Latest News


Single

ARTICLES

പെയ്തൊഴിയാത്ത ദാമ്പത്യം (കേരളത്തിലെ ‘ഗ്രേ ഡിവോഴ്സുകൾ’ ഒരു പുനർചിന്ത)

April 14, 2026 | by admin_profile


“ആദ്യരാത്രിയിൽ തുടങ്ങിയതാണ് ആ ഇരുട്ട്. പിന്നെ ഇരുപത് വർഷങ്ങൾ… ഒരുപാട് സഹിച്ചു, അതിലേറെ അനുഭവിച്ചു. പക്ഷേ, ശ്വാസം മുട്ടിക്കുന്ന ഈ ബന്ധത്തിൽ നിന്ന് ഇറങ്ങിനടക്കാൻ ഒരു വഴിയുണ്ടെന്ന് ആരും പറഞ്ഞുതന്നില്ല. എന്റെ മുൻതലമുറകൾ നടന്നുവന്ന വഴികളിൽ ഏറെയൊന്നും അങ്ങനെയൊരു വാതിൽ തുറന്നുകണ്ടിട്ടുമില്ലായിരുന്നു. ഒടുവിൽ, ആയുസ്സിന്റെ പകുതിയിലേറെ ഹോമിക്കപ്പെട്ട ശേഷമാണ് ‘വിവാഹമോചനം’ രക്ഷാമാർഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്…”

അഞ്ചു മക്കൾക്ക് ജന്മം നൽകി, കാൽനൂറ്റാണ്ട് കാലം ഒരു പുരുഷനോടൊപ്പം ഒരേ മേൽക്കൂരയ്ക്ക് താഴെ കഴിഞ്ഞ സ്ത്രീയുടെ ഈ വാക്കുകൾ കേവലമൊരു വ്യക്തിയുടെ വിലാപമല്ല; മറിച്ച് ദശകങ്ങളായി കുടുംബങ്ങൾ ഉള്ളിലൊളിപ്പിച്ച ശ്വാസംമുട്ടലുകളുടെ ബഹിസ്ഫുരണമാണ്. മക്കൾ മുതിർന്ന ശേഷം, ദാമ്പത്യത്തിന്റെ സായാഹ്നത്തിൽ സംഭവിക്കുന്ന ഈ ‘ഗ്രേ ഡിവോഴ്സുകൾ’ (Grey Divorce) ഇന്ന് നമ്മുടെ സാമൂഹിക ഘടനയിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ഒരു കാലത്ത് ‘സഹിച്ചു തീർക്കലാണ് സഹിഷ്ണുത’ എന്ന് വിശ്വസിച്ചിരുന്ന തലമുറയിൽ നിന്ന്, ‘ജീവിതം സന്തോഷിക്കാനുള്ളതാണ്’ എന്ന ബോധ്യത്തിലേക്ക് വ്യക്തികൾ പരിണമിക്കുമ്പോൾ അവിടെ പഴയകാല ദാമ്പത്യത്തിന്റെ കെട്ടുറപ്പുകൾ ചോദ്യം ചെയ്യപ്പെടുന്നു.

മുതിർന്ന ദമ്പതികളിൽ ചിലരുടെ വിവാഹമോചനത്തെ അൽഭുതത്തോടെയും അമ്പരപ്പോടെയുമാണ് പലരും നിരീക്ഷിക്കുന്നത്. ഇത്തരം ചില കേസുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകുന്ന യാഥാർത്ഥ്യം, അവർ വിവാഹിതരാകേണ്ടവരോ,
ഒന്നിച്ചു ജീവിക്കേണ്ടവരോ ആയിരുന്നില്ല എന്നതാണ്. വ്യക്തികളുടെ അഭിരുചികളോ പൊരുത്തമോ പരിഗണിക്കാതെ, കുടുംബങ്ങൾ തമ്മിലുള്ള ഉടമ്പടികളായി മാത്രം നടന്ന പഴയകാലത്തെ ചില വിവാഹങ്ങൾ പലപ്പോഴും ഒരു ‘മൗനക്കരാർ’ മാത്രമായിരുന്നു. മക്കൾക്ക് വേണ്ടിയും സമൂഹത്തെ ഭയന്നും ദശകങ്ങളോളം ദാമ്പത്യം അഭിനയിച്ചു തീർത്തവർ, തങ്ങളുടെ ഉത്തരവാദിത്തങ്ങൾ അവസാനിച്ചുവെന്ന് കരുതുന്ന ഘട്ടത്തിൽ ആ തടവറയുടെ വാതിൽ തുറക്കാൻ ആഗ്രഹിക്കുന്നു. ഇതിനെ കേവലം സ്ത്രീയുടെയോ പുരുഷന്റെയോ മാത്രം വീഴ്ചയായി കാണാനാവില്ല. മറിച്ച്, ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്കുള്ളിൽ വ്യക്തിത്വം ഹോമിക്കപ്പെട്ടവരുടെ വൈകിയുദിച്ച അതിജീവന തൃഷ്ണയാണത്. ഇത് വിഷയത്തിന്റെ ഒരു വശം മാത്രം.

മാറ്റം വന്ന സ്ത്രീസങ്കൽപ്പങ്ങളും പുതിയ സാമ്പത്തിക സാഹചര്യങ്ങളും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മുമ്പ് സാമ്പത്തിക പരാധീനതകൾ സ്ത്രീകളെ നിശബ്ദരാക്കിയിരുന്നെങ്കിൽ, ഇന്ന് ചെറുകിട വരുമാന മാർഗ്ഗങ്ങളും മക്കളുടെ പിന്തുണയും അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഇവിടെ മക്കളുടെ പങ്ക് സവിശേഷമാണ്.
മാതാവ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കണ്ടുവളരുന്ന ഇന്നത്തെ തലമുറ, ‘നിങ്ങൾ എന്തിനിത് സഹിക്കണം?’ എന്ന ചോദ്യം ഉന്നയിക്കുന്നു. എന്നാൽ, ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്; മാതാപിതാക്കളെ വേർപിരിക്കാനല്ല, മറിച്ച് അവരെ കാലത്തിനനുസരിച്ച് മാറ്റിയെടുക്കാനാണ് മക്കൾ മുൻകൈ എടുക്കേണ്ടത്. വേർപിരിയൽ
അന്തിമ മാർഗമായി കാണുന്നതിന് മുമ്പ്, സ്നേഹപൂർണ്ണമായ ഇടപെടലുകളിലൂടെ അവരെ കൂട്ടിയിണക്കാൻ മക്കൾക്ക് കഴിയണം.

ആശയവിനിമയത്തിലെ വിടവാണ് ഇത്തരം തകർച്ചകളുടെ പ്രധാന മനശാസ്ത്രപരമായ കാരണം. ഒരേ വേരുകളിൽ നിന്ന് ഊർജ്ജം നുണഞ്ഞിട്ടും, ആകാശം പങ്കിടുമ്പോഴും തൊട്ടുരുമ്മി നിൽക്കുന്ന രണ്ട് മരങ്ങൾക്കിടയിലെ നിശബ്ദത പോലെയാണത്. ഒരേ മുറ്റത്ത് പൂത്തുനിൽക്കുമ്പോഴും അവക്കിടയിൽ കാറ്റൊന്ന് വീശാനോ ഇലകൾ തമ്മിലൊന്ന് തൊടാനോ കഴിയാത്തവണ്ണം അകലം വർദ്ധിക്കുന്നു.
തുടക്കത്തിലേ ആശയ വിനിമയത്തിൻ്റെ കണ്ണികൾ അറ്റുപോയിട്ടുണ്ടാകും, വർഷങ്ങൾ പരസ്പരം തുറന്ന് സംസാരിക്കാത്ത സാഹചര്യം, ഒരു ബെഡിൽ പുറംതിരിഞ്ഞ് കിടക്കുന്ന ദുരന്തം, ഇങ്ങിനെ നിലച്ച് പോകുന്ന വാക്കുകളിൽ അകത്ത് മുറിഞ്ഞ് പോയ ദാമ്പത്യങ്ങൾ നിരവധിയാണ്. പുറമെനിന്ന് നോക്കുമ്പോൾ അവ ഒന്നിച്ചാണെങ്കിലും, ഉള്ളിൽ അവ രണ്ട് ഒറ്റപ്പെട്ട ദ്വീപുകളായി മാറുന്നു; ആഴക്കടലിലെ നിശബ്ദത പോലെ ഭയാനകമായ ഒരു ‘വൈകാരിക ശൂന്യത’ (Emotional Vacuum) അവിടെ രൂപപ്പെടുന്നു.

പ്രകൃതിയിൽ ശിശിരം വരുമ്പോൾ മരങ്ങൾ ഇല പൊഴിക്കുന്നതുപോലെ, പ്രായമാകുമ്പോൾ മനുഷ്യരിലും വിട്ടുവീഴ്ചയുടെ പച്ചപ്പുകൾ കുറയുകയും വാശികളുടെ ഉണങ്ങിയ ചില്ലകൾ പുറത്തുവരികയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ, ഈ വാശികളെ ഈഗോയുടെ (Ego) കടുത്ത വേനലായി കാണാതെ, വാർദ്ധക്യത്തിന്റെ ഋതുഭേദമായി കണ്ട് പരസ്പരം ഉൾക്കൊള്ളാൻ ദമ്പതികൾ തയ്യാറാകണം. ആ ചില്ലകളിലെ മഞ്ഞുകട്ടകളെ അലിയിക്കാൻ പുറമെ നിന്നൊരു സ്നേഹസ്പർശം ആവശ്യമായി വരാം. ലൈഫ് കോച്ചിംഗും കൗൺസലിംഗും അത്തരത്തിൽ, കാലങ്ങളായി ഉറഞ്ഞുകൂടിയ പിണക്കങ്ങളുടെ ഹിമപാളികളെ ഉരുക്കിക്കളയുന്ന ഇളംവെയിൽ പോലെയാണ്. ആ വെയിൽ വീഴുമ്പോൾ, വർഷങ്ങളായി മരവിച്ചുപോയ വാക്കുകൾ പ്രിയപ്പെട്ട സംഗീതം പോലെ വീണ്ടും ഒഴുകാൻ തുടങ്ങുന്നു. പ്രൊഫഷണൽ ഇടപെടലിന് ദാമ്പത്യത്തിലെ കഠിനമായ ശൈത്യത്തെ മാറ്റി വസന്തം കൊണ്ടുവരാൻ സാധിച്ചേക്കും.

കുടുംബം, ഒരാൾ മറ്റൊരാൾക്ക് മേൽ അധികാരം സ്ഥാപിക്കുന്ന സാമ്രാജ്യമല്ല, മറിച്ച് തുല്യനീതി ഉറപ്പാക്കുന്ന ജനാധിപത്യ ഇടമായി പുനർനിർവചിക്കപ്പെടേണ്ടതുണ്ട്. നൂറ്റാണ്ടുകളായി നമ്മുടെ ദാമ്പത്യ സങ്കൽപ്പങ്ങൾ ‘യജമാനൻ-ദാസൻ’ എന്നോ, ‘സംരക്ഷകൻ-ആശ്രിത’ എന്നോ ഉള്ള അദൃശ്യമായ അധികാര ശ്രേണികളിലാണ് (Power Hierarchy) കെട്ടിപ്പടുത്തിട്ടുള്ളത്. അവിടെ സംരക്ഷണം നൽകുന്നു എന്ന വ്യാജേന പുരുഷൻ നടത്തുന്ന ഭാവപ്പകർച്ചകളും, സഹനമാണ് സ്ത്രീയുടെ മഹത്വം എന്ന പേരിൽ സ്ത്രീക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട കീഴടങ്ങലുകളും ആഴത്തിലുള്ള മുറിവുകളാണ് ദാമ്പത്യത്തിൽ ഉണ്ടാക്കുന്നത്.

ഇന്നത്തെ കാലത്ത്, ദമ്പതികൾ ശീലിക്കേണ്ടത് ‘സഹൃദയത്വത്തിന്റെ ഭാഷ’യാണ്. അധികാരത്തിന്റെ ഹുങ്കും വിധേയത്വത്തിന്റെ നിശബ്ദതയും അവസാനിക്കുന്നിടത്താണ് യഥാർത്ഥ സംവാദം ആരംഭിക്കുന്നത്. ഇണകളിൽ ഒരാൾ കേന്ദ്രബിന്ദുവാകുകയും മറ്റെയാൾ അയാളെ ചുറ്റുന്ന ഉപഗ്രഹമാകുകയും ചെയ്യുന്ന രീതി കാലഹരണപ്പെട്ടിരിക്കുന്നു. പ്രായം കൂടുന്തോറും ഈ അധികാരസമവാക്യങ്ങൾ മാറിയേ തീരൂ. മറിച്ച്, ഒരാൾ മറ്റൊരാളെ നിയന്ത്രിക്കാനോ ഭരിക്കാനോ ശ്രമിക്കുമ്പോഴാണ് വർഷങ്ങൾ നീണ്ട ബന്ധങ്ങളിൽ പോലും വിള്ളലുകൾ വീഴുന്നത്.

ജനാധിപത്യപരമായ തുല്യത എന്നാൽ വിഭവങ്ങൾ, പങ്കിടുന്നതിൽ മാത്രമുള്ള ഒന്നല്ല; മറിച്ച് വൈകാരികവും ബൗദ്ധികവുമായ തുല്യതയാണ് (Emotional and Intellectual Equality). പങ്കാളിയുടെ സ്വപ്നങ്ങളെയും തീരുമാനങ്ങളെയും ബഹുമാനിക്കാനും, അവരെ ഒരു സ്വതന്ത്ര വ്യക്തിയായി കാണാനുമുള്ള മനസ്സ് ഇണകൾക്കുണ്ടാകണം. ‘ഞാൻ നിനക്ക് വേണ്ടിയല്ലേ ഇത്രയും കാലം ജീവിച്ചത്’ എന്ന അവകാശവാദത്തിന് പകരം, ‘നമുക്ക് ഒന്നിച്ച് ഇനിയും സമാധാനത്തോടെ ജീവിക്കാം’ എന്ന സൗഹൃദത്തിന്റെ വഴി അവർ കണ്ടെത്തണം. കീഴടങ്ങുന്നവൾക്ക് സ്നേഹം കിട്ടുമെന്നോ, ഭരിക്കുന്നവന് ബഹുമാനം കിട്ടുമെന്നോ ഉള്ള പഴയ ധാരണകൾ തിരുത്തപ്പെടണം. പകരം, ഹൃദയങ്ങൾ തമ്മിലുള്ള തുല്യമായ വിനിമയമാണ് കുടുംബങ്ങളെ കൂടുതൽ സഹൃദയത്വമുള്ളതാക്കുന്നത്. അവിടെ ഓരോരുത്തരും ഓരോ വ്യക്തിത്വങ്ങളാണ്, ഒരാൾ മറ്റൊരാളുടെ നിഴലല്ല. ഈ തിരിച്ചറിവിലേക്ക് ദമ്പതികളും മക്കളും ഒരുപോലെ വളരുമ്പോൾ മാത്രമേ വാർദ്ധക്യത്തിലെ വിരസതയെയും വേർപിരിയലിനെയും അതിജീവിക്കാൻ നമുക്ക് കഴിയൂ.

സമൂഹമാധ്യമങ്ങൾ ഇന്ന് വ്യക്തികളുടെ സ്വകാര്യ ഇടങ്ങളിലേക്ക് വലിയ തോതിൽ കടന്നുകയറുന്നുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റുള്ളവർ പ്രദർശിപ്പിക്കുന്ന ‘ആഘോഷപൂർണ്ണമായ’ ജീവിതം കണ്ട്, സ്വന്തം ദാമ്പത്യം പാഴാണെന്ന് കരുതുന്ന ‘അക്കരപ്പച്ച’ മനോഭാവം (Grass is Greener Syndrome) പലരിലും ഉടലെടുക്കുന്നു. പഴയകാല സൗഹൃദങ്ങളുടെ തിരിച്ചുവരവും ബാഹ്യമായ പ്രേരണകളും ദാമ്പത്യത്തിലെ വിള്ളലുകൾ വർദ്ധിപ്പിക്കാം. മധ്യവയസ്സിലും വ്യക്തികൾക്കുള്ള വൈകാരികവും ലൈംഗികവുമായ താല്പര്യങ്ങൾ അംഗീകരിക്കപ്പെടാതെ പോകുമ്പോൾ, അവർ പുറംലോകത്തെ മായക്കാഴ്ചകളിൽ അഭയം തേടുന്നു. ഇത് പലപ്പോഴും പലരെയും വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട്. ലഭിക്കുന്ന സാമൂഹിക പിന്തുണയിൽ പലപ്പോഴും വ്യത്യാസമുണ്ട് എന്നതും തിരിച്ചറിയണം.

ദാമ്പത്യം കേവലമൊരു ഉടമ്പടിയല്ല, മറിച്ച് പടർന്നു പന്തലിക്കേണ്ട തണൽമരമാണ്. ഏകപക്ഷീയമായ വ്യക്തിത്വങ്ങൾ (Rigid Personalities) മാറി, കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടാൻ ദമ്പതികൾ തയ്യാറാകണം. ‘ഞാൻ’ എന്ന നാർസിസിസ്റ്റിക് (Narcissistic) ചിന്തകളിൽ നിന്ന് ‘നമ്മൾ’ എന്ന സഹവർത്തിത്വത്തിലേക്ക് ദൂരം കുറയ്ക്കുകയാണ് പ്രധാനം.

വിവാഹമോചനം എന്നത് ആദ്യത്തെ പരിഹാരമല്ല; മറിച്ച്, പൊരുത്തപ്പെടാൻ കഴിയാത്ത സാഹചര്യങ്ങളിൽ അതൊരു അനിവാര്യതയാകാമെങ്കിലും, അതിന് മുമ്പ് തന്മയീ മനോഭാവത്തോടെയുള്ള (Empathy) തിരിച്ചുപോക്കിന് നാം ശ്രമിക്കേണ്ടതുണ്ട്. പങ്കാളികൾ തമ്മിലുള്ള വൈകാരിക സാമീപ്യം (Emotional Intimacy) വീണ്ടെടുക്കുക എന്നതാണ് പ്രധാനം. സഹിച്ചു ജീവിക്കുന്നതിനേക്കാൾ സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള വിദ്യയാണ്
പുതിയ കാലത്ത് പഠിക്കേണ്ടത്.

സ്നേഹവും കരുതലും വാർദ്ധക്യത്തിലും വറ്റിപ്പോകാത്ത നീരുറവകളായി നിലനിർത്താൻ കഴിഞ്ഞാൽ, ഈ പെയ്തൊഴിയാത്ത ദാമ്പത്യങ്ങൾ സുന്ദരമായ സായാഹ്നങ്ങളായി മാറും. വ്യക്തിപരമായ വികാസവും ദാമ്പത്യത്തിലെ ഐക്യവും ഒരേപോലെ കൊണ്ടുപോകുന്ന കുടുംബസംസ്കാരം കെട്ടിപ്പടുക്കാൻ സാധിക്കണം. അതിന് പക്ഷേ, മാറേണ്ടത് സ്വന്തം മനോഭാവമാണ്!

ADD COMMENT

Previous Next
Close
Test Caption
Test Description goes like this