Latest News


Single

STUDIES

സമഗ്ര പരിജ്ഞാനം, ഭാഷാ അവഗാഹം

November 29, 2018 | by admin_profile


വിശുദ്ധ ഖുര്‍ആന്‍ ‘ജനങ്ങളുടെ സന്മാര്‍ഗമാണ്.’ 1 എന്നും ‘ധര്‍മബോധം-തഖ്‌വ-ഉള്ളവരുടെ സന്മാര്‍ഗമാണ് ഈ ഗ്രന്ഥം’2 എന്നും രണ്ടു പ്രഖ്യാപനങ്ങള്‍ അല്ലാഹു നടത്തിയിട്ടുണ്ട്. വൈരുധ്യാത്മകല്ല, പരസ്പരപൂരകങ്ങളാണ് രണ്ട് ആയത്തുകളും. ഒന്ന്, ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്മാര്‍ഗമായാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. അതാഗ്രഹിച്ചുകൊണ്ട് സദുദ്ദേശ്യത്തോടെ ഖുര്‍ആന്‍ കൈയിലെടുക്കുന്നവര്‍ക്ക് ആ വെളിച്ചം ലഭിക്കും. ചിലപ്പോള്‍, എതിര്‍ക്കാനായി ഖുര്‍ആന്‍ വായിച്ചവരെയും അതിന്റെ അമാനുഷികത കീഴ്പ്പെടുത്തും. രണ്ടായിരുന്നാലും മനുഷ്യരുടെ യഥാര്‍ഥ സന്മാര്‍ഗം ഖുര്‍ആനാണ്-ഇതാണ് ഹുദന്‍ ലിന്നാസ്. പ്രകൃത്യാ മനുഷ്യനില്‍ നിക്ഷിപ്തമായ നന്മേഛയും ധാര്‍മിക ബോധവുമുള്ളവര്‍ക്ക് ഖുര്‍ആനിന്റെ വെളിച്ചം ലഭിക്കും-ഇതാണ് ഹുദന്‍ ലില്‍ മുത്തഖീന്‍. ഇത് ആദ്യ വചനത്തിന്റെ അനുപൂരകമാണ്. ഇതിന്റെ രണ്ടാമത്തെ അര്‍ഥം ഇങ്ങനെ: ഇസ്‌ലാമിന്റെ സന്മാര്‍ഗം ലഭിച്ചുകഴിഞ്ഞവര്‍ക്ക്/മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ പ്രയോജനപ്പെടണമെങ്കില്‍ ദൈവഭക്തി (തഖ്‌വ) അനിവാര്യമാണ്. പ്രമാണ വായനയുടെ ഒന്നാമത്തെ നിബന്ധനയും ഇതുതന്നെ. ശരിയായ വിശ്വാസം (ഈമാന്‍), നന്മേഛ, ദൈവഭക്തി, സൂക്ഷ്മത, പ്രാര്‍ഥനാ മനസ്സ്, പരലോക ബോധം, ആത്മാര്‍ഥത എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഉദ്ദേശ്യശുദ്ധിയും ലക്ഷ്യബോധവുമാണ് തഖ്‌വ കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

അല്ലാഹുവിനെ മാത്രം മുന്‍നിര്‍ത്തിയുള്ള കര്‍മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഉദ്ദേശ്യം (നിയ്യത്ത്) അനുസരിച്ചാണെന്നത് പ്രബലവും പ്രസിദ്ധവുമായ നബിവചനമാണ്. പ്രമാണ വായനയില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സ്വാധീനം ചെലുത്താതിരിക്കണമെങ്കില്‍ ഈ നിബന്ധന കണിശമായി പാലിച്ചിരിക്കണം. വ്യക്തി, സമ്പത്ത്, സ്ഥാനമാനങ്ങള്‍, രാഷ്ട്രീയം, സംഘടന, മദ്ഹബ്, ദേശീയത, വംശീയത, ഗോത്രം തുടങ്ങിയ പല ഘടകങ്ങളും പ്രമാണ വായനയെ തെറ്റായ വഴിക്ക് നയിക്കാന്‍ സാധ്യതയുണ്ട്. വിശുദ്ധ ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനിക്കാന്‍ ചിലര്‍ ധൃഷ്ടരാകുന്നത് അവരെ സ്വാര്‍ഥതകള്‍ ഭരിക്കുമ്പോഴാണ്. ചിലരുടെ വ്യാഖ്യാനങ്ങള്‍ കാണുമ്പോള്‍, പരലോക ബോധമില്ലാതെയാണോ പ്രമാണങ്ങളെ സമീപിക്കുന്നതെന്ന് തോന്നും. ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുകയും തദടിസ്ഥാനത്തില്‍ വാദമുഖങ്ങള്‍ രൂപപ്പെടുത്തുകയും ജനങ്ങളെ ആ വഴിക്ക് നയിക്കുകയും ചെയ്യുന്ന മതനേതാക്കള്‍ക്കും പ്രഭാഷകര്‍ക്കുമെല്ലാം അതിന്റെ പേരില്‍ അല്ലാഹുവിങ്കല്‍ വിചാരണ നേരിടേണ്ടിവരും എന്ന ഉത്തമബോധ്യം ഉണ്ടാകേണ്ടതുണ്ട്. ഓരോ വാചകത്തെ സമീപിക്കുമ്പോഴും ആ ബോധം നിറഞ്ഞുനിന്നാല്‍, പ്രമാണ വായനയില്‍ ഏറെ സൂക്ഷ്മത കൈവരും. വീക്ഷണങ്ങള്‍ വിശാലമാകാനും ഭിന്നാഭിപ്രായങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനും സ്വന്തം തെറ്റുകള്‍ ബോധ്യപ്പെട്ട് തിരുത്തി സത്യം അംഗീകരിക്കാനും പണ്ഡിതന്മാരെ പ്രാപ്തരാക്കുന്നതില്‍ ‘ഹൃദയ വിശാലത’ക്ക് വലിയ പങ്കുണ്ട്. ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ‘ശര്‍ഹു സ്വദ്ര്‍’ തഖ്‌വയുടെ ഭാഗമാണ്.3 ഇബ്‌നു തൈമിയ്യ പറയുന്നു: ‘മനുഷ്യന്‍ വിശ്വാസവും വിജ്ഞാനവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഇല്ലാതിരുന്ന പുതിയൊരു അറിവ് കിട്ടിയാല്‍ അത് പിന്തുടരണം. പഴയതില്‍നിന്ന് പുതിയതിലേക്കുള്ള ഈ മാറ്റം ചാഞ്ചല്യമല്ല; മറിച്ച് അല്ലാഹു സന്മാര്‍ഗം വര്‍ധിപ്പിച്ചുകൊടുക്കുന്നതാണ്. അല്ലാഹു പറഞ്ഞിട്ടുണ്ട്: ‘നാഥാ, എനിക്ക് വിജ്ഞാനം വര്‍ധിപ്പിച്ചുതണമേ’ എന്ന് പ്രാര്‍ഥിച്ചുകൊള്ളുക.”4 പണ്ഡിതന്മാരോടും ആദര്‍ശസഹോദരന്മാരോടും ഉറ്റബന്ധം നിലനിര്‍ത്തുകയും സത്യം തേടിക്കൊണ്ടിരിക്കുകയും അത് കണ്ടെത്തിയാല്‍ പിന്തുടരുകയും ചെയ്യേണ്ടത് ഓരോ സത്യവിശ്വാസിക്കും നിര്‍ബന്ധമാണ്.”5 നബി പഠിപ്പിച്ച ഒരു പ്രാര്‍ഥന ഇങ്ങനെ: ‘നാഥാ എനിക്ക് പ്രയോജനകരമായ വിജ്ഞാനം വര്‍ധിപ്പിച്ചുതരണമേ!” അറിവ് മറച്ചുവെക്കാന്‍ കഴിയാത്ത പണ്ഡിതനായി മാറാന്‍ തഖ്‌വ അനിവാര്യമാണ്. അറിവ് മറച്ചുവെക്കുന്നത് അല്ലാഹു വിലക്കി, ദുര്‍വ്യാഖ്യാനങ്ങളുടെയും സ്വയം പ്രമാണങ്ങള്‍ ചമക്കുന്നതിന്റെയും പേരില്‍ പൗരോഹിത്യത്തെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചു. പൗരോഹിത്യ ദുര്‍ഗുണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുക ദൈവഭക്തരായ, പരലോക ബോധമുള്ള പണ്ഡിതന്മാര്‍ക്കാണ്.

സമഗ്രമായ പരിജ്ഞാനം

വിശുദ്ധ ഖുര്‍ആനിലും ഹദീസ് ഗ്രന്ഥങ്ങളിലും വിഷയങ്ങള്‍ വിവിധ ഇടങ്ങളിലായി പരന്നുകിടക്കുന്നതുകൊണ്ട് അതുസംബന്ധിച്ച സമഗ്രമായ പരിജ്ഞാനം ഗവേഷകര്‍ക്ക് ആവശ്യമാണ്. ഒരു വിഷയത്തില്‍ വ്യത്യസ്ത ഇടങ്ങൡ വന്നിട്ടുള്ള ആയത്തുകളും ഹദീസുകളും ചേര്‍ത്തുവെച്ച് സമന്വയിപ്പിക്കണം. അനുബന്ധ വിഷയങ്ങളും പരിഗണിക്കണം. അതിനു ശേഷമേ വിഷയത്തില്‍ നിലപാട് രൂപപ്പെടുത്താവൂ. ഇല്ലെങ്കില്‍ അബദ്ധങ്ങളില്‍ അകപ്പെടും, ചിലപ്പോള്‍ അപകടങ്ങളിലും. ഉദാഹരണമായി മദ്യപാനത്തെക്കുറിച്ച ഖുര്‍ആനിക വിധികള്‍ മൂന്ന് അധ്യായങ്ങളിലായാണുള്ളത്. ആദ്യവിധി ഇങ്ങനെ: ‘മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ രണ്ടിലും വലിയ തിന്മകളാണുള്ളത്; ആളുകള്‍ക്ക് അല്‍പം പ്രയോജനവുമുണ്ടെങ്കിലും. എന്നാല്‍ അവയുടെ പ്രയോജനത്തേക്കാള്‍ വലുതാകുന്നു അവയുടെ തിന്മ.”6 ഇവിടെ മദ്യം നിരോധിച്ചിട്ടിട്ടില്ല. രണ്ടാമത്തെ വിധി ഇതാണ്: ‘അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിച്ചവരായി നമസ്‌കാരത്തെ സമീപിക്കാതിരിക്കുക. നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തെന്ന് ബോധമുള്ള സമയത്താണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്.”7 ഈ സൂക്തമനുസരിച്ച് മദ്യപാനം നിഷിദ്ധമല്ല, നമസ്‌കരിക്കുമ്പോള്‍ ലഹരിയില്ലാതിരുന്നാല്‍ മതി. മൂന്നാമത്തെ വിധി, പൂര്‍ണ നിരോധത്തിന്റേതാണ്: ‘വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നാസ്ത്രങ്ങളും എല്ലാം പൈശാചിക വൃത്തികളില്‍പെട്ട മാലിന്യങ്ങളാകുന്നു. അവ വര്‍ജിക്കുക, നിങ്ങള്‍ക്ക് വിജയസൗഭാഗ്യം പ്രതീക്ഷിക്കാം.”8 മൂന്നാമത്തെ ആയത്തിനെ കുറിച്ച് അറിയാത്ത ഒരാള്‍ ഒന്നാമത്തെ ആയത്ത് മാത്രമോ, ഒന്നും രണ്ടും സൂക്തങ്ങള്‍ ഒരുമിച്ചോ വായിച്ച് നിലപാടെടുത്താല്‍ എങ്ങനെയിരിക്കും? ഇസ്‌ലാം പൂര്‍ണമായി നിരോധിച്ച മദ്യം ഖുര്‍ആന്‍ ആയത്ത് ഓതിത്തന്നെ അയാള്‍ പാനം ചെയ്യുന്ന അവസ്ഥ വരും! പ്രമാണങ്ങളിലെ ഭാഗികമായ അറിവിന്റെ അപകടം മനസ്സിലാക്കാവുന്ന ലളിതമായ ഉദാഹരണമാണിത്.

അല്ലാഹു ആദമിന് വിധേയപ്പെടാന്‍ മലക്കുകളോട് കല്‍പ്പിച്ചതും ഇബ്‌ലീസ് ധിക്കരിച്ചതും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ‘പിന്നീട് നാം മലക്കുകളോട് ആദമിന് സുജൂദ് ചെയ്യാന്‍ ആജ്ഞാപിച്ചു. അവരെല്ലാം സുജൂദ് ചെയ്തു. പക്ഷേ ഇബ്‌ലീസ് വിസമ്മതിച്ചു.”9 മലക്കുകളോടല്ലേ സുജൂദ് ചെയ്യാന്‍ പറഞ്ഞത്, ഇബ്‌ലീസ് മലക്കല്ലല്ലോ, ജിന്ന് അല്ലേ, പിന്നെ ഇബ്‌ലീസ് സുജൂദ് ചെയ്യാത്തത് എങ്ങനെ തെറ്റാകും? -പലരും ഉന്നയിക്കാറുള്ള സംശയമാണിത്. ഈ ഒരു ആയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു സംശയമുണ്ടണ്ടാകുന്നത്. മറ്റൊരു അധ്യായത്തിലെ ഒരു ആയത്തില്‍ ഇതിന് ഉത്തരമുണ്ട്: ‘അല്ലാഹു ചോദിച്ചു: ഞാന്‍ നിന്നോട് കല്‍പ്പിച്ചപ്പോള്‍ (ഇദ് അമര്‍തുക) സുജൂദ് ചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?”10 ഇബ്‌ലീസിനോടും കല്‍പ്പിച്ചിരുന്നുവെന്ന് ഈ ആയത്തില്‍നിന്ന് വ്യക്തം. ‘നീ എന്നോട് കല്‍പ്പിച്ചിരുന്നില്ലല്ലോ, അതുകൊണ്ടാണ് ഞാന്‍ സൂജൂദ് ചെയ്യാതിരുന്നത്’ എന്ന് ഇബ്‌ലീസ് മറുന്യായം പറഞ്ഞിട്ടുമില്ല! അപ്പോള്‍, രണ്ട് ആയത്തുകള്‍ ചേര്‍ത്തുവെച്ചുവായിക്കുമ്പോള്‍ മാത്രമേ, പലപ്പോഴും ആശയവ്യക്തതയും സന്തുലിത നിലപാടും കൈവരിക്കാനാകൂ. അതിനാവശ്യമായ അവഗാഹം പണ്ഡിതന് ഉണ്ടാകണം.

പ്രമാണങ്ങള്‍ മനുഷ്യജീവിതത്തെയാണ് അഭിമുഖീകരിക്കുന്നത്. ജീവിതം കഷ്ണിച്ചു വേര്‍തിരിക്കാനാകാത്ത ഒരു ഏകകമാണെന്ന പോലെ, പ്രമാണങ്ങളും ഏകകമാണ്. വ്യക്തിയുടെ ഭിന്നമുഖങ്ങളെ പ്രമാണങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. വ്യക്തിയെപ്പോലെ സമൂഹവും പ്രമാണങ്ങളുടെ മുമ്പില്‍ പ്രധാനമാണ്. വ്യക്തി പ്രധാനവും സമൂഹം അപ്രധാനവുമായിത്തീരുന്ന അസന്തുലിത്വം സമഗ്ര സ്വഭാവമില്ലാത്ത പ്രമാണ വായനയില്‍നിന്നേ സംഭവിക്കൂ. വേര്‍പ്പെട്ടുനില്‍ക്കുന്ന തുരുത്തുകളായും വെള്ളം കടക്കാത്ത കമ്പാര്‍ട്ട്‌മെന്റുകളായും ജീവിതത്തെ ഛിദ്രീകരിക്കുന്ന കേവല മതബോധം പ്രമാണങ്ങളെക്കുറിച്ച സമഗ്രാവബോധമില്ലായ്മയുടെ കൂടി ഉല്‍പന്നമാണ്. ഇന്നലെയും ഇന്നും നാളെയും തമ്മിലുള്ള സമന്വയം വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ പ്രമാണങ്ങള്‍ സാധ്യമാക്കുന്നുണ്ട്. പക്ഷേ, അത് പ്രയോഗതലത്തില്‍ വരണമെങ്കില്‍ പ്രമാണങ്ങളെ പൂര്‍ണതയിലും ആത്മാവിലും ഉള്‍ക്കൊള്ളാനാകണം.

23 വര്‍ഷം നീണ്ടതാണ് മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വജീവിതം. അതിനിടക്കുണ്ടായ ജീവിതമാണ് ഹദീസ് ഗ്രന്ഥങ്ങളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. വിവിധ കാലങ്ങളെ, വ്യക്തികളെ, സമൂഹങ്ങളെ, സന്ദര്‍ഭങ്ങളെ, സംഭവങ്ങളെ, ജീവിതങ്ങളെ പ്രവാചകന്‍ വ്യത്യസ്ത രീതികളില്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. ഹദീസുകള്‍ രൂപപ്പെടുന്നത്, മക്കയുടെയും മദീനയുടെയും ഭൂമിശാസ്ത്രപരമായ വിഭിന്നതകളിലും ഗോത്രപരമായ വ്യതിരിക്തതകളിലും കൂടി നിന്നുകൊണ്ടാണ്. ഇതിനെല്ലാമനുസരിച്ച് വിഷയങ്ങള്‍, സമീപനങ്ങള്‍ മാറിമാറിവരും. അവയുടെ ശൈലി, ഊന്നല്‍ തുടങ്ങി പലതും വിഭിന്നങ്ങളായിരിക്കും. ഈ പ്രത്യേകതകളറിയണം ഹദീസ് ഗ്രന്ഥങ്ങള്‍ കൈയിലെടുക്കുമ്പോള്‍. ഒറ്റയൊറ്റ ഹദീസുകള്‍ പെറുക്കിയെടുത്തും ഒരു ഹദീസ് ഭാഗം കഷ്ണിച്ചെടുത്തും വായിച്ചു വ്യാഖ്യാനിക്കാവതല്ല. ദാനധര്‍മങ്ങള്‍ക്ക് വലിയ പുണ്യവും നന്മയും നബി വാഗ്ദാനം ചെയ്തത് ഹദീസുകളില്‍ കാണാം. ഒരു സന്ദര്‍ഭത്തില്‍, അബൂബക്ര്‍ സിദ്ദീഖ് തന്റെ കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ പൊതുഫണ്ടിലേക്ക് സംഭാവന ചെയ്തതും പ്രബല ഹദീസിലുണ്ട്. ഈ ഹദീസുകള്‍ മാത്രം വായിച്ച്, ദാനത്തിന്റെ പുണ്യം മോഹിച്ച് ഒരാള്‍ സമ്പത്ത് മുഴുവന്‍ ദാനം ചെയ്ത്, ദാരിദ്ര്യം വരിച്ച് ആത്മീയ മോക്ഷം തേടിയാലോ?! അത് നബിചര്യക്ക് വിരുദ്ധമാകുന്നു. അബൂബക്ര്‍ സിദ്ദീഖ് (റ) തന്റെ സമ്പത്ത് മുഴുവനല്ല, കൈയിലുണ്ടായിരുന്ന പണം മുഴുവനാണ് സന്ദര്‍ഭത്തിന്റെ ആവശ്യമനുസരിച്ച് കൊടുത്തത് എന്ന വിശദീകരണം മാത്രമല്ല ഉള്ളത്. മുഴുവന്‍ സമ്പത്തും ദൈവമാര്‍ഗത്തില്‍ നല്‍കാന്‍ വന്നവനെ തിരുത്തുകയും ദാനത്തിന്റെ അളവു ചുരുക്കി മൂന്നിലൊന്ന് നല്‍കിയാല്‍ മതിയെന്നും അതുതന്നെ ധാരാളം എന്നു പഠിപ്പിക്കുകയും, അനന്തരാവകാശികളെ ദരിദ്രരായി വിടരുതെന്ന് കല്‍പ്പിക്കുകയും ചെയ്ത നബിവചനങ്ങള്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കണം.11 ഇവയെല്ലാം ചേര്‍ത്തുവെച്ച് സന്ദര്‍ഭം ആവശ്യപ്പെടുന്ന നിലപാടെടുക്കണം. ഒരു ആയത്തില്‍/ഹദീസില്‍ വ്യക്തിയുടെ ആത്മീയതക്ക് വലിയ ഊന്നല്‍ നല്‍കുന്നുണ്ടെങ്കില്‍ മറ്റൊരു ആയത്തില്‍/ഹദീസില്‍ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും പ്രാധാന്യപൂര്‍വം അവതരിപ്പിച്ചതും കാണാം. സാമ്പത്തിക ശേഷിയുള്ളവര്‍ മരണാസന്നരാകുമ്പോള്‍ വസ്വിയ്യത്ത് ചെയ്യണമെന്ന് പഠിപ്പിച്ചിട്ടുണ്ട് ഖുര്‍ആന്‍.12 എന്നാല്‍ ‘അനന്തരാവകാശിക്ക് വസ്വിയ്യത്ത് ഇല്ലെന്ന്’ അതിന് വിശദീകരണവും നല്‍കിയിട്ടുണ്ട് നബി. നിരുപാധികം (മുത്വ്‌ലഖ്), സോപാധികം (മുഖയ്യദ്), സാമാന്യം (ആമ്മ്), സവിശേഷം (ഖാസ്വ്) തുടങ്ങിയ പല രൂപങ്ങളും പ്രമാണങ്ങള്‍ക്കുണ്ടെന്നറിഞ്ഞാലേ ഇതൊക്ക വേര്‍തിരിച്ച് മനസ്സിലാക്കാനൊക്കൂ. സമൂഹത്തില്‍ തിന്മ പടരുമ്പോള്‍ അതില്‍നിന്നെല്ലാം രക്ഷപ്പെട്ട്, സ്വജീവിതത്തിലെ ഭക്തി നിലനിര്‍ത്തി ഒറ്റപ്പെട്ടു ജീവിക്കുന്നതിനെ കുറിച്ച് ഒന്നോ രണ്ടോ ഹദീസുകള്‍ ഉണ്ടെങ്കില്‍, പെരുകുന്ന തിന്മയെ പ്രതിരോധിക്കുകയും നന്മ കല്‍പിക്കുകയും അതിന്റെ പേരിലെ പ്രയാസങ്ങള്‍ സഹിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും അതില്‍ ആത്മീയത കണ്ടെത്തുകയും ചെയ്യേണ്ടതിനെക്കുറിച്ച് പറയുന്ന നിരവധി ആയത്തുകളും ഹദീസുകളും കാണാം.13 ഇവ പക്ഷേ, പലയിടങ്ങളില്‍ ചിതറിക്കിടക്കുകയായിരിക്കും. അവയെല്ലാം ഒരുമിച്ചുവെച്ചു വായിക്കണം. ചിലര്‍, തങ്ങള്‍ക്കാവശ്യമായ തെളിവുകള്‍ കിട്ടുന്നിടത്ത് വായന അവസാനിപ്പിക്കും. പക്ഷേ, വായന മുന്നോട്ടുപോകുമ്പോള്‍, തങ്ങളുടെ ധാരണകളും വാദങ്ങളും തിരുത്താന്‍ പര്യാപ്തമായ പ്രമാണപാഠങ്ങള്‍ ബാക്കികിടക്കുന്നുണ്ടാകും. അതിനുപക്ഷേ, മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമെല്ലാം വായന കടന്നുചെല്ലേണ്ടതുണ്ട്. ഇതിന് സമഗ്ര പരിജ്ഞാനം ആവശ്യമാണ്.

അറബി ഭാഷയില്‍ അവഗാഹം

മനുഷ്യന് മൂന്നു ഭാഷകളുടെ പഠനം അനിവാര്യമാണെന്ന് ചിന്തകന്മാര്‍ പറയാറുണ്ട്; മാതൃഭാഷ, വേദഭാഷ, ലോകഭാഷ. വേദങ്ങളെ അതിന്റെ മൂലഭാഷയിലൂടെതന്നെ സമീപിക്കുന്നതാണ് നീതിയും മനസ്സിലാക്കുന്നതിലെ കൃത്യതക്ക് സഹായകവുമെന്നതാണ് കാരണം. അതുകൊണ്ട്, ഇസ്‌ലാമിക പ്രമാണ വായനയുടെ മൂന്നാമത്തെ നിബന്ധനയാണ് അറബി ഭാഷയിലെ അവഗാഹം. കാരണം, ഖുര്‍ആനും സുന്നത്തും അറബി ഭാഷയിലാണ്. എന്നു മാത്രമല്ല, സാഹിത്യസമ്പന്നവും ആശയസമ്പുഷ്ഠവുമായ അറബി ഭാഷയുടെ ഔന്നത്യവും സവിശേഷതകളും ഖുര്‍ആനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഭാഷയുടെ ലാവണ്യവും ശൈലീസൗകുമാര്യതയും ഹദീസുകളിലും കാണാം.

ഭാഷ പ്രധാന ഘടകമല്ലാത്ത, ഉള്ളടക്കത്തിലൂന്നിയ വേദങ്ങളോ പുരാണങ്ങളോ പുസ്തകങ്ങളോ മൂലഭാഷ അറിയാതെ തന്നെ വായിച്ചു മനസ്സിലാക്കാം. ചില പൂര്‍വ വേദങ്ങളുടെ ഭാഷതന്നെ പില്‍ക്കാലത്ത് ക്ഷയിക്കുകയോ അന്യം നില്‍ക്കുകയോ ചെയ്തിട്ടുണ്ട്. ചില കൃതികളുടെ പരിഭാഷകള്‍, മൂലഭാഷയിലുള്ളതിനേക്കാള്‍ മികച്ചതാകും. എന്നാല്‍ ഖുര്‍ആന്‍ തികച്ചും വ്യത്യസ്തമാണ്. ഒന്നാമതായി, ഭാഷാ സാഹിത്യത്തിന്റെ ഔന്നത്യവും അത്ഭുതങ്ങളും ഖുര്‍ആനിന്റെ അമാനുഷികതകളിലൊന്നാണ്. രണ്ടാമതായി, അറബി ഭാഷ ദുര്‍ബലപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഖുര്‍ആന്റെ ഭാഷാ സൗന്ദര്യത്തെ ഉള്‍വഹിച്ചുകൊണ്ട് പില്‍ക്കാലത്ത് വളര്‍ന്നു വികസിക്കുകയാണ് ചെയ്തത്. പൗരാണിക ക്ലാസിക് ഭാഷയായ അറബി ഇന്ന് ശ്രേഷ്ഠ ഭാഷയായി തലയുയര്‍ത്തി നില്‍ക്കുന്നു. മൂന്നാമത്തെ കാര്യം ഏറ്റവും പ്രധാനമാണ്; അറബി ഭാഷക്ക് നിരവധി പ്രത്യേകതകളുണ്ട്. നാനാര്‍ഥ പദങ്ങള്‍, ശൈലി പ്രയോഗങ്ങള്‍, ആലങ്കാരിക ശബ്ദങ്ങള്‍, നാട്ടുവഴക്കങ്ങള്‍, രൂപ പരിണാമങ്ങള്‍, പദങ്ങളുടെ അവസാനത്തിലെ അവസ്ഥാന്തരങ്ങള്‍ (ഇഅ്‌റാബ്), സംക്ഷിപ്ത പ്രയോഗങ്ങളില്‍ ആശയപ്രപഞ്ചം ഒതുക്കിവെക്കുന്ന മാസ്മരികത (ഈജാസ്), അക്ഷരങ്ങളും പദങ്ങളും തമ്മിലുള്ള താളൈക്യം (ഇഅ്ജാസ്), ശൈലികളും ചൊല്ലുകളും (അല്‍ ഹികമു വല്‍ അംസാല്‍), പദഘടനാ വിന്യാസത്തിലെ കൃത്യത തുടങ്ങിയവ അറബി ഭാഷയെ വ്യതിരിക്തമാക്കുന്നു. ഖുര്‍ആനിലും ഹദീസിലും ഇതെല്ലാം മനോഹരമായി മേളിച്ചിട്ടുണ്ട്. ചരിത്രം, സാഹിത്യം, ഭൂമിശാസ്ത്രം, ജീവിത ശൈലികള്‍ തുടങ്ങി പലതും കൂടിച്ചേര്‍ന്നാണ് അറബിഭാഷയെ വളര്‍ത്തിയത്. ഇത്തരമൊരു ഭൂമിശാസ്ത്ര-സാംസ്‌കാരിക പാരമ്പര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഭാഷയെ, ഖുര്‍ആന്‍-ഹദീസ് പ്രയോഗങ്ങളെ സമീപിക്കാന്‍ കഴിയില്ല. ഭാവിയെ കുറിച്ച് ഭൂതകാല പ്രയോഗത്തില്‍ ഖുര്‍ആന്‍ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഭാഷാ സാഹിത്യം പഠിക്കാത്തവര്‍ക്ക് പിടികിട്ടുക പ്രയാസം തന്നെ.

നാനാര്‍ഥ പ്രയോഗങ്ങളുടെ ആധിക്യം പ്രമാണ വായനയില്‍ ഏറെ സൂക്ഷ്മത ആവശ്യപ്പെടുകയും വ്യാഖ്യാനബഹുത്വത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മുപ്പത്തിയഞ്ചോളം അര്‍ഥങ്ങളുണ്ട് ‘ഐന്‍’ എന്ന അറബി വാക്കിന്. ഭാഷാനിയമം അനുസരിച്ചോ, ആചാരപരവും (ഉര്‍ഫിയ്യ) ദീനീ നിയമാനുസൃതവും (ശര്‍ഇയ്യ) ഭാഷാപരവും (ലുഗവിയ്യ) ആയ സൂചനകള്‍ക്കനുസരിച്ചോ ആണ് നാനാര്‍ഥ പ്രയോഗങ്ങളുടെ ഉദ്ദേശ്യവും സാരവും മനസ്സിലാക്കുക. ഇമാം ശാത്വിബി പറയുന്നു: ‘അറബികള്‍ ചിലപ്പോള്‍ ബാഹ്യാര്‍ഥം ഉദ്ദേശിച്ച് സാമാന്യ പ്രയോഗങ്ങള്‍ (ആമ്മ്) നടത്തും. ചിലപ്പോള്‍ സാമാന്യ അര്‍ഥത്തിലും മറ്റു ചിലപ്പോള്‍ സവിശേഷ അര്‍ഥത്തിലും (ഖാസ്വ്) സാമാന്യ പ്രയോഗങ്ങള്‍ നടത്തും. ബാഹ്യപ്രയോഗങ്ങള്‍ (ളാഹിര്‍) ബാഹ്യാര്‍ഥമല്ലാത്ത ഉദ്ദേശ്യത്തില്‍ ഉപയോഗിക്കും. ഇത് വാക്യത്തിന്റെ തുടക്കത്തില്‍നിന്നോ മധ്യത്തില്‍നിന്നോ അല്ലെങ്കില്‍ അന്ത്യത്തില്‍നിന്നോ മനസ്സിലാക്കാന്‍ കഴിയും. ഒരു വാക്യത്തിന്റെ തുടക്കം അതിന്റെ അവസാനമെന്തെന്ന് വ്യക്തമാക്കും. മറ്റു ചിലപ്പോള്‍ ഒരു വാക്യത്തിന്റെ അവസാനം അതിന്റെ ആദ്യഭാഗത്തിന്റെ ഉദ്ദേശ്യമെന്തെന്ന് വിശദീകരിക്കും. ചിലത് അര്‍ഥങ്ങള്‍ കൊണ്ട് മനസ്സിലാകും, ചിലത് സൂചനകള്‍ കൊണ്ടും. ഒരു വസ്തുവിന് ഒരുപാട് പേരുകള്‍ വിൡക്കും. ഒരു പേരുകൊണ്ട് ഒരുപാട് വസ്തുക്കളെ അഭിസംബോധന ചെയ്യും. ഇതെല്ലാം അറബി ഭാഷയില്‍ സുവിദിതമാണ്. ഭാഷാജ്ഞാനികള്‍ക്ക് അതില്‍ സംശയമേതുമില്ല. ഖുര്‍ആന്റെ അര്‍ഥങ്ങളും ശൈലികളും ഈ വിധത്തിലുള്ളതാണ്.”14

ഒരു പദത്തിന്റെ ഭാഷാര്‍ഥവും പ്രമാണാര്‍ഥവും ചിലപ്പോള്‍ ഒന്നുതന്നെയാകാം, മറ്റു ചിലപ്പോള്‍ വ്യത്യസ്തവും. ദലാലാത്തുല്‍ അല്‍ഫാളും (ഭാഷാര്‍ഥ സൂചനകള്‍) മആനില്‍ അല്‍ഫാളും (പദങ്ങളുടെ ആശയങ്ങള്‍) സമന്വയിക്കുന്നതും വേര്‍തിരിയുന്നതും സന്ദര്‍ഭോചിതം മനസ്സിലാക്കേണ്ടത് പ്രമാണങ്ങള്‍ ശരിയായി ഗ്രഹിക്കാന്‍ (അല്‍ഫഹ്മുസ്വഹീഹ്) അനിവാര്യമാണ്. ഇല്ലെങ്കില്‍ ഒരു അര്‍ഥം അസ്ഥാനത്ത് പ്രയോഗിക്കപ്പെടാനും വസ്തുതാവിരുദ്ധമായി പ്രമാണതത്ത്വങ്ങള്‍ ആവിഷ്‌കരിക്കപ്പെടാനും ഇടവരും. നിദാനശാസ്ത്രകാരന്മാരും (ഉസ്വൂലിയ്യൂന്‍) കര്‍മശാസ്ത്രകാരന്മാരും (ഫുഖഹാഅ്) ഇതു സംബന്ധിച്ച് നീണ്ട ചര്‍ച്ച നടത്തിയിട്ടുണ്ട്. സാമാന്യം (ആമ്മ്), സവിശേഷം (ഖാസ്വ്), സമന്വിതം (മുശ്തറക്), യഥാര്‍ഥം (ഹഖീഖത്ത്), ആലങ്കാരികം (മജാസ്), സുവ്യക്തം (സ്വരീഹ്), വ്യംഗ്യാര്‍ഥം (കിനായത്), അസ്പഷ്ട സൂചനകള്‍ (ഗൈറു വാദിഹിദ്ദലാല), സൂക്ഷ്മം (മുഹ്കം), സദൃശം (മുതശാബിഹ്), ഗോപ്യം (ഖഫിയ്യ്), സങ്കീര്‍ണം (മുശക്കല്‍), സംക്ഷേപം (മുജ്മല്‍) തുടങ്ങിയ സാങ്കേതിക സംജ്ഞകളാല്‍ പ്രമാണങ്ങളിലെ പ്രയോഗങ്ങളെ പണ്ഡിതന്മാര്‍ വ്യവഹരിച്ചിട്ടുണ്ട്. സാമാന്യവായനക്കാര്‍ക്ക് ഇത് പ്രയാസകരമായിരിക്കാം. പക്ഷേ, ശ്രമകരമായ വൈജ്ഞാനിക തപസ്യയില്ലാതെ പ്രമാണസാരങ്ങളെ യഥോചിതം വായിച്ചെടുക്കാനും വിശദീകരിക്കാനും സാധ്യമല്ലതന്നെ.

നൂറ്റാണ്ടുകളിലൂടെ കടന്നുവരുന്ന ഭാഷ പരിണാമങ്ങള്‍ക്ക് വിധേയമാകും. പ്രമാണത്തില്‍ ഉദ്ദേശിക്കപ്പെട്ട അര്‍ഥത്തിനും പശ്ചാത്തലത്തിനും വ്യത്യസ്തമായ ഒരര്‍ഥത്തില്‍ പിന്നീട് അതേ പദം ഉപയോഗിക്കപ്പെടാം. പഴയ പ്രയോഗവും പരിണാമവും പുതിയ അര്‍ഥവും വേര്‍തിരിച്ച് മനസ്സിലാക്കാതിരുന്നാല്‍ പ്രമാണ വായനയില്‍ വലിയ അബദ്ധങ്ങള്‍ സംഭവിക്കാം. മുസ്‌ലിം ലോകത്ത് ഏറെ വിവാദമായ, ‘ഫോട്ടോ’യുടെ ഹറാം-ഹലാല്‍ ചര്‍ച്ചക്ക് ആധാരമായ ഒരു ഹദീസ് പ്രയോഗം ഉദാഹരിക്കാം. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: നബി ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: ”എല്ലാ വിഗ്രഹനിര്‍മാതാക്കളും (അല്‍മുസ്വവ്വിറൂന്‍) നരകത്തിലാണ്.”15 ”അല്ലാഹുവിങ്കല്‍ അന്ത്യദിനത്തില്‍ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുന്നത് ബിംബനിര്‍മാതാക്കളാണ്.”16 വിഗ്രഹനിര്‍മാണം വിലക്കുന്ന ഒരു ഹദീസില്‍ പ്രയോഗിച്ച പദങ്ങള്‍, സ്വൂറത്ത് (രൂപം), മുസ്വവ്വിര്‍ (രൂപം നിര്‍മിക്കുന്നവന്‍) എന്നിവയാണ്. വിഗ്രഹാരാധനക്ക് ഉപയോഗിക്കുന്ന പ്രതിമകളും അവ നിര്‍മിക്കുന്നവരുമാണ് ഇവിടെ ഉദ്ദേശ്യം. ബഹുദൈവത്വപരമായ ബിംബാരാധനാ നിരോധമാണ് ഇതിന്റെ പശ്ചാത്തലം. നിഴലുകളുള്ള രൂപങ്ങള്‍ എന്ന് ഇതിന്റെ വിശദീകരണത്തില്‍ വന്നിട്ടുമുണ്ട്. എന്നാല്‍ പില്‍ക്കാലത്ത്, ഫോട്ടോ (സ്വൂറത്ത്), ഫോട്ടോഗ്രാഫര്‍ (മുസ്വവ്വിര്‍), ഫോട്ടോഗ്രഫി (അത്തസ്വ്‌വീറു ശംസി), ക്യാമറ (ആലത്തുത്തസ്വ്‌വീരിശംസി) എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഭാഷയിലുണ്ടായി. ഹദീസില്‍ നിരോധിക്കപ്പെട്ട പഴയ ‘സ്വൂറത്ത്’ പുതിയ ‘ഫോട്ടോഗ്രഫി’യാണെന്ന് തെറ്റിദ്ധരിച്ചവര്‍ ഫോട്ടോ ഹറാം എന്ന് ഫത്‌വ നല്‍കി! യഥാര്‍ഥത്തില്‍ നബിയുടെ കാലത്ത് ഫോട്ടോഗ്രഫി ഇല്ലല്ലോ. പില്‍ക്കാലത്ത് ഉണ്ടായ ഫോട്ടോഗ്രഫി, നൂറ്റാണ്ടുകള്‍ക്കുമുമ്പ് നബി എങ്ങനെ നിരോധിക്കാന്‍! നിരോധിക്കപ്പെട്ട ബിംബാരാധനയുടെ ഭാഗമായ പ്രതിമാനിര്‍മാണത്തില്‍ ഇന്നത്തെ മനുഷ്യജീവിതത്തിന്റെ അനിവാര്യ ഭാഗവും ഏറെ പ്രയോജനകരവുമായ ഫോട്ടോഗ്രാഫി ഉള്‍പ്പെടുന്നുമില്ല. പഴയ ഭാഷാപ്രയോഗമനുസരിച്ച് നിരോധത്തെ കുറിക്കാന്‍ ഉപയോഗിച്ച ഒരു പദം, പുതിയ രൂപത്തില്‍ ഉപയോഗിക്കപ്പെട്ടപ്പോള്‍ ‘പുതിയ രൂപ’വും നിരോധിക്കപ്പെട്ടതായി ധരിച്ചത് ഭാഷാപരമായ അവഗാഹക്കുറവുകൊണ്ടണ്ടുകൂടിയാണ്. എന്നാല്‍, ഫോട്ടോഗ്രഫിക്ക് ‘അക്‌സ്’ () എന്നും ഫോട്ടോഗ്രാഫര്‍ക്ക് ‘അല്‍ അക്കാസ്’ () എന്നും ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുന്നുമില്ല.17 സംഭവിച്ചത് ഇതാണ്: പ്രമാണത്തില്‍ ഉപയോഗിച്ച പദത്തിന്റെ അന്നത്തെ അര്‍ഥം ശ്രദ്ധിക്കാതെ പുതിയ അര്‍ഥത്തില്‍ വായിച്ചു. പദം ഉപയോഗിച്ച സന്ദര്‍ഭവും ഉദ്ദേശ്യവും പരിഗണിക്കാതെ വ്യാഖ്യാനിച്ചു. ഇത് തെറ്റായ ഒരു വിധി രൂപപ്പെടാന്‍ കാരണമായിത്തീര്‍ന്നു. ഇസ്‌ലാമിക പ്രമാണങ്ങളെ വായിക്കാന്‍ ഭാഷയില്‍ എത്രത്തോളം സൂക്ഷ്മമായ അറിവ് വേണം എന്നതിന്റെ ലളിതമായ ഉദാഹരണമാണിത്. ‘നസ്സ്വി’ലെ പദപ്രയോഗങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൃതികള്‍ തന്നെ രചിക്കപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്.18

(അവസാനിച്ചു)

കുറിപ്പുകള്‍:

1. അല്‍ ബഖറ 158

2. അല്‍ബഖറ 2

3. അശ്ശര്‍ഹ് അധ്യായം

4. ത്വാഹാ: 114

5. മജ്മൂഉല്‍ ഫതാവാ 22/252-253

6. അല്‍ ബഖറ: 219

7. അന്നിസാഅ്: 43

8. അല്‍ മാഇദ: 90

9. അല്‍ബഖറ: 34

10. അല്‍ അഅ്‌റാഫ്: 12

11. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ വസ്വിയ്യ

12. അല്‍ബഖറ: 180

13. അംറു ബില്‍ മഅ്‌റൂഫി വനഹ്‌യുന്‍ അനില്‍ മുന്‍കര്‍ എന്ന തലക്കെട്ടില്‍ ഇമാം അഹ്മദ്, തിര്‍മിദി, നസാഈ തുടങ്ങിയവര്‍ ഉദ്ധരിച്ച ഹദീസുകള്‍.

14. അല്‍ മുവാഫഖാത്ത്-ഇമാം ശാത്വിബി

15. മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തത്, 2110

16. ഇമാം ബുഖാരി ഉദ്ധരിച്ചത്, 5950

17. സൂഉല്‍ ഫഹ്മി ലിന്നുസ്വൂസ്വിശര്‍ഇയ്യ-സഅദ് അബ്ദുല്ല ആശൂര്‍, മജല്ലത്തുല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ ലിദ്ദിറാസാത്തില്‍ ഇസ്‌ലാമിയ്യ.

18. മുഫ്‌റദാത്തുല്‍ ഖുര്‍ആന്‍, മുഅ്ജമു അല്‍ഫാളില്‍ ഖുര്‍ആന്‍

Tags:

ADD COMMENT

Previous Next
Close
Test Caption
Test Description goes like this