വിവരസാങ്കേതികയുഗത്തിലെ മലയാളികള്‍ മിക്കവരും യഥാര്‍ത്ഥ വായനയും എഴുത്തും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാണ്. ഇവിടെ, ഈ മരുഭൂമിയുടെ ചൂട് അവരുടെ മറവിക്ക് കൂടുതല്‍ ആഴം നല്‍കുന്നു. വല്ലപ്പോഴും അനുഭവപ്പെടുന്ന ചില അപൂര്‍വ്വ മുഹൂര്‍ത്തങ്ങളോ സംഭവങ്ങളോ സാധാരണജീവിതരീതിയില്‍നിന്നും മാറിനിന്ന് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കാറുണ്ട്. അങ്ങനെ ഒരു അസുലഭമുഹൂര്‍ത്തത്തിനു് ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിമൂന്നുമുതല്‍ മാര്‍ച്ച് നാലുവരെ കളമൊരുക്കിയത് ദമ്മാമിലെ പള്ളിക്കൂടം സാംസ്കാരികവേദിയും റിയാദിലെ സാഹിത്യ സഹൃദയവേദിയുമായിരുന്നു. ഇതിനുകാരണമായത് ശ്രീ പെരുമ്പടവം ശ്രീധരന്റെ സൌദി സന്ദര്‍ശനവും.
അല്‍പ്പമെങ്കിലും വായിക്കുന്ന ഒരു മലയാളിക്ക് പെരുമ്പടവം ശ്രീധരനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എങ്കിലും അനുഭവപ്പെട്ട ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ പാടില്ല എന്ന് വിചാരിക്കുന്നു. ഒരു സാത്വികന്‍, സാദാ നാട്ടിന്‍പുറത്തുകാരന്‍ മലയാളി എന്നാണ് ആദ്യത്തെ പരിചയപ്പെടലില്‍നിന്നും ഉണ്ടായ തോന്നല്‍. ഈ ദിവസങ്ങളില്‍ പെരുമ്പടവം ശ്രീധരനുമായി ഒരുമിച്ച് പലസമയങ്ങളും ചെലവിട്ടു. അദ്ദേഹവുമായി ഒരുപാട് ആശയവിനിമയം നടന്നു. അതിനുശേഷവും ആദ്യതോന്നലില്‍ മാറ്റമുണ്ടായില്ല.
പെരുമ്പടവത്തിന്റെ ആദ്യനോവലായ “ആയില്യം” പെരുമ്പടവം ഗ്രാമത്തിലെ ഒരു സര്‍പ്പക്കാവും അവിടെ നടന്ന സര്‍പ്പബലിയും കണ്ടുകൊണ്ട്, അതിന്റെ അനുഭവമുള്‍ക്കൊണ്ടുകൊണ്ടാണ് എഴുതിയത്. “ജനയുഗം” വാരികയിലാണ് അത് അച്ചടിച്ചു വന്നത്. പിന്നീട് കാമ്പിശ്ശേരി കരുണാകരന്‍ നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞു: “ഒരു വലിയ പ്രായമുള്ള മനുഷ്യനാണ് പെരുമ്പടവം ശ്രീധരന്‍, എന്നുകരുതിയാണ് അത് പ്രസിദ്ധീകരിച്ചത്”എന്ന്. താനൊരു “ജനയുഗം” പ്രൊഡക്റ്റ് ആണെന്ന് പെരുമ്പടവം ശ്രീധരന്‍ സമ്മതിയ്‌ക്കുന്നു. ജനയുഗത്തെ പുഃനരുജ്ജീവിപ്പിക്കാന്‍ നടന്ന വിഫലങ്ങളായ ശ്രമങ്ങളെപ്പറ്റിയും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.
അനുഭവങ്ങളുടെ സ്വാംശീകരണവും തുടര്‍ന്ന് സ്വാഭാവികമായുണ്ടാകുന്ന പരിണാമവുമാണ് തന്റെ നോവലുകളും കഥകളും എന്നദ്ദേഹം പറഞ്ഞു. കവിതയിലാണ് അദ്ദേഹം ആദ്യം കൈവച്ചത്. പെട്ടെന്നുതന്നെ ഇത് തന്റെ വഴിയല്ല എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ രചനകളെപ്പറ്റി പൊതുവായി ശ്രീ പി.ജെ.ജെ. ആന്റണി ഇങ്ങനെ പറയുന്നു.
“മലയാളനോവല്‍ സാഹിത്യശാഖയുടെ വികാസപരിണാമങ്ങള്‍ ചരിത്രപരമായി നോക്കിയാല്‍, ആദ്യം ചന്തുമേനോന്‍ സമൂഹത്തിന് പ്രാധാന്യം കൊടുത്തു. പിന്നീട് വന്ന സി.വി രാമന്‍പിള്ളപോലുള്ളവര്‍ വ്യക്തികള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. ശ്രീ പെരുമ്പടവവും സി.വി. രാമന്‍പിള്ളയുടെ ശാഖയില്‍പ്പെടുന്നു. അദ്ദേഹത്തിന്റെ നോവലുകളില്‍ വ്യക്തികളുടെ ആത്മസംഘര്‍ഷങ്ങള്‍ക്കാണ് മുന്‍തൂക്കം.”
ഒരുകാലംവരെ നമ്മുടെ എഴുത്തുകാര്‍ സാമൂഹ്യപോരാളികളായിരുന്നുവെന്നത് മറ്റെവിടെയും കാണാത്ത ഒരു സവിശേഷതയാണ്. പക്ഷെ ആധുനികതയുടെ കാലം വന്നപ്പോള്‍ ഇതില്‍ വ്യക്തമായ ഒരു മാറ്റം വന്നു. സാമൂഹ്യജീവിതവുമായി സാഹിത്യകാരന്റെ ജീവിതത്തിന് ഇഴയടുപ്പം നഷ്ടപ്പെട്ടു. അക്കാലത്താണ് പൈങ്കിളിപ്രസിദ്ധീകരണങ്ങള്‍ മലയാളത്തില്‍ വന്നുതുടങ്ങിയത്. മനുഷ്യനെ വീണ്ടും മുഖ്യധാരാസാഹിത്യത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ഒരു എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരന്‍.
ഇന്‍ഫോര്‍മേഷന്‍ യുഗത്തില്‍ ആഴം എഴുത്തിന് ആഴം നഷ്ടപ്പെടുകയും ഉപരിതല വിസ്തീര്‍ണം കൂടുകയും ചെയ്തു. ജനകീയമായ ധാരാളം എഴുത്തുകാരും കൃതികളും വന്നു. ശകലീകൃതമായ ഒരു ജീവിതമാണ് ഉത്തരാധുനികത കൊണ്ടുവന്നത്. ജനകീയ സാഹിത്യവും വരേണ്യ എഴുത്തും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്ന ഒരു സ്വഭാവം ഉത്തരാധുനികത പ്രകടിപ്പിക്കുന്നു. ലളിതമായി വായിക്കാവുന്ന ക്ലാസിക്കുകള്‍ അപ്പോളുണ്ടായി. പെരുമ്പടവം ശ്രീധരന്റെ “അരൂപിയുടെ മൂന്നാംപ്രാവ്” ഇത്തരുണത്തില്‍ എടുക്കാവുന്ന ഒരു രചനയാണ്.
എ.പി അഹമ്മദിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
“മലയാളനോവല്‍പ്രസ്ഥാനത്തിന്റെ രൂപപരിണാമങ്ങളുടെ ഒപ്പം ചരിത്രപരമായി സഞ്ചരിച്ച് അതിനൊക്കെ ദൃക്‌സാക്ഷിയായിയെങ്കിലും ഈ പരിണാമങ്ങളൊന്നും തന്നെ തെല്ലും അലട്ടാതെ അചഞ്ചലമായി സ്വന്തം നിലപാടുകളില്‍ തന്നെ നിന്ന് ഇക്കാലമത്രയും സാഹിത്യസപര്യ തുടര്‍ന്ന എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരന്‍.”
വായനയുടെ പലഘട്ടങ്ങളിലായി പലപ്പോഴായി വലിച്ചെറിയപ്പെട്ട എഴുത്തുകാര്‍ നമുക്കുണ്ട് എങ്കിലും ഒരിക്കലും വലിച്ചെറിയപ്പെടാത്ത ഒരെഴുത്തുകാരനായി പെരുമ്പടവം ഇപ്പോഴും തുടരുന്നു.
ഇന്നത്തെ സാമൂഹിക അപചയത്തെക്കുറിച്ച് ഒരു പക്ഷെ മലയാളത്തില്‍ ആദ്യമായി എഴുതിയത് പെരുമ്പടവമായിരിക്കും. 1971-ല്‍. എം.സുകുമാരന്റെ “ശേഷക്രിയ”ക്ക്മുന്‍പ് “കാല്‍വരിയിലേക്ക്‌വീണ്ടും” എന്ന കഥ ശ്രീധരനെഴുതിയിട്ടുണ്ട്. അതിലിന്നത്തെ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ കൃത്യമായി എഴുതിയിട്ടുണ്ട്. ‘രാഷ്ട്രീയക്കാര്‍ക്ക് വാടകക്ക് കൊടുക്കപ്പെടും’ എന്ന ബോര്‍ഡ് എഴുപത്തിയൊന്നില്‍ തന്നെ പെരുമ്പടവം തന്റെ കഥയില്‍ തൂക്കിയിരുന്നു.
ഞങ്ങളൊന്നിച്ച് പ്രണയത്തിന്റെ പ്രതീകമായി ലോകമെങ്ങുംകൊണ്ടാടപ്പെടുന്ന ലൈല മജ്‌നുവിന്റെ കഥ നടന്ന പ്രദേശം കാണാന്‍ പോയി. ഇന്നവിടെ വെറും മണല്‍കൂമ്പാരങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ആ കുന്നുകള്‍ അനായാസേന കയറുന്ന പെരുമ്പടവത്തിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലിപ്പോളും തന്റെ ലൈലയോടുള്ള പ്രണയം ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഈ മണല്‍കുന്നുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ആരാണ് പ്രേമിക്കാതിരിക്കുക?
സുഖമുള്ള ഒരു തണുത്ത സുപ്രഭാതത്തിലാണ് ഞങ്ങള്‍ ലൈല അല്‍ഫലാജിലേക്ക് യാത്രതിരിച്ചത്.സമയം ചെല്ലുംതോറും ദിവസച്ചൂട് വര്‍ദ്ധിക്കുന്നതുപോലെ സംസാരവിഷയങ്ങളിലും പലപ്പോഴും ചൂടിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടു. പി.കണ്ണന്‍കുട്ടി മലയാളത്തിലെ നല്ല പുതുനോവലിസ്റ്റാണെന്ന് പെരുമ്പടവത്തിന്റേതായി ‘മലയാളം ന്യൂസ്’ല്‍ വന്ന പ്രസ്താവന വായിച്ചുകൊണ്ടാണ് സംസാരവിഷയം ചൂടുപിടിച്ചത്. ഉടന്‍ തന്നെ മലയാളം ന്യൂസ് ലേഖകനെ വിളിച്ച് അദ്ദേഹം സംസാരിച്ചു. കാത്തിരുന്ന ഒരു വിഷയചലനമായിരുന്നു അത്.
പെരുമ്പടവം ശ്രീധരന്‍ അദ്ദേഹം തന്റെ വായനാനുഭവങ്ങളെപ്പറ്റിയും രചനകളെപ്പറ്റിയുമൊക്കെ ധാരളം വസ്തുതകള്‍ ഞങ്ങളുമായി പങ്കുവച്ചു. പ്രവാസിമലയാളികളുടെ ദുരിതങ്ങള്‍ പതിവുപോലെ ഒരു വിദ്വാന്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍, കേരളത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥകള്‍ പറഞ്ഞ് അദ്ദേഹം ആ വിദ്വാന്റെ വായടച്ചു. സ്വകാര്യജീവിതം തന്റെ സ്വന്തം കാര്യമാണെന്നും അത് കൂടുതല്‍ പറയാനും പരസ്യമാക്കുവാനും താന്‍ വിമുഖനാണെന്നും പലപ്പോഴായി അദ്ദേഹം സൂചിപ്പിച്ചെങ്കിലും തനി മലയാളികളായ ഞങ്ങളുണ്ടോ വിട്ടുകൊടുക്കുന്നു?
വിവാഹം, കുടുംബം?
അതൊക്കെ ഒരു കഥയാണ്. എന്തുകൊണ്ടങ്ങനെയൊക്കെ ഉണ്ടായി എന്നുചോദിച്ചാല്‍ ഉത്തരമില്ല. അങ്ങനെയൊക്കെ സംഭവിച്ചു എന്നുമാത്രം. ഒരു ഒളിച്ചോട്ടമായിരുന്നു. ഞങ്ങള്‍, ലൈലയും ഞാനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവരെപ്പറ്റി ആലോചിച്ചില്ല. എതിര്‍പ്പ് ഉറപ്പായതിനാല്‍ മദിരാശിക്ക് വണ്ടികയറി. പിന്നീട് തൊടുപുഴയിലേക്ക് വന്നു. ലൈല പെരുമ്പടവത്തിനടുത്ത ഗ്രാമത്തിലെ ഒരു മുസ്ലിം പെണ്‍കുട്ടിയാണ്. അവളുമായാണ് ഞാന്‍ നാടുവിട്ടത്. കല്യാണം ഇന്നുവരെ നടത്തിയിട്ടില്ല. അഞ്ചു പവന്‍ ആരെങ്കിലും തരുമെങ്കില്‍ ഒരു താലി വാങ്ങിക്കെട്ടാമായിരുന്നു എന്ന് ഇപ്പോള്‍ അവള്‍ പറയുന്നുണ്ട്. വയസ്സുകാലത്ത് നിനക്ക് സ്വര്‍ണ്ണഭ്രമമാണ് എന്ന് ഞാനും പറയും. ഏതായാലും ജാതിയും മതവുമൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. നാലുമക്കള്‍ക്കും അതറിയില്ല. രണ്ടുപെണ്‍മക്കളെ കൃസ്ത്യന്‍ കുടുംബങ്ങളില്‍ പിറന്നവരാണ് വിവാഹം ചെയ്തിരിക്കുന്നത്. അവസാനത്തെ മകള്‍ ലക്ഷ്മി എഴുത്തിനോട് അടുപ്പം കാണിക്കുന്നവളാണ്. എല്ലാവരും അത്യാവശ്യം നല്ലനിലയില്‍ പലസ്ഥലത്തുമായി കഴിയുന്നു. ഇതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു പ്രശ്നങ്ങളും നേരിട്ടിട്ടില്ല. പാസ്പ്പോര്‍ട്ട് എടുക്കാന്‍ ചെറുതായി ബുദ്ധിമുട്ടിയെങ്കിലും നല്ലവരായ സുഹൃത്തുക്കള്‍ സഹായിച്ചു. ഇപ്പോള്‍ പെരുമ്പടവത്തെകാര്യങ്ങള്‍ നോക്കാന്‍ അവളും തിരുവനന്തപുരത്ത് ഞാനും കഴിയുന്നു. പ്രസാധകരുമായുള്ള കണക്കുകളും മറ്റു സ്വത്തുവിവരങ്ങളും എല്ലാം ലൈലയുടെ ചുമതലയിലാണ്. ഞാനതിലൊന്നും ഇടപെടാറില്ല.
എല്ലാ പുസ്തകങ്ങളും ആശ്രാമം ഭാസി തന്നെയാണോ പ്രസാധനം?
അതെ, ഇരുപത്തിയഞ്ച് നോവലുകളും കഥകളും എല്ലാം “സങ്കീര്‍ത്തനം” തന്നെ പ്രസിദ്ധീകരിക്കുന്നു. രണ്ടു മൂന്നു പുസ്തകങ്ങള്‍ ഡി.സി രവി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഭാസിയോട് ചോദിക്കാന്‍. ഭാസിയാണ് അവ ഡി.സിയ്ക്ക് കൊടുത്തത്. പ്രസാധകന്‍ എന്ന നിലയില്‍ സുതാര്യവും സത്യസന്ധവുമാണ് ഭാസിയുടെ ഇടപാടുകള്‍. ഒരു പ്രസാധകനുമായുള്ള ബന്ധമല്ല, എനിക്ക് ഭാസിയോട്. അതിനപ്പുറം എന്തോ അവാച്യമായ ഒരു ആത്മബന്ധം.
ഇത്രയുമായപ്പോളേക്കും പ്രഭാതഭക്ഷണത്തിനായുള്ള ഉള്‍വിളികള്‍ കേട്ടുതുടങ്ങിയതിനാല്‍ ഒരു അഫ്‌ഗാനിയുടെ കടയില്‍ കയറി, തമീസ് എന്നൊരുതരം റൊട്ടി ‘ഫൂല്‍’ഉംകൂട്ടിക്കഴിച്ചു. ഉത്സുകനായ ഒരു സഞ്ചാരിയെപ്പോലെ അദ്ദേഹം ഫൂലിന്റേയും തമീസിന്റെയും രഹസ്യങ്ങള്‍ അഫ്ഗാനികളോട് ചോദിച്ച് മനസ്സിലാക്കി. അഫ്ഗാനികളുടെ കഥകള്‍ പറഞ്ഞ് അവസാനം തിരിച്ച് ഡൊസ്റ്റോയോവ്സ്കിയുടെ ജീവിതത്തിലേക്കെത്തി.
ഡൊസ്റ്റോയോവ്സ്കി എന്ന വ്യക്തിയുടെ ജീവിതം എത്ര സ്വാധീനിച്ചിട്ടുണ്ട്?
ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം എന്നെ സ്വാധീനിക്കുകയല്ല മോഹിപ്പിക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു മനുഷ്യനോ എന്ന അത്ഭുതം തന്നെയാണെനിക്കിപ്പോഴും ഉള്ളത്. ഭ്രാന്താലയത്തിലെ ഷേക്സ്പിയര്‍ എന്നദ്ദേഹത്തെ പറഞ്ഞത് ലെനിനാണ്. അദ്ദേഹത്തിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുമുത്തരം സിമ്പിള്‍ ആയി പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതം ഏതുതരത്തിലാണ് എന്നുചോദിച്ചാല്‍ അത് ആത്മീയതലത്തിലുള്ളതാണ് എന്നുപറയാന്‍ എന്നെക്കൊണ്ടാവില്ല. ഒരു ദിവസം അദ്ദേഹം ദൈവവിശ്വാസിയാണെങ്കില്‍ അടുത്തദിവസം ദൈവത്തെ മുഴുവന്‍ ചീത്തവിളിക്കുന്ന, ദൈവത്തെ വിചാരണചെയ്യുന്ന ആളാണ്. ഒരോനിമിഷങ്ങളിലും മാറിമാറി ജീവിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഇങ്ങനെയുള്ള ഒരാളിനെ എങ്ങനെ നാം മനുഷ്യനെന്നനിലക്കും എഴുത്തുകാരനെന്ന നിലക്കും വിശ്വസിക്കാമെന്ന അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്. ഇതിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവനും. ഒരു ദൈവമുണ്ടെങ്കില്‍, അദ്ദേഹമാണ് പരമമായ കര്‍ത്താവ് എങ്കില്‍ ഈ ജീവിതം എന്തുകൊണ്ടിങ്ങനെയൊക്കെ ആയിത്തീര്‍ന്നു? അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ധാര്‍മ്മികതയെ മുന്‍പില്‍ നിര്‍ത്തുകയുമാണ് അദ്ദേഹം ചെയ്തത്. ഇതാണെന്റെ പരിമിതമായ അറിവ്. ഇതുകൊണ്ടൊക്കെയാണ് അദ്ദേഹം എന്നെ മോഹിപ്പിച്ചത്.
എഴുത്തുകാരന്റെ മരണസദൃശമായ ജീവിതത്തെക്കുറിച്ചാണ് ഒരു സങ്കീര്‍ത്തനം പോലെയില്‍ ഞാനെഴുതിയത്. അല്ലാതെ ഡോസ്റ്റോയോവ്സ്കിയും അന്നയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചല്ല. അങ്ങനെ കരുതാനുള്ള അവകാശം വായനക്കാര്‍ക്കുണ്ടെങ്കിലും. അതിനൊരു രണ്ടാംഭാഗവും ഉണ്ടാകാന്‍ പോകുന്നില്ല. അത്തരത്തിലൊരു കഥയല്ല അത്.
സാമൂഹ്യപ്രതിബദ്ധത:
ഏതെഴുത്തിലും രാഷ്ട്രീയം വരും. ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരുവന് രാഷ്ട്രീയം ഒഴിവാക്കാന്‍ പറ്റുന്നതല്ല. രാഷ്ട്രീയം എന്നുപറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ കരുതുന്ന രാഷ്ട്രീയപാര്‍ട്ടികളോ കക്ഷിരാഷ്ട്രീയമോ അല്ല. ഒരോരുത്തരും സുചിന്തിതമായി എടുത്ത അഭിപ്രായങ്ങളോട് വിയോജിക്കേണ്ട ആവശ്യമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കൂടി അതവരുടേത് എനിക്കെന്റേത് എന്ന നിലയില്‍ നില്‍ക്കാം. തിരുത്തലുകള്‍ സ്വാഗതം, പക്ഷെ ഈ തിരുത്തലുകള്‍ സ്വയം ബോദ്ധ്യം വന്നതായിരിക്കണം. നമ്മളെല്ലാവരും കൂടിയിരുന്ന് തീരുമാനിച്ച ഒരു തീരുമാനവും നാളെ സാഹിത്യത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഒരു സൌഹൃദത്തില്‍ നമുക്ക് പോകാം. പഠിച്ചുവച്ച ചില ക്ലീഷെഭാഷകളില്‍നിന്ന് ചിലര്‍ക്ക് മാറാന്‍ പറ്റില്ല. വിരോധമില്ല, അതവിടെത്തന്നെ നിന്നോട്ടെ.
എസ്.കെ.പൊറ്റക്കാട് സോവിയറ്റുനാടുകളില്‍ പോയി യാത്രാവിവരണം എഴുതി. പക്ഷെ ഡോസ്റ്റോയോവ്സ്കി എന്ന ഒരെഴുത്തുകാരന്‍ അവിടെയെങ്ങും ജീവിച്ചരുന്നതായി ഒരക്ഷരം പോലും എഴുതിയില്ല. ഒരു കാലത്ത് ഡോസ്റ്റോയോവ്സ്കി പാര്‍ട്ടിയ്ക്കഭിമതനായിരുന്നു, പക്ഷെ പൊറ്റെക്കാട് യാത്രാവിവരണം എഴുതുന്ന കാലത്ത് ഡോസ്റ്റോയോവ്സ്കി അനഭിമതനായിരുന്നു! അന്നതെഴുതാന്‍ പൊറ്റെക്കാടിന് സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടുകൂടി പാര്‍ട്ടികളുടെ സ്വാധീനം കാരണം അദ്ദേഹം എഴുതിയില്ല. ആവിഷ്കാരസ്വാതന്ത്ര്യം നിയന്ത്രിതമായിരുന്നു. ചോദ്യം ചെയ്യലിനെയും വിമര്‍ശനത്തിനേയും സഹിഷ്‌ണുതയോടേ ഉള്‍ക്കൊള്ളാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകാറില്ല. അപ്പോള്‍ എഴുത്തുകാരന്‍ ഒരു പ്രതിയോ കുറ്റവാളിയോ ആയിത്തീരുന്നു.
പ്രതിബദ്ധത എന്നുപയോഗിക്കുന്നത് തെറ്റാണ്, പ്രതിജ്ഞാബദ്ധതയാണ് ശരി. എനിക്ക് പ്രതിജ്ഞാബദ്ധതയുള്ളത് എന്റെ സമൂഹത്തോടാണ്. ആ സമൂഹത്തെ നിങ്ങള്‍ നിര്‍വ്വചിക്കുന്ന നിര്‍വ്വചനം കൊണ്ടല്ല ഞാന്‍ കാണുന്നത്. അധാര്‍മ്മികതയ്ക്കെതിരെ ഒരു പോരാളിയെപ്പോലെ നില്‍ക്കുക എന്നതാണ് ഒരെഴുത്തുകാരന്റെ ധര്‍മ്മം. അതുതന്നെയാണ് സാഹിത്യത്തില്‍ കൊണ്ടുവരേണ്ടത്. മുദ്രാവാക്യം വിളിക്കുന്നതല്ല സാഹിത്യം. നെരൂദ ഒരു കമ്മിറ്റ്മെന്റ് ഉള്ള കവിയാണെന്ന് പറയുമ്പോള്‍ പോലും അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഈ കമ്മിറ്റ്മെന്റിനപ്പുറം ഉള്ള മഹാകാര്യങ്ങള്‍ കാണാം. അതുകൊണ്ടാണ് നെരൂദ ഒരു മഹാകവി ആകുന്നത്.
വഴിയിലുടനീളം ഉള്ള ചെക്ക് പോയന്റുകള്‍ കണ്ട് അദ്ദേഹം കൌതുകമാര്‍ന്ന് കാരണം ചോദിച്ചപ്പോള്‍, സൌദിമലയാളികളുടെ ജീവിതത്തിലെ ഒരു ഭാഗമാണിതില്ലാം, ഞങ്ങള്‍ കാരണം ചോദിക്കാറില്ല, ഫലങ്ങള്‍ അനുഭവിക്കാറേയുള്ളൂ എന്നു പറഞ്ഞത് മുഴുവന്‍ അദ്ദേഹത്തിന് ദഹിച്ചില്ലെന്ന് തോന്നുന്നു. അദ്ദേഹം തുടര്‍ന്നു.
ആത്മപീഡനത്തിലൂടെയാണ് വ്യക്തിയുടെ വിമോചനം എന്ന് ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതുന്നകാലത്ത് വിശ്വസിച്ചിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ അവന്റെ അവസാനത്തെ അസ്തിത്വയുദ്ധത്തില്‍ ഹെമിങ്ങ്‌വേയുടെ കിഴവന്‍ സാന്റിയാഗൊ പുറം കടലിലേക്ക് പോകുന്നു. അവസാനം, മത്സ്യത്തെ, മനുഷ്യന്‍ തോല്‍പ്പിച്ച് കടല്‍ക്കരയില്‍ എത്തുമ്പോള്‍ ചൂണ്ടയില്‍ കിടക്കുന്നത് മത്സ്യത്തിന്റെ വെറും അസ്ഥിപഞ്ജരം മാത്രമാണ്. മനുഷ്യന്‍ നിലനില്‍ക്കുന്ന സമൂഹത്തിനെതിരായ ശക്തികളോട് പൊരുതുക, അങ്ങനെ പലതരത്തിലുള്ള വിതാനങ്ങളിലാണ് ഇത് കാണുന്നത്. ഇതിനകത്ത് പ്രത്യയശാസ്ത്രം വരുന്നില്ല, പ്രതിജ്ഞാബദ്ധതയില്ല. ജീവിതം തന്നെ ആണ് പ്രധാനം. നിങ്ങള്‍ക്കിതിനെ ആത്മീയമായി എടുക്കാം. പക്ഷെ നിങ്ങളുദ്ദേശിക്കുന്ന ആത്മീയതയല്ല ഞാന്‍ മനസ്സിലാക്കിയതും പറയുന്നതുമായ ആത്മീയത. ലോകത്ത് എന്തുമാറ്റങ്ങള്‍ വന്നാലും സാഹിത്യം നിലനില്‍ക്കും എന്നുവിശ്വസിക്കുന്നവനാണ് ഞാന്‍.
നഗരാതിര്‍ത്തി കടന്ന് വളരെ ദൂരം പോയിരുന്നു. മരുഭൂമിയുടെ വേറൊരു മുഖമാണ് ഈ ഭാഗങ്ങളില്‍. ഒരു ചിത്രകാരന്റെ ഭാവനയോടെ കാറ്റ് വരച്ച മണല്‍ ചിത്രങ്ങള്‍ക്കപ്പുറത്ത് പല ഉയരങ്ങളിലുമായി ചുണ്ണാമ്പുകല്ലുകള്‍ അടുക്കിവച്ചപോലെ കുന്നുകളുണ്ടായിരുന്നു. ഇങ്ങനെയുള്ള കുന്നുകളുടേയും താഴ്വാരങ്ങളുടെയും ഇടയിലേക്കാണ് ഞങ്ങള്‍ പോകുന്നത്. ഇവിടെ വാഡികള്‍ അഥവാ താഴ്വരകള്‍ ധാരാളമുള്ളതിനാലും മഴയുടെ അനുഗ്രഹം ചെറുതായെങ്കിലും ഉള്ളതിനാലും പച്ചപ്പ് അല്‍പ്പം കൂടുതലാണ്. പലതട്ടുകളിലായുള്ള കുന്നുകള്‍ കണ്ടാല്‍ പൂര്‍വ്വാതീതകാലത്ത് ഇവിടമെല്ലാം സമുദ്രാന്തര്‍ഭാഗത്തുനിന്ന് പൊങ്ങിവന്ന് രൂപപരിണാമം സംഭവിച്ചതാകാം എന്ന് ആരും പറഞ്ഞുപോകും. അറേബ്യന്‍മരുഭൂമിയുടെ ചരിത്രവും അതാണ്. പിന്നീട് രൂപപരിണാമങ്ങളിലേക്കായി ചര്‍ച്ച.
രൂപപരിണാമങ്ങള്‍ ബാഹ്യമായി മാത്രമല്ല ഉണ്ടാകുന്നത്. നോവലിന്റെ ആന്തരികമായിട്ടുമുണ്ടാകുമെന്ന് ബഷീറിനെ വച്ച് നമുക്ക് വാദിക്കാം. അന്നന്നത്തെ അങ്ങാടിനിലവാരം നോക്കി പുസ്തകമെഴുതുന്നവര്‍ക്ക് ബഷീറിനെപ്പോലെ എഴുതാന്‍ പറ്റില്ല. ഹിജഡകളുടെ കാര്യം പറയാനല്ല ബഷീര്‍ ‘ശബ്ദങ്ങള്‍’ എഴുതിയത്. സമയത്തിനുമുന്‍പ് പുറത്തുവന്ന പുസ്തകം എന്ന കുഴപ്പം ശബ്ദങ്ങള്‍ക്കുണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ഹിജഡകള്‍ ലോകത്തുണ്ടാകുന്നു? വ്യക്തിയുടെ ജീവിതത്തിലിരുന്നുകൊണ്ടുതന്നെ സമൂഹത്തിന്റേയുംകാലത്തിന്റെയും മഹാവ്യസനങ്ങളിലേക്ക് കടന്നു പോകുന്നു ശബ്ദങ്ങള്‍. അതാണതിന്റെ രാഷ്ട്രീയം അല്ലാതെ അന്യവത്ക്കരിക്കപ്പെട്ട ആണ്‍വേശ്യകളുടേതല്ല. ഇമ്മാതിരിപദങ്ങള്‍ കേട്ടാല്‍ ഓക്കാനം വരുമെന്നായിട്ടുണ്ട്. ആദ്യമായി -ദ്വന്ദ്വവ്യക്തിത്വം – ഡുവല്‍ പേഴ്സണാലിറ്റി- യെ അവതരിപ്പിച്ചത് മലയാളത്തില്‍ ബഷീറായിരുന്നു. കസ്സാന്‍ സാക്കീസ് പറയുന്നതുപോലെ ഞാനെന്റെ സങ്കടങ്ങള്‍ ആരുമായി പങ്കുവെയ്‌ക്കും എന്നുതന്നെയാണ് ബഷീറും ചോദിച്ചത്. ഒരെഴുത്തുകാരന്റെ ആത്യന്തികമായ സങ്കടം തന്നെയാണിത്. വെര്‍ജീനിയാ വുള്‍ഫ് പറയുന്നു “എന്റെ ദുഃഖം ഏകവചനമല്ല”. ലോകത്തിന്റെ മുഴുവന്‍ ദുഃഖവും ചുമന്നുകൊണ്ടുനടക്കുന്ന ഒരു ചെറിയ മനസ്സാണ് തന്റേതെന്ന് വെര്‍ജീനിയാ വുള്‍ഫ് ഏറ്റുപറഞ്ഞിട്ടുണ്ട്. ‘ലോകാലോകങ്ങളുടെ സൃഷ്ടാവെ എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല’ എന്നു ബഷീര്‍ പറയുന്നത് വായിക്കുമ്പോള്‍ എനിക്കിപ്പോഴും വികാരവിമ്മിഷ്ടം അനുഭവപ്പെടാറുണ്ട്. ഇവിടെയൊക്കെ ബഷീര്‍ താന്‍ ജീവിച്ചിരുന്ന രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളെ ഒരു ആത്മീയ അനുഭവമാക്കി മാറ്റുകയാണ് ചെയ്തത്. ഇതാണ് എഴുത്തുകാരന്റെ കടമ.
ലക്ഷണമൊത്ത നോവല്‍ എന്നുപറഞ്ഞാല്‍ ആ ഒരൊറ്റ ലക്ഷണത്തോടെ നോവലിന്റെ കഥകഴിഞ്ഞു. പിന്നെ വേറൊരു നോവല്‍ ആവശ്യമില്ല. ഒന്നിന്റെ തന്നെ പല വാര്‍പ്പുകള്‍ എന്തിനാണ്? മൌലികമായ ഒരു കൃതി അതിന്റെ തന്നെ ഒരു രൂപം ഉണ്ടാക്കുകയും പഴയതിന്റെ രൂപം പൊളിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊന്നും ഒരു നിയമാവലിയില്‍ ഒതുങ്ങന്നതല്ല. അരുന്ധതിറോയിയുടെ പുസ്തകം ഒരു പൊട്ടപുസ്തകമാണെങ്കിലും ഇംഗ്ലീഷിലെഴുതിയതുകൊണ്ട് ധാരാളം വായനക്കാരെ ഉണ്ടാക്കി. മലയാളത്തിലുള്ള ചില എഴുത്തുകാരെങ്കിലും ഇംഗ്ലീഷിലെഴുതിയാല്‍ ലോകസാഹിത്യത്തിലേക്ക് കടന്നുചെല്ലുമായിരുന്നു.
മലയാളത്തില്‍ രണ്ടുപുസ്തകങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത്, സങ്കീര്‍ത്തനം പോലെയും ഖസ്സാക്കിന്റെ ഇതിഹാസവും. രണ്ടിലേയും നായകന്മാര്‍ സമൂഹത്തിന് മാതൃകകളായിരുന്നില്ല. പക്ഷെ രണ്ടുപേരെക്കുറിച്ചെഴുതിയകാര്യങ്ങളും ധാരാളം പേര്‍ വായിച്ചു. ഇങ്ങനെ മാതൃകകളല്ലാത്തവരെക്കുറിച്ചെഴുതാനുള്ള അങ്ങയുടെ ചേതോവികാരം എന്താണ്?
മാതൃകകളെ ഉണ്ടാക്കുകയല്ല എഴുത്തുകാരന്റെ ധര്‍മ്മം. അരാജകമായി ജീവിതം നയിക്കുന്നത് ശ്രേഷ്ഠമാണെന്നുപറയാനുമല്ല ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതിയത്. ഞാന്‍ പറയാനുദ്ദേശിച്ചത് പീഡാനുഭവങ്ങളിലൂടെ സഹനങ്ങളിലൂടെ മനുഷ്യന്‍ വിശുദ്ധിയെ പ്രാപിക്കുന്നു എന്നാണ്.
താങ്കള്‍ പറയനുദ്ദേശിച്ചതല്ല വായനക്കാര്‍ വായിച്ചതെങ്കില്‍ വായനക്കാരും കൃതിയും തമ്മില്‍ വല്ല അഭിപ്രായവ്യത്യാസവും ഉണ്ടായതായി തോന്നിയിട്ടുണ്ടോ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരോരുത്തരുടെ വായന എന്നേതോന്നിയിട്ടുള്ളൂ. എന്നിരുന്നാലും മലയാളത്തില്‍ എഴുത്തുകൊണ്ട് ജീവിക്കുന്ന ആളാണ് ഞാന്‍.ബെസ്റ്റ് സെല്ലര്‍ ആണെന്നു പറയാം. പുസ്തകം കൂടുതല്‍ ചെലവാകുന്നത് അതിന്റെ മഹത്വം കൊണ്ടാണെന്നൊന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല. എങ്കിലും വായിക്കുന്നവരുടെ സ്നേഹം ഞാന്‍ തിരിച്ചറിയുന്നുണ്ട്. എന്റെ കൃതികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്തിന് ഒരു കൊടുങ്കാറ്റിനെ തന്നെ ഒറ്റക്ക് നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ കൂടെ എപ്പോഴും എന്റെ നിഴല്‍ മാത്രമേ ഉണ്ടായിട്ടുളൂ. അല്ലെങ്കില്‍ കൊടുങ്കാറ്റില്‍ പറന്നുപൊയ്ക്കോട്ടെ എന്നുവിചാരിക്കും അത്രതന്നെ.
യഥാര്‍ത്ഥവായന ക്രിയേറ്റീവ് ആണ്. വാര്‍പ്പുകള്‍ ഉടയ്ക്കുക എന്നത് എഴുത്തുകാരന്റെ മൌലികമായ കടമയാണ്.
“ഡിസംബര്‍” എന്ന കഥാസമാഹാരമാണ് അടുത്തതായി വരുന്നത് ഒരു പക്ഷെ ഏറ്റവും കത്തിക്കപ്പെടാന്‍ പോകുന്നത് ഈ പുസ്തകമായിരിക്കും. നമ്മള്‍ ചുമക്കുന്ന ഭാണ്ഡത്തിനകത്ത് നമ്മുടെ പാപങ്ങളും പുണ്യങ്ങളും മാത്രമേ ഉള്ളൂ, എന്ന് അതിലെ ഒരു കഥയില്‍ മണ്ണാങ്കട്ട കരിയിലയോട് ചോദിക്കുന്നു. ‘നാരായണം’ വെള്ളാപ്പള്ളി നടേശന്‍ രണ്ടായിരം കോപ്പികള്‍ വാങ്ങി. ചിലര്‍ നാരായണം കത്തിച്ചു. എനിക്കതിനുവിരോധമൊന്നുമില്ല. കത്തിച്ച കോപ്പികളുടെ കണക്കുണ്ടായിരുന്നാല്‍ മതി, അവയെല്ലാം പൈസകൊടുത്ത് വാങ്ങിയവ ആയാല്‍ മതി. വെള്ളാപ്പള്ളി എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്. അദ്ദേഹം നാരായണം അറിഞ്ഞുതന്നെ വാങ്ങിയതാണ്. അതുകാരണം ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ബന്ധത്തിന് ഒരു പ്രശ്നവുമില്ല. ഒരു ലക്ഷം രൂപവരെ ചിലര്‍ പുതിയ ഒരു പുസ്തകത്തിനായി വാഗ്ദാനം ചെയ്തു. ഇതെനിക്ക് കിട്ടിയ അംഗീകാരമാണ്.
ബഷീറിനുശേഷം മലയാളത്തില്‍ എഴുത്തുകൊണ്ട് ജീവിക്കാം എന്നു തീരുമാനിച്ച ഒരേ ഒരു സാഹിത്യകാരന്‍ താങ്കളായിരിക്കും. എന്തായിരുന്നു അത്തരത്തിലൊരു തീരുമാനത്തില്‍ താങ്കളെ എത്തിച്ച ഘടകം? മലയാളത്തില്‍ എഴുത്തുകാരനായിരിക്കുക എന്നത് പ്രത്യേകിച്ച് സാമ്പത്തിക നേട്ടം ഉണ്ടാവാത്ത കാര്യമാണല്ലൊ.. എഴുതിത്തന്നെ ജീവിക്കാന്‍ തുടങ്ങിയത് എന്നുമുതലാണ്?
“അഭയം” മുതലാണ്. അതിനുമുന്‍പ് കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു. ഒടുവിലത്തെ ജോലി മലയാളനാടിലായിരുന്നു. ഏഴുമാസം അവിടെ ജോലിചെയ്തു. എസ്.കെ നായരോട് കലഹിച്ച് ഇറങ്ങിപ്പോരുമ്പോള്‍ തീരുമാനിച്ചു “ആരുടേയും ശമ്പളമില്ലെങ്കിലും ഞാന്‍ ജീവിക്കും”. അന്നുമുതല്‍ എഴുതിത്തന്നെ ജീവിക്കുന്നു. നല്ലവരായ മലയാളിവായനക്കാര്‍ എന്റെ അന്നം മുടക്കിയിട്ടില്ല.
എഴുത്തുകൊണ്ടുമാത്രം ജീവിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ് മലയാളത്തില്‍. പിന്നെ എന്റെ ജീവിതം വായനയും എഴുത്തുമാണെന്ന് വളരെക്കാലം മുന്‍പ് തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു. അതിനകത്തെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഉത്ക്കണ്ഠയോ വേവലാതിയോ ഉണ്ടായിരുന്നില്ല. ഇതല്ലാതെ ഒരു ബീഡിതിരിപ്പുകൂടി എനിക്കറിയില്ല. എഴുത്തെന്റെ ജോലിയല്ല, ധ്യാനമാണ്, ഉപാസനയാണ്, ജീവിതമാണ്. ഒരെഴുത്തുകാരനായി ജീവിക്കുക എന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ സഹൃദയരായ മലയാളികളുടെ സ്നേഹവും വാത്സല്യവുംകൊണ്ട് എളിയതോതില്‍ ഒരു എഴുത്തുകാരന്റെ ജീവിതം ജീവിച്ചുപോകാനുള്ള സാഹചര്യങ്ങളൊക്കെ ഒത്തുകിട്ടി.
നോവലെഴുത്ത് ശാരീരികമായ അദ്ധ്വാനം കൂടിയ പണിയാണ്.. ഒപ്പം മാനസിക അദ്ധ്വാനവും. എന്നാല്‍ സാമ്പത്തിക ലാഭം തീരെ ഇല്ലാത്ത പണിയും. ചെറുകഥയെ അപേക്ഷിച്ച് എന്തായിരുന്നു തന്റെ മീഡിയം നോവല്‍ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള കാരണം?
ബാല്യകാലസഖിയ്‌ക്കുവേണ്ടി എം.പി.പോള്‍സാര്‍ എഴുതിയ പ്രസിദ്ധമായ അവതാരിക “ഇത് ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണ്, ഇതില്‍ ജീവിതത്തിന്റെ രക്തം പുരണ്ടിരിക്കുന്നു” ഇതെന്നെ പ്രചോദിപ്പിച്ച വരികളാണ് നോവലെഴുത്ത് ശാരീരികവും മാനസികവുമായി അദ്ധ്വാനം കൂടിയ പണിതന്നെയാണ്. പക്ഷെ അങ്ങനെ അല്ലാതെ ഒരു ജീവിതം സങ്കല്‍പ്പിക്കന്‍ എനിക്ക് സാദ്ധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ നോവല്‍ കഥ എന്നിവിടങ്ങളില്‍ എന്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തി. ഒരു കഥാകൃത്തെന്ന നിലയില്‍ വലിയ അവകാശവാദങ്ങളൊന്നും ഇല്ല. എന്നാല്‍ നോവലിന്റെ കാര്യത്തില്‍ ഉണ്ടോ എന്ന് ചോദിക്കരുത്. കഴിവിനനുസരിച്ച് അതിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മോശമെന്നുതോന്നിയാല്‍ നിറുത്തും. മനുഷ്യന്റെ സങ്കടങ്ങളോട് എനിക്ക് എന്തോ പറയാനുണ്ട്. എഴുത്ത് എന്താണെന്നു ചോദിച്ചാല്‍ മറ്റുള്ളവരുടെ സ്വപ്നങ്ങളും സങ്കടങ്ങളും നിരാശകളും പങ്കുവെയ്‌ക്കുക എന്നതാണ്. അങ്ങനെയാണ് ഞാന്‍ വായനക്കാരുമായി സംവേദിക്കുന്നത്. ഒരെഴുത്തുകാരന്റെ ദൌത്യം കഥപറയലാണോ? അല്ല അതിനുമപ്പുറം ഒരു വിതാനം വേണം. കഥയ്‌ക്കുമപ്പുറത്തെ ജീവിതം എഴുത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.
എന്നെ എഴുതാന്‍ പ്രാപ്തനാക്കിയത് എന്റെ ഭാഷതന്നെയാണ്. ഞാന്‍ വായനതുടങ്ങിയകാലത്ത് ധാരാളം റഷ്യന്‍ പുസ്തകങ്ങള്‍ തര്‍ജ്ജമചെയ്ത് മലയാളത്തില്‍ കിട്ടുമായിരുന്നു. അവയെല്ലാം ഗ്രാമീണവായനശാലകളിലൂടെ എന്നെപ്പോലുള്ളവര്‍ക്ക് ലഭ്യവുമായിരുന്നു. ബഷീറിനേയും തകഴിയെയും വി.ടി.ഭട്ടതിരിപ്പാടിനേയുമൊക്കെപ്പോലെത്തന്നെ ടോള്‍സ്റ്റോയിയേയും ഡോസ്റ്റൊയോവ്സ്കിയെയും പുഷ്കിനെയും ടര്‍ജനീവിനേയും വായിച്ചാണ് ഞാന്‍ വളര്‍ന്നത്. അത് മലയാളഭാഷയുടെ വലിയ ഭാഗ്യമാണ്. ഗ്രാമീണവായനശാലകള്‍ നമ്മുടെ ഭാഷയുടെ ഗുണമാണ്.
നോവല്‍ ഒരു സാമൂഹ്യരേഖയാണ്.പുതുതായി ഒന്നുമെഴുതാനില്ലെങ്കില്‍ നമ്മുടെ ഹൃദയമുദ്ര എഴുത്തില്‍ ഇടുക. ലോകത്തെ കൃസ്തുവിന്റെ രക്തം കൊണ്ട് വെഞ്ചരിക്കുക എന്നുപറയുന്നപോലെ നമ്മുടെ രക്തം കൊണ്ട് എഴുത്തിനെ വെഞ്ചരിക്കുക.സങ്കീര്‍ത്തനം പോലെ എഴുതുന്ന സമയത്ത് ഞാന്‍ ഹൃദയത്തിന് പുറത്തായിരുന്നു. ഭ്രാന്തായിരുന്നു. ഇതുപറഞ്ഞാല്‍ പൊങ്ങച്ചമാകും. അതിനാല്‍ പറയട്ടെ, ഞാന്‍ എന്റെ ഹൃദയം കൊണ്ട് കഴിയുന്നതിന്റെ പരമാവധി ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്.
ലൈലയെക്കാത്ത് മജ്നുവായ (ഭ്രാന്തനായ) അബ്ദുല്‍ഖാദര്‍ ഇരുന്നിരുന്നു എന്നുപറയപ്പെടുന്ന ഗുഹകളുള്ള കുന്നിന്‍ചെരുവുകളിലേക്ക് ഞങ്ങള്‍ എത്താറായിരുന്നു. വഴിചോദിക്കുന്നതിനായി പരിസരവാസികളോട് സംസാരിച്ചു. വഴിമനസ്സിലാക്കിയശേഷം ചോദ്യങ്ങള്‍ പലവഴിക്കുതിരിഞ്ഞു. യമനികളായിരുന്നു ഞങ്ങള്‍ കണ്ടവരില്‍ അധികവും. അബ്ദുല്‍ഖാദറും ഒരു യമനിയായിരുന്നത്രെ. രമണനെപ്പോലെ ആടുമേക്കലായിരുന്നു അബ്ദുള്‍ഖാദറിന്റേയും ജോലി. അത്ഭുതപ്പെടുത്തിയത് ഇവിടെ ചിലരെല്ലാം കുന്നിന്‍ ചെരുവകളിലുള്ള ഗുഹാമുഖങ്ങളില്‍ തന്നെയാണ് ഊണുമുറക്കവും എന്നതായിരുന്നു! ഭക്ഷണം പാകം ചെയ്യുന്നതുപോലും സൂര്യതാപത്തില്‍! നമ്മുടേതുപോലെ വിഭവസമൃദ്ധമായ ഒരു ഭക്ഷണശീലമൊന്നും ഇവര്‍ക്കുള്ളതായി കണ്ടില്ല. താമസവും ഭക്ഷണവുമെല്ലാം പരിതസ്ഥിതികള്‍ക്കനുസരിച്ചാണല്ലൊ. പരിസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് ജീവിതസമ്പ്രദായത്തിലും മാറ്റം വരും.
ആധുനികതയുടെ കാലത്തിനുമുന്‍പ് എഴുതി തുടങ്ങിയ ആളാണ് താങ്കള്‍, ആധുനികതയുടെ കാലത്തും എഴുതി. ഇപ്പോഴിതാ ഉത്തരാധുനികതയുടെ കാലത്തും എഴുത്തു തുടരുന്നു.. ഇതിനിടയ്ക്ക് എഴുത്തിന്റെ പ്രശ്നങ്ങളും, വായനക്കാരുടെ സംവേദനം പലപ്രാവശ്യം മാറിക്കാണുമല്ലൊ. താങ്കള്‍ ശ്രദ്ധിച്ചിട്ടുള്ള മാറ്റങ്ങള്‍…?
എഴുത്തേ എനിക്കറിയാവൂ.. മാറിമാറി വന്ന സംവേദനശീലങ്ങളില്‍ ഒഴുകിപ്പോകാതെ അതില്‍ ഭ്രമിക്കാതെ എന്റെ മനസ്സിന്റെ മുഴക്കങ്ങള്‍ കേള്‍പ്പിക്കുകയാണ് ഞാന്‍ ചെയ്തത്. അതിന് ആധുനികതയുടെയൊ അത്യന്താധുനികതയുടെയൊ ഉത്തരാധുനികതയുടെയൊ ഒരു ഭാഷയും എനിക്കാവശ്യമുണ്ടായിരുന്നില്ല. ഇന്നത്തെ മാറിമാറി വന്നു പോകുന്ന ഫാഷനുകളാണ് ഇവയെല്ലാം എന്ന് ഏതാണ്ടിപ്പോള്‍ എനിക്കുറപ്പായിട്ടുണ്ട്. പക്ഷെ ആധുനികതയെയൊന്നും നിഷേധിക്കുന്നില്ല ഞാന്‍. അവര്‍ എഴുത്തിന്റെ മേഖലയില്‍ അവതരിപ്പിച്ച ഒരു ആഖ്യാനസൌന്ദര്യത്തെ ഭാവുകത്വത്തെ ഇഷ്ടപ്പെടുന്നു. ഞാന്‍ സ്വീകരിക്കാതിരുന്നത് ആ സാഹിത്യസിദ്ധാന്തം മുന്നോട്ട് വച്ച ജീവിതദര്‍ശനത്തെയാണ്. അവര്‍ക്ക് ജീവിതദര്‍ശനം എന്നുപറയുന്നത് ജീവിത നിഷേധമായിരുന്നു. മരണോപാസനയായിരുന്നു. ജീവിതം നിരര്‍ഥകമാണെന്ന ഒരു സിദ്ധാന്തം അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ എങ്കില്‍ സ്വന്തം ജീവിതം കൊണ്ടതിനെന്തെങ്കിലും അര്‍ഥം കണ്ടെത്തുക എന്നാണെനിക്കു പറയാനുള്ളത്. അല്ലെങ്കിലെന്തുകൊണ്ടവര്‍ ആത്മഹത്യചെയ്യുന്നില്ല? ജീവിതം എല്ലാ സൌകര്യങ്ങളോടും കൂടി ആസ്വദിച്ച് ജീവിക്കുന്ന ആളുകളെയാണ് ഞാന്‍ കണ്ടത്. അവര്‍ കാപട്യം കാണിച്ചു എന്ന് പറയുന്നില്ലെങ്കിലും എഴുത്തും ജീവിതവും തമ്മില്‍ വലിയൊരു വിടവുണ്ടായിരുന്നു.
ഇന്നത്തെ പല എഴുത്തുകാര്‍ക്കും മാധ്യമങ്ങളുടേതായ ഒരു സൌകര്യമുണ്ട്. ഇതില്ലാത്ത എഴുത്തുകാര്‍ ആ അസൌകര്യത്തെ നേരിടാന്‍ ബാധ്യസ്ഥരുമാണ്.
ആധുനികതയ്ക്കുണ്ടായിരുന്ന ഒരു സ്വഭാവം അനുഭവത്തിന്റെ സാമാന്യവത്ക്കരണമാണ്. യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ അനുഭവങ്ങള്‍ നമ്മുടേതാക്കി മാറ്റുക എന്നതായിരുന്നു നമ്മുടെ എഴുത്തുകാര്‍ ചെയ്ത ഒരു കാര്യം. ഇതിനു പരക്കെ സ്വീകാര്യത ഉണ്ടായി. ഈ ഒരംശം തന്നെയല്ലെ ‘ഒരു സങ്കീര്‍ത്തനം പോലെ’യുടേയും വിജയ രഹസ്യം? കേരളീയതയില്‍ പ്രാദേശികതയിലൂന്നി എപ്പോഴും കഥപറഞ്ഞുതന്നിട്ടുള്ള താങ്കള്‍ ഡോസ്റ്റോയോവ്സ്കിയെ നായകനായി തെരഞ്ഞെടുക്കുമ്പോള്‍ അറിയാതെ ആധുനികതയുടെ അന്തരീക്ഷം സ്വാധീനിക്കുകയായിരുന്നോ?
അനുഭവത്തിന്റെ ഒരു സാമാന്യവത്ക്കരണം ഉണ്ടായിരുന്നു. സമാനമായ ജീവിത അനുഭവങ്ങളെ ഉള്‍ക്കൊള്ളുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അതിനകത്തൊരു സമാനത ഉണ്ടാക്കുകയെന്നത് എഴുത്തുകാരന്റെ നിയോഗമാണ്. ആധുനികരായ എഴുത്തുകാര്‍ വൈദേശികമായ ദര്‍ശനത്തെ സ്വീകരിക്കുകയും ജീവിതത്തില്‍ അതില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. പക്ഷെ ഒരു സങ്കീര്‍ത്തനം പോലെക്ക് അത്തരമൊരു നിലപാടുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അത് നേരിട്ട് ജീവിതത്തിന്റെ സങ്കടങ്ങള്‍ എഴുത്തിലെ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുക എന്നതായിരുന്നു. അതിന് ഏറ്റവും ലളിതവുമായ ഒരു ശൈലിയാണ് ഞാന്‍ സ്വീകരിച്ചത്. എന്നു പറഞ്ഞാല്‍ ഭാരതീയ പാരമ്പര്യമുള്ള ഒരു കഥപറയല്‍ രീതി സ്വീകരിച്ചു. എന്റെ അനുഭവങ്ങള്‍, മറ്റുള്ളവരുമായി ഈ കഥപറയുന്ന രീതിയില്‍ പങ്കുവച്ചു. ഡോസ്റ്റോയോവ്സ്കിയും അദ്ദേഹത്തിന്റെ ജീവിതവുമായിരുന്നു കഥാവസ്തു.
ആധുനികതയും ഉത്തരാധുനികതയൊക്കെ പഠിക്കാന്‍ ശ്രമിച്ചു. എന്റെ അഭിരുചികള്‍ക്കിണങ്ങിപോകാത്ത ചിന്തകള്‍ പോലും പഠിക്കുക എന്നത് എന്റെ ഒരു ശീലമാണ്. അപ്പോള്‍ കൂടുതല്‍ സന്ദേഹങ്ങള്‍ വന്നു. ഇവയൊന്നും സാഹിത്യത്തെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പമേ അല്ല. മാറിവന്ന ജീവിതസാഹചര്യങ്ങളില്‍ മനുഷ്യന്‍ നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ചുള്ള, അവന്റെ അവസ്ഥകളെക്കുറിച്ചുള്ള ആലോചനയായിരുന്നു. ഇത് സാഹിത്യത്തില്‍ സംഭവിച്ചതല്ല. ഇവിടെ നമ്മുടെ ആളുകള്‍, ഇപ്പോള്‍ കപ്പലിറങ്ങിവരുന്ന എന്തിനെയും സ്വീകരിക്കുക എന്ന സ്വഭാവം കൊണ്ട് നമ്മുടെ സാഹിത്യത്തില്‍ ഇത് വന്നതാണ്.പണ്ട് ഒരു കഥയില്‍ നമ്പൂരിശ്ശന്‍ ആധാരക്കെട്ടുകള്‍ മാലയാക്കി കഴുത്തിലിട്ട് കേമത്തം കാണിച്ചപോലെയാണിത്. സ്വാഭവികമായി നമ്മുടെ ജീവിതത്തില്‍ ഉരുത്തിരിഞ്ഞുവന്ന സംഗതിയല്ല ഇത്.
അഭയത്തില്‍ രാജലക്ഷ്മി, സങ്കീര്‍ത്തനംപോലെയില്‍ ഡൊസ്റ്റോയോവ്സ്കി, നാരായണത്തില്‍ ശ്രീനാരായണഗുരു, കുമാരനാശാനെപ്പറ്റിയും ഒരു നോവല്‍ മനസ്സിലുണ്ടെന്ന് കേള്‍ക്കുന്നു.. എങ്ങനെ യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വങ്ങളെ കഥാപാത്രങ്ങളാക്കുമ്പോള്‍ നോവലിസ്റ്റ് എന്ന നിലക്ക് ഒരുപാട് സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരില്ലേ
നോവലിലെന്തായാലുംകല്‍പ്പിതാംശമുണ്ട്..യഥാര്‍ത്ഥസംഭവങ്ങളുടെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കും? ഗുരുവിനെപ്പറ്റി വീണ്ടുമൊരു നോവല്‍ എഴുതാനുള്ള പ്രേരണ എന്തായിരുന്നു?
എഴുത്ത് മറ്റുള്ള പണിപോലെയുള്ള ഒരു പണിയല്ല എങ്കില്‍, കേവലമായി നിങ്ങള്‍ പറയുന്നപോലെ ദൈവത്തിന്റെ കയ്യൊപ്പുമല്ല. ഭാവനയുടെ അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കുമെന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. എങ്കിലും ഒന്ന് പറയട്ടെ. ഡോസ്റ്റോവ്സ്കിയോ നാരായണഗുരുവോ ചരിത്രപുരുഷന്മാരായിട്ടല്ല എന്റെ രചനകളില്‍ ഞാന്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഞാന്‍ അവരെ വായിച്ചരീതിയില്‍ എന്റേതായ രീതിയില്‍, കഥാപാത്രങ്ങളായി അവരെ ആവിഷ്ക്കരിക്കുകയായിരുന്നു. കെ.സുരേന്ദ്രന്‍ എഴുതിയ ഗുരുവിനെപറ്റിയുള്ള നോവലില്‍നിന്നും വ്യത്യ്സതമായ ഒരു പാഠം ആണ് ഞാന്‍ ഗുരുവിനെപ്പറ്റി വായിച്ചപ്പോള്‍ കിട്ടിയത്. അതുകൊണ്ടാണ് ഞാന്‍ എന്റെ രീതിയില്‍ എഴുതിയത്.
അഭയത്തിലെ സേതുലക്ഷ്മി, യഥാര്‍ഥത്തില്‍ രാജലക്ഷിമായണോ?
സത്യത്തില്‍ അല്ല. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിനുമുന്‍പേ എഴുതിയ പുസ്തകമാണ് അഭയം. 1969 ലാണ് അഭയമെഴുതി പ്രസിദ്ധീകരിച്ചത്. 1971 ലാണ് രാജലക്ഷ്മി ആത്മഹത്യ ചെയ്തത്. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. അല്ലാതെ, അവരെക്കുറിച്ച് യാതൊരു വിവരവും എനിക്കറിയാമായിരുന്നില്ല. എന്നാല്‍ അഭയം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു അത് രാജലക്ഷ്മിയുടെ കഥയാണെന്ന്. എല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതങ്ങ് സമ്മതിച്ചുകൊടുത്തു. പിന്നെ ഞാന്‍ നിഷേധിക്കാന്‍ നിന്നില്ല.
“അരൂപിയുടെ മൂന്നാം പ്രാവ്” അല്ലേ മികച്ച രചന?
അങ്ങനെയാണ് എനിക്കും തോന്നിയത്. പലരും അത് പറയുകയും ചെയ്തു. പക്ഷെ “ഒരു സങ്കീര്‍ത്തനം പോലെ” വലിയ വിജയമായതോടെ അരൂപിയുടെ മൂന്നാം പ്രാവ് അവഗണിക്കപ്പെട്ടു.
അരൂപിയുടെ മൂന്നാം പ്രാവ്, ആഖ്യാനശൈലിയിലും പ്രമേയസ്വീകരണത്തിലുമൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സങ്കീര്‍ത്തനം പോലെ അത്ര ഉയര്‍ന്നു നിന്നതുകൊണ്ടാവണം അതിനുശേഷം വന്ന നോവലുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നു തോന്നുന്നു.
സ്വന്തം കൃതിയുടെ നിഴല്‍ മറ്റു കൃതികളിലേക്ക് വീഴുന്നത് സന്തോഷമുള്ള കാര്യമാണോ? പ്രത്യേകിച്ചും വായനക്കാര്‍ ചര്‍ച്ചചെയ്യണം എന്നു നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം അവര്‍ ശ്രദ്ധിച്ചിട്ടേയില്ല എന്നു വരുമ്പോള്‍?
അരൂപിയുടെ മൂന്നാംപ്രാവ് അങ്ങനെ ആവണമെന്നു വിചാരിച്ചിട്ടുതന്നെ എഴുതിയതാണ്. എഴുത്തിനൊരു ധ്യാനമുണ്ട്. ഒരു സങ്കീര്‍ത്തനം പോലെ പ്രശസ്തമായതുകൊണ്ട് മറ്റുനോവലുകള്‍ക്ക് മങ്ങലേറ്റു എന്നു പറയുന്നില്ല. എങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നിരുന്നാലും പത്ത് എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. നാരായണം പോലും എട്ടെഡിഷനുകള്‍ ആയി. രണ്ടു തര്‍ജ്ജമകള്‍ വന്നു കഴിഞ്ഞു. ഗുജറാത്തിയിലും ഇംഗ്ലീഷിലും. സങ്കീര്‍ത്തനം പോലെ ഗുജറാത്തിയില്‍ വന്‍ വിജയം ആയതുകൊണ്ടാണ് മറ്റുള്ളവയും ഗുജറാത്തിയിലേക്ക് പരിഭാഷചെയ്യപ്പെട്ടത്. കഴിയുന്നതും നല്ലതായി രക്തം വിയര്‍ത്ത് എഴുതുക. പ്രസിദ്ധിയും മറ്റും എഴുത്തിന്റെ വിധിയാണ്. എന്റെ ജീവിതംകൊണ്ട് ചെയ്യാവുന്ന ഏറ്റവും നല്ല സല്‍ക്കര്‍മ്മം എഴുത്താണ്.
ഒരു സ്വന്തം കൃതിയുടെ നിഴല്‍ മറ്റുള്ളവയിലേക്ക് വീഴുന്നതില്‍ സങ്കടപ്പെടാനൊന്നുമില്ല. പിന്നെ ഒരു കൃതി അതെഴുതപ്പെടുന്ന കാലത്തുതന്നെ വായിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ചിലപ്പോള്‍ ഈ കൃതിയുടെ കാലം വരുന്നത് പിന്നീടായിരിക്കും. ഇത് അടിസ്ഥനപരമായ കാര്യമാണ്. ഉദാഹരണമായി ബഷീറിന്റെ ശബ്ദങ്ങള്‍ തന്നെ എടുക്കാം.
എഴുത്തിന്റെ രീതിയെന്താണ്? കഥ തെരഞ്ഞെടുക്കല്‍ കഥാപാത്രങ്ങളെ സ്വരൂപിക്കല്‍, ആഖ്യാനരീതി നിശ്ചയിക്കല്‍.. ഇതെല്ലാം കഴിഞ്ഞ് അത് പകര്‍ത്തല്‍..ഇതിനൊക്കെയുള്ള താങ്കളുടെ വഴി എന്താണ്?
ആശയം ആണ് ആദ്യം വരുന്നത്. പിന്നീട് കഥാപാത്രങ്ങളും അന്തരീക്ഷവുമൊക്കെ മനസ്സില്‍ വരുന്നു. ബാക്കിയെല്ലാം സ്വാഭവികവളര്‍ച്ചയാണ്.
ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനുകരിക്കരുത്. അത് ആത്മഹത്യാപരമായിരിക്കും.ഒരേ ഭാഷയില്‍ വീണ്ടുമൊരു നോവല്‍ എഴുതരുത് എന്നെനിക്കുനിര്‍ബന്ധമുണ്ട്. പ്രമേയത്തിന് അനുയോജ്യമായ ആഖ്യാനശൈലി വേണം. ഭാഷ വേണം.ഇതൊക്കെ സ്വാഭാവികമായി വരുന്നതാണ്. അതിനിടയ്ക്ക് എഴുത്തുകാരന്‍ സ്വകാര്യമായ ആഹ്ലാദങ്ങള്‍ അവിചാരിതമായി അനുഭവിക്കാറുണ്ട്. അതാണ് ഷേക്സ്പിയര്‍ പറഞ്ഞത് ഹാംലെറ്റ് എന്റെ കൈവിട്ടുപോയെന്ന്.
നാലഞ്ചുകൊല്ലമായി രണ്ടുനോവലുകള്‍ എഴുതിതീര്‍ത്തുവച്ചിരിക്കുന്നു. എന്തോ കുറവുണ്ടെന്ന തോന്നലിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ല. ഒന്നില്‍ -അവനിവാഴ്‌വ് കിനാവുകഷ്ടം- കുമാരനാശാനും മറ്റേതില്‍ -തിരികല്ല് തേടി ഒരു ധാന്യമണി-സി.ജെ തോമസ് ആണ് നായകന്‍. അവസാനം പറഞ്ഞത് ആറേഴുകൊല്ലമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ മൂന്നുരൂപങ്ങള്‍ കയ്യിലുണ്ട്. നാലാമതൊരു രൂപം കൂടി എഴുതുകയാണ്. ഇവമൂന്നും ഒന്നിച്ച് പ്രസിദ്ധീകരിക്കാന്‍ ആശ്രാമം ഭാസിപറഞ്ഞു. എങ്കിലും ഏതാണ് നല്ലതെന്നുതോന്നിയാല്‍ അതുമാത്രമേ പ്രസിദ്ധീകരിക്കൂ. നാലോ അഞ്ചോ വര്‍ഷം കാത്തുവച്ചാല്‍ പഴയതായിപോവുകയാണെങ്കില്‍ എന്തിന് എഴുതണം? സി.ജെ തോമസ്, വി.ടി ഭട്ടതിരിപ്പാട്, ബഷീര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടമുണ്ട് നമുക്ക് ‘ഗോള്‍ഡന്‍ ഏജ്‘ എന്നുവേണമെങ്കില്‍ പറയാം. ഈ കാലഘട്ടത്തിന്റെ ചരിത്രമാണ് നോവലില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നത്. ഇവരെല്ലാം കഥാപാത്രങ്ങളാണ്. ബഷീര്‍ തന്റെ സ്വന്തം പേരുതന്നെ ഉപയോഗിക്കാന്‍ അനുമതി തന്നിട്ടുണ്ട്. എങ്കിലും കബീര്‍ എന്ന പേരാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. സി.ജെയുടെ പേര് എല്‍ദോ എന്നാണ്. എം.ഗോവിന്ദന്‍ ഗോവിന്ദനെന്നപേരില്‍തന്നെയാണ്.എം.പി.പോള്‍ രാമനാഥന്‍ എന്നപേരിലാണ്. പുരോഗമനാശയങ്ങളുടെ പ്രതീകമായി അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നു.പി.കെ.ബാലകൃഷ്ണനെ ബാലകൃഷ്ണന്‍ എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്. നവോത്ഥാനമൂല്യങ്ങളില്‍നിന്നും ഇപ്പോളുള്ള കുന്നിറക്കം ഈ നോവലില്‍ പ്രതിഫലിക്കുന്നില്ല. എന്റെ ഒരു രീതിവച്ച് കുറച്ചുകാലം സൂക്ഷിച്ചുവച്ച്, പിന്നീട് ഒരുശത്രു എഴുതിയ നോവല്‍ എന്നപോലെ വായിച്ചാലറിയാം നോവലിന്റെ ഹൃദയം മിടിക്കുന്നുണ്ടോ എന്നത്. മിടിക്കുന്നില്ലെങ്കില്‍ വീണ്ടും പരിഷ്കരിക്കും. എം.ഗോവിന്ദന്‍ പറഞ്ഞപോലെ സ്വല്‍പ്പം ചിന്തിച്ചാലെന്ത്? ഇപ്പോള്‍ കുറവുകളെല്ലാം കണ്ടുപിടിച്ചു.
മലകയറുന്നതില്‍ അദ്ദേഹത്തിന് യാതൊരു വിഷമവുമുണ്ടായില്ല. മലഞ്ചെരുവിലെ ഗുഹകളില്‍ ഒരുമണിക്കൂറോളം ഇരുന്ന് വിശ്രമിച്ചായിരുന്നു ഞങ്ങള്‍ മടങ്ങിയത്. അത്ഭുതകരമായ തണുപ്പായിരുന്നു ഈ ഗുഹകള്‍ക്കുള്ളില്‍ എന്നതായിരുന്നു ആശ്ചര്യം. അവിടുത്തെ കല്ലുകളുടെ പ്രത്യേകതയായിരിക്കാം അത്.
വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണുന്നത്? നമുക്ക് നല്ല വിമര്‍ശകന്മാരുണ്ടോ? കൃതിയ്‌ക്കും വായനക്കാര്‍ക്കുമിടക്ക് പുരോഹിതരുടെ ആവശ്യമുണ്ടോ? അതോ വിമര്‍ശകന്റെ ധര്‍മ്മം കൃതിക്ക് വെളിയിലാണോ?
പുരോഹിതന്മാര്‍ക്ക് ഞാന്‍ പണ്ടുമുതലേ എതിരാണ്. വിമര്‍ശനം സാഹിത്യകലതന്നെയാണ്. സര്‍ഗ്ഗാത്മകമായ ഒരു പ്രവൃത്തിയുമാണ്. നമ്മുടെ നിരൂപകന്മാരങ്ങനെത്തന്നെയാണോ എന്നുചോദിച്ചാല്‍ കൂടുതല്‍ പേരും അങ്ങനെയല്ല. മാരാരെപ്പോലെ മുണ്ടശ്ശേരിയെപ്പോലെയുള്ളവര്‍ ഇപ്പോളില്ല. കെ.പി.അപ്പനെ അങ്ങനെ കാണുന്നില്ല. എനിക്കദ്ദേഹത്തിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ട്. എഴുത്തുകാരന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ അവന്‍ തന്നെയാണ് എന്നാണെനിക്കുതോന്നിയിട്ടുള്ളത്. എന്റെ നിര്‍ഭയനായ വിമര്‍ശകന്‍ ഞാന്‍ തന്നെയാണ്. കൃതിയുടെ ഗുണദോഷങ്ങള്‍ പറയുന്നതാണ് വിമര്‍ശകന്‍ എന്നുപറയിന്നിടത്ത് അഭിപ്രായവ്യത്യാസമുണ്ട്. വിമര്‍ശകന്റെ സ്വഭാവം കൃതിയുടെ ഹൃദയം കണ്ടെത്തുക, അതിന്റെ അപൂര്‍വ്വത കണ്ടെത്തുക എന്നുള്ളതാണ്. അങ്ങനെയൊക്കെയാണോ നമ്മുടെ നിരൂപകന്മാര്‍ ചെയുന്നത് എന്നുചോദിച്ചാല്‍ അറിയാന്‍മേല. വായനക്കാരുടേയും എഴുത്തുകാരുടെയും ഇടയില്‍ പുരോഹിതന്‍മാരെ ഞാന്‍ അംഗീകരിക്കുന്നില്ല. വിമര്‍ശകരാകാം. ഇവിടെയുള്ളത് ഒരോരോ എഴുത്തുകാരുടെയും പിന്നില്‍ ഒരോ ഗ്രൂപ്പായി വിമര്‍ശകന്മാര്‍ കൂടുകയാണ്. പിന്നെ ആ കൃതിയേയും ആ എഴുത്തുകാരനേയും കുറിച്ചുള്ള ഒരു സ്കൂള്‍ നടത്തുകയാണ് അവര്‍ ചെയ്യുന്നത്. ചിലര്‍ക്ക് ഇതില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. എനിക്കതിന്റെ ആവശ്യമില്ല. സ്വന്തം കാലില്‍ തന്നെ നിന്നു നോക്കട്ടെ.
അറുപതുമുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ് താങ്കള്‍.. ഈ നാല്‍പ്പതോളം വര്‍ഷത്തെ മലയാള സാഹിത്യത്തെ വിലയിരുത്തിയാല്‍ ആരുടെയൊക്കെ രചനകളാണ് നമ്മെ മുന്നോട്ട് നയിച്ചത്.. ആരുടെയൊക്കെ കൃതികളാണ് നമ്മെ പിന്നിലേക്ക് കൊണ്ടുപോയത് എന്നൊരു തെരഞ്ഞെടുപ്പ് എളുപ്പമാണോ?
അറുപതു മുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ് എന്നു പറഞ്ഞത് നല്ലത്. മുന്നോട്ട് നയിക്കുന്നത് എന്നൊക്കെ ചോദിച്ചാല്‍ അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കൃതി മറ്റുള്ളവര്‍ക്ക് അതുപോലെ തോന്നണമെന്നില്ല. അവരവരുടെ അഭിരുചികള്‍. എന്നെ സംബന്ധിച്ചിടത്തോളം എനിക്കിഷ്ടപ്പെടാത്തതും എന്നെ ഇഷ്ടപ്പെടാത്തവരേയും എനിക്ക് വായിക്കാന്‍ കഴിയും.
മടക്ക യാത്രയില്‍ സ്ത്രീകഥാപാത്രങ്ങളും അവരുടെ പ്രതികാരവും ഒരു ചര്‍ച്ചാവിഷയമായിരുന്നു. ഹിന്ദ് എന്നുപേരുള്ള ഒരു അറേബ്യന്‍സ്ത്രീ തന്റെ ഭര്‍ത്താവിനെ കൊന്നയാളെ കുന്തം കൊണ്ടെറിഞ്ഞു കൊന്ന് അയാളുടെ കരള്‍ കടിച്ച് ചവച്ച് തിന്നുകൊണ്ട് യുദ്ധക്കളമാകെ നടന്ന കഥ മുസ്ലീം യുദ്ധചരിത്രങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതായി കേട്ടപ്പോള്‍ നമ്മുടെ കഥകളിയിലെ രൌദ്രഭീമന്റെ ചിത്രം ഓര്‍ത്തുപോയി. ഇത്തരം പ്രതികാര ദുര്‍ഗ്ഗകളുടെ ചരിതം നമുക്ക് സാഹിത്യത്തില്‍ വിഷയമായിട്ടുണ്ടോ?
പ്രവാസിമലയാളികള്‍ക്ക് അവരുടെ അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു നോവലെഴുതാന്‍ സാധിച്ചിട്ടില്ല. കഥകളുമില്ല. കാരണമെന്തായിരിക്കും?
നോവലെഴുതാന്‍മേല എന്ന് ഇപ്പൊതീരുമാനിക്കേണ്ട ആവശ്യമില്ല. ‘ഹിന്ദ്’ന്റെ കഥകള്‍ പോലെയുള്ള നാടന്‍ കഥകളും ഇവിടുത്തെ അനുഭവങ്ങളും സ്വാംശീകരിച്ച് പിന്നീടുമെഴുതാം. ഉടനെത്തന്നെ വേണമെന്നു പറയുന്നതില്‍ അര്‍ഥമില്ല. സ്വന്തം അനുഭവങ്ങളോ, കണ്ടോ കേട്ടോ ഉണ്ടായ അനുഭവങ്ങളോ ഇങ്ങനെ സ്വാംശീകരിക്കാം. ഇനി എമിലി ബ്രോണ്ടി വുതെറിംഗ് ഹൈറ്റ്സ് എഴുതിയപോലെ അനുഭവങ്ങള്‍ ഇല്ലാതെയും എഴുതാം. എമിലി ബ്രോണ്ടി സന്യാസിനി മഠത്തില്‍ നിന്നും പുറത്തിറങ്ങാതെ എഴുതിയ ഒരു മഹത്തായ കൃതിയാണ് വുതെറിംഗ് ഹൈറ്റ്സ്. ഉള്‍ക്കാഴ്ച്ചയാണ് വേണ്ടത്. ഇതിനകത്ത് പ്രതിഭയെവിടെ എന്നുചോദിച്ചാല്‍ എനിക്കറിയാന്‍മേല. മുന്‍പുപറഞ്ഞപോലെ ദൈവത്തിന്റെ കയ്യൊപ്പാണോ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാവ് കയ്യൊപ്പിട്ടതാണോ എന്നൊന്നുമെനിക്കറിയില്ല.
സത്യത്തില്‍ പ്രവാസം എന്ന അവസ്ഥ മലയാളികള്‍ക്കുണ്ടായിട്ടില്ല. ഒരു നാട്ടില്‍ നിന്നും അടിച്ചോടിക്കപ്പെടുമ്പോളാണ് പ്രവാസം എന്ന അവസ്ഥ ഉണ്ടാവുന്നത്. നാം പ്രവാസമെന്ന വാക്ക് തെറ്റായി ഉപയോഗിക്കുകയാണ്.
മലകയറി ക്ഷീണിതരായി ഞങ്ങള്‍ വിശപ്പടക്കാന്‍ ഹോട്ടലില്‍ കയറി. ബിരിയാണിച്ചോറുപോലെയുള്ള ചോറ് മാട്ടിറച്ചിയും ചേര്‍ത്ത്, ‘മന്തി’ എന്നുപറയുന്ന നാടന്‍ ഭക്ഷണം, ഒരേപ്ലേറ്റില്‍നിന്നും പാരമ്പര്യരീതിയില്‍ത്തന്നെ എല്ലാവരും കഴിച്ചു. ഭക്ഷണശേഷം തിരിച്ച് കാറില്‍ക്കയറിയപ്പോഴും കരള്‍ ചവച്ച് യുദ്ധക്കളമാകെ അലറി നടന്ന് പ്രതികാരം തീര്‍ത്ത ‘ഹിന്ദ്’ന്റെ ചിത്രം മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. ഗാന്ധാരിയോട് ഇക്കഥയ്ക്കുള്ള സാമ്യത പറഞ്ഞ് അവസാനം ഡോസ്റ്റോയോവ്സ്കിയിലേക്ക് തന്നെ തിരിച്ചെത്തി.
ഡോസ്റ്റോയോവ്സ്കിയെപ്പറ്റി ശ്രീധരന്‍ ഞങ്ങള്‍ക്കൊരു കഥകേള്‍പ്പിച്ചു തന്നു.
ക്രൈം ആന്റ് പണിഷ്‌മന്റ് എഴുതിയശേഷം ഗബ്രിയേല്‍ മാലാഖ ഡോസ്റ്റോയോവ്സ്കിയെക്കാണാന്‍ ചെന്നു. മാലാഖ അദ്ദേഹത്തോട് പറഞ്ഞു “വളരെ വിഷമിച്ച് രണ്ടുമൂന്നുദിവസം കൊണ്ട് ദൈവം ഉണ്ടാക്കിയെടുത്തതാണ് ഈ ലോകം. അപ്പോള്‍ കൈപ്പിഴകളോക്കെ സാധാരണമല്ലേ? എന്തിനാ ദൈവത്തെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?”
ഡോസ്റ്റോയോവ്സ്കി മാലാഖയെ സമാധാനിപ്പിച്ച് പറഞ്ഞയച്ചതിനുശേഷം എഴുതിയതാണത്രെ ‘കാരമസോവ് സഹോദരന്മാര്‍’.
ആത്മകഥ എഴുതുമോ?
എഴുതിയ കഥകളിലെല്ലാം ആത്മാംശങ്ങളുണ്ട്. ചില ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന് ഉദ്ദേശമുണ്ട്. ഒരു പക്ഷെ ആത്മകഥ എഴുതിക്കൂടെന്നില്ല. ജീവിച്ചു തീര്‍ക്കട്ടെ, ആലോച്ചിക്കാം.
വെള്ളാപ്പള്ളി നടേശന്റെ ജീവചരിത്രം എഴുതുന്നുണ്ട്. അതിന്റെ അവതാരിക ഞാനാണെഴുതുന്നത്. ഇനി അതിന്റെ പേരില്‍ എന്തൊക്കെയാണാവോ കേള്‍ക്കേണ്ടിവരുക.
വ്യത്യസ്തമായതേ നിലനില്‍ക്കൂ, അതിന് ആന്തരികമായ മഹത്വമുണ്ടെങ്കില്‍. ഇപ്പോഴും ജീവിതത്തില്‍ നല്ലൊരു കഥയോ നോവലോ എഴുതാന്‍ പറ്റണമേ എന്ന് പ്രാര്‍ഥിക്കുകയാണ് ഞാന്‍. എന്റെ ജീവിതം തികച്ചും എന്റെ സ്വകാര്യമാണ്, ആരേയും പഠിപ്പിക്കാന്‍ ഒരു സന്ദേശവുമില്ല