യോഗ്യതകളാര്‍ജിച്ച ഒരു അതോറിറ്റിയാണ് പ്രമാണ വ്യാഖ്യാനത്തിന് നേതൃത്വം നല്‍കേണ്ടത്. സാഹചര്യാനുസൃതം വ്യക്തികളോ കൂട്ടായ്മകളോ ആയിരിക്കും ഈ അതോറിറ്റി. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതും ചരിത്രാനുഭവങ്ങളിലൂടെ രൂപപ്പെട്ടിട്ടുള്ളതും കാലഘട്ടം ആവശ്യപ്പെടുന്നതുമായ വൈജ്ഞാനിക ശേഷി കൈവരിച്ചവരിലാണ് പ്രമാണവ്യാഖ്യാനത്തിന്റെ കൈകാര്യകര്‍തൃത്വം നിക്ഷിപ്തമായിരിക്കുന്നതെന്നര്ഥം. പ്രമാണ വായനയില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കും വിധത്തില്‍ ക്രമീകരണം വരുത്താനും സൂക്ഷ്മത പാലിക്കാനും ഇതുവഴി സാധ്യമാകും. അരയും മുറിയും മാത്രമറിയുന്നവര്‍ ഓണ്‍ലൈന്‍ മതത്തിന്റെ ആധികാരിക വക്താക്കളാകുന്ന സോഷ്യല്‍ മീഡിയാ കാലത്ത്, നിശ്ചിത യോഗ്യതകളുള്ള അതോറിറ്റി ഗൗരവപ്പെട്ട വിഷയമാണ്. അറിവിന്റെ കുത്തകവല്‍ക്കരണം തകരുകയും ജനകീയവല്‍ക്കരണം മുന്നോട്ടു പോവുകയും ചെയ്ത വര്‍ത്തമാന കാലത്ത് ഖുര്‍ആനും സുന്നത്തും പണ്ഡിതാഭിപ്രായങ്ങളുമൊക്കെ വിശകലനവിധേയമാക്കാന്‍ സാധാരണക്കാരായ ചിന്താശീലര്ക്കും കഴിയുമെന്നത് നേര്. വ്യക്തിതലത്തില്‍ സാധ്യമാകുന്നവരുടെയെല്ലാം അന്വേഷണ പഠനങ്ങളും ചര്‍ച്ചകളും അനിവാര്യം തന്നെ. വിവിധ ശ്രേണികളിലുള്ള സമൂഹത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ അടയാളമായി ഒരു പരിധിവരെ അത് കണക്കാക്കാം. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ഇത് സാധ്യമാകുന്നവരായിരിക്കില്ല പൊതുവില്‍ എന്നും മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകുന്ന സമീപനം ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നിയമങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതില്‍ ഒട്ടും ആശാസ്യമല്ല. രോഗികളുടെ സ്വയം ചികിത്സ പോലെയോ, ശരാശരി ഡോക്ടറുടെ വൈദഗ്ധ്യ നാട്യം പോലെയോ അപകടകരം ആയിരിക്കുമത്.
ഇസ്ലാം പൗരോഹിത്യത്തെ തള്ളിക്കളഞ്ഞിട്ടുള്ളതിനാല് പുരോഹിത സ്വഭാവമുള്ള അതോറിറ്റിയെ നിരാകരിക്കുന്നുവെന്നത് സത്യമാണ്. പക്ഷേ, ചോദ്യം ചെയ്യപ്പെടാത്തതും പൗരോഹിത്യ സ്വഭാവത്തില്‍ വിശുദ്ധവല്ക്കരിക്കപ്പെട്ടതുമായ വ്യക്തികളോ തിരു സഭകളോ അല്ല പ്രമാണ വ്യാഖ്യാനത്തിന് ചുമതലപ്പെട്ട ഇസ്ലാമിലെ അതോറിറ്റി. അറിവും കഴിവും വിവേകവുമാണവരുടെ യോഗ്യത. അവരെ ചോദ്യം ചെയ്യാനുള്ള അനുവാദമല്ല, അധികാരം തന്നെയാണ് അനുവാചകര്ക്കുള്ളത്. അവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരല്ല. അവരുടെ വാക്കുകള്‍ക്ക് വിശുദ്ധ പദവിയില്ല. പ്രമാണ വാക്യങ്ങളെ യാഥാര്‍ഥ്യങ്ങളുടെ ലോകത്തുനിന്ന് വിവേകത്തോടെ സമീപിക്കുന്ന കാലമത്രയും അവരുടെ വാക്കുകള്‍ക്ക് വിലകല്പിക്കപ്പെടും. അറിവും ദീര്ഘദൃഷ്ടിയും വിവേകവും കൂടുതലു് എന്നതാണവരുടെ മഹത്വം. യോഗ്യതകള്‍ കൂടുതലുള്ള വ്യക്തികളെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കാറുല്ലോ. ഇത്തരമൊരു അതോറിറ്റിയെക്കുറിച്ച് ഖുര്‍ആന്‍ തന്നെ പലയിടങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്:
1 – ”ആശാവഹമോ ആശങ്കാജനകമോ ആയ വല്ല വാര്‍ത്തയും കിട്ടിയാല്‍ ഇക്കൂട്ടര്‍ അത് കൊട്ടിപ്പാടി നടക്കുകയായി. അവരത് ദൈവദൂതന്നും സമുദായത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ കഴിവുള്ളവര്‍ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു…..”1
ഊഹാപോഹങ്ങളുടെ പ്രചാരണം തടയുകയും സത്യാവസ്ഥ ഉറപ്പുവരുത്തിയ ശേഷം വാര്‍ത്താ-ആശയ കൈമാറ്റവും വിധിതീര്‍പ്പും നടത്തുകയും ചെയ്യുകയെന്നതാണ് ഈ ആയത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്ന്. മദീനയിലെ മുസ്ലിംകള്ക്കിടയില് എതിരാളികളുടെ ആക്രമണങ്ങളെ കുറിച്ചും മറ്റും കപട വിശ്വാസികള്‍ കിംവദന്തികള്‍ പരത്തിയിരുന്നു. അത്തരം കള്ള വാര്‍ത്തകള്‍ സമൂഹത്തെ ദുര്‍ബലപ്പെടുത്താനും ചകിതരാക്കാനും കാരണമാകും. സത്യാവസ്ഥ മനസ്സിലാക്കാതെ അവ പ്രചരിപ്പിക്കുന്നത് ഖുര്‍ആന്‍ വിലക്കി. ഇതാണ് ആയത്തിന്റെ പശ്ചാത്തലം.
ശ്രദ്ധേയമായൊരു പദമാണ് നിര്‍ധാരണം ചെയ്യുകയെന്ന് വിവര്‍ത്തനം ചെയ്ത ഇസ്തന്ബാത്വ്. വെള്ളം കുഴിച്ചെടുക്കുക എന്നാണ് ഭാഷയില്‍ അതിന്റെ മൂലാര്‍ഥം. കിണര്‍ കുഴിക്കുമ്പോള്‍ പുറത്തുവരുന്ന പ്രഥമ ഉറവക്ക് ‘നബ്ത്വ്’ എന്ന് പറയും. ഈ ഉറവ അന്വേഷിക്കുക എന്ന അര്‍ഥമാണ് ഇസ്തന്ബത്വക്ക് ഉള്ളത്.2 അറിവ് അന്വേഷിക്കുന്നതിനുള്ള ആലങ്കാരിക പ്രയോഗമാണ് ഭാഷയിലിത്. കണ്ണുകൊണ്ട് നേര്‍ക്കുനേര്‍ കാണാത്തതും ഹൃദയത്തില്‍ തെളിയുന്നതുമായ ആശയങ്ങള്‍ കണ്ടെത്തുക എന്നതും ‘ഇസ്തന്ബത്വ’ -യുടെ അര്‍ഥത്തില്‍പെടുന്നു. ചിന്തിക്കുക, ഗവേഷണം നടത്തുക, നിയമ നിര്‍ധാരണം ചെയ്യുക എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്.3 സൂക്തത്തിലെ മറ്റൊരു പ്രയോഗമാണ് ഉലുല്‍ അംറ്. ഇസ്ലാമിക ജ്ഞാനശാസ്ത്രം ഏറെ ചര്‍ച്ച ചെയ്തതാണ് ഈ സാങ്കേതിക ശബ്ദം. സമൂഹത്തിന്റെ നേതൃത്വവും അധികാരവും കൈയാളുന്നവര്‍ക്കാണ് ‘ഉലുല്‍ അംറ്’ എന്ന് പറയുക. പണ്ഡിതന്മാര് (ഉലമാഅ്), അധികാരികള്‍ (ഉമറാഅ്) എന്ന് വേര്‍തിരിക്കുമ്പോള്‍ ഉമറാക്കളാണ് പ്രധാനമായും ഉലുല്‍ അംറ്. ദീനില്‍ അവഗാഹവും (ഫിഖ്ഹ്) ചിന്താ ശേഷിയും (ഫിക്ര്) ഉള്ളവര്‍ എന്ന് ഉലുല്‍ അംറ് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ‘ഉലുല്‍ അംറ്’ എന്നാല്‍ ‘ഉലുല്‍ ഫിഖ്ഹ്’ (അവഗാഹമുള്ളവര്‍) എന്നുതന്നെ പറഞ്ഞ പണ്ഡിതന്മാരുണ്ട്. നേരത്തേ വിശദീകരിച്ച ഫിഖ്ഹിന്റെ അര്‍ഥവൈപുല്യം മുമ്പില്‍ വെച്ചുകൊണ്ട് നിയമനിര്‍ധാരണം സംബന്ധിച്ച ഈ സൂക്തത്തിലെ പ്രയോഗങ്ങളെ പരിശോധിച്ചാല്‍ മിഴിവുറ്റ ആശയമാണ് രൂപപ്പെട്ടുവരിക. ഇതേ അധ്യായത്തിലെ മറ്റൊരു സൂക്തം പ്രമാണ വ്യാഖ്യാനത്തിലെ, ഉലുല്‍ അംറിന്റെ ബാധ്യതയെയും അനിവാര്യതയെയും സൂചിപ്പിക്കുന്നുമുണ്ട്. ”അല്ലയോ വിശ്വസിച്ചവരേ അല്ലാഹുവിനെ അനുസരിക്കുവിന്‍, അവന്റെ ദൂതനെയും അനുസരിക്കുവിന്‍, നിങ്ങളില്‍ നിന്നുള്ള കൈകാര്യാധികാരികളെയും. നിങ്ങള്‍ക്കിടയില്‍ ഒരു കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുവിന്‍….”4 പാണ്ഡിത്യവും ചിന്തയുമുള്ളവരെ പ്രശ്നങ്ങളില്‍ അവലംബിക്കണമെന്നതിന് ഈ സൂക്തം മതിയായ തെളിവുതന്നെ.
പ്രമാണ വായനയുമായി മൂന്ന് വിധത്തില്‍ ഈ സൂക്തം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്ന്: ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന പ്രാഥമിക അര്‍ഥത്തില്‍ തന്നെ പ്രമാണ വായനയുടെ തലവും ഉള്‍ക്കൊള്ളുന്നു. ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും തോന്നിയപോലെ വ്യാഖ്യാനിക്കുകയും ആര്, എവിടെ, എങ്ങനെ അവയെ വിശദീകരിച്ചാലും മുന്‍പിന്‍ നോക്കാതെ അവ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും ഊഹാപോഹ പ്രചരണത്തില്‍ ഉള്‍പ്പെടുന്നതാണ്. സാധാരണ കിംവദന്തികള്പോലെ, പ്രമാണ വ്യാഖ്യാനങ്ങളിലെ പിഴവുകളും സാമൂഹിക പ്രശ്നങ്ങള്‍ക്ക് നിമിത്തമാകുന്ന അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. കള്ളവാര്‍ത്തകള്‍ സാമുദായിക ധ്രുവീകരണവും വര്‍ഗീയ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നപോലെ തെറ്റായ പ്രമാണ വ്യാഖ്യനങ്ങള്‍ സാമൂഹികാന്തരീക്ഷത്തെ മലിനമാക്കുകയും വിദ്വേഷ പ്രചാരണത്തിനും ആക്രമങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. ‘വാര്‍ത്തകള്‍ കൊണ്ടുള്ള കളി’ ഈ ആയത്തിന്റെ പരിധിയില്‍ വരുന്നപോലെ, ‘പ്രമാണങ്ങള്‍ കൊണ്ടുള്ള കളിയും’ അതിലുള്‍പ്പെടുന്നു.
രണ്ട്: ഖുര്‍ആനെ കുറിച്ച് ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഇതിനു തൊട്ടുമുമ്പുള്ള ആയത്ത്. തുടര്‍ന്ന് ഈ സൂക്തത്തില്‍, ‘കാര്യങ്ങള്‍ നിര്‍ധാരണം ചെയ്തെടുക്കാന്‍ ശേഷിയുള്ളവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കും’ എന്ന് പറയുമ്പോള്‍ അത് ഖുര്‍ആന്‍ വ്യാഖ്യാനവുമായും ബന്ധപ്പെടുന്നുണ്ട്. ”ഈ ജനം ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കുന്നില്ലേ. ഇത് അല്ലാഹു അല്ലാത്തവരില്നിന്നാണ് അവതരിച്ചതെങ്കില്‍ അവരില്‍ പെരുത്ത് വൈരുധ്യങ്ങള്‍ കാണുമായിരുന്നു”5 എന്നാണ് മുന്‍ സൂക്തം. ചിന്തയും (തദബ്ബുര്‍) നിയമനിര്‍ധാരണവും (ഇസ്തിന്‍ബാത്വ്) പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.
മൂന്ന് : ഇസ്ലാമിക നിയമ നിര്‍ധാരണത്തിന്റെ രണ്ട് അടിത്തറകളായ ഇജ്തിഹാദിനും (ഗവേഷണ പഠനം) ഖിയാസിനും (ന്യായാധീകരണം) ഈ രണ്ട് സൂക്തങ്ങളും തെളിവാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്.6 ഗവേഷണ പഠനവും ന്യായാധീകരണവും (ഇജ്തിഹാദും ഖിയാസും) പ്രമാണ കേന്ദ്രീകൃതമായതുകൊണ്ട് ഈ സൂക്തങ്ങള്‍ അവയുടെ മാനദണ്ഡം നിര്ണയിക്കുന്നവയായിത്തീരുന്നു. സത്യ വിശ്വാസികള്‍ക്ക് സംശയനിവൃത്തിയുടെ അതോറിറ്റി നബി ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം തന്നെ. നബിയുടെ കാലശേഷം അത് കൈകാര്യകര്‍ത്താക്കള്‍ (ഉലുല്‍ അംറ്) ആയിരിക്കും. ഖണ്ഡിത പ്രമാണങ്ങളില്ലാത്ത വിഷയങ്ങളിലും പ്രമാണ പാഠങ്ങളുടെ വ്യാഖ്യാനത്തിനും ഉലുല്‍ അംറിനെയാണ് അവലംബിക്കേണ്ടത്. തെളിവുകളും പ്രമാണങ്ങളും വിശകലനം ചെയ്ത് നിയമങ്ങളും നിലപാടുകളും സ്വയം നിശ്ചയിക്കാന്‍ പ്രാപ്തരല്ലാത്ത സാധാരണക്കാര്‍, തങ്ങളഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ സ്വയംതന്നെ നിയമം നിര്മിച്ചുകൂടെന്നും ഈ ആയത്തില്‍നിന്ന് വ്യക്തമാകുന്നു. ഉത്തരവാദപ്പെട്ടവരിലേക്ക് റഫര്‍ ചെയ്യുകയെന്നതിന്റെ താല്പര്യമിതാണ്.7 രോഗികള്‍ ചികിത്സക്കായി ഡോക്ടര്‍മാരെ സമീപിക്കുന്നതും ഡോക്ടര്‍മാര്‍തന്നെ മറ്റു ഡോക്ടര്‍മാരെയും സ്പെഷ്യലിസ്റ്റുകളെയും സമീപിക്കുന്നതും ഉദാഹരണം.
മുസ്ലിം സമൂഹത്തിലെ കൈകാര്യകര്ത്താക്കളിലും (ഉലുല്‍ അംറ്) നിയമ നിര്‍ധാരണ ശേഷി കൈവരിച്ചവരിലും (യസ്തന്ബിത്വൂന) നിക്ഷിപ്തമായ ഉത്തരവാദിത്തവും സംശയ ഗ്രസ്ഥമായ കാര്യങ്ങളില്‍ യാഥാര്‍ഥ്യം മനസ്സിലാക്കാനായി അവരെ അവലംബിക്കേണ്ടതിനെ സംബന്ധിച്ചുമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. പ്രമാണങ്ങള്‍ ആര്‍ക്കും തോന്നിയപോലെ വ്യാഖ്യാനിക്കാവതല്ല. കൈകാര്യകര്‍ത്താക്കളും നിയമനിര്ധാരകരുമാണ് അത് ചെയ്യേണ്ടത്. സാമൂഹിക -രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉലുല്‍ അംറും പ്രമാണ വ്യാഖ്യാനം ഗവേഷണ ശേഷി കൈവരിച്ചവരും (മുജ്തഹിദ്) നിര്‍വഹിക്കണമെന്നും വേര്‍തിരിക്കാവുന്നതാണ്.
2. ”അല്ലാഹു ഒരാള്‍ക്ക് വേദവും ജ്ഞാനവും പ്രവാചകത്വവുമരുളുക. എന്നിട്ട് അതെല്ലാം കൈക്കൊണ്ടശേഷം അയാള്‍ ജനങ്ങളോട്, ‘നിങ്ങള്‍ അല്ലാഹുവിനെ വെടിഞ്ഞ് എന്റെ അടിമകളായിരിക്കുവിന്‍’ എന്ന് പറയുക- ഇത് ഒരു മനുഷ്യനും ചെയ്തുകൂടാത്തതാകുന്നു. പ്രത്യുത അയാള്‍ പറയേണ്ടത്, നിങ്ങള്‍ പഠിക്കുകയും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന, വേദപ്രമാണം അനുശാസിക്കുന്ന നിഷ്കളങ്കരായ ദൈവദാസന്മാരായിരിക്കുവിന് എന്നത്രെ.”8
ഈ സൂക്തത്തിലെ റബ്ബാനിയ്യൂന്‍ എന്ന പദത്തിന് രണ്ട് അര്‍ഥങ്ങളുണ്ട്. നിഷ്കളങ്കരായ ദൈവഭക്തര്‍ എന്ന ഒന്നാമത്തെ അര്‍ഥം മുഴുവന്‍ സത്യവിശ്വാസികളെയും ഉള്‍ക്കൊള്ളുന്നു.9 രണ്ടാമത്തെ അര്‍ഥം പണ്ഡിതന്മാര് എന്നതാണ്. ജൂതസമൂഹത്തിലെ പണ്ഡിതപുരോഹിതന്മാര്ക്കും മതസ്ഥാനികള്ക്കും ‘റബ്ബാനി’ എന്ന് പ്രയോഗിച്ചിരുന്നു. മതവിധികള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ളവരെ ഖുര്‍ആന്‍തന്നെ ‘റബ്ബാനിയ്യ്’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ‘അവരുടെ പണ്ഡിതന്മാരും (റബ്ബാനിയ്യൂന്‍) പുരോഹിതന്മാരും (റുഹ്ബാന്‍)അവരുടെ നിഷിദ്ധഭാഷണത്തെയും അവിഹിത ഭോജനത്തെയും തടയാത്തതെന്ത്’ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു.10 പ്രമാണങ്ങള്‍ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്ക് നിയമവിധികള്‍ വിശദീകരിച്ചുകൊടുക്കാനും അത് നടപ്പിലാക്കാന്‍ നേതൃത്വം വഹിക്കാനും ഉത്തരവാദപ്പെട്ടവരാണ് ‘റബ്ബാനി’ എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ‘പഠിക്കുകയും പഠിപ്പിക്കുകയും’ ചെയ്യുന്ന ‘റബ്ബാനികള്‍’ എന്ന പ്രയോഗവും ഇതേ ആശയത്തെ കുറിക്കുന്നുവെന്നാണ് പണ്ഡിതാഭിപ്രായം. ‘യുക്തിജ്ഞാനവും പാണ്ഡിത്യവും ഉള്ളവരാണ് (ഹുകമാഅ്, ഉലമാഅ്) റബ്ബാനികള്‍ എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ് പറയുന്നു. യുക്തിബോധവും ധാര്‍മിക വിശുദ്ധിയുമുള്ളവരാണ് (ഹുകമാഅ്, അത്ഖിയാഅ്) ആണ് ‘റബ്ബാനികള്‍’ എന്നാണ് ഇബ്നു ജുബൈറിന്റെ അഭിപ്രായം. പാണ്ഡിത്യവും അവഗാഹവും ഉള്ളവരാണ് ഹസന്റെ വീക്ഷണത്തില്‍ റബ്ബാനികള്‍. യുക്തിജ്ഞാനവും അവഗാഹവുമുള്ളവര്‍ എന്നാണ് സുദ്ദിയുടെ വിശദീകരണം. ജനങ്ങളെ സംസ്കരിച്ച് പരിപാലിക്കുന്നവര്‍ എന്ന് ഇബ്നു സൈദ്. ഇത്രയും അഭിപ്രായങ്ങള്‍ ഉദ്ധരിച്ചശേഷം ‘റബ്ബാനികെളന്നാല് കര്‍മശാസ്ത്രത്തിലും വിജ്ഞാന ശാഖകളിലും ദീനിന്റെയും ദുന്‍യാവിന്റെയും കാര്യങ്ങളിലും ജനങ്ങള്‍ക്ക് അവലംബിക്കാവുന്നവരാണെന്ന്’ ഇമാം ത്വബരി വിശദീകരിക്കുന്നു.11 മുജാഹിദിന്റെ വീക്ഷണത്തില്‍ അഹ്ബാര്‍ എന്നാല്‍ പണ്ഡിതന്മാര് (ഉലമാഅ്) ആകുന്നു. അവര്‍ക്കും മുകളിലുള്ളവരത്രെ റബ്ബാനികള്‍; ഇല്മിനെയും ഫിഖ്ഹിനെയും സമന്വയിപ്പിച്ചവരും രാഷ്ട്രീയത്തില്‍ ഉള്‍ക്കാഴ്ചയും ആസൂത്രണ പാടവവും പൗരന്മാരുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ ശേഷിയുള്ളവരും അവരുടെ ഭൗതികവും ആത്മീയവുമായ നന്മകള് ഉറപ്പുവരുത്താന്‍ കഴിയുന്നവരുമാണ് റബ്ബാനികള്‍ എന്ന് അദ്ദേഹം പറയുന്നു.12 ഈ യോഗ്യതകളുള്ളവരാണ് പ്രമാണ വ്യാഖ്യാനത്തിന് നേതൃത്വം നല്കേണ്ടണ്ടണ്ടതെന്ന് പറയുമ്പോള്‍ കാര്യം വ്യക്തമാണ്.
ദീനീവിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്നതിനാല് ഇബ്നു അബ്ബാസ് ‘റബ്ബാനി’ എന്നും വിളിക്കപ്പെട്ടിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ‘മുസ്ലിം ഉമ്മത്തിന്റെ റബ്ബാനി വിടവാങ്ങി’ എന്നാണ് മുഹമ്മദുബ്നുല്‍ ഹനഫിയ പറഞ്ഞത്.13 ഇബ്നു അബ്ബാസിനെ ‘ഫഖീഹ്’ ആക്കണേ എന്ന് നബി(സ) പ്രാര്‍ഥിച്ചത് നേരത്തേ ഉദ്ധരിക്കുകയുണ്ടായി. അദ്ദേഹം ‘റബ്ബാനി’ യാണെന്നുകൂടി പറയുമ്പോള്‍ ദീനില്‍ അവഗാഹമുള്ള പണ്ഡിതനാണ് ഇതുകൊണ്ടൊക്കെ അര്‍ഥമാക്കുന്നതെന്ന് വ്യക്തം. ‘വലിയ ജ്ഞാനത്തിനുമുമ്പ് ചെറു അറിവുകള്‍ ജനങ്ങളെ പഠിപ്പിക്കുന്നവനാണ് റബ്ബാനി. കാര്യങ്ങള്‍ ലഘൂകരിച്ച് എളുപ്പമാക്കുന്നതില്‍ അല്ലാഹു പഠിപ്പിച്ച മാര്‍ഗം പിന്തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്’- ഇങ്ങനെയൊരു വിശദീകരണം ഇബ്നു അബ്ബാസില്നിന്നുതന്നെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘റബ്ബിയ്യ്’ എന്ന അടിസ്ഥാന പദത്തിന് ദൈവത്തോട് ചേര്ന്നവന്, ദൈവസാമീപ്യമുള്ളവന് എന്നൊക്കെയാണ് അര്‍ഥം. പദത്തിന് അര്ഥപുഷ്ടിക്കായി അലിഫും നൂനും ചേര്‍ക്കുന്നു; അത്വ്ശാന്‍ (ദാഹാര്ത്തന്), റയ്യാന്‍ എന്നപോലെ. പിന്നീട്, ‘യാഉന്നിസ്ബ’യും (അന്വയം) ചേര്‍ക്കുന്നു. ഇങ്ങനെയാണ് ‘റബ്ബാനിയ്യ്’ രൂപപ്പെടുന്നത്. നീണ്ട താടിയുള്ളവന് ‘ലഹ്യാനി’, കവിഞ്ഞ തലമുടിയുള്ളവന് ‘ജുമ്മാനി’, വലിയ കഴുത്തുള്ളവന് ‘റഖ്ബാനി’ എന്നൊക്കെ പറയുന്ന പോലെയാണിത്. ഈ തലത്തില്‍ മനസ്സിലാക്കുമ്പോള്‍, റബ്ബിന്റെ നിയമവ്യവസ്ഥ നന്നായി അറിയുന്നവന് എന്ന് റബ്ബാനിയ്യിന് അര്‍ഥം വരുന്നു. ആ അറിവ് കര്‍മരൂപം പ്രാപിക്കണം; കാരണം, പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ ‘ആലിം’ ആവുകയില്ല.14
അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യം വെച്ച് അറിവ് നേടുകയും പഠിപ്പിക്കുകയും ചെയ്യുന്ന പരലോകപ്രധാനികളായ പണ്ഡിതന്മാര് എന്ന ആശയം ‘റബ്ബാനിയ്യൂന്‍’ ഉള്‍ക്കൊള്ളുന്നുണ്ട്. റബ്ബിനെ മാത്രം ലക്ഷ്യം വെക്കുന്നവന്, റബ്ബിലേക്ക് മാത്രം ചേരുന്നവന് എന്ന ആശയം പണ്ഡിതന്മാരെ സംബന്ധിച്ചും പ്രാധാനമാണ്.പ്രമാണ വായനയെ നിക്ഷിപ്ത താല്പര്യങ്ങളില്നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്ന അടിസ്ഥാനമാണത്. യുക്തിബോധവും സദുപദേശ സമീപനവും സഹൃദയത്വവും ഒത്തിണങ്ങിയ ഇത്തരം പണ്ഡിതന്മാരാണ് ജനങ്ങള്‍ക്കു മുമ്പില്‍ വിളക്കുമാടങ്ങളായി നിലകൊള്ളേണ്ടത്. പ്രവാചകന്മാരുടെ അനന്തരഗാമികളാണവര്. ഇപ്രകാരം പണ്ഡിതനും കര്‍മോത്സുകനും സമൂഹത്തെ പഠിപ്പിക്കുന്ന ഗുരുവര്യനും ആകുമ്പോഴാണ് ഒരാള്‍ ‘റബ്ബാനിയ്യ്’ ആകുന്നത്. ഇതിലൊരു ഗുണം നഷ്ടപ്പെട്ടാല്‍ അദ്ദേഹം റബ്ബാനി അല്ലാതാകും.15 അറിവും (ഇല്മ്) സംസ്കരണവും (അഖ്ലാഖ്) പ്രബോധനവും (ദഅ്വത്ത്) പ്രവാചകരില്‍നിന്ന് അനന്തരമെടുത്തവനത്രെ റബ്ബാനിയ്യ്. അവരാണ് യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ കൈകാര്യ കര്‍ത്താക്കള്‍ (ഉലുല്‍ അംറ്). പൊതുജനങ്ങളോടും (ആമ്മത്തുന്നാസ്) അധികാരികളോടും (ഉമറാഅ്) ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ദീന് പഠിപ്പിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവര്‍ അവരാണെന്ന് ഇമാം നവവി പറയുന്നു.16 ഈ വിശദീകരണങ്ങളത്രയും മുമ്പില്‍വെച്ച് ചിന്തിച്ചാല്‍, ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിച്ച് വിശദീകരിക്കുകയും കാലികമായി അവയെ വികസിപ്പിക്കുകയും ചെയ്യേണ്ട ദീനീപണ്ഡിത നേതൃത്വമാണ് ‘റബ്ബാനിയ്യ്’ എന്ന് വ്യക്തമാക്കുന്നു.
3. ”പ്രവാചകരേ, നാം താങ്കള്ക്കുമുമ്പും ദൂതരായി നിയോഗിച്ചിട്ടുള്ളത് മനുഷ്യരെ തന്നെയാണ്. അവര്‍ക്ക് നമ്മുടെ സന്ദേശങ്ങള്‍ ബോധനം നല്‍കിയിരുന്നു. നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ജ്ഞാനികളോട് ചോദിച്ചു നോക്കുക.”17
പണ്ഡിതന്മാര് വൈജ്ഞാനിക അവലംബമാകേണ്ടതിനെക്കുറിച്ചാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. മനുഷ്യന് പ്രവാചകനാകുമോ എന്നതു സംബന്ധിച്ച് സംശയാലുക്കളായവര്ക്കു നിവൃത്തിവരുത്താന്‍ മാത്രമല്ല, പ്രവാചകന് വഴി ലഭിച്ച ദൈവിക ഗ്രന്ഥത്തിലും പ്രവാചക ചര്യയിലുമുള്ള പാഠങ്ങള്‍ മനസ്സിലാക്കാനും സംശയങ്ങള്‍ നിവര്‍ത്തിക്കാനുമുള്ള അവലംബങ്ങളുമാണ് പണ്ഡിതന്മാര്.
4. ”അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു. അജയ്യനും അഭിജ്ഞനുമായ അവനല്ലാതെ സത്യത്തില്‍ ഒരു ദൈവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യം വഹിച്ചിരിക്കുന്നു.”18
ഏകനായ അല്ലാഹു മാത്രമാണ് സൃഷ്ടികളുടെ ആരാധനയും ആത്യന്തിക വിധേയത്വവും അര്‍ഹിക്കുന്ന ഒരേയൊരു ദൈവം എന്നതിന് മൂന്ന് സാക്ഷികളെയാണ് ഈ ആയത്ത് അവതരിപ്പിക്കുന്നത്. ഒന്ന്- അല്ലാഹു സ്വയം തന്നെ. രണ്ട്- മലക്കുകള്‍. അല്ലാഹുവിന്റെ സമീപസ്ഥരും ആജ്ഞാനുവര്ത്തികളുമാണവര്. മൂന്ന്- ജ്ഞാനികള്‍ (അഹ്ലുല്‍ ഇല്മ്). സത്യത്തിലധിഷ്ടിതമായ വിജ്ഞാനമുള്ളവരുടെ സ്ഥാനവും മഹത്വവുമാണ് ഇത് അടയാളപ്പെടുത്തുന്നത്. നീതിപൂര്‍വം കാര്യങ്ങളെ വിലയിരുത്താനും വിശദീകരിക്കാനും കഴിയുക ജ്ഞാനികള്‍ക്കാണ്. അതുകൊണ്ട് പ്രമാണ വ്യാഖ്യാനങ്ങള്‍ സന്തുലിതമായിത്തീരാന് സത്യനിഷ്ഠയുള്ള ജ്ഞാനികളെ മാര്ഗദര്ശകരാക്കേണ്ടതുണ്ടെന്ന് സാരം.
ധൈഷണിക ഔന്നത്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് ഉലുല്‍ ഇല്മ്-ജ്ഞാനികള്‍. ഈ ഔന്നത്യത്തിലേക്ക് നീതികൂടി ചേരുമ്പോള്‍ അതിന് സാമൂഹികോന്മുഖതയും സൗന്ദര്യവും കൂടുതല്‍ കൈവരുന്നു. പ്രമാണബദ്ധമായി ജീവിതം രൂപപ്പെടുത്തുന്ന ഒരു സമൂഹത്തിന് ഇത്തരമൊരു ധൈഷണിക നേതൃത്വം അനിവാര്യം തന്നെയാണ്. അനര്‍ഥങ്ങളിലേക്ക് വഴുതിവീഴാതെ സമൂഹത്തെ നയിക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതാണ്. ഈ ശ്രേഷ്ഠത അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ജ്ഞാനികളേക്കാള്‍ മഹത്തുക്കള്‍ വേറെ ഉണ്ടായിരുന്നെങ്കില്‍ അല്ലാഹു തന്റെയും മലക്കുകളുടെയും പേരിനൊപ്പം അവരെയാണ് ചേര്‍ത്തു പറയേണ്ടിയിരുന്നത്. ജ്ഞാനവര്ധനവിനു വേണ്ടി പ്രാര്‍ഥിക്കാന്‍ പ്രവാചകനോട് ആവശ്യപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. ”പ്രഖ്യാപിക്കുക, എന്റെ നാഥാ എനിക്ക് അറിവ് വര്‍ധിപ്പിച്ചു തരേണമേ”. മറ്റെന്തെങ്കിലും വര്ധിപ്പിച്ചുതരാനുള്ള പ്രാര്‍ഥനയല്ല നബി പഠിപ്പിച്ചത്.
വേദഗ്രന്ഥങ്ങള്‍ വിശദീകരിച്ച് പഠിപ്പിക്കലായിരുന്നു പ്രവാചകന്മാരുടെ ദൗത്യം. പ്രവാചകന്മാര്ക്കു ശേഷം വേദഗ്രന്ഥം പഠിപ്പിക്കുകയെന്ന ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടത് പണ്ഡിതന്മാരിലാണ്. ‘പണ്ഡിതന്മാര് പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്’ എന്ന നബിവചനത്തിന്റെ ഒരര്‍ഥം ഇതാണ്. ‘സൃഷ്ടികള്‍ക്കുമേല്‍ അല്ലാഹുവിന്റെ വിശ്വസ്തരാണ് (ഉമനാഅ്) പണ്ഡിതന്മാര്’ എന്നും നബി പഠിപ്പിച്ചിട്ടുണ്ട്. പ്രമാണ വായനയില്‍ പണ്ഡിതന്മാരുടെ അനിവാര്യതയെ അവഗണിക്കാനാകില്ല എന്നാണിതിനര്‍ഥം.19 ”ചോദിക്കുക, അറിവുള്ളവനും അറിവില്ലാത്തവനും തുല്യനാണോ”20 എന്ന ഖുര്‍ആന്‍ വാക്യം ഈ ആശയത്തിന് അടിവരയിടുന്നതാണ്.
കുറിപ്പുകള്‍
1 അന്നിസാഅ് -83
2 അല്‍ അസ്മഇയ്യാത്ത് -103
3 തഫ്സീറുത്ത്വബ്രി-
4 അന്നിസാഅ് -59
5 അന്നിസാഅ് -82
6 ഖുര്‍ആന്‍ ബോധനം
7 ഖുര്‍ആന്‍ ബോധനം 2/483
8 ആലുഇംറാന്-79
9 അത്തഹ്രീറു വത്തന്‍വീര്‍-3/140
10 അല്‍മാഇദ – 63
11 തഫ്സീറുത്ത്വബരി-6/541
12 അതേ പുസ്തകം 6/541
13 തഫ്സീറുത്ത്വബരി-1/81
14 ഖുര്‍ത്വുബി-അഹ്കാമുല്‍ ഖുര്‍ആന്‍
തഫ്സീറുല്‍ ബഗവി- 2/59
15 മിഫ്താഹു ദാറുസ്സആദ, ഇബ്നുല്‍ ഖയ്യിം -184
16 ശര്ഹുന്നവവിയ്യ – 116
17 അന്നഹ്ല് -43
18. ആലുഇംറാന് 18
19. അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍-2/ 41-43