Latest News


Single

STUDIES

അറേബ്യന്‍ ആചാരങ്ങളും നബിചര്യയും വേര്‍തിരിവിന്റെ മാനദണ്ഡങ്ങള്‍

November 29, 2018 | by admin_profile


(ആദത്തും സുന്നത്തും – 3)

ഹദീസുകളില്‍നിന്ന് സുന്നത്തും ആദത്തും വേര്‍തിരിച്ചെടുക്കാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിലും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്.

ഒന്ന്: ദീനീനിയമങ്ങള്‍ എന്ന നിലക്ക് നബി(സ) വ്യക്തമായി കല്‍പിക്കുകയോ ഉപദേശിക്കുകയോ ചെയ്ത കാര്യങ്ങള്‍ സുന്നത്തായിരിക്കും. ‘നിങ്ങളുടെ ആരാധനകള്‍ എന്നില്‍നിന്ന് സ്വീകരിക്കുക’ എന്ന നബിവചനമാണ് ഇതിന്റെ അടിസ്ഥാന തത്ത്വം. വുദൂ, നമസ്‌കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയവയുടെ നിയമങ്ങള്‍ ഉദാഹരണം. ‘ഖബ്‌റിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഞാന്‍ വിലക്കിയിരുന്നു, ഇനി നിങ്ങള്‍ അവിടം സന്ദര്‍ശിച്ചു കൊള്ളുക, അത് നിങ്ങളെ മരണത്തെക്കുറിച്ച് ഓര്‍മിപ്പിക്കും….’51 തുടങ്ങിയ നിര്‍ദേശങ്ങള്‍ സുവ്യക്തങ്ങളാണ്. പുണ്യകരമെന്ന അര്‍ഥത്തില്‍ നബി പഠിപ്പിച്ച മൂല്യങ്ങളും സുന്നത്താണ്. വഴിയുടെ അവകാശങ്ങള്‍, ദാമ്പത്യമര്യാദകള്‍, ശുചിത്വ പാഠങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് നബിയുടെ അധ്യാപനങ്ങള്‍ ഈ ഗണത്തില്‍പെടുന്നു.

രണ്ട്: അറബികള്‍ക്കിടയില്‍ നേരത്തേ തുടര്‍ന്നുവന്ന കാര്യങ്ങള്‍ അതിന്റെ ഭാഗമായിത്തന്നെ നബിയും തുടര്‍ന്നാല്‍ അവ ആദത്താണ്. അത് ഇസ്‌ലാമിക സമൂഹം പിന്തുടരേണ്ട സുന്നത്തല്ല. ഇവയുടെ അടിസ്ഥാന സ്വഭാവം ആദത്താണെന്നര്‍ഥം. അവയില്‍ ഏതെങ്കിലും ചിലത് പുണ്യകര്‍മമാണെന്ന് പ്രത്യേകം പറഞ്ഞാല്‍ മാത്രമേ സുന്നത്തായി പരിഗണിക്കപ്പെടുകയുള്ളൂ. വിവാഹത്തിലെ മഹ്ര്‍ ഉദാഹരണം. ജാഹിലിയ്യാ കാലത്തേ അറബികള്‍ വിവാഹത്തില്‍ സ്ത്രീകള്‍ക്ക് മഹ്ര്‍ നല്‍കാറുണ്ടായിരുന്നു. ഖുര്‍ആന്‍ കല്‍പിക്കുകയും നബി മാതൃക കാണിക്കുകയും ചെയ്തതോടെ, മഹ്ര്‍ അറേബ്യന്‍ ആചാരത്തില്‍നിന്ന് ശര്‍ഈ നിയമത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നു. ഹജ്ജില്‍ തുടര്‍ന്നു വന്ന പല ചടങ്ങുകളും നബി(സ) നിലനിര്‍ത്തിയതും ചിലത് മാറ്റിയതും മറ്റൊരു ഉദാഹരണം.52

മൂന്ന്: മനുഷ്യപ്രകൃതത്തിന്റെ ഭാഗമായ നബിയുടെ പ്രവൃത്തികള്‍ ആദത്താണ്. അതില്‍ ആരാധനയുടെയോ (തഅബ്ബുദ്), നിയമത്തിന്റെയോ (തശ്‌രീഅ്) വശങ്ങള്‍ അടങ്ങിയിട്ടുണ്ടാവില്ല. നബിയുടെ നിറുത്തം, ഇരുത്തം, കിടത്തം, നടത്തം, ഭക്ഷണം, ഉറക്കം, തലമുടി, വസ്ത്രങ്ങള്‍, തലപ്പാവ്, ചെരുപ്പ്, പാത്രങ്ങള്‍… തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ടിതിന്. ഇത്തരം വിഷയങ്ങളില്‍ നബി(സ) പ്രത്യേകമായി പഠിപ്പിച്ച നിയമങ്ങളും മര്യാദകളും സുന്നത്താണ്; അവയുടെ മറ്റു രൂപങ്ങളും ശൈലികളും ആദത്തായിരിക്കും. ഈ വസ്ത്രരൂപങ്ങളൊന്നും അനുകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് ശര്‍ഈ ബാധ്യതയില്ല. ഔറത്ത് മറക്കുക, ശരീരഭാഗങ്ങള്‍ നിഴലിട്ടു കാണാവുന്ന വിധം നേര്‍ത്തതും ഇറുകിയതും ധരിക്കരുത്, നിലത്ത് വലിച്ചിഴക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ സുന്നത്തിന്റെ ഭാഗമായി മുസ്‌ലിംകള്‍ പാലിക്കേണ്ടതാണ്. നബി പഠിപ്പിച്ച ‘വസ്ത്രമര്യാദകളും’ നബിയണിഞ്ഞ ‘വസ്ത്രരൂപങ്ങളും’ തമ്മില്‍ ദീനിയായ നിയമ(ശര്‍ഈ) വിധിയില്‍ അന്തരമുണ്ട്. ഇത് മനസ്സിലാക്കാതെ, നബിയുടെ ഈ വസ്ത്രരൂപങ്ങള്‍ അപ്പടി പിന്തുടരണമെന്ന് വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സുന്നത്തിനെ കുറിച്ച അജ്ഞത മൂലമാണ്. നബി നീളക്കുപ്പായം (ഖമീസ്വ്) ധരിച്ചിരുന്നതായി ഹദീസില്‍ ഉള്ളതുകൊണ്ട് ചിലര്‍ ഖമീസ്വ് നബിചര്യയന്ന രീതിയില്‍ ധരിക്കുന്നു. എന്നാല്‍, നബി ഉപയോഗിച്ചിരുന്നത് കറുത്ത കൊടിയായിരുന്നുവെന്ന് ഹദീസിലുള്ളതുകൊണ്ട്53 കറുത്ത കൊടിയാണ് മുസ്‌ലിംകള്‍ക്ക് സുന്നത്തെന്നും വാദിക്കാം. അങ്ങനെ വാദിക്കുന്ന ചിലരുണ്ടു താനും. ഖമീസ്വിലും മറ്റും സുന്നത്ത് കാണുന്നവര്‍ കറുത്ത കൊടിയും സുന്നത്തായി ഗണിക്കേണ്ടതല്ലേ! നബി തുകല്‍പാത്രത്തില്‍ വെള്ളമെടുത്തതായി ഹദീസിലുള്ളതിനാല്‍ അത് നാം പിന്തുടരേണ്ട സുന്നത്താണെന്ന് പറയാമോ! നബി ഈത്തപ്പനയോലയില്‍ കിടന്നുറങ്ങിയതായും ഈത്തപ്പന നാരു നിറച്ച തലയിണ ഉപയോഗിച്ചിരുന്നതായും ഹദീസിലുണ്ട്.54 ഇതെല്ലാം നമ്മളും പിന്തുടരേണ്ട സുന്നത്താണെന്ന് പറയാന്‍ പറ്റുമോ? പാന്റും ഷര്‍ട്ടും, മുണ്ടും കുപ്പായവും, പൈജാമയും ജുബ്ബയും ഉപയോഗിക്കുന്ന നാടുകളില്‍ അറേബ്യയിലെ നീളന്‍ വസ്ത്രം (ഖമീസ്, ഥൗബ്) ഉപയോഗിക്കണമെന്ന് പറയുന്നത്, ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് ഓരോ പ്രദേശത്തെയും പൊതു വസ്ത്രധാരണാ രീതികള്‍ സ്വീകരിക്കണമെന്ന ദീനീനിര്‍ദേശത്തിന് വിരുദ്ധവുമാണ്. ഒരു ദേശവാസികള്‍ പൊതുവില്‍ മുടിയില്‍ മൈലാഞ്ചിയിടുന്നവരല്ലെങ്കില്‍, അവരില്‍നിന്ന് വ്യത്യസ്തമായി ചില മുസ്‌ലിംകള്‍ മൈലാഞ്ചിയിടുന്നത് ശരിയല്ല. അയാള്‍ ഒറ്റപ്പെട്ടുനിന്ന് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ മൈലാഞ്ചിയിടാതിരിക്കലാണ് ഉത്തമം എന്ന് ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തിയതും ഇവിടെ ഓര്‍ക്കേണ്ടതാണ്.55

നിദാനശാസ്ത്ര പണ്ഡിതന്മാരുടെ (ഉസ്വൂലിയ്യൂന്‍) ഒരു ചര്‍ച്ച ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്; മനുഷ്യപ്രകൃതത്തിന്റെ ഭാഗമായുള്ള നബിയുടെ പ്രവൃത്തികളെ (ആഹാരം, പാനീയം, ഉറക്കം തുടങ്ങിയ വ്യക്തിപരവും, തലപ്പാവ്, ജുബ്ബ, മേല്‍മുണ്ട്-രിദാഅ, തുണി ഇസാര്‍, തലമുടി നീട്ടല്‍, സുറുമ അണിയല്‍, മോതിരം, കഴുത, ഒട്ടകം മുതലായവയില്‍ യാത്ര ചെയ്യല്‍ തുടങ്ങിയ അറബ് ജീവിതത്തിന്റെ ഭാഗമായിരുന്നതും) നിദാന ശാസ്ത്രകാരന്മാര്‍ രണ്ടായി തിരിച്ചിട്ടുണ്ട്: ഒന്ന്, പ്രമാണ പാഠങ്ങള്‍ ഉള്ളവ. വലതു കൈ കൊണ്ട് ഭക്ഷിക്കുക, മൂന്നു തവണയായി കുടിക്കുക, വലതുവശം ചരിഞ്ഞ് കിടക്കുക, വെള്ളവസ്ത്രം ധരിക്കുക, മീശ കത്രിക്കുകയും താടിവളര്‍ത്തുകയും ചെയ്യുക തുടങ്ങിയവ ഉദാഹരണം. ഇത്തരം പല വിഷയങ്ങളിലും നിര്‍ബന്ധം, ഐഛികം, ഉത്തമം, നിഷിദ്ധം, അനഭിലഷണീയം തുടങ്ങിയ തലങ്ങളില്‍ നബിയുടെ ശാസനകളും ഉപദേശങ്ങളും വന്നിട്ടുണ്ട്. അവ സുന്നത്താണ്. രണ്ട്, ശാസിക്കുകയോ വിലക്കുകയോ ചെയ്യുന്ന പ്രമാണ പാഠങ്ങള്‍ ഒന്നും വന്നിട്ടില്ലാത്ത മനുഷ്യന്റെ പ്രകൃതിപരവും ആചാരപരവുമായ കാര്യങ്ങള്‍. അത്തരം വിഷയങ്ങളില്‍ നബിയെ അനുകരിക്കുന്നത് ഉത്തമമായി (മന്‍ദൂബ്) കാണുന്നവരാണ് ചുരുക്കം ചിലര്‍. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഈ ഗണത്തില്‍ മുമ്പനാണ്. അദ്ദേഹം, സബ്തീ ചെരുപ്പ് ധരിച്ചതും മുടി മഞ്ഞച്ചായം പൂശിയതും ഉദാഹരണം. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇബ്‌നു ഉമര്‍ പറഞ്ഞു: നബി(സ) ശഅര്‍ ഇല്ലാത്ത ചെരുപ്പ് അണിഞ്ഞതും അത് ധരിച്ചു കൊണ്ട് വുദൂ ചെയ്യുന്നതും ഞാന്‍ കണ്ടു. അതു കൊണ്ട് ഞാനും അത് ധരിക്കാന്‍ ഇഷ്ടപ്പെട്ടു. അപ്രകാരം നബി മുടിയില്‍ മഞ്ഞച്ചായം പൂശിയതിനാല്‍ ഞാനും അങ്ങനെ ചെയ്തു.56 നബിയുടെ പ്രവൃത്തികളെ അക്ഷര വായന നടത്തിയതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഇബ്‌നു ഉമറിന്റെ ഈ നടപടി. ഇതിനെ തള്ളിക്കളഞ്ഞ്, മനുഷ്യപ്രകൃതത്തിന്റെയും ആചാര സാമ്പദായങ്ങളുടെയും ഭാഗമായി നബി ചെയ്ത കാര്യങ്ങള്‍ ശര്‍ഇയ്യായ സുന്നത്തല്ല, വ്യക്തമായ പ്രമാണങ്ങളില്ലെങ്കില്‍ അവ പിന്തുടരാന്‍ നിയമപരമായ ബാധ്യതയില്ല എന്നതാണ് മഹാഭൂരിപക്ഷം സ്വഹാബികളും സ്വീകരിച്ചിട്ടുള്ള നിലപാട്. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ), ആഇശ(റ) തുടങ്ങിയ പ്രമുഖരുടെ ഈ നിലപാടാണ് സ്വീകാര്യയോഗ്യമായിട്ടുള്ളത്. നബിയുടെ വസ്ത്രരൂപങ്ങള്‍, പാത്രം, ചെരുപ്പ്, ഭക്ഷണ രീതികള്‍, മുടി തുടങ്ങിയവയെല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുക. കാലത്തിന്റെയും പ്രദേശത്തിന്റെയും തേട്ടമനുസരിച്ച് അന്ന് അറേബ്യയില്‍ സാഹചര്യാനുസൃതം നബി ചെയ്തിട്ടുള്ള കാര്യങ്ങളും നിയമപരമായി പിന്തുടരേണ്ടതില്ലാത്ത നടപടിക്രമങ്ങളിലാണ് പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.57 എന്നാല്‍, ചില പ്രമുഖ പണ്ഡിതന്മാര്‍തന്നെ ഇതിനു വിരുദ്ധമായി നബിയുടെ സ്വാഭാവികവും സന്ദര്‍ഭബന്ധിതവുമായ ചില നടപടികളെ അനുകരിച്ചതും കാണാം. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ യാത്രയില്‍ മൂന്ന് ദിവസം ഒരിടത്ത് മറഞ്ഞിരിക്കുകയും ശേഷം യാത്ര തുടരുകയും ചെയ്തിരുന്നു. നബി ഹിജ്‌റ വേളയില്‍ സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്ന സംഭവമാണത്രെ അദ്ദേഹത്തിന് ‘തെളിവ്!’ ‘എനിക്ക് ലഭിച്ച എല്ലാ ഹദീസുകളും ഞാന്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്, കൊമ്പ് വെക്കുന്നവന് ഒരു ദീനാര്‍ നല്‍കുന്നതുള്‍പ്പെടെ’ എന്ന് അദ്ദേഹം പറയുകയും ചെയ്തു.58 ഇമാം അഹ്മദുബ്‌നു ഹമ്പല്‍ മൂന്ന് ദിവസം ഒളിച്ചിരുന്നതിന്റെ തത്ത്വദീക്ഷ എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഹദീസിന്റെ അക്ഷരവായന പില്‍ക്കാലത്ത് രൂപം കൊണ്ടത് ഇദ്ദേഹത്തിന്റെ മദ്ഹബ് പാരമ്പര്യത്തിലാണല്ലോ!

മൂന്ന്: നബിയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ആദത്താണ്. ഉദാഹരണമായി സുഗന്ധ ദ്രവ്യങ്ങളും ഭാര്യമാരും നബിക്ക് ഇഷ്ടമായിരുന്നു. അനസ് നിവേദനം ചെയ്യുന്നു; നബി പറഞ്ഞു: ‘ഭാര്യമാരും (അന്നിസാഅ്) സുഗന്ധദ്രവ്യവും എനിക്ക് പ്രിയപ്പെട്ടതാണ്. നമസ്‌കാരത്തിലാണ് എന്റെ കണ്‍കുളിര്‍മ.’59 ഊദ്, കസ്തൂരി, കുങ്കുമം എന്നിവയായിരുന്നു നബി ഇഷ്ടപ്പെട്ട സുഗന്ധങ്ങള്‍60. ഇവയെല്ലാം നബിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളായിരുന്നു. ഈ സുഗന്ധദ്രവ്യങ്ങള്‍ തന്നെ ഇഷ്ടപ്പെടല്‍ മുസ്‌ലിംകള്‍ക്ക് നിയമപരമായ സുന്നത്തല്ലല്ലോ, ഒരാള്‍ മറ്റേതെങ്കിലും ഇഷ്ടപ്പെട്ടാലോ, ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കിലോ സുന്നത്തിന് വിരുദ്ധം ചെയ്തവനാവുകയുമില്ല. നമസ്‌കാരത്തില്‍ സൂക്ഷ്മതയും ഭക്തിയും പുലര്‍ത്തുന്ന ഒരു വ്യക്തിക്ക് സകാത്തിലും സാമൂഹിക സേവനത്തിലുമാണ് കണ്‍കുളിര്‍മ കിട്ടുന്നതെങ്കിലോ, അയാള്‍ സുന്നത്തിന് എതിരാവുകയില്ലല്ലോ! നബിക്ക് ചുരങ്ങ(ദുബാഅ) വലിയ ഇഷ്ടമായിരുന്നുവെന്നും ഹദീസിലുണ്ട്.61 അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് ചുരങ്ങക്കറി നിയമപരമായ സുന്നത്താണെന്ന് ആരെങ്കിലും പറയുമോ? ഇതെല്ലാം നബിയുടെ വൈയക്തിക ഇഷ്ടങ്ങള്‍ മാത്രം. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഹദീസുകളിലുണ്ട്.

നബി തേന്‍ ഇഷ്ടപ്പെട്ടിരുന്നു, തേന്‍ കഴിക്കുക എന്നത് ദീനില്‍ പുണ്യകരമായിട്ടുള്ള സുന്നത്തല്ല. ഒരാള്‍ക്ക് തേന്‍ ഇഷ്ടമല്ലെങ്കില്‍ അയാള്‍ സുന്നത്തിനെ ധിക്കരിച്ചു എന്നും അര്‍ഥമില്ല.

നാല്: നബിയുടെ കര്‍മങ്ങള്‍ സ്വഹാബികള്‍ പൊതുവെ എങ്ങനെ സ്വീകരിച്ചു എന്നത് സുന്നത്തും ആദത്തും വേര്‍തിരിക്കാനുള്ള പ്രധാന മാനദണ്ഡമാണ്. നബി ചെയ്ത ഏതെങ്കിലും കാര്യം സ്വഹാബികള്‍ പൊതുവെ പുണ്യകര്‍മമായി പിന്തുടര്‍ന്നിട്ടുണ്ടെങ്കില്‍ അവ സുന്നത്തായി സ്വീകരിക്കണം. എന്നാല്‍, നബി ചെയ്ത ചില കാര്യങ്ങള്‍ സ്വഹാബികള്‍ ചെയ്തിട്ടില്ലെങ്കിലും ചെയ്യാത്തതിന്റെ പേരില്‍ നബി അവരെ ശാസിക്കാതിരുന്നാലും നബി ചെയ്തതിന് അവര്‍ വിരുദ്ധം ചെയ്തിട്ടുണ്ടെങ്കിലും അത് നബിയുടെ വ്യക്തിപരമായ കാര്യമോ, ആചാരമോ ആണെന്നര്‍ഥം. അബ്ദുല്ലാഹിബ്‌നു ഉമറിനെ പല വിഷയങ്ങളിലും ഇതര സ്വഹാബികള്‍ തിരുത്തിയത് നബിയുടെ ആദത്തുകള്‍ അദ്ദേഹം സുന്നത്താണെന്ന് ധരിച്ച് പിന്തുടര്‍ന്നതിനാലാണ്.

അഞ്ച്: പ്രത്യേക സാഹചര്യത്തില്‍ നബിയും അനുചരന്മാരും സ്വീകരിച്ച ചില സമീപനരീതികള്‍ അതേപടി പിന്തുടരേണ്ട സുന്നത്തല്ല. അവയില്‍ ചിലതിന് സന്ദര്‍ഭാനുസൃത ജീവിത ശൈലികള്‍ എന്നതിനപ്പുറം ദീനീമാനങ്ങളൊന്നും ഉണ്ടാകില്ല. നമസ്‌കാരത്തില്‍ നബി ചെരുപ്പ് ധരിച്ചിരുന്നു എന്ന നിവേദനം ഉദാഹരണം.62 അനസുബ്‌നു മാലികിനോട് ഒരാള്‍ ചോദിച്ചു: നബി(സ)ചെരുപ്പ് ധരിച്ചാണോ നമസ്‌കരിച്ചിരുന്നത്? അദ്ദേഹം പറഞ്ഞു; അതേ, ‘നിങ്ങള്‍ ജൂതരോടു വിരുദ്ധരാവുക, ചെരുപ്പണിഞ്ഞ് നമസ്‌കരിക്കുക, അവര്‍ ചെരുപ്പും ഷൂവും അണിഞ്ഞ് നമസ്‌കരിക്കാറില്ല’ എന്ന് നബി പറയുകയും ചെയ്തിട്ടുണ്ട്.63 ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍, ചെരുപ്പ് ധരിച്ച് നമസ്‌കരിക്കല്‍ പ്രബലമായ സുന്നത്താണെന്ന് ചിലര്‍ വാദിക്കുന്നു. അടിസ്ഥാനം ചെരുപ്പ് ധരിച്ച് നമസ്‌കരിക്കലാണ്, ജനങ്ങള്‍ വെറുക്കുന്നുവെങ്കിലും കാര്‍പ്പെറ്റ് വിരിച്ചിട്ടുണ്ടെങ്കിലും മാത്രമേ ചെരുപ്പ് ധരിക്കാതെ നമസ്‌കരിക്കാവൂ എന്നാണവരുടെ നിലപാട്. ചിലര്‍ ഇതില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നുണ്ട്. കേരളത്തില്‍ ചിലര്‍ പളളിക്കകത്ത് ഉപയോഗിക്കാനായി ഒരു ലോഡ് ചെരുപ്പ് ഇറക്കിയതായി അനുഭവസ്ഥര്‍ പങ്കുവെച്ചതോര്‍ക്കുന്നു. ഇത്തരം കാര്‍ക്കശ്യക്കാരെ നാസിറുദ്ദീന്‍ അല്‍ബാനി ശാസിച്ചതു കാണാം. എന്നാല്‍, പള്ളിയുടെ നിലം മണലായിരുന്ന അന്നത്തെ സാഹചര്യത്തിലാണ് ചെരുപ്പ് ധരിച്ച് നമസ്‌കരിച്ചിരുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. നമസ്‌കാരത്തില്‍ തുപ്പേണ്ടി വന്നാല്‍ ഇടതു വശത്ത് കാലിനടില്‍ ആകാമെന്ന നബിയുടെ അനുവാദവും നിലം മണലോ, ചരല്‍ക്കല്ലോ ആയിരുന്ന അറേബ്യന്‍ സാഹചര്യത്തിലേതാണ്. ഇന്ന് മാര്‍ബിളോ കാര്‍പ്പെറ്റോ ഉപയോഗിക്കുന്ന പള്ളിയിലും ചെരുപ്പ് ധരിക്കണമെന്ന് വാദിക്കുന്നവര്‍, ഹദീസനുസരിച്ച് അതേ പള്ളിക്കകത്ത് ഇടതുഭാഗത്ത് കാലിനടിയില്‍ തുപ്പാം എന്ന് വാദിക്കുമോ, അംഗീകരിക്കുമോ? ചിലത്, സാമൂഹിക രാഷ്ട്രീയ നിലപാടുകളായിരിക്കും. അതില്‍നിന്ന് ഏതു കാലത്തും അതത് മേഖലകളില്‍ ലഭിക്കുന്ന വെളിച്ചം സ്വീകരിക്കാം. അത് അപ്പടി അനുകരിക്കലല്ല, അതിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകലാണ് സുന്നത്ത് പിന്തുടരല്‍. ശത്രുപക്ഷത്ത് നിന്ന ഖുറൈശി മുശ്‌രിക്കുകളുമായി മുഹമ്മദ് നബി ഉണ്ടാക്കിയ ഹുദൈബിയ സന്ധി ഉദാഹരണം. ഇന്ന് ബഹുദൈവവിശ്വാസികളുമായി കരാറുണ്ടാക്കുമ്പോള്‍ അന്നുണ്ടാക്കിയ സന്ധി വ്യവസ്ഥകള്‍ അതേപടി സ്വീകരിക്കുക എന്നതല്ല, അതിന്റെ മാതൃകയും ആത്മാവും ലക്ഷ്യബോധവും തന്ത്രങ്ങളുമൊക്കെ ഉള്‍ക്കൊണ്ട് ഇത്തരം വിഭാഗങ്ങളോട് കരാറുകളില്‍ ഏര്‍പ്പെടുക എന്നതാണ് സുന്നത്ത്.

അല്ലാമാ ആമുദി പറയുന്നു: സവിശേഷ സ്ഥലത്തോ സമയത്തോ മാത്രമായി സംഭവിച്ച കാര്യങ്ങള്‍ അനുധാവനം ചെയ്യേണ്ടതല്ല; അവ ആവര്‍ത്തിച്ചു സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും. പ്രത്യേക ആരാധനാ അനുഷ്ഠാനമാണെന്നതിന് തെളിവുണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കേണ്ടതാണ്. ഹജ്ജിലെ അറഫയില്‍ നില്‍ക്കല്‍, അഞ്ചു സമയം നമസ്‌കരിക്കല്‍, റമദാനിലെ നോമ്പ് തുടങ്ങിയവ ഉദാഹരണം.64

ആറ്: ചില വിഷയങ്ങള്‍ സുന്നത്താണോ, ആദത്താണോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. ആരാധനാ കര്‍മങ്ങള്‍ക്കിടയില്‍ സംഭവിച്ച ചില കാര്യങ്ങള്‍ ഉദാഹരണം. ഹജ്ജ് വേളയില്‍ കദാഇല്‍നിന്ന് മക്കയില്‍ പ്രവേശിക്കലും ഹജ്ജിനിടയില്‍ ബത്വ്ഹായില്‍ തമ്പടിക്കലും ഈ ഗണത്തില്‍പെടുന്നു. മക്കയുടെയും മിനായുടെയും ഇടയിലുള്ള സ്ഥലമാണ് അബ്ത്വഹ്. ഇവിടെ വിശ്രമിക്കാനിരുന്ന നബിയുടെ നടപടി നാം പിന്തുടരേണ്ട സുന്നത്താണ് എന്നത്രെ അബ്ദുല്ലാഹിബ്‌നു ഉമറിന്റെ അഭിപ്രായം. നബി ചെയ്തത് നാം അനുകരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ന്യായം; രണ്ട് വള്ളിയുള്ള ചെരുപ്പ് ധരിക്കുന്ന പോലെ! എന്നാല്‍, തഹ്‌സ്വീബ് സുന്നത്തല്ല എന്നാണ് പ്രമുഖ സ്വഹാബികള്‍ പറഞ്ഞിട്ടുള്ളത്. അബ്ദുല്ലാഹിബ്‌നു അബ്ബാസും ആഇശയും(റ) ഉദാഹരണം. നബി(സ) യാത്രാ മധ്യേ ബത്വ്ഹായില്‍ തമ്പടിച്ചിരുന്നു എന്നത് സ്ഥിരപ്പെട്ട ഹദീസാണ്. എന്നാല്‍, സൗകര്യപ്പെട്ട ഒരു സ്ഥലത്ത് വിശ്രമിക്കാന്‍ ഇരുന്ന സ്വാഭാവിക നടപടി എന്നല്ലാതെ, ഇതിന് ഹജ്ജിന്റെ അനുഷ്ഠാനങ്ങളുമായി ബന്ധമില്ല, അത് സുന്നത്തല്ല എന്നാണ് അവരുടെ അഭിപ്രായം. ‘അവിടെനിന്ന് പുറപ്പെടാന്‍ എളുപ്പമായിരുന്നു, അതുകൊണ്ടാണ് അവിടെ തമ്പടിച്ചത്’ എന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്.65 നബി(സ) ഇതേ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇത് സ്വാഭാവിക നടപടിയായി മാത്രമേ പരിഗണിക്കാനാവൂ എന്നതാണല്ലോ ശരി.

ഹദീസ് എന്ന അനര്‍ഘമായ വിജ്ഞാന ശേഖരത്തില്‍നിന്ന്, ഇസ്‌ലാമിക സമൂഹത്തിന് എക്കാലത്തും ബാധകമാകുന്ന ദൈവദൂതന്റെ മാതൃകകള്‍ കണ്ടെത്തുകയും കാലത്തിന്റെ ഭാഷയിലും സാമൂഹികപ്രധാനമായ സ്വഭാവത്തിലും ആവിഷ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അനാവശ്യ ചര്‍ച്ചകളിലേക്കും അതിവാദ വികാരങ്ങളിലേക്കും ഹദീസിനെ നയിക്കാതെയും നിഷേധപ്രവണതകള്‍ക്ക് ആയുധം നല്‍കാതെയും സൂക്ഷ്മത പുലര്‍ത്തുകയും വേണം. ആരാധനാപരമായ നിയമങ്ങളോടൊപ്പം സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും കാലിക പ്രസക്തമാംവിധം സുന്നത്ത് അടിസ്ഥാനമാകുമ്പോഴാണ് ദൈവദൂതന്റെ ദൗത്യം സാര്‍വകാലികവും സാര്‍വജനീനവുമാകുന്നത്.

(അവസാനിച്ചു)

റഫറന്‍സ്

51. തിര്‍മിദി, അബ്‌വാബുല്‍ ജനാഇസ്

52. അല്‍ബഖറ – 199, തഫ്‌സീര്‍ ഖുര്‍ത്വുബി

53. സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്, സുനനുത്തിര്‍മിദി- കിതാബുല്‍ ജിഹാദ്.

54. സ്വഹീഹുല്‍ ബുഖാരി

55. ഫത്ഹുല്‍ബാരി 10/367368

56. ബുഖാരി 2035.

57. ഡോ. അദ്‌നാന്‍ ഉമാമ, മാദാ വറാഅ തഖ്‌സീമിസ്സുന്ന ഇലാ തശ്‌രീഇയ്യാ വ ഗൈരി തശ്‌രീഇയ്യ, www.almoslim.net.

58. മആലിമു ഉസ്വൂലില്‍ ഫിഖ്ഹ് ഇന്‍ദ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ, ഡോ. മുഹമ്മദ് ഹുസൈനുല്‍ ജീസാനീ 128. തയ്‌സീറു ഉസ്വൂലില്‍ ഫിഖ്ഹ്, അബ്ദുല്ലാഹിബ്‌നു യൂസുഫുല്‍ ജദീഅ,121 124.

59. ഇമാം അഹ്മദ് 16326

60. മുസ്‌ലിം, അബൂദാവൂദ് എന്നിവര്‍ ഉദ്ധരിച്ച ഹദീസുകള്‍

61. ബുഖാരി 3340, 5379, മുസ്‌ലിം 194,2041

62. അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ ഉദ്ധരിച്ച ഹദീസ്

63. സുയൂത്വി ദുര്‍റുല്‍ മന്‍സൂര്‍, 6/365, ഹൈഥമി മജ്മഉ സവാഇദ് 2/57

64. അല്‍ ഇഹ്കാമു ഫീ ഉസ്വൂലില്‍ അഹ്കാം 158.

65. സ്വഹീഹുല്‍ ബുഖാരി 1765,1766, സ്വഹീഹു മുസ്‌ലിം 1310

Tags:

ADD COMMENT

Previous Next
Close
Test Caption
Test Description goes like this