November 27, 2018 | by admin_profile
ദല്‍ഹി കാളിന്ദി കുഞ്ചിലെ ‘ദാറുല്‍ ഹിജ്റ’യെന്ന് പേരിട്ട റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ പരിസരം ഏറക്കുറെ വിജനവും നിശ്ശബ്ദവുമായിരുന്നു. കച്ചവടക്കാരും മറ്റുമായ നാലഞ്ചു വൃദ്ധരും ഏതാനും പിഞ്ചു പൈതങ്ങളുമാണ് പുറത്തുണ്ടായിരുന്നത്. അകത്ത്, കൈ കുഞ്ഞുങ്ങളെ കൈയിലെടുത്തും അല്ലാതെയും കുറച്ച് സ്ത്രീകളും. മ്യാന്മറില്‍നിന്ന് ബംഗ്ലാദേശ് വഴി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട റോഹിങ്ക്യന്‍ സഹോദരങ്ങള്‍, ദല്‍ഹിയില്‍ അഭയം തേടിയ കാളിന്ദി കുഞ്ചിലേതുള്‍പ്പെടെയുള്ള ക്യാമ്പുകളില്‍ ആദ്യനാളുകളില്‍ ഉയര്‍ന്നു കേട്ടിരുന്ന ആര്‍ത്തനാദങ്ങളും, ചീഞ്ഞ മത്സ്യം മുതല്‍ ജീവനുള്ള എലികളെ വരെ തിന്നേണ്ടി വന്ന കൊടുംപട്ടിണിയും ഇപ്പോഴില്ല. സുഭിക്ഷതയും സുരക്ഷിതത്വവും അവരെ പൊതിഞ്ഞതുകൊണ്ടൊന്നുമല്ല ഇത്. മ്യാന്മറിലെ ബുദ്ധിസ്റ്റുകളുടെയും ഭരണകൂടത്തിന്റെയും ഭീകരവംശഹത്യയില്‍നിന്ന് രക്ഷപ്പെട്ട് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുമ്പോള്‍ ജീവന്‍ മാത്രം കൈയിലുണ്ടായിരുന്ന റോഹിങ്ക്യന്‍ ജനതയുടെ നിലവിളികള്‍ കേട്ട് സുമനസ്സുകള്‍ നീട്ടിയ സഹായ ഹസ്തമാണ് തല്‍ക്കാലത്തേക്കെങ്കിലും അവരുടെ പട്ടിണി മാറ്റിയതും ഉടുതുണിക്ക് മറുതുണി നല്‍കിയതും. കേരളത്തില്‍ നിന്നുള്‍പ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നും നമ്മുടെ ഗള്‍ഫ് പ്രവാസികളില്‍നിന്നും ദല്‍ഹിയിലെയും ഹൈദറാബാദിലെയും മറ്റും അഭയാര്‍ഥി ക്യാമ്പുകളില്‍ സാമാന്യം നല്ല സഹായമെത്തിയിട്ടുണ്ട്. എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ റോഹിങ്ക്യര്‍ക്ക് കാരുണ്യഹസ്തം നീട്ടുകയുണ്ടായി. ഫരീദാബാദിലെ ഒരു ക്യാമ്പിന്റെ ചുമതല വഹിച്ചിരുന്നത് ഒരു അമുസ്‌ലിം സഹോദരനായിരുന്നു. ഭക്ഷണവും വസ്ത്രവും പാത്രങ്ങളും ശയ്യോപകരണങ്ങളും മരുന്നും ചികിത്സയുമൊക്കെയായി ഈ സഹായങ്ങളെല്ലാം അവര്‍ക്ക് വലിയ ആശ്വാസമേകുകയും ചെയ്തു. ഇപ്പോഴും ഇത്തരം സഹായങ്ങള്‍ ഇടക്കിടെ കിട്ടുന്നുമുണ്ട്, പിന്നെ കുറഞ്ഞതാണെങ്കിലും തൊഴിലവസരങ്ങളും. അതൊന്നും പ്രശ്‌ന പരിഹാരത്തിന് ഒട്ടും മതിയായതല്ലെങ്കിലും, പട്ടിണിയില്‍നിന്ന് ആശ്വാസമേകുന്നുണ്ട്. കുറേ പണം വിതരണം ചെയ്യുകയല്ല, ആവശ്യങ്ങള്‍ മനസ്സിലാക്കി കൃത്യതയോടെയും സൂക്ഷ്മതയോടെയും സഹായങ്ങള്‍ വ്യവസ്ഥാപിതമാക്കുകയാണ് വേണ്ടതെന്ന് ഇവിടെ സേവനം ചെയ്യുന്ന സന്നദ്ധ സേവകര്‍ പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി.
2012 മുതല്‍ ഇന്ത്യയിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ വന്നുകൊണ്ടിരുന്നു. മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലെത്തി, അവിടെ നിന്ന് നദി കടന്ന് കൊല്‍ക്കത്തയില്‍ വന്നാണ് അവര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് പോകുന്നത്. ആദ്യം വന്നവര്‍ ക്രമേണ പലയിടങ്ങളില്‍ താമസിക്കുന്നുണ്ടാകും. ഇവരുമായി ബന്ധപ്പെട്ടാണ് പിന്നീട് വരുന്ന പലരും ക്യാമ്പുകളിലും മറ്റും എത്തുന്നത്. യു.എന്‍ നല്‍കുന്ന അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റാണ് കൈയിലുള്ള ഒരേയൊരു രേഖ. ദല്‍ഹി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗഷേന്‍ കുറച്ച് മുമ്പ് ശേഖരിച്ച ഏകദേശ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുള്ളത് ആന്ധ്ര -തെലുങ്കാന സംസ്ഥാനങ്ങളിലാണ്; 17 ക്യാമ്പുകളില്‍ 1025 കുടുംബങ്ങളിലായി 5150 പേരുണ്ട് ഇവിടെ. ഹരിയാനയില്‍ ഏഴു ക്യാമ്പുകളില്‍ 475 കുടുംബങ്ങളിലായി 2380 പേരും ജമ്മുവില്‍ 5 ക്യാമ്പുകളില്‍ 512 കുടുംബങ്ങളിലായി 2510 പേരും താമസിക്കുന്നുവെന്നാണ് ഒരു കണക്ക്. ഇത് മൊത്തം 10930 പേര്‍ വരും (കുടുംബങ്ങള്‍ സ്ഥലംമാറി താമസിക്കുന്നതിനനുസരിച്ച് ഈ കണക്കില്‍ മാറ്റങ്ങളുാവാം). ചെന്നൈ കേളമ്പാക്കത്ത് 22 കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്, മറ്റു ചിലയിടങ്ങളിലുമുണ്ട് ഒറ്റപ്പെട്ട കുടുംബങ്ങള്‍. ഓരോ സംസ്ഥാനത്തും എത്ര റോഹിങ്ക്യന്‍ കുടുംബങ്ങളും അംഗങ്ങളുമുണ്ടെന്ന് കൃത്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് തുടര്‍ നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഒരു ഘട്ടത്തില്‍ കേരളത്തിലെത്തിയ അഭയാര്‍ഥി കുടുംബങ്ങളില്‍ ചിലര്‍ വയനാട്ടിലെ പീസ് വില്ലേജിലും താല്‍ക്കാലിക വാസത്തിനെത്തുകയുണ്ടായി. അന്ന് അവരോട് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്, റോഹിങ്ക്യന്‍ ജനതയുടെ ചരിത്രവും മ്യാന്മറിലെ അവസ്ഥകളും നേരിട്ട് കേട്ടറിയാന്‍ സാധിച്ചത്. ആന്തമാന്‍ യാത്രക്കിടയില്‍ അവിടത്തെ മലയാളി സഹോദരങ്ങളില്‍നിന്നും റോഹിങ്ക്യന്‍ അഭയാര്‍ഥികളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിരുന്നു. 2015-ലെ വംശഹത്യാ വേളയില്‍ വലിയൊരു സംഘം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കടല്‍മാര്‍ഗം ആന്തമാന്‍ തീരത്തെത്തിയതിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളാണ് അന്ന് ആന്തമാനിലെ സഹോദരങ്ങള്‍ പങ്കുവെച്ചത്. ‘ഭൂമിക്ക് ഭാരമായി’ കരുതി, എല്ലാവരും എല്ലായിടത്തു നിന്നും ആട്ടിയോടിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം മനുഷ്യര്‍, ‘ജീവനുള്ള മൃതദേഹങ്ങളായി’ വലിയ ബോട്ടുകളില്‍ കടലില്‍ ഒഴുകി നടന്നു. ആന്തമാന്‍ തീരത്ത്, കരക്കടുപ്പിക്കാനാകാത്ത ബോട്ടുകളില്‍ കുടി വെള്ളത്തിനും ഒരല്‍പം ഭക്ഷണത്തിനുമായി ആര്‍ത്തു നിലവിളിക്കുന്ന ആ പച്ച മനുഷ്യരുടെ ദുരന്ത ദൃശ്യം കരള്‍ പിളര്‍ക്കുന്നതായിരുന്നുവെന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍ അവര്‍ വിതുമ്പുന്നുണ്ടായിരുന്നു.
കാളിന്ദി കുഞ്ചിലെ മദാര്‍പുര്‍ കാദര്‍ (Madar Pur Kader) എന്ന സ്ഥലത്ത്, ദല്‍ഹി സകാത്ത് ഫൗണ്ടേഷന്റെ അധീനതയിലുള്ള ഭൂമിയില്‍, വിഷന്‍ 2016-2026 ശാക്തീകരണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെയും മറ്റു പല സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പണിത താല്‍ക്കാലിക അഭയ കേന്ദ്രത്തിലെ സന്ദര്‍ശനമാണ് എന്റെ മൂന്നാമത്തെ റോഹിങ്ക്യന്‍ അനുഭവം. തലശ്ശേരി പാനൂരിലെ ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തകരായ ബാലിയില്‍ മുഹമ്മദ് ഹാജി (തലാല്‍ ഗ്രൂപ്പ്), സി.പി അബൂബക്കര്‍, പി.എം ഉമൈബാന്‍, ദല്‍ഹിയിലെ ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ പ്രതിനിധി സുബൈര്‍ ഓമശ്ശേരി, മന്‍സൂര്‍ തുടങ്ങിയവരോടൊപ്പമായിരുന്നു റോഹിങ്ക്യന്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. പാനൂര്‍ ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദ് സുലീത്തലയില്‍ സമൂഹ വിവാഹം, വീടുകളുടെയും കിണറുകളുടെയും സമര്‍പ്പണം, ബാലിയില്‍ മുഹമ്മദ് ഹാജി നേരത്തേ നിര്‍മിച്ച പള്ളിയുടെ ഒന്നാം നില ഉദ്ഘാടനം, രാജസ്ഥാനിലെ ബാഡ്മീറില്‍ എം.വി.എം സ്‌കൂളില്‍ തലശ്ശേരി പുന്നോല്‍ സ്വദേശി നാസറിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ക്ലാസ് റൂമുകളുടെ സമര്‍പ്പണം, മക്രാനയിലെ മാര്‍ബ്ള്‍ ഖനികളിലെ സന്ദര്‍ശനം എന്നിവക്ക് ശേഷമാണ് ഞങ്ങള്‍ ദല്‍ഹിയില്‍ എത്തിയത്. വിഷന്‍ 2026-ന്റെ ഭാഗമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ധാരാളം സേവന പ്രവര്‍ത്തനങ്ങള്‍ ദല്‍ഹി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നടത്തുകയുണ്ടായി. ടെന്റ് നിര്‍മാണ വസ്തുക്കള്‍, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വിവാഹ സഹായങ്ങള്‍, പഠനോപകരണങ്ങള്‍, മദ്‌റസയിലെയും ഏകാധ്യാപക വിദ്യാലയത്തിലെയും ജീവനക്കാര്‍ക്ക് ആവശ്യമാകുമ്പോള്‍ ശമ്പളം, ഉദുഹിയത്ത് തുടങ്ങി ബഹുമുഖ സ്വഭാവമുള്ളതായിരുന്നു ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സേവനങ്ങള്‍. അതിപ്പോഴും ആവശ്യമായ രീതിയില്‍ സന്ദര്‍ഭോചിതം തുടരുന്നുണ്ട്. അതില്‍ മുഖ്യ പങ്കുവഹിച്ച സുബൈര്‍ ഓമശ്ശേരിക്കൊപ്പമാണ് ഞങ്ങള്‍ കാളിന്ദി കുഞ്ചിലെ ക്യാമ്പ് ചുറ്റിക്കണ്ടത്.
മുളയും യൂകാലിപ്പ്‌സ് തടികളും ടാര്‍പോളിനും ടിന്‍ ഷീറ്റുമുപയോഗിച്ച് പണിത ഇടുങ്ങിയ കൂരകളില്‍ നിരവധി കുടുംബങ്ങളുണ്ട്. ഒറ്റക്കെട്ടിടം പോലെ പരസ്പരം ചേര്‍ത്തു കൊണ്ടാണ് ഷെല്‍ട്ടര്‍ പണിതിട്ടുള്ളത്. 4/5 മീറ്റര്‍ വിസ്തൃതിയും 7/8 മീറ്റര്‍ ഉയരവുമുള്ളവയാണ് റൂമുകള്‍. ഇതില്‍ ചിലത് മുകളിലും താഴെയും രണ്ടായി തിരിച്ചിരിക്കുന്നു. ഒരു ഫൂട്ട് വീതിയില്‍ മരത്തില്‍ പണിത ഗോവണിയിലൂടെ മുകള്‍ നിലയിലേക്ക് കയറിയിറങ്ങാം. കാളിന്ദി കുഞ്ചില്‍ മാത്രമേ ഇത്ര ഉയരമുള്ള, രണ്ടായി വിഭജിക്കാവുന്ന ടെന്റുകളുള്ളൂ. 5/10 പേരാണ് ഓരോന്നിലും കഴിയുന്നത്. വൃത്തി കുറഞ്ഞ ചുറ്റുപാടില്‍ ഭക്ഷണം, വെള്ളം, ടോയ്‌ലറ്റ് തുടങ്ങിയവയുടെ അവസ്ഥ പരിതാപകരമാണ്. ഒടുവിലത്തെ രണ്ട് ഘട്ടങ്ങളിലുണ്ടായ രൂക്ഷമായ അഭയാര്‍ഥി പ്രവാഹവേളയില്‍ ഏറ്റവും ദയനീയാവസ്ഥയുണ്ടായിരുന്ന ക്യാമ്പാണ് കാളിന്ദി കുഞ്ചിലേത്. ചതുപ്പ് നിലത്തെ, ചളി നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലെ ജീവിതം ദുസ്സഹമാണ്. ഇവിടെ സകാത്ത് ഫൗണ്ടേഷന്റെ ഒരു ഓഫീസും മുഴുസമയ പ്രതിനിധിയും അഭയാര്‍ഥികളുടെ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രംവിഹാര്‍, ഫരീദാബാദ് എന്നിവിടങ്ങളിലാണ് ദല്‍ഹിയിലെ മറ്റു റോഹിങ്ക്യന്‍ ക്യാമ്പുകളുള്ളത്. ഇവിടെ 800-ഓളം പേര്‍ താമസിക്കുന്നു. ശ്രംവിഹാര്‍, ഫരീദാബാദ് ക്യാമ്പുകള്‍ വൃത്തിയുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഭേദപ്പെട്ട അവസ്ഥയിലാണ്.
വിദ്യാഭ്യാസമാണ് അഭയാര്‍ഥികളുടെ വലിയ വെല്ലുവിളി. ഇന്ത്യന്‍ പൗരന്മാരല്ലാത്തതിനാലും വംശീയ വേര്‍തിരിവുകള്‍ ഭയന്നും പൊതു പള്ളിക്കൂടങ്ങളില്‍ പഠനം സാധ്യമല്ല. സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയ സ്ഥലങ്ങളില്‍ കുട്ടികള്‍ വംശഹത്യയുടെയും പലായനത്തിന്റെയും മാനസിക ആഘാതങ്ങളും മറ്റും കാരണം പഠനം തുടരാന്‍ കൂട്ടാക്കുന്നുമില്ല. രക്ഷിതാക്കളോടൊപ്പം കുട്ടികളും പാഴ്‌വസ്തു ശേഖരണമുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നു. മിക്ക ക്യാമ്പുകള്‍ക്കകത്തും മതം പഠിപ്പിക്കാന്‍ മദ്‌റസകളും ഏകാധ്യാപക സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു്. വിവിധ സന്നദ്ധ സംഘടനകളാണ് അധ്യാപകരുടെ ശമ്പളവും മറ്റും നല്‍കുന്നത്. പക്ഷേ, തലമുറകളുടെ ഔപചാരിക വിദ്യാഭ്യാസത്തിന് ഇതൊന്നും പര്യാപ്തമല്ല. വിദ്യാഭ്യാസവും അറിവും സാംസ്‌കാരിക മൂല്യങ്ങളുമൊക്കെ അന്യം നിന്ന, ലക്ഷോപലക്ഷം ചേരി ജീവിതങ്ങള്‍ക്കാണ് അഭയാര്‍ഥി പ്രവാഹങ്ങള്‍ കാരണമാകുന്നത്; ഇത്തരം പലായനങ്ങള്‍ പുതിയ അടിമ ജീവിതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. മാനസികവും ശാരീരികവും സാമ്പത്തികവുമായ ഈ അടിമത്തം തലമുറകളിലേക്ക് നീളുന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.
കാളിന്ദി കുഞ്ചിലെ അഭയാര്‍ഥി ക്യാമ്പിനകത്ത് ഒരു തരം നിശ്ശബ്ദത തളംകെട്ടി നില്‍ക്കുന്നു. ചെറിയ കുട്ടികള്‍ പോലും കലപില കൂട്ടുന്നുണ്ടായിരുന്നില്ല. വൃദ്ധരുടെ നെടുവീര്‍പ്പുകള്‍ മാത്രം കാതുകളില്‍ വന്ന് പതിക്കുന്നു. ഷെല്‍ട്ടര്‍ നിര്‍മിച്ച രീതി കാരണമാണ് അകത്ത് ഇരുട്ടായതെങ്കിലും, അത് റോഹിങ്ക്യന്‍ ജനതയുടെ ജീവിതത്തിനു മുന്നിലെ ഇരുട്ടായിത്തന്നെയാണ് അനുഭവപ്പെട്ടത്. മുന്നോട്ട് നടക്കാന്‍ വഴിയറിയാതെ, വെളിച്ചം കാണാതെ ആശങ്കകളുടെ ചങ്കിടിപ്പുമായി ലക്ഷക്കണക്കിന് മനുഷ്യര്‍! അകം വേവുന്ന അനിശ്ചിതത്വമാണ് അഭയാര്‍ഥി ജീവിതങ്ങളുടെ ആകത്തുക. താഴെ അവര്‍ക്ക് ഭൂമിയില്ല, മുകളില്‍ ആകാശം മാത്രം. ആകാശം ദൈവത്തിന്റെ കൈയിലാണ്, മനുഷ്യര്‍ക്ക് ഇതുവരെ വെട്ടിമുറിക്കാന്‍ കിട്ടിയിട്ടില്ല. ഭൂമി പക്ഷേ അങ്ങനെയല്ല. അല്ലാഹു അതിരുകളില്ലാതെ സൃഷ്ടിച്ച ഭൂമിയെ മനുഷ്യര്‍ കൃത്രിമമായ അതിരുകള്‍ പണിത് വെട്ടിമുറിച്ചിരിക്കുന്നു, മറകളും മതിലുകളും സൃഷ്ടിച്ച് വേര്‍പ്പെടുത്തിയിരിക്കുന്നു. ദേശ രാഷ്ട്രവും പൗരത്വവും ഓരോ മണ്ണിന്റെയും അവകാശികളെ നിശ്ചയിച്ചു. അവിടേക്കുള്ള പ്രവേശനത്തിന് പിന്നീട് നിയന്ത്രണങ്ങളും വിലക്കുകളും വിലങ്ങുകളും വന്നു. ദേശീയതകള്‍ക്ക് വംശീയത അടിത്തറയായതോടെ, പൗരത്വം ഒരു വംശീയ യോഗ്യത മാത്രമാകുന്ന അവസ്ഥ പലപ്പോഴും രൂപപ്പെട്ടു. ഭൂരിപക്ഷ വംശീയത ന്യൂനപക്ഷ വംശീയതകളെ നിരന്തരം ചോദ്യം ചെയ്തു, മണ്ണിനു മേലുള്ള അവരുടെ അവകാശം നിഷേധിച്ചു, പൗരത്വമില്ലാത്തവരെന്ന് മുദ്രകുത്തി നിഷ്‌കരുണം പുറം തള്ളി. ജീവിക്കുന്ന മണ്ണിലെ ജന്മമോ, നൂറ്റാണ്ടുകളുടെ പാരമ്പര്യമോ അല്ല, വംശമാണ് പൗരത്വത്തിന്റെ അടിസ്ഥാനമാനദണ്ഡമെന്ന് വരുന്നത് അത്യന്തം അപകടകരമാണ്.
ആ അപകടത്തിന്റെ ഭീകരതയാണ് വര്‍ഷങ്ങളായി മ്യാന്മറില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മതവും ഭാഷയുമാണ് ഇവിടെ ഭൂമിയുടെ അവകാശം തീരുമാനിക്കുന്നത്, ജീവിതവും മരണവും നിശ്ചയിക്കുന്നത്! 2017-ലെ കണക്കനുസരിച്ച് 53 മില്യനിലധികം ജനസംഖ്യയുള്ള മ്യാന്മറില്‍ ഭൂരിപക്ഷം (87 ശതമാനം) ബുദ്ധമതക്കാരാണ്, 6.2 ശതമാനം ക്രിസ്ത്യാനികളും 4.3 ശതമാനം മുസ്‌ലിംകളും. പത്ത് ലക്ഷമായിരുന്നു ബംഗ്ലാ ഭാഷ സംസാരിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍. എത്രയോ നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള, മ്യാന്മറിലെ ഭരണം വരെ കൈയാളിയിരുന്നവരാണ് റോഹിങ്ക്യകളെന്നാണ് ഒരഭിപ്രായം. മൂന്ന് നൂറ്റാെങ്കിലും മുമ്പ് ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇവിടേക്ക് കൊണ്ടുവരപ്പെട്ടവരാണ് ഇവരെന്നാണ് മറ്റൊരു ചരിത്രം. രണ്ടാണെങ്കിലും കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ പുറത്താക്കപ്പെടും വരെ മ്യാന്മറിലുണ്ടായിരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മ്യാന്മറില്‍ ജനിച്ചു വളര്‍ന്ന, അവിടെ നൂറ്റാണ്ടുകള്‍ വേരുള്ളവര്‍ തന്നെയാണ്. അറാക്കാന്‍ പ്രവിശ്യയായിരുന്നു റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ കേന്ദ്രം. റോഹിങ്ക്യന്‍ വംശജരല്ലാത്ത മുസ്‌ലിംകള്‍ മ്യാന്മറില്‍ വേറെയുമുണ്ട്, അവര്‍ പുറത്താക്കപ്പെട്ടിട്ടില്ല. നീണ്ടകാലം ബുദ്ധമതക്കാരും റോഹിങ്ക്യകളും സമാധാനപരമായി സഹവര്‍ത്തിച്ചവരാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ രാഷ്ട്രീയ ശേഷിപ്പുകളാണ് പില്‍ക്കാല വംശീയ ധ്രുവീകരണത്തിന്റെ ഒരു കാരണം. ഇടക്കിടെ ഈ വംശവെറി മറ നീക്കി, അക്രമാസക്തമായിക്കൊണ്ടിരുന്നു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ ബംഗ്ലാദേശീ കുടിയേറ്റക്കാരായി മുദ്രകുത്തി, ദേശദ്രോഹികളെന്ന് പ്രചാരണം നടത്തി പുറം തള്ളാനുള്ള ശ്രമങ്ങള്‍ ഭൂരിപക്ഷ മതക്കാര്‍ തുടര്‍ന്നുകൊണ്ടിരുന്നു. അറാക്കാന്‍ പ്രവിശ്യക്ക് സ്വയം ഭരണം ആവശ്യപ്പെട്ട് ഒറ്റപ്പെട്ട ചില റോഹിങ്ക്യന്‍ ഗ്രൂപ്പുകളും രംഗത്ത് വരികയുണ്ടായി. ഇപ്പോള്‍ അസമില്‍ നടക്കുന്നതു പോലെ, 1982-ല്‍ മ്യാന്മറിലുണ്ടാക്കിയ പൗരത്വ നിയമം റോഹിങ്ക്യകളുടെ പൗരത്വം റദ്ദ് ചെയ്തു; ആസൂത്രിത നടപടിയായിരുന്നു ഇത്.
പിന്നീടങ്ങോട്ട് വംശഹത്യയുടെ ചോര പുതച്ച ദിനരാത്രങ്ങളായിരുന്നു റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക്. ക്രൂരമായ ബലാത്സംഗങ്ങള്‍, വെട്ടിയും കുത്തിയും ചുട്ടുമൊക്കെയുള്ള കൊന്നുതീര്‍ക്കലുകള്‍, മക്കളുടെ മുമ്പില്‍ മാതാപിതാക്കളെ, മാതാപിതാക്കളുടെ മുന്നില്‍ പിഞ്ചു പൈതങ്ങളെ ചുട്ടുകൊന്ന ഭീകരതക്ക് സാക്ഷികളാകേണ്ടി വന്നവര്‍ ഇന്ത്യയിലെ ക്യാമ്പുകളിലുണ്ട്. ഇതില്‍നിന്ന് രക്ഷപ്പെട്ട് ജീവനും കൊണ്ട് ഓടുന്നവര്‍. ജീവന്‍ തിരിച്ചു നല്‍കാന്‍, വംശവെറിയന്മാര്‍ക്കും പട്ടാളക്കാര്‍ക്കും പല രാജ്യങ്ങളിലെയും അതിര്‍ത്തി കാവല്‍ സൈനികര്‍ക്കും മാത്രമല്ല, രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന ഏജന്റുമാര്‍ക്ക് പോലും പണവും ശരീരവും കാഴ്ചവെക്കേണ്ടി വന്ന റോഹിങ്ക്യന്‍ സ്ത്രീകള്‍. റോഹിങ്ക്യകളുടെ വംശവര്‍ധനവ് തടയാന്‍ വിവാഹം, ഗര്‍ഭധാരണം, പ്രസവം എന്നിവക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ മ്യാന്മര്‍ ഭരണകൂടം, ഇസ്രാഈല്‍ വംശജരിലെ ആണ്‍കുട്ടികളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട ഫറോവന്‍ ഭീകരതയെ ഓര്‍മിപ്പിച്ചു. വിവാഹത്തിന് താങ്ങാനാവാത്ത നികുതി ഏര്‍പ്പെടുത്തി, ഭാര്യ ഗര്‍ഭം ധരിച്ചാല്‍ പുരുഷന് ജയില്‍ ശിക്ഷ വിധിച്ചു, പ്രസവിക്കപ്പെട്ടാല്‍ കുഞ്ഞ് നിയമവിരുദ്ധനായി, പിന്നെ ആട്ടിയോടിക്കലും അറും കൊലയും….. ഈ ദുരന്ത ചിത്രങ്ങളൊന്നും ഇനിയുമിവിടെ ആവര്‍ത്തിച്ച് വിശദീകരിക്കേണ്ടതില്ല.
1978, 1991-92 കാലത്ത് പട്ടാളക്കാരുടെയും വംശീയ വാദികളുടെയും ക്രൂരമായ അടിച്ചമര്‍ത്തലിന് അവര്‍ വിധേയരായി. അന്നൊക്കെ ചെറിയ തോതില്‍ പലായനങ്ങളും നടന്നു. പിന്നീട് 2010, 2012-’13, 2015, 2016-17 വര്‍ഷങ്ങളില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ കൂട്ട പലായനങ്ങളുണ്ടായി. ഈ നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും ഭീകരമായ പലായനങ്ങളിലൊന്നായിരുന്നു റോഹിങ്ക്യകളുടേത്, മറ്റൊന്ന് സിറിയന്‍ ജനതയുടേതാണ്. കടല്‍തീരത്ത് കമഴ്ന്ന് കിടന്ന അയ്‌ലന്‍ കുര്‍ദിയുടെ രക്തസാക്ഷിത്വം സിറിയന്‍ അഭയാര്‍ഥി പ്രവാഹത്തിന്റെ രൂക്ഷതയും ദയനീയതയും ലോകത്തിനു മുന്നില്‍ തുറന്നുവെച്ചു. ഇതിലേറെ ദുരന്തപൂര്‍ണമായിരുന്നു റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പതിറ്റാണ്ടു നീണ്ട പലായനങ്ങള്‍. തായ്‌ലന്റിലും ആസ്‌ത്രേലിയയിലും ഇന്ത്യയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും ബംഗ്ലാദേശിലുമൊക്കെ റോഹിങ്ക്യന്‍ ബോട്ടുകള്‍ ചെന്നെത്തി. മിക്കയിടങ്ങളിലും അവര്‍ കരകണ്ടില്ല. യു.എന്‍ കണക്കനുസരിച്ച്, പതിമൂന്ന് ലക്ഷം പേര്‍ ഇപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതം തിന്നുന്നു. അഞ്ച് ലക്ഷത്തോളം പേര്‍ സുഊദി അറേബ്യയില്‍, മൂന്നര ലക്ഷം പാകിസ്താനില്‍, 1,50,000 പേര്‍ മലേഷ്യയില്‍. ഒരു ലക്ഷത്തിലേറെ പേര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. 2013-ലെ യു.എന്‍ പ്രഖ്യാപനമനുസരിച്ച്, ലോകത്തില്‍ ഏറ്റവും ക്രൂരമായ ഹിംസക്ക് വിധേയരായ ന്യൂനപക്ഷമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍, അനേക രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹം!
ഏതു നിമിഷവും ഇന്ത്യയില്‍നിന്നും പുറത്താക്കപ്പെടാമെന്ന ഭീഷണിയിലാണ് റോഹിങ്ക്യകള്‍ ഇവിടെ ജീവിക്കുന്നത്. കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നടക്കുന്നുണ്ട്. ദല്‍ഹി മദാര്‍പുര്‍ കാദറിലെയും ഹൈദറാബാദിലെയും ജമ്മുവിലെയും ചില ക്യാമ്പുകളൊഴിച്ചാല്‍ പലയിടങ്ങളിലും അഭയാര്‍ഥികള്‍ ഭൂവുടമകള്‍ക്കും മറ്റും വാടക കൊടുക്കണം. ചിലയിടത്ത് അഴുക്ക് ചാലുകള്‍ക്ക് സമാനമായ ക്യാമ്പുകളില്‍ കൊതുക്, തെരുവ് നായ, പാമ്പ് മുതലായവയെ സഹിച്ച് അന്തിയുറങ്ങണം. സന്നദ്ധ സംഘടനകളുടെ സഹായമൊഴിച്ചാല്‍, ബാക്കി ഭക്ഷണത്തിനും ചികിത്സക്കും വഴി കണ്ടെത്തണം. വീട്ടുമാലിന്യങ്ങള്‍ ശേഖരിക്കല്‍ (കൂട പെറുക്കല്‍), തെരുവില്‍ നിന്നും മുന്‍സിപ്പാലിറ്റി വെയ്സ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും പാഴ് വസ്തുക്കള്‍ പെറുക്കി വില്‍ക്കല്‍, വീട് – ഹോട്ടല്‍ വേലകള്‍, കൂലിപ്പണി തുടങ്ങിയവയാണ് ചിലര്‍ക്കെങ്കിലും കിട്ടുന്ന ജോലി. ഒടുവിലത്തെ രൂക്ഷമായ രണ്ട് പലായനങ്ങള്‍ക്ക് ശേഷം, ഇവിടെ തൊഴില്‍ ലഭ്യതയില്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിടുന്നു. റോഹിങ്ക്യന്‍ പ്രശ്‌നം മാധ്യമങ്ങളില്‍ നിറഞ്ഞ്, ഇവര്‍ ആരാണെന്ന് മനസ്സിലായതോടെ, ‘നിങ്ങള്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളാണ്, നിങ്ങള്‍ക്ക് ജോലിയില്ല’ എന്ന് പറയുന്ന അവസ്ഥ ചിലയിടത്തുണ്ട്. മുസ്‌ലിം തീവ്രവാദികള്‍ എന്ന് വിളിക്കപ്പെടുന്ന അനുഭവങ്ങളും ചിലര്‍ക്കുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ദല്‍ഹിയിലും ഹൈദറാബാദിലും ജമ്മുവിലുമൊക്കെ പൊതുവെ സുരക്ഷിതരാണിവര്‍. പൊതുജനങ്ങളില്‍നിന്ന് പറയത്തക്ക എതിര്‍പ്പുകളൊന്നുമില്ല. റോഹിങ്ക്യകള്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ജീവിച്ചുപോയ്‌ക്കോട്ടെ എന്ന നിലപാടിലാണ് പൊതുവെ അധികൃതരുള്ളത്. ദല്‍ഹി ഗവണ്‍മെന്റ് അനുകൂലമോ പ്രതികൂലമോ ആയ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. ഹരിയാനയില്‍ പുരുഷന്മാര്‍ ക്യാമ്പ് വിട്ട് മാറിത്താമസിക്കരുതെന്ന് പോലിസ് നിര്‍ദേശമുണ്ട്. പകല്‍ പുറത്ത് പോകുന്നവര്‍ നിര്‍ബന്ധമായും രാത്രി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. മറ്റിടങ്ങളിലെ ജോലിക്കു വേണ്ടി ഒന്നോ രണ്ടോ ആഴ്ചകള്‍ മാറിനില്‍ക്കാന്‍ ഇതു കാരണം സാധിക്കുന്നില്ല. പകല്‍ പോയി വരാവുന്ന സ്ഥലങ്ങളില്‍ തൊഴില്‍ ലഭ്യത കുറവും! എങ്കിലും വേദനകളെല്ലാം ഉള്ളിലൊതുക്കി, ആപഛങ്കകളാല്‍ മുറിയുന്ന മനസ്സുമായി അവര്‍ രാപ്പകലുകള്‍ കടന്ന് പോകുന്നു.
ശ്രീലങ്കയിലെ തമിഴരും മ്യാന്മറിലെ റോഹിങ്ക്യകളും അനുഭവിക്കുന്ന അതേ പൗരത്വ പ്രതിസന്ധി തന്നെയാണ് അസമിലെ ആ നാല്‍പത് ലക്ഷവും നേരിടാനൊരുങ്ങുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്ന ലക്ഷക്കണക്കായ മനുഷ്യര്‍ക്ക് ജനിച്ച നാട് പെട്ടെന്ന് അന്യമായിത്തീര്‍ന്നേക്കാവുന്ന അവസ്ഥയാണ് സംജാതമാകുന്നത്. പൗരത്വ റജിസ്റ്ററില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അസമിലെ 40 ലക്ഷം വരുന്ന ബംഗ്ലാ ഭാഷക്കാരും മ്യാന്മറില്‍ അറുകൊല ചെയ്യപ്പെട്ട, ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യകളും ഒരേ വംശ പാരമ്പര്യം പങ്കിടുന്നവരാണെന്നതും ഓര്‍ക്കണം. ബംഗ്ലാദേശീ നുഴഞ്ഞുകയറ്റക്കാരെ തുരത്താനെന്ന പേരില്‍ അസമില്‍ നടന്ന നെല്ലി വംശഹത്യയും റോഹിങ്ക്യകള്‍ക്കെതിരെ നടന്ന നിഷ്ഠുരമായ കൂട്ടക്കൊലകളും ഒരേ കണ്ണിയില്‍ ചേര്‍ക്കപ്പെടേതുതന്നെ. പൗരത്വത്തിന്റെ പേരില്‍ അസമില്‍ ഇനിയൊരു നെല്ലിയോ, റോഹിങ്ക്യന്‍ ദുരന്തമോ ആവര്‍ത്തിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍, വംശവെറിയുടെ ചോരപ്പുഴകള്‍ ഇനിയുമൊഴുകും, പലായനങ്ങള്‍ അറ്റമില്ലാതെ നീളും.