Latest News


Single

ARTICLES

ജമാഅത്തെ ഇസ്‌ലാമി ചരിത്രത്തെ നയിച്ച വിധം

December 3, 2018 | by admin_profile


നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ‘സാധുക്കളുടെ സംഘം’ എന്നാണ് ജമാഅത്തെ ഇസ്‌ലാമിയെ വിശേഷിപ്പിച്ചത്. 1946 ഏപ്രില്‍ 26, പാറ്റ്‌നയില്‍ ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഗാന്ധിജി ഇങ്ങനെ എഴുതി: ”ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വങ്ങള്‍ തുടച്ചുനീക്കുകയും നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം” (സര്‍ച്ച്‌ലൈറ്റ്, പാറ്റ്‌ന 1946 ഏപ്രില്‍ 27).
ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ നാല് മൗലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാരസമ്പൂര്‍ണമായ നിരീക്ഷണമാണ് ഗാന്ധിജി നടത്തിയത്. ഒന്ന്, നന്മ പ്രചരിപ്പിക്കുക. രണ്ട്, മനുഷ്യരെ സേവിക്കുക. മൂന്ന്, ഉച്ചനീചത്വം തുടച്ചുനീക്കുക. നാല്, ദൈവത്തിന്റെ സന്ദേശം പ്രബോധനം ചെയ്യുക. ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ സരളവും സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായി പ്രതിഫലിപ്പിക്കുന്ന ഗാന്ധിജിയുടെ വരികള്‍, രാജ്യം സാമുദായിക സംഘര്‍ഷങ്ങളുടെയും വിഭജനത്തിന്റെയും പ്രക്ഷുബ്ധാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും വിധം സുവ്യക്തവും സുതാര്യവുമാണ് ജമാഅത്തിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളുമെന്ന് അടയാളപ്പെടുത്തുന്നു. രാജ്യം ജമാഅത്തെ ഇസ്‌ലാമിയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സാക്ഷ്യം കൂടിയാണ് രാഷ്ട്രപിതാവിന്റെ വാക്കുകള്‍. അറുപതാണ്ട് പിന്നിട്ട ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രവും വര്‍ത്തമാനവും, നന്മയുടെയും ധര്‍മത്തിന്റെയും പ്രചാരകരായി നിലകൊള്ളാനും രാജ്യനിവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രസ്ഥാനത്തിന് വലിയ അളവില്‍ സാധിച്ചിട്ടുണ്ട് എന്നതിന്റെ ഉത്തമ സാക്ഷ്യമാണ്.
ഇന്ത്യാ മഹാ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷിതത്വവും സംരക്ഷിക്കാനും ജനാധിപത്യവും മതേതരത്വവും കാത്തുരക്ഷിക്കാനും ശാന്തിയും സമാധാനവും ഉറപ്പുവരുത്താനും ജാഗ്രത പുലര്‍ത്തുകയും കര്‍മനിരതമാവുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. നമ്മുടെ രാജ്യം പ്രതിസന്ധികളെ അഭിമുഖീകരിച്ച ചരിത്ര സന്ദര്‍ഭങ്ങളില്‍ ആ പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യനിവാസികള്‍ക്കൊപ്പം നിന്ന് പൊരുതിയ ജമാഅത്ത്, രാജ്യത്തിന്റെ മഹിത മൂല്യങ്ങളുടെ സംരക്ഷണത്തിനായി പ്രയ്തനിക്കുകയും ജനങ്ങളുടെ നന്മയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ടുള്ള കര്‍മമാതൃകകള്‍ വിജയകരമായി നടപ്പിലാക്കുകയും ചെയ്തുകൊണ്ടാണ് ചരിത്രത്തെ നയിച്ചത്. അവിഭക്ത ഭാരതത്തിലെ ആറു വര്‍ഷങ്ങളും സ്വതന്ത്ര ഇന്ത്യയിലെ അറുപത്തിരണ്ട് ആണ്ടും നീളുന്ന ജമാഅത്തിന്റെ ചരിത്രം അതാണ് രേഖപ്പെടുത്തുന്നത്.
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിന് സയ്യിദ് മൗദൂദി നല്‍കിയ സംഭാവനകള്‍, സാമുദായിക തീവ്രവാദത്തിനും ദ്വിരാഷ്ട്രവാദത്തിനുമെതിരെ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച ശക്തവും ശ്രദ്ധേയവുമായ നിലപാടുകള്‍, രാജ്യം രണ്ടായി പിളര്‍ന്നപ്പോള്‍ വിഭജനത്തിന്റെ മുറിവുണക്കാനും കലാപ ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനും വേണ്ടി ജമാഅത്ത് നടത്തിയ പരിശ്രമങ്ങള്‍ എന്നിവ രാജ്യത്തിന് വേണ്ടി ജമാഅത്ത് നിര്‍വഹിച്ച ചെറുതെങ്കിലും മഹത്തായ സേവനങ്ങളുടെ ഒരു ഭാഗമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ അറുകൊല ചെയ്ത അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നടത്തിയ പോരാട്ടം, ഇന്ത്യന്‍ മതേതരത്വത്തെ പ്രതിസന്ധിയിലാഴ്ത്തിയ വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര മൂല്യങ്ങളുടെ നിലനില്‍പിനും മതസൗഹാര്‍ദം ശക്തിപ്പെടുത്താനും വേണ്ടി നടത്തിയ സക്രിയവും ചടുലവുമായ ഇടപെടലുകള്‍, രാഷ്ട്രീയ മേഖല ക്രിമിനലിസത്തിന്റെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്ന ആശങ്കാജനകമായ സന്ദര്‍ഭത്തില്‍ ഉയര്‍ത്തിയ മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന ചരിത്ര പ്രസിദ്ധമായ മുദ്രാവാക്യം എന്നിവ അതിന്റെ മറ്റൊരു ഭാഗമാണ്. ആഗോളവത്കരണം, ഉദാരവത്കരണം പോലുള്ള  പേരുകളിട്ട് പുത്തന്‍ സാമ്പത്തിക നയങ്ങളിലൂടെയും വ്യാപാര കരാറുകളിലൂടെയും, ആണവകരാര്‍ പോലെ രാജ്യസുരക്ഷയെയും പരമാധികാരത്തെയും അപകടത്തിലാക്കുന്ന വിധേയത്വ കരാറുകളിലൂടെയും വീണ്ടും കടന്നുവരുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ പിന്‍മടക്കമില്ലാത്ത സമരങ്ങളാണ് ജമാഅത്തും അതിന്റെ പോഷക സംഘടനകളും നടത്തുന്നത്. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുള്ള മൗലികാവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കുന്ന പ്രസ്ഥാനം, ദാരിദ്ര്യത്തിന്റെ പ്രതിസന്ധിയില്‍ ജീവിതം തന്നെ വഴിമുട്ടിയവര്‍ക്ക് വേണ്ടി വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രാജ്യത്തിനു വേണ്ടി ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ വര്‍ത്തമാനകാല സാക്ഷ്യങ്ങളാണ് ഇതെല്ലാം.
രാജ്യം നിലകൊള്ളുന്ന മഹിത മൂല്യങ്ങളുടെ സംരക്ഷണത്തിന് ജാഗ്രതയോടെ കാവലിരിക്കാനും ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സങ്കുചിത വിഭാഗീയതകള്‍ക്കതീതമായി ജനങ്ങളുടെ കൂടെ നില്‍ക്കാനും ജമാഅത്തിന് പ്രചോദനവും കരുത്തും നല്‍കുന്നത് പ്രസ്ഥാനത്തിന്റെ ആദര്‍ശം അഥവാ ഇസ്‌ലാമാണ്. മഹാരഥന്മാരായ പ്രവാചകന്മാരുടെ കര്‍മമാതൃകകളാണ് പ്രവൃത്തിപഥത്തില്‍ ജമാഅത്തിന്റെ വഴിവെളിച്ചം.
സ്വാതന്ത്ര്യം, സമത്വം, സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം, എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കുന്ന സാമൂഹിക-സാമ്പത്തിക നീതി, എല്ലാവിധ തിന്മകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടം തുടങ്ങിയവയെല്ലാം ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. സങ്കുചിത സാമുദായികള്‍ക്കതീതമായി, വിശാലമായ മാനവിക കാഴ്ചപ്പാടോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ ഇസ്‌ലാമിക പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നത്.
ബ്രിട്ടീഷ്
സാമ്രാജ്യത്വത്തിനെതിരെ
വൈദേശികാടിമത്തത്തില്‍ ഇന്ത്യയെ തളച്ചിട്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ രാജ്യനിവാസികള്‍ ഒറ്റക്കെട്ടായി നയിച്ച സ്വാതന്ത്ര്യ സമരം അതിരൂക്ഷമായ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് പ്രസ്ഥാന നായകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ രംഗപ്രവേശവും, തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപവത്കരണവും നടക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധതയും വിമോചനാത്മക ഉള്ളടക്കവുമുള്ള ഇസ്‌ലാമില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട സയ്യിദ് മൗദൂദി, ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും രാജ്യമെങ്ങും അലയടിച്ച സ്വാതന്ത്ര്യ സമരത്തിന് തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന അധ്യായമായിരുന്ന ഖിലാഫത്ത് പ്രക്ഷോഭത്തില്‍ സജീവ പങ്കാളിത്തം വഹിച്ച അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ‘ഫര്‍ദ്’ (നിര്‍ബന്ധം) എന്ന മതപരമായ പ്രയോഗം നടത്തിയാണ് പിന്തുണച്ചത്. സയ്യിദ് മൗദൂദിയുടെ വാക്കുകള്‍: ”ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് എത്രയും അടിയന്തരമാണ്. ഫര്‍ദും-നിര്‍ബന്ധം- ആണ്. ഒരു മുസ്‌ലിമിനും അടിമത്തവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ല” (മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ് എന്ന പുസ്തകത്തില്‍നിന്ന്, ഡോ. നജാത്തുല്ലാ സിദ്ദീഖി ഉദ്ധരിച്ചത്. ജമാഅത്തെ ഇസ്‌ലാമി മതേതര ഭാരതത്തില്‍, പേജ് 5).
ഒരു ഫത്‌വയില്‍ പരിമിതമായിരുന്നില്ല ബ്രിട്ടനെതിരായ മൗദൂദിയുടെ നിലപാട്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റങ്ങളായിരുന്നു നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രക്ഷോഭവും. രാജ്യത്തുടനീളം ആഞ്ഞടിച്ച ഖിലാഫത്ത് പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ടാണ് സയ്യിദ് മൗദൂദി രംഗത്ത് വന്നത്. പതിനാറാമത്തെ വയസ്സില്‍ അദ്ദേഹം ഖിലാഫത്ത് പ്രവര്‍ത്തകനായി. പത്രപ്രവര്‍ത്തന രംഗത്തുള്ള തന്റെ കഴിവുകള്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് ഊര്‍ജം പകരാനാണ് അദ്ദേഹം വിനിയോഗിച്ചത്. പതിനേഴാമത്തെ വയസ്സില്‍ താജ് പത്രത്തിന്റെ എഡിറ്ററായ മൗദൂദി ബ്രിട്ടനെതിരെ തൂലിക ചലിപ്പിച്ചു. ജബല്‍പൂരിലെ ജനങ്ങളെ രാഷ്ട്രീയമായി ഉത്തേജിപ്പിക്കാനും ബ്രിട്ടനെതിരെ അവരെ രംഗത്തിറക്കാനും മൗലാന ശ്രമിച്ചു. അതിനായി നിരവധി പ്രസംഗങ്ങള്‍ അദ്ദേഹം നടത്തി. രണ്ട് ബ്രിട്ടീഷ് വിരുദ്ധ ലഘുലേഖകള്‍ മൗലാനാ ഇംഗ്ലീഷില്‍നിന്ന് ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ബ്രിട്ടനെതിരെ താജില്‍ എഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പത്രത്തിനെതിരെ നടപടിയെടുത്തു. താജിന്റെ പ്രസിദ്ധീകരണം നിലച്ചു.
എന്നാല്‍ സയ്യിദ് മൗദൂദി പിന്‍വാങ്ങാന്‍ തയാറായില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഒരു ഘട്ടത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച ജംഇയ്യത്തുല്‍ ഉലമയേ ഹിന്ദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് പിന്നീട് മൗലാനാ മൗദൂദി ചെയ്തത്. തന്റെ മേഖല പത്രപ്രവര്‍ത്തനമായതിനാല്‍ ജംഇയ്യത്തുല്‍ ഉലമയുടെ പത്രങ്ങളുടെ ചുമതല മൗലാനാ ഏറ്റെടുത്തു. മുസ്‌ലിംകള്‍ക്കിടയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവയാണ് ജംഇയ്യത്തുല്‍ ഉലമയുടെ മുസ്‌ലിം, ജംഇയ്യത്ത് എന്നീ പത്രങ്ങള്‍. ബ്രിട്ടീഷ് വിരുദ്ധ വികാരം ഏറ്റവും കത്തിനിന്ന സന്ദര്‍ഭത്തിലാണ് മൗലാനാ മൗദൂദി പ്രസ്തുത പത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചത്. 1921 മുതല്‍ ’23 വരെ മുസ്‌ലിമിന്റെയും 1925 മുതല്‍ ’28 വരെ ജംഇയ്യത്തിന്റെയും എഡിറ്ററായിരുന്നു അദ്ദേഹം. അക്കാലത്ത് താജ്, മുസ്‌ലിം, ജംഇയ്യത്ത് എന്നീ പത്രങ്ങളില്‍ മൗലാനാ മൗദൂദി എഴുതിയ ലേഖനങ്ങളും എഡിറ്റോറിയലുകളും ലഭ്യമായാല്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ വെളിച്ചം കിട്ടും.
ബ്രിട്ടനെതിരെ ജനവികാരം ഉണര്‍ത്തുന്നതിന്റെ ഭാഗമായാണ് ‘ഹൈദരാബാദിലെ ആസഫിയ്യ രാഷ്ട്രവും ബ്രിട്ടീഷ് ഗവണ്‍മെന്റും’ എന്ന ലഘു ചരിത്ര കൃതി മൗലാനാ മൗദൂദി രചിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പു കാരണം അഫ്ഗാനിലേക്ക് പലായനം ചെയ്യണമെന്ന് വാദിച്ച ‘തഹ്‌രീകെ ഹിജ്‌റത്തു’മായി ബന്ധപ്പെടാന്‍ മാത്രം ബ്രിട്ടീഷ് വിരോധിയും സ്വാതന്ത്ര്യ ദാഹിയുമായിരുന്നു മൗദൂദി. അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന കാണുക: ”ഏതൊരു സ്വാതന്ത്രേ്യഛുവിനെക്കാളും സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരത്രെ നാം. സ്വാതന്ത്ര്യത്തിന്റെ പേരില്‍ സമരം നടത്തുകയെന്നത് ഒരു വന്‍ കടമയായി നാം മനസ്സിലാക്കുന്നു…..” (തഹ്‌രീകെ ആസാദിയെ ഹിന്ദ് ഔര്‍ ഹമാരി ഖൗമീ നസ്ബുല്‍ ഐന്‍).
അധികം വൈകാതെ, സ്വാതന്ത്ര്യമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിന്റെ ശുഭസൂചനകള്‍ കണ്ടുതുടങ്ങി. പക്ഷേ, രാജ്യം ചില ആപത് സന്ധികളെ അഭിമുഖീരിക്കുകയാണെന്ന് മൗദൂദി തിരിച്ചറിഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് കുതന്ത്രത്തിന് രാജ്യം കൊടുക്കേണ്ടി വന്ന വിലയായിരുന്നു അതെന്ന് പറയാം. വര്‍ഗീയ ധ്രുവീകരണവും തീവ്ര സാമുദായികതാവാദവും അതിന്റെ പേരിലുള്ള ആശങ്കാജനകമായ അസ്വാരസ്യങ്ങളും, ലഭിക്കാനിരിക്കുന്ന സ്വാതന്ത്ര്യത്തിന് മേല്‍ കറുത്ത നിഴല്‍ വിരിക്കാന്‍ തുടങ്ങി. ഈ ഗൗരവതരമായ പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്നതായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്ത. രണ്ട് പരിഹാരമാര്‍ഗങ്ങളാണ് മൗദൂദിയുടെ ചിന്തയില്‍ തെളിഞ്ഞത്. ഒന്ന്, സങ്കുചിത ദേശീയതയോടും അതുമായി ബന്ധപ്പെട്ട് ഉയരുന്ന വംശീയവാദത്തോടുമുള്ള പ്രതികരണമായാണ് സാമുദായിക തീവ്രവാദം ശക്തിപ്പെട്ടത്. അതുകൊണ്ട് മുസ്‌ലിം സമുദായത്തെ ആദര്‍ശാധിഷ്ഠിതമായി സംഘടിപ്പിക്കുകയും മാതൃകാ സമൂഹമായി വളര്‍ത്തിയെടുക്കുകയും ചെയ്തുകൊണ്ടു മാത്രമേ തീവ്ര സാമുദായികതയെ പ്രതിരോധിക്കാന്‍ കഴിയൂ. സാമുദായിക സങ്കുചിതത്വങ്ങള്‍ക്കതീതമായി മാനവികതയെ ഉയര്‍ത്തിപ്പിടിക്കുകയും നന്മയുടെ പക്ഷത്തുനില്‍ക്കുകയും തിന്മക്കെതിരെ പൊരുതുകയും ചെയ്യുന്ന ഒരു സംഘം വളര്‍ന്നുവരണം. രണ്ട്, വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴികളിലൊന്ന് പരസ്പരം അറിയാനും സംവദിക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും തെറ്റുധാരണകള്‍ ദൂരീകരിക്കുകയുമാണ്. പല കാരണങ്ങളാല്‍ ഇസ്‌ലാമിനെ കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന പ്രസ്തുത സന്ദര്‍ഭത്തില്‍, ഇസ്‌ലാമിന്റെ അവര്‍ഗീയവും മാനവികവും വിമോചനാത്മകവുമായ മുഖം രാജ്യനിവാസികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കണം. കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിക്കുറക്കലുകളോ ഇല്ലാത്ത, പ്രവാചകന്മാര്‍ പഠിപ്പിച്ച ഇസ്‌ലാമിനെ തനിമയോടും കാലഘട്ടത്തിന്റെ ഭാഷയിലും ശൈലിയിലും പൂര്‍ണതയോടും കൂടി പരിചയപ്പെടുത്തണം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന അമുസ്‌ലിംകളില്‍ മതിപ്പുളവാക്കുംവിധത്തിലും, ഖിലാഫത്തിന്റെ പതനമുള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ അപകര്‍ഷബോധത്തിനടിപ്പെട്ട മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകരുന്ന തരത്തിലുമായിരിക്കണം ഇസ്‌ലാമിനെ പുനരവതരിപ്പിക്കേണ്ടത്.
(തുടരും)

ADD COMMENT

Previous Next
Close
Test Caption
Test Description goes like this