Latest News


Single

ARTICLES

ആശയസംവാദത്തിന്റെ അന്തസ്സുള്ള വഴികള്‍

December 1, 2018 | by admin_profile


“അബ്‌ദുല്ലാഹിബ്‌നു ഉമറിന്‌ അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹം കളവു പറഞ്ഞതല്ല. മറവിയോ അബദ്ധമോ സംഭവിച്ചതാണ്‌.” നബി പത്‌നി ആഇശ(റ)യുടെതാണ്‌ ഈ വാക്കുകള്‍. ഒരു ഹദീസ്‌ വിശദീകരിക്കവെ, ബന്ധുക്കള്‍ കരഞ്ഞാല്‍ മരിച്ചയാള്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടും എന്ന അഭിപ്രായം ഇബ്‌നുഉമര്‍(റ) പ്രകടിപ്പിക്കുകയുണ്ടായി. ഇതിനെ ഖണ്ഡിച്ചുകൊണ്ട്‌ തന്റെ നിലപാട്‌ വ്യക്തമാക്കുമ്പോഴാണ്‌ ആഇശ(റ) ഇങ്ങനെ പറഞ്ഞത്‌. അതിനവര്‍ സ്വീകരിച്ച ഭാഷയും ശൈലിയും ശ്രദ്ധേയമാണ്‌. ഇബ്‌നുഉമറിന്റെ വീക്ഷണം തെറ്റാണെന്ന്‌ പറയുമ്പോഴും അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ഥിക്കുന്നു. കളവു പറഞ്ഞുവെന്നാരോപിച്ച്‌ അദ്ദേഹത്തെ ഇകഴ്‌ത്താനോ അപമാനിക്കാനോ മുതിര്‍ന്നില്ല. മറവിയോ അബദ്ധമോ സംഭവിച്ചതാകാം എന്ന്‌ ന്യായവും ഇളവും കണ്ടെത്തുന്നു. അഭിപ്രായഭിന്നതകള്‍ പ്രകടിപ്പിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ആശയസംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ സത്യവിശ്വാസികള്‍ പുലര്‍ത്തേണ്ട ഉന്നത സംസ്‌കാരത്തെയാണ്‌ ആഇശ(റ) ഇതിലൂടെ പഠിപ്പിക്കുന്നത്‌.

വീക്ഷണ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും, തന്നെക്കാള്‍ ഉത്തമനാണ്‌ ഉമര്‍(റ) എന്ന്‌ പറഞ്ഞ അബൂബക്കര്‍(റ), ഖലീഫയായിരിക്കെ സ്വാഭിപ്രായം ഉപേക്ഷിച്ച്‌ അലി(റ)യുടെ അഭിപ്രായം സ്വീകരിച്ച ഉമര്‍(റ), ജമല്‍ യുദ്ധത്തില്‍ തന്നോട്‌ ഏറ്റുമുട്ടിയവരെയും സ്വര്‍ഗത്തില്‍ സഹോദരന്മാരായി കാണാന്‍ കൊതിച്ച അലി(റ), ഇമാം ശാഫിഈക്കുവേണ്ടി പ്രാര്‍ഥിച്ച അഹ്‌മദ്‌ബ്‌നുഹമ്പല്‍, തന്റെ ഗ്രന്ഥമായ മുവത്വ മാത്രം പിന്തുടരാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ഖലീഫയോട്‌ ആവശ്യപ്പെട്ട ഇമാം മാലിക്ക്‌(റ), ആദരവോടെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ച്‌ ഇമാം മാലിക്കിന്‌ കത്തയച്ച ലൈഥ്‌ബ്‌നുസഅദ്‌…….അഭിപ്രായ ഭിന്നതകള്‍ക്കിടയിലും സ്‌നേഹ സാഹോദര്യത്തിന്റെ ഉദാത്ത ഭാവങ്ങള്‍ കാഴ്‌ചവെച്ച ശ്രേഷ്‌ഠ വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്‌.
എന്നാല്‍, ആ മഹാരഥന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന മതപണ്ഡിതര്‍ക്കും സംഘടനകള്‍ക്കും അവരുടെ ഉയര്‍ന്ന മാതൃകകള്‍ എത്രത്തോളം പകര്‍ത്താന്‍ കഴിയുന്നുണ്ട്‌? സലഫുസ്സ്വാലിഹുകളുടെ വിശാല മനസ്‌കതയും സാംസ്‌കാരിക ഔന്നിത്യവും നമുക്ക്‌ കൈമോശം വന്നുപോകുന്നുണ്ടോ?

സംഭവലോകത്തെ മൗലിക പ്രശ്‌നങ്ങള്‍ അവഗണിച്ച്‌ വില കുറഞ്ഞ മതതര്‍ക്കങ്ങളുടെ ഉല്‍പാദകരും പ്രചാരകരുമായി മതസംഘടനകള്‍ മാറാന്‍ പാടില്ല. ഒരിക്കലും അവസാനിക്കാത്തതും തീരുമാനങ്ങളിലെത്താന്‍ കഴിയാത്തതുമായ ഇജ്‌തിഹാദീ വിഷയങ്ങളില്‍ തര്‍ക്കിച്ച്‌ സമയവും ഊര്‍ജവും പാഴാക്കുന്നവര്‍, ഏറ്റെടുത്ത്‌ പൂര്‍ത്തീകരിക്കാവുന്ന ജനക്ഷേമ അജണ്ടകള്‍ അവഗണിച്ചു തള്ളുകയാണ്‌. തര്‍ക്കിക്കാന്‍ പഴുത്‌ തേടി നടക്കലും വിമര്‍ശനം സ്ഥിരം തൊഴിലാക്കലും മതവേദികളുടെ അലങ്കാരമായിത്തീരുന്നു. വലിയ നന്മകള്‍ പോലും കാണാതെ പോകുന്നവര്‍ ചെറിയ വീഴ്‌ചകള്‍ വരെ പൊലിപ്പിച്ചവതരിപ്പിക്കുന്നു. കാര്‍ക്കശ്യവും തീവ്രതയും ആദര്‍ശ പ്രതിബദ്ധതയായി വാഴ്‌ത്തപ്പെടുന്നു. മറുവീക്ഷണക്കാരെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്നവര്‍ക്ക്‌ സംഘടനകളില്‍ ഉയര്‍ന്ന സ്ഥാനവും അണികള്‍ക്കിടയില്‍ `ജനപ്രിയത’യും ലഭിക്കുന്നു. ആശയസംവാദങ്ങള്‍ കലഹത്തിനും കൊലപാതകത്തിനും വരെ കാരണമാകുന്നു. `മതപണ്ഡിതര്‍’ നേതൃത്വം നല്‍കുന്ന സംവാദസദസുകള്‍ നിയന്ത്രിക്കാന്‍ ഒടുവില്‍ പട്ടാളവും പോലീസും ഇടപെടേണ്ടി വരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ തമ്മിലടിയും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച്‌ പ്രചരിപ്പിക്കുന്ന ഇമേജുകളും വീഡിയോകളും പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ്‌. വ്യക്തിഹത്യ നടത്താനും പരിഹസിക്കാനും വാക്കുകളും ഉദ്ധരണികളും വളച്ചൊടിക്കാനും ചീത്തപ്പേരുകള്‍ വിളിക്കാനും കളവു പറയാനുമൊന്നും മടിയില്ലാത്തവര്‍ മതസംഘടനകള്‍ക്ക്‌ വേണ്ടി ജിഹാദിനിറങ്ങുന്നു! വാദപ്രതിവാദങ്ങളിലെ ജയം മാത്രമാണ്‌ പലപ്പോഴും ലക്ഷ്യം. പ്രതിപക്ഷ ബഹുമാനം തൊട്ടുതീണ്ടാത്തവയാണ്‌ പലരുടെയും വിമര്‍ശനങ്ങള്‍. മതസംഘടനകള്‍ക്കിടയിലെ വാദപ്രതിവാദങ്ങള്‍ കണ്ടാല്‍ പലപ്പോഴും നാം സ്‌തബ്‌ധരായി നിന്നുപോകും; അല്ലാഹുവേ ഇതാണോ ഇസ്‌ലാം എന്ന്‌ ചോദിച്ചു പോകും!

എന്തുകൊണ്ട്‌ ഇങ്ങനെ?
സ്റ്റേജുകളിലും പേജുകളിലും നടക്കുന്ന ആശയ സംവാദങ്ങളില്‍ അനഭിലഷണീയവും ആക്ഷേപകരവുമായ സമീപനങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1) ആത്മാര്‍ഥതയുടെ അഭാവം. ദീനീ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമാകേണ്ട യഥാര്‍ഥ വിശ്വാസവും (ഈമാന്‍) ഉദ്ദേശ്യ ശുദ്ധിയും (ഇഖ്‌ലാസ്‌) ചോര്‍ന്നു പോയാല്‍ തെറ്റായ വികാരങ്ങളും പ്രചോദകങ്ങളും തല്‍സ്ഥാനം കൈയടക്കും. സംഘടനാ മാത്സര്യം, നേതൃമോഹം, സാമ്പത്തിക നേട്ടം, രാഷ്‌ട്രീയ വളര്‍ച്ച തുടങ്ങിയ ഭൗതിക താല്‍പര്യങ്ങളുടെയും അസൂയ, പക, വിദ്വേഷം തുടങ്ങിയ മലിന വികാരങ്ങളുടെയും സ്വാധീനം ഉണ്ടാകുന്നതോടെ കര്‍മ്മങ്ങളില്‍നിന്ന്‌ ദീനീ സംസ്‌കാരം ചോര്‍ന്നു പോകും. “സ്വാര്‍ഥത വിജയിച്ചാല്‍ അഭിപ്രായങ്ങള്‍ പിഴച്ചുപോകും” എന്ന്‌ അബ്ബാസി ഖലീഫ മുഅ്‌തസ്വിം പറയുകയുണ്ടായി (താരീഖുബഗ്‌ദാദ്‌-2/311).

2) അല്‍പജ്ഞാനം. അറിവു നേടിയ പണ്ഡിതനെയും അറിവില്ലാത്ത പാമരനെയും പോലെയല്ല അല്‍പജ്ഞന്‍. അവിവേകവും അഹങ്കാരവും അയാളുടെ കൂടപ്പിറപ്പായിരിക്കും. അത്തരക്കാര്‍ മതനേതാക്കളാവുകയും പ്രസംഗപീഠങ്ങള്‍ പതിച്ചുകിട്ടുകയും ചെയ്‌താല്‍ `സംഘടന’ മാത്രമല്ല ദീന്‍ തന്നെയും അപകടത്തിലാകും. ദീനിന്റെ യാഥാര്‍ഥ്യമറിയാത്ത, വിശുദ്ധ ഖുര്‍ആനിലും ഹദീസിലും സമഗ്രജ്ഞാനമില്ലാത്ത, നിദാന ശാസ്‌ത്രങ്ങളും നിയമനിര്‍ധാരണത്തിന്റെ ചരിത്രവും വികാസവും മറ്റും അറിയാത്ത ആളുകള്‍ ദീനീ വിഷയങ്ങളിലെ ആധികാരിക ശബ്‌ദങ്ങളായാല്‍ എന്തു സംഭവിക്കുമെന്നതിന്‌ മുസ്‌ലിം കേരളത്തിന്റെ വര്‍ത്തമാനം സാക്ഷി! `മുറി വൈദ്യന്‍ ആളെക്കൊല്ലും’ എന്നാണല്ലോ!

3) അപ്രമാദിത്വം കല്‍പിക്കല്‍. മദ്‌ഹബിനും സംഘടനക്കും പണ്ഡിതാഭിപ്രായങ്ങള്‍ക്കും അപ്രമാദിത്വം കല്‍പിക്കുന്നു ചിലര്‍. ഒരിക്കലും തെറ്റുപറ്റാത്തവരാണ്‌ തങ്ങളെന്ന വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) പലതരം ദുഷ്‌പ്രവണതകളും സൃഷ്‌ടിക്കുന്നു. സംഘടനാ സങ്കുചിതത്വം, മതതീവ്രവാദം, മറ്റുള്ളവരെ പിഴച്ചവരും ശത്രുക്കളുമായി കാണല്‍, മതവൃത്തത്തില്‍നിന്ന്‌ പുറത്താക്കല്‍, കുടുംബബന്ധങ്ങള്‍ പോലും വിഛേദിക്കല്‍, സംഘടനക്ക്‌ വേണ്ടി കളവു പറയല്‍, അന്ധമായ അനുകരണം (തഖ്‌ലീദ്‌) തുടങ്ങിയവ ഉദാഹരണം. ഇജ്‌തിഹാദിന്‌ പ്രാമുഖ്യം നല്‍കുന്നവര്‍ക്കിടയില്‍തന്നെ ഒരുതരം വ്യക്തിപൂജാ സ്വഭാവമുള്ള തഖ്‌ലീദ്‌ കടന്നുവരുന്നത്‌ അതുകൊണ്ടാണ്‌. തങ്ങളുടെ നിലപാട്‌ മാത്രം ശരിയെന്ന്‌ വിശ്വസിക്കുന്നവരില്‍ `അതിര്‍കവിഞ്ഞ ആത്മാര്‍ഥത’ കൂടിയുണ്ടായാല്‍ ചിത്രം പൂര്‍ണമാകുന്നു.

4) ആത്‌മസംസ്‌കരണത്തിന്റെ അഭാവം. ആത്മസംസ്‌കരണ പ്രക്രിയ (തര്‍ബിയ്യ, തസ്‌കിയ) നൈരന്തര്യം നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്‌ചവരുത്തുകയോ, അതൊരു അജണ്ടയായി എടുക്കാതെ അവഗണിച്ചു തള്ളുകയോ ചെയ്യുന്നവരില്‍, സാംസ്‌കാരിക-സദാചാര നിലവാരം ക്രമേണ കുറഞ്ഞുവരും. ഒരു ഘട്ടത്തില്‍ തിരിച്ചുപിടിക്കാനാകാത്തവിധം നന്മകള്‍, പരലോക ബോധം, തഖ്‌വ, ലജ്ജ തുടങ്ങിയവ നഷ്‌ടപ്പെടുകയും ചെയ്യും. എത്ര പ്രധാനപ്പെട്ട ഇസ്‌ലാമിക തത്ത്വം പ്രബോധനം ചെയ്യുന്നവരാണെങ്കിലും തര്‍ബിയ്യത്ത്‌ ചോര്‍ന്നുപോയാല്‍ പിന്നെ വ്യക്തിക്കോ സംഘടനക്കോ ഏറെ നാള്‍ മുന്നോട്ടുപോകാനാവില്ല. `പുറമെ വെള്ളതേച്ച ശവക്കല്ലറകള്‍ പോലെ’ എന്ന്‌ യേശുക്രിസ്‌തു പറഞ്ഞ അവസ്ഥ വന്നുചേരും. മതപ്രവര്‍ത്തനങ്ങളുടെ പുറംമോടികളും ബഹളങ്ങളും കടന്ന്‌ അകത്തുചെന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന സംഘടനാ പരിസരമാണ്‌ കാണാനാവുക. ഇമാം മാലിക്കിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “സഹോദരാ, അറിവു നേടുന്നതിന്‌ മുമ്പ്‌ നീ ശ്രേഷ്‌ടസ്വഭാവങ്ങള്‍ സ്വായത്തമാക്കുക” (അല്‍ഹുല്‍യ്യ 6/330). ഇബ്‌റാഹീമുബ്‌നു ഹബീബിനോട്‌, ഹദീസ്‌ നിവേദകനായ പിതാവ്‌ ഉപദേശിച്ചത്‌ ഇപ്രകാരമാണ്‌: “മകനേ, നീ പണ്ഡിതന്മാരെ സമീപിക്കുക, അവരില്‍ നിന്ന്‌ അറിവ്‌ നേടുക. അവരുടെ സംസ്‌കാരവും സ്വഭാവവും മാതൃകകളും പകര്‍ത്തുക. ധാരാളം ഹദീസുകള്‍ ലഭിക്കുന്നതിനെക്കാളും എനിക്കിഷ്‌ടമതാണ്‌” (അല്‍ ജാമിഉ ലില്‍ ഖത്വീബ്‌ 1/80).

5) ആള്‍ക്കൂട്ട മനഃശാസ്‌ത്രം. പരിഹാസോക്തികളും രൂക്ഷമായ പ്രയോഗങ്ങളും ചേരുവകളാകുമ്പോള്‍ വിമര്‍ശനങ്ങള്‍ വികാരജീവികളായ അണികള്‍ക്ക്‌ പ്രിയങ്കരമായിത്തീരും. പ്രസംഗകന്‍ സദസിനെ സ്വാധീനിക്കുക മാത്രമല്ല, ജനസഞ്ചയം പ്രസംഗകനെയും വികാരം കൊള്ളിക്കും. ഈ ആള്‍ക്കൂട്ട മനഃശാസ്‌ത്രം തെറ്റായ ശൈലികള്‍ സ്വീകരിക്കാന്‍ പലപ്പോഴും വിമര്‍ശന പ്രസംഗകരെ പ്രേരിപ്പിക്കുന്നു. അണികളുടെ ആവേശം പ്രസംഗങ്ങളിലേക്ക്‌ ആവാഹിക്കപ്പെടുമ്പോഴാണ്‌ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കാത്ത വികാരപ്രകടനങ്ങള്‍ സ്റ്റേജില്‍ നടത്തിപോകുന്നത്‌. രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ പറഞ്ഞത്‌ നിഷേധിക്കാനും മാറ്റിപറയാനും പ്രയാസമുണ്ടാകില്ല. എന്നാല്‍ മതനേതാക്കളുടെ കാര്യം അതല്ലല്ലോ. മറുകക്ഷികള്‍ സൂക്ഷ്‌മദര്‍ശിനികളുമായി തക്കംപാര്‍ത്തിരിക്കുന്ന എല്‍.സി.ഡി പ്രൊജക്‌ടറുകളുടെ വര്‍ത്തമാനകാല മതപരിസരത്ത്‌ വിശേഷിച്ചും.

6) സ്വത്വപ്രതിസന്ധി. സംഘടനകള്‍ നേരിടുന്ന ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍ മറുപക്ഷക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച്‌ ബഹളം സൃഷ്‌ടിക്കുന്നത്‌ ചിലര്‍ സ്വീകരിക്കാറുള്ള അതിജീവനതന്ത്രമാണ്‌. അകത്തുള്ള സംഘര്‍ഷങ്ങളില്‍നിന്ന്‌ അണികളെ തല്‍ക്കാലം മോചിപ്പിക്കാനും ജനശ്രദ്ധതിരിച്ചുവിടാനും മറ്റുള്ളവരെ ഇരകളാക്കുന്ന സമീപനം ചിലര്‍ സ്വീകരിക്കുന്നു.

7) ശരിയുടെ അഭാവം. സ്വന്തം വിശ്വാസങ്ങളിലും വാദങ്ങളിലും ശരി ഇല്ലാതിരിക്കുകയും തെറ്റുകള്‍ മറ്റുള്ളവര്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോള്‍, തിരുത്താനുള്ള മനസില്ലെങ്കില്‍ തെറ്റായ സംവാദരീതികള്‍ സ്വീകരിക്കേണ്ടി വരും. രണ്ടു വീക്ഷണമുള്ളവര്‍ ഒരേ വേദിയില്‍ സംവാദത്തിലേര്‍പ്പെടുകയും ഒരു കക്ഷി `അകപ്പെടുകയും’ ചെയ്യുമ്പോള്‍, പിടിച്ചുനില്‍ക്കാനും ജയിച്ചുകയറാനും പ്രയോഗിക്കപ്പെടുന്ന പത്തൊന്‍പതാം അടവില്‍ അസഭ്യവര്‍ഷവും അടിപിടിയും വരെ ഉള്‍പ്പെടുന്നു.

എങ്ങനെ മറികടക്കാം
അപകടകരമായ വിതാനത്തിലേക്ക്‌ തരംതാഴ്‌ന്നു കഴിഞ്ഞ വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളും കൈയൊഴിഞ്ഞ്‌, ഇസ്‌ലാമിക സംസ്‌കാരം പ്രതിഫലിക്കുന്ന സംവാദരീതി വളര്‍ത്തിക്കൊണ്ടുവരാന്‍ മതസംഘടനകള്‍ മനസുവെക്കണം. ആദരവും പ്രതിപക്ഷ ബഹുമാനവും ഉള്‍ച്ചേര്‍ന്ന വിമര്‍ശനം ശീലിക്കണം. അത്തരമൊരു ഉയര്‍ന്ന നിലപാടിലേക്ക്‌ മതസംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്കും വളരാന്‍ കഴിയണമെങ്കില്‍, സംഘടനാ വാശിക്കിടയില്‍ മറന്നുപോയ ഇസ്‌ലാമിന്റെ ചില മൗലിക യാഥാര്‍ഥ്യങ്ങള്‍ നാം ഓര്‍ത്തെടുക്കേണ്ടതുണ്ട്‌.

1) വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) ഉപേക്ഷിക്കുക. ഖുര്‍ആനും സുന്നത്തും മാത്രമാണ്‌ തെറ്റുപറ്റാത്ത വിശുദ്ധപദവിക്ക്‌ അര്‍ഹതയുള്ളത്‌. മതസംഘടനകള്‍ `ഇസ്‌ലാമിന്റെ പര്യായ പദം’ അല്ല, പണ്ഡിതരും നേതാക്കളും നബിയോ അമീറുല്‍ മുഅ്‌മിനീനോ അല്ല. നൂറ്‌ ശതമാനം ശരിയുള്ള ഒരു പണ്ഡിതനും സംഘടനയും ലോകത്തില്ല. എന്റെ അഭിപ്രായം ശരിയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നതോടൊപ്പം അത്‌ തെറ്റാകാനുള്ള സാധ്യതയും അംഗീകരിക്കണം. മറുവീക്ഷണം തെറ്റാണെന്ന്‌ കരുതുന്നതോടൊപ്പം അത്‌ ശരിയാകാനുള്ള സാധ്യത വകവെച്ചുകൊടുക്കുകയും വേണം. മുഹമ്മദ്‌ നബിക്ക്‌ ശേഷം, പണ്ഡിതന്മാര്‍ക്കോ സംഘടനകള്‍ക്കോ `വഹ്‌യ്‌’ ഇറങ്ങുന്നില്ല! ഇമാം ശാഫിഈ പറയുന്നു: “പ്രവാചകനെപ്പോലെ അനുസരിക്കപ്പെടേണ്ടവനും അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടേണ്ടവനുമാണ്‌ താനെന്ന്‌ അവകാശപ്പെടുന്ന ഒരു പണ്ഡിതനെയും ഞാന്‍ കണ്ടിട്ടില്ല. അത്തരമൊരു വിശുദ്ധപദവി മുഹമ്മദ്‌ നബിക്ക്‌ ശേഷം ആര്‍ക്കും അല്ലാഹു നല്‍കിയിട്ടില്ല” (ഈഖാളു ഹിമമി ഉലില്‍ അബ്‌സ്വാര്‍-സ്വാലിഹ്‌ ബിന്‍ മുഹമ്മദ്‌ അല്‍ ഉമരി-104). ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ അനുഗൃഹീത മാതൃക കാണുക. ത്വലാഖുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ സംശയം ചോദിച്ചയാള്‍ക്ക്‌, `അപ്രകാരം ചെയ്യുന്നത്‌ ശരിയല്ല’ എന്ന്‌ ഇമാം അഹ്‌മദ്‌ബ്‌നുഹമ്പല്‍ ഫത്‌വ നല്‍കി. അയാള്‍ ചോദിച്ചു: `അങ്ങനെ ചെയ്‌താല്‍ ശരിയാകുമെന്ന്‌’ മറ്റൊരു പണ്ഡിതന്‍ എനിക്ക്‌ ഫത്‌വ തന്നാലോ?’ ഇമാമിന്റെ മറുപടി വ്യക്തമായിരുന്നു: `എങ്കില്‍ നിനക്കത്‌ സ്വീകരിക്കാം.’ എന്നു മാത്രമല്ല ശരിയാണെന്ന്‌ ഫത്‌വ നല്‍കുന്ന ഒരു പണ്ഡിതനെ ഇമാം അഹ്‌മദ്‌(റ) തന്നെ അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്‌തു (സ്വിഫതുല്‍ ഫത്‌വാ വല്‍ മുഫ്‌തി വല്‍ മുസ്‌തഫ്‌തി-ഹംദാനുല്‍ ഹര്‍റാനി പേജ്‌:82, അല്‍മക്‌തബുല്‍ ഇസ്‌ലാമി, ബൈറൂത്ത്‌).
ഈ മാതൃക സ്വീകരിക്കാന്‍ മതസംഘടനകള്‍ക്ക്‌ കഴിഞ്ഞാല്‍, സ്വന്തം വഴി മാത്രം ശരി, മറ്റുള്ളവയെല്ലാം പിഴച്ചവ എന്ന സങ്കുചിത കാഴ്‌ചപ്പാടില്‍ നിന്ന്‌ ഒരു പരിധിവരെ രക്ഷപ്പെടാന്‍ കഴിയും. ഖാദീ ഇബ്‌നു അബ്‌ദില്‍ ഇസ്സിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “മുഹമ്മദ്‌ നബിയല്ലാത്ത ആര്‍ക്കെങ്കിലും ഒരാള്‍ അപ്രമാദിത്വം കല്‍പിക്കുകയും മാലിക്‌, അബൂഹനീഫ, ശാഫിഈ, അഹ്‌മദ്‌ബ്‌നുഹമ്പല്‍(റ) തുടങ്ങിയവരില്‍ ഒരാളുടെ അഭിപ്രായം നിര്‍ബന്ധമായും പിന്തുടരേണ്ട ശരിയും മറ്റുള്ളവരുടേത്‌ തെറ്റുമാണെന്ന്‌ വാദിക്കുകയും ചെയ്യുന്നവന്‍ വിഡ്‌ഢിയും വഴിതെറ്റിയവനുമാണ്‌. മറ്റുള്ളവരെ ഉപേക്ഷിച്ച്‌ ഒരാളെത്തന്നെ പിന്തുടരല്‍ നിര്‍ബന്ധമാണെന്ന്‌ വിശ്വസിക്കുന്നവനെ ഭയപ്പെടണം. പ്രവാചകനല്ലാത്ത ഒരാള്‍ക്കും ആ പദവിയില്ലെന്ന്‌ പണ്ഡിതന്മാര്‍ ഐകകണ്‌ഠ്യേന പറഞ്ഞിട്ടുണ്ട്‌. ഇമാമുമാരിലൊരാളോട്‌ പക്ഷപാതിത്വം കാണിക്കുന്നത്‌ ഒരു സ്വഹാബിയെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവരെ നിരാകരിക്കുകയും ചെയ്യുന്നതുപോലെയാണ്‌. മൂന്ന്‌ ഖലീഫമാരെ നിരാകരിച്ച്‌ അലിയെ മാത്രം അംഗീകരിച്ച ശിയാക്കള്‍ക്ക്‌ സംഭവിച്ചത്‌ അതാണ്‌. ഇത്തരം സമീപനത്തില്‍നിന്ന്‌ അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ” (അല്‍ഇത്തിബാഅ്‌-79, 80). മഹാന്മാരായ ഇമാമുമാരുടെ അവസ്ഥ ഇതാണെങ്കില്‍, അവര്‍ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ രംഗത്തുവന്ന സംഘടനാ പണ്ഡിതരുടെ സ്ഥിതിയെന്തായിരിക്കും.!

2) വൈവിധ്യം അംഗീകരിക്കുക. ഗവേഷണാത്മക (ഇജ്‌തിഹാദ്‌) വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന്‌ പണ്ഡിതരും സംഘടനകളും അംഗീകരിക്കണം. ഇസ്‌ലാം അനുവദിച്ചിട്ടുള്ള വീക്ഷണവ്യത്യാസങ്ങളെ നിഷേധിക്കുകയോ അസഹിഷ്‌ണുതയോടെ കാണുകയോ അരുത്‌. അഭിപ്രായവ്യത്യാസങ്ങള്‍ അല്ലാഹുവിനും റസൂലിനും വിടുക എന്നാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. ഖുര്‍ആനിലും സുന്നത്തിലും അതിന്‌ പരിഹാരം അന്വേഷിക്കുക. എന്നിട്ടും ഏകാഭിപ്രായത്തിലെത്താനാകുന്നില്ലെങ്കിലോ? ഓരോരുത്തരും അവരവരുടെ ഇജ്‌തിഹാദ്‌ അനുസരിച്ച്‌ സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുക. അത്തരം വിഷയങ്ങളില്‍ അവസാന വിധി അല്ലാഹുവിന്‌ വിടുക. “അവര്‍ ഭിന്നിച്ചിരിക്കുന്ന കാര്യങ്ങളില്‍ അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതാണ്‌” (ഖുര്‍ആന്‍).
എല്ലാ പണ്ഡിതരും സംഘടനകളും ഒരേ മേഖലയില്‍തന്നെ പ്രവര്‍ത്തിക്കണമെന്നും ഒരേ വിഷയം തന്നെ ഊന്നണമെന്നും നിര്‍ബന്ധമില്ലല്ലോ. മറ്റുള്ളവരെ നമ്മളാക്കാന്‍ വാശി പിടിക്കരുത്‌. ഗവേഷണം തെറ്റായാലും പ്രതിഫലമുണ്ടെന്ന പ്രവാചക വചനത്തിന്റെ ആനൂകൂല്യം മറുവീക്ഷണക്കാര്‍ക്ക്‌ വകവെച്ചുകൊടുക്കണം. അല്ലാഹു പ്രതിഫലം നല്‍കുന്ന ഒരാളെ നാം ആക്ഷേപിക്കുന്നത്‌ എന്തര്‍ഥത്തിലാണ്‌? ഇമാം അബൂഹാമിദില്‍ ഗസാലിയുടെ വാക്കുകള്‍: “ഗവേഷകരും അവരെ പിന്തുടരുന്നവരും ന്യായങ്ങള്‍ ഉള്ളവര്‍ (മഅ്‌ദൂറൂന്‍) ആണ്‌. ചിലര്‍ അല്ലാഹുവിങ്കല്‍ ശരിയായ ഗവേഷണത്തിന്റെ പ്രതിഫലം ലഭിക്കുന്നവരാകും. മറ്റുചിലര്‍ രണ്ടു പ്രതിഫലങ്ങളില്‍ ഒന്നിന്‌ അര്‍ഹരും. ഒന്നാം വിഭാഗത്തോടൊപ്പം, പ്രതിഫലം ലഭിക്കുന്നതില്‍ രണ്ടാം വിഭാഗവും പങ്കാളികളാണ്‌. അതുകൊണ്ട്‌ ഇരുവിഭാഗത്തിനും അടുത്തടുത്ത സ്ഥാനമാണുള്ളത്‌. എങ്കില്‍ അവര്‍ പരസ്‌പരം ശത്രുത പുലര്‍ത്താവതല്ല, പക്ഷപാതിത്വം കാണിക്കാനും പാടില്ല. ശരി ആരുടെ പക്ഷത്താണെന്ന്‌ നിര്‍ണയിക്കപ്പെടാത്ത പശ്ചാത്തലത്തില്‍ വിശേഷിച്ചും. രണ്ടു യാത്രികര്‍ക്ക്‌ ഖിബ്‌ലയെക്കുറിച്ച്‌ സംശയമായി. ഗവേഷണത്തില്‍ രണ്ടുപേരും രണ്ടു ദിശയാണ്‌ മനസിലാക്കിയത്‌. ഓരോരുത്തര്‍ക്കും അവര്‍ക്ക്‌ ശരിയെന്ന്‌ തോന്നുന്ന ദിശയിലേക്ക്‌ തിരിഞ്ഞ്‌ നമസ്‌കരിക്കാം. എന്നാല്‍ മറുവീക്ഷണക്കാരനെ ആക്ഷേപിക്കാനോ, എതിര്‍ക്കാനോ പാടില്ല. യഥാര്‍ഥത്തില്‍ ഖിബ്‌ല ഏതു ഭാഗത്തായിരുന്നുവെന്ന്‌ അല്ലാഹുവിനു മാത്രമല്ലേ അറിയൂ.” (അല്‍ഖിസ്‌ത്വാസുല്‍ മുസ്‌തഖീം 78, സില്‍സിലത്തുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ-വാള്യം:37, 1960). പല തലങ്ങളില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന മതസംഘടനകളുടെ കാര്യത്തില്‍ ഏറെ പരിഗണനീയമാണ്‌ ഈ വസ്‌തുത.

3) ചരിത്രബോധം വളര്‍ത്തുക. ഇസ്‌ലാം, ചരിത്രത്തിലെ ഒരു മഹാപ്രവാഹമാണ്‌. ആദം നബി മുതല്‍ ലക്ഷത്തിലേറെ പ്രവാചകന്മാരിലൂടെ വിവിധ ദേശങ്ങളിലും കാലങ്ങളിലും ഒരേ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടു തന്നെ, വ്യത്യസ്‌തമായ ആവിഷ്‌കാരങ്ങളിലൂടെയാണ്‌ ഇസ്‌ലാം അന്ത്യപ്രവാചകന്റെ മുമ്പിലെത്തിയത്‌. മുഹമ്മദ്‌ നബിക്കു ശേഷം, വികാസ-സങ്കോചങ്ങളുടെയും ഉത്ഥാനപതനങ്ങളുടെയും നിരവധി ഘട്ടങ്ങള്‍ പിന്നിട്ടാണ്‌ അല്ലാഹുവിന്റെ ദീന്‍ നമ്മുടെ കൈകളില്‍ വന്നുചേര്‍ന്നത്‌. ഖലീഫമാര്‍, കര്‍മശാസ്‌ത്ര പണ്ഡിതര്‍, തത്ത്വചിന്തകന്മാര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരും അവരുടെ വൈജ്ഞാനിക-നാഗരിക സംഭാവനകളും ഇസ്‌ലാമിന്റെ ഒഴുക്കിന്‌ ഗതിവേഗം പകര്‍ന്നിട്ടുണ്ട്‌. അതൊരു വലിയ ലോകമാണ്‌. അതിലെ, ഈ കാലത്തെ തീരെ ചെറിയൊരു കണ്ണി മാത്രമാണ്‌ നമ്മള്‍. അതുകൊണ്ട്‌, മുഹമ്മദ്‌ നബിക്ക്‌ ശേഷം ഇസ്‌ലാം നേരിട്ടു പതിച്ചു കിട്ടിയത്‌ തനിക്കാണെന്ന്‌ ഒരു പണ്ഡിതനും തെറ്റിദ്ധരിക്കേണ്ടതില്ല. മറിച്ച്‌, വിസ്‌മയിപ്പിക്കുന്ന വൈവിധ്യങ്ങളുള്ള ഈ മഹാപ്രവാഹത്തെക്കുറിച്ച ചരിത്രബോധം സ്വന്തം മനസിലും സമൂഹത്തിലും വളര്‍ത്തുക. അത്‌ വലിയ തോതില്‍ മഞ്ഞുരുക്കത്തിന്‌ കാരണമാകും.

4) ശത്രുതാപരമായ നിലപാടുകള്‍ ഒഴിവാക്കുക. മുസ്‌ലിം സമുദായത്തിനകത്ത്‌ ആഭ്യന്തര ശത്രുക്കളെ തെരയുന്ന പണി മതസംഘടനകള്‍ അവസാനിപ്പിക്കണം. മറുവീക്ഷണക്കാരെ സഹോദരങ്ങളായിക്കണ്ട്‌ സഹിഷ്‌ണുതയോടെ പെരുമാറാന്‍ ഓരോരുത്തരും മനസുവെക്കണം. ഭിന്നാഭിപ്രായങ്ങള്‍ക്ക്‌ തടസം നില്‍ക്കരുത്‌. അവ പ്രയോഗവല്‍ക്കരിക്കാന്‍ അനുവദിക്കാതെ ആരെയും ആട്ടിയോടിക്കരുത്‌. ഇമാമുമാരുടെ കാലശേഷം മദ്‌ഹബിന്റെ അനുയായികള്‍ മറ്റുള്ളവരോട്‌ കാണിച്ച അനീതിയും അക്രമവും മതസംഘടനകള്‍ പകര്‍ത്താന്‍ ശ്രമിക്കരുത്‌. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുക, ശാരീരികമായി കൈയേറ്റം ചെയ്യുക, സ്ഥാപനങ്ങളും പ്രചാരണ മാധ്യമങ്ങളും നശിപ്പിക്കുക, പരസ്‌പരം ഒറ്റു കൊടുക്കുക, ഭരണ-രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുക… ഇതൊന്നും ദീനീ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവര്‍ക്ക്‌ ഒരിക്കലും ഭൂഷണമല്ല.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറയുന്നു: “നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്നതിനെക്കുറിച്ച്‌ പറയവെ ശാഫിഈ പണ്ഡിതന്മാര്‍ ഇങ്ങനെ രേഖപ്പെടുത്തിയതു കാണാം: `ഇജ്‌തിഹാദീ വിഷയങ്ങളിലുള്ള അഭിപ്രായാന്തരങ്ങളെ കൈയ്യൂക്കുകൊണ്ട്‌ തിരുത്താന്‍ ശ്രമിക്കരുത്‌. തന്നെ പിന്തുടരണമെന്ന്‌ ഒരാളും ജനങ്ങളെ നിര്‍ബന്ധിക്കുകയുമരുത്‌. വൈജ്ഞാനികമായി തെളിവുകള്‍ നിരത്തി സംഭാഷണം നടത്താം. സത്യാവസ്ഥ ബോധ്യപ്പെടുന്നവര്‍ അംഗീകരിക്കും. മറുവീക്ഷണം തന്നെ വെച്ചുപുലര്‍ത്തുന്നവനെ അധിക്ഷേപിക്കാനോ ശത്രുത കാണിക്കാനോ പാടില്ല” (മജ്‌മൂഉല്‍ ഫാതാവാ-30/79-81). ഏകോപിതാടിസ്ഥാനങ്ങള്‍ നിഷേധിക്കുന്നതു മാത്രമേ പണ്ഡിതന്മാര്‍ ആക്ഷേപകരമായി കണ്ടിരുന്നുള്ളൂ. ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ പരസ്‌പരം ശത്രുത കാണിക്കാന്‍ പാടില്ല എന്ന്‌ ഇമാം നവവി പറഞ്ഞിട്ടുണ്ട്‌ (സ്വഹീഹു മുസ്‌ലിം-ശറഹുന്നവവി-2/23). ഇമാം ഗസാലിയുടെ വാക്കുകള്‍: “പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു. ചിലര്‍ ചിലര്‍ക്ക്‌ മറുപടിയും പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ പണ്ഡിതന്മാരെ സ്വാര്‍ഥികളും വിഡ്‌ഢികളുമെന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കാറുണ്ടായിരുന്നില്ല” (അദബുല്‍ ഇഖ്‌തിലാഫ്‌ ഫീമസാഇലില്‍ ഇല്‍മി വദ്ദീന്‍-ദാറുല്‍ യൂസുര്‍-83). മുഹമ്മദ്‌ നബിയുടെ താക്കീത്‌ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്‌: “നിങ്ങള്‍ പരസ്‌പരം വിദ്വേഷം പുലര്‍ത്തരുത്‌, പരസ്‌പരം അസൂയ കാണിക്കരുത്‌, അന്യോന്യം ശത്രുക്കളാവുകയുമരുത്‌. സഹോദരന്‍മാരായ അല്ലാഹുവിന്റെ ദാസന്മാരാവുക.”

5) വിനാശകരമായ നിലപാടുകളില്‍ നിന്ന്‌ വിട്ടുനില്‍ക്കുക. സമൂഹത്തില്‍ നാശവും കുഴപ്പവും സൃഷ്‌ടിക്കുമെന്ന്‌ ആശങ്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വിമര്‍ശനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടതാണ്‌. വിമര്‍ശനം ഗുണത്തെക്കാള്‍ ദോഷം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടാകും. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സാമൂഹിക സാഹചര്യങ്ങളുണ്ടാകും. ചില തെറ്റുകള്‍ക്കുനേരെ, അതിലേറെ ഗുരുതരമായ പരിണതി സൃഷ്‌ടിക്കപ്പെടുമെന്ന്‌ ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ നിശബ്ദരാകേണ്ടി വരും. സാഹചര്യങ്ങള്‍ പരിഗണിക്കാതെയും യാഥാര്‍ഥ്യബോധമില്ലാതെയും നടത്തുന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും വൈകൃതങ്ങളെക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. പ്രബോധനരംഗത്ത്‌ മുറുകെപിടിക്കേണ്ട യുക്തിദീക്ഷ പ്രസക്തമാകുന്ന സന്ദര്‍ഭമാണിത്‌.
ഇമാം അബൂബകറുല്‍ ആജിരി പറയുന്നു: “മുസ്‌ലിം സമൂഹത്തിനകത്ത്‌ നാശവും ശത്രുതയും സൃഷ്‌ടിക്കുംവിധം ഒരു വിഷയം ചര്‍ച്ചക്കുവന്നാല്‍ അതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കേണ്ടത്‌ പണ്ഡിതന്മാരുടെ ബാധ്യതയാണ്‌. അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അതിലേറെ ഉത്തമമായ കാര്യങ്ങളിലേക്ക്‌ തിരിച്ചുവിടണം” (അഖ്‌ലാഖുല്‍ ഉലമാഅ്‌-35). `ഫിത്‌ന’ ഭയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിശ്ശബ്‌ദത പാലിക്കേണ്ടി വരുമെന്നും അങ്ങനെ മൗനമവംബിക്കുന്നവരെ ആക്ഷേപിക്കരുതെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ വിശദീകരിച്ചിട്ടുണ്ട്‌ (മജ്‌മൂഉഫതാവാ 24/253). സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍വേണ്ടി ഏറ്റവും ഉത്തമമായത്‌ (അഫ്‌ദല്‍) ഉപേക്ഷിച്ച്‌ അനുവദനീയം (ജാഇസ്‌) മാത്രമായത്‌ സ്വീകരിക്കാമെന്നും പണ്ഡിതന്മാര്‍ പറഞ്ഞതുകാണാം. ഉത്തമമായത്‌ ചെയ്യുന്നതിലേറെ പ്രധാനമാണ്‌ ഐക്യവും ഒരുമയും കാത്തുസൂക്ഷിക്കുന്നത്‌. ഖുറൈശികളില്‍ അകല്‍ച്ച സൃഷ്‌ടിക്കും എന്നു ഭയന്ന്‌ നബി(സ) കഅ്‌ബ പൊളിച്ചു പണിയാതിരുന്നത്‌ ഇതിന്ന്‌ തെളിവായി ഇബ്‌നുതൈമിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. നബി(സ) ആഇശ(റ)യോട്‌ പറഞ്ഞു: ജാഹിലിയ്യാ കാലത്തോട്‌ അടുത്ത്‌ നില്‍ക്കുന്നവരായിരുന്നില്ല നിന്റെ ജനമെങ്കില്‍, ഇബ്‌റാഹീം നബി സ്ഥാപിച്ച തൂണുകളില്‍ ഞാന്‍ കഅ്‌ബ പുതുക്കിപ്പണിയുമായിരുന്നു” (ബുഖാരി). ജനങ്ങളെ മാനസികമായി അകറ്റാതിരിക്കാന്‍ വേണ്ടി നമസ്‌കാരത്തില്‍ `ബിസ്‌മി…’ ഉറക്കെ ചൊല്ലാമെന്നും ഇബ്‌നുതൈമിയ ഫത്‌വ നല്‍കിയിട്ടുണ്ട്‌ (മജ്‌മുഉല്‍ ഫതാവാ 22/406, 407). ജനങ്ങളെ അടുപ്പിച്ചു നിര്‍ത്താനും മനസിണക്കാനും വേണ്ടി ഉത്തമമായത്‌ ഉപേക്ഷിച്ച്‌ അനുവദനീയമായത്‌ സ്വീകരിക്കാം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണിത്‌. ഖുനൂത്വിനെക്കുറിച്ച്‌ അല്ലാമ ഇബ്‌നുല്‍ ഖയ്യിമും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്‌. സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്‌ ഇല്ല എന്നതാണ്‌ ശരിയായ നിലപാടെന്ന്‌ വിശദീകരിച്ച ശേഷം, എന്നാല്‍ സ്ഥിരമായി ഖുനൂത്‌ ഓതുന്നത്‌ വെറുക്കപ്പെടേണ്ട ബിദ്‌അത്തല്ല എന്ന്‌ അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്‌തയാള്‍ സുന്നത്തിന്‌ എതിര്‌ പ്രവര്‍ത്തിച്ചവനാവുകയുമില്ല എന്നാണ്‌ ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണം (സാദുല്‍മആദ്‌ 1/144).

6) പൊതു ഇടങ്ങള്‍ സൃഷ്‌ടിക്കുക. ഭിന്ന വീക്ഷണക്കാര്‍ക്ക്‌ ഒന്നിച്ചിരിക്കാനും, സ്‌നേഹത്തോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കഴിയുന്ന പൊതുഇടങ്ങള്‍ സൃഷ്‌ടിക്കണം. യോജിപ്പുള്ള കാര്യങ്ങള്‍ ഒരുമിച്ചുനിന്ന്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൊതു വേദികള്‍ അകല്‍ച്ച കുറക്കാന്‍ സഹായിക്കും. ആഘോഷവേളകളില്‍ പങ്കാളികളാവുക. വിവാഹം, സമ്മേളനങ്ങള്‍ തുടങ്ങിയവയിലേക്ക്‌ മറു വീക്ഷണക്കാരെയും ക്ഷണിക്കുക. രോഗസന്ദര്‍ശനം നടത്തുക, മരണാനന്തര കര്‍മങ്ങളിലെ പങ്കാളിത്തം ഉറപ്പുവരുത്തുക. സംഘടനാപ്രസിദ്ധീകരണങ്ങളില്‍ ഇതര സംഘടനയിലെ എഴുത്തുകാര്‍ക്ക്‌ വിയോജിപ്പില്ലാത്ത എല്ലാ വിഷയങ്ങളെക്കുറിച്ചും എഴുതാന്‍ അവസരം നല്‍കുക (സംഘടനകളെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മാത്രമാണ്‌ ഇപ്പോള്‍ പൊതുവെ അനുവാദം നല്‍കപ്പെടുന്നത്‌).

ADD COMMENT

Previous Next
Close
Test Caption
Test Description goes like this