പല കാരണങ്ങളാലും ഈജിപ്‌ത് ഇപ്പോള്‍ ലോക മുസ്‌ലിംകളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. നിര്‍ദ്ദിഷ്‌ടമായ ഇസ്‌ലാമിക ഉച്ചകോടി സമ്മേളനത്തെ പ്രസിഡന്റ് ജമാല്‍ അബ്‌ദുന്നാസിര്‍ എതിര്‍ത്തതോടെ വിശേഷിച്ചും.
എന്താണ് ഈജിപ്‌തില്‍ നടക്കുന്നത്? ഭരണാധികാരികളുടെ വീക്ഷണമെന്ത്-? ഈ ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ പലര്‍ക്കും ജിജ്ഞാസയുണ്ടാവും. സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചിരിക്കുകയാണ് അവിടെ. കമ്മ്യൂണിസ്റ്റ് പാളയത്തിലേക്കാണ് ഭരണാധികാരികള്‍ നടന്നടുക്കുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളോടാണ് അവരുടെ കൂട്ടുകെട്ടും. നിരീശ്വരത്വത്തിന്റെ വിള ഭൂമിയായ സോവിയറ്റ് റഷ്യയിലെ പ്രധാനമന്ത്രി മി: അലക്‌സി കോസിജിനും, ഇസ്‌ലാമിന്റെ ബദ്ധവൈരിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ യുഗോസ്ലാവ് പ്രസിഡണ്ട് മി: ടിറ്റോവും ഈജിപ്‌ത് സന്ദര്‍ശിച്ചിട്ട് ആഴ്‌ചകളേ ആയുള്ളൂ. ആയിടക്കാണല്ലോ മുസ്‌ലിം ഉച്ചകോടി സമ്മേളനത്തെ നാസിര്‍ എതിര്‍ത്തത്.
രാഷ്‌ട്ര പുരോഗതിക്ക് ആധുനികവും പുരോഗമനോന്മുഖവുമായ പ്രവര്‍ത്തനമാര്‍ഗങ്ങളെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, കേവലം ഭൗതികത്വമാവരുത് ലക്ഷ്യം. ഇസ്‌ലാമിന്റെ അന്തസ്സത്തക്കു നിരക്കും വിധം നയങ്ങള്‍ രൂപീകരിക്കുകയും ലക്ഷ്യങ്ങള്‍ നിര്‍വചിക്കുകയും വേണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിനെ ചവിട്ടിമെതിച്ചുകൊണ്ട് ഭൌതികപുരോഗതിയാര്‍ജ്ജിക്കാനുള്ള പ്രവണത ആപല്‌ക്കരമാണ്. അപലനീയമാണ്.
കണ്ണടവെച്ച കുതിരയെപോലെ ഇരുപുറവും നോക്കാതെ ഭൌതികപുരോഗതിയിലേക്കാണ് ഈജിപ്‌ത് ഇപ്പോള്‍ കുതിക്കുന്നത്. അതിന്നിടയില്‍ മതവും, മതനിര്‍ദേശങ്ങളും ചതച്ചരക്കപ്പെടുന്നു. ചില ഉദാഹരണങ്ങള്‍ ഇവിടെ കുറിക്കാം.
ബഹുഭാര്യത്വം നിരുപാധികം നിരോധിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് ഇയ്യിടെ നാസിര്‍ ഗവര്‍മ്മെണ്ട് കൊണ്ടുവരികയുണ്ടായി. ഔദ്യോഗിക-അര്‍ദ്ധ ഔദ്യോഗിക പത്രങ്ങള്‍ ഇതിനെ പിന്താങ്ങുക സ്വാഭാവികമാണല്ലോ. ആ തിരക്കില്‍ ഈജിപ്‌തിലെ ഏറ്റവും പ്രചാരമുള്ള ഒരു ഔദ്യോഗിക ദിനപത്രം അതിന്റെ ഒന്നാംപേജില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തി. ഒരു പൂവന്‍കോഴിയും, ഒമ്പത് പിടക്കോഴികളും. പൂവന്‍കോഴിക്ക് കാമം കൂടുമെന്നാണല്ലോ വെപ്പ്. കാര്‍ട്ടൂണിന്റെ ചുവടെ “മുഹമ്മദ്! നീ ഒമ്പത് പെണ്ണുകെട്ടി; അല്ലേ?” എന്നു എഴുതിയിരുന്നു. ബഹുഭാര്യത്വം സ്വീകരിച്ച മുഹമ്മദുനബി(സ)യെ അവഹേളിക്കുകയായിരുന്നു പത്രത്തിന്റെ ഉദ്ദേശ്യം. ഇതു മുസ്‌ലിംലോകത്ത് വമ്പിച്ച കോളിളക്കം സൃഷ്‌ടിക്കുകയുണ്ടായി.
ദേശീയ സംയോജനത്തിന്ന് എന്തു വൃത്തികെട്ട മാര്‍ഗവും അവലംബിക്കാന്‍ നാസിറും കൂട്ടുകാരും സന്നദ്ധരാണ്. അതിന്നുവേണ്ടി അനിസ്‌ലാമികത്വത്തെ കെട്ടിപ്പുണരുന്നതില്‍ അവര്‍ക്കു സന്തോഷമേയുള്ളു. നരകവാസികളായിത്തീരാന്‍ അവര്‍ക്കു മടിയില്ല. നാസിര്‍ സമ്മാനാര്‍ഹമായി തിരഞ്ഞെടുത്ത ഒരു കവിതയുടെ പ്രസക്തഭാഗം കേള്‍ക്കൂ.
(എല്ലാ മാര്‍ഗത്തെക്കാളും നിന്റെ നാട്ടിന്നു നീ മുന്‍ഗണന നല്‍കണം. നാട്ടിന്നുവേണ്ടി നീ വ്രതമനുഷ്‌ഠിക്കണം; വ്രതം ഭഞ്‌ജിക്കണം. ഞങ്ങളെ ഏകീകരിക്കുന്നത് കുഫ്‌റാണെങ്കില്‍ ആ കുഫ്‌റ് നീണാള്‍ വാഴട്ടെ. ഏകീകരണത്തിന്നുവേണ്ടി നരകത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.) ഈജിപ്‌ത് പോലെ പ്രാബല്യവും പാരമ്പര്യവുമുള്ള ഒരു മുസ്‌ലിംരാഷ്‌ട്രം ഈ നിലപാട് അംഗീകരിക്കുന്നത് കഷ്‌ടംതന്നെ.
കുറേ പണ്ഡിതന്മാരെ പാട്ടിലാക്കാന്‍ നാസിറിന്നു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തലതിരിഞ്ഞ നയങ്ങളെ ന്യായീകരിക്കുന്നതിലും പിന്താങ്ങുന്നതിലുമാണ് അവരുടെ ശ്രദ്ധ. നാസിറിനെ പുകഴ്‌ത്തുന്ന ബദ്ധപ്പാടില്‍ മുഹമ്മദ് നബിയെപോലും താഴ്‌ത്തിക്കാണിക്കാന്‍ ചിലര്‍ ധൈര്യപ്പെടുന്നു. `മജല്ലത്തുല്‍ അസ്‌ഹറി’ന്റെ പത്രാധിപരും പ്രമുഖ പണ്ഡിതനുമായ അഹ്‌മദ്‌ഹസനുസ്സയ്യാത്ത് ഒരിക്കല്‍ എഴുതിയതെന്താണെന്നോ? “മുഹമ്മദ്‌നബി ആദര്‍ശത്തിലൂടെയാണ് ഏകീകരണമുണ്ടാക്കിയത്. പക്ഷെ, ഈ ആദര്‍ശം ചിലപ്പോള്‍ ദുര്‍ബലമാവുകയോ അന്തര്‍ദ്ധാനം ചെയ്യുകയോ ചെയ്‌തേക്കാം. എന്നാല്‍ നാസിറിന്റെ ഏകീകരണം അങ്ങിനെയല്ല, അത് നിലനില്‍ക്കും; വളരും. എന്തുകൊണ്ടെന്നാല്‍ നാസിറിന്റെ ഏകീകരണത്തിനു നിദാനം സാമ്പത്തിക സമത്വം, അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യഭരണം എന്നിവയാണ്. ഈ മൂന്നു ഘടകങ്ങളുണ്ടായാല്‍ സ്ഥായിയായ ഐക്യം നിലവില്‍ വരുമെന്നുറപ്പിക്കാം” (മജല്ലത്തുല്‍ അസ്‌ഹര്‍, മുഹര്‍റം 1333).
ഇത്തരം വൃത്തികെട്ട ചെയ്‌തികള്‍ക്ക് ഈജിപ്‌ഷ്യന്‍ജനത അനുകൂലമാണെന്നു ധരിക്കരുത്. ഭരണാധികാരികളുടെയും സില്‍ബന്തികളുടെയും നയം മാത്രമാണിത്. നിസ്വാര്‍ഥരായ പണ്ഡിതന്മാരും മതസ്‌പിരിറ്റുള്ള ബഹുജനങ്ങളും നാസിറിന്റെ ചിന്താഗതികളെ അനുകൂലിക്കുന്നില്ല. അനിസ്‌ലാമിക പ്രവണതകളെ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട് അവര്‍. ഇതിന്റെ പേരില്‍ അവര്‍ കിരാതമായി മര്‍ദ്ദിക്കപ്പെടുകയാണ്.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നേരെ നാസിര്‍ കൈക്കൊള്ളുന്ന മര്‍ദനനടപടികള്‍ പ്രസിദ്ധമാണല്ലോ. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ് മുസ്‌ലിം വേള്‍ഡ്‌ലീഗുപോലും ഇതിനെ അപലപിക്കുകയുണ്ടായി. ഇഖ്‌വാനുല്‍മുസ്‌ലിമൂന്‍ സംഘടനക്കു ഇപ്പോള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. നിരപരാധരായ ആയിരക്കണക്കിനു പ്രവര്‍ത്തകന്മാര്‍ കാരിരുമ്പഴികള്‍ക്കുള്ളില്‍ ശ്വാസംമുട്ടിക്കഴിയുകയാണ്. ഇവരില്‍ പ്രമുഖ പണ്ഡിതന്മാരും, നേതാക്കളും ഉള്‍പ്പെടും. വിചാരണപോലും ചെയ്യാതെയാണ് അവരെ ജയിലിലടച്ചത്.
മതപ്രചരണരംഗത്ത് സേവന പാരമ്പര്യമുള്ള ഒരു മുസ്‌ലിംസംഘടനയാണ് ഇഖ്‌വാനുല്‍മുസ്‌ലിമൂന്‍. ചിലര്‍ തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ ജമാഅത്തെ ഇസ്‌ലാമിയുമായി ഇതിന്നു വിശേഷിച്ച് ബന്ധമൊന്നുമില്ല. സയ്യിദ് അബുല്‍ അഅ്‌ലാമൌദൂദിയല്ല അവരെ നയിക്കുന്നതും. ഇസ്‌ലാമികാദര്‍ശങ്ങളില്‍ ഉറച്ചുനിന്നു സേവനം ചെയ്യുന്ന ഒരു മുസ്‌ലിം സംഘടനയെന്നതില്‍കവിഞ്ഞ് മറ്റൊരു വിശേഷണവും ഇഖ്‌വാനുല്‍മുസ്‌ലിമൂനില്ല.
നാസിറിന്റെ ഭൌതികഭൂമത്തെ അനുകൂലിച്ചില്ല; അനിസ്‌ലാമിക പ്രവണതകളെ ചങ്കൂറ്റത്തോടെ എതിര്‍ത്തു- ഇതാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകര്‍ ചെയ്‌ത തെറ്റ്. അവരുടെ വ്യക്തിസ്വാതന്ത്യത്തെ ഹനിച്ചതും അവരെ ജയിലിലടച്ചതും മൃഗീയമായി മര്‍ദിക്കുന്നതും ഇതേ കാരണംകൊണ്ടാണ്.
ചുരുക്കത്തില്‍ ഭൌതികവും അഭൌതികവും തമ്മിലുള്ള സമരമാണ് ഈജിപ്‌തില്‍. നാസിര്‍ എന്തു തന്നെ ചെയ്‌താലും മതാവേശമുള്ള ഈജിപ്‌ഷ്യന്‍ ജനതയെ കീഴടക്കാന്‍ സാധ്യമല്ല. ആ പ്രാചീന മുസ്‌ലിം കേന്ദ്രത്തെ മലിനപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു കരുത്തുണ്ട്. ഇസ്‌ലാമിനെ അവഗണിച്ചു കൊണ്ട് പ്രതാപം നടിച്ച ഭൌതികനേതാക്കള്‍ ഒരു കാലത്തും വിജയിച്ചിട്ടില്ല. ഈജിപ്‌തിന്റെ ചരിത്രം തന്നെ അതിന്നു സാക്ഷിയാണ്. ഈ പരമാരഥം അവിടത്തെ ഭരണാധികാരികള്‍ എത്ര വേഗത്തില്‍ മനസിലാക്കുന്നുവോ അത്രയും നന്ന്. ( പത്രാധിപക്കുറിപ്പ് അല്‍ മുര്‍ശിദ് മാസിക- 1966, ജൂണ്‍ പേജ്: 2-4)