December 3, 2018 | by admin_profile
ബഹുഭാഷാ പണ്ഡിതന്‍, ഖുര്‍ആന്‍-ശാസ്‌ത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ചേരുന്ന, കേരളീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമാണ് കായംകുളം മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി. ഫിസിക്‌സില്‍ ബിരുദം നേടിയ അദ്ദേഹത്തിന് ചരിത്രത്തിലും ഇസ്‌ലാമിക വിഷയങ്ങളിലും ആഴത്തില്‍ അവഗാഹമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും അറബി ഭാഷയിലും നല്ല പ്രാവീണ്യമുള്ള കോയാകുട്ടി മൗലവി നിരവധി വിദേശ രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പല അന്താരാഷ്‌ട്ര സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഖുര്‍ആന്‍ വിവര്‍ത്തനത്തിന് 1967-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അദ്ദേഹം സംഗീതത്തിലും തല്‍പരനാണ്. ശാസ്‌ത്രീയ സംഗീതവും കര്‍ണാടിക് സംഗീതവും പഠിച്ച മൗലവി ഓടക്കുഴല്‍ വാദ്യക്കാരന്‍ കൂടിയാണ്. പരന്ന വായനയും സൂക്ഷ്‌മ നിരീക്ഷണവും ഈ എണ്‍പത്തിമൂന്നാം വയസ്സിലും കൈവിടാതെ സൂക്ഷിക്കുന്നു മൗലവി. വൈജ്ഞാനികരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ സുദീര്‍ഘമായ സംസാരം ബഹുമുഖ വിജ്ഞാനീയങ്ങളുടെ ഒരു ഒഴുക്കായിരുന്നു. ആ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ…….
മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള എഴുത്തുകാരനും പ്രസംഗകനുമായി വളരാന്‍ താങ്കളെ സഹായിച്ച സാഹചര്യം എന്താണ്?
ഞങ്ങളുടെ പഠനകാലത്ത് മുസ്‌ലിം സമുദായം എല്ലാ രംഗങ്ങളിലും പിന്നാക്കമാണ്. സമ്പത്തുള്ള കുറച്ചാളുകളുണ്ടെങ്കിലും സമ്പന്ന സമുദായമായിരുന്നില്ല. ഇടത്തരക്കാരും പാവപ്പെട്ടവരുമായിരുന്നു മഹാഭൂരിപക്ഷം. വിദ്യാഭ്യാസത്തിന് മനസ്സില്ല; വിലക്കുണ്ടുതാനും. ഭൗതിക വിദ്യാഭ്യാസം ഹറാമുല്‍ ഹറാം! കായംകുളത്തുനിന്ന് ആദ്യം ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്‌തത് എന്റെ മൂത്ത ജ്യേഷ്‌ഠനാണ്; മുട്ടാണിശ്ശേരി അബ്‌ദുര്‍റഹ്‌മാന്‍കുഞ്ഞു. എഴുത്തുകാരനും പ്രസംഗകനുമായിരുന്നു. എനിക്ക് പ്രസംഗം പഠിപ്പിച്ചത് ഇക്കയാണ്. അത്തരമൊരു അന്തരീക്ഷത്തില്‍ സമുദായത്തിന്റെ വിലക്ക് ലംഘിച്ചവരില്‍ പെടുന്നു ഞങ്ങള്‍.
ഞാന്‍ സെക്കന്റ് ഫോറത്തില്‍ പഠിക്കുമ്പോള്‍ ഇക്ക പറഞ്ഞു, മലയാളം പഠിക്കണം. സ്‌കൂളില്‍ ഞാന്‍ അറബിയാണ് പഠിച്ചിരുന്നത്. ഞാന്‍ ചോദിച്ചു: അപ്പോള്‍ അറബിയോ? അറബി നമുക്ക് മൗലവിമാരെ വെച്ച് പഠിക്കാം. വക്കം മൗലവിയുടെ ശിഷ്യന്‍ അബ്‌ദുല്‍ഖാദിര്‍ മുന്‍ഷിയാണ് അന്ന് സ്‌കൂളില്‍ അറബി പഠിപ്പിച്ചിരുന്നത്. അങ്ങനെ തേര്‍ഡ് ഫോറം മുതല്‍ ഡിഗ്രിവരെ മലയാളം പഠിച്ചു. ആ മലയാള പഠനമാണ് എഴുതാനും പ്രസംഗിക്കാനും സഹായകമായത്. ഇക്ക ഇംഗ്ലീഷ് പ്രസംഗം എഴുതിത്തരുമായിരുന്നു. കവിതകള്‍ ധാരാളം പഠിക്കാനും ആവശ്യപ്പെട്ടു. ഇംഗ്ലീഷ്, മലയാളം കവിതകള്‍ ഒരുപാട് പഠിച്ചു. ചങ്ങമ്പുഴയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പുസ്‌തകം വാങ്ങാന്‍ കിട്ടാത്തതിനാല്‍ വാങ്ങിയ ആളില്‍നിന്ന് പകര്‍ത്തി എഴുതി പഠിക്കുകയായിരുന്നു. ചങ്ങമ്പുഴ, ആശാന്‍, വള്ളത്തോള്‍, പാലാ നാരായണന്‍ നായര്‍ തുടങ്ങിയവരുടെയൊക്കെ കവിതകള്‍ അച്ചടിച്ചുവരും ഭാഷാപോഷിണിയിലും മറ്റും. ഇവിടുത്തെ ദേശബന്ധു വായനശാലയില്‍ അക്കാലത്തെ എല്ലാ പത്രങ്ങളും കിട്ടുമായിരുന്നു. ഞാന്‍ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ വായനക്കാരനായിരുന്നു. അതിന്റെ സെക്രട്ടറി കേശവന്‍ നായര്‍ ഭാഷാപോഷിണിയുടെ പഴയ ലക്കങ്ങള്‍ എടുത്ത് തരുമായിരുന്നു. 20 വര്‍ഷം മുമ്പുള്ള, മൂര്‍ക്കോത്ത് കുഞ്ഞപ്പ, മലബാര്‍ സുകുമാരന്‍, വലിയകോയിത്തമ്പുരാന്‍, രാമവര്‍മ തമ്പുരാന്‍ തുടങ്ങിയവരൊക്കെ എഴുതിയ ലേഖനങ്ങള്‍ ഭാഷാപോഷിണിയില്‍ വായിക്കാന്‍ കഴിഞ്ഞു. അങ്ങനെ മലയാളം നന്നായി പഠിച്ചു.
അക്കാലത്തെ വായനയുടെ രീതി? സെലക്‌ടീവായിരുന്നോ?
ചവറ് വായിക്കരുതെന്ന് ഇക്ക പറയുമായിരുന്നു. ഉയര്‍ന്ന ഗ്രന്ഥങ്ങളേ വായിക്കാവൂ. ഒരുപക്ഷേ, മനസ്സിലാകാതിരിക്കും. പക്ഷേ നോട്‌സ് എഴുതി വായിച്ചോളണം. ഞാന്‍ പില്‍ക്കാലത്ത് ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ പരിഭാഷപ്പെടുത്തി. ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞ ഒരു കാര്യം അപ്പോള്‍ ശ്രദ്ധയില്‍പെട്ടു: നിങ്ങളില്‍ ഏറ്റവും ഉന്നതര്‍ കാല്‍ എവിടെ വെച്ചോ അവിടെ നിങ്ങളും കാല്‍ വെക്കണം! കവിതകളും ആപ്‌തവാക്യങ്ങളുമൊക്കെ ഡയറിയില്‍ കുറിച്ചുവെക്കുമായിരുന്നു. അത് ഓര്‍മശക്തി വര്‍ധിക്കാന്‍ വളരെ സഹായിച്ചു. ധാരാളം മനഃപാഠമാക്കും. ഹൃദിസ്ഥമാക്കുകയെന്നത് ഭാഷ പഠിക്കാന്‍ വളരെ അനിവാര്യമാണ്. മനഃപാഠമാക്കുന്നതില്‍ കവിതക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണം. കവിതയാണ് ഒരു ഭാഷയുടെ നട്ടെല്ല്. അതില്‍തന്നെ നാടോടി കവിതകള്‍ക്ക് കൂടുതല്‍ സ്ഥാനമുണ്ട്. നാടോടി കവിതകളില്‍നിന്നാണ് പ്രയോഗങ്ങളും ശൈലികളും വരുന്നത്. അങ്ങനെയാണ് ഒരു എഴുത്തുകാരന്‍ വളരുന്നത്.
ബര്‍ട്രന്റ് റസ്സല്‍, വൈറ്റ് ഹെഡ്, വില്യം ജെയിംസ്, ഹക്‌സിലി, ആര്‍നോള്‍ഡ് ടോയന്‍ബി, ക്രിസ്റ്റിനോസ, വില്‍ഡ്യുറാന്റ് തുടങ്ങി അനേകം ശാസ്‌ത്രകാരന്മാരുടെ, തത്ത്വചിന്തകരുടെ പുസ്‌തകങ്ങള്‍ വായിച്ചു. ഫിസിക്‌സ് മാത്രമല്ല, ബയോളജിയും ഫിലോസഫിയും ഒക്കെ പഠിച്ചു. അല്ലാമാ ഇഖ്‌ബാലിന്റെ wonder construction വായിച്ചപ്പോള്‍ ബയോളജിയിലേക്കും ഖുര്‍ആനിലേക്കും പുതിയ വാതിലുകള്‍ തുറന്നുകിട്ടി. എവല്യൂഷനെ കുറിച്ച് അതില്‍ ശ്രദ്ധേയമായ നിരീക്ഷണമുണ്ട്. നിരവധി ശാസ്‌ത്ര പണ്ഡിതരുമായി അടുത്ത് ബന്ധപ്പെടാന്‍ കഴിഞ്ഞതും ഭാഗ്യമായി.
ഭൗതികശാസ്‌ത്രത്തില്‍ ബിരുദമെടുത്ത താങ്കള്‍ എങ്ങനെയാണ് ഖുര്‍ആന്‍ വിവര്‍ത്തകനായ ഒരു ഇസ്‌ലാമിക പണ്ഡിതനായിത്തീര്‍ന്നത്?
എന്റെ കൂടെ പഠിച്ച സമ്പന്നരായ പല മുസ്‌ലിം വിദ്യാര്‍ഥികളും ഉയര്‍ന്ന തസ്‌തികകളിലെത്തി, വക്കീലും എഞ്ചിനീയറും ഡോക്‌ടറുമൊക്കെയായി. ഞങ്ങള്‍ ആലോചിച്ചു എന്തു ചെയ്യണം. എല്ലാവരും ഡോക്‌ടറും വക്കീലുമൊക്കെ ആകുന്നതെന്തിന്! ഇക്കയോട് ആലോചിച്ച് ഞാന്‍ തീരുമാനിച്ചു, ദീന്‍ പഠിക്കാം. അതും വളരെ ആവശ്യമുള്ളതാണല്ലോ! അങ്ങനെ ദീന്‍ പഠിക്കാനാരംഭിച്ചു. ലണ്ടനിലെ ലൂസാക് ആന്റ് പബ്ലിഷേഴ്‌സിന്റെ കുറേ പുസ്‌തകങ്ങള്‍ വരുത്തി. ഞങ്ങളുടെ അയല്‍പക്കത്തെ നായര്‍ വീട്ടിലെ ഒരാള്‍ ലണ്ടനിലുണ്ടായിരുന്നു. അദ്ദേഹത്തിന് 300 രൂപകൊടുത്തു, ധാരാളം പുസ്‌തകങ്ങള്‍ ലഭിച്ചു; അറബിയും ഇംഗ്ലീഷും. മസ്‌നവിയുടെ ട്രാന്‍സ്‌ലേഷന്‍, ഇമാം റാഗിബ് ഇസ്‌ഫഹാനിയുടെ അല്‍മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍ തുടങ്ങിയവയൊക്കെ അങ്ങനെ വരുത്തിയതാണ്. എനിക്ക് ഖുര്‍ആന്‍ പരിഭാഷ എഴുതാന്‍ ആ ഗ്രന്ഥം വളരെയേറെ സഹായിച്ചിട്ടുണ്ട്.
യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങിയപ്പോള്‍ അതു വരുത്തി. 1942-ലായിരുന്നു അതെന്നാണ് ഓര്‍മ. പിക്‌താളിന്റേതും വാങ്ങി. അവയൊക്കെ വായിച്ചപ്പോള്‍ ഖുര്‍ആനിനോട് ആധുനികമായ ഒരു അപ്രോച്ച് വളര്‍ന്നുവന്നു. പിന്നീടാണ് സി.എന്‍ അഹ്‌മദ് മൗലവിയുടെ പരിഭാഷ വന്നത്. അത് വായിച്ചപ്പോള്‍ മാനസികമായി ഒരു ഇടിവ് തോന്നി. കാരണം, അതിലെ ഭാഷ ദുര്‍ബലമായിരുന്നു. മലയാള ഭാഷയില്‍ ഇതിനേക്കാള്‍ നല്ലൊരു പരിഭാഷ അര്‍ഹിക്കുന്നുവെന്ന തോന്നലുണ്ടായി.
ഖുര്‍ആന്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണോ?
ഇക്ക എന്നോട് ചോദിച്ചു, എന്താണെടോ ഇതിനൊരു പരിഹാരം? ഞാന്‍ ഒന്നും പറഞ്ഞില്ല. രണ്ട് റക്‌അത്ത് സുന്നത്ത് നമസ്‌കരിച്ചു. പ്രാര്‍ഥിച്ചു. ഫാതിഹായുടെ തര്‍ജമയങ്ങ് എഴുതി. പിന്നെ മനസ്സിന് ഏറ്റവും ഇഷ്‌ടപ്പെടുന്ന ഭാഗങ്ങള്‍ തര്‍ജമ ചെയ്യാന്‍ തുടങ്ങി. രണ്ടാമത് പരിഭാഷപ്പെടുത്തിയത് സൂറത്തു മര്‍യമായിരുന്നു. അങ്ങനെ കുറച്ചു ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തിയ ശേഷമാണ് ഇക്കായോട് പറഞ്ഞത്. `എടോ അത് വലിയ ഭാരിച്ച പണിയല്ലേ, നിന്നെക്കൊണ്ടാകുമോ?’ എന്നായിരുന്നു ഇക്കയുടെ പ്രതികരണം. `എനിക്ക് ഭാഷയില്‍ ശുഭാപ്‌തി തോന്നുന്നു. പൂര്‍ത്തിയാക്കിയ ശേഷം പണ്ഡിതന്മാരെ കാണിക്കാം’ – ഞാന്‍ പറഞ്ഞു.
അക്കാലത്ത് നമ്മുടെ മുസ്‌ലിം ഭാഷയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഒരു പ്രത്യേക ശൈലിയിലാണ് ദര്‍സില്‍ ദീന്‍ പഠിപ്പിക്കുക! `അന്‍ജാഅഹുല്‍ അഅ്‌മാ’ എന്ന ആയത്തിന്റെ പരിഭാഷ നോക്കുക. അന്‍=കാര്യമെന്ത്, കാര്യമായത്! ജാഅഹു=അവന്റെ അടുത്തുവന്നു. അഅ്‌മാ=പൊട്ടക്കണ്ണന്‍. ഇങ്ങനെയാണ് ചൊല്ലിക്കൊടുക്കുന്നത്! പഠിക്കുന്നവന് വല്ലതും മനസ്സിലാകുമോ? ഇല്ല. വാക്യത്തിന്റെ സമഗ്രമായ ആശയം മനസ്സിലാക്കുകയെന്ന പ്രധാന കാര്യം കൈവിടുകയും വാക്യത്തെ കഷ്‌ണങ്ങളാക്കി മുറിക്കുകയും ചെയ്യുകയാണ്. അങ്ങനെ ഞാന്‍ ഖുര്‍ആന്‍ പരിഭാഷ പൂര്‍ത്തിയാക്കി. പത്തു പ്രാവശ്യം വരെ മാറ്റിയെഴുതിയ ഭാഗങ്ങളുണ്ട്. അവസാനം എല്ലാം പകര്‍ത്തിയെഴുതി ബൈന്‍ഡ് ചെയ്‌തു. അക്കാലത്ത് വളരെ പ്രശസ്‌തനായിരുന്നു എഞ്ചിനീയര്‍ ടി.പി കുട്ട്യാമു സാഹിബ്. ദീനീ സ്‌പിരിറ്റുള്ള ഉന്നത വ്യക്തിതം. അളിയന്‍ മുഖേന അദ്ദേഹത്തെ സമീപിച്ചു. പരിഭാഷ കാണിച്ചു. ടി.പി കുട്ട്യാമു സാഹിബ് അത് പൊന്നാനിയിലെ എ.എം ഉസ്‌മാന്‍ സാഹിബിന് വായിക്കാന്‍ കൊടുത്തു. ഒരു മാസത്തിനകം പ്രശംസാപൂര്‍വം ഉസ്‌മാന്‍ സാഹിബിന്റെ മറുപടി വന്നു: ഇത് പ്രസിദ്ധീകരിക്കണം, ഞാന്‍ അവതാരിക എഴുതിത്തരാം. പരിഭാഷ മലബാറിലെ കഴിവുള്ള പണ്ഡിതന്മാരെ കാണിക്കണമെന്ന് ഞാന്‍ കുട്ട്യാമു സാഹിബിനോട് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചു. ഖുര്‍ആന്‍ പരിഭാഷ ഭിന്നിപ്പിന് വഴിവെക്കാന്‍ പാടില്ല. ഞാന്‍ ആധുനിക ആശയക്കാരനാണ്. പക്ഷേ, എന്റെ വീക്ഷണങ്ങളൊന്നും എന്റെ പരിഭാഷക്കകത്ത് ചേര്‍ത്തിട്ടില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ സ്വഭാവത്തില്‍ വേണം അത് ചെയ്യാന്‍. സി.എന്‍ അഹ്‌മദ് മൗലവി തന്റെ സ്വന്തം അഭിപ്രായങ്ങള്‍ പരിഭാഷയില്‍ ചേര്‍ത്തത് പോലുള്ള മഠയത്തരം വേറെയില്ല. മൂസാ നബി വടികുത്തിപ്പിടിച്ചാണ് ചെങ്കടല്‍ കടന്നതെന്ന ആശയം ഖാദിയാനീ പണ്ഡിതന്‍ മൗലാനാ മുഹമ്മദലിയുടെ പരിഭാഷയിലേതാണ്. ഖാദിയാനി ലാഹോരി വിഭാഗക്കാരനാണ് അദ്ദേഹം. യൂറോപ്യന്മാരെ തൃപ്‌തിപ്പെടുത്താനാണ് മുഹമ്മദലി അങ്ങനെ പലതും എഴുതിച്ചേര്‍ത്തത്.
ഇസ്‌ലാമിനെതിരായ യൂറോപ്യന്‍ ഗൂഢാലോചനയില്‍നിന്നല്ലേ ഖാദിയാനിസത്തിന്റെ പിറവി? ഇത്തരം പല ഗൂഢാലോചനകളും ഇന്നും നടക്കുന്നുണ്ടല്ലോ?
കുരിശു യുദ്ധത്തിനു ശേഷം ഇസ്‌ലാമിനെ നശിപ്പിക്കാനുള്ള യൂറോപ്യന്‍ ഗൂഢാലോചനയുടെ സന്തതിയാണ് ഖാദിയാനിസം. മൂന്ന് പ്രസ്ഥാനങ്ങള്‍ അവര്‍ ലോകത്ത് കൊണ്ടുവന്നു. ഒന്ന്, ഖാദിയാനിസം, ഇന്ത്യയില്‍. ബഹായിസം, പേര്‍ഷ്യയില്‍. ബാബിസം, സുഡാനില്‍. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യകാലത്ത് ഖാദിയാനിസം എന്ന ആയുധം അവര്‍ ഇസ്‌ലാമിനെതിരെ എടുത്തുപയോഗിച്ചു. ഈ മൂന്ന് പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കിയതും സ്ഥാനമുണ്ടാക്കിക്കൊടുത്തതും കേന്ദ്രം സ്ഥാപിക്കാന്‍ ഇടംകൊടുത്തതും ലണ്ടനാണ്. ഖാദിയാനികേന്ദ്രം ലണ്ടനിലെ വോക്കിംഗിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ മുഴുവന്‍ ഖാദിയാനി പള്ളികളിലേക്കും വെള്ളിയാഴ്‌ച ജുമുഅ ഖുത്വ്‌ബ വരുന്നത് ലണ്ടനില്‍നിന്നാണ്.
ഒരിക്കല്‍ ചില ഖാദിയാനി സുഹൃത്തുക്കള്‍ എന്നെ സംസാരിക്കാന്‍ ക്ഷണിച്ചു. അവരുടെ വലിയൊരു നേതാവ് വിദേശത്തുനിന്ന് വന്നിരുന്നു. അദ്ദേഹം ചോദിച്ചു: `ഈസാ നബി മരിച്ചിട്ടില്ല എന്ന് വ്യാഖ്യാനിക്കാവുന്ന ഏതെങ്കിലും വാക്യം ഖുര്‍ആനിലുണ്ടോ?’ ഞാന്‍ പറഞ്ഞു: ഉണ്ട്. `ഈസാ നബിയുടെ മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്ത ഒരൊറ്റ വേദക്കാരനും ഉണ്ടാവുകയില്ല’ എന്ന് ഖുര്‍ആന്‍(അന്നിസാഅ്) പറഞ്ഞിട്ടുണ്ട്. `അവന്റെ മരണത്തിനുമുമ്പ്’-ഖബ്‌ല മൗതിഹി- എന്നതിനര്‍ഥം `വേദക്കാരന്റെ മരണത്തിനുമുമ്പാ’ണെന്നും ഈസാ നബിയുടെ മരണത്തിനു മുമ്പ് എന്നല്ല എന്നുമാണ് ഖാദിയാനികള്‍ വാദിക്കുന്നത്. അതനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ മരിക്കുന്ന അഹ്‌ലുല്‍ കിതാബെല്ലാം ശരിയായ വിശ്വാസത്തോടെ മരിക്കുന്നവരാണെന്ന് പറയേണ്ടിവരും! ഞാന്‍ വിശദീകരിച്ചു. അദ്ദേഹത്തിന് പ്രതികരണമൊന്നുമുണ്ടായില്ല.
`ഇസ്‌ലാം ആന്റ് അഹ്‌മദിസം’ എന്ന പേരില്‍ അല്ലാമാ ഇഖ്‌ബാലിന്റെ ഒരു ചെറിയ പുസ്‌തകമുണ്ട്, നെഹ്‌റുവിനുള്ള മറുപടിയാണത്. ഖാദിയാനിസത്തെ നന്നായി കൈകാര്യം ചെയ്‌തിട്ടുണ്ട് ആ കൃതിയില്‍.
അതിലെ ഒരു ഭാഗം ഇങ്ങനെയാണ്: `വേണ്ടത്ര അറിവില്ലായ്‌മയും കേട്ടാലുടന്‍ വിശ്വസിക്കുന്ന സ്വഭാവവും (നല്ല ബുദ്ധിശക്തിയുള്ളവര്‍ക്കും ഇതുണ്ട്). ദിവ്യമായ വെളിപാട് ലഭിച്ചിട്ടുണ്ട് എനിക്ക് എന്നു പറയാന്‍ നാണമില്ലാതിരിക്കലും- ഈ മൂന്ന് കാര്യങ്ങളും ഉണ്ടെങ്കില്‍ അടിമത്തത്തില്‍ കഴിയുന്ന ഒരു രാജ്യത്ത് രാഷ്‌ട്രീയമായ ഒരു തിയോളജി ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ്. രാഷ്‌ട്രീയ പാദസേവ ചെയ്യുകയെന്നതായിരിക്കും അവരുടെ മുദ്രാവാക്യം.’
പാകിസ്‌താന്‍ രാഷ്‌ട്ര രൂപവത്‌കരണത്തിനു പിന്നിലും ഇത്തരമൊരു കൊളോണിയല്‍ രാഷ്‌ട്രീയം പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ?
ഇന്ത്യാ വിഭജനം സാമ്രാജ്യത്വത്തിന്റെ ഹിഡന്‍ അജണ്ടയാണ്. ഇന്നത്തെ ഇന്ത്യയും പാകിസ്‌താനും ചേര്‍ന്ന അവിഭക്ത ഭാരതം ഒന്നായിത്തന്നെ നിലനിന്നാല്‍ ലോകത്തെ മഹാ ശക്തിയായിത്തീരുമായിരുന്നു. മുഹമ്മദലി ജിന്ന വിഭജനത്തിനെതിരായിരുന്നു. അദ്ദേഹം പറഞ്ഞത്, `ഒരു ഉറപ്പ് വേണം ഞങ്ങള്‍ക്ക്’ (give us an assurance) എന്നായിരുന്നു. വേവല്‍ പ്രഭുവായിരുന്നു അന്നിവിടെ ഉണ്ടായിരുന്നത്. നല്ല പട്ടാളക്കാരന്‍. എന്നാല്‍ വേവലിനെ മാറ്റി മൗണ്ട് ബാറ്റനെ കൊണ്ടുവന്നത് വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ ഭാഗമായാണ്.
1946-ല്‍ ഇടക്കാല ഗവണ്‍മെന്റ് നിലവിലുണ്ട്. അതില്‍ ലിയാഖത്തലിയാണ് ധനകാര്യവകുപ്പ് മന്ത്രി. പിന്നാക്ക വിഭാഗത്തിന്റെ മന്ത്രിയായി ജോഗേന്ദ്രനാഥ് മണ്ഡലുമുണ്ട്. മുസ്‌ലിം ലീഗുകാരാണ് ജെ.എന്‍ മണ്ഡലിനെ മന്ത്രിയാക്കിയത്. അതിലാണ് ഇവര്‍ കുഴഞ്ഞുപോയത്. 40 കോടി വരുന്ന പിന്നാക്ക ജാതിക്കാര്‍ ജിന്നയുടെ കൂടെയായിരുന്നു. ജിന്ന പറഞ്ഞു: നിങ്ങള്‍ക്കൊരു പേടിയും വേണ്ട, നിങ്ങള്‍ നാല്‍പത് കോടിയുണ്ട്. മുസ്‌ലിംകള്‍ പതിനഞ്ച് കോടിയും. പിന്നെയുള്ളത് പതിനഞ്ച് കോടി സവര്‍ണരാണ്. നമ്മള്‍ 55 കോടി ഒരുമിച്ചുനിന്നാല്‍ പതിനഞ്ച് കോടി സവര്‍ണര്‍ക്ക് ഒന്നും ചെയ്യാനൊക്കില്ല- ഇതായിരുന്നു ജിന്നയുടെ സമീപനം.
പക്ഷേ പില്‍ക്കാലത്ത് മുസ്‌ലിം ലീഗിന് ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളെ ഇവ്വിധം അഭിസംബോധന ചെയ്യാനോ ഒരുമിച്ചു നിര്‍ത്താനോ കഴിഞ്ഞില്ലല്ലോ.
പില്‍ക്കാല മുസ്‌ലിംലീഗ് നേതാക്കള്‍ വലിയ കോട്ടുമിട്ട് ഇരിക്കുകയാണ് ചെയ്‌തത്. ജിന്ന കാണിച്ചുകൊടുത്തതുപോലെ പട്ടികജാതിക്കാരും മറ്റുമായി ചേര്‍ന്ന് ലീഗ് മുന്നോട്ട് പോയിരുന്നെങ്കില്‍ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇവിടത്തെ ഭരണാധിപന്മാരാകുമായിരുന്നു. ഇന്ന് മന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ള എത്ര മുസ്‌ലിം മന്ത്രിമാരുണ്ട്? എത്ര പിന്നാക്ക ജാതിക്കാരുണ്ട്? ഒരുകാലത്ത് അബുല്‍കലാം ആസാദുണ്ടായിരുന്നു. ധീരനായിരുന്നു അദ്ദേഹം. പിന്നെ അദ്ദേഹത്തെ പോലൊരാള്‍ വന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കുറേയൊക്കെ പിന്നാക്കക്കാരെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയത്. ബംഗാളിലും കേരളത്തിലും ഇന്നും അവര്‍ നിര്‍ണായക ശക്തിയല്ലേ.
ഇന്ത്യയില്‍ മുസ്‌ലിംലീഗ് സ്വീകരിച്ച രാഷ്‌ട്രീയ സമീപനം അബദ്ധമായിരുന്നുവെന്നാണോ?
പിന്നെ! ഇന്ത്യയില്‍ ലീഗിന് അങ്ങേയറ്റത്തെ പാളിച്ച സംഭവിച്ചിട്ടുണ്ട്. അയ്യോ പാവം നിലപാടായിരുന്നു ലീഗിന്റേത്. രാജഗോപാലാചാരിയുടെ ഗവണ്‍മെന്റിന് സീതിസാഹിബും മറ്റും ചേര്‍ന്ന് എട്ടു പേരുടെ പിന്തുണ കൊടുത്തിട്ടും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് മുസ്‌ലിം ലീഗിന് സ്‌പീക്കര്‍ പദവി കൊടുക്കാന്‍ നെഹ്‌റു സമ്മതിച്ചത്. പട്ടികജാതികളാദി പിന്നാക്കക്കാരുമായി ചേര്‍ന്നുകൊണ്ടുള്ള ഒരു രാഷ്‌ട്രീയ സമീപനമായിരുന്നു മുസ്‌ലിം ലീഗ് സ്വീകരിക്കേണ്ടിയിരുന്നത്.
മുഹമ്മദലി ജിന്ന ജെ.എന്‍ മണ്ഡലിനെ മന്ത്രിസഭയിലുള്‍പ്പെടുത്തിയത് എന്തിനായിരുന്നുവെന്ന് നാം ചിന്തിക്കണം. 1946-ലെ ഇന്ററിം ഗവണ്‍മെന്റില്‍ ഒമ്പത് മന്ത്രിമാര്‍ കോണ്‍ഗ്രസ്സിനും അഞ്ച് മന്ത്രിമാര്‍ ലീഗിനുമാണുണ്ടായിരുന്നത്. ലോര്‍ഡ് വേവലായിരുന്നു ഇന്ററിം ഗവണ്‍മെന്റ് രൂപീകരിച്ചത്. അദ്ദേഹം ഇതുവഴി പോകുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ധാരാസിംഗ് ഒഴികെ ആരെയും ന്യൂനപക്ഷത്തുനിന്ന് കോണ്‍ഗ്രസ് മന്ത്രിയാക്കിയില്ല; ഒമ്പത് മന്ത്രിസ്ഥാനങ്ങളുണ്ടായിട്ടും. ജിന്നയുടെ ക്യാമ്പില്‍ തര്‍ക്കം തുടങ്ങി; മന്ത്രി സ്ഥാനത്തിന്. കേരള കൗമുദി അന്ന് എഡിറ്റോറിയല്‍ എഴുതി: `ജിന്നയുടെ കേന്ദ്രത്തില്‍ അടി!’ രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ ജിന്ന ദല്‍ഹിയില്‍ ഒരു പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു, മന്ത്രിമാരെ പ്രഖ്യാപിച്ചു. അന്നത്തെ ഏറ്റവും പ്രഗത്ഭനായ എക്കണോമിസ്റ്റ് ലിയാഖത്തലി ഖാനെയാണ് ധനകാര്യവകുപ്പ് മന്ത്രിയാക്കിയത്. പട്ടേല്‍ ഒരിക്കല്‍ പറഞ്ഞു: “എന്റെ പോലീസുകാര്‍ക്ക് ശമ്പളം കൊടുക്കണമെങ്കില്‍ ലിയാഖത്തലി ഖാന്‍ പണം തരണം. അതുകൊണ്ട് എനിക്കിത് പറ്റില്ല.” പട്ടേല്‍ ഇതിന്റെ പേരില്‍ രാജിവെക്കാന്‍ വരെ ഒരുങ്ങിയിരുന്നു. ജിന്നയെപ്പോലെ ഒരു നേതാവിനും ലിയാഖത്തലിയെ പോലെ കഴിവുറ്റ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധനുമിടയില്‍ പട്ടേലാദികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല, നെഹ്‌റുവിനും. അതുകൊണ്ടാണ് പട്ടേല്‍ രാജിവെക്കാനൊരുങ്ങിയത്. ഒരു മന്ത്രിസ്ഥാനം ജെ.എന്‍ മണ്ഡലിനായിരുന്നു. മണ്ഡല്‍ കാലികളുടെ തോലുരിക്കുന്ന പറയ ജാതിക്കാരനായിരുന്നു. അംബേദ്‌കറുടെ അതേ ജാതി. അടുത്തദിവസം അംബേദ്‌കര്‍ സുഹൃത്തായ ജഡ്‌ജിയെ കാണാന്‍ ചെന്നു. പ്രമാദമായ മുണ്ടറ കേസ് വിധിച്ച ജഡ്‌ജിയായിരുന്നു. അംബേദ്‌കര്‍ പറഞ്ഞു: I want to become a Muslim -എനിക്ക് മുസ്‌ലിമാകണം! ജിന്ന ശീഈ ആണെന്ന് പറഞ്ഞ് `കാക്ക’യായ ജഡ്‌ജ് അംബേദ്‌കറെ നിരുത്സാഹപ്പെടുത്തി! ആ ജഡ്‌ജിയുടെ ജീവചരിത്രത്തില്‍ തന്നെ അത് വന്നിട്ടുണ്ട്. അതുകഴിഞ്ഞ് അംബേദ്‌കര്‍ ജിന്നയെക്കുറിച്ചൊരു പുസ്‌തകമെഴുതി, My Leader -എന്റെ നേതാവ്. ജിന്നയെക്കുറിച്ചെഴുതപ്പെട്ട 200 പേജുള്ള ഏറ്റവും നല്ല ജീവചരിത്ര കൃതിയാണത്. ഇന്ത്യയില്‍ ഈ കൃതി പ്രസിദ്ധീകരിക്കുന്നില്ല. പാകിസ്‌താനിലുണ്ട്. അതിന്റെ ഒരു കോപ്പിക്ക് വേണ്ടി ശ്രമിച്ചിട്ട് ഇതുവരെ കിട്ടിയിട്ടില്ല.
പിന്നാക്ക ജാതിക്കാരെ കൂട്ടിക്കൊണ്ടുള്ള രാഷ്‌ട്രീയ നീക്കം നടത്താന്‍ മുസ്‌ലിം ലീഗിന് സാധിക്കാതെപോയത് എന്തുകൊണ്ടാണ്?
ബുദ്ധിയില്ലാത്തതുകൊണ്ട്! ജിന്ന കാണിച്ചുതന്ന വഴിനോക്കൂ. ടാണ്ഡന്‍ ദീര്‍ഘകാലം പാകിസ്‌താനില്‍ മന്ത്രിയായി. ഏത് മന്ത്രിസഭ വന്നാലും പിന്നാക്കക്കാരന്‍ അവിടെ മന്ത്രിയാകും. ഇന്നും പിന്നാക്ക വിഭാഗക്കാരുടെ മന്ത്രി അവിടെയുണ്ട്.
മുസ്‌ലിംകള്‍ക്ക് നീണ്ട നൂറ്റാണ്ടുകളുടെ ഭരണപാരമ്പര്യമുണ്ട്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ മുസ്‌ലിം ലീഗിനായില്ല. ഇന്നിപ്പോള്‍ യു.പിയില്‍ അധികാരത്തില്‍ വന്നതാരാണ്? മായാവതി! എങ്ങനെയാ അധികാരത്തില്‍ വന്നത്? എല്ലാവരെയും കൂട്ടുപിടിച്ചിട്ട്! അവരുടെ മിടുക്ക് കണ്ടോ, ബ്രാഹ്മണനെ വരെ കൂടെ നിര്‍ത്തി. ഇന്ത്യയില്‍ ഇന്ന് യതീമായ ഒരു സമൂഹമുണ്ടെങ്കില്‍ അത് ബ്രാഹ്മണരാണ്. അവരെയാണ് മായാവതി പിടിച്ചത്. മറ്റൊരു കൂട്ടര്‍ മുസ്‌ലിംകളാണ്. മുസ്‌ലിംകളെ കൂടെകൂട്ടില്ല എന്ന് പറഞ്ഞവരാണ് ബ്രാഹ്മണര്‍. അവരെയും മുസ്‌ലിംകളെയും ഒന്നിച്ചു കൂടെ നിര്‍ത്തി മായാവതി. ഒരു പക്ഷേ സന്ദര്‍ഭമൊത്തുവന്നാല്‍ പ്രധാനമന്ത്രി വരെ ആകും അവര്‍. ഇതാണ് രാഷ്‌ട്രീയ തന്ത്രം.
മുസ്‌ലിം ലീഗ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റശേഷം വിളിച്ചു ചേര്‍ത്ത ഒരു യോഗത്തിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. ഞാനവരോട് പറഞ്ഞതും ഇതുതന്നെയാണ്. “ഇന്ത്യയിലെ പിന്നാക്ക ജനങ്ങളെ കൂടെ നിര്‍ത്തണം. വര്‍ഷങ്ങളായി അടിമത്തത്തില്‍ കഴിയുന്നവരാണവര്‍. അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. മക്കയില്‍ നബി ചെയ്‌തതെന്തായിരുന്നു? പിന്നാക്കക്കാരെ, അടിമകളെ മോചിപ്പിച്ചെടുത്തു. ഹിര്‍ഖല്‍ ചക്രവര്‍ത്തി ചോദിച്ചു: ആരാണ് മുഹമ്മദിനെ പിന്‍പറ്റുന്നവരില്‍ കൂടുതല്‍? `അര്‍ദല്‍’- അഥവാ ദുര്‍ബലരായ പിന്നാക്ക ജനം എന്നായിരുന്നു ഹിര്‍ഖലിന് കിട്ടിയ മറുപടി. `അതാണ് പ്രവാചകന്റെ ലക്ഷണം’ എന്ന് ഹിര്‍ഖല്‍ പ്രത്യുത്തരം നല്‍കുകയും ചെയ്‌തു. ആ പിന്നാക്കക്കാരെ ഇസ്‌ലാം മോചിപ്പിച്ചു. അങ്ങനെ ഇസ്‌ലാം വിജയിച്ചു. ഈ പ്രവാചകചര്യ നമ്മുടെ മുമ്പിലുണ്ട്. ഇവിടത്തെ പട്ടികജാതിക്കാരനെ നാം കാണണം. പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അവരുടെ വീട്ടില്‍പോയി ചോറുണ്ണണം, അവരെ നമ്മുടെ വീട്ടില്‍ വിളിച്ചുവരുത്തി ചോറ് കൊടുക്കണം. മുസ്‌ലിംകളും പിന്നാക്ക ജനങ്ങളും ഒരുമിച്ചു നിന്നാല്‍ പിന്നെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. രണ്ടു കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കണം. ഒന്ന് സംഘബോധം. ഇവിടെ മുസ്‌ലിംകള്‍ക്കിടയില്‍ വിവിധ ഗ്രൂപ്പുകളുണ്ട്. അവരെ ഒരുമിച്ചുനിര്‍ത്തണം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടേത് ഒരു പ്രമുഖ കക്ഷിയാണ്. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്നു മാത്രം പറഞ്ഞിരുന്നാല്‍ ശരിയാകില്ല. അവരും ഒരു പ്രമുഖ കക്ഷിയാണ്. മാധ്യമം ഒരു ശക്തിയാണ്. മാധ്യമത്തിന് ഒരു സ്വാധീനമുണ്ട്. അതു മനസ്സിലാക്കി അവരെയും സഹകരിപ്പിക്കണം. അബ്‌ദുന്നാസിര്‍ മഅ്‌ദനിയെയും കാണണം. ഇങ്ങനെ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തണം- ഇതെല്ലാം മുസ്‌ലിംലീഗ് നേതാക്കളോട് പറഞ്ഞതാണ്.
കേരളത്തില്‍ അഥവാ മലബാറില്‍ മുസ്‌ലിം ലീഗ് ഒരു രാഷ്‌ട്രീയ ശക്തിയായി മാറി. പക്ഷേ, കേരളത്തിന് പുറത്ത് മുസ്‌ലിംലീഗ് ഒന്നുമല്ല. ധാരാളം മുസ്‌ലിംകളുള്ള യു.പി, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലും ലീഗ് പ്രസ്‌താവ്യമായ ഒരു പാര്‍ട്ടിയേ അല്ല. ഇതെന്തുകൊണ്ടാണ്?
കേരളത്തിലെ മുസ്‌ലിം നേതാക്കള്‍ ഡെഡിക്കേറ്റഡായിരുന്നു. ഉള്ള പണം ഇറക്കാനും നെഞ്ചു വിരിച്ച് ബ്രിട്ടീഷുകാരോട് പോരാടാനും ഒക്കെ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. എന്നാല്‍ കേരളത്തിനു പുറത്ത് മുസ്‌ലിം ഫ്യൂഡല്‍ പ്രമാണിമാര്‍ ആരും തന്നെ ഡെഡിക്കേറ്റഡായിരുന്നില്ല.
മുസ്‌ലിം ലീഗ് ഇന്ത്യയെ മുഴുവനായും കണ്ടില്ല എന്നതാണ് മറ്റൊരു കാരണം. അവര്‍ കേരളത്തില്‍ മാത്രം ഒതുങ്ങിക്കൂടി. കേരളത്തില്‍ തന്നെ ലീഗ് പരിഗണിക്കപ്പെട്ടത് രാജാജിയെ പിന്തുണച്ചതോടെയാണ്. ഗവര്‍ണര്‍ ജനറലായിരുന്ന രാജാജിയെ രാജിവെപ്പിച്ച് കൊണ്ടുവന്നാണ് മദ്രാസില്‍ മുഖ്യമന്ത്രിയാക്കിയത്. ലീഗിന്റെ എട്ട് അംഗങ്ങളുടെ പിന്തുണ കൊണ്ടുകൂടിയായിരുന്നു അത്. ഇല്ലെങ്കില്‍ എ.എം രാജയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരുമായിരുന്നു. മദ്രാസില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ പിന്നെ രക്ഷപ്പെടാനാകുമായിരുന്നില്ല. എം.ജി.ആര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശക്തമായ നിലപാടാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ സ്വീകരിച്ചത്. ഇ.എം.എസ് നമ്പൂതിരിപ്പാട് കുളത്തൂപ്പുഴ വനത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ ട്രെയ്‌നിംഗ് കൊടുത്ത് മദ്രാസിലേക്ക് അയച്ചു. എം.ജി.ആര്‍ വെടിവെക്കാന്‍ ഉത്തരവിട്ടു. കമ്യൂണിസ്റ്റുകാര്‍ നടത്തിയ ഒരു സമരം കര്‍ഷകരുടെ ഇലക്‌ട്രിസിറ്റി ബില്‍ എഴുതിത്തള്ളാന്‍ വേണ്ടിയായിരുന്നു. എം.ജി.ആര്‍ പറഞ്ഞു: ബില്ല് എഴുതിത്തള്ളുക മാത്രമല്ല, കര്‍ഷകര്‍ക്ക് കറന്റ് സൗജന്യമായി നല്‍കും! അതോടെ കമ്യൂണിസ്റ്റുകാരുടെ സമരം പൊളിഞ്ഞു. അപ്പോള്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കണം, രജിസ്‌ട്രേഷന്‍ വേണം എന്നൊക്കെപ്പറഞ്ഞായി അടുത്ത സമരം. അതോടെ എം.ജി.ആറിന് പന്തികേട് മനസ്സിലായി. അദ്ദേഹം വെടിവെച്ചുകൊല്ലാന്‍ കല്‍പന കൊടുത്തു. ഞാന്‍ ശിവകാശിയില്‍ ചെന്നപ്പോഴുള്ള ഒരു അനുഭവമുണ്ട്. ഒരാള്‍ വെടിവെപ്പില്‍നിന്ന് രക്ഷപ്പെടാന്‍ കലുങ്കില്‍ കയറി ഒളിച്ചിരുന്നു. അയാളെ രണ്ടുഭാഗത്തുനിന്നും വെടിവെച്ചുകൊന്ന പോലീസുകാര്‍ ഞാന്‍ ചായകുടിച്ചുകൊണ്ടിരുന്ന ഹോട്ടലില്‍വന്ന് സംഭവം വിവരിക്കുന്നത് നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് കമ്യൂണിസ്റ്റ് മുന്നേറ്റത്തെ തടഞ്ഞത്.
മുസ്‌ലിംലീഗ് രാജാജിക്ക് പിന്തുണകൊടുത്തത് ഒരു ഡിമാന്റും വെക്കാതെയാണ്. ഡിമാന്റ് വെച്ചിരുന്നെങ്കില്‍ പിന്തുണ സ്വീകരിക്കുമായിരുന്നില്ല. വിഭജനത്തിന്റെ അമര്‍ഷം മനസ്സിലുണ്ടായിരുന്നതുകൊണ്ട് ലീഗിന് അംഗീകാരം കൊടുക്കാന്‍ കോണ്‍ഗ്രസ്സിന് മനസ്സില്ലായിരുന്നു. കേരളത്തില്‍ അതിനെ മറികടക്കാന്‍ കഴിഞ്ഞത് ലീഗിന്റെ മിടുക്കാണ്. 1963-ലാണ് ലീഗിന് സ്‌പീക്കര്‍ സ്ഥാനം കൊടുത്തത്. അതുവരെ ലീഗ് ചത്തകുതിരയാണെന്നു പറഞ്ഞ് നടക്കുകയായിരുന്നു. അങ്ങനെ കേരളത്തില്‍ ലീഗ് വളര്‍ന്നു. കേരളത്തിന് പുറത്തേക്ക് കാലെടുത്തുവെക്കാന്‍ ലീഗിനറിയില്ലായിരുന്നു.
ഭരണാധികാരം ഏതൊരു ജനവിഭാഗത്തെ സംബന്ധിച്ച് പൊതുവായും, ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ച് പ്രത്യേകമായും നിലനില്‍പിന്റെയും സ്വത്വ സംരക്ഷണത്തിന്റെയും കൂടി ഭാഗമാണല്ലോ?
ഭരണം കൈയിലിരുന്ന ഒരു ജനത അത് നഷ്‌ടപ്പെട്ട് മറ്റൊരു ഭരണത്തിനു കീഴില്‍ വന്നാല്‍ പാപ്പരായിപോകും. അത് ചരിത്രത്തിന്റെ പാഠമാണ്. അതിന്റെ ഉദാഹരണമാണ് ഇസ്രാഈല്യര്‍. യേശുക്രിസ്‌തുവിനു ശേഷം ബൈബിള്‍ ഒരു പുസ്‌തകമാക്കിയത് കിംഗ് ജെയിംസ് ഒന്നാമന്റെ കാലത്താണ്; ഇംഗ്ലണ്ടില്‍ ഒരു ക്രിസ്‌ത്യന്‍ രാജാവുണ്ടായതിനു ശേഷം മാത്രം!
എന്റെ കൈയില്‍ `ഇന്റലക്‌ച്വല്‍ ഡെവലപ്‌മെന്റ്‌സ് ഇന്‍ ഇസ്‌ലാം’ എന്ന ഒരു പുസ്‌തകമുണ്ട്. ജപ്പാനിലെ ടോക്കിയോ യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചതാണത്. യൂനിവേഴ്‌സിറ്റിയിലെ എട്ട് പ്രഫസര്‍മാരാണ് എഴുത്തുകാര്‍. അയ്യായിരം വര്‍ഷം ഹിന്ദുക്കള്‍ ഇവിടെ അധഃപതിച്ചു കിടന്നു. അധികാരം കിട്ടിയ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്, നവോത്ഥാനം ആരംഭിച്ചത്. ആറായിരം വര്‍ഷം യഹൂദരും അധഃപതിച്ചു കിടന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് അവര്‍ അധികാരം നേടി ഉയരാന്‍ തുടങ്ങിയത്. കിംഗ് ജെയിംസ് അധികാരത്തില്‍ വന്നശേഷമാണ് ക്രിസ്‌ത്യാനികള്‍ വളര്‍ന്നത്. അതുവരെ അവരും ദുര്‍ബലരായിരുന്നു. ലോകശക്തിയായിരുന്ന മുസ്‌ലിംകള്‍ക്ക് ആധിപത്യം നഷ്‌ടപ്പെട്ടത് അങ്കാറയും ദല്‍ഹിയും കൈവിട്ടുപോയപ്പോഴാണ്. നൂറ് വര്‍ഷം കഴിയുമ്പോഴേക്കും മുസ്‌ലിംകള്‍ വീണ്ടും അധികാരത്തിലെത്താനുള്ള തീവ്രശ്രമം നടത്തി. ഇതിന്റെ കാരണമെന്താണ്? ഇതാണ് പുസ്‌തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സയ്യിദ് റശീദ് രിദായുടെ അല്‍മനാറാണ് പുസ്‌തകത്തിന്റെ പ്രധാന റഫറന്‍സ്.
1895-ലാണ് അല്‍മനാര്‍ വാരിക ഇറങ്ങിയത്. പിന്നീടാണത് മാസികയായത്. 1935-ല്‍ റശീദ് രിദാ മരിക്കുന്നത് വരെ ഒറ്റലക്കം മുടങ്ങാതെ അല്‍ മനാര്‍ ഇറങ്ങി. രിദാ മരിക്കുമ്പോള്‍ കയ്‌റോയിലെ അദ്ദേഹത്തിന്റെ വീട് 2000 പവന് പണയപ്പെടുത്തിയിരിക്കുകയായിരുന്നു. നവോത്ഥാനത്തിന്റെ ചാലകശക്തിയായിരുന്നു അല്‍മനാര്‍. നാല്‍പത് വര്‍ഷത്തെ അല്‍മനാറിന്റെ മുഴുവന്‍ ലക്കങ്ങളും ടോക്കിയോ യൂനിവേഴ്‌സിറ്റിയിലെ പഠനഗ്രൂപ്പ് തെരഞ്ഞുപിടിച്ചു. അവയെല്ലാം വിശദമായി പഠിച്ചാണ് പുസ്‌തകമെഴുതിയത്.
വക്കം മൗലവി, അബുല്‍കലാം ആസാദ് ഉള്‍പ്പെടെ ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിം ചിന്തകരുടെ ലേഖനങ്ങള്‍ അല്‍മനാറില്‍ പ്രസിദ്ധീകരിച്ചിരുന്നു. വക്കം മൗലവിയുടേത് ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യം പ്രസിദ്ധീകരിച്ചത് ഒരു കത്തായിരുന്നു: `ശിക്‌വല്‍ മനാരി ഇലല്‍ മനാരി’ – അല്‍മനാറിനൊരു പരാതി! അല്‍മനാര്‍ മുടങ്ങാതെ ലഭ്യമാകാത്തതില്‍ പരാതിപ്പെടുകയായിരുന്നു വക്കം മൗലവി. `ഹാദാ രിസാലത്തുന്‍ മിനല്‍ മലബാരി’ എന്ന തലക്കെട്ടില്‍ സയ്യിദ് റശീദ് രിദാ പ്രസ്‌തുത കത്ത് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു; ഇതുപോലെ മനോഹരമായ ശൈലിയില്‍ എഴുതാന്‍ കഴിയുന്ന എത്ര അറബികള്‍ ഉണ്ടെന്നു റശീദ് രിദാ അതിന്റെ ആമുഖത്തില്‍ ചോദിച്ചിട്ടുണ്ട്. പിന്നെ വക്കം മൗലവിയുടെ ലേഖനങ്ങള്‍ തുടര്‍ച്ചയായി വന്നിരുന്നു. മലേഷ്യയില്‍ ഡച്ച് ഗവണ്‍മെന്റ് അത് നിരോധിച്ചു. സിംഗപ്പൂര്‍ വഴി ബ്ലാക്ക് മാര്‍ക്കറ്റില്‍ പത്തിരട്ടി വരെ വിലക്കാണ് അല്‍മനാര്‍ മലേഷ്യയില്‍ ലഭിച്ചിരുന്നത്. സിറിയ, ഈജിപ്‌ത്, സുഊദി അറേബ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലും ഇന്ത്യ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, സൗത്ത് ഫിലിപ്പീന്‍സ് തുടങ്ങി മുസ്‌ലിംകള്‍ ഉള്ള സ്ഥലങ്ങളിലുമെല്ലാം അല്‍മനാര്‍ ചെന്നിരുന്നു. ടോക്കിയോവിലും ചൈനയിലും പീക്കിംഗിലും അല്‍മനാര്‍ പ്രചരിച്ചിരുന്നു. ചൈനയിലെ മാവോ സേതൂങ്ങ് ഇസ്‌ലാമില്‍നിന്ന് മാറിയതാണ്. നല്ല ഒന്നാംതരം മുസ്‌ലിംകുടുംബത്തില്‍ പിറന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒറിജിനല്‍ പേര് മാവോ സെഡോങ് എന്നാണ്. മണ്ഡാരിന്‍ ഭാഷയാണത്. അവര്‍ ഇസ്‌ലാം എന്നു പറയുന്നത് എസ്‌ലാന്‍ എന്നാണ്. അദ്ദേഹത്തിന്റെ അനിയനാണ് `മാവോ സമീന്‍’. അദ്ദേഹം അവിടത്തെ വലിയ പള്ളിയിലെ ഖത്വീബായിരുന്നു. ബ്രിട്ടീഷ് പിന്തുണയോടെ സ്വേഛാധിപത്യം വാണിരുന്ന ഷിയാങ് കൈഷക് മാവോ സമീനെ തൂക്കിലേറ്റുകയായിരുന്നു. മാവോ സേതൂങ് തെക്കുനിന്ന് അല്‍പാല്‍പമായി മുന്നേറി വന്നു വിജയിച്ചപ്പോള്‍ ഷിയാങ് കൈഷക് ഫര്‍മോസയിലേക്ക് (ഇന്നത്തെ കൊറിയ) രക്ഷപ്പെടുകയായിരുന്നു.
ജമാലുദ്ദീന്‍ അഫ്‌ഗാനിയും സയ്യിദ് റശീദ് രിദായും ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഉള്ളടക്കവും ഭരണാധികാരവും ഊന്നിപ്പറഞ്ഞവരാണല്ലോ?
അതേ, അത് ഇബ്‌നു ഖല്‍ദൂന്റെയും ആശയമാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്, `ലാതതിമ്മുദ്ദഅ്‌വത്തുദ്ദീനിയ്യ ഇല്ലാ ബി ശൗകത്തിന്‍ അസ്വബിയ്യത്തിന്‍ – സംഘടിത രാഷ്‌ട്രീയ ശക്തിയില്ലാതെ ദീന്‍ വിജയത്തിലെത്തില്ല.’ മൂസാ നബി ഇസ്രാഈല്യര്‍ക്ക് പാലും തേനും ഒഴുകുന്ന രാജ്യം വാഗ്‌ദാനം ചെയ്‌തിരുന്നതായി ചരിത്രത്തിലുണ്ടല്ലോ. അദ്ദേഹം വാഗ്‌ദാനം ചെയ്‌ത പാലും തേനും രാഷ്‌ട്രീയ അധികാരമാണ്. മൂസാ നബി ഇസ്രാഈല്യരോട് ഫലസ്‌ത്വീനിലേക്ക് പോകാന്‍ പറഞ്ഞു. അവര്‍ കൂട്ടാക്കിയില്ല. നാല്‍പത് വര്‍ഷം സീനാ മരുഭൂമിയില്‍ അവര്‍ അലഞ്ഞുതിരിഞ്ഞ് നടന്നു. പിന്നെ ദാവൂദ് വന്നു. അദ്ദേഹം ആട്ടിടയനായിരുന്നു. അദ്ദേഹം കല്ലും ചവണയുമുപയോഗിച്ചാണ് ഗോലിയാത്തിനെ തോല്‍പിച്ചത്. അദ്ദേഹം ഫലസ്‌ത്വീന്‍ ഭരണാധികാരിയായി. പിന്നീട് വന്ന സുലൈമാന്‍- സോളമന്‍ ചക്രവര്‍ത്തി – ശക്തനായ ഭരണാധികാരിയായി. ഈ രാഷ്‌ട്രീയാധികാരമായിരുന്നു മൂസാ നബി വാഗ്‌ദാനം ചെയ്‌തത്. ഈജിപ്‌തില്‍ ഫറോവയുടെ ആധിപത്യത്തിനു കീഴില്‍ പീഡിതരായികഴിഞ്ഞ ന്യൂനപക്ഷമാണ് ഇസ്രാഈല്യര്‍. അവര്‍ പിന്നെ ലോകത്തിന്റെ നേതാക്കളായി, അധിപരായി മാറിയത് രാഷ്‌ട്രീയ അധികാരത്തിലൂടെയായിരുന്നു.
നേരത്തേ ഫലസ്‌ത്വീനില്‍നിന്ന് യൂസുഫ് നബിയെ തുടര്‍ന്ന് യഅ്‌ഖൂബ് നബിയുടെ നേതൃത്വത്തില്‍ ഈജിപ്‌തിലെത്തിയത് 64 പേരാണ്. ഈജിപ്‌തിന്റെ അധികാരം അവര്‍ക്ക് കിട്ടി. പിന്നെ അത് നഷ്‌ടപ്പെട്ടു. പക്ഷേ, അവരുടെ ജനസംഖ്യ അനേകമിരട്ടിയായി വര്‍ധിച്ചിരുന്നു. ബൈബിള്‍ പറയുന്നതനുസരിച്ച് മൂസാ നബിയുടെ കാലത്ത് അവര്‍ അറുപതിനായിരമായിരുന്നു. പക്ഷേ, ആ അറുപതിനായിരം വെളളംകോരികളും വിറകുവെട്ടികളുമായിരുന്നു, അടിമകളായിരുന്നു. അവരോടാണ് മൂസാ നബി വിമോചനത്തിന്റെ വഴി രാഷ്‌ട്രീയാധികാരമാണെന്ന് പറഞ്ഞത്. രാഷ്‌ട്രീയാധികാരം ഉണ്ടെങ്കിലേ മതം പൂര്‍ത്തിയാവുകയുള്ളൂ. പൊളിറ്റിക്കല്‍ പവറും തിയററ്റിക്കല്‍ പവറും. രണ്ടും ഒരുമിച്ചു ചേര്‍ന്നതാണ് ഇസ്‌ലാമിന്റെ കരുത്ത്. പന്ത്രണ്ട് വര്‍ഷം കൊണ്ടാണ് പേര്‍ഷ്യ, സിറിയ, ഫലസ്‌ത്വീന്‍, ഈജിപ്‌ത്, ആഫ്രിക്കന്‍ ട്രിപ്പോളി, മൊറോക്കോ തുടങ്ങിയ പ്രദേശങ്ങളൊക്കെ ഇസ്‌ലാം കീഴടക്കിയത്. രാഷ്‌ട്രീയാധികാരമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. പിന്നെ സംഘബോധം അഥവാ ഐക്യവും. എന്നാല്‍ അധികം വൈകാതെ ഈ സംഘബോധം നഷ്‌ടപ്പെട്ടു, ഭിന്നത ഉടലെടുത്തു. അമവികളും അബ്ബാസികളും തമ്മിലടിയായി. അതോടെ രാഷ്‌ട്രീയശക്തി തകര്‍ന്നു. ഇബ്‌നു ഖല്‍ദൂന്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. കൊര്‍ദോവക്കാരനായ ഇബ്‌നു ഖല്‍ദൂന്‍ 1378-ലാണ് മുഖദ്ദിമ എഴുതുന്നത്. തുടര്‍ന്ന് ബാക്കി ആറ് വാള്യങ്ങളും പൂര്‍ത്തിയാക്കി. അതിലദ്ദേഹം പറഞ്ഞു: “സ്‌പെയിനിലെ സംഘബോധം തകര്‍ന്നിരിക്കുന്നു. എല്ലാവരും തമ്മിലടിക്കുകയാണ്. ഈ രാഷ്‌ട്രത്തിന്റെ, മുസ്‌ലിംകളുടെ ഭാവി എന്താകുമെന്ന്, അല്ലാഹു എന്താണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് നമുക്ക് പറയാനാകില്ല.” അദ്ദേഹം ഇത് എഴുതി 50 വര്‍ഷം കഴിഞ്ഞ് 1452-ലാണ്, ഇസബെല്ലയും ഫെര്‍ഡിനന്റും കൂടി മുസ്‌ലിംകളെയും ജൂതരെയും പ്രൊട്ടസ്റ്റന്റുകാരെയും പുറത്താക്കിയത്. കത്തോലിക്കര്‍ മാത്രം മതി അവിടെ എന്നായിരുന്നു അവരുടെ നിലപാട്. 16 ലക്ഷം മുസ്‌ലിംകളെയാണ് അന്ന് സ്‌പെയിനില്‍ കൂട്ടക്കൊല ചെയ്‌തത്.
സ്‌പെയിനിലെ ഭരണാധികാരി അബ്‌ദുര്‍റഹ്‌മാന്‍ മൂന്നാമന്റെ ലൈബ്രറിയില്‍ മാത്രം മൂന്നരലക്ഷം പുസ്‌തകങ്ങള്‍ ഉണ്ടായിരുന്നു. എന്നുമാത്രമല്ല അതിലെ ഓരോ പുസ്‌തകത്തിന്റെയും മാര്‍ജിനില്‍ സ്വന്തം കൈപ്പടയില്‍ അദ്ദേഹം തന്റെ അഭിപ്രായം എഴുതിയിട്ടുണ്ട്. നാല്‍പത്തിയെട്ട് വര്‍ഷമാണ് അദ്ദേഹം ഭരണം നടത്തിയത്. തന്റെ ജീവിതത്തില്‍ സമാധാനമായി ജീവിച്ച, ഉറങ്ങിയ 14 ദിവസങ്ങളേ ഉണ്ടായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു മുസ്‌ലിംകളുടെ, മുസ്‌ലിം ഭരണാധികാരികളുടെ വൈജ്ഞാനിക പാരമ്പര്യം.
ഈ പുസ്‌തകങ്ങളെല്ലാം എവിടെപ്പോയി? എല്ലാം യൂറോപ്യര്‍ കൊണ്ടുപോയി! ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയിലെ ചിന്തകള്‍ തന്നെ യൂറോപ്യരാണ് എടുത്തത്, മുസ്‌ലിംകളല്ല. മുഖദ്ദിമയുടെ പൊളിറ്റിക്കല്‍ സൈഡ് തുര്‍ക്കി സ്വീകരിച്ചു. അവര്‍ 500 വര്‍ഷം അധികാരത്തിലിരിക്കുകയും ചെയ്‌തു. നമ്മുടെ മുസ്‌ലിയാക്കന്മാരാരും അത് തൊട്ടില്ല!
ചരിത്രത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചക്കും വികാസത്തിനും മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനും സാംസ്‌കാരിക, നാഗരികപുരോഗതിക്കും കരുത്ത് പകര്‍ന്നത് ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഉള്ളടക്കമാണ്. എന്നാല്‍, ഇസ്‌ലാമിന്റെ രാഷട്രീയത്തെ നിരാകരിക്കുന്ന, നവോത്ഥാന നായകരെ `രാഷ്‌ട്രീയ ഇസ്‌ലാമി’ന്റെ വക്താക്കളാക്കുന്ന സമീപനം ചില സലഫികള്‍ക്കുണ്ട്; കേരളത്തിലും മറ്റും. ഈ വാദം എങ്ങനെയാണ് ഉണ്ടായത്?
2004-ല്‍ ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. മെറിലന്റില്‍ ഒരു പരിപാടിക്ക് ക്ഷണിച്ചിട്ടാണ് പോയത്. പത്തുദിവസം കഴിഞ്ഞപ്പോള്‍ വാഷിംഗ്‌ടണിലെ യഹൂദ യൂനിവേഴ്‌സിറ്റിയില്‍നിന്നൊരു ക്ഷണം. അവരുടെ ഒരു കോണ്‍ഫറന്‍സില്‍ പ്രസംഗിക്കണം. ആദ്യം മടിച്ചെങ്കിലും വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തു. synonyms in Arabic and Hebrew എന്നതാണ് വിഷയം. ഹീബ്രുവിലെയും അറബിയിലെയും പര്യായപദങ്ങള്‍! ഞാന്‍ പറഞ്ഞു, എനിക്ക് ഹീബ്രു ഒരുവാക്കുപോലും അറിയില്ല, അറബിയും ഇംഗ്ലീഷും അറിയാം. ഹീബ്രു ഭാഷ 5000 വര്‍ഷം പഴക്കമുള്ളതാണ്. ഹീബ്രുവിന്റെ ഒരു തദ്‌ഭവം മാത്രമാണ് അറബി. ഇബ്‌റാഹീം നബി നാലായിരം വര്‍ഷം മുമ്പ് മക്കയില്‍ താമസിച്ചപ്പോള്‍ ഹീബ്രുവാണ് സംസാരിച്ചിരുന്നത്. ഹിംയര്‍ ഗോത്രക്കാര്‍ അവിടെ വന്നു. അവര്‍ സംസാരിച്ച ഭാഷയും ഹീബ്രുവും കൂടിച്ചേര്‍ന്ന് ഉണ്ടായ ഭാഷയാണ് അറബി. അതുകൊണ്ട് അറബിയിലും ഹീബ്രുവിലും ധാരാളം സിനണിംസ് ഉണ്ടാകും. പക്ഷേ എന്നെ സംബന്ധിച്ച് അത് താല്‍പര്യമുള്ള വിഷയമല്ല. പക്ഷേ, ജൂതര്‍ അങ്ങനെയല്ല! അവരെ നാം മനസ്സിലാക്കണം. അവര്‍ അത് വെച്ച് മുതലെടുക്കുകയാണ്. നമ്മെ ഉപയോഗപ്പെടുത്തുകയാണ്. അവരോട് താല്‍പര്യമുള്ളവരാണെങ്കില്‍ ഏത് കരാറിനും അവര്‍ റെഡിയാകും. എത്ര കാശ് വേണമെങ്കിലും തരും. ഏതാനും വര്‍ഷം മുമ്പ് അറബി മുസ്‌ലിം പേരുള്ള ഒരു ക്രിസ്‌ത്യന്‍ പാതിരി ഇവിടെ വന്നു, പ്രചാരണം തുടങ്ങി. ഒരു മുസ്‌ലിം കുടുംബം അതില്‍ കുടുങ്ങിപ്പോയി. ആ പശ്ചാത്തലത്തില്‍ ഞാന്‍ മൂന്ന് പുസ്‌തകങ്ങള്‍ എഴുതി. ഉടനെ അവരുടെ ബിഷപ്പ് എന്നെ വിളിപ്പിച്ച് പറഞ്ഞു, എത്ര രൂപ വേണമെങ്കിലും തരാം. മുട്ടാണിശ്ശേരി ഞങ്ങളുടെ കൂടെ നിന്നാല്‍ എത്ര ലക്ഷം വേണമെങ്കിലും തരാം. ഞങ്ങളെ പരോക്ഷമായി സഹായിച്ചാല്‍ മതി! ഞാന്‍ പറഞ്ഞു: `എനിക്ക് രൂപയൊന്നും വേണ്ട. അതെന്റെ ബാപ്പ സമ്പാദിച്ചിട്ടുണ്ട്. എനിക്ക് ഒന്നു രണ്ട് സംശയമുണ്ട്. നിങ്ങളുടെ ഈ വസ്‌ത്രം എപ്പോള്‍ ഇട്ടതാണ്?’ അദ്ദേഹം പറഞ്ഞു: `ഇന്നലെ!’ (അദ്ദേഹം ബോംബെയില്‍നിന്ന് വരികയാണ്, എറണാകുളം വഴിയാണ് ഇവിടെ എത്തിയത്). `നിങ്ങള്‍ ഇതിട്ട് മൂത്രമൊഴിച്ചിട്ടില്ലേ?’ `ഉണ്ട്.’ `അപ്പോള്‍ കഴുകിക്കാണുമല്ലോ?’ എന്റെ ചോദ്യം. `ഇല്ല’ -ബിഷപ്പ് പറഞ്ഞു. `അപ്പോള്‍ ഇത് അശുദ്ധമല്ലേ? ഞങ്ങള്‍ കണ്ടോ എപ്പോഴും ശുദ്ധം. എപ്പോഴാണ് ദൈവത്തിന്റെ വിളിവരിക എന്നറിയില്ല. എപ്പോള്‍ വിളിച്ചാലും റെഡിയായിരിക്കണം.’ ഞാന്‍ പറഞ്ഞു. ഇത് ഖുര്‍ആനിലുണ്ടോ എന്നായി ബിഷപ്പ്. `ഉണ്ട്, ഖുര്‍ആനിന്റെ ഏതോ ഒരു മൂലയിലല്ല, രണ്ടാമത് ഇറങ്ങിയ അധ്യായത്തില്‍ തന്നെയുണ്ട്. നീ നിന്റെ വസ്‌ത്രം ശുദ്ധീകരിക്കുക. ഇതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന വിശുദ്ധി’- ഞാന്‍ വിശദീകരിച്ചു. എന്നിട്ട് ബിഷപ്പിനോട് ചോദിച്ചു: `അശുദ്ധിയിലിരിക്കുന്ന ഒരാള്‍ ശുദ്ധിയിലിരിക്കുന്ന ഒരാളെ തന്റെ മതത്തിലേക്ക് ക്ഷണിക്കുകയെന്നത് എന്തൊരസംബന്ധമാണ്?’ പിന്നെ ഒന്നും മിണ്ടാതെ ബിഷപ്പ് പോയി. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു കത്ത്: `നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും, യുക്തിയിലൂടെയല്ല സ്വര്‍ഗത്തില്‍ പോകുന്നത്, യേശു ക്രിസ്‌തുവിലൂടെയാണ്!’ ആ പശ്ചാത്തലത്തിലാണ് ഞാന്‍ `ശുദ്ധീകരണം’ എന്ന പുസ്‌തകമെഴുതിയത്. ക്രിസ്‌തുമതത്തിലേക്ക് മാറിയ മുസ്‌ലിം കുടുംബം ഇസ്‌ലാമിലേക്ക് തന്നെ തിരിച്ചുവന്നു.
അപ്പോള്‍, ഇസ്‌ലാമിന്റെ ചില അടിസ്ഥാനങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനകള്‍ നടക്കുന്നു. സയണിസമാണ്, യഹൂദരാണ് ആ ഗൂഢാലോചന നടത്തുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത്, മന്‍ഹജ് എന്ന പേരില്‍ ഒരു വിഭാഗം ഉണ്ട്. അവരുടെ ഒരു വാദം അല്ലാമാ യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ പാടില്ല എന്നാണ്! യഥാര്‍ഥത്തില്‍ യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷപോലെ മനോഹരമായ ഒരു പരിഭാഷ വേറെ ഉണ്ടായിട്ടില്ല. ആകര്‍ഷകമായ ഇംഗ്ലീഷ്! അത് വായിക്കരുതെന്ന പ്രചാരണത്തിന്റെ അടിസ്ഥാനമെന്താണെന്ന് നാം ചിന്തിക്കണം. യൂസുഫലിയുടെ പരിഭാഷയിലൂടെ നന്നായി പ്രചരിക്കുന്നുണ്ട് ഇസ്‌ലാം. ധാരാളം ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. അമുസ്‌ലിംകള്‍ ഇസ്‌ലാമിലേക്ക് വരുന്നതിന്റെ പ്രധാനപ്പെട്ട ഒരു വഴി ഈ പരിഭാഷയാണ്. അപ്പോള്‍ അത് വായിക്കരുതെന്ന് പറയുന്നത് എന്തിന് വേണ്ടിയാണ്? ആരുടെ അജണ്ടയാണ്?
ഇസ്‌ലാം സ്വീകരിച്ച വിദ്യാസമ്പന്നനായ ഒരാളുണ്ട്. അദ്ദേഹത്തിന്റെ കുടുംബം ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെ താമസിച്ചാല്‍ മതി! അദ്ദേഹം അങ്ങനെ ചെയ്‌തു. പക്ഷേ `മന്‍ഹജ്’ ഗ്രൂപ്പ് അദ്ദേഹത്തിന്റെ അടുത്ത് ചെന്നു, അത് പാടില്ലെന്നു പറഞ്ഞു. പക്ഷേ അദ്ദേഹം വിട്ടില്ല, എന്റെ വിശ്വാസം ഞാന്‍ മറച്ചുവെച്ചിട്ടില്ല. ഇസ്‌ലാം അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ വിശ്വാസം മറച്ചുവെച്ചാലും മുസ്‌ലിമായി ജീവിക്കാന്‍ പറ്റും- അദ്ദേഹം പറഞ്ഞു. അതെങ്ങനെ?- അവര്‍ ചോദിച്ചു. അദ്ദേഹം യൂസുഫലിയുടെ തര്‍ജമയെടുത്ത് കൊണ്ടുവന്നു, `അല്‍ മുഅ്‌മിന്‍’ എന്ന അധ്യായം കാണിച്ചുകൊടുത്തു. ഫററോവയുടെ സമൂഹത്തില്‍ ഒരാള്‍, ഒരു വിശ്വാസി, തന്റെ വിശ്വാസം മറച്ചുവെച്ച് ജീവിച്ചുവെന്ന് അതില്‍ പറയുന്നു. ആ അധ്യായത്തിന് ആ പേരും (അല്‍ മുഅ്‌മിന്‍/വിശ്വാസി) കൊടുത്തിരിക്കുന്നു. ഇങ്ങനെ ആകാമെങ്കില്‍ എനിക്ക് മുസ്‌ലിമായിരിക്കെ എന്തുകൊണ്ട് കുടുംബത്തോടൊപ്പം ജീവിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. അതുകേട്ടപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി.
ഇസ്‌ലാമിന്റെ പ്രധാനഭാഗമായ രാഷ്‌ട്രീയത്തെ നിരാകരിക്കുന്നതിനു പിന്നില്‍ പല താല്‍പര്യങ്ങളും ഗൂഢാലോചനകളുണ്ടെന്നാണോ സൂചിപ്പിക്കുന്നത്?
സയണിസമാണ് അതിനു പിന്നില്‍. ഇസ്‌ലാമിന് നിലനില്‍ക്കാന്‍ നല്ല അടിത്തറയുണ്ട്. അത് മറ്റു പലര്‍ക്കുമില്ല. ഇസ്‌ലാം വന്നതുതന്നെ രാഷ്‌ട്രീയപ്രധാനമായിട്ടാണ്. അറേബ്യക്കകത്തും പുറത്തും രാഷ്‌ട്രീയമായി ഇസ്‌ലാം വിജയിച്ചു. യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് ഖലീഫ അബൂബക്കര്‍ കൊടുത്ത ഉപദേശം. സ്‌ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊല്ലരുത്, വൃക്ഷങ്ങളും കൃഷിഭൂമിയും നശിപ്പിക്കരുത് എന്നൊക്കെയായിരുന്നു. അനിവാര്യമായ യുദ്ധഘട്ടങ്ങളില്‍പോലും എത്ര ഉദാത്തമായ സമീപനമാണ് ഇസ്‌ലാം കാഴ്‌ചവെച്ചത്.
ഇംഗ്ലണ്ടില്‍നിന്നും ജര്‍മനിയില്‍നിന്നും അമേരിക്കയിലെത്തിയ അധിനിവേശക്കാരായ വെള്ളക്കാര്‍, അമേരിക്കയിലെ തദ്ദേശീയരെ വെടിവെച്ചുകൊല്ലുകയായിരുന്നു. തെക്കേ അമേരിക്കയിലെ ആമസോണില്‍ യൂറോപ്പില്‍നിന്ന് 350 പേര്‍ കപ്പലില്‍ ചെന്നു. 60,000 തദ്ദേശീയര്‍ 350 യൂറോപ്യരെ നേരിട്ടു. അമ്പും വില്ലും ഉള്‍പ്പെടുന്ന പരമ്പരാഗത ആയുധങ്ങളേ അവരുടെ കൈയിലുണ്ടായിരുന്നുള്ളൂ. വെള്ളക്കാരുടെ കൈയിലോ തീ തുപ്പുന്ന തോക്കും! 60,000 നിരപരാധികളായ തദ്ദേശീയരെ അധിനിവേശക്കാരായ 350 വെള്ളക്കാര്‍ കൊന്നു കളഞ്ഞു. The Hundred എന്ന പുസ്‌തകത്തില്‍ മൈക്കല്‍ എച്ച്. ഹര്‍ട്ട് പറയുന്നുണ്ട്; ഇത്രയും ചെറിയൊരു സംഘം ഇത്രവലിയ ജനസമൂഹത്തെ കൊന്നുകളഞ്ഞതിന് മറ്റൊരു ഉദാഹരണം ലോകചരിത്രത്തിലില്ല. ഇതു വെച്ചു നാം ആലോചിക്കണം; ഇസ്‌ലാമിന്റെ മുന്നേറ്റം എത്ര ഉദാത്തമായിരുന്നുവെന്ന്.
മുസ്‌ലിം സ്‌പെയിനില്‍ അധിനിവേശ സൈന്യം ലക്ഷണക്കണക്കിന് മുസ്‌ലിംകളെ കൊന്നു. കുറേ ആയിരം മുസ്‌ലിംകള്‍ രക്ഷപ്പെട്ടു. അവര്‍ ആഫ്രിക്ക, ആന്തമാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ നാടുകളിലേക്കാണ് ഓടിപ്പോയത്. അവരില്‍ പണ്ഡിതന്മാരും കഴിവുള്ളവരും ഉണ്ടായിരുന്നു. അവരിലൂടെ ആ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇസ്‌ലാമിലേക്കു വന്നു. ലോകത്ത് ഇന്ന് ഏറ്റവുമധികം ജനസംഖ്യയുള്ള മുസ്‌ലിം രാജ്യം ഇന്തോനേഷ്യയാണ്. 32 കോടിയാണ് അവിടത്തെ മുസ്‌ലിം ജനസംഖ്യ. സ്‌പെയിന്‍ നഷ്‌ടപ്പെട്ടുവെങ്കിലും അതിന്റെ ചില നേട്ടങ്ങളായിരുന്നു ഇത്.
മൈക്കല്‍ ഹര്‍ട്ടിന്റെ മറ്റൊരു ചോദ്യമുണ്ട്, അക്രമികളായ ക്രൈസ്‌തവ രാജാക്കന്മാര്‍ സ്‌പെയിനില്‍നിന്ന് മുസ്‌ലിംകളെ ആട്ടിയോടിച്ചു. ശേഷം സ്‌പെയിനില്‍ എന്തുണ്ടായി? എത്ര പേര്‍ വളര്‍ന്നുവന്നു? മുസ്‌ലിം സ്‌പെയിനിന്റെ പതനത്തിനു ശേഷം അവിടെനിന്ന് ഇന്നോളം ഒരു ശാസ്‌ത്രജ്ഞനുണ്ടായോ? ഒരു ചിന്തകന്‍ വന്നോ? ഒരു ഗ്രന്ഥകാരന്‍ വന്നോ? അവര്‍ക്ക് ബുദ്ധിയേ ഉണ്ടായില്ല പിന്നീട് എന്നാണ് പറയുന്നത്. ഇത് നമ്മള്‍ പറയുന്നതല്ല. യഹൂദനായ മൈക്കല്‍ ഹര്‍ട്ട് പറയുന്നതാണ്. ചിന്തകന്മാര്‍, ശാസ്‌ത്രകാരന്മാര്‍, മഹാബുദ്ധിജീവികള്‍ എന്തുകൊണ്ട് മുസ്‌ലിംകളുടെ പതനത്തിനു ശേഷം സ്‌പെയിനില്‍നിന്നുണ്ടായില്ല?
ഇറാനിലെ തെരഞ്ഞെടുപ്പില്‍ നിജാദ് വിജയിച്ചപ്പോള്‍, അമേരിക്കയും യൂറോപ്പും രംഗത്തുവന്നു, കള്ളവോട്ടിന്റെ പേരു പറഞ്ഞ്! അവര്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു! അറബ് രാജ്യങ്ങളുടെ അടുത്ത് ഇസ്രയേലിനെ കുടിയിരുത്തിയത് എന്തിനാണ്? മുസ്‌ലിം രാജ്യങ്ങളെ ഭയപ്പെടുത്തി നിര്‍ത്താന്‍! സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത് എന്തിനാണ്? അറബ് രാജാക്കന്മാരെ അതു പറഞ്ഞ് പേടിപ്പിച്ചുനിര്‍ത്തി സമ്പത്ത് ഊറ്റിയെടുക്കാന്‍! കൊളോണിയലിസം എന്നും അങ്ങനെയാണ്. മറ്റുള്ളവരെ ഉപയോഗിച്ച് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കും. ഇവിടെത്തന്നെ, ടിപ്പുവിനെതിരെ വേലുത്തമ്പിയെ അവര്‍ ഉപയോഗിച്ചു. വേലുത്തമ്പി ടിപ്പുവിനെ ശക്തമായി എതിര്‍ത്തുനിന്നു. അവസാനം തമ്പിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. എന്തായിരുന്നു കാരണം? ബ്രിട്ടീഷ് പട്ടാളക്കാര്‍ അഗ്രഹാരങ്ങളില്‍ കയറി ബ്രാഹ്മണ സ്‌ത്രീകളെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് തമ്പി കത്തെഴുതി. ഉടനെ തമ്പിയെ പിടികൂടാന്‍ പട്ടാളം ഉത്തരവിട്ടു. പട്ടാളത്തിന് കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയായിരുന്നു തമ്പി! ചെങ്ങന്നൂര്‍ അമ്പലത്തില്‍ കെട്ടിത്തൂങ്ങിയായിരുന്നു തമ്പി മരിച്ചത്.
എന്നാല്‍, കൊളോണിയലിസം ഇപ്പോള്‍ തന്ത്രം മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ജനസംഖ്യ വര്‍ധിച്ചിരിക്കുന്നു. പതിനായിരങ്ങളെയോ ലക്ഷങ്ങളെയോ കൊന്നൊടുക്കിയതുകൊണ്ടൊന്നും വിജയിക്കാനാകില്ല. ചിലപ്പോള്‍ വിപരീതഫലം ഉണ്ടാവുകയും ചെയ്യും. ഇറാഖില്‍ സീനിയര്‍ ബുഷ് യുദ്ധം നിര്‍ത്തിയത്, യുദ്ധത്തിന്റെ ഫലമായി മധ്യപൗരസ്‌ത്യ ദേശത്ത് ഇറാന്റെ സ്വാധീനം കൂടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്. ഒന്നാമന്‍ ബുഷ് Terrible ആണ്, രണ്ടാമനോ Horrible! അവന്‍ യുദ്ധത്തിനിറങ്ങി, ചെരിപ്പേറും വാങ്ങി മടങ്ങി. ആയുധംകൊണ്ട് കീഴടക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ലോകം. നിങ്ങള്‍ പാകിസ്‌താനെ നോക്കൂ. അവരുടെ കൈയില്‍ ആയുധമുണ്ടായി, ആണവായുധംവരെ ഉണ്ടെന്ന് പറയുന്നു. അമേരിക്ക എന്ത് ചെയ്‌തു! പാകിസ്‌താനെ കൂടെ കൂട്ടി. ഇപ്പോള്‍ പാകിസ്‌താനില്‍ കണ്ടോ, അടിക്കടി കുഴപ്പങ്ങളാണ്. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ചുരുക്കത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ exploitation നിലനിര്‍ത്താനുള്ള ശ്രമത്തിലാണവര്‍. ആഗോളീകരണം അതിന്റെ ഭാഗമാണ്. ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ അന്വേഷിച്ചു, സബ്‌സിഡിയെക്കുറിച്ച്. കൃഷിക്ക് 300 ശതമാനമാണ് അവിടെ സബ്‌സിഡി. ഗോതമ്പ്, നെല്ല്, ചോളം, കരിമ്പ് എന്നിവയുടെയെല്ലാം കൃഷിക്ക് ഓരോ ഘട്ടത്തിലും സബ്‌സിഡിയുണ്ട്. ഇവിടെ ഇന്ത്യയില്‍ സബ്‌സിഡി കൊടുക്കുന്നതിന് ഏറ്റവും എതിര് അമേരിക്കയാണ്. ഇതാണ് കൊളോണിയല്‍ തന്ത്രം!
ഇനി ഞാന്‍ മറ്റൊരു സംഭവം പറയാം. എന്റെ അടുത്ത് ഒന്നുരണ്ടു പേര്‍ `തൗഹീദി’ന്റെ വിഷയം പറഞ്ഞ് തര്‍ക്കിക്കാന്‍ വന്നു. ഞാന്‍ പറഞ്ഞു: നമ്മള്‍ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് വിശ്വസിച്ചിരിക്കുന്നു. എന്നാല്‍ എന്റെ തൗഹീദ് എടുത്ത് നിങ്ങളെ കാണിക്കാന്‍ പറ്റുമോ? നിങ്ങളുടെ തൗഹീദ് എന്നെ കാണിക്കാന്‍ കഴിയുമോ? അതൊരു മറക്കകത്തിരിക്കുകയാണ്. അതിനെ കുറിച്ചാണ് നമ്മള്‍ തമ്മില്‍ തര്‍ക്കിക്കുന്നത്. അത് ഇബാദത്താകും, ഇത് ശിര്‍ക്കാകും എന്നൊക്കെ! തീരാത്ത തര്‍ക്കം നമ്മുടെ സമൂഹത്തില്‍ സൃഷ്‌ടിക്കുകയാണ് ഇതിന്റെ പേരില്‍! ഇമാം ഗസ്സാലി ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്: `വെളിപാട് വന്ന് കിട്ടിയ ജനം അവരില്‍ തര്‍ക്കം ഉടലെടുത്തെങ്കിലല്ലാതെ വഴിതെറ്റി പോവുകയില്ല!’ അപ്പോള്‍ ഈ തര്‍ക്കങ്ങള്‍ ജൂതകേന്ദ്രത്തില്‍നിന്ന് വരുന്നതാണ്.
ഖുര്‍ആനും ശാസ്‌ത്രവുമാണല്ലോ താങ്കളുടെ പ്രധാന ഗവേഷണ മേഖല. എങ്ങനെ ഖുര്‍ആന്‍ ഗവേഷകനായി?
ക്രമേണയാണ് ഖുര്‍ആന്‍ ഗവേഷണ പഠനത്തിലേക്ക് ഞാന്‍ എത്തിയത്. ഏതാണ്ട് പന്ത്രണ്ട് വര്‍ഷം എടുത്തുവെന്ന് പറയാം. ഖുര്‍ആന്‍ വലിയൊരു അത്ഭുതമാണ്. ശാസ്‌ത്രലോകത്തിന് മുമ്പിലെ മഹാത്ഭുതം. ശാസ്‌ത്രഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചു. ശാസ്‌ത്രപഠനം ഇബാദത്ത് -അഥവാ അല്ലാഹുവിനുള്ള ആരാധനയാണ്. അതിലൊന്നാണ് മാതമാറ്റിക്‌സ്. ഖുര്‍ആനിലെ സൂറകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്. വലിയൊരു മാതമാറ്റിക്കല്‍ തിയറി ഇതിലുണ്ട്.
ഖുര്‍ആനില്‍ ഇനിയുമൊരുപാട് മേഖലകളില്‍ ഗവേഷണം നടക്കേണ്ടതായിട്ടുണ്ട്. ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം ഗവേഷണങ്ങള്‍ നടക്കുന്നില്ല. കാരണം ശാസ്‌ത്രമറിയില്ല. പണ്ഡിതന്മാരെല്ലാം ഫിഖ്‌ഹിന്റെ പിന്നാലെയാണ്. ഒരു മുഴുത്ത മടിയന് രണ്ട് വര്‍ഷം കൊണ്ട് പഠിച്ച് തീര്‍ക്കാവുന്നതിലും കൂടുതലെന്തെങ്കിലും ഫിഖ്‌ഹിലുണ്ടോ? നമ്മളതിനെ വലിച്ചുനീട്ടി, വലിച്ചുനീട്ടി യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് മാറി. ഫിഖ്‌ഹ് ഡിഗ്രികളായി പല കോളേജുകളിലും! മാത്തൂല്‍കാരന്‍ `മാത്തൂലി’ എന്ന് പേരിടും. തലവൂര്‍കാരന്‍ `തലവൂരി’ എന്നും പേരിടും. അതിനപ്പുറം ഫിഖ്‌ഹില്‍ ഇത്തരം ഡിഗ്രി കൊണ്ടെന്തെങ്കിലും ഉണ്ടോ? ഒന്നുമില്ല. സ്ഥാനമാനങ്ങളും പേരുകളും ഉണ്ടാക്കിയെടുക്കുന്നതിനപ്പുറം ഇതിലെല്ലാം എന്തുണ്ട്?
അതേസമയം ഇന്ന് എത്ര വലിയ ശാസ്‌ത്ര ഗവേഷണങ്ങളാണ് ലോകത്ത് നടക്കുന്നത്. അതിലൊന്നും ഒരു മുസ്‌ലിമിനെയും കാണാത്തതെന്ത്? പഴയ ഒരു സംഭവം പറയാം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്‌സ്റ്റണ്‍, ശാസ്‌ത്രജ്ഞനായ സുഹൃത്ത് മൈക്കല്‍ ഫാരഡെയെ കാണാന്‍ ചെന്നു. ഗ്ലാഡ്‌സ്റ്റണ്‍ ഫാരഡെയോട് ചോദിച്ചു, പുതിയ കണ്ടുപിടിത്തങ്ങള്‍ വല്ലതുമുണ്ടോ? ഒരു വലിയ കണ്ടുപിടിത്തമുണ്ടെന്നു പറഞ്ഞ് ഫാരഡെ അദ്ദേഹത്തെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മേശപ്പുറത്തെ സജ്ജീകരണങ്ങള്‍ കാണിച്ചുകൊടുത്തു. ഒരു ആണിയില്‍ നാലിഞ്ച് നീളമുള്ള ഒരു കാന്തം. അതിന്റെ മുകളിലൂടെ ഒരു ചെമ്പ് കമ്പി വലിച്ചുകെട്ടിയിരിക്കുന്നു. അതിന്റെ അകത്ത് ഒരു ബാറ്ററി. ബാറ്ററിയില്‍നിന്ന് കറന്റ് ഒരു വശത്തേക്ക് വിടുമ്പോള്‍, കാന്തം ചെറുതായിട്ട് ഒരു അഞ്ച് ഡിഗ്രി ചലിക്കും. തിരിച്ചു മറുഭാഗത്തേക്ക് വിടുമ്പോള്‍ കാന്തം എതിര്‍വശത്തോട്ട് ചലിക്കും! ഗ്ലാഡ്‌സ്റ്റണ്‍ അത്ഭുതത്തോടെ, അതെന്താണെന്നന്വേഷിച്ചു. ഫാരഡെ പറഞ്ഞു: നിങ്ങളുടെ ഖജനാവ് ഒന്നുരണ്ട് വര്‍ഷത്തിനകം പണംകൊണ്ട് നിറയാന്‍ പോകുന്നു? അതെങ്ങനെയെന്ന് ഗ്ലാഡ്‌സ്റ്റണ്‍ ആശ്ചര്യപ്പെട്ടു. ഇതാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി. മാഗ്‌നറ്റില്‍ ചെമ്പുകമ്പി ചുറ്റി മോട്ടോര്‍ നിര്‍മിക്കുന്ന കണ്ടുപിടിത്തമായിരുന്നു അത്. നോക്കൂ, ഇതായിരുന്നു യൂറോപ്യരുടെ രീതി. ഓരോ വ്യക്തിയും സ്വന്തമായ ലബോറട്ടറികള്‍ സ്ഥാപിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തും. ഇത്തരം ഗവേഷണങ്ങളുമായി ഇഴുകിച്ചേര്‍ന്നാണ് യൂറോപ്യന്‍ ജനത വളര്‍ന്നത്. അതുപോലെ നാം വളരണം. വാസ്‌തവത്തില്‍ യൂറോപ്പിന് ഇതെല്ലാം കാണിച്ചുകൊടുത്തത് മുസ്‌ലിംകളല്ലേ.
ശാസ്‌ത്രത്തിന്, ഖുര്‍ആന്‍/ ഇസ്‌ലാം നല്‍കിയ പ്രാധാന്യം മനസ്സിലാക്കാനോ ആദ്യകാല മുസ്‌ലിംകള്‍ നടത്തിയ ശാസ്‌ത്ര ഗവേഷണം തുടരാനും പില്‍ക്കാല മുസ്‌ലിംകള്‍ തീരെ താല്‍പര്യം കാണിച്ചില്ല. ശാസ്‌ത്രമെന്നാല്‍ കര്‍മശാസ്‌ത്രം അഥവാ ഫിഖ്‌ഹ് ആണെന്നാണ് അവര്‍ തെറ്റിദ്ധരിച്ചത്. അതുകൊണ്ടാണല്ലോ ഇബ്‌നു സീനയുടെ പിന്മുറക്കാര്‍ ഇബ്‌നുസീനയുടെ പുസ്‌തകം ലൈബ്രറിയില്‍വെച്ച് ഖുനൂത്തും തലമറക്കലും അത്തഹിയ്യാത്തിലെ വിരലനക്കവും ജിന്ന് ബാധയുമൊക്കെ ഗവേഷണ വിഷയങ്ങളാക്കിയത്!
ഇബ്‌റാഹീം നബിയുടെ ചരിത്രത്തിലെ ഒരു സംഭവം നോക്കൂ. അദ്ദേഹം അല്ലാഹുവോട് പറഞ്ഞു, നീ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നതെങ്ങനെയെന്ന് എനിക്ക് കാണിച്ചുതരൂ! അല്ലാഹു പറഞ്ഞു: “നീ പക്ഷികളെ പിടിക്കുക, അതിനെ അറുത്ത് കഷ്‌ണങ്ങളാക്കി, നാലു കുന്നുകളുടെ മുകളില്‍ വെക്ക്, എന്നിട്ട് നീ അവയെ വിളിക്ക്, അവ നിന്റെ അടുത്തേക്ക് വരും.” ഇതില്‍ കുറേ അത്ഭുതങ്ങളുണ്ട്. എന്നാല്‍ ശാസ്‌ത്രത്തിന്റെ വശത്തുകൂടി നോക്കുക. ഇബ്‌റാഹിം നബിയോട് അല്ലാഹു പറയുന്നത് കുറേ ക്രിയകള്‍ ചെയ്യാനാണ്. ഇത് ശാസ്‌ത്രഗവേഷണത്തെ കൂടി സൂചിപ്പിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, `ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’യില്‍ പറഞ്ഞിട്ടുള്ളതും ഇതാണ്: `തത്വ്‌ബീഖുല്‍ മന്‍ഖൂലി ബില്‍ മഅ്‌ഖൂല്‍.’ വെളിപാടിലൂടെ വന്ന കാര്യത്തെ യുക്തിപരമായും ബുദ്ധിപരമായും ഗ്രഹിക്കുന്നത്/യോജിപ്പിക്കുന്നത് ഇബാദത്താണ്. അല്ലാമാ ഇഖ്‌ബാല്‍ പറഞ്ഞു: It is another form of worship
ഖലീഫ മഅ്‌മൂന്റെ കാലത്ത്, അസ്വ്‌ഹാബുസ്സുഫ്‌ഫയെന്ന പേരില്‍ 53 ചിന്തകന്മാരുണ്ടായിരുന്നു. അവരുടെ തിസീസെല്ലാം പുറത്തുവിട്ടിട്ടില്ലായിരുന്നു. കാരണം, യാഥാസ്ഥിതിക പുരോഹിതന്മാരെ ഭയമായിരുന്നു. ഇമാം ഗസ്സാലിയുടെ ചരിത്രം നോക്കൂ. ആയിരം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. പക്ഷേ നമുക്ക് കിട്ടിയത് പതിനാറെണ്ണം മാത്രമാണ്. ബാക്കിയെല്ലാം പുരോഹിതന്മാര്‍ തീയിലിട്ട് ചുടുകയായിരുന്നു.
മലയാളത്തില്‍ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷ എഴുതിയത് മായിന്‍കുട്ടി എളയയാണ്. നാല് വാള്യങ്ങളുണ്ടായിരുന്നു അതിന്. ബോംബെയില്‍നിന്ന് കല്ലച്ചില്‍ അച്ചടിച്ച അതിന്റെ കോപ്പി ഞാന്‍ കണ്ടിട്ടുണ്ട്. `എളയ’ കണ്ണൂരിലെ അറക്കല്‍ രാജകുടുംബാംഗമായിരുന്നു. അവര്‍ക്ക് സാമ്പത്തിക ശേഷിയും രാഷ്‌ട്രീയ അധികാരവുമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കാന്‍ പുരോഹിതന്മാര്‍ക്ക് കഴിഞ്ഞില്ല. പകരം എന്ത് ചെയ്‌തു? മുസ്‌ലിയാക്കന്മാര്‍ ഒറ്റക്കും കൂട്ടായും ചെന്ന് എളയയോട് ഖുര്‍ആന്‍ പരിഭാഷ ചോദിച്ചു വാങ്ങി. എന്നിട്ട് അതുകൊണ്ടുവന്നു രഹസ്യമായി ചുടും! ഇതായിരുന്നു ഖൗമിന്റെ അവസ്ഥ!
പറഞ്ഞുവന്നത് അസ്വ്‌ഹാബുസ്സുഫ്‌ഫയുടെ തിസീസിനെക്കുറിച്ചാണ്. തുര്‍ക്കിയിലെ ഒരു സ്വകാര്യ ലൈബ്രറിയില്‍നിന്നാണ് അതിന്റെ ഏതാനും കോപ്പികള്‍ കണ്ടെടുത്തത്. 1918-ല്‍ അതിന്റെ ഒരു എഡിഷന്‍ ബോംബെയില്‍നിന്ന് അച്ചടിച്ച് ഇറക്കിയിരുന്നു. പിന്നീട് കൈറോവില്‍നിന്ന് മറ്റൊരു എഡിഷനും പുറത്തിറങ്ങുകയുണ്ടായി. ഇപ്പോള്‍ അമ്പത്തിമൂന്ന് തിസീസും പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയെല്ലാം ശാസ്‌ത്രവിഷയങ്ങളാണ്.
ടിപ്പു സുല്‍ത്താന്‍ മരിച്ചത് തുര്‍കണഹള്ളി യുദ്ധത്തിലാണ്, 1798-ല്‍. അദ്ദേഹത്തിന്റെ ആയുധങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. ഈസ്റ്റ് ഇന്ത്യാ കമ്പനി അദ്ദേഹത്തിന്റെ ആയുധശേഖരത്തില്‍നിന്ന് 700 മിസൈലുകളും 27 മിസൈല്‍ വിക്ഷേപിണികളും 900 മിസൈല്‍ നിര്‍മാണ ഉപകരണങ്ങളും യൂറോപ്പിലേക്ക് അയച്ചു. ഡീ കണ്‍സ്‌ട്രക്‌റ്റ് ചെയ്‌ത് നിര്‍മാണ രഹസ്യം മനസിലാക്കുകയായിരുന്നു ലക്ഷ്യം. ആദ്യം അയച്ചത് ഇംഗ്ലണ്ടിലേക്കാണ്. അവര്‍ അതൊക്കെ അഴിച്ചുനോക്കിയെങ്കിലും ഒന്നും മനസ്സിലായില്ല. പിന്നെ ജര്‍മനിയില്‍ കൊടുത്തു. അതു തന്നെ അവസ്ഥ. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും അതുകൊടുത്തു. ഫലമുണ്ടായില്ല. നോക്കൂ, 150 കൊല്ലം മുമ്പ് ഇന്ത്യയിലെ ഒരു മുസ്‌ലിം രാജാവ് ഉണ്ടാക്കിയ അത്യാധുനിക ഉപകരണം അഴിച്ചുനോക്കി മനസ്സിലാക്കാന്‍ യൂറോപ്യന്‍ സായിപ്പിന് കഴിഞ്ഞില്ല! നമ്മുടെ മുന്‍ രാഷ്‌ട്രപതി, ശാസ്‌ത്രജ്ഞന്‍ എ.പി.ജെ അബ്‌ദുല്‍കലാം നാസയില്‍ പോയപ്പോള്‍ അവിടത്തെ ചുമരില്‍, ഒരു സൈന്യം മിസൈല്‍ തൊടുക്കുന്ന ചിത്രം കണ്ടു. അതിന്റെ താഴെ എഴുതിവെച്ചിരിക്കുന്നു; ഇത് ടിപ്പുവിന്റെ സൈന്യം മിസൈല്‍ തൊടുക്കുന്ന ചിത്രമാണെന്ന്. രണ്ടു മൈല്‍ റെയ്‌ഞ്ചുള്ളതായിരുന്നു ടിപ്പുവിന്റെ മിസൈലുകള്‍. അതീവരഹസ്യമായിട്ടായിരുന്നു ടിപ്പു ഈ ആയുധനിര്‍മാണം നടത്തിയിരുന്നത്. പൂര്‍ണയ്യക്ക് കാശ് കൊടുത്താണ് ടിപ്പുവിനെ വീഴ്‌ത്തിയത്. അല്ലെങ്കില്‍ അദ്ദേഹത്തെ ഒതുക്കാനാകുമായിരുന്നില്ല.
ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞിട്ടുണ്ട്, പ്രകൃതിയില്‍ ബുദ്ധി ഗോചരമാകുന്ന ഏതൊരു സത്യവും പഠനാര്‍ഹമാണ്. അതിന്റെ അന്തസ്സത്തയില്‍നിന്ന് വരുന്ന ഗുണങ്ങള്‍ പഠിക്കണം. അതില്‍നിന്ന് നിങ്ങളുടെ ശ്രദ്ധയില്‍ വരുന്ന പ്രാധാന്യമുള്ള ഓരോ വിഷയത്തെയും പ്രത്യേകം മാറ്റിനിര്‍ത്തി ഓരോരോ ശാസ്‌ത്രമാക്കിക്കൊള്ളണം. ഇബ്‌നു ഖല്‍ദൂന്റെ ഈ ചിന്ത യൂറോപ്യര്‍ പിന്തുടര്‍ന്നു. അവരിന്ന് ലോകം ഭരിക്കുന്നു. നമ്മളില്‍ ചിലര്‍ ഇതെല്ലാം ഹറാമാണെന്ന് പറഞ്ഞു. എന്തൊരു അരുതായ്‌മയാണ് ഇവര്‍ കാണിച്ചത്?