല-ഇതായിരുന്നു എന്റെ വിശ്വാസം. പക്ഷേ, തോല്‍പ്പിച്ചത് രാഘവന്റെ അടവുകളാണ്.
രാഘവനെക്കാള്‍ കഴിവും തന്ത്രവുമുണ്ടല്ലോ സി.പി.എമ്മിന്, എന്നിട്ടും?
അതെ, പക്ഷേ, മറ്റു ചില വിഷയങ്ങളുണ്ടായിരുന്നു. ഒന്ന്, കാട്ടായിക്കോണം ശ്രീധരന് ആയിരുന്നു ആദ്യം മണ്ഡലത്തിന്റെ ചാര്‍ജ്. ഒരു നോട്ട് കേസുമായി ബന്ധപ്പെട്ട് അദ്ദേഹം സസ്‌പെന്‍ഷനിലായി. അദ്ദേഹം നേരിട്ട് കേസില്‍ പ്രതിയായിരുന്നില്ല. പ്രതിയെ സഹായിച്ചതായിരുന്നു കുറ്റം. മണ്ഡലത്തിന്റെ മുക്കുംമൂലയും അറിയുന്ന ആളായിരുന്നു അദ്ദേഹം. പിന്നെ വന്നത് ചടയന്‍ ഗോവിന്ദനാണ്. കാസര്‍കോട്ട് നിന്ന് വന്ന അയാള്‍ക്ക് മണ്ഡലത്തെ കുറിച്ച് എന്തറിയാം? എന്റെ കൂടെ ആദ്യം വര്‍ക്ക് ചെയ്തിരുന്ന ജയപ്രകാശ് ഒരു കോണ്‍ഗ്രസ് പ്രമാണിയുടെ മോളെ കല്യാണം കഴിച്ച്, പാര്‍ട്ടിയില്‍നിന്ന് ഇത്തിരി അകന്നിരുന്നു. അതുകൊണ്ട് മണ്ഡലത്തിന്റെ ഒഴുക്കറിഞ്ഞ് പണിയെടുക്കാന്‍ ആളുണ്ടായില്ല. അങ്ങനെ അതും കഴിഞ്ഞു.
പിന്നീട് നെടുമങ്ങാട് നഗരസഭാ കൗണ്‍സിലറും ചെയര്‍പേഴ്‌സണുമൊക്കെയായി?
നഗരസഭ പിടിച്ചെടുക്കണെന്ന ലക്ഷ്യത്തോടെയായിരുന്നു പാര്‍ട്ടി എന്നെ മത്സരിപ്പിച്ചത്. 28 വാര്‍ഡുകളില്‍ 22 ഉം ഞങ്ങള്‍ പിടിച്ചെടുത്തു. പത്താം വാര്‍ഡില്‍നിന്നാണ് ഞാന്‍ മത്സരിച്ചത്. അവിടെ ഞാന്‍ വളരെ കുറച്ചു തവണ, നാലോ അഞ്ചോ പ്രാവശ്യമേ പ്രചാരണത്തിന് പോയിരുന്നുള്ളൂ. ബാക്കിയെല്ലാ വാര്‍ഡുകളിലും പോയി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തി. കോണ്‍ഗ്രസിലെ വട്ടപാറ ചന്ദ്രനായിരുന്നു അവിടെ ചെയര്‍മാന്‍. കോണ്‍ഗ്രസിനെ തറപറ്റിച്ച് ഇടതുപക്ഷം നഗരസഭാ ഭരണം കൈയേറ്റു. 1995-2000 കാലയളിവിലാണ് ഞാന്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണായിരുന്നത്. അക്കാലത്ത് ചെയ്ത പ്രധാനപ്പെട്ട ഒരു കാര്യം, 3 സെന്റ് ഭൂമിയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീട് വെച്ചുകൊടുത്തതാണ്. എല്ലാ സ്‌കൂളുകള്‍ക്കും ടോയ്‌ലറ്റ്, ചുറ്റുമതില്‍, പ്ലേഗ്രൗണ്ട്… ഇതൊക്കെ ഉണ്ടാക്കി. ഒന്നാന്തരമൊരു യൂറോപ്യന്‍ മാര്‍ക്കറ്റ് പണിതു. എന്തൊക്കെ നാടിനു വേണ്ടി ചെയ്യാന്‍ പറ്റുമോ, അതൊക്കെ എന്റെ കഴിവില്‍നിന്നുകൊണ്ട് ചെയ്തിട്ടുണ്ട്. മുന്‍ എം.എല്‍.എ എന്ന നിലക്കുള്ള ചില സൗകര്യങ്ങള്‍ എനിക്കുണ്ടായിരുന്നു. മന്ത്രിമാരെയൊക്കെ കാണാനും എളുപ്പമായിരുന്നു. ഞാന്‍ പഠിപ്പിച്ച പല കുട്ടികളും സെക്രട്ടറിമാരായും മറ്റും ഉണ്ടായിരുന്നു. പിന്നെ അന്ന് ഇടതുപക്ഷമാണല്ലോ സംസ്ഥാനം ഭരിക്കുന്നത്. എല്ലാം കൂടെ ഒത്തുവന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായി. എം.എല്‍.എ ആയപ്പോള്‍ ചെയ്തതിലേറെ കാര്യങ്ങള്‍ നഗരസഭാ ചെയര്‍പേഴ്‌സണായിയിരിക്കുമ്പോള്‍ ചെയ്തിട്ടുണ്ട്. പിന്നെ, ഞാന്‍ എം.എല്‍.എ ആയ സമയത്ത് ഇപ്പോള്‍ എം.എല്‍.എമാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊന്നും ഉണ്ടായിരുന്നില്ല.
അറിയപ്പെടുന്ന പ്രഭാഷകയാണല്ലോ ടീച്ചര്‍. എങ്ങനെയാണ് പ്രഭാഷണ വേദിയില്‍ എത്തിയത്?
എന്റെ ആദ്യത്തെ പ്രസംഗം പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. ‘സഹകരണത്തിന്റെ സര്‍വതോന്മുഖമായ സാധ്യത’ എന്ന വിഷയത്തെകുറിച്ച് ഒരു പ്രസംഗം എഴുതിപ്പഠിച്ചാണ് ചെന്നത്. വരിഞ്ഞം ഗോപിനാഥന്‍ സാര്‍ എഴുതിത്തന്നതായിരുന്നു. പക്ഷേ, പ്രസംഗിക്കാന്‍ നിന്നപ്പോഴേക്കും പേടിയായി, മുട്ടൊക്കെ വിറച്ചു. എങ്കിലും ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. അന്നെനിക്ക് സമ്മാനമൊക്കെ കിട്ടുകയുണ്ടായി. പിന്നെയങ്ങ് പ്രസംഗിക്കാന്‍ തുടങ്ങി. വിമണ്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ സാമാന്യം നന്നായി പ്രസംഗിക്കുമായിരുന്നു. കോളേജിനകത്ത് മാത്രമല്ല പുറത്തും. ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പല സാഹിത്യപരിപാടികളിലും അന്ന് പ്രസംഗിച്ചിട്ടുണ്ട്.
ഒരുപാട് വേദികളില്‍ ഞാന്‍ പ്രസംഗിച്ചു, കേരളത്തിലുടനീളം. കേവല രാഷ്ട്രീയം പറയാറില്ല എന്നതാണ് എന്റെ പ്രസംഗത്തിന്റെ പ്രത്യേകത. പാര്‍ട്ടിവേദികളിലാണെങ്കില്‍പോലും ഞാനങ്ങനെ വെറും രാഷ്ട്രീയം പറയാറില്ല. സാഹിത്യത്തിലൂടെയാണ് രാഷ്ട്രീയം പറയാറുള്ളത്. എം.എല്‍.എ ആയശേഷം കണ്ണൂരിലും കാസര്‍ക്കോട്ടും പ്രസംഗിക്കാന്‍ പോയി.
സാംസ്‌കാരിക വേദികളിലാണ് ഞാന്‍ കൂടുതലും പ്രസംഗിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ച മിക്ക സ്ഥലത്തും ഞാന്‍ പോയി പ്രസംഗിച്ചിട്ടുണ്ട്. കേരള കൗമുദി കുടുംബമാണ് എനിക്കതിന് അവസരം ഒരുക്കിത്തന്നത്. കെ. ദാമോദരന്‍, മാധവി സുകുമാരന്‍, കെ. ബാലകൃഷ്ണന്‍. കെ.പി ഉദയഭാനു തുടങ്ങിയവരെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ബാലരാമ പണിക്കര്‍, കേശവന്‍ വൈദ്യര്‍, മംഗളാനന്ദ സ്വാമി, നിത്യചെതന്യയതി, സ്വാമി മുനിനാരായണ പ്രസാദ് തുടങ്ങിയവരാണ് എന്നെ ക്ഷണിച്ചിരുന്നത്. തലശ്ശേരി, കളവംകൂടത്ത്, വര്‍ക്കല… തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കെ. ദാമോദരന്‍, കെ. ബാലകൃഷ്ണന്‍, കെ. സുകുമാരന്‍ തുടങ്ങിയവരോടൊപ്പം പോയി. കേളു ഏട്ടന്‍, ഒ. ഭരതന്‍, ചമ്പാടന്‍ വിജയന്‍, സി.എച്ച് കണാരന്‍, മാഹിയിലെ സൂപ്പി, പി.ആര്‍ കുറുപ്പ് തുടങ്ങിയവരൊക്കെ ക്ഷണിച്ചുകൊണ്ടു പോകും. കെ.ആര്‍ ഗൗരിയമ്മ, ഓമനക്കുഞ്ഞ, ഞാന്‍… ഒരു ടീം ആയാണ് ഞങ്ങളെ പലരും വിളിക്കുക. ശിവഗിരിയില്‍ വനിതാ സമ്മേളനത്തിന് ഞങ്ങളുടെ സ്ഥിരം പ്രഭാഷണം ഉണ്ടാകുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും കുമാരാനാശാന്റെയും കൃതികളുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. ഇത് പ്രസംഗത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. വീണപൂവ്, ചിന്താവിഷ്ടയായ സീത, ലീല, നളിനി, തുടങ്ങിയവയൊക്കെ കോളേജില്‍ ഞാന്‍ പഠിപ്പിച്ചിരുന്നു. സി.വി രാമന്‍പിള്ളയുടെ പുസ്തകങ്ങള്‍ കൂടുതലും ഞാന്‍ തന്നെയാണ് ക്ലാസെടുത്തിരുന്നത്. ഒരു പ്രഭാഷകയായി വളരാന്‍ ഇതൊക്കെ സഹായിച്ചിട്ടുണ്ട്.
അന്ന് ഒരു മുസ്‌ലിം സ്ത്രീയെ പുറത്തൊക്കെ പ്രസംഗിക്കാന്‍ ക്ഷണിക്കുമായിരുന്നോ?
പിന്നേ, ക്ഷണിക്കുമോന്നോ? ഒരു മുസ്‌ലിം സ്ത്രീ പ്രസംഗിക്കുന്നുവെന്നറിഞ്ഞാല്‍ എഴുന്നള്ളിച്ച് കൊണ്ടുപോകും. അതായിരുന്നു കാലം. അന്ന് എല്ലാ പ്രസംഗങ്ങള്‍ക്കും പോകുമായിരുന്നു. നബിദിനത്തിനും പോകും. അത്തയാണ് കൂടെ വരിക, പിന്നെ ഭര്‍ത്താവ്. മക്കള്‍ വളര്‍ന്ന ശേഷം അവന്‍ കൂട്ടുവരും.
എങ്ങനെയാണ് പ്രസംഗത്തിന് ഒരുങ്ങുന്നത്?
ആദ്യമൊക്കെ, മുന്‍കൂട്ടി ഒരുങ്ങുമായിരുന്നു. പിന്നെ, നമ്മള്‍ ധാരാളം വായിക്കുകയും വിഷയങ്ങള്‍ പഠിപ്പിക്കാനായി റഫര്‍ ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ടല്ലോ. അതൊക്കെ വെച്ചങ്ങ് പ്രസംഗിക്കും. സ്റ്റേജില്‍ പിടിച്ചുനിര്‍ത്തിയാല്‍ ഏതു വിഷയത്തെ കുറിച്ചും ഒന്നര മണിക്കൂര്‍ പ്രസംഗിക്കാന്‍ കഴിയും, ഇപ്പോഴും. ഒന്നും മറന്നിട്ടില്ല. പിന്നെ, രാഷ്ട്രീയ വേദികളില്‍ പ്രസംഗിക്കേണ്ടിവരുമ്പോള്‍-വിശേഷിച്ചും തെരഞ്ഞെടുപ്പുകാലത്ത്-നേരത്തെ പ്രദേശത്തെ കുറിച്ച് പറഞ്ഞുതരും. ഇവിടെ മുസ്‌ലിംകളാണ്, അതുകൊണ്ട് പള്ളിക്കാര്യം, ഇസ്‌ലാം കാര്യം, ഈമാന്‍ കാര്യം….ഇതൊക്കെ കലര്‍ത്തി പറഞ്ഞോളണം. മറ്റൊരിടത്ത് ക്രിസ്ത്യാനികളായിരിക്കും. അവിടെ, അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തോത്രം ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം, ആ രീതിയിലൊക്കെ പറയണം. ഹിന്ദുക്കള്‍ ഉള്ള സ്ഥലത്താണെങ്കില്‍ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം…. വേദങ്ങളൊക്കെ ഉദ്ധരിച്ച് പ്രസംഗിക്കണം. തെരഞ്ഞെടുപ്പു കാലത്തെ പ്രസംഗത്തിനും വിപ്പ് ഉണ്ടാകും. കാട്ടായിക്കോണം ശ്രീധരനും ഡെപ്യൂട്ടി മേയറായിരുന്ന ജയപ്രകാശുമായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. പ്രസംഗം കേള്‍ക്കാന്‍ സ്ത്രീകളൊക്കെ രാവിലെത്തന്നെ കാത്തിരിക്കുമായിരുന്നു.
മലപ്പുറത്ത് പാണ്ടിക്കാട്, പട്ടിക്കാട്, ചാപ്പനങ്ങാടി, പരപ്പനങ്ങാടി, മണിമൂളി തുടങ്ങി ഒരുപാട് സ്ഥലത്ത് ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. ആദ്യമൊക്കെ നമ്മള്‍ ചെല്ലുമ്പോള്‍ സ്ത്രീകള്‍ മുഖം തിരിച്ചിരിക്കുമായിരുന്നു. നമ്മളെ ഫെയ്‌സ് ചെയ്യില്ല. നല്ല ചുവന്നു തുടുത്ത, ഖമറു പോലുള്ള മുഖമുള്ളവരാണെങ്കിലും തിരിഞ്ഞിരുന്നു കളയും. ഒരിക്കല്‍ മഞ്ചേരിയിലെ എന്റെ പ്രസംഗം കേട്ട് അവിടെയുള്ള ഒരു ഹാജിയാര്‍ എഴുന്നേറ്റുനിന്ന്, ”ഓള് വമ്പത്തിയാണ്; പെണ്ണാണെങ്കിലെന്ത്, ആണിന്റെ ശേലിലല്ലേ പ്രസംഗിക്ക്ണത്?” എന്നുപറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. പെണ്ണായി പിറന്നതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. നല്ല പ്രസംഗം ചെയ്തതിന്റെ പേരില്‍ ചാക്കീരിയുടെ അഭിനന്ദനം ഒരുപാട് എനിക്ക് കിട്ടിയിട്ടുണ്ട്. സി.എച്ച് മുഹമ്മദ് കോയക്കാകട്ടെ അഡ്മിറേഷനായിരുന്നു. ‘എന്തൊരു വാക്ചാതുരിയെന്നായിരുന്നു’ സി.എച്ചിന്റെ കമന്റ്. ”നല്ല ശബ്ദവും, നല്ല പ്രസംഗവും. പക്ഷേ, കുപ്പായകൈക്ക് ഇറക്കവും തലയില്‍ തട്ടവും ഇട്ടിരിക്കുന്നെങ്കില്‍ മലപ്പുറത്ത് കൊണ്ടുപോയി പ്രസംഗിപ്പിച്ച് പത്ത് വോട്ടുപിടിക്കാമായിരുന്നു” എന്നാണ് ഒരു നേതാവ് പറഞ്ഞത്. അതാണവരുടെയൊക്കെ നോട്ടം. നമ്മുടെ നാക്കിനെ വോട്ടാക്കി മാറ്റുക.
കുടുംബം?
എനിക്ക് ആറു മക്കളാണ്; മൂന്ന് ആണും മൂന്ന് പെണ്ണും, അഞ്ച് പേരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍. മൂത്ത മകള്‍ റസിയ; ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മലയാളം ഭാഷകളില്‍ എം.എ എടുത്തു. റഷ്യന്‍ ഭാഷയില്‍ ഡിപ്ലോമയും. മധ്യപ്രദേശില്‍ യൂനിവേഴ്‌സിറ്റി പ്രഫസറായി റിട്ടയര്‍ ചെയ്തു. രണ്ടാമത്തെയാള്‍ ഹാഷിം, ഡെപ്യൂട്ടി റെയ്ഞ്ചറായിരുന്നു. മൂന്നാമത്തെയാള്‍ റഹീം, ഡെപ്യൂട്ടി കമ്മീഷണറാണ് എക്‌സൈസില്‍. നാലാമത്തെ മകന്‍ സലീം, കേബ്ള്‍ ടി.വി ഓപ്പറേറ്ററാണ്. അഞ്ചാമത്തേത് ലൈല, ബി.എസ്.എന്‍.എല്‍ അക്കൗണ്ട്‌സ് ഓഫീസര്‍. ആറാമത്തേത് മകള്‍ താര, ഹയര്‍സെക്കന്ററി ഇംഗ്ലീഷ് ടീച്ചറാണ്.
രാഷ്ട്രീയത്തില്‍ വരുന്നതിനെ മക്കളൊക്കെ അനുകൂലിച്ചിരുന്നോ?
മക്കളൊന്നും അനുകൂലമായിരുന്നില്ല. ആര്‍ക്കും രാഷ്ട്രീയം ഇഷ്ടമില്ല. കാരണം, രാഷ്ട്രീയത്തിലിറങ്ങിയാല്‍ നമ്മളെ മാത്രമല്ല പറയുക, വീട്ടിലിരിക്കുന്ന മക്കളെയും പറയും. അതുകൊണ്ട് രണ്ടാം തവണ, എന്നെ ഒട്ടും പോകാന്‍ അനുവദിച്ചില്ല പിള്ളേര്. അവസാനം വി.എസ് അച്യുതാനന്‍, സുശീലാ ഗോപാലനെ പറഞ്ഞയച്ചു. നബീസക്ക് പറ്റില്ലെന്ന് എഴുതി വാങ്ങിച്ചു കൊണ്ടുവരാന്‍ പറഞ്ഞു. സുശീലയും ഞാനും ക്ലാസ്‌മേറ്റ്‌സാണ്. ഞങ്ങള്‍ വലിയ അടുപ്പമായിരുന്നു. സുശീല ഇവിടെ വന്നു, വീണ്ടും മത്സരിക്കാന്‍ എന്നെ ഒരുപാട് നിര്‍ബന്ധിച്ചു. അങ്ങനെയാണ് പിന്നെയും മത്സരിച്ചത്. സുശീലക്ക് വേണ്ടി ഓടിനടന്നാണ് ഞാന്‍ രോഗിയായത്. അവള്‍ ജയിക്കേം ചെയ്ത്, ഞാന്‍ 360 വോട്ടിന് തോല്‍ക്കേം ചെയ്ത്.
സുശീലാ ഗോപാലനെ പാര്‍ട്ടി അവഗണിച്ചുവെന്ന് ചിലര്‍ പറയുന്നുണ്ടല്ലോ.
പാര്‍ട്ടിയില്‍ നല്ല പിടിപാടുള്ള ആളായിരുന്നു സുശീല. എ.കെ ഗോപാലനെ പരിഗണിച്ചപ്പോള്‍, അവരെ ഇത്തിരി അവഗണിച്ചു കാണും. എ.കെ.ജിയെ പരിഗണിച്ചില്ലേ! പാര്‍ട്ടിയില്‍ അങ്ങനെത്തന്നെയാണ്. എല്ലാവരെയും ഒന്ന് ചവിട്ടിതാഴ്ത്തും. ടി.കെ ഹംസയെ അവഗണിച്ചില്ലേ. ഹംസ നല്ല മിടുക്കനല്ലേ. പാലോളിക്ക് എന്താണ് കിട്ടിയത്. പാലോളിയെപ്പോലെ ഇത്രയും വ്യക്തിത്വമുള്ള നേതാവുണ്ടോ. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം കുടുംബം പോലും അദ്ദേഹം വിറ്റില്ലേ. പിന്നെ, എന്നെയൊക്കെ സഹിച്ചത് നാക്കിന്റെ പച്ചകൊണ്ടാണ്. വടക്കോട്ടുള്ളവര്‍ക്കാണ് പാര്‍ട്ടിയില്‍ എന്നും സ്ഥാനം.
ഇസ്‌ലാമിനെകുറിച്ച് പഠിച്ചിട്ടുണ്ടോ?
ഇസ്‌ലാമിനെക്കുറിച്ച് കുറേയൊക്കെ പഠിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള കാര്യങ്ങളൊക്കെ അറിയാം. ഓത്തുപള്ളിയില്‍ വളരെക്കുറച്ചേ പോയിട്ടുള്ളൂ. പലതും ഞാന്‍ വായിച്ചു പഠിച്ചതാണ്. ഖുര്‍ആന്‍ 30 ഭാഗത്തിന്റെയും തര്‍ജമ എന്റെ കൈയിലുണ്ട്. ഖുര്‍ആന്‍ വായിക്കാറുണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കുന്നപോലെ, ഒരു എകണോമിക് വെ ഓഫ് ലിവിംഗ് വേറെ ഏതിലുണ്ട്. വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവങ്ങള്‍ക്ക് നല്‍കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത് നിങ്ങളുടെ ഔദാര്യമല്ല, ദരിദ്രരുടെ അവകാശമാണെന്ന് കല്‍പ്പിക്കുന്നണ്ടല്ലോ. ഇത് നിങ്ങള്‍ക്ക് മറ്റെവിടെ കാണാന്‍ കഴിയും? ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലാവരും അവനവന്റെ സുഖവും സന്തോഷവുമാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇസ്‌ലാം അങ്ങിനെയല്ല. അത് എല്ലാ മനുഷ്യരുടെയും ക്ഷേമം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബര്‍ണാഡ്ഷാ പറഞ്ഞത്; ‘അഗ്‌നി പരീക്ഷണങ്ങള്‍ക്ക് ഏതു മതം വിധേയമായാലും അതിജീവിക്കുന്ന ഒറ്റ മതം ഇസ്‌ലാമാണ്. ഒരു മതത്തില്‍ ചേര്‍ന്നാലേ നിലനില്‍പ്പുള്ളൂ എങ്കില്‍ ഞാന്‍ ഇസ്‌ലാമാണ് സ്വീകരിക്കുക.’ മതമെന്ന നലിയില്‍ ഇസ്‌ലാമിന്റെ നന്മയാണിത് സൂചിപ്പിക്കുന്നത്. ഇസ്‌ലാം തരുന്നപോലെ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്ക് മറ്റൊരു മതവും കൊടുക്കുന്നില്ല. പക്ഷേ, മുമ്പ് അധികമാരും മുമ്പോട്ടുവരില്ലായിരുന്നു. ഇപ്പോള്‍ അവസ്ഥയൊക്കെ മാറി. പിന്നെ ചിലരൊക്കെ അറിവില്ലാത്തതുകൊണ്ടാകണം, വളരെ സങ്കുചിതമായാണ് ചിന്തിക്കുന്നത്, പെരുമാറുന്നത്. അതുകൊണ്ടാണ് തീവ്രവാദമൊക്കെ ഉണ്ടാകുന്നത്.
അറിഞ്ഞിടത്തോളം എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെ; സമാധാനം, ശാന്തി, സ്‌നേഹം. സഞ്ചരിക്കുന്ന മാര്‍ഗം ഭിന്നമാണെങ്കിലും എത്തിച്ചേരുന്ന ലക്ഷ്യം ഒന്ന്. അതു ബോധ്യമായാല്‍ മറ്റു മതസ്ഥരോട് സ്‌നേഹാദരങ്ങളോടെ പെരുമാറാനേ എല്ലാവര്‍ക്കും കഴിയൂ.
കമ്മ്യൂണിസത്തില്‍ ടീച്ചര്‍ക്ക് വിശ്വാസമുണ്ടോ?
കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളോട് എനിക്ക് താല്‍പര്യമുണ്ട്. മാര്‍ക്‌സും ഏംഗല്‍സുമൊക്കെ ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്. ദാസ് കാപ്പിറ്റല്‍ ഞാന്‍ കൂടെക്കൂടെ എടുത്ത് നോക്കാറുണ്ട്. തത്ത്വങ്ങളൊക്കെ നല്ലതാണ്. പാവങ്ങളെ സഹായിക്കുക, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക. ഇതൊക്കെയാണ് പറയുന്നത്. പക്ഷേ, അതിന്റെ പേരില്‍ ഓരോരുത്തര്‍ റിസോര്‍ട്ടുണ്ടാക്കാനും മറ്റുമല്ലേ ഇപ്പോള്‍ ശ്രമിക്കുന്നത്.
അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരി എന്ന് പറയാം.
കമ്മ്യൂണിസ്റ്റുകാരി എന്നൊന്നും പറയാന്‍ പറ്റത്തില്ല. എനിക്ക് ഈശ്വര വിശ്വാസമുണ്ട്. അല്ലാഹുവില്‍ ശരിക്കും വിശ്വാസമുണ്ട്. പടച്ചവനറിയാതെ ഒരു കാര്യവും ഭൂമിയില്‍ നടത്തില്ല. ഇപ്പോഴൊക്കെയാണെങ്കില്‍, പേടിയോടു കൂടിയുള്ള വിശ്വാസമാണ്. എന്തൊക്കെ തെറ്റുകള്‍ ചെയ്തുപോയിട്ടുണ്ടോ ആവോ! തൗബാ (പശ്ചാത്താപം) ചെയ്താലും തീരാത്ത തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം. മനുഷ്യന്റെ ജീവിതമല്ലേ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ആരുവന്ന് എന്ത് സഹായം ചോദിച്ചാലും കൊടുക്കാറുണ്ട്. വരവിന്റെ നല്ലൊരു ഭാഗം സകാത്തായി നല്‍കുന്നുണ്ട്. പത്തുപതിനാല് യതീംഖാനകള്‍ക്ക് കൊടുക്കാറുണ്ട്. കുറച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇപ്പോള്‍, ഇരുന്നാണ് നമസ്‌കരിക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി 30 ദിവസത്തെ നോമ്പ് ഞാന്‍ അനുഷ്ഠിക്കുന്നുണ്ട്.
എന്താണ് പുതിയ തലമുറയോട് പറയാനുള്ളത്?
നല്ല ഉറച്ച വിശ്വാസം ഉണ്ടാകണം. ശരിയായ ദൈവവിശ്വാസമുള്ളവര്‍ വഴിതെറ്റി പോകില്ല. ഡിളഹശിരവശിഴ ളമശവേ വേണം. അതില്‍ അടിയുറച്ചുനിന്നാല്‍ നമുക്ക് വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ല. കഴിയുന്നത്ര നമ്മുടെ സദ്ഗുണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ഖിയാമത്ത് നാളില്‍, നാം ചെയ്ത നന്മയുടെയും തിന്മയുടെയും ഫലമാണ് നമുക്ക് കിട്ടുന്നത്. അതുകൊണ്ട് ആദ്യകാലത്ത് നമ്മുടെ ജീവിതത്തില്‍ വല്ല തെറ്റും സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ ശിഷ്ടകാലത്ത് അത് ഇീാുമിമെലേ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒന്നിലും വിശ്വാസമില്ലാതെ, ലക്കും ലഗാനുമില്ലാത്ത പോക്ക് ഒരിക്കലും ഒരിടത്തും നമ്മെ കൊണ്ടെത്തിക്കുകയില്ല.