Latest News


Single

ARTICLES

ഇസ്ലാമിക നാഗരികത സഞ്ചാര സ്വാതന്ത്യ്രം സംരക്ഷിച്ചതെങ്ങനെ?

December 3, 2018 | by admin_profile


സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാര സൗകര്യം മഹത്തായ ദൈവാനുഗ്രഹമാണെന്ന് വിശുദ്ധ വേദഗ്രന്ഥം പറയുന്നു. ഒരു ജനതയുടെ സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവും നാഗരികവും രാഷ്ട്രീയവും മറ്റുമായ വളര്‍ച്ചയില്‍ സുഗമമായ യാത്രാ സംവിധാനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതുകൊണ്ടുതന്നെയാണ് യാത്രാ മാര്‍ഗങ്ങളും അതിലുള്ള സഞ്ചാര സംവിധാനങ്ങളും ദൈവാനുഗ്രഹമായി എണ്ണപ്പെട്ടത്.
ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ ഖുറൈശികളുടെ ജീവിതമാണിതിന് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഒരു ഉദാഹരണം. കഅ്ബാലയത്തിന്റെ പരിചാരകരും ഹാജിമാരുടെ സേവകരുമെന്ന പദവി ഖുറൈശികള്‍ക്ക് ആദരവും മഹത്വവും നേടിക്കൊടുത്തു. എവിടെയും അവര്‍ക്ക് സൈ്വരമായി യാത്ര ചെയ്യാമെന്ന അവസ്ഥ വന്നു. അതോടെ തെക്ക് യമനിലേക്കും വടക്ക് സിറിയയിലേക്കും രണ്ട് വലിയ വഴികള്‍ അവര്‍ വെട്ടിത്തുറന്നു. ആ വഴികളിലൂടെ സ്വതന്ത്രമായി അവര്‍ യാത്ര ചെയ്തു. ഈജിപ്ത്, യമന്‍, ഇറാഖ്, ഇറാന്‍, അബ്‌സീനിയ തുടങ്ങിയ നാടുകളിലേക്കുള്ള യാത്രകള്‍ ഖുറൈശികള്‍ക്ക് സാംസ്‌കാരികവും വൈജ്ഞാനികവുമായ വളര്‍ച്ച നേടിക്കൊടുത്തു. ഇറാഖില്‍ നിന്ന് അവര്‍ ലിപികള്‍ കൊണ്ടുവന്നു. അറേബ്യയില്‍ ഏറ്റവുമധികം അക്ഷരാഭ്യാസമുള്ളവര്‍ ഖുറൈശികളായി മാറി. ഈ ലിപിയിലാണ് പിന്നീട് ഖുര്‍ആന്‍ എഴുതപ്പെട്ടത്. സാമ്പത്തിക വളര്‍ച്ചയായിരുന്നു മറ്റൊന്ന്. വെട്ടിത്തുറന്ന വഴികളിലൂടെ വലിയ വ്യാപാര യാത്രകള്‍ ഖുറൈശികള്‍ നടത്തി. പുറംനാടുകളിലേക്കുള്ള കച്ചവട യാത്രകള്‍ വഴി ലാഭം നേടുക മാത്രമല്ല, മക്കയെ വലിയ കച്ചവട കേന്ദ്രമാക്കാനും സാധിച്ചു. ദേശാന്തരീയ വ്യാപാര സരണിയുടെ നേട്ടം ഖുറൈശികള്‍ക്ക് ലഭിച്ചു.
സ്വതന്ത്രവും സുരക്ഷിതവുമായ യാത്രാ മാര്‍ഗങ്ങളാണ് ഈ നേട്ടങ്ങളെല്ലാം ഖുറൈശികള്‍ക്ക് തുറന്നുകൊടുത്തത്. അക്കാലത്ത് അറേബ്യയുടെ യാത്രാ മാര്‍ഗങ്ങളില്‍ കൊള്ളയും കവര്‍ച്ചയും പതിവായിരുന്നു. പക്ഷേ, ഖുറൈശികള്‍ യാത്രകളില്‍ സുരക്ഷിതരായിരുന്നു. അവരെ ആരും കൊള്ളയടിച്ചില്ല. വഴിമധ്യേ വിവിധ ഗോത്രത്തലവന്മാര്‍ ഭീമമായി ‘വഴിക്കരം’ യാത്രികരില്‍നിന്ന് പിരിച്ചെടുത്തിരുന്നു. എന്നാല്‍, ഖുറൈശികള്‍ക്ക് ഭാരിച്ച ഈ വഴിക്കരവും കൊടുക്കേണ്ടിവന്നിരുന്നില്ല. പതിയിരിക്കുന്ന കൊള്ള സംഘങ്ങളില്‍നിന്ന് സുരക്ഷിതവും ‘നിയമവിധേയ’മാക്കപ്പെട്ട ഗോത്രമുഖ്യന്മാരുടെ കരം പിരിവുകളില്‍നിന്ന് സ്വതന്ത്രവുമായ സഞ്ചാര സൗകര്യം ഖുറൈശികള്‍ക്ക് ലഭിച്ച ദൈവാനുഗ്രഹമായിരുന്നുവെന്നത്, സമുദ്ര മാര്‍ഗങ്ങളില്‍ റോന്തുചുറ്റുന്ന കൊള്ളക്കാരുടെയും റോഡുകളില്‍ നിയമാനുകൂല്യം ലഭിച്ച കോര്‍പ്പറേറ്റുകളുടെ കരംപിരിവുകളുടെയും വര്‍ത്തമാനകാലത്ത് നമുക്ക് എളുപ്പം മനസ്സിലാകേണ്ടതാണ്. സുരക്ഷിതവും നിര്‍ഭയവുമായ യാത്രാ സൗകര്യങ്ങളിലൂടെ സുഭിക്ഷവും സമാധാനപൂര്‍ണവുമായ ജീവിത സാഹചര്യമൊരുക്കിക്കൊടുത്ത കഅ്ബാലയത്തിന്റെ നാഥന് വിധേയപ്പെടാനുള്ള ഖുര്‍ആന്റെ ആഹ്വാനവും ചിന്തനീയമാണ്: ”ഖുറൈശികള്‍ക്ക് സൗകര്യപ്പെടുത്തിക്കൊടുത്തതിന്. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്ര അവര്‍ക്ക് സൗകര്യപ്പെടുത്തിക്കൊടുത്തതിന്. ഈ ഭവനത്തിന്റെ നാഥനെ അവര്‍ വണങ്ങട്ടെ. വിശപ്പിന് ആഹാരവും ഭയത്തില്‍നിന്ന് നിര്‍ഭയത്വവും അവര്‍ക്ക് നല്‍കിയത് അവനല്ലേ” (ഖുറൈശ് 1-4).
സബഅ് ജനതയുടെ ചരിത്രം വിശകലനം ചെയ്യവെ സുരക്ഷിതവും സ്വതന്ത്രവുമായ യാത്രാ മാര്‍ഗങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്: ”അവര്‍ക്കും നാം അനുഗ്രഹിച്ച നാടുകള്‍ക്കും ഇടയില്‍ വേറെ ചില നാടുകള്‍ ഉണ്ടാക്കിയിരുന്നു. അവയില്‍ സഞ്ചാര ദൈര്‍ഘ്യം ഗണിച്ച് ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വഴികളില്‍ രാപ്പകല്‍ നിങ്ങള്‍ നിര്‍ഭയരായി സഞ്ചരിച്ചുകൊള്ളുവിന്‍” (സബഅ് 18). അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ദേശങ്ങളാണ് ‘പ്രകടമായ നാടുകള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്. രാജപാതക്കരികില്‍ അഥവാ മെയിന്‍ റോഡിന് സമീപം എല്ലാവര്‍ക്കും ദൃശ്യമാകുന്ന വിധത്തില്‍ സ്ഥിതി ചെയ്യുന്ന നാടുകളാണവ. ‘റോഡുകളുമായി ബന്ധിപ്പിക്കപ്പെട്ടവ’ എന്നാണ് അതിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്ന അര്‍ഥങ്ങളിലൊന്ന്. വെള്ളം, കൃഷി, മരങ്ങള്‍ എന്നിവയോടൊപ്പം ആ നാടുകള്‍ക്ക് നല്‍കപ്പെട്ട വലിയൊരു അനുഗ്രഹമായിരുന്നു സുഗമമായി യാത്ര ചെയ്യാനുതകുന്ന റോഡുകള്‍. രാവും പകലും നിര്‍ഭയമായും സ്വതന്ത്രമായും യാത്ര ചെയ്യാം എന്നതായിരുന്നു അവയുടെ സവിശേഷത. കൊള്ള സംഘങ്ങളെയോ വഴിക്കരം പിരിക്കുന്നവരെയോ യാത്രികര്‍ക്ക് ഭയക്കേണ്ടിയിരുന്നില്ല. ഭക്ഷണവും വെള്ളവും വിശ്രമ സൗകര്യവും ആവശ്യത്തിന് ലഭിക്കാതിരിക്കുക എന്നതാണല്ലോ യാത്രക്കാര്‍ പൊതുവെ നേരിടുന്ന പ്രയാസങ്ങള്‍. എന്നാല്‍ ആ റോഡുകളില്‍ അവയെല്ലാം സുലഭമായിരുന്നു. സ്ത്രീകള്‍ക്ക് രാപകല്‍ ഭേദമന്യേ നിര്‍ഭയമായി സഞ്ചരിക്കാമായിരുന്നു. സ്വന്തം പിതാവിന്റെ ഘാതകനെ വഴിയില്‍ കണ്ടാല്‍ പോലും പ്രതികാരം ചെയ്യുമായിരുന്നില്ല. അത്രക്ക് സ്വതന്ത്രമായിരുന്നു ആ പാതകള്‍ (തഫ്‌സീറുല്‍ ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍-ഇമാം ഖുര്‍ത്വുബി).
ജനവാസ കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സൗകര്യപ്രദമായ റോഡുകളിലെ യാത്രയുടെ ദൈര്‍ഘ്യം മുന്‍കൂട്ടി നിശ്ചയിക്കാവുന്ന വിധം സംവിധാനിക്കപ്പെട്ടതായിരുന്നു. ‘യമന്‍ മുതല്‍ ശാം വരെയുള്ള യാത്രയത്രയും ജനവാസ മേഖലയിലൂടെയാണെന്നും അതിലെ താവളങ്ങള്‍ തമ്മിലുള്ള ദൂരം സുപരിചിതവും നിര്‍ണിതവുമാണെന്നുമാണ്’ സഞ്ചാരദൂരം ഗണിച്ചു ചിട്ടപ്പെടുത്തി എന്നതിനര്‍ഥം. എന്നാല്‍, സഞ്ചാര സ്വാതന്ത്ര്യത്തിനോ സുരക്ഷിതത്വത്തിനോ സമയത്തിന്റെയും സ്ഥലങ്ങളുടെയും ദൈര്‍ഘ്യത്തിന്റെയും പരിമിതികളുണ്ടായിരുന്നില്ല. നടക്കുന്ന വഴിയുടെ ദൂരമളന്നും ഒട്ടകങ്ങളാദി വാഹനപ്പുറത്തുള്ള ചരക്കുകളുടെ തൂക്കം നോക്കിയും ‘വഴിക്കരം’ പിരിക്കുന്നവരെയോ കൊള്ളക്കാരെയോ ഭയക്കാതെ സ്വതന്ത്രമായി യാത്ര ചെയ്യാമായിരുന്നു. പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും പരിചിതമാക്കുകയും ചെയ്തിരുന്നു ആ റോഡുകള്‍.
പൊതുവഴികള്‍ വെറുതെ കടന്നുപോകാനുള്ള സ്ഥലങ്ങള്‍ മാത്രമല്ലെന്നും ജീവിതത്തിന്റെ പല രംഗങ്ങളിലും നിര്‍ണായക സ്വാധീനങ്ങള്‍ ചെലുത്താന്‍ കഴിയുന്ന സവിശേഷമായ പൊതു ഇടങ്ങളാണെന്നും ഈ ചരിത്ര വിശകലനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും, ജനങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍, കച്ചവടവും കൃഷിയും ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകള്‍, ദേശാന്തരീയ ബന്ധങ്ങള്‍, സാംസ്‌കാരികമായ ആദാനപ്രദാനങ്ങള്‍ തുടങ്ങിയവയിലെല്ലാം സുഗമമായ സഞ്ചാര പാതകള്‍ വഹിക്കുന്ന പങ്ക് പൗരാണിക നാഗരികതകളും ആധുനിക ദേശ രാഷ്ട്രങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ക്ഷേമ രാഷ്ട്രം
ഇസ്‌ലാമിന്റെ ക്ഷേമരാഷ്ട്ര സങ്കല്‍പം സഫലീകരിക്കപ്പെടുന്നതിന്റെ അടയാളങ്ങിലൊന്നായി സ്വതന്ത്രവും നിര്‍ഭയവുമായ യാത്രയെ പ്രവാചകന്‍ എടുത്തുകാണിക്കുന്നുണ്ട്. പീഡനം സഹിക്കവയ്യാതെ അസ്വസ്ഥരായി വന്ന അനുയായികളോട്, ദൈവിക ദര്‍ശനത്തിന്റെ വിജയവും ക്ഷേമരാഷ്ട്രത്തിന്റെ പുലര്‍ച്ചയും സ്വതന്ത്രവും നിര്‍ഭയവുമായ യാത്രയിലൂടെ അനുഭവിച്ചറിയാനാകുമെന്ന് മുഹമ്മദ് നബി പ്രവചിച്ചിട്ടുണ്ട്. ”അല്ലാഹുവാണ, സ്വന്‍ആ മുതല്‍ ഹളര്‍മൗത്ത് വരെ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന അവസ്ഥ വരുംവിധം ഈ ദൗത്യം അല്ലാഹു പൂര്‍ത്തീകരിക്കും. അല്ലാഹുവെയും ആടുകളെ പിടിക്കുന്ന ചെന്നായയെയും മാത്രമേ ഭയപ്പെടേണ്ടിവരൂ” (ബുഖാരി, കിതാബുല്‍ മനാഖിബ്).
അക്കാലത്ത് അഞ്ചുനാള്‍  ദൈര്‍ഘ്യമുള്ള യാത്രയായിരുന്നു സന്‍ആഇനും ഹദര്‍മൗത്തിനുമിടയില്‍ വേണ്ടിയിരുന്നത്. ഒട്ടും സുരക്ഷിതമായിരുന്നില്ല വഴി. അക്രമികളുടെ കവര്‍ച്ചയില്‍ നിന്നും നിര്‍ഭീതമോ, ഗോത്ര മുഖ്യന്മാരുടെയും അവരുടെ ഗുണ്ടകളുടെയും കരംപിരിവില്‍നിന്ന് സ്വതന്ത്രമോ ആയിരുന്നില്ല വഴി. അത്തരമൊരു സാഹചര്യത്തില്‍ നബിയുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറെയാണ്. ഇസ്‌ലാമിന്റെ വിജയവും ക്ഷേമ രാഷ്ട്രത്തിന്റെ പിറവിയും പ്രവചിക്കവെ പ്രവാചകന്‍, സ്വതന്ത്രവും സുരക്ഷിതവുമായ യാത്രാ സൗകര്യത്തെക്കുറിച്ച് പറഞ്ഞതിന്റെ പൊരുളെന്താണ്? മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുംവിധം വഴികള്‍ വില്‍പനക്ക് വെക്കുകയും, കരംപിരിവെന്ന പേരില്‍ പകല്‍ കൊള്ളകള്‍ക്ക് നിയമപരത ലഭിക്കുകയും, ജനം ചൂഷിതരും ഭീതിതരുമാവുകയും, യാത്രികര്‍ എവിടെയും കവര്‍ച്ചക്കും കൊലക്കും വിധേയരാവുന്ന സാമൂഹികാന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ നബിവചനത്തെ പുനര്‍വായിക്കേണ്ടതല്ലേ?
ഒരു ജനതയുടെ സാംസ്‌കാരിക ഔന്നിത്യത്തിന്റെയും നാഗരിക വികാസത്തിന്റെയും അടയാളക്കുറികളാണ് അവരുടെ റോഡുകളും ഗതാഗത സംവിധാനങ്ങളും. സ്ത്രീകളുള്‍പ്പെടെ ഏതൊരാള്‍ക്കും ജീവനും സ്വത്തിനും അഭിമാനത്തിനും ഭീഷണിയില്ലാതെ എപ്പോഴും എവിടെയും യാത്ര ചെയ്യാവുന്ന സാമൂഹികാന്തരീക്ഷം സാംസ്‌കാരികമായ വളര്‍ച്ച നേടിയ സമൂഹങ്ങളിലേ നിലനില്‍ക്കൂ. വൃത്തിയും വെടിപ്പും സൗന്ദര്യവും സൗകര്യങ്ങളും വിശാലതയും വ്യവസ്ഥാപിതത്വവുമുള്ള റോഡുകളും ഇടവഴികളും മെച്ചപ്പെട്ട നാഗരികതയുടെ നിദര്‍ശനമാണ്. വിശുദ്ധ ഖുര്‍ആന്റെ ആശയപരിസരത്ത് പ്രവാചകനും പിന്നീട് അനുചരന്മാരും വിരിയിച്ചെടുത്ത ഇസ്‌ലാമിക നാഗരികതയുടെ താളുകളില്‍ ഇതിന്റെ മനോഹരമായ ആവിഷ്‌കാരങ്ങള്‍ കാണാം.

നഗരസംവിധാനവും റോഡുകളും
ഇസ്‌ലാമിന്റെ സവിശേഷമായ ജീവിതവീക്ഷണത്തില്‍നിന്നാണ് അതിന്റെ രാഷ്ട്ര സങ്കല്‍പം രൂപപ്പെടുന്നത്. ഗതകാല മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രശേഷിപ്പുകളിലൂടെ യാത്ര ചെയ്താല്‍ അവരുടെ നാഗരികത, ഇസ്‌ലാമിക ദര്‍ശനത്തിന്റെ സവിശേഷതകളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് വളര്‍ന്നുവികസിച്ചത് കാണാം. ഇസ്‌ലാമിന്റെ വിശ്വാസവും സംസ്‌കാരവും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാ കര്‍മങ്ങളിലും മാത്രമല്ല, കച്ചവടത്തിലും കൃഷിയിലും കളിക്കളങ്ങളിലും കുളിപ്പുരകളിലും വഴികളിലും വീടുകളിലുമെല്ലാം പ്രതിഫലിച്ചിരുന്നു. പ്രവാചകന്‍ സ്ഥാപിച്ച മദീനയും പിന്നീട് വളര്‍ന്നുവന്ന ബഗ്ദാദ്, ദമസ്‌കസ്, കൊര്‍ദോവ, സാമര്‍റ തുടങ്ങിയ നഗരങ്ങളും ഇതിന്റെ സാക്ഷ്യങ്ങളാണ്.
പള്ളികളെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് ഇസ്‌ലാമിക ചരിത്രത്തില്‍ നഗരങ്ങള്‍ സംവിധാനിക്കപ്പെട്ടത്. ഇന്നത്തേതുപോലെ പരക്കെ ജനവാസമില്ലാത്ത കാലത്ത്, കൃഷിഭൂമി, വിജന പ്രദേശങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിങ്ങനെ സ്ഥലങ്ങള്‍ വിഭജിക്കപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങളുടെ മുഖ്യസ്ഥാനത്ത് പള്ളികളാണ് ഉണ്ടായിരുന്നത്. അവയോട് ചേര്‍ന്ന് ഭരണകേന്ദ്രം, കച്ചവടാവശ്യാര്‍ഥമുള്ള മാര്‍ക്കറ്റ്, വിദ്യാലയങ്ങള്‍, ജനങ്ങളുടെ താമസസ്ഥലങ്ങള്‍, പ്രദേശവാസികള്‍ക്ക് ഒരുമിച്ചുകൂടാവുന്ന തുറന്ന പൊതു സ്ഥലങ്ങള്‍, ജലസംഭരണികള്‍ തുടങ്ങിയവ പരസ്പര ബന്ധിതമായി നിര്‍മിക്കപ്പെട്ടു. ഓരോ ഭാഗത്തുനിന്നുമുള്ള വഴികള്‍ പള്ളികളില്‍ ചെന്നുചേരുന്ന വിധമാണ് സംവിധാനിക്കപ്പെട്ടിരുന്നത്. ശരീഅത്തിന്റെ പൊതുതത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് മിക്കപ്പോഴും നഗര സംവിധാനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇബ്‌നുഖല്‍ദൂനെ പോലുള്ള ചരിത്രകാരന്മാരും ഒട്ടനവധി യൂറോപ്യന്‍ എഴുത്തുകാരും ഇമാം മാവര്‍ദിയെപ്പോലുള്ള പണ്ഡിതന്മാരും ഇതുസംബന്ധിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രവാചകന്‍ സ്ഥാപിച്ച ‘മദീന’യാണ് നഗര സംവിധാനത്തിന്റെ പ്രധാന മാതൃക. ഈ നബിചര്യയില്‍ ഊന്നിക്കൊണ്ടും ഇസ്‌ലാമിക ശരീഅത്തിലെ നിയമനിര്‍ദേശങ്ങള്‍ ആവശ്യാനുസാരം വികസിപ്പിച്ചുമാണ് നഗരസംവിധാനമുള്‍പ്പെടെ വികസനത്തിന്റെ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ ഇമാറത്തില്‍ ഇസ്‌ലാമിയ്യ) ആവിഷ്‌കരിച്ചിരിക്കുന്നത്. റോഡുകളും ജലസേചന സംവിധാനങ്ങളും മറ്റും ചര്‍ച്ചയാകുന്നത് ‘വികസനത്തിന്റെ കര്‍മശാസ്ത്ര’ത്തിലാണ്.
ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭ്യമാക്കുക, ഉപദ്രവകരമായത് തടയുക, ഖിബ്‌ലക്ക് അഭിമുഖമാവുക, അയല്‍പക്കബന്ധങ്ങള്‍ പാലിക്കുക, എല്ലാ അര്‍ഥത്തിലും നന്മകളെ (ഇഹ്‌സാന്‍) പ്രയോഗവത്കരിക്കുക എന്നിവയാണ് നഗര വികസനത്തില്‍ സൂക്ഷിക്കേണ്ട പ്രധാന തത്ത്വങ്ങള്‍ എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി, കച്ചവട കേന്ദ്രങ്ങള്‍, കുളിപ്പുരകള്‍, ജലസംഭരണികള്‍, ഭരണകേന്ദ്രങ്ങള്‍, റോഡുകള്‍ തുടങ്ങിയവ നഗരസംവിധാനത്തില്‍ ഉറപ്പുവരുത്തണം. ഇബ്‌നു അബീര്‍റബീഅ (മരണം ഹി. 272/ക്രി. 990) നഗര സംവിധാനത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട അടിസ്ഥാന തത്ത്വങ്ങള്‍ വിവരിക്കവെ ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, സുഗമമായി സഞ്ചരിക്കാവുന്ന ചെറു വഴികളും മെയിന്‍ റോഡുകളും നിര്‍മിക്കുക എന്നിവ പ്രാധാന്യപൂര്‍വം സൂചിപ്പിച്ചിട്ടുണ്ട്. വിശാലതയുള്ളതും നഗരപ്രാന്തങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതുമാകണം റോഡുകള്‍. നഗരമധ്യത്തില്‍ എല്ലാവര്‍ക്കും ഒത്തുചേരാവുന്നവിധം പള്ളി പണിയണം. പ്രദേശത്തിന്റെ സാമൂഹിക, രാഷ്ട്രീയ കേന്ദ്രമായിരിക്കണം അത്. ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് വ്യാപാരസ്ഥാപനങ്ങളുണ്ടാകണം…. (സുലൂകുല്‍ മാലിക് ഫീ തദ്ബീരില്‍ മമാലിക്, പേജ് 192, ദാറുല്‍ അന്‍ദലുസ്, ബൈറൂത്ത് 1981).
കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം മാവര്‍ദിയുടെ ഇവ്വിഷയകമായുള്ള നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ് (അത്തഫ്‌സീറു അശര്‍ഈ ലിത്തമദ്ദുന്‍-ജാമിഅത്തുകൈവത്ത്, സില്‍സിലത്തുറസാഇല്‍ ജഗ്‌റാഫിയ നമ്പര്‍ 62, 1984, പേജ് 22).
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഇസ്‌ലാമിക പണ്ഡിതന്മാരും മുസ്‌ലിം ഭരണാധികാരികളും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതത് കാലത്തെ ആവശ്യത്തിനനുസരിച്ച് വിശാലതയും അനുബന്ധ സൗകര്യങ്ങളുമുള്ള റോഡുകള്‍ ഇസ്‌ലാമിക നഗരങ്ങളുടെ പ്രത്യേകതകളിലൊന്നായിരുന്നു. റോഡുകളോട് ചേര്‍ന്ന് കുടിവെള്ളം, കുളിപ്പുരകള്‍, വിശ്രമകേന്ദ്രങ്ങള്‍, വഴിവിളക്കുകള്‍ തുടങ്ങിയവ സംവിധാനിക്കപ്പെട്ടിരുന്നു. അഴുക്കുചാലുകള്‍ നിര്‍മിച്ചും ഇഷ്ടികകള്‍ പാകിയും റോഡുകള്‍ വൃത്തിയായി സൂക്ഷിച്ചിരുന്നു. ‘യൂറോപ്പ് സൂര്യാസ്തമയത്തോടെ ഇരുളടയുമ്പോള്‍ കൊര്‍ദോവയുടെ തെരുവീഥികള്‍ ആയിരക്കണക്കായ വിളക്കുകളാല്‍ പ്രശോഭിതമായിരുന്നു. ആയിരക്കണക്കായ കുളങ്ങളും കുളിപ്പുരകളും വൃത്തിയുടെ നിദര്‍ശനമെന്നോണം അവിടെ നിറഞ്ഞുനിന്നിരുന്നു. കൊര്‍ദോവയിലെ ഇടവഴികള്‍ പോലും ഇഷ്ടികകള്‍ പതിച്ചതായിരുന്നു.’ എന്ന് ഗിബണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബഗ്ദാദ് നഗരത്തില്‍ 12-ഓളം മെയിന്‍ റോഡുകള്‍ ഉണ്ടായിരുന്നു. സാമര്‍റയില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘമുള്ള വിശാലമായ റോഡുകള്‍ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കി. പൊതു ഉടമസ്ഥത, വിശാലത, സുരക്ഷിതത്വം, വെള്ളത്തിന്റെയും വിശ്രമ സ്ഥലങ്ങളുടെയും ലഭ്യത എന്നിവയായിരുന്നു റോഡുകളുടെ സവിശേഷത. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ സംവിധാനിക്കപ്പെട്ട പൊതു ഇടങ്ങളില്‍ (അല്‍അമാകിനുല്‍ ആമ്മ) ഉള്‍പ്പെടുന്നതാണ് റോഡ്. ഭരണാധികാരികള്‍ യാത്രികരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കി അവരെ സേവിക്കുകയാണ് ചെയ്തത്. വഴിക്കരം പിരിക്കാന്‍ ടോള്‍ബൂത്തുകള്‍ സ്ഥാപിച്ച് അവരെ ചൂഷണം ചെയ്യുകയായിരുന്നില്ല. ജനങ്ങളുടെ സുരക്ഷിത യാത്രക്ക് അവസരമൊരുക്കുകയായിരുന്നു ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ നിയമപാലകരുടെ ദൗത്യം. പിടിച്ചുപറിക്കാര്‍ക്ക് സംരക്ഷണം നല്‍കലായിരുന്നില്ല. ഭരണാധികാരികള്‍ ജനസേവകരാണെന്ന ഉത്തമബോധ്യമായിരുന്നു അവരെ നയിച്ചത്.

പൊതു ഉടമസ്ഥത
ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വഴികള്‍ നിര്‍മിച്ച് ഒരു വിഭാഗത്തെ മറു വിഭാഗത്തിന്റെ വഴികളില്‍ പ്രവേശിക്കുന്നത് വിലക്കിയ നാഗരികതകളെയും മതാചാരങ്ങളെയും തിരുത്തിക്കൊണ്ട് വഴികളില്‍ എല്ലാവര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയാണ് ഇസ്‌ലാം ചെയ്തത്. എല്ലാവര്‍ക്കും ഒരുപോലെ നടക്കാവുന്ന പൊതുവഴി എന്നത് ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണത്തിന്റെ പ്രതിഫലനം കൂടിയാണ്. പൊതുവഴികള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് വ്യക്തികള്‍ക്ക് കൈയേറ്റം ചെയ്യാനോ സ്വകാര്യ ഉടമസ്ഥതയില്‍ കൊണ്ടുവരാനോ പാടുള്ളതല്ല. കരമാര്‍ഗങ്ങളും ജലപാതകളും പൊതുവായി നിലനില്‍ക്കേണ്ടതും ജനങ്ങള്‍ കൂട്ടുത്തരവാദിത്വത്തോടെ സംരക്ഷിക്കേണ്ടതുമാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ റോഡുകള്‍ പോലുള്ള പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റിന് നിബന്ധനകളോടെ ഏറ്റെടുക്കാമെന്നും ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പൊതുസ്ഥലങ്ങളിലൊന്നാണ് റോഡ്. അവിടെ വ്യക്തികള്‍ക്ക് കെട്ടിടങ്ങളുണ്ടാക്കാനോ യാത്രികര്‍ക്ക് പ്രയാസമുണ്ടാക്കാക്കുന്ന പ്രവൃത്തികള്‍ നടത്താനോ പാടില്ല. വേണ്ടത്ര വീതിയും വിശാലതയും അതിന് ഉറപ്പുവരുത്തുകയും വേണം (ഇസ്തിറാതീജിയ്യത്തു ഇസ്തിദാമത്തി ശവാരിഇതിജാരിയ്യ-സുഹൈര്‍ ഇസ്വാം ഇബ്‌റാഹീം സുവൈലിം, പേജ് 19-21).
”റോഡുകള്‍ പൊതുസ്വത്താണ്. അത് ഉപയോഗിക്കുന്നവരാണ് അതിന്റെ അവകാശികള്‍. അതുകൊണ്ട് യാത്രക്കാരാണ് റോഡിന്റെ യഥാര്‍ഥ ഉടമകള്‍” (അല്‍മുദ്‌നുല്‍ ഇസ്‌ലാമിയ്യ വശവാരിഉഹാ-അബ്ഖരിയ്യത്തു തഖ്ത്വീത്വില്‍ ഇംറാനീ -Darulhayat.com/Details/343074). കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി അധ്യാപകനും സലഫി പണ്ഡിതനുമായ ഡോ. മുസ്വ്ഫറുബ്‌നു അലി അല്‍ബഹ്ത്വാനി ഇതുസംബന്ധിച്ച പണ്ഡിതാഭിപ്രായങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് എഴുതുന്നു: ”റോഡുകള്‍ പൊതുസ്ഥലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ പൊതുജനങ്ങള്‍ക്കെല്ലാം അത് പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണുള്ളത്. യാത്ര ചെയ്യാനാണ് അത് നിര്‍മിക്കപ്പെട്ടത്. എന്നാല്‍ യാത്രികര്‍ക്ക് പ്രയാസമുണ്ടാക്കാതെ മറ്റു ആവശ്യങ്ങള്‍ക്ക് റോഡുകള്‍ ഉപയോഗിക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതൊന്നും റോഡില്‍ അനുവദിക്കപ്പെടില്ല. ‘ദ്രോഹവും പ്രതിദ്രോഹവും  പാടില്ല’ എന്ന ഹദീസാണിതിന് തെളിവ്.” ശൈഖ് ഇബ്‌നു ബാസ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരെ അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നുണ്ട് (ഫിഖ്ഹുല്‍ മുറൂര്‍ വആദാബുഹു ഫില്‍ ഇസ്‌ലാം).
മൂന്ന് തരം റോഡുകളെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചര്‍ച്ച  ചെയ്തിട്ടുണ്ട്. 1. പൊതു റോഡുകള്‍. രാജ്യത്തെ എല്ലാ പ്രധാന വഴികളും പൊതുവായിരിക്കും. 2. ഒരു പ്രദേശത്തെ താമസക്കാര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന റോഡുകള്‍. തീര്‍ത്തും പൊതു ഉടമസ്ഥതയിലുള്ളതല്ലെങ്കിലും പൊതുജനങ്ങള്‍ക്ക് അതില്‍ പ്രവേശനം നിഷേധിക്കാനോ കൊട്ടിയടക്കാനോ പാടില്ല. 3. സ്വകാര്യ റോഡുകള്‍. വ്യക്തികള്‍ അവരുടെ വീടുകളിലേക്കോ മറ്റോ ഉണ്ടാക്കുന്നവ. സുരക്ഷക്കും സ്വകാര്യതക്കും വേണ്ടി ഇവയില്‍ വാതിലുകള്‍ സ്ഥാപിക്കാനും അടച്ചിടാനും വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

സഞ്ചാര സ്വാതന്ത്ര്യം
സംരക്ഷിക്കുക
സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കാനാവശ്യമായ ധാര്‍മികവും നിയമപരവുമായ നടപടിക്രമങ്ങള്‍ ഇസ്‌ലാം അനുശാസിക്കുന്നു. യാത്രക്കാര്‍ക്ക് ഉപദ്രവകരമായതൊന്നും വഴികളില്‍ ഉണ്ടാവരുതെന്ന് പ്രവാചകന്‍ ആവര്‍ത്തിച്ച് ഉല്‍ബോധിപ്പിക്കുന്നുണ്ട്. പൊതുവഴികള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇസ്‌ലാം വിലക്കുന്നു. പൊതുവഴികളില്‍ കൂട്ടം കൂടി നില്‍ക്കുക, യാത്രികര്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കുക, യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുംവിധം ബഹളം വെക്കുക തുടങ്ങിയവയും നബി(സ) വിലക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കൂടിച്ചേരാനും പരിപാടികള്‍ നടത്താനും മറ്റു പ്രത്യേക മൈതാനങ്ങള്‍ നഗരസംവിധാനത്തിന്റെ ഭാഗമായി സ്ഥാപിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇസ്‌ലാമിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനാ കര്‍മമായ നമസ്‌കാരം പോലും യാത്രക്കാര്‍ക്ക് പ്രയാസകരമാവുംവിധം റോഡില്‍ വെച്ച് നിര്‍വഹിക്കരുതെന്നാണ് നിയമം. സഞ്ചാര സ്വാതന്ത്ര്യത്തിന് ഇസ്‌ലാം എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
സഞ്ചാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
1. വഴി തടയുന്നവന്‍ ശപിക്കപ്പെട്ടവനാണ്. മുഹമ്മദ് നബി(സ) പറഞ്ഞു: മൂന്നു വിഭാഗം ശപിക്കപ്പെട്ടിരിക്കുന്നു. ഒന്ന്, തണല്‍ ലഭിക്കുന്ന വിശ്രമ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നവര്‍. രണ്ട് – പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം തടയുന്നവര്‍. മൂന്ന്, യാത്രാ വഴികള്‍ തടയുന്നവര്‍.
2. പൊതുവഴികളില്‍ നമസ്‌കാരം പാടില്ല – ഏഴു സ്ഥലങ്ങളില്‍ നബി നമസ്‌കാരം നിരോധിച്ചു. അവയിലൊന്ന് പൊതുവഴികളാണ്. ചില പണ്ഡിതര്‍ പൊതു വഴികളില്‍ നിരുപാധികം നമസ്‌കാരം പാടില്ലെന്ന് പറയുന്നു. ചിലര്‍, ജുമുഅയും പെരുന്നാളും മാത്രം ആകാം എന്ന് അഭിപ്രായപ്പെടുന്നു. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രമേ പൊതുവഴികളില്‍ നമസ്‌കരിക്കാവൂ എന്നാണ് മറ്റു ചിലരുടെ നിലപാട്. പൊതുജനത്തിന് പ്രയാസമുണ്ടാക്കും, ഗതാഗത തടസ്സമുണ്ടാക്കും എന്നതാണ് നമസ്‌കാരം പാടില്ല എന്നു പറയുന്നതിന്റെ കാരണം (അല്‍ മൗസുഅത്തുല്‍ ഫിഖ്ഹിയ്യ 27/114, 38, 267).
3. പൊതുവഴികളോ പൊതുസ്ഥലങ്ങളോ കൈയേറരുത്. നബി പറഞ്ഞു: ജനങ്ങളുടെ വഴിയില്‍ നിന്നോ പൊതുസ്ഥലത്തുനിന്നോ ഒരു ചാണ്‍ കൈയേറിയവന്റെ കഴുത്തില്‍ അന്ത്യനാളില്‍ അല്ലാഹു ഏഴു ഭൂമികള്‍ തൂക്കിയിടും.
4. വഴിയില്‍ തടസ്സങ്ങളോ ശല്യപ്പെടുത്തുന്ന കാര്യങ്ങളോ ഉണ്ടാവരുത്. നബി പറഞ്ഞു: വിശ്വാസം എഴുപതില്‍പരം ശാഖകളാകുന്നു. അതില്‍ ഏറ്റവും ഉന്നതമായത് അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന പ്രഖ്യാപനമാണ്. ഏറ്റവും താഴെ നില്‍ക്കുന്നത് വഴിയില്‍ നിന്ന് പ്രയാസങ്ങള്‍ നീക്കം ചെയ്യലാണ്.” വഴിയരികില്‍ കുഴിയെടുക്കലും വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ വഴിയില്‍ തള്ളലും പൊളിക്കുമ്പോള്‍ പൊടിപടലങ്ങള്‍ യാത്രികരെ ശല്യം ചെയ്യുന്നതും നിഷിദ്ധമാണെന്ന് ഈ ഹദീസ് മുന്‍നിര്‍ത്തി പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. വഴിയരികില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പ്രവാചക വചനമനുസരിച്ച് നിഷിദ്ധമാണ്.
5. വഴിയാത്രക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം. അവ ഹനിക്കും വിധം വഴികളില്‍ ഇരിക്കരുത്. നബി(സ) പറഞ്ഞു: ”വഴികളില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുക. അനുയായികള്‍ പ്രതിവചിച്ചു: വഴികളില്‍ ഇരിക്കാതെ ഞങ്ങള്‍ക്ക് നിര്‍വാഹമില്ല, അവിടെയിരുന്നാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. നബി(സ) വിശദീകരിച്ചു: വഴിയരികില്‍ ഇരിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ വഴിയുടെ അവകാശങ്ങള്‍  നല്‍കുക. അവര്‍ ചോദിച്ചു: എന്താണ് പ്രവാചകരേ വഴിയുടെ അവകാശങ്ങള്‍? നബി പറഞ്ഞു: നിഷിദ്ധമായ കാഴ്ചകള്‍ക്കു നേരെ കണ്ണടക്കുക, ഉപദ്രവങ്ങള്‍ തടയുക, അഭിവാദ്യങ്ങള്‍ക്ക് പ്രത്യഭിവാദ്യം ചെയ്യുക, നന്മ കല്‍പിക്കുക, തിന്മ തടയുക.”
പൊതു സ്ഥലങ്ങളും റോഡുകളും സവിശേഷമായി ചര്‍ച്ചചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് ഈ നബിവാക്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. മറ്റൊരു സംഭവം കാണുക: മദീനയിലെ ബക്ര്‍ ഗോത്രത്തലവന്‍ തമീമ ഇസ്‌ലാം സ്വീകരിച്ചു. വടക്കുനിന്ന് മക്കയിലേക്കുള്ള ‘ഒട്ടകപാത’ ബക്ര്‍ ഗോത്രത്തിനരികിലൂടെയാണ് കടന്നുപോകുന്നത്. പ്രവാചകനെയും അനുയായികളെയും ഏറെ ദ്രോഹിച്ച മക്കക്കാരോടുള്ള ദേഷ്യം കാരണം ആ ഒട്ടക പാതയിലൂടെയുള്ള മക്കക്കാരുടെ യാത്ര തമീമ തടഞ്ഞു. മക്കയിലേക്കുള്ള ചരക്കു നീക്കം സ്തംഭിച്ചു. അവര്‍ പട്ടിണിയിലായി. വിവരമറിഞ്ഞ പ്രവാചകന്‍, തന്നെ കഠിനമായി ദ്രോഹിച്ചവരായിരുന്നിട്ടും മക്കക്കാരുടെ വഴി തടയരുതെന്ന് തമീമയോടാവശ്യപ്പെട്ടു. എതിരാളികളുടെ പോലും വഴി തടഞ്ഞ് ജീവിതം വഴിമുട്ടിക്കാന്‍ അനുവദിക്കാത്ത പ്രവാചകന്‍ സഞ്ചാരസ്വാതന്ത്ര്യത്തെ മനുഷ്യന്റെ മൗലികാവകാശമായി കണ്ട് സംരക്ഷിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്തത്.

ADD COMMENT

Previous Next
Close
Test Caption
Test Description goes like this