ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു നോംചോംസ്‌കിയും പത്‌നിയും. ചടങ്ങില്‍ കമലാദാസിനെ ക്ഷണിച്ചിട്ടില്ലെന്നറിഞ്ഞ് അവര്‍ അത്ഭുതപ്പെട്ടു. ഒടുവില്‍ ചോംസ്‌കിയും പത്‌നിയും മാധവിക്കുട്ടിയുടെ വസതിയിലെത്തിയാണ് സംഭാഷണം നടത്തിയത്.
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. ലോകമെമ്പാടുമുള്ള എഴുത്തുകാരും ബുദ്ധിജീവികളും കേരളത്തെ തിരിച്ചറിയുന്നത് കമലാദാസ് എന്ന എഴുത്തുകാരിയിലൂടെയാണ്. കമലയുടെ മുഖം സ്‌നേഹത്തിന്റേതാണെന്ന് അവര്‍ കരുതുന്നു. സംസ്‌കാരത്തിന്റെ പൊള്ളത്തരവും അധികാരത്തിന്റെ കാപട്യവും തുറന്നുപറഞ്ഞ് ഈ എഴുത്തുകാരി സ്‌നേഹത്തെക്കുറിച്ച് വാചാലയാവുന്നു. രാഷ്‌ട്രങ്ങളുടെ അതിരുകളോ ഭൂഖണ്ഡങ്ങളുടെ വേര്‍തിരിവുകളോ അവരെ ബാധിക്കുന്നില്ല. എന്നിട്ടും മലയാളി, മാധവിക്കുട്ടിയെ തിരിച്ചറിയുന്നില്ല. എഴുത്തിന്റെ ഉന്മാദത്തെ തിരിച്ചറിയാനാവാത്ത രീതിയില്‍ മലയാളിസമൂഹം ഒരു മദ്ധ്യവര്‍ത്തി സമൂഹമായി അധഃപതിച്ചതാവാം കാരണം. ലോകാദരം നേടിയ ആ എഴുത്തുകാരിയുടെ സംഭാഷണങ്ങളിലെ ചില ഭാഗങ്ങള്‍…
ആദ്യകാല രചനകളുടെ പശ്ചാത്തലം?
ഏതാണ്ട് പതിനെട്ടു വയസ്സാകുമ്പോഴാണ് ഞാന്‍ മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങുന്നത്. എന്‍.വി കൃഷ്‌ണവാരിയരായിരുന്നു അന്ന് പത്രാധിപര്‍.
പക്ഷേ, അതിനുമുമ്പുതന്നെ ഒരെഴുത്തുകാരിയെന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എനിക്ക് പതിനാലര വയസ്സുള്ളപ്പോഴാണത്. PEN ന്റെ ഇന്ത്യന്‍ എഡിഷന്റെ ഓഫീസ് അന്ന് ബോംബെയിലാണ്. ഒരു പാഴ്‌സിയെ വിവാഹം കഴിച്ച ഫ്രഞ്ചുകാരി സോഫിയവാഡിയ ആയിരുന്നു എഡിറ്റര്‍.
പെന്‍ മാഗസിനില്‍ ഞാനൊരു കവിതയെഴുതി. യുദ്ധത്തില്‍ ഭൂമിയിലുള്ള എല്ലാവരും മരിച്ചു. പക്ഷേ, ഒരാള്‍ മാത്രം മരിച്ചില്ല. മരിച്ചവരുടെ പ്രതിനിധിയായി ഒരമ്മ, മരിക്കാത്തയാളെ അഭിസംബോധന ചെയ്യുന്നതായിരുന്നു കവിതയുടെ പ്രമേയം. മരിക്കാതെ ശേഷിച്ച ആള്‍ക്ക് മറ്റാരെയെങ്കിലും സ്‌നേഹിക്കേണ്ട ബാധ്യതയുണ്ടായിരുന്നില്ല. അതായിരുന്നില്ലല്ലോ മരിച്ചവരുടെ സ്ഥിതി. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കാന്‍ പാടുപെട്ടവരാണ്. അതുകൊണ്ട് മനുഷ്യരാശിയുടെ അവസാനപ്രതിനിധി ഭാഗ്യവാനാണെന്ന് എനിക്കു തോന്നി. മരിച്ചവര്‍ മരിക്കാത്തയാള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
പെന്‍-ല്‍ പ്രസിദ്ധീകരിച്ച എന്റെ ആദ്യകവിത വ്യാപകമായി പ്രശംസിക്കപ്പെട്ടു. ബോംബെയില്‍ എഴുത്തുകാരുടെ മാസംതോറുമുള്ള ഒത്തുചേരലില്‍ ഞാന്‍ പ്രിയപ്പെട്ടവളായി. ആദ്യ കവിതകൊണ്ടുതന്നെ എസ്റ്റാബ്ലിഷ് ചെയ്‌ത എഴുത്തുകാരിയാണ് ഞാന്‍. സാധാരണഗതിയില്‍ പത്തോ ഇരുപതോ കവിതകള്‍ക്കു ശേഷമായിരിക്കും ഒരു കവി അംഗീകരിക്കപ്പെടുക. എനിക്ക് ആ ബുദ്ധിമുട്ടുണ്ടായില്ല.
കഥയുടെ തുടക്കം
അതിനുശേഷമാണ് ഞാന്‍ മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങിയത്. എന്റെ വിവാഹം അത്ര നല്ല അനുഭവമായിരുന്നില്ല. അതിന്റെ സങ്കടങ്ങള്‍ എനിക്കുണ്ടായിരുന്നു. അമ്മമ്മ-അമ്മയുടെ അമ്മയായിരുന്നു എന്റെ ഡിയറസ്റ്റ്. എന്റെ വിവാഹം പരാജയമാണെന്നു പറഞ്ഞാല്‍ അത് അമ്മക്കു വിഷമമാകും. എല്ലാം പറയാവുന്ന സുഹൃത്ത് എനിക്ക് സാഹിത്യം മാത്രമായിരുന്നു. എന്റെ സങ്കടങ്ങള്‍ ഞാന്‍ എഴുതിത്തീര്‍ക്കുകയായിരുന്നു.
വിവാഹജീവിതത്തിന്റെ നിരാശതകള്‍ എന്റെ ആദ്യകാല കഥകളിലുണ്ടായിരുന്നു. സന്തോഷകരമല്ലാത്ത വിവാഹജീവിതം സഹിച്ച് ആത്മഹത്യ ചെയ്‌തപോലെ ജീവിക്കുകയാണോ വേണ്ടത്, അതോ സ്‌നേഹമുള്ള ഒരാളെ കണ്ടുപിടിച്ച് സന്തോഷത്തോടെ ജീവിക്കുകയാണോ വേണ്ടത്? മരണംവരെ ഒരു നനഞ്ഞ പക്ഷിയെപ്പോലെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഇഷ്‌ടമുള്ള ആളോടൊപ്പം സ്‌നേഹത്തോടെ ജീവിക്കുകയാണെന്ന് എനിക്കു തോന്നി.
ഞാനും ദാസേട്ടനും ഓബ്രിമേനോന്റെ അച്ഛന്‍ നാരായണമേനോനും ഒരുമിച്ച് ഒരിക്കല്‍ ഒരു സിനിമ കാണാന്‍ പോയി. എന്റെ സങ്കടങ്ങള്‍ മനസ്സിലാക്കിയിട്ടാകണം സിനിമ കഴിഞ്ഞ് മടങ്ങിവരുംവഴി നാരായണമേനോന്‍ എന്നോടു ചോദിച്ചു; സിനിമ കണ്ടിരിക്കുമ്പോള്‍ ദാസേട്ടന്‍ എപ്പോഴെങ്കിലും ആമിയുടെ കൈയില്‍ തൊട്ടുവോ എന്ന്. ദാസേട്ടന്‍ അങ്ങനെ ഒരു റൊമാന്റിക്ക് ടൈപ്പല്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു; ദാസേട്ടന്‍ ആമിയുടെ കൈയില്‍ തൊട്ടില്ലെങ്കില്‍ തിയേറ്ററില്‍ അടുത്തിരിക്കുന്ന ആരുടെയെങ്കിലും കയ്യില്‍ ആമി സ്‌നേഹത്തോടെ സ്‌പര്‍ശിക്കണം. ജീവിതം ഒരിക്കലും ഒരു നനഞ്ഞ പക്ഷിയെപ്പോലെ ആയിരിക്കരുത്.
ദാസേട്ടന്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ഏകാകിയാണ്. മറുനാട്ടിലെ ഏകാന്തവാസം. വീട്ടില്‍ വയ്‌പ്പുകാരന്‍ കൃഷ്‌ണനുണ്ട്. പിന്നെ, പാലക്കാട്ടു നെന്മാറയില്‍നിന്ന് പഠിക്കാനെത്തിയ രണ്ടാണ്‍കുട്ടികളും. അവര്‍ നെന്മാറയിലെ വല്ലങ്കിവേലയെക്കുറിച്ച് പറഞ്ഞുതന്നത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്.
ഏകാന്തതയുടെ വിരസത ഒഴിവാക്കാന്‍ ഞങ്ങള്‍ കാരംസ് കളിക്കാന്‍ തുടങ്ങി. പക്ഷേ, അടുത്ത വീട്ടിലെ രണ്ടു നായര്‍ സ്‌ത്രീകള്‍ അതേക്കുറിച്ച് ദാസേട്ടനോട് പരാതി പറഞ്ഞു. അതോടെ കാരംസ്‌കളി നിന്നു. എന്നാല്‍ പരാതി പറഞ്ഞ നായര്‍സ്‌ത്രീകള്‍ കാരംസ് കളിക്കാന്‍ എനിക്ക് കൂട്ടിനുവരുമോ? അതുമില്ല. അങ്ങനെ വീണ്ടും ഏകാന്തത. ഇടക്ക് ആരുമറിയാതെ പകല്‍നേരങ്ങളില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പോയിട്ടുണ്ട്. അതും അയല്‍ക്കാരികളുടെ പരാതിക്ക് വിഷയമായി.
കല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലൊരു പരിഷ്‌കാരിപ്പെണ്ണിനെ ആട്ടുകല്ലില്‍ കെട്ടിയിട്ടതിനു തുല്യമായിരുന്നു അക്കാലത്തെ എന്റെ ജീവിതം. വിവാഹത്തിനുള്ള പ്രായമൊന്നും എനിക്കായിരുന്നില്ല. എന്റെ വിവാഹം നേരത്തെയായിരുന്നല്ലോ. കുറഞ്ഞത് 21 വയസ്സുകഴിയാതെ പെണ്‍കുട്ടികളുടെ വിവാഹം നടത്തരുത്. വിവാഹത്തിനു ശേഷം പെണ്‍കുട്ടികളുടെ ജീവിതം മുഴുവന്‍ വിലക്കുകളാണ്. അരുതുകളുടെ ലോകം.
വിവാഹജീവിതത്തില്‍ ആനന്ദമില്ലാതിരുന്നതുകൊണ്ട് ഞാനൊരുപാട് കവിതകളെഴുതി. എന്നെ എഴുത്തുകാരിയാക്കിയത് ആ നിരാശതകളായിരുന്നു.
എഴുത്തും വായനയും?
മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങിയ കാര്യം ഞാന്‍ പറഞ്ഞുവല്ലോ. പന്ത്രണ്ടു രൂപയായിരുന്നു അന്ന് കഥക്കു പ്രതിഫലം. ആ കഥകള്‍ക്ക് വായനക്കാരുടെ ഇടയില്‍നിന്ന് നല്ല പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പണത്തേക്കാള്‍ കൂടുതല്‍ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് ആ പ്രതികരണങ്ങളായിരുന്നു. കഥ നന്നായിരുന്നുവെന്ന് പത്രാധിപര്‍ എനിക്കെഴുതുന്ന ഒരു കത്തിനുപോലും ഞാന്‍ വലിയ വില കല്‍പിക്കാറുണ്ട്. എഴുത്ത് പണത്തിനുവേണ്ടി മാത്രം ചെയ്യുന്ന വേശ്യാവൃത്തിയല്ല. സാഹിത്യത്തിനും കലക്കും പ്രതികരണം പ്രധാനമാണ്. എല്ലാറ്റിലും സ്‌നേഹത്തിന്റെ ഒരു സ്‌പര്‍ശമുണ്ടായിരിക്കണം.
വായനയുടെ ലോകം
വായനയെക്കുറിച്ച് ചോദിച്ചുവല്ലോ. ഒരെഴുത്തുകാരിയായി അറിയപ്പെടാന്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ഞാന്‍ നല്ലൊരു വായനക്കാരിയായിരുന്നു. പതിനാലു വയസ്സിനുമുമ്പുതന്നെ മിക്കവാറും ക്ലാസിക്കുകള്‍ വായിച്ചുതീര്‍ത്തു. ചാള്‍സ് ഡിക്കന്‍സ്, തര്‍ജിനീവ്, അനതോള്‍ ഫ്രാന്‍സ് തുടങ്ങിയ എഴുത്തുകാരുടെ ക്ലാസിക്കുകള്‍ വായിക്കാതെ മോഡേണ്‍ റൈറ്റിങ് മാത്രം വായിച്ചിട്ട് കാര്യമില്ല എന്നാണെന്റെ വിശ്വാസം.
ദാസേട്ടന്റെ അച്ഛന്‍ സി.വി സുബ്രഹ്മണ്യ അയ്യര്‍ വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വലിയ പുസ്‌തകശേഖരം എന്റെ അമ്മാവന്‍ നാലപ്പാട്ട് നാരായണമേനോന്റെ അധീനതയിലായിരുന്നു. അതു മുഴുവന്‍ ഞങ്ങള്‍ വായിച്ചു തീര്‍ത്തു. ക്ലാസിക്കുകള്‍ നന്നായി വായിച്ചിരുന്നതുകൊണ്ട് ജീവിതത്തിന്റെ ഒരു പകുതി ക്ലാസിക് കൃതികളിലെ കഥാപാത്രങ്ങളോടൊപ്പമായിരുന്നു. മറ്റേ പകുതി നാലപ്പാട്ടും.
അമ്മാവന്‍ വിവര്‍ത്തനം ചെയ്‌ത ‘പാവങ്ങള്‍’ വായിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. വായനയുടെ ഇന്ദ്രജാലം, റൊമാന്‍സ് എന്നൊക്കെ പറയാം. അതൊന്നുമില്ലായിരുന്നെങ്കില്‍ ജീവിതം ശുഷ്‌ക്കമാകുമായിരുന്നു. പിന്നീട് ഓസ്‌കാര്‍ വൈല്‍ഡ്, ഫ്‌ളോബേര്‍, ടോള്‍സ്റ്റോയി എന്നിവരുടെ കൃതികളിലൂടെ വായന തുടര്‍ന്നു. അമ്മയും നന്നായി വായിച്ചിരുന്നു, മോനു ഒരു ദിവസം ഒരു പുസ്‌തകംവീതം വായിക്കുന്ന കാലമുണ്ടായിരുന്നു. എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ് വായന തന്നെയായിരുന്നു. വായന നമ്മെ ഗുണകരമായി സ്വാധീനിക്കും. കളവിനു മാപ്പുകൊടുക്കാന്‍ എനിക്കു കഴിയുന്നത് മെഴുകുതിരിക്കാലുകള്‍ മോഷ്‌ടിച്ച കള്ളന് പാവങ്ങളിലെ ബിഷപ്പ് മാപ്പുകൊടുത്തതു വായിച്ച അനുഭവമുള്ളതുകൊണ്ടാണ്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അച്ഛന്‍ പുസ്‌തകങ്ങള്‍ക്ക് പണം ചെലവാക്കുമായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ക്ക് ട്യൂഷനു വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കും!
അച്ഛനുമായി താരതമ്യം ചെയ്‌താല്‍ ഞങ്ങള്‍ക്കു വേണ്ടത്ര പണമുണ്ടായിരുന്നില്ല. എന്നിട്ടും മക്കള്‍ക്ക് വായിക്കാന്‍ പുസ്‌തകങ്ങള്‍ വാങ്ങിക്കൊടുത്തു. യഥാര്‍ഥ വിദ്യാഭ്യാസം അതാണെന്ന് ഞാന്‍ കരുതുന്നു. അല്ലാതെ അധ്യാപകര്‍ അവര്‍ക്കുതന്നെ വേണ്ടത്ര നിശ്ചയമില്ലാതെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയുന്നതല്ല വിദ്യാഭ്യാസം.
മലയാളവും മലയാളിയും?
�ഐ ഡോണ്ട് നോ മല്യാലം� എന്ന് സ്റ്റൈലില്‍ സംസാരിച്ചുതുടങ്ങുന്ന പെണ്‍കുട്ടിയോട് ചോദിക്കണം വീടെവിടെയെന്ന്? ഒന്നുകില്‍ കൊരട്ടി. അല്ലെങ്കില്‍ ചാലക്കുടി. അതുമല്ലെങ്കില്‍ കേരളത്തില്‍ത്തന്നെ മറ്റേതെങ്കിലുമൊരിടം. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലത്തായിരുന്നെങ്കില്‍ ഇതിനൊക്കെ എന്തെങ്കിലും ഒരര്‍ത്ഥമുണ്ടായിരുന്നു എന്നു പറയാം. ഇന്ന് എന്തിന് ഈ ഗോഷ്‌ടി? ലണ്ടനില്‍ പഠിച്ച ആള്‍പോലും തെറ്റില്ലാതെ മലയാളം പറയുമ്പോഴാണ് കേരളത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ ഇങ്ങനെ സംസാരിക്കുന്നത്. ഇവര്‍ക്ക് ഇംഗ്ലീഷുമറിയില്ല, മലയാളവുമറിയില്ല എന്നതാണ് സത്യം.
രാഷ്‌ട്രീയത്തിലുള്ള എന്റെ ഒരു സ്‌നേഹിത പറഞ്ഞതനുസരിച്ച് ഒരിക്കല്‍ ഒരു കുട്ടി ഇവിടെ വന്നു. ആ കുട്ടിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരത്തിന് ഞാനൊരു അവതാരിക കൊടുക്കണം. പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന് 40,000 രൂപ നല്‍കാന്‍ കോളേജ് അധികാരികള്‍ തയാറാണ്.
ഞാന്‍ കവിതകള്‍ വായിച്ചുനോക്കി. സംഗതി പൈങ്കിളി സാഹിത്യമാണ്. അതല്ല എന്നെ ദേഷ്യം പിടിപ്പിച്ചത്. ഇംഗ്ലീഷ്‌ഭാഷ അല്‌പംപോലും ആ കുട്ടിക്കറിയില്ല. അപ്പാടെ പൊട്ട ഇംഗ്ലീഷ്. അപ്പോള്‍ ഈ കുട്ടിയുടെ കവിത വായിച്ച് പ്രശംസിച്ച കോളേജ് അധ്യാപകര്‍ക്കും ഇംഗ്ലീഷ് അറിയില്ലെന്നു വേണ്ടേ ധരിക്കാന്‍? എനിക്കു ദേഷ്യം വന്നു. ഞാന്‍ അവതാരികയെഴുതിയില്ല. കുട്ടിയോടുപോയി ആദ്യം ഇംഗ്ലീഷ് പഠിച്ചു വരാന്‍ പറഞ്ഞു. കുട്ടി പോയതിന്റെ പിന്നാലെ ഫോണ്‍ വന്നു. ഞാന്‍ പറഞ്ഞുവിട്ടതിന്റെ ദുഃഖംകൊണ്ട് കുട്ടി ബോധംകെട്ടു വീണത്രെ. ഞാനാ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് ഫോണ്‍ ചെയ്‌തയാളുടെ പരാതി. അവതാരിക വേണമെന്ന ആവശ്യം അയാള്‍ ആവര്‍ത്തിച്ചു. പക്ഷേ, ഞാന്‍ തയ്യാറായില്ല. വേണമെങ്കില്‍ ഞാനൊരു സ്വര്‍ണ്ണച്ചങ്ങല വാങ്ങി ആ കുട്ടിക്കു കൊടുക്കാം. പക്ഷേ, അവതാരിക വയ്യ.
പിന്നീട് തപാലില്‍ വരുന്നത് ആ കുട്ടിയുടെ കവിതാഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ക്ഷണക്കത്താണ്. ഒരുപക്ഷേ, മറ്റാരെങ്കിലും അവതാരിക എഴുതിക്കൊടുത്തുകാണും.
ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി, ഫെമിന, പോയറ്റ് തുടങ്ങി പല പ്രസിദ്ധീകരണങ്ങളുടെയും പോയട്രി എഡിറ്ററായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത ജഡ്‌ജ് ചെയ്യാന്‍ എനിക്കു കഴിവുണ്ടെന്ന് ലോകം അംഗീകരിച്ചിട്ടുമുണ്ട്. എന്റെ പ്രൊഫഷണല്‍ ജഡ്‌ജ്‌മെന്റ് ലംഘിക്കാന്‍ എനിക്ക് സാധ്യമല്ല.
വായനക്കാരെ സത്യത്തോടടുപ്പിക്കാനാണ് സാഹിത്യം. പക്ഷേ, നമുക്കിപ്പോള്‍ അതിലൊന്നുമല്ല താല്‌പര്യം.
�ടൗണ്‍ഹാളില്‍ നാളെ സ്വപ്‌നചന്ത� എന്നൊരു നോവല്‍ പ്രസിദ്ധീകരിക്കുന്നുവെന്ന് പണ്ടൊരിക്കല്‍ കുങ്കുമം വാരികയില്‍ പരസ്യം വന്നത് ഓര്‍ക്കുന്നു. ആ നോവലിന് എന്തുപറ്റി?
എഴുതാന്‍ കഴിഞ്ഞില്ല. ചില അസൗകര്യങ്ങള്‍ വന്നുപെട്ടു. അതിന്റെ പ്രമേയം അല്‍പം നീണ്ടൊരു കഥയായി എഴുതി കുങ്കുമം വാരികയില്‍തന്നെ പ്രസിദ്ധീകരിച്ചു.
കഥാരചനക്കുള്ള ഊര്‍ജ്ജം എവിടെനിന്നായിരുന്നു?
എന്റെ ചുറ്റുവട്ടത്തു കണ്ടതാണ് ഞാനെഴുതിയത്. എന്നിട്ടും വിശ്വസിക്കാന്‍ വിസമ്മതിച്ചവരുണ്ട്. ഉദാഹരണത്തിന് �സ്വയംവരം� എന്ന കഥ. ഞങ്ങള്‍ ബോംബെയില്‍ താമസിക്കുന്ന കാലത്തെ അനുഭവമാണ്. ചര്‍ച്ച്‌ഗേറ്റിനടുത്തുള്ള പാര്‍ക്കില്‍ രാവിലെ ഒരു മകന്‍ അയാളുടെ തള്ളയെ കൊണ്ടുവന്നിരുത്തും. വൈകീട്ട് ജോലി കഴിഞ്ഞെത്തിയാല്‍ അയാള്‍ അമ്മയെ തിരിച്ചുകൊണ്ടുപോവുകയും ചെയ്യും. അല്‌പം മാനസിക വിഭ്രാന്തിയുള്ള സ്‌ത്രീയായിരുന്നു അവര്‍. പക്ഷേ, ഒരുദിവസം വൈകീട്ട് അമ്മയെ തിരിച്ചുകൊണ്ടുപോകാന്‍ മകനെത്തിയില്ല. കുഴപ്പക്കാരായ ചില ചെറുപ്പക്കാര്‍ കടലാസുകൊണ്ട് കിരീടമുണ്ടാക്കി രാജകുമാരന്മാരായി ഭാവിച്ച് ആ സ്‌ത്രീയെ ഗാംങ് റേപ്പ് ചെയ്‌തു കൊന്നു. മാനസികവിഭ്രാന്തിയുള്ള ആ അമ്മയെ ഒരു രാജകുമാരിയായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ചെറുപ്പക്കാര്‍. ഈ പ്രമേയം ഉള്‍ക്കൊള്ളാന്‍തക്ക അനുഭവപരിസരം കേരളത്തിലെ ചില വിമര്‍ശകര്‍ക്കെങ്കിലുമുണ്ടായിരുന്നില്ല.
അന്തസ്സ്
കഥാകാര്‍ക്ക് നിരീക്ഷണ ശക്തിവേണം. നമ്മള്‍ മനസ്സിരുത്തി ഒരാളെ പിന്തുടര്‍ന്നാല്‍ അയാളുടെ ചിന്തപോലും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
ബോംബെയില്‍ പ്രസിദ്ധ സൈക്യാട്രിസ്റ്റായിരുന്ന ഡോ. രമണ്‍ലാല്‍ പട്ടേല്‍ പാതിരോഗം മാറിയ രോഗികളെ പലപ്പോഴും എന്നെ ഏല്‍പിക്കുമായിരുന്നു. രോഗികള്‍ക്ക് സ്‌നേഹം മാത്രം മതി. കൈ പിടിക്കുക. സ്‌നേഹിക്കുക. ചിത്രം വരക്കാന്‍ സഹായിക്കുക. കവിതയെഴുതാന്‍ പഠിപ്പിക്കുക എന്നിങ്ങനെയായിരുന്നു എന്റെ പരിചരണം. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്‌താല്‍ ഭ്രാന്തില്ലാതാകും. ജീവിതം പാഴാകുന്നു എന്ന് തോന്നുമ്പോഴാണ് ഭ്രാന്തു വരുന്നത്. ജയിലിലെ അന്തേവാസികളെയും ഞാന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
രചനാജീവിതത്തിന്റെ പരിവര്‍ത്തനത്തെ എങ്ങനെ കാണുന്നു?
വായനക്കാരെ ആകര്‍ഷിച്ച എന്റെ ആദ്യകാല കഥകള്‍ പ്രധാനമായും സെന്റിമെന്റലാണ്. സെന്റിമെന്റല്‍ എന്നത് മൂടല്‍മഞ്ഞാണ്. സ്വയം അനുകരിക്കാതിരിക്കാന്‍ ഞാന്‍ രചനയില്‍ ജാഗ്രത പുലര്‍ത്താറുണ്ട്. എന്റെ ആദ്യകാലകഥകള്‍ സെന്റിമെന്റലാണെങ്കില്‍ പില്‍ക്കാലകഥകള്‍ ക്ലിനിക്കലാണ്. ക്ലിനിക്കുകളില്‍ സ്‌ക്രൂട്ടിനി ചെയ്യുംപോലെ അവ കുറേക്കൂടി സ്‌ട്രോങ്ങായിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. വെറുതെ കരഞ്ഞാല്‍ പോരാ. എഴുത്തിലൂടെ മനുഷ്യാന്തസ്സ് സ്ഥാപിക്കപ്പെടണം. അതിനാണ് ഞാനെന്റെ രചനകളിലൂടെ എല്ലായ്‌പോഴും ശ്രമിച്ചിട്ടുള്ളത്.
കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം?
പണമുള്ളവര്‍. അതായത് കേരളത്തിലെ അപ്പര്‍ക്ലാസ്, മലയാള പുസ്‌തകങ്ങള്‍ വായിക്കുകയില്ല. എന്നുവച്ച് അവര്‍ ഇംഗ്ലീഷ് പുസ്‌തകങ്ങള്‍ വായിക്കുമോ? അതുമില്ല. ഇംഗ്ലീഷ് അറിയാമെന്ന് അതിഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ഇന്ത്യാ ടുഡെ വാങ്ങും. പിന്നെ ഒരു വനിതയും. കേരളത്തിലെ മിഡില്‍ ക്ലാസും അപ്പര്‍ക്ലാസും അജ്ഞതയുടെ കൂടാണ്. അവരുടെ പാമരത്തമാണ് നാടിന്റെ ശാപം. പക്ഷേ, കോളനികളില്‍ പാവങ്ങള്‍പോലും നന്നായി വായിക്കും. ഇവിടെ പെയിന്റ് ചെയ്യാന്‍ വരുന്ന കുട്ടികളോട് ചോദിച്ചാല്‍ അതു മനസ്സിലാകും. അവര്‍ക്ക് നല്ല വിവരമുണ്ട്.
പക്ഷേ, പാമരന്മാരുടെ കൈയിലാണ് സമ്പത്ത്. അധികാരവും അവരുടെ കൈയില്‍. അതല്ല, കേരളത്തിനു പുറത്തെ സ്ഥിതി. ബംഗാളില്‍ പണമുള്ളവരും നന്നായി വായിക്കും. ഇവിടെ കോളേജില്‍ പഠിപ്പിക്കുന്നവര്‍ക്കുപോലും ഇംഗ്ലീഷും മലയാളവും ശരിക്കറിയില്ല. വിദേശത്തു പഠിക്കുന്ന മലയാളിപോലും ശരിയായി മലയാളം പറയുമ്പോഴാണ്, തേവരയില്‍ പഠിക്കുന്ന കുട്ടിക്ക് മലയാളം അറിയില്ല എന്ന പോസ്.
എനിക്ക് സത്യമായും ഭയമുണ്ട്. ആരാണ് നമ്മുടെ കുട്ടികളെ നയിക്കുക? അമ്മമാര്‍ക്കു പ്രാപ്‌തിയില്ല. അച്ഛന്മാര്‍ കാശുണ്ടാക്കാന്‍ പരക്കംപായുന്നു. സ്വാഭാവികമായി കുട്ടികള്‍ ക്രിമിനലുകളാകാനുള്ള സാഹചര്യത്തില്‍ അകപ്പെടുന്നു. വായിക്കാത്ത ജനതയുടെ മനസ്സില്‍ അന്ധകാരമാണ്. ആ അന്ധകാരമാണ് നമ്മുടെ നാടിനെ നയിക്കുന്നത്.
ഒരു കല്യാണത്തിനോ സമ്മേളനത്തിനോ നമ്മുടെ നാട്ടില്‍ പങ്കെടുക്കാന്‍ കഴിയുമോ? എല്ലാം മാമാങ്കങ്ങള്‍. തിന്നുക, തേട്ടുക. തിന്നുക, തേട്ടുക. അത്രമാത്രം.
പഴയ കാലം
ഒരു വിരുന്നിനുപോകാന്‍ വയ്യ. ഒരിക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ വിരുന്നില്‍ ഞാന്‍ പങ്കെടുത്തു. പട്ടികള്‍ പോലും ഭക്ഷണത്തിനുമുന്നില്‍ ഇത്രയും ആക്രാന്തം കാട്ടാറില്ല. വിരുന്നിനു ചെല്ലുന്നിടങ്ങളില്‍ സസ്യഭക്ഷണക്കാര്‍ക്കുവേണ്ടി ചെറുതെന്തെങ്കിലും ഒരുക്കിയിരിക്കും. അത് ആദ്യം തന്നെ നോണ്‍ വെജിറ്റേറിയന്‍കാര്‍ കയറി തട്ടും. പിന്നെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനു നേര്‍ക്കുള്ള ആക്രാന്തമാണ്. ഞാനിത്ര കോഴിയെ തിന്നു, ഇത്ര മൃഗത്തിനെ തിന്നു എന്ന മട്ടിലാണ് സംസാരം. അവരുടെ പെണ്ണുകള്‍ തിന്നുകൊഴുത്ത് ഗെയ്‌റ്റ് വേ ഓഫ് ഇന്ത്യ പോലെയിരിക്കുകയാണ്. ഞാന്‍ ലയണ്‍സ് ക്ലബ്ബുകാരോടു പറഞ്ഞു: നിങ്ങള്‍ വിരുന്നിനു കൊണ്ടുപോകുന്നതിനുമുന്‍പ് ഭാര്യമാര്‍ക്ക് കുറച്ച് തൈരും ചോറും കൊടുക്കണം. എങ്കില്‍ ഇവിടെവന്ന് അവര്‍ ഇങ്ങനെ ആക്രാന്തം കാട്ടില്ല.
ക്രിസ്‌ത്യന്‍ വേദഗ്രന്ഥത്തില്‍ പറയും, ഗ്ലട്ടണി ഈസ് എ സിന്‍… ആര്‍ത്തി ഒരു പാപമാണ്.
ഇതൊന്നും പാവങ്ങളുടെ കാര്യമല്ല. ദാരിദ്ര്യം കൊണ്ടുള്ള ആര്‍ത്തിയുമല്ല. സമ്പന്നരുടെ ആര്‍ത്തിയാണ്. സമ്പന്നരുടെ ആര്‍ത്തിയാണ് കേരളത്തെ ഉലയ്‌ക്കുന്നത്.
ഞാന്‍ കേരളത്തിന്റെ പഴയ കാലം ഓര്‍ക്കുകയാണ്. അമ്മമാര്‍ പിടിയരി മാറ്റിവച്ച് അതുകൊണ്ട് സാധുക്കള്‍ക്ക് കഞ്ഞിപ്പാര്‍ച്ച നടത്തിയിരുന്ന കാലം. ഉച്ചക്ക് ഒരു നേരമെങ്കിലും സാധുക്കള്‍ക്ക് ഭക്ഷണം കിട്ടുമായിരുന്നു. എന്തൊരു മഹത്തായ ഗാന്ധിയന്‍ ആദര്‍ശമായിരുന്നു അത്! അതിലൊക്കെ ദൈവികമായ ഒരു ചന്തമുണ്ട്. തണ്ണീര്‍പന്തലുകെട്ടി വഴിയാത്രക്കാര്‍ക്ക് സംഭാരം നല്‍കുമായിരുന്നു. ഉച്ചക്കുള്ള ഭക്ഷണം നാലപ്പാട്ട് വരുന്നവര്‍ക്കെല്ലാം നല്‍കുമായിരുന്നു. അതൊന്നും സമ്പത്തുണ്ടായിട്ടല്ല ചെയ്‌തിരുന്നത്. ദിവസേന നമുക്ക് സദ്യ വേണമെന്ന ആഗ്രഹമുണ്ടായാല്‍ പിന്നെ സാധുക്കള്‍ക്ക് കൊടുക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല.
കേരളീയ സംസ്‌കാരത്തിന്റെ ലാളിത്യം അതെല്ലാമായിരുന്നു. ഇന്ന് ആ സംസ്‌കാരമൊക്കെ അസ്‌തമിച്ചിരിക്കുന്നു. ഇപ്പോള്‍ നമുക്ക് സാംസ്‌കാരിക വകുപ്പേ ഉള്ളൂ.
സ്വന്തം തലമുറയിലെ കഥാകൃത്തുക്കള്‍ക്കുണ്ടായിരുന്ന ബന്ധം?
മഹാമോശം. പലര്‍ക്കും എന്നെ ഇഷ്‌ടമായിരുന്നില്ല. ഞാനെന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
സ്വയം കോമാളിയായി മലയാളികളുടെ മുന്നില്‍ പരിഹാസ്യയാകുന്നതില്‍ ഒരുതരം ഉത്സാഹംതന്നെയുള്ളതായി പലപ്പോഴും തോന്നുന്നുണ്ട്. അതേക്കുറിച്ച്?
മിക്കവാറും കേരളത്തില്‍ എനിക്ക് നേരിടേണ്ടിവരുന്ന ചോദ്യങ്ങള്‍ ഒട്ടുമുക്കാലും വിഡ്‌ഢിത്തം നിറഞ്ഞവയായിരിക്കും. അതിനു പറ്റിയ വിഡ്‌ഢിത്തം ഞാന്‍ മറുപടിയായി പറയുകയും ചെയ്യുന്നു. പൊതുവില്‍ ആരെയെങ്കിലും അംഗീകരിക്കുന്ന കാര്യത്തില്‍ വൈമുഖ്യമുള്ള ജനതയാണ് മലയാളി. എന്നെ നോബല്‍ സമ്മാന കമ്മറ്റി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്‌തെന്ന് പറയുന്നതുപോലും കളവാണെന്നാണ് ഇവിടെ മിക്കവരുടെയും വിശ്വാസം. അപ്പോള്‍പിന്നെ ഞാന്‍ സ്വയമൊരു കോമാളിയാകുന്നതാണ് നല്ലത്. ലോകമെമ്പാടും ഉന്നതശീര്‍ഷരായ എഴുത്തുകാരില്‍ നിന്ന് എനിക്ക് ആദരവ് ലഭിക്കുന്നുണ്ട്. ആ ആദരവ് മലയാളികളില്‍നിന്ന് കിട്ടണമെന്ന് ആശിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
എഴുത്തുകാരിയെന്ന നിലയില്‍ നേരിടേണ്ടി വരുന്ന അന്താരാഷ്‌ട്ര യാഥാര്‍ഥ്യങ്ങളെക്കുറിച്ച് പറയാമോ?
ചില കാര്യങ്ങള്‍ പറയാം. ഞാന്‍ നന്നായി ചരിത്രം ശ്രദ്ധിക്കുന്ന ഒരെഴുത്തുകാരിയാണ്. ചിലപ്പോള്‍ എന്റെ കഥകളില്‍ പ്രവചനസ്വഭാവത്തോടെ ചരിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്താരാഷ്‌ട്ര യാഥാര്‍ഥ്യങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ട് പലപ്പോഴും അത് നമ്മുടെ വായനക്കാര്‍ മനസ്സിലാക്കാതെ പോയിട്ടുമുണ്ട്.
കുറേക്കാലംമുന്‍പ് ഞാന്‍ രണ്ടുവര്‍ഷക്കാലം ശ്രീലങ്കയിലുണ്ടായിരുന്നു. ഇന്തോ-ലങ്കന്‍ ഫ്രന്റ്‌ഷിപ്പ് അസോസിയേഷന്റെ പ്രതിമാസയോഗം എന്റെ വസതിയിലാണ് ചേര്‍ന്നിരുന്നത്. എതിരവീര ശരത്‌ചന്ദ്രയെപ്പോലുള്ള എഴുത്തുകാരൊക്കെ സുഹൃത്തുക്കളായത് അക്കാലത്താണ്. അന്നത്തെ എന്റെ ഓര്‍മകളാണ് �മനോമി� എന്ന നോവലിന്റെ വിഷയം. ഞാന്‍ അതേക്കുറിച്ച് പറയാനല്ല ഉദ്ദേശിക്കുന്നത്.
സംഘര്‍ഷങ്ങള്‍
അക്കാലത്തൊരു പാശ്ചാത്യസാഹിത്യകാരന്‍ ശ്രീലങ്കയില്‍ താമസിച്ചിരുന്നു. പുസ്‌തകങ്ങളുടെ റോയല്‍റ്റി ഇനത്തില്‍ കോടികളാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പക്ഷേ, അത് പണം വരുന്നതിനുള്ള ഒരു കുറുക്കുവഴി മാത്രമായിരുന്നു. സിംഹള-തമിഴ് സംഘര്‍ഷങ്ങള്‍ക്ക് വെടിമരുന്നാകുകയായിരുന്നു ആ പണം. എഴുത്തുകാരെ മുന്നില്‍നിര്‍ത്തി ഇത്തരം പല പ്രവര്‍ത്തനങ്ങളും പാശ്ചാത്യര്‍ നടത്താറുണ്ട്.
ശ്രീലങ്കയുടെ കാര്യത്തില്‍ പാശ്ചാത്യര്‍ക്ക് അക്കാലത്ത് ചില ഉത്‌കണ്‌ഠകളുണ്ടായിരുന്നു. പൊതുവില്‍ തമിഴര്‍ക്കിടയില്‍ മാര്‍കിസ്റ്റ് അനുകൂല മനോഭാവം ശക്തിപ്പെടുന്ന കാലമായിരുന്നു അത്. അത് അടിച്ചമര്‍ത്തുന്നതിനുവേണ്ടി പാശ്ചാത്യര്‍ തന്ത്രപൂര്‍വം സിംഹളരെ ഉപയോഗിച്ചു. അതിനാവശ്യമായ ധനവിതരണമായിരുന്നു അന്താരാഷ്‌ട്ര പ്രശസ്‌തനായ എഴുത്തുകാരന്റെ യഥാര്‍ത്ഥ ജോലി.
അങ്ങനെയിരിക്കുമ്പോള്‍ ഇന്ത്യാ ടുഡെയില്‍ സംഭ്രമജനകമായ ഒരു റിപ്പോര്‍ട്ട് വന്നു. തമിഴ്‌നാട്ടില്‍ ലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കുന്നുവെന്നായിരുന്നു വാര്‍ത്ത. അക്കാലത്ത് അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല. റിപ്പോര്‍ട്ട് വായിച്ച ഞാന്‍ ഇന്ത്യയിലെത്തി എന്റേതായ മാര്‍ഗങ്ങളുപയോഗിച്ച് അന്വേഷിച്ചു. ശ്രീലങ്കയിലുണ്ടായിരുന്ന പാശ്ചാത്യ എഴുത്തുകാരന്‍ ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടറെ സ്വാധീനിക്കാന്‍ ഇന്ത്യയിലെത്തിയിരുന്നുവെന്ന് എനിക്കുറപ്പായി. ആ റിപ്പോര്‍ട്ടാണ് സിംഹളര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയത്.
ഞാന്‍ �രാജവീഥികള്‍� എന്ന കഥയെഴുതി. പിന്നീടുള്ള പത്തുവര്‍ഷത്തെ സംഭവങ്ങള്‍ ആ കഥയില്‍ പറയുംപ്രകാരമാണ് സംഭവിച്ചത്. ആ കഥയും പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. നിരൂപകരില്‍ ചിലര്‍ക്ക് ചരിത്രയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതാണ് പ്രശ്‌നമെന്ന് എനിക്കുതോന്നുന്നു.
രാജീവ്‌ഗാന്ധിയുടെ വധത്തിനു പിന്നിലുള്ള ഗൂഢാലോചനകളുടെ യഥാര്‍ത്ഥകണ്ണി എല്‍.ടി.ടി.ഇ.ക്കും അപ്പുറമാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് എല്‍.ടി.ടി.ഇക്കാരെ പരിചയമുണ്ട്. വേലുപ്പിള്ള പ്രഭാകരനോട് എനിക്ക് ബഹുമാനമുണ്ട്. ചതിയില്‍പ്പെടുത്തി ആളെ കൊല്ലുന്നത് അവരുടെ ശൈലിയല്ല. രാജീവ് വധത്തിനു പിന്നിലുള്ള കണ്ണികള്‍ ശ്രീലങ്കക്കു പുറത്തും ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ കക്ഷിക്കകത്തും പ്രബലമാണെന്ന് ഞാന്‍ കരുതുന്നു.
ശ്രീലങ്കയുടെ ദുരന്തം അവര്‍ ബുദ്ധമതത്തെ മാനിച്ചില്ല എന്നതാണ്. അവര്‍ ബുദ്ധമതത്തെയല്ല, ബുദ്ധഭിക്ഷുക്കളെയാണ് ആരാധിച്ചത്. ഒരു കാര്‍പ്പറ്റ് വൃത്തികേടായാല്‍ നമ്മളത് മാറ്റിക്കളയും. മതങ്ങളുടെ കാര്യത്തില്‍ നമുക്കാ ജാഗ്രതയില്ല. ശ്രീലങ്കന്‍ പ്രശ്‌നത്തിന് പരിഹാരം ബുദ്ധമതത്തില്‍തന്നെയുണ്ട്. അഹിംസ ആചരിക്കുകയെന്ന പ്രാചീനമായ പ്രതിവിധി.
പക്ഷേ, എന്തുചെയ്യാം. നമ്മള്‍ അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ പരീക്ഷണമൃഗങ്ങള്‍ മാത്രമാണ്.
ശ്രീലങ്കയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രവര്‍ത്തിച്ച എഴുത്തുകാരന്‍ ആര്‍തര്‍ ക്ലാര്‍ക്ക് ആയിരുന്നുവോ?
ക്ഷമിക്കണം. ഈ ചോദ്യത്തിന് മറുപടിയില്ല.
അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ എന്തെങ്കിലും ചരടുകള്‍ എഴുത്തുകാരി എന്ന നിലയില്‍ സ്വന്തം ജീവിതത്തെ സ്‌പര്‍ശിച്ചിട്ടുണ്ടോ?
ഒരിക്കല്‍ മാത്രം. ജര്‍മനിയില്‍ ഫ്രാങ്ക്‌ഫുര്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുവച്ചാണ് ഞാന്‍ പങ്ക്‌സ് എന്നപേരിലറിയപ്പെടുന്ന നിയോനാസി മൂവ്‌മെന്റ് പ്രവര്‍ത്തകരെ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് ആരും പോകാന്‍ ധൈര്യപ്പെടാറില്ല. വേശ്യാലയങ്ങളും മയക്കുമരുന്ന് സംഘങ്ങളും മാഫിയാ സംഘങ്ങളും അവിടെ സജീവമാണ്.
നിയോ-നാസി പ്രവര്‍ത്തകരില്‍ ചിലര്‍ ആദ്യം എന്നോട് ദേഷ്യപ്പെട്ടുവെങ്കിലും പിന്നീട് ഞാന്‍ എഴുത്തുകാരിയാണെന്നും ഇന്ത്യാക്കാരിയാണെന്നും ഹിന്ദുവാണെന്നും മനസ്സിലായപ്പോള്‍ അവര്‍ സംസാരിക്കാന്‍ തയ്യാറായി. അവരുടെ ചില കേന്ദ്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിയോനാസിസം പഠിക്കാനാഗ്രഹിക്കുന്ന ഒരെഴുത്തുകാരി എന്നാണ് ഞാന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
നിയോനാസി അനുഭവത്തെക്കുറിച്ച് അക്കാലത്ത് മാതൃഭൂമിയില്‍ രണ്ടു ലക്കങ്ങളിലായി ഞാന്‍ എഴുതിയിരുന്നു. ആരും അത് വിശ്വസിച്ചില്ല. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് നിയോനാസി പ്രസ്ഥാനത്തെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.
ഫ്രാങ്ക്‌ഫുര്‍ട്ടില്‍വെച്ച് ഒരു പ്രമുഖന്‍ എന്നെ കാണാന്‍ വന്നു. ഇന്ത്യയെ വിഴുങ്ങാന്‍ ക്രിസ്‌തുമതം അന്താരാഷ്‌ട്രതലത്തില്‍തന്നെ ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്‌തുവരികയാണെന്നായിരുന്നു അയാളുടെ വാദം. അതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് ഇന്ത്യയില്‍ ഹിന്ദുമതത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുമെങ്കില്‍ എനിക്ക് പണംതരാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. പക്ഷേ, ഞാന്‍ അതില്‍ കുടുങ്ങിയില്ല.
ഇന്ന് ഹിന്ദുമതത്തിന്റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തുനിന്ന് കണക്കില്ലാത്ത അളവില്‍ പണം വരുന്നുണ്ടെന്നുതന്നെയാണ് ഞാന്‍ അനുമാനിക്കുന്നത്.
കാല്‍ച്ചുവടുകള്‍
ഞാന്‍ ചരിത്രം മണക്കുന്ന എഴുത്തുകാരിയാണ്. പലരും അത് തിരിച്ചറിയുന്നില്ലെന്നു മാത്രം. എനിക്ക് ചരിത്രം ഇഷ്‌ടമാണ്. ചരിത്രസംഭവങ്ങള്‍ എനിക്ക് പ്രവചിക്കാന്‍ കഴിയും. എപ്പോഴും വിജയിക്കണമെന്നില്ല. ഒരു നോട്ടുപുസ്‌തകത്തില്‍ ഞാന്‍ സാദ്ധ്യതകള്‍ എഴുതിവെക്കും. ചരിത്രത്തില്‍ ചരിത്രകാരന്മാര്‍ ഉപേക്ഷിച്ചു പോയ ഇടങ്ങളുണ്ട്. അത് എഴുത്തുകാര്‍ പൂരിപ്പിക്കും.
ഹിന്ദുത്വവാദികള്‍ക്കു മാത്രമല്ല, ഇസ്‌ലാം തീവ്രവാദികള്‍ക്കും ക്രിസ്‌ത്യന്‍ തീവ്രവാദികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് വിദേശസഹായം ലഭിക്കുന്നുണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല. അതേക്കുറിച്ച് എന്തു പറയുന്നു?
ഞാന്‍ എന്റെ അനുഭവങ്ങളാണ് പറയുന്നത്. മുസ്‌ലിം തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ക്രിസ്‌ത്യന്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ആരും എന്നെ സമീപിച്ചിട്ടില്ല. എനിക്ക് പണം വാഗ്‌ദാനം ചെയ്‌തിട്ടുമില്ല. എനിക്ക് അനുഭവമില്ലാത്ത കാര്യങ്ങളെ ആസ്‌പദമാക്കി ഞാന്‍ നിഗമനങ്ങളില്‍ എത്തുന്നത് ശരിയായിരിക്കയില്ല.
ശീതയുദ്ധകാലത്ത് സോവിയറ്റ് ലാന്റ് അവാര്‍ഡ് രഹസ്യമായി വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും അത് സ്വീകരിച്ചില്ലെന്ന് കേട്ടിട്ടുണ്ട്. അതേക്കുറിച്ച്?
`മൈ സ്റ്റോറി’ പ്രസിദ്ധീകരിച്ച് ആറു മാസം കഴിഞ്ഞിട്ടുണ്ടാകും. ഒരു ദിവസം എഴുത്തുകാരായ കിഷന്‍ചന്ദും കെ.എ അബ്ബാസും എന്റെ വസതിയില്‍ വന്നു. എനിക്ക് സോവിയറ്റ് ലാന്റ് അവാര്‍ഡ് നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും ഞാനത് സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പക്ഷേ, ഞാന്‍ വിസമ്മതിച്ചു. എന്റെ വസതിയില്‍ അമേരിക്കന്‍ കോണ്‍സല്‍ പതിവായി വരാറുണ്ട്. ഞാന്‍ സോവിയറ്റ് ലാന്റ് അവാര്‍ഡ് വാങ്ങുന്നു എന്നറിഞ്ഞാല്‍ പിന്നെ അദ്ദേഹം വരില്ല. എനിക്ക് രണ്ടു കൂട്ടരും വേണം. ഞാന്‍ ഒരു ലോബിയുടെയും ആളല്ല. ഞാന്‍ ഒരു എഴുത്തുകാരിയാണ്. രണ്ടുപക്ഷത്തും ഞാനില്ല. എന്റെമേല്‍ ആര്‍ക്കും ഉടമസ്ഥാവകാശം അനുവദിക്കാനും ഞാന്‍ തയാറല്ല. അതുകൊണ്ട് ആ പുരസ്‌കാരം ഞാന്‍ വേണ്ടെന്നുവെച്ചു.
വിദേശ യാത്രകള്‍?
ലോകത്തിലെ പല രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജര്‍മനിയിലെ നാലു യൂനിവേഴ്‌സിറ്റികളില്‍ ഞാന്‍ കവിത ചൊല്ലുകയും പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കാനഡയില്‍ മിക്കവാറും എല്ലാ വര്‍ഷവും പോകും. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട എഴുത്തുകാര്‍ കാനഡയിലാണ്. അവര്‍ നല്ല warmth ഉള്ളവരാണ്. അമേരിക്കക്കാരേക്കാള്‍ പെരുമാറ്റത്തില്‍ അവര്‍ക്ക് warmth ഉണ്ട്. എന്നെ സംബന്ധിച്ചേടത്തോളം ഓരോ രാജ്യത്തിനും ഓരോ സുഹൃത്തിന്റെ മുഖമാണ്. എന്റെ ജീവചരിത്രകാരി മെര്‍ലിന്റെ മുഖമാണ് കാനഡയ്‌ക്ക്. ഗ്വെന്‍ട്രോണ്‍സിന്റെ മുഖം പാരീസിന്. ആന്‍ഡ്രു അര്‍ക്കിന്‍സിന്റെ മുഖമാണ് ന്യൂയോര്‍ക്കിന്.
എഴുത്തുകാരിയായ കമലാദാസിനെ വിദേശ എഴുത്തുകാര്‍ എങ്ങനെ കാണുന്നു?
അവരില്‍ ഒരാളായിട്ടാണ് എന്നെ അവര്‍ കണക്കാക്കുന്നത്. ഇവിടത്തെ പോലെയല്ല. ഇവിടെ ഒരു വട്ടുപിടിച്ച സ്‌ത്രീയായിട്ടാണല്ലോ എന്നെ കണക്കാക്കുന്നത്. വിദേശ സുഹൃത്തുക്കള്‍ക്ക് ഞാന്‍ കവിയായി ജീവിക്കുന്നവളാണ്. എഴുതുമ്പോഴും അല്ലാത്തപ്പോഴും ഞാനൊരു കവിയുടെ ജീവിതം തന്നെയാണ് ജീവിക്കുന്നതെന്ന് അവര്‍ പറയുന്നു.
കാനഡയില്‍ എന്നെക്കുറിച്ച് ഒരു ചിത്രമെടുക്കുന്നുണ്ട്. വിദേശത്തെ പല യൂനിവേഴ്‌സിറ്റികളും എന്നെ ആദരിക്കുന്നതിന്റെ ഭാഗമായി പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അവിടെ എനിക്ക് ശത്രുക്കളില്ല. ഇവിടെ കണ്ണാടി കാണാത്ത സ്‌ത്രീകള്‍ക്ക് കണ്ണാടി കാണുമ്പോള്‍ തോന്നുന്ന സന്തോഷമാണ് അവര്‍ക്ക് എന്നെ കാണുമ്പോഴുണ്ടാകുന്നത്. ഇവിടെ എന്റെ രൂപം ഡിസ്റ്റോര്‍ട്ട് ചെയ്യുന്ന കണ്ണാടിയാണുള്ളത്. അതുകൊണ്ട് ഞാനൊരു വട്ടുപിടിച്ച സ്‌ത്രീയായി ചിത്രീകരിക്കപ്പെടുന്നു. പക്ഷേ, ഞാനൊരു വട്ടുപിടിച്ച സ്‌ത്രീയല്ല. രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ തകര്‍ത്ത് സ്‌നേഹത്തിനു മാത്രം യാത്ര ചെയ്യുന്ന ഒരു പാവം ജിപ്‌സിയാണ് ഞാന്‍.
നമുക്ക് വര്‍ത്തമാനകാലത്തേക്കു മടങ്ങിവരാം. എന്തുകൊണ്ട് മതപരിവര്‍ത്തനം?
തികച്ചും വ്യക്തിപരം. ദയവായി കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കുക.
മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് കേരളത്തില്‍ പ്രചരിക്കുന്ന നിറംപിടിച്ച കഥകളിലേക്ക് കടക്കാനല്ല ചോദ്യം ഉന്നയിച്ചത്. മലയാളഭാഷയില്‍ ഒരു വലിയ എഴുത്തുകാരനും എഴുത്തുകാരിയും മാധവിക്കുട്ടിക്ക് മുമ്പ് മതപരിവര്‍ത്തനം ചെയ്‌തിട്ടില്ല. അതല്ല വിദേശത്തെ സ്ഥിതി. അവിടെ മതപരിവര്‍ത്തനം ചെയ്‌ത എത്രയോ പ്രമുഖ എഴുത്തുകാരുണ്ട്. അവിടെ എഴുത്തുകാര്‍ ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഭൂരിപക്ഷ മതത്തിലേക്കാണ് പോകുന്നത്. ഇവിടെ ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യുന്നയാള്‍ ന്യൂനപക്ഷ മതത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് മാധവിക്കുട്ടിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും മതപരിവര്‍ത്തനയത്‌നങ്ങള്‍ക്ക് സാംസ്‌കാരിക ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു.അതുകൊണ്ടാണ് മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യം ആവര്‍ത്തിക്കുന്നത്?
കൂടുതല്‍ പറഞ്ഞ് ഒരു പുതിയ വിവാദമുണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. മതപരിവര്‍ത്തനത്തിന്റെ കാരണത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിന്റെ ചുരുക്കമിതാണ്. സ്വന്തം സമുദായം ഒരാളോട് കൃതഘ്‌നത കാട്ടുമ്പോഴാണ് അയാള്‍ മതം മാറുന്നത്. സ്വാമി വിവേകാനന്ദന്റെ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു.
പക്ഷേ, എനിക്ക് പശ്ചാത്താപമില്ല. ഇസ്‌ലാം നല്ല മതമാണ്. ഏതു മതത്തെയും മനുഷ്യന് മോശമാക്കാന്‍ കഴിയുമെന്നത് വേറെ കാര്യം.
വിവാദങ്ങളോട് വിട
ആയിരത്താണ്ടുകളുടെ ചരിത്രമുള്ള, മഹത്തായ ഒരാശയമണ്ഡലമുള്ള ഹിന്ദുമതത്തോട് വിയോജിപ്പ് തോന്നിയതിന് താത്ത്വികമായ എന്തെങ്കിലും കാരണങ്ങളുണ്ടോ?
ഹിന്ദുമതത്തെക്കുറിച്ച് പഠിക്കുക എളുപ്പമല്ല. അത് വിഷമംപിടിച്ച പ്രക്രിയയാണ്. ഹിന്ദുമതത്തിന്റെ തത്ത്വചിന്താപദ്ധതികള്‍ ഏറെ സങ്കീര്‍ണവുമാണ്. ആരും എന്നെ അത് പഠിപ്പിക്കാന്‍ മെനക്കെട്ടിട്ടുമില്ല. എന്റെ കൈയിലുള്ള ചില പുസ്‌തകങ്ങള്‍ വായിച്ച് സ്വരൂപിച്ച അറിവു മാത്രമേ എനിക്ക് ഹിന്ദുമതത്തെക്കുറിച്ചുള്ളൂ. എന്റെ വിയോജിപ്പ് താത്ത്വികമല്ല. സ്വാമി വിവേകാനന്ദന്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞ കാര്യത്തില്‍ മാത്രമാണ് എന്റെ ഊന്നല്‍.
മുമ്പ് എപ്പോഴെങ്കിലും മതപരിവര്‍ത്തനം ആഗ്രഹിച്ചിരുന്നോ?
കുട്ടിക്കാലത്ത് ക്രിസ്‌തുമതം സ്വീകരിച്ച് ഒരു കന്യാസ്‌ത്രീയാകാന്‍ ആഗ്രഹിച്ച കാലമുണ്ടായിരുന്നു. തൃശൂരിലെ സെന്റ് ജോസഫ് കോണ്‍വെന്റില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തായിരുന്നു അത്. കോണ്‍വെന്റിലെ സിസ്റ്റര്‍ ഫിലോമിനയെ എനിക്ക് അത്രക്ക് ജീവനായിരുന്നു.
മതങ്ങള്‍ രാക്ഷസരൂപം പൂണ്ടുനില്‍ക്കുന്ന ഇന്ത്യയെക്കുറിച്ച്?
മതം ഒരു കരിംഭൂതമായിക്കൊണ്ടിരിക്കുകയാണ്. മതത്തെ രാഷ്‌ട്രീയ കാര്യങ്ങള്‍ക്കുപയോഗിക്കുന്നതിന്റെ പരിണതിയാണത്. അമേരിക്കന്‍ സായിപ്പ് കോടികള്‍ മുടക്കി ഇസ്‌ലാമിനെക്കുറിച്ച് റിസര്‍ച്ച് ചെയ്യും. പക്ഷേ, മുസ്‌ലിംകളെ ഇഷ്‌ടമല്ല. ഈയിടെ എന്റെ കൂടെ യാത്ര ചെയ്യാന്‍ വിസക്ക് അപേക്ഷിച്ച ഡോക്‌ടര്‍ക്ക് അയാള്‍ മുസ്‌ലിമായതുകൊണ്ടു മാത്രം വിസ കിട്ടിയില്ല.
ഇത് ഗോഡ്‌മാന്മാരുടെ കാലമാണല്ലോ. പണ്ടൊരിക്കല്‍ ഞാനൊരു ഗോഡ്‌മാനെ കാണാണ്‍ ചെന്നപ്പോള്‍ അദ്ദേഹം വയറിളക്കം പിടിച്ചു കിടക്കുകയായിരുന്നു. ഗോഡ്‌മാന്‍മാരും എലിമെന്ററി കനാല്‍സിന്റെ നിയന്ത്രണത്തിലാണ്. മലമൂത്ര വിസര്‍ജനത്തിന്റെ ചുറ്റുവട്ടത്താണ് അവരുടെ ജീവിതം.
ഇതൊക്കെ രാഷ്‌ട്രീയമാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന രാഷ്‌ട്രീയം. അതിന്റെ ഭാഗമായി ഒരു പ്രത്യേക മതവിശ്വാസികളെ മാത്രം തീവ്രവാദികളായി കാണുന്നതിനോടും എനിക്ക് യോജിപ്പില്ല. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലക്ക് നേതൃത്വം നല്‌കിയത് ഒരു ഹിന്ദുവായിരുന്നു. മുസ്‌ലിംകളെ മാത്രം തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. എല്ലാവരുടെ ഉള്ളിലും ടെററിസ്റ്റുകളുണ്ട്.
ഇനി എന്താണ് ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് അറിയില്ല. എന്റെ തലമുറയെക്കുറിച്ചോ എന്റെ മക്കളുടെ തലമുറയെക്കുറിച്ചോ അല്ല ഞാന്‍ ഉത്‌കണ്‌ഠപ്പെടുന്നത്. നയന്‍താരയുടെ തലമുറയിലെ കുട്ടികളെ ഓര്‍ത്താണ് ഞാന്‍ വിഷമിക്കുന്നത്.
മലയാളത്തിലെ വര്‍ത്തമാനകാല സാഹിത്യം?
ആനന്ദും എന്‍.എസ് മാധവനും ഉള്‍പ്പെടെ പലരും എഴുതുന്നത് ഞാന്‍ വായിക്കാറില്ല. അതൊന്നും മനസ്സിലാക്കാനുള്ള ഗ്രാസ്‌പിംഗ് പവര്‍ എനിക്കില്ല. എന്റെ ഞരമ്പുകളെ തളര്‍ത്താന്‍ ഞാന്‍ തയാറല്ല. വായിക്കാന്‍ ശ്രമിച്ചപ്പോഴൊന്നും മലയാളിത്തം ഇവരുടെ രചനകളിലുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.
അവര്‍ മനുഷ്യജീവിതമല്ല എഴുതുന്നത്. മനുഷ്യന്റെ പേരിലുള്ള യന്ത്രങ്ങളാണ് അവരുടെ കൃതികളില്‍ ചിത്രീകരിക്കപ്പെടുന്നത്. വിയര്‍ക്കുന്ന തോലുള്ള മനുഷ്യന്‍ വന്നാലേ എനിക്ക് വിശ്വസിക്കാനാകൂ. വിയര്‍പ്പില്ലെങ്കില്‍ കാച്ചിയ എണ്ണയെങ്കിലും വേണം. എഴുത്തിന് ജീവിതത്തിന്റെ സ്‌നിഗ്‌ധതയുണ്ടാവണം.
ആനന്ദിന് രണ്ടു കൈയും രണ്ടു കാലുമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍പോലും ഞാന്‍ വിശ്വസിക്കില്ല. ആനന്ദ് ഒരു ജിറാഫായിരിക്കാനാണ് സാധ്യത. തല ഏറെ ഉയരത്തിലുള്ള ഒരു ജിറാഫ്.
ഇവിടെ സാഹിത്യം വായിച്ചുരസിക്കാന്‍ കഴിയാത്തതില്‍ എനിക്ക് കുറ്റബോധമില്ല. കാല്‍ക്കുലസ് പഠിക്കാന്‍ ഞാന്‍ തയാറല്ലാത്തതുപോലെ ഇവരുടെ സാഹിത്യം പഠിക്കാനും ഞാന്‍ തയാറില്ലെന്നു മാത്രം.
കൊളോണിയല്‍ ഡിപന്‍ഡന്‍സാണ് മലയാളത്തിലെ വര്‍ത്തമാനകാല സാഹിത്യത്തിന്റെ മുഖമുദ്ര. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെ അനുകരിക്കുന്നവര്‍ അതുവഴി മലയാള സാഹിത്യത്തെ ദരിദ്രമാക്കുകയാണ്. ലാറ്റിനമേരിക്കന്‍ സാഹിത്യം രൂപപ്പെട്ട സാംസ്‌കാരികാന്തരീക്ഷമല്ല നമുക്കുള്ളത്. കുന്ദംകുളം, കോട്ടപ്പടി, പാവറട്ടി തുടങ്ങിയ സ്ഥലങ്ങളിലെ സാഹിത്യം മലയാളികള്‍ക്ക് വേണ്ടാതായെന്നും ഞാന്‍ കരുതുന്നില്ല.
ജപ്പാനില്‍ ഹരികൈന്‍സ് വന്ന് എല്ലാം തകര്‍ക്കും. അതുകൊണ്ട് പത്തുവര്‍ഷം മാത്രം നിലനില്‍പുള്ള വീടുകളേ അവര്‍ നിര്‍മിക്കൂ. അതല്ല, നമ്മുടെ സ്ഥിതി. നമുക്ക് മാത്രമല്ല നമ്മുടെ മക്കള്‍ക്കും ജീവിക്കാന്‍ വേണ്ടിയാണ് നമ്മള്‍ വീടുവെക്കുന്നത്. വീടു മാത്രമല്ല, തൊടിയില്‍ മാവും പ്ലാവും വേണം. നമ്മുടെ ജീവിതക്രമം സ്ഥിരതയുള്ളതാണ്. സ്ഥിരതയുള്ള നമ്മള്‍ അസ്ഥിരതയുള്ള ജനതയുടെ സാഹിത്യം അനുകരിക്കേണ്ട യാതൊരു ആവശ്യവുമില്ല.
ഞാന്‍ സത്യം പറയുന്ന പുലയിയാണ്. നമ്മള്‍ എന്താണ് എന്നു പറയുന്നതായിരിക്കണം നമ്മുടെ സാഹിത്യം.
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്‌ണനും തമ്മിലുള്ള സ്‌നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നുവരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. സ്‌നേഹിച്ചു സ്‌നേഹിച്ച് ലോകം മുന്‍പോട്ടു പോകും.
അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ സ്‌നേഹത്തിന്റേതായിരിക്കും.
കലമാ സുറയ്യ ആയതിനു ശേഷം പ്രസിദ്ധീകരിച്ച എന്റെ കാവ്യഗ്രന്ഥത്തില്‍ പ്രേമകവിതകള്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ല എന്നു ശഠിച്ചവരുണ്ട്. സ്‌നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്‌നേഹം നഷ്‌ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്‌ടപ്പെട്ട മരങ്ങള്‍ മാത്രമാണ്.
(സമകാലിക മലയാളം വാരിക, 2002 മാര്‍ച്ച് 22)