Latest News


Single

STUDIES

പക്വതയെത്തിയ പണ്ഡിതന്മാര്‍

November 29, 2018 | by admin_profile


(വൈജ്ഞാനിക വ്യുല്‍പത്തിയും പ്രമാണ വ്യാഖ്യാനവും-2)

ദീനിലെ അവഗാഹം (അത്തഫഖുഹു ഫിദ്ദീന്‍) ഖുര്‍ആനിലെയും സുന്നത്തിലെയും അര്‍ഥവത്തായ പ്രയോഗമാണ്. ഇസ്‌ലാമിക പ്രമാണങ്ങളിലെ വ്യുല്‍പത്തിതന്നെയാണ് അതിന്റെ മര്‍മം. നേരത്തേ സൂചിപ്പിച്ച ‘ഫിഖ്ഹി’ന്റെ ഭാഷാപരവും ഖുര്‍ആനികവുമായ അര്‍ഥകല്‍പനകള്‍ മുന്‍നിര്‍ത്തി പ്രമാണങ്ങളില്‍ വ്യുല്‍പത്തി നേടുകയെന്ന അര്‍ഥത്തില്‍ തഫഖുഹിനെകുറിച്ച് ചിന്തിക്കുക. ഖുര്‍ആനും സുന്നത്തും എങ്ങനെ വായിക്കണം എന്നതു സംബന്ധിച്ച് ഒരു ആശയലോകം തുറന്നുകിട്ടും. പ്രമാണപാഠങ്ങളിലെ സൂക്ഷ്മവും ഗോപ്യവുമായ ഘടകങ്ങള്‍ വരെ ആഴത്തില്‍ ഗ്രഹിക്കുക, അവയില്‍നിന്ന് ആശയങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുക, അവയുടെ ആത്മാവിനോട് ചേര്‍ന്ന നവ ആവിഷ്‌കാരങ്ങള്‍ തന്മയത്വത്തോടെ നിര്‍വഹിക്കുക, ഒരു വിഷയം സമൂഹമധ്യേ അവതരിപ്പിക്കുമ്പോഴും, ഒരു ആശയം പ്രയോഗതലത്തില്‍ കൊണ്ടുവരുമ്പോഴും വരുംവരായ്കകള്‍, അഥവാ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക, അവധാനത, ദീര്‍ഘദൃഷ്ടി, ശുഭപ്രതീക്ഷ എന്നിവ മുറുകെ പിടിക്കുക- ഇതിനെല്ലാമുള്ള ശേഷി കൈവരിക്കലും പ്രയോഗത്തില്‍ അനുഭവപ്പെടുത്തലുമാണ് ‘അത്തഫഖുഹു ഫിദ്ദീന്‍’. ഖുര്‍ആനിലെയും സുന്നത്തിലെയും പാഠങ്ങള്‍ മനസ്സിലാക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും ഇതെല്ലാം പാലിക്കപ്പെട്ടാല്‍ മാത്രമേ, ‘തഫഖുഹ്’ ഉള്ള പ്രമാണവായനയായി അത് പരിഗണിക്കപ്പെടുകയുള്ളൂ. ‘അത്തഫഖുഹു ഫിദ്ദീന്‍’ എന്ന ഖുര്‍ആന്‍ പ്രയോഗത്തിന്റെ ഭാഷാശൈലിയും സന്ദര്‍ഭവും ഇതെല്ലാം അനിവാര്യമാക്കുന്നുണ്ട്.

തഫഖുഹിന്റെ യാഥാര്‍ഥ്യം
നാം ഇതുവരെ നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍ ഈ ആയത്തിനെക്കുറിച്ച് ചിന്തിക്കുക: ”സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടേണ്ടതുണ്ടായിരുന്നില്ല. അവരില്‍ ഓരോ സമൂഹത്തില്‍നിന്നും ഓരോ സംഘം ദീനില്‍ വ്യുല്‍പത്തി നേടുന്നതിനുവേണ്ടി പുറപ്പെടാത്തതെന്തുകൊണ്ട്? സ്വന്തം സമൂഹത്തിലേക്ക് തിരിച്ചുവന്ന് അവര്‍ക്ക് ഉദ്‌ബോധനം നല്‍കുന്നതിനും അതുവഴി അവര്‍ നിഷിദ്ധത്തെ കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകാനും.”1 ‘ദീനിലെ വ്യുല്‍പത്തി’ എന്ന് ഖുര്‍ആന്‍ പ്രയോഗിച്ച സൂക്തമിതാണ്. ഇവിടെ ‘തഫഖുഹി’ന്റെ ആശയതലങ്ങള്‍ എന്തൊക്കെയാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക നിയമസംഹിതയുടെ (ശരീഅത്ത്) അടിസ്ഥാനങ്ങളിലും വിധിവിലക്കുകളിലും പരിജ്ഞാനമുണ്ടാവുക, വിഷയങ്ങള്‍ ഉള്‍ക്കാഴ്ചയോടെയും അവഗാഹത്തോടെയും മനസ്സിലാക്കുക-ഇതാണ് തഫഖുഹ്.2 വൈജ്ഞാനികമായ കൈകാര്യകര്‍തൃശേഷി,3 ബൗദ്ധിക മികവോടെ വിഷയം മനസ്സിലാക്കാനും അപഗ്രഥിക്കാനുമുള്ള കഴിവ്4 എന്നൊക്കെ തഫഖുഹ് നിര്‍വചിക്കപ്പെടുന്നു. ‘അനുഷ്ഠാന കര്‍മങ്ങളുടെയും (ഇബാദത്ത്) ഇടപാടുകളുടെയും (മുആമലാത്ത്) നിയമവിധികളാണ് ഫിഖ്ഹ്, അതുസംബന്ധിച്ച അറിവും ഉദ്ധരിക്കാനുള്ള ശേഷിയുമാണ് തഫഖുഹ്’ എന്ന ധാരണ തിരുത്തപ്പെടേണ്ടതാണെന്ന് ഈ നിര്‍വചനങ്ങള്‍ മനസ്സിലാക്കിത്തരുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ സമഗ്രമായ വ്യുല്‍പത്തിയാണ് തഫഖുഹിന്റെ ഒന്നാമത്തെ വശം. അതിന്റെ ഒരു ചെറുവശം മാത്രമാണ് ‘കര്‍മശാസ്ത്രം’ എന്ന് വ്യവഹരിക്കപ്പെടുന്ന ഫിഖ്ഹും അതു സംബന്ധിച്ച വിവരവും. പ്രമാണങ്ങളില്‍ അവഗാഹം, പാഠങ്ങളുടെ ബാഹ്യ-ആന്തരിക വശങ്ങള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍, അവയുടെ പശ്ചാത്തലം എന്നിവ സംബന്ധിച്ച അവബോധം, അവയില്‍നിന്ന് കാലികമായി കരഗതമാകേണ്ട വെളിച്ചം, തുറക്കേണ്ട പുതിയ വാതിലുകള്‍, അതിലൂടെ എത്തിച്ചേരേണ്ട ലക്ഷ്യങ്ങള്‍ തുടങ്ങിയവയൊക്കെ തഫഖുഹിന്റെ വിശദാംശങ്ങളാണ്. ജീവിക്കുന്ന ലോകത്തെയും കാലത്തെയും കുറിച്ച യാഥാര്‍ഥ്യ ബോധമാണ് തഫഖുഹിന്റെ രണ്ടാമത്തെ വശം. അപ്പോള്‍ മാത്രമേ, പുതിയ വാതിലുകള്‍ തുറക്കുകയെന്ന ഫിഖ്ഹിന്റെ ആശയം പൂര്‍ത്തീകരിക്കാന്‍ ഫഖീഹിന് കഴിയുകയുള്ളൂ. ഈ യോഗ്യതകള്‍ കൈവരിക്കാത്തവര്‍, ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിച്ച് നിയമ-നിലപാട് രൂപീകരണത്തിന് മുതിരരുത് എന്ന താക്കീതും ഈ ആയത്ത് ഉള്‍വഹിക്കുന്നു. പ്രമാണവായനയെ സംബന്ധിച്ച് ഈ ആയത്തില്‍ അടങ്ങിയിട്ടുള്ള പാഠങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്, ജിഹാദിന്റെ ഒരു ഭാഗമായ അനിവാര്യഘട്ടങ്ങളിലുള്ള യുദ്ധത്തിന് വിശ്വാസികള്‍ ഒന്നടങ്കം പോകരുത്. ഒരു സംഘം വൈജ്ഞാനിക രംഗത്ത് വ്യുല്‍പത്തി നേടുകയെന്നതും സായുധസമരം പോലെ പ്രധാനപ്പെട്ടതാണ്. യുദ്ധത്തിനും വൈജ്ഞാനിക ഗവേഷണത്തിനും പോകുന്നതിനെ കുറിക്കാന്‍ ഒരേ പദമാണ് (നഫറ) ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്ര പ്രാധാന്യത്തോടെ പരിഗണിച്ചതില്‍നിന്ന്, ‘തഫഖുഹ്’ ഇസ്‌ലാമില്‍ എത്രമാത്രം ഗൗരവമര്‍ഹിക്കുന്ന വിഷയമാണെന്ന് മനസ്സിലാക്കാം. ‘തഫഖുഹ്’ ഇല്ലാത്ത പ്രമാണ വായനകള്‍ ഈ ഗൗരവത്തെ നിഷേധിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്.

രണ്ട്, ദീനില്‍ വ്യുല്‍പത്തി നേടിയ ഒരു വിഭാഗം പണ്ഡിതന്മാര്‍ ഇസ്‌ലാമിക സമൂഹത്തില്‍ അനിവാര്യമാണ്. അവര്‍ ഗവേഷണ പഠനങ്ങള്‍ക്കായി ത്യാഗപൂര്‍വം പരിശ്രമിക്കണം. സമൂഹത്തെ മാര്‍ഗദര്‍ശനം ചെയ്യാനും ഉദ്‌ബോധിപ്പിക്കാനുമുള്ള (ഇന്‍ദാര്‍) വൈജ്ഞാനിക നിലവാരം അവര്‍ക്കുണ്ടാകണം. എല്ലാ വിശ്വാസികള്‍ക്കും ദീനിനെകുറിച്ച സാമാന്യമായ അറിവും ബോധവും ഉണ്ടാകണം. എന്നാല്‍ ദീനിലെ അവഗാഹം എല്ലാവര്‍ക്കും ഒരുപോലെ ബാധ്യതയല്ല, അത് സാധ്യവുമല്ല. അവഗാഹം നേടാനായി ഒഴിഞ്ഞിരിക്കുന്ന ഒരു സംഘം (ത്വാഇഫത്ത്) ഉണ്ടായാല്‍ മതി. ഇത് സാമൂഹിക ബാധ്യതയാണ് (ഫര്‍ദ് കിഫായ), വ്യക്തി ബാധ്യത (ഫര്‍ദ് ഐന്‍) അല്ലെന്ന പണ്ഡിതാഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക.

മൂന്ന്, തന്റെ അനുയായികള്‍ക്കെല്ലാം തഫഖുഹ് നല്‍കണേ എന്ന് നബി പ്രാര്‍ഥിക്കുകയുണ്ടായില്ല. പ്രത്യേകം ചിലര്‍ക്ക് അതുണ്ടായാല്‍ മതി എന്നതുകൊണ്ടാണ് അങ്ങനെ പ്രാര്‍ഥിക്കാതിരുന്നതും, ‘അല്ലാഹുവേ അബ്ദുല്ലാഹിബ്‌നു അബ്ബാസിന് ദീനില്‍ വ്യുല്‍പത്തി നല്‍കണേ, വേദവ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്യേണമേ’5 എന്നു പ്രാര്‍ഥിച്ചതും. ‘നന്മ ഉദ്ദേശിച്ചവന് ദീനില്‍ വ്യുല്‍പത്തി നല്‍കും’6 എന്ന് നബി പ്രസ്താവിച്ചിട്ടു്. ഇതിനര്‍ഥം, തഫഖുഹ് ഉള്ളവര്‍ക്കേ നന്മ (ഖൈര്‍) ഉള്ളൂ എന്നല്ല. പലര്‍ക്കും പലതരത്തിലുള്ള നന്മകള്‍ നല്‍കപ്പെടും. ദൈവമാര്‍ഗത്തില്‍ വ്യയം ചെയ്യുന്ന സമ്പത്തും അനിവാര്യ ഘട്ടത്തില്‍ ജീവത്യാഗം ചെയ്യാവുന്ന മെയ് കരുത്തും ധീരതയുമൊക്കെ നന്മതന്നെയാണ്. ചിലര്‍ക്ക് തഫഖുഹ് വഴിയുള്ള നന്മയാണ് നല്‍കപ്പെടുക. ഖാദി ശുറൈഹിന്റെ പ്രസിദ്ധമായൊരു പ്രസ്താവമുണ്ട്; തനിക്ക് വിധിതീര്‍പ്പ് (ഖളാഅ്) പഠിപ്പിച്ചുതരണമെന്നാവശ്യപ്പെട്ട് ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. ‘വിധിതീര്‍പ്പ് ഒരു ഫിഖ്ഹ് ആണ്, അത് പഠിച്ചെടുക്കാന്‍ കഴിയുന്നതല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നബിയുടെ പ്രാര്‍ഥനയിലെ ആശയത്തെ പ്രതിഫലിപ്പിക്കുന്ന മറുപടിയാണിത്. ‘തഫഖുഹ്’ പഠനഗവേഷണത്തിലൂടെ ആര്‍ജിച്ചെടുക്കാന്‍ കഴിയില്ല എന്നല്ല ഇവിടെ ഉദ്ദേശ്യം, മറിച്ച് അല്ലാഹുവിന്റെ സവിശേഷ അനുഗ്രഹത്തോടെ മാത്രമേ അത് സാധ്യമാകൂ എന്നാണ്.

പക്വതയെത്തിയ പണ്ഡിതന്മാര്‍
‘ജ്ഞാനത്തിന്റെ പക്വതയെത്തുക’യെന്നത് പ്രമാണ വായനയുടെ പ്രധാനപ്പെട്ട ഒരു മാനദണ്ഡമായി ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തഫഖുഹിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് ‘ജ്ഞാനത്തില്‍ പക്വതയെത്തിയവര്‍’ (അര്‍റാസിഖൂന ഫില്‍ ഇല്‍മ്) എന്ന പ്രയോഗവും അതിന്റെ സന്ദര്‍ഭവും. ”അവനാകുന്നു താങ്കള്‍ക്ക് ഈ ഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ രണ്ടു തരം സൂക്തങ്ങളുണ്ട്. ഒന്ന്, മുഹ്കമാത്ത് (സ്പഷ്ടമായത്). രണ്ട്, മുതശാബിഹാത്ത് (സേന്ദഹസാധ്യതയുള്ളത്). മനസ്സുകളില്‍ വക്രതയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണ്ട് മുതശാബിഹാത്തുകളുടെ പിന്നാലെ നടക്കുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹുവല്ലാതാരുമറിയുന്നില്ല. ജ്ഞാനത്തില്‍ പക്വതയെത്തിയവര്‍, ഇതെല്ലാം ഞങ്ങളുടെ റബ്ബില്‍ നിന്നുള്ളതാണെന്നും ഞങ്ങള്‍ക്കതില്‍ വിശ്വാസമുണ്ടെന്നും പറയും. ഏതുകാര്യത്തിലും ശരിയായ പാഠം പഠിക്കുന്നത് ബുദ്ധിമാന്മാര്‍ മാത്രമായിരിക്കും എന്നതത്രെ സത്യം.”7 ഇതിലെ, ‘അല്ലാഹുവല്ലാതാരുമറിയുന്നില്ല’ എന്നതുവരെയുള്ള ഭാഗം ഒരു പൂര്‍ണവാചകമായി പരിഗണിക്കുമ്പോള്‍ ഇതാണ് ആയത്തിന്റെ അര്‍ഥം. വാചകഘടനയനുസരിച്ച് സാധ്യതയുള്ള മറ്റൊരു അര്‍ഥം ഇങ്ങനെ; ”അല്ലാഹുവിനും ജ്ഞാനത്തില്‍ പക്വതയെത്തിയവര്‍ക്കും മാത്രമേ അവയുടെ വ്യാഖ്യാനം അറിയൂ.” അല്ലാഹുവിലേക്ക് ‘അര്‍റാസിഖൂന ഫില്‍ ഇല്‍മ്’ എന്നതിനെ സംയോജിപ്പിക്കുമ്പോള്‍ (അത്വ്ഫ്) ആണ് ഇങ്ങനെ അര്‍ഥം വരുന്നത്. ഈ അഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്. അപ്പോള്‍, സന്ദേഹസാധ്യതയുള്ള (മുതശാബിഹാത്ത്) ആയത്തുകളുടെ വ്യാഖ്യാനവും പക്വതയെത്തിയ പണ്ഡിതന്മാര്‍ക്ക് അറിയാനാകും എന്ന ആശയമാണ് ലഭിക്കുക.

ജ്ഞാനത്തില്‍ പക്വതയെത്തിയവരും വ്യുല്‍പത്തി നേടിയവരും മാത്രമേ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കാനും അതുപ്രകാരം സമൂഹത്തെ മാര്‍ഗദര്‍ശനം ചെയ്യാനും തുനിയാവൂ എന്ന ആശയമാണ് ഇതിലൂടെ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. പക്വതയും പാണ്ഡിത്യവുമില്ലാത്തവര്‍ അതിനു മുതിര്‍ന്നാല്‍ അനര്‍ഥങ്ങളുണ്ടാകുമെന്ന് ആയത്തിലെ പരാമര്‍ശങ്ങളില്‍നിന്ന് വ്യക്തമാകുന്നു. പക്വതയുടെ വിപരീതാര്‍ഥത്തില്‍ ഉപയോഗിച്ച ‘വക്രത’ (സൈഗ്), അതുവഴി സമൂഹത്തില്‍ ഉണ്ടാകുന്ന ‘അരാജകത്വം’ (ഫിത്‌ന) തുടങ്ങിയ ഖുര്‍ആന്‍ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. ഇതെല്ലാം പ്രമാണവായനയിലെ വൈകല്യങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച മുന്നറിയിപ്പാണ്.

‘തഅ്‌വീലി’ന് രണ്ട് അര്‍ഥങ്ങളുണ്ട്. ഒരു കാര്യത്തിന്റെ യാഥാര്‍ഥ്യവും സത്യാവസ്ഥയുമാണ് ഒന്നാമത്തേത്. ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്; ”അതിന്റെ യാഥാര്‍ഥ്യം പുലരുന്നതല്ലാതെ മറ്റെന്താണവര്‍ പ്രതീക്ഷിച്ചിരിക്കുന്നത്; അതിന്റെ യാഥാര്‍ഥ്യം പുറത്തുവരും നാളില്‍” (അല്‍ അഅ്‌റാഫ് 53). പരലോകത്തെ സംബന്ധിച്ച് അവര്‍ക്ക് നല്‍കപ്പെട്ട വിവരങ്ങളുടെ ‘യാഥാര്‍ഥ്യം’ എന്നാണിവിടെ തഅ്‌വീലിന് അര്‍ഥം. അവസ്ഥാവിശേഷങ്ങളെ സംബന്ധിച്ച യാഥാര്‍ഥ ജ്ഞാനം (അല്‍ ഇല്‍മു ബില്‍ കൈഫിയ്യാത്ത്) ഇതിലുള്‍പ്പെടുന്നു. അന്ത്യനാള്‍, വിചാരണ, സ്വര്‍ഗ നരകങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ഖുര്‍ആനിക വിവരണങ്ങളുടെ അകംപൊരുള്‍ ഉദാഹരണം. ഇമാം മാലിക് പറഞ്ഞിട്ടുണ്ടല്ലോ; ‘അല്ലാഹു സിംഹാസനസ്ഥനായി എന്നത് അറിയപ്പെട്ടതാണ്, പക്ഷേ അതിന്റെ രൂപവും രീതിയും (കൈഫിയ്യത്ത്) നമുക്ക് അജ്ഞാതമാണ്. അത് വിശ്വസിക്കല്‍ നിര്‍ബന്ധവും ചോദ്യം ചെയ്യല്‍ ബിദ്അത്തുമാണ്.’8

ഈ ആയത്തില്‍ തഅ്‌വീലിന് യാഥാര്‍ഥ്യം എന്നാണ് അര്‍ഥം പറയുന്നതെങ്കില്‍ ‘അല്ലാഹുവിന് മാത്രം’ (ഇലാഹ്) എന്നിടത്ത് പൂര്‍ണവിരാമം (വഖ്ഫ്) കുറിക്കണം.

എന്നാല്‍ തഅ്‌വീലിന്റെ രണ്ടാമത്തെ അര്‍ഥം, വിശദീകരണം, വ്യാഖ്യാനം, വിവരണം എന്നൊക്കെയാണ്. ഇങ്ങനെ ഒരായത്തുണ്ട്; ”ഇവരും പറഞ്ഞു; ഞങ്ങള്‍ക്ക് ഇതിന്റെ വ്യാഖ്യാനം പറഞ്ഞുതരിക.”9 വ്യാഖ്യാനം എന്ന അര്‍ഥമാണ് തഅ്‌വീലിന് നല്‍കുന്നതെങ്കില്‍, ‘അല്ലാഹുവിനും ജ്ഞാനത്തില്‍ പക്വതയെത്തിയവര്‍ക്കും അതിന്റെ ആശയമറിയും’ എന്നാണ് അര്‍ഥം വരിക. മുതശാബിഹാത്തിന്റെ വ്യാഖ്യാനവും വിശദീകരണവും സാമാന്യമായി മനസ്സിലാക്കാന്‍ ജ്ഞാനത്തില്‍ പക്വതയെത്തിയ പണ്ഡിതന്മാര്‍ക്ക് കഴിയും. എന്നാല്‍, അതിന്റെയെല്ലാം യാഥാര്‍ഥ്യം മനസ്സിലാക്കി അവസാനവാക്ക് പറയാന്‍ അവര്‍ക്ക് കഴിയില്ല; അതേകുറിച്ച് ‘ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു’ എന്നവര്‍ പ്രഖ്യാപിക്കും.10 ഇബ്‌നു മസ്ഊദും ഇബ്‌നു ജരീറും ആദ്യത്തെ അര്‍ഥം സ്വീകരിച്ചവരാണ്. നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രണ്ടാമത്തെ അര്‍ഥമാണ് അംഗീകരിച്ചിട്ടുള്ളത്. ഇബ്‌നു അബ്ബാസ് രണ്ടാമത്തെ അര്‍ഥം അംഗീകരിക്കുകയും താന്‍ ജ്ഞാനത്തില്‍ പക്വതയെത്തിയവനാണെന്ന് പറയുകയും ചെയ്തിരുന്നു.11 ഇതില്‍ ഏതാണ് ശരി, തെറ്റ് എന്നതല്ല നമ്മുടെ വിഷയം; പ്രമാണവായനയില്‍ ഉണ്ടാകേണ്ട സൂക്ഷ്മതയെകുറിച്ച് ഈ ആയത്ത് പ്രാധാന്യപൂര്‍വം ഉണര്‍ത്തുന്നു എന്നതാണ്.

ഈ ആയത്തിനെ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍, ഒരു വീക്ഷണതലത്തില്‍ പണ്ഡിതന്മാര്‍ രണ്ടു വിഭാഗമുണ്ട്. ജ്ഞാനത്തില്‍ പക്വതയെത്തിയ വിവേകശാലികളാണ് ഒന്നാമത്തേത്. അവിവേകമോ അല്‍പജ്ഞാനമോ സ്വാര്‍ഥ താല്‍പര്യങ്ങളോ നിമിത്തം പ്രമാണ വ്യാഖ്യാനങ്ങളിലൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന അപക്വമതികളാണ് രണ്ടമത്തേത്. നിയമനിര്‍ദേശങ്ങളുടെ വൈവിധ്യപൂര്‍ണമായ സാകല്യമാണ് പ്രമാണങ്ങള്‍. ഭൂമിയില്‍ മനുഷ്യജീവിതത്തെ ക്ഷേമസമ്പൂര്‍ണമാക്കാനുള്ള മൗലിക തത്ത്വങ്ങളാണ് അവയിലെ മഹാ ഭൂരിപക്ഷവും. ഖുര്‍ആനെ സംബന്ധിച്ച്, മുഖ്യഭാഗം (ഉമ്മുല്‍ കിതാബ്) സുവ്യക്തമാണ് (മുഹ്കമാത്ത്) എന്ന് പറഞ്ഞതിന്റെ അര്‍ഥമിതാണ്. ജീവിത യാഥാര്‍ഥ്യങ്ങള്‍ മുന്‍നിര്‍ത്തി മുന്‍ഗണനാക്രമം പാലിച്ച് ഈ നിയമങ്ങളെ സമീപിക്കുന്നവരാണ് പക്വതയെത്തിയ പണ്ഡിതന്മാര്‍. വേരുറക്കുക, അടിയുറക്കുക എന്നൊക്കെയാണ് ‘റസഖ’യുടെ അര്‍ഥം. അറിവില്‍ അടിയുറക്കുകയും അത് കൈകാര്യം ചെയ്യുന്നതില്‍ യാഥാര്‍ഥ്യബോധമുണ്ടാവുകയും ചെയ്യുമ്പോഴാണ് പണ്ഡിതന്മാര്‍ പക്വത പ്രാപിച്ചവരാകുന്നത്. ഗവേഷണ പഠനങ്ങളിലൂടെയും മനന നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തേണ്ട ഖുര്‍ആന്റെ ഗുപ്ത ആശയലോകം ജ്ഞാനശേഷിയുള്ള പണ്ഡിതന്മാര്‍ക്കു മുമ്പിലാണ് തുറക്കപ്പെടുക. അവരേ അത് തുറക്കാന്‍ ശ്രമിക്കാവു.

മനോവൈകൃതമുള്ളവരാണ് രണ്ടാമത്തെ വിഭാഗം പണ്ഡിതന്മാര്‍. ചിലര്‍ക്ക് വിവരശേഖരങ്ങളുണ്ടാകും, പക്വത ഒട്ടുമുണ്ടാവില്ല. ചിലര്‍ വിവരവും പക്വതയും കുറഞ്ഞവരായിരിക്കും. ചിലര്‍ക്ക് വിവരവും ഗവേഷണ ചാതുരിയുമുണ്ടെങ്കിലും മനസ്സില്‍ വക്രതയും ചായ്‌വും പക്ഷപാതിത്വങ്ങളുമുണ്ടാകും. തെളിഞ്ഞ മനസ്സും യാഥാര്‍ഥ്യജ്ഞാനവും സ്വന്തം പരിമിതികളെക്കുറിച്ച ബോധ്യവുമൊന്നുമില്ലാതെ ഇത്തരക്കാര്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മുന്‍ഗണനാക്രമം അട്ടിമറിക്കുകയെന്നത് അവരുടെ ഒരു ലക്ഷണമാണ്. അതതുകാലത്തെ മനുഷ്യജീവിത യാഥാര്‍ഥ്യങ്ങളെയും അവയെ അഭിസംബോധന ചെയ്യുന്ന മുഖ്യപ്രമാണങ്ങളെയും അവര്‍ അവഗണിക്കും. സമകാലിക സാഹചര്യത്തിലും ദീനിന്റെ മുന്‍ഗണനാക്രമത്തിലും അപ്രധാനവും സംശയഗ്രസ്ഥവുമൊക്കെയായ പ്രമാണങ്ങളുടെ പിറകെ പോകാനായിരിക്കും അവര്‍ക്കു താല്‍പര്യം! ‘മുഖ്യവിഷയ’ങ്ങളിലുള്ള ഈ അട്ടിമറി അവരുടെ പക്വതയില്ലായ്മയുടെ ഒരടയാളമാണ്. തന്നിഷ്ടങ്ങളും പക്ഷപാതിത്വങ്ങളുമായിരിക്കും പലപ്പോഴും അത്തരക്കാരെ നിയന്ത്രിക്കുന്നുണ്ടാവുക. അവരുടെ പ്രമാണ വ്യാഖ്യാന സമീപനം വ്യക്തി-കുടുംബ-സാമൂഹിക തലങ്ങളില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങളും അപകടങ്ങളും (ഫിത്‌ന) സൃഷ്ടിക്കുമെന്ന ഖുര്‍ആനിന്റെ പ്രസ്താവം അടിവരയിട്ട് വായിക്കേണ്ടതുതന്നെ. ചിലര്‍ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുമ്പോള്‍ ‘ഫിത്‌ന’ ഉണ്ടായിത്തീരുന്നതിന്റെ കാരണമെന്തെന്നും ചിന്തനീയമാണ്.

അറിവും വിവരവും മാത്രമല്ല, ധാര്‍മികതയും സാംസ്‌കാരിക നിലവാരവും പാലിക്കാന്‍ കഴിയുകയെന്നത് ‘ജ്ഞാനത്തില്‍ പക്വതയെത്തിയ പണ്ഡിതന്‍’മാരുടെ അടയാളമാണ്. അതുകൊണ്ടാണ്, ‘വലതുകൈ പുണ്യം ചെയ്തവര്‍, നാവുകൊണ്ട് സത്യം പറയുന്നവര്‍, ഹൃദയത്തില്‍ സ്ഥിരതയുള്ളവര്‍, സമ്പാദ്യത്തിലും സദാചാര ബോധത്തിലും (വയറും ലിംഗവും) പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നവര്‍’ എന്ന് ജ്ഞാനത്തില്‍ പക്വതയെത്തിയവരെ നബി (സ) വിശേഷിപ്പിച്ചത്. ശ്രേഷ്ഠ പണ്ഡിതന്മാര്‍ (ഉലമാഉല്‍ ഖൈര്‍), മ്ലേഛ പണ്ഡിതന്മാര്‍ (ഉലമാഉസ്സൂഅ്) എന്നിങ്ങനെയുള്ള ഇമാം ഗസാലിയുടെ വിശദീകരണവും ദുഷിച്ച പണ്ഡിതന്മാര്‍ക്കെതിരെ അദ്ദേഹം നടത്തിയ രൂക്ഷ വിമര്‍ശനവും ഇവിടെ പ്രസക്തമാണ്. അറിവില്ലാത്തതു മാത്രമല്ല ഉള്ള അറിവ് പലവിധത്തില്‍ ദുരുപയോഗം ചെയ്യുന്നതും പ്രശ്‌നങ്ങള്‍ക്ക് ഹേതുവാണ്. പ്രമാണവ്യാഖ്യാനങ്ങള്‍ക്ക് യോഗ്യതയുള്ള പണ്ഡിതന്മാരെ സംബന്ധിച്ച് വേറെയും ചില പാഠങ്ങള്‍ ഖുര്‍ആനിലു്.12

കുറിപ്പുകള്‍

1. അത്തൗബ 122

2. മുഅ്ജമുല്ലുഗത്തില്‍ അറബിയ്യ അല്‍ മുആസ്വിറ

3. മുഖ്താറുസ്വിഹാഹ്

4. അല്‍ മുഅ്ജമുല്‍ വസീത്വ്

5. ബുഖാരി, മുസ്‌ലിം

6. സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്

7. ആലുഇംറാന്‍ 7

8. തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം 12/2-6, ഫൈദുല്‍ ഖദീര്‍ 1/473, മജ്മിഉ ഫതാവാ 1/29

9. യൂസുഫ് 36

10. ഇബ്‌നു കസീര്‍ 1/266

11. അര്‍രിസാലത്തു ആദമിയ്യ 1/39, തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം 12/2-6

12. അന്നിസാഅ് 59, 83, ഫാത്വിര്‍ 28, സുമര്‍ 9, അന്നഹ്ല്‍ 43, ആലുഇംറാന്‍ 79

Tags:

ADD COMMENT

Previous Next
Close
Test Caption
Test Description goes like this