December 3, 2018 | by admin_profile
യഥാര്‍ത്ഥത്തില്‍, അന്യന് നേരെ അന്യായമായി കുഫ്‌റോ അധര്‍മമോ ഉന്നയിച്ചാല്‍ ആരോപണങ്ങള്‍ ആരോപകരിലേക്ക് തിരിച്ച്‌വരുമെന്ന പ്രവാചകന്‍(സ)യുടെ മുന്നറിയിപ്പിന്റെ നേര്‍ക്കാഴ്‌ചയാണ് എ പി വിഭാഗത്തില്‍ നാം കാണുന്നത്. ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ നിന്നും പിഴച്ചു എന്ന് അരോപിച്ചാണ് പത്ത് വര്‍ഷം മുമ്പ് ഹുസൈന്‍ മടവൂരിന്റെയും സി പി ഉമര്‍ സുല്ലമിയുടെയും നേതൃത്വത്തിലുള്ള മുജാഹിദ് പണ്ഡിതന്‍മാരെയും യുവജന സംഘടനയെയും ഇവര്‍ വേട്ടയാടിയിരുന്നത്. അന്ന് ആ വിവാദത്തിനൊടുവില്‍ സംഘടന പിളര്‍ത്തി വേറിട്ട് നിന്ന ഈ വിഭാഗത്തില്‍, ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ വല്ലതും അവശേഷിക്കുന്നുണ്ടോ? കൃത്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച ആദര്‍ശങ്ങള്‍ പലതും അവര്‍ അട്ടിമറിച്ചു. അടിസ്ഥാന ആദര്‍ശത്തില്‍ പോലും അവരുടെ അട്ടിമറി ശ്രമമുണ്ടായി. ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍ ശിര്‍ക്കിന്റെ പരിധിയില്‍ നിന്ന് മാറ്റി ഇവര്‍ അനുവദനീയമാക്കി. പ്രമാണങ്ങളെയും ഇവര്‍ അട്ടിമറിച്ചു. അതോടെ വിശ്വാസ – കര്‍മ്മ മേഖലകളില്‍ പ്രസ്ഥാനം പഠിപ്പിച്ച പലതും ഇവര്‍ മാറ്റി തിരുത്തി.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തുമാണ്. ഇജ്‌മാഉം ഖിയാസും അവയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന പ്രമാണങ്ങളാണ്. എന്നാല്‍ ചില ആധുനിക പണ്ഡിതന്‍മാരെ അന്ധമായി അനുകരിക്കുകയാണ് എ പി വിഭാഗത്തിലെ ജിന്ന് മുജാഹിദുകളിപ്പോള്‍. പിശാചിനെ അല്ലാഹു ഒരു പരീക്ഷണം എന്ന നിലയിലാണ് നിയോഗിച്ചിട്ടുള്ളത്. പിശാചിന്റെ ജോലി മനുഷ്യ മനസ്സില്‍ വസ്‌വാസുണ്ടാക്കലും തെറ്റിലേക്ക് ക്ഷണിക്കലുമാണ്. എന്നാല്‍ സക്കരിയ്യാ വിഭാഗത്തിന്റെ വാദം പിശാച് മനുഷ്യ ശരീരത്തില്‍ കയറിക്കൂടി പല ദ്രോഹങ്ങളും നടത്തും. അവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്‌താല്‍ അവന്‍ സഹായിക്കും. പിശാചിന് രൂപം മാറാന്‍ സാധിക്കും തുടങ്ങിയവയാണ്. ഇക്കൂട്ടരുടെ ഇത്തരം അപകടകരമായ വാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവരുടെ നേതൃത്വം ഇവര്‍ക്ക് വര്‍ഷങ്ങളോളം എല്ലാ സൗകര്യവും നല്‍കി. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലവും മര്‍മ്മവും ഇതൊക്കെയാണ്.
ഇല്ലെന്ന് പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല. ഇപ്പോള്‍ വിവാദമായ പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പെട്ടെന്ന് സാമ്പത്തികാഭിവൃദ്ധിയുണ്ടാവുന്നത് സംശയാസ്‌പദമാണെന്ന് അവരുടെ ചില പ്രമുഖ നേതാക്കള്‍ തന്നെ പറയുന്നുണ്ടല്ലോ.
മടവൂരിനും സി പിക്കുമൊക്കെ എതിരില്‍ നടന്ന കളിയും ഇപ്പോഴത്തെ വിവാദങ്ങളും വ്യത്യസ്‌തമാണ്. മടവൂരിനെ എന്തിനാണ് പുകച്ച് ചാടിക്കാന്‍ ശ്രമിച്ചതെന്ന് പഠിക്കേണ്ടതുണ്ട്. മടവൂരിന് സംഭവിച്ചെന്ന് ഇവര്‍ പറഞ്ഞ `വ്യതിയാനം’ 12 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും മനസ്സിലായിട്ടില്ല. സംഘടനാ പിളര്‍പ്പിന്റെ നാളില്‍ ഞാന്‍ അവരോടൊപ്പമായിരുന്നു. മടവൂര്‍ വിഭാഗത്തിന് വ്യതിയാനമുണ്ടായി എന്ന വിഷയത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ പ്രസംഗിക്കാന്‍ പോയിട്ടുണ്ട് ഞാന്‍. എന്റെ ജീവിതത്തില്‍ വിഷയദാരിദ്ര്യം മൂലം ഇത്രവിഷമിച്ച ഒരവസ്ഥഉണ്ടായിട്ടില്ല. എന്താണ് വ്യതിയാനം? പറഞ്ഞുണ്ടാക്കിയവര്‍ക്ക് പോലും അറിയില്ല. കാര്യമായ വ്യതിയാനം ഇതായിരുന്നുവത്രെ; തൗഹീദു പ്രബോധനത്തോടൊപ്പം സാമൂഹ്യ സേവനം നടത്തണം. ജനങ്ങള്‍ക്ക് നന്മ ചെയ്യണം. ഇത് വ്യതിയാനമാണോ? ഒരിക്കലുമല്ല. എന്നാല്‍ സക്കരിയാ സ്വലാഹിയേയും കൂട്ടരെയും പുറത്താക്കിയ കളി സാധാരണ കളിയല്ല. ഒത്തുകളിയാണ്. കാരണം നാലഞ്ച് വര്‍ഷത്തോളം അവരുടെ വഴിപിഴച്ച വാദങ്ങള്‍ ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുത്തു. അവരെ പുറത്താക്കാതിരിക്കാന്‍ കാരണം സംഘടനയില്‍ ആള്‍ബലം കുറയും എന്നതുകൊണ്ട് മാത്രമാണ്. ഇപ്പോള്‍ താല്‍ക്കാലികമായി അവരെ പൊതുപരിപാടികളില്‍ നിന്നും ഒഴിച്ച് നിറുത്തുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. അവരെ പുറത്താക്കിയാല്‍ അവരുടെ സംഘടന പകുതിയാകും മേല്‍നടപടിതന്നെ എടുക്കാന്‍ കാരണം സംഘടനയില്‍ ആദര്‍ശമുള്ളവര്‍ കൊഴിഞ്ഞ് പോക്ക് തുടങ്ങി എന്നതിനാലാണ്.
തീവ്ര സലഫിസം എന്നൊന്നില്ല. സലഫികള്‍ പ്രമാണമാക്കുന്നത് ഖുര്‍ആനും സുന്നത്തുമാണ്. അതിന് പ്രബലത നല്‍കാനാണ് ചിലപ്പോള്‍ പണ്ഡിതാഭിപ്രായങ്ങള്‍ ഉദ്ധരിക്കാറ്. മറുവിഭാഗത്തിലെ ഔദ്യോഗികക്കാരെല്ലാവരും നിങ്ങളുദ്ധേശിച്ച ആ തീവ്രതയുടെ ആള്‍ക്കാരാണെന്ന് എനിക്ക് അഭിപ്രായമില്ല. സക്കരിയ്യാ സ്വലാഹിയും കൂട്ടരുമാണ് അതിലെ തീവ്രവാദികള്‍. അവര്‍ പ്രചരിപ്പിക്കുന്നത് അഹ്‌ലുസ്സുന്നയുടെ വാദങ്ങളല്ല. മറിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. അത് ഒഴിവാക്കാത്ത കാലത്തോളം യോജിക്കാന്‍ കഴിയില്ല. ഇവരല്ലാത്ത ഔദ്യോഗികക്കാര്‍ ഈ സംഘടനയിലേക്കു വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. മറ്റുള്ളവര്‍ തെറ്റ് തിരുത്തി തൗബ ചെയ്‌ത് മടങ്ങിവന്നാല്‍ അവരേയും സ്വീകരിക്കും.
മുജാഹിദ് പ്രസ്ഥാനവും അതിന്റെ ആദര്‍ശവും എന്താണെന്ന് മനസ്സിലാക്കാതെ പ്രസംഗം മാത്രം പഠിച്ചു വന്ന ആളാണ് ബാലുശ്ശേരി എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അത്തരക്കാര്‍ വായില്‍ വന്നതൊക്കെ പറയും. വിജ്ഞാനം കുറയുകയും അഹങ്കാരം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അത്തരക്കാരില്‍ നിന്നും ഇങ്ങനെയൊക്കെ ഉണ്ടാകും. മുസ്‌ലിമാണെന്ന് വാദിക്കുന്ന ഒരാളെയും കാഫിറും മുശ്‌രിക്കുമാക്കാന്‍ ആരെയും ഇസ്‌ലാം അനുവദിക്കുന്നില്ല. അതും ഒരു വ്യക്തിയുടെ പേരെടുത്തു പറഞ്ഞതുകൊണ്ട് അപ്രകാരം പറയല്‍ മഹാഗൗരവമുള്ളതാണ്. ഇന്ന സംഗതി ശിര്‍ക്കാണ്, കുഫ്‌റാണ്, ഹറാമാണ് എന്നിങ്ങനെ പറയാം എന്നുമാത്രം. തൗഹീദി ആദര്‍ശം ഉള്‍കൊണ്ട് അതിനുവേണ്ടി ജീവിച്ച പണ്ഡിതന്‍മാരെയും പ്രവര്‍ത്തകരെയും കാഫിറാക്കാന്‍ ഇവര്‍ക്കൊക്കെ ലൈസന്‍സ് നല്‍കി കയറൂരി വിട്ടിരിക്കുകയാണല്ലോ ഇവരുടെ നേതൃത്വം.
പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രബോധനം നടത്തിയിരുന്ന അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്നെല്ലാം ഇവര്‍ ബഹുദൂരം അകന്ന് പോയിട്ടുണ്ട്.
ഗള്‍ഫു സലഫികള്‍ എന്നറിയപ്പെടുന്ന എല്ലാവരും അന്ധ വിശ്വാസികളല്ല. അതില്‍ കൃത്യമായി ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കുന്നവരും പ്രബോധനം നടത്തുന്നവരും മഹാപണ്ഡിതന്മാരിയിട്ടുള്ളവരാണ്. ഗള്‍ഫിലും അന്ധവിശ്വാസികളായിട്ടുള്ളവരുമുണ്ട്. ഞങ്ങളുടെ സംഘടനയില്‍ ഗള്‍ഫുസലഫികളുടെ യാതൊരുവിധ ഇടപെടലും ഇല്ല എന്നതാണ് ഈ യുള്ളവന്റെ അറിവ്. സക്കരിയ്യാ സ്വലാഹിയേയും അനുയായികളേയും പുറത്താക്കാനുള്ള ഭയം മേല്‍പറഞ്ഞ ഗള്‍ഫു സലഫികളുടെ രിയാലുകള്‍ മുടങ്ങും എന്നതുകൊണ്ടാണെന്ന് ഈയുള്ളവനെ പോലെയുള്ളവര്‍ വിശ്വസിക്കുന്നു. അവര്‍ സംഘടനയില്‍ ഇടപെടണം എന്നില്ല. അവര്‍ക്കനുസരിച്ച് നീങ്ങിയാല്‍ മതിയല്ലോ? ആ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും സക്കരിയ്യാ സ്വലാഹിയുമൊക്കെ ഈയുള്ളവന്റെ സുഹൃത്തുക്കളും പണ്ഡിതന്മാരുമാണ്. ബാലുശ്ശേരിയെ പോലെയല്ല. പക്ഷെ ഓരോ വ്യക്തിക്കും ഓരോ ദൗര്‍ബല്യങ്ങളുണ്ടാകും. ആദര്‍ശ രംഗത്ത് അതുവെച്ച് പൊറുപ്പിക്കാന്‍ സാധ്യമല്ല. മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയതുതന്നെ എ പി വിഭാഗത്തില്‍ ഇന്നുള്ള പലരുടെയും നേതൃത്വരയാണ്. ഈ ത്വരയില്ലാത്തവര്‍ വളരെ കുറവാണ്. നേതൃത്വരയെ ചോദ്യം ചെയ്‌തപ്പോഴാണ് ഒരു വിഭാഗത്തെ പുറത്താക്കാന്‍ ശ്രമം നടന്നതും, സംഘടന രണ്ടായതും. ഇപ്പോള്‍ ആരെക്കെയാണ് സംഘടനയെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നതെന്ന് തീര്‍ത്തുപറയാന്‍ ഈയുള്ളവന്റെ പക്കല്‍ കൃത്യമായ തെളിവില്ല.
ഈയുള്ളവന്‍ 30 വര്‍ഷത്തോളം പ്രബോധന രംഗത്തുണ്ടായിരുന്നു. ഒരുപാട് ഖണ്ഡന പ്രസംഗങ്ങള്‍ സുന്നികളുമായി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ വയസ്സ് 60 കഴിഞ്ഞു. ഈ കാലത്തിനിടയില്‍ ഒരു സുന്നീ പണ്ഡിതനും അമ്പിയാ ഔലിയാക്കളോട് സഹായം തേടാം എന്ന് സമര്‍ത്ഥിക്കുകയല്ലാതെ ജിന്നുകളെയും മലക്കുകളേയും വിളിച്ചുതേടാം എന്നു വാദിച്ചതായി ഈയുള്ളവന്റെ ഓര്‍മ്മയിലില്ല. എന്നാലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാം എന്ന വാദം സുന്നികളുടെ വാദം പോലെതന്നെ പഴിപിഴച്ചതായി മാത്രമേ വിലയിരുത്താന്‍ കഴിയൂ.
ഹദീസ് നിഷേധം ആദ്യം തുടങ്ങിവച്ചത് എ പി വിഭാഗം നേതൃത്വം തന്നെയാണ്. അന്ന് അവരില്‍ ആ വിഷയത്തില്‍ ഗ്രൂപ്പുണ്ടായിരുന്നില്ല. ആദ്യം അവര്‍ പ്രചരിപ്പിച്ചത് സി പിക്കും മടവൂരിനും ഐ എസ് എമ്മിനുമൊക്കെ ആദര്‍ശ വ്യതിയാനം സംഭവിച്ചു എന്ന നുണയായിരുന്നു. അത് ഫലിക്കാതെ പോയപ്പോഴാണ് `മടവൂരികള്‍ ഹദീസ് നിഷേധികളാണ്” എന്ന പുതിയ നുണ പടച്ചുവിട്ടത്. അതിന് കാര്യമായി ഇറക്കിയത് അനസ്‌മുസ്‌ലിയാരെയായിരുന്നു. മുജാഹിദ് ആദര്‍ശം മനസ്സിലാക്കാതെ വിഴുപ്പലക്കുന്ന സമ്പ്രദായമാണ് അദ്ദേഹത്തിനും ഉള്ളത്. പക്ഷെ ഞങ്ങളെ ഹദീസ് നിഷേധികളാക്കുന്നതില്‍ എ പിക്കും ടി പിക്കും മറ്റുചില നേതാക്കള്‍ക്കും അത്രതാല്‍പര്യം ഉണ്ടായിരുന്നില്ല എന്ന് പിന്നീട് ടി പിയുടെ പ്രസ്‌താവനയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അന്ന് ഹദീസ് നിഷേധത്തിന്റെ പ്രധാന ഇര സലാം സുല്ലമിയായിരുന്നു. ഇന്നും അങ്ങനെ തന്നെ. പക്ഷെ അദ്ദേഹത്തന്റെ വിശദീകരണങ്ങള്‍ക്ക് മറുപടി പറയാനോ എഴുതാനോ ഇവര്‍ക്കാര്‍ക്കും സാധിക്കാത്തതിനാല്‍ ഇവര്‍ നിസ്സഹായരാണ്. അന്ന് “മടവൂരികള്‍ ഹദീസ് നിഷേധികളാണ്” എന്നു പറഞ്ഞവര്‍ തന്നെയാണ് എപിയെയും വിമര്‍ശിക്കുന്നത്. എ പി മറ്റുള്ളവരെ തല്ലാന്‍ കൊടുത്ത വടി അദ്ദേഹത്തിന്റെ നേരെയും തിരിഞ്ഞു. അന്ന് മൗനം പാലിച്ചതിനുള്ള സമ്മാനം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ പ്രചരിപ്പിക്കുന്ന ദുര്‍ബലമോ നിര്‍മ്മിതമോ ഖുര്‍ആനിന് വിരുദ്ധമോ ആയിവന്നിട്ടുള്ളവാറോലകളെ എതിര്‍ക്കുന്നവരെയെല്ലാം ഇവര്‍ ഹദീസ് നിഷേധികളായി മുദ്രകുത്തുന്നു.
2009 ഡിസംബര്‍ മാസത്തിലാണ് ഈയുള്ളവന്‍ കെ എന്‍ എം വിടുന്നത്. പ്രധാന കാരണം ആദര്‍ശംതന്നെ. തൗഹീദായിരുന്നാലും മറ്റു കര്‍മ്മ ശാസ്‌ത്രമായിരുന്നാലും ജിന്നുകളായിരുന്നാലും സക്കരിയ്യാ സ്വലാഹിയുടെയും കൂട്ടരുടെയും പുതിയ വാദങ്ങളെ ചാന്‍സ് കിട്ടുന്നേടത്തല്ലാം ഈയുള്ളവന്‍ എതിര്‍ത്തുപോന്നിരുന്നു. കൃത്യമായി തെളിവ് കിട്ടിയാല്‍ പലരെപ്പോലെയും അത് തുറന്ന് പറയല്‍ എന്റെ സ്വഭാവമാണ്. ഏത് പ്രസംഗമായിരുന്നാലും. അത്‌കൊണ്ട് ഇന്നേവരെ ഒരു നഷ്‌ടവും വന്നിട്ടില്ല. ദുനിയാവ് കുറയും അത് പ്രശ്‌നമല്ല. 31 വര്‍ഷമായി ഇന്നും തിരൂരങ്ങാടിയില്‍ ഖത്തീബാണ്. ചില നേതാക്കളുടെ വാലുഴിഞ്ഞുനടന്നാല്‍ ഹജ്ജ് വളണ്ടിയറാകാം. അവിഹിതമായി അറബികളുടെ സമ്പത്ത് പ്രബോധനത്തിന്റെ പേരില്‍ സമ്പാദിക്കാം. ഗള്‍ഫുനാടുകള്‍ സന്ദര്‍ശിക്കാം. സംസ്ഥാന സമ്മേളനങ്ങളില്‍ സ്റ്റേജില്‍ ഇമ്മിണി വലിയ ആളാകാം. അതിനൊന്നും ഈയുള്ളവന്‍ നിന്നിട്ടില്ല. ആദര്‍ശത്തിന് ആസംഘടനയില്‍ പുല്ലുവില. ജിന്നു ഗ്രൂപ്പിന് വിരുദ്ധമാണെന്നതിനാല്‍ പ്രബോധന രംഗത്ത് നിന്നുപോലും തഴഞ്ഞു നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. ആയിടക്കാണ് 2009ല്‍ സക്കരിയ്യാ സ്വലാഹിയും സലഫിയും തമ്മില്‍ ജിന്നുകയറലിനെ കുറിച്ച് പുളിക്കല്‍ വച്ച് ചേരിതിരിഞ്ഞ് വാദപ്രതിവാദം നടക്കുന്നത്. അതോടെ സംഘടനവിടാന്‍ തീരുമാനിച്ചു.