മൂസാ പ്രവാചകന്റെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങളാണ് ഈജിപ്തും ഫലസ്ത്വീനും. നിഷ്ഠുരനായ സ്വേഛാധിപതി ഫറോവയും ഖിബ്ത്വികളും ഒരു വശത്തും മൂസാ നബി മറുവശത്തും മുഖാമുഖം നില്‍ക്കുകയായിരുന്നു ഈജിപ്തില്‍. ഫാഷിസത്തിന്റെ പ്രാഗ്‌രൂപം അപരവല്‍ക്കരണത്തിന്റെയും വംശഹത്യയുടെയും രൗദ്രഭാവങ്ങളോടെ അവിടെ അരങ്ങുവാണു. ഇതിനെ മൂസാ നബി അഭിമുഖീകരിച്ചത്, പ്രബോധനപരമായ ആശയസംവാദം, പ്രാര്‍ഥന, സഹനം എന്നിവയിലൂടെയായിരുന്നു. ഈജിപ്തില്‍ മൂസാ നബി സ്വീകരിച്ച നയസമീപനത്തില്‍ ഈ മൂന്ന് ഘടകങ്ങള്‍ക്കപ്പുറം, ഫറോവയോടും ഖിബ്ത്വി ഫാഷിസത്തോടും സായുധ സംഘട്ടനത്തിന്റെ രീതി അവലംബിക്കുകയുണ്ടായില്ല. എന്നാല്‍, ഫലസ്ത്വീനിലെ രണ്ടാം ഘട്ടത്തില്‍ മൂസാ നബിയുടെ രീതിശാസ്ത്രം ഈജിപ്തിലെ ആദ്യഘട്ടത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ട മൂസാ നബിയും അനുയായികളും സീനാ മരുഭൂമിയിലെത്തി. വാഗ്ദത്ത ഭൂമിയായ ഫലസ്ത്വീനിലേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു മൂസാ നബി അനുചരന്മാരോട് കല്‍പ്പിച്ചത്. ഫലസ്ത്വീനിലെ അക്രമികളോടുള്ള സായുധസംഘട്ടനവും അതിന്റെ ഭാഗമായിരുന്നു. ‘ഫലസ്ത്വീനില്‍ അക്രമികളായ ജനങ്ങളാണുള്ളത്, നീയും നിന്റെ റബ്ബും പോയി സംഘട്ടനത്തിലേര്‍പ്പെടുക. ഞങ്ങളിവിടെ ഇരിക്കുകയാണ്’ എന്നായിരുന്നു മൂസാ നബിക്ക് അനുചരന്മാരില്‍നിന്ന് ലഭിച്ച പ്രതികരണം.
ചോരക്കലാപം തീര്‍ത്ത ഈജിപ്തിലെ ഫാഷിസ്റ്റ്‌വാഴ്ചക്കെതിരെ സായുധസമരമാര്‍ഗം സ്വീകരിക്കാതിരുന്ന മൂസാ നബി പക്ഷേ, ഫലസ്ത്വീനില്‍ അധിവസിക്കാനുള്ള ബനൂഇസ്രാഈല്യരുടെ അവകാശം സാധിച്ചെടുക്കാന്‍ സായുധസമരവും നിര്‍ദേശിക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈ ചരിത്രം വിവരിച്ചിട്ടുണ്ട് (അല്‍അഅ്‌റാഫ് 120-130). സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളും ജനതതികളുടെ ജീവിതവളര്‍ച്ചയും നിയമതത്ത്വങ്ങളിലും നയസമീപനങ്ങളിലും മുന്‍ഗണനകളിലും അനിവാര്യമാക്കുന്ന പരിവര്‍ത്തനങ്ങളുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മൂസാ നബി ഈജിപ്തിലും ഫലസ്ത്വീനിലും സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍. മൂസാ നബിയുടെയും ഇതര പ്രവാചകന്മാരുടെയും പ്രവര്‍ത്തനങ്ങളഖിലം ദൈവിക മാര്‍ഗദര്‍ശനത്തെ ആധാരമാക്കിയുള്ളതാണ്. ഈയര്‍ഥത്തില്‍ നല്‍കപ്പെടുന്ന ദിവ്യവെളിപാടുകളും വേദഗ്രന്ഥങ്ങളും (കിതാബുല്ലാഹ്) അവക്ക് പ്രവാചകന്മാര്‍ നല്‍കുന്ന പ്രായോഗിക വിശദീകരണങ്ങളും (സുന്നത്ത്) അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക നിയമസംഹിത രൂപപ്പെടുന്നത്. ‘ഓരോ ജനതക്കും നാം നിയമവ്യവസ്ഥയും കര്‍മമാര്‍ഗവും നിശ്ചയിച്ചിരിക്കുന്നു’ എന്നത് ദൈവികമായ നടപടിക്രമമാണ്. ക്രമപ്രവൃദ്ധമായി വളര്‍ന്നുവന്നതും കാലദേശാനുസൃതവുമായ നിയമങ്ങളും (ശരീഅത്ത്) കര്‍മമാര്‍ഗങ്ങളും (മന്‍ഹജ്) വ്യത്യസ്ത പ്രവാചകന്മാര്‍ക്ക് വെവ്വേറെ നല്‍കപ്പെടുക മാത്രമല്ല ഉണ്ടായിട്ടുള്ളത്. ഒരേ പ്രവാചകനു തന്നെ കാലം, ദേശം, സാഹചര്യം, മുന്‍ഗണന തുടങ്ങിയവയിലെ അന്തരങ്ങള്‍ മുന്‍നിര്‍ത്തി വ്യത്യസ്ത നിയമങ്ങളും നയരേഖകളും നല്‍കപ്പെടുകയുണ്ടായി. ഇസ്‌ലാമിക നിയമസംഹിതയുടെ മൗലിക സവിശേഷതയായ വികാസക്ഷമത സാക്ഷാത്കരിക്കുകയെന്ന ചരിത്രപരമായ അനിവാര്യതയാണ് അതിലൂടെ പുര്‍ത്തീകരിക്കപ്പെട്ടത്. പ്രവാചകന്മാരുടെ കര്‍മമണ്ഡലങ്ങളില്‍ സാമൂഹിക മാറ്റങ്ങള്‍ക്കനുസൃതമായി നിയമവിധികളില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളുടെ ഖുര്‍ആനിക സാക്ഷ്യങ്ങള്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലും കാണാവുന്നതാണ്. അക്രമികള്‍ക്കെതിരായ സായുധസമരത്തിന്റെ കാര്യത്തില്‍ മക്കയിലും മദീനയിലും നല്‍കപ്പെട്ട വ്യത്യസ്ത വിധികള്‍ നമുക്ക് സുപരിചിതമാണ്. ഇരുപക്ഷങ്ങള്‍ തമ്മിലുള്ള സായുധസംഘട്ടനത്തിലെ സംഖ്യാപരമായ അനുപാതം സംബന്ധിച്ച് ഖുര്‍ആനിക വിവരണം നിയമതത്ത്വങ്ങളില്‍ അവസ്ഥാനന്തരങ്ങളെ എങ്ങനെ പരിവര്‍ത്തനം വരുത്തുന്നുവെന്ന് പിഠിപ്പിക്കുന്നതാണ്. ഒരു യുദ്ധവേളയില്‍ അവതീര്‍ണമായ നിര്‍ദേശമിങ്ങനെ: ”പ്രവാചകരേ, സത്യവിശ്വാസികളെ ധര്‍മയുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ 20 പേരുണ്ടെങ്കില്‍ അവര്‍ 200 പേരെ ജയിച്ചടക്കും. നിങ്ങളില്‍ അത്തരം 100 പേരുണ്ടെങ്കില്‍ ധര്‍മധിക്കാരികളായ 1000 പേരെ ജയിച്ചടക്കാം. കാരണം അവര്‍ തിരിച്ചറിവില്ലാത്ത ജനതയാണ്” (അല്‍ അന്‍ഫാല്‍ 65). ഈ സൂക്തത്തിലെ അനുപാതം 20-200, 100-1000 എന്ന സ്വഭാവത്തിലാണ്. എന്നാല്‍ വിശ്വാസിസമൂഹത്തിന്റെ ദൗര്‍ബല്യം മനസ്സിലാക്കിയ ഉടന്‍ ഈ അനുപാതത്തില്‍ അല്ലാഹു മാറ്റം വരുത്തുകയുണ്ടായി. തൊട്ടടുത്ത സൂക്തത്തില്‍ തന്നെ ഇത് വായിക്കാം: ”എന്നാല്‍ ഇപ്പോള്‍ അല്ലാഹു നിങ്ങളുടെ ഭാരം ലഘൂകരിച്ചിരിക്കുന്നു. നിങ്ങളില്‍ ഇപ്പോള്‍ ദൗര്‍ബല്യമുണ്ടെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങളില്‍ സഹനശീലരായ 100 പേരുണ്ടെങ്കില്‍ ഇരുനൂറ് പേരെയും അത്തരം ആയിരം പേരുണ്ടെങ്കില്‍ രണ്ടായിരം പേരെയും അല്ലാഹുവിന്റെ ഹിതത്താല്‍ ജയിക്കാവുന്നതാണ്. അല്ലാഹു സഹനശീലരോടൊപ്പമത്രെ!” (അല്‍ അന്‍ഫാല്‍ 66). സമൂഹത്തിന്റെ ദൗര്‍ബല്യം മനസ്സിലാക്കി ബാധ്യതകളുടെ സ്വഭാവത്തില്‍ നിയമപരമായിത്തന്നെ ലഘൂകരണം വരുത്തിയെന്നാണ് ഈ ആയത്തുകള്‍ വ്യക്തമാക്കുന്നത്. ഇതിലെ ലഘൂകരണം എന്ന പ്രയോഗം ശരീഅത്തിന്റെ വികാസക്ഷമതയിലെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ്.
ഇസ്‌ലാമിക നിയമങ്ങളുടെ മൗലികസവിശേഷതയായ ചലനാത്മകതയുടെ സൗന്ദര്യമാണ് ഈ പ്രവാചകന്മാരുടെ ചരിത്രസംഭവങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. കാലഭേദങ്ങള്‍, ദേശവ്യത്യാസങ്ങള്‍, സാമൂഹികാവസ്ഥകളുടെ അന്തരങ്ങള്‍ തുടങ്ങിയവയോട് രചനാത്മകമായി സംവദിക്കാന്‍ ഇസ്‌ലാമിന് ശേഷിയുണ്ട്. മരവിപ്പും മുരടിപ്പും കൊണ്ട് കാലത്തോട് പുറംതിരിഞ്ഞുനില്‍ക്കുക ഇസ്‌ലാമിന് അന്യമാണ്. ഇസ്‌ലാം സാര്‍വകാലികവും സാര്‍വജനീനവും സാര്‍വദേശീയവുമാണെന്ന ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ ദൈവികദര്‍ശനത്തിന്റെ വികാസക്ഷമതയുടെ കൂടി വിളംബരമാണ്; ‘മരവിച്ച മതത്തെ’ പുണര്‍ന്നുനിന്നുകൊണ്ടുതന്നെ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ ഇടക്കൊക്കെ കാണാറുണ്ടെങ്കിലും.
ഇസ്‌ലാമിക നിയമസംഹിത രൂപം കൊള്ളുന്നതുതന്നെ വികാസപ്രക്രിയകളിലൂടെയാണ്. ആദ്യം തന്നെ സമ്പൂര്‍ണവും മാറ്റങ്ങളേതും സ്വീകരിക്കാത്തതുമായ ഒരു നിയമവ്യവസ്ഥ കോണ്‍ക്രീറ്റ് രൂപത്തില്‍ ഇറക്കിക്കൊടുത്ത്, അതിനനുസരിച്ച ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കല്‍പ്പിക്കുകയല്ല ദൈവിക രീതിശാസ്ത്രം. സാമൂഹിക സാഹചര്യങ്ങളുടെ അനിവാര്യതയില്‍ നിയമതത്ത്വങ്ങള്‍ ക്രമാനുഗതമായി ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമൂഹിക മാറ്റത്തിന്റെ സ്പന്ദനങ്ങളും വളര്‍ച്ചയുടെ തുടിപ്പുകളും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നത്, അവ കാലത്തോട് കൃത്യമായി സംവദിച്ചിരുന്നുവെന്നതുകൊണ്ടാണ്. കാലത്തോട് മിണ്ടിയും പറഞ്ഞും ഇസ്‌ലാമിക നിയമവ്യവസ്ഥ രൂപപ്പെട്ടതിന്റെ അടയാളക്കുറികളാണ് ഖുര്‍ആന്‍സൂക്തങ്ങളുടെ അവതരണപശ്ചാത്തലങ്ങളും (സബബുന്നുസുല്‍) ഹദീസുകളുടെ ആഗമനനിമിത്തങ്ങളും (സബബൂല്‍ വുറൂദ്). ചലിച്ചുകൊണ്ടിരിക്കുന്ന സമൂഹങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക, ആ മാറ്റങ്ങളുടെ അനിവാര്യതയാണ് പുതിയ നിയമങ്ങളുടെ പിറവി. സമൂഹത്തിന്റെ ചലനങ്ങളോടൊപ്പം പ്രമാണങ്ങളും ചലിക്കുന്നുവെന്നാണ് സബബുന്നുസുലും സബബുല്‍ വുറുദും സാക്ഷ്യം വഹിക്കുന്നത്. ഖുര്‍ആനിന്റെ അവതരണവും സുന്നത്തിന്റെ ആഗമനവും അവസാനിച്ച ശേഷവും സമൂഹത്തിന്റെ ചലനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സംസ്‌കാര നാഗരികതകളുടെ വിസ്മയിപ്പിക്കുന്ന വളര്‍ച്ച സാധ്യമാകുംവിധം സാമൂഹിക മാറ്റങ്ങളുടെ ഗതിവേഗം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ പതിനാലു നൂറ്റാണ്ടിന്റെ ചരിത്രത്തിലൂടെ ഒരു ചെറു മാനസിക സഞ്ചാരം നടത്തിയാല്‍ പരിവര്‍ത്തനങ്ങളുടെ ഓര്‍മചിത്രങ്ങള്‍ നമുക്കുമുമ്പില്‍ തെളിയും. കാലത്തിന്റെ ഈ ചനവേഗങ്ങള്‍ അളന്നെടുക്കാനുള്ള മാപിനികള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മാറ്റങ്ങളുടെ മുന്നില്‍ നടക്കാന്‍ അവക്കു കരുത്തുണ്ട്. സാമൂഹിക ഋതുഭേദങ്ങളോട് പ്രതികരിക്കാന്‍ അവക്ക് വികാരങ്ങളുണ്ട്. സാഹചര്യങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താവുന്ന നിധികുംഭങ്ങളും അവയില്‍ ഇറങ്ങിച്ചെന്ന് ഉത്തരങ്ങള്‍ ശേഖരിക്കാവുന്ന ഉപകരണങ്ങളും അവ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കാലത്തോടൊപ്പം യാത്ര ചെയ്യാന്‍ വിലങ്ങാവുന്ന ചങ്ങലകളെ കുടഞ്ഞെറിയാനും ഇന്നലെകളുടെ തടവറകളെ തകര്‍ത്തുകളയാനും അതേ പ്രമാണങ്ങള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇജ്തിഹാദിന്റെ മൂര്‍ച്ച, മുരടിപ്പിന്റെ ചങ്ങലകള്‍ അറുത്തുമാറ്റുമെന്നാണ് ഇസ്‌ലാമിക പാഠം. ചിന്തകളുടെ പ്രവാഹം ഭൂതകാലത്തിന്റെ തടവറകള്‍ തകര്‍ത്തെറിയുമെന്നാണ് ഖുര്‍ആനിക തത്ത്വം. നീതിയിലും നന്മയിലും അധിഷ്ഠിതമായ സാമൂഹികോന്മുഖത (ഇസ്തിഹ്‌സാന്‍, മസ്വാലിഹ് മുര്‍സല), നിയമാവസ്ഥയുടെ സോദ്ദേശ്യങ്ങള്‍ (മഖാസ്വിദുശ്ശരീഅഃ) സഫലീകരിക്കുംവിധം പ്രമാണവായനകളെ നനവുള്ളതാക്കി മാറ്റും.
വ്യക്തികളിലെ അന്തരങ്ങളും സാമൂഹികാവസ്ഥകളിലെ വ്യത്യാസങ്ങളും നന്നായി പരിഗണിച്ചിരുന്നതുകൊണ്ടാണ് ‘സുന്നത്തുന്നബി’യില്‍ നിയമാവിഷ്‌കാരങ്ങളുടെ വൈവിധ്യതകള്‍ സംഭവിച്ചത്, ചിലപ്പോഴവ വൈരുധ്യങ്ങളാണെന്ന് തോന്നുമാറ് വ്യത്യാസപ്പെട്ടിരിക്കും. ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസ മാനസിക വളര്‍ച്ച നിയമസമീപനങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന ഉദാഹരണമാണ് ഖബ്ര്‍ സന്ദര്‍ശനം സംബന്ധിച്ച ആദ്യത്തെ വിലക്കും പിന്നീടുള്ള ശാസനയും. വ്യക്തികളുടെ വ്യത്യാസം നിയമസമീപനത്തില്‍ ഉണ്ടാക്കിയ മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം കാണുക: അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് പറയുന്നു: ഞങ്ങള്‍ നബിസന്നിധിയില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് കടന്നുവന്നു. ‘നോമ്പുകാരനായിരിക്കെ ഞാന്‍ ഭാര്യയെ ചുംബിക്കട്ടേ?’ എന്ന് നബിയോട് ചോദിച്ചു: ‘പാടില്ല’ എന്നായിരുന്നു നബിയുടെ മറുപടി. പിന്നീട് ഒരു വൃദ്ധന്‍ വന്നു ഇതേ ചോദ്യം ഉന്നയിച്ചു. നബി അദ്ദേഹത്തിന് അനുവാദം കൊടുത്തു. ഇതുകണ്ട ഞങ്ങള്‍ ആശ്ചര്യത്തോടെ പരസ്പരം നോക്കി. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ പരസ്പരം നോക്കുന്നതിന്റെ അര്‍ഥം എനിക്ക് മനസ്സിലായി. ആ വൃദ്ധന് സ്വയം നിയന്ത്രിക്കാന്‍ ശേഷിയുണ്ട്’ (ഇമാം അഹ്മദ് തന്റെ മുസ്‌നദില്‍ പ്രബലമായ നിവേദക പരമ്പരയോടെ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്; ഹദീസ് നമ്പര്‍: 7054). രണ്ട് വ്യക്തികള്‍ തമ്മിലുള്ള അന്തരമാണ് ഈ സംഭവത്തില്‍ രണ്ട് വിധികള്‍ക്ക് പശ്ചാത്തലമായതെങ്കില്‍, രണ്ട് സാമൂഹിക സാഹചര്യങ്ങള്‍ ഒരേ വിഷയത്തില്‍ രണ്ട് വിധികള്‍ക്ക് കാരണമായതിനും നബിചര്യയില്‍ ഉദാഹരണങ്ങളുണ്ട്. സല്‍മത്തുബ്‌നു അക്‌വഅ് നിവേദനം ചെയ്ത സംഭവമാണ്. ബലിയറുത്തവര്‍ മാംസം മൂന്ന് ദിവസത്തിലധികം സൂക്ഷിക്കരുതെന്ന് ഒരു വര്‍ഷം നബി കല്‍പ്പിച്ചു. അടുത്ത വര്‍ഷം ബലിയുടെ സമയത്ത്, കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും ബലിമാംസവിതരണം ചെയ്‌തോട്ടേ എന്ന് അനുചരന്മാര്‍ നബിയോട് ചോദിച്ചു. ‘നിങ്ങള്‍ സ്വയം ഭക്ഷിക്കുക, മറ്റുള്ളവര്‍ക്ക് നല്‍കുക, സൂക്ഷിച്ചുവെക്കുകയും ചെയ്യുക’ എന്നായിരുന്നു നബി അപ്പോള്‍ പറഞ്ഞത്. ‘കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങള്‍ അവരെ സഹായിക്കട്ടെ എന്നാണ് ഞാന്‍ അപ്പോള്‍ ഉദ്ദേശിച്ചത്’ എന്നായിരുന്നു നബി അതിന്റെ കാരണം വിശദീകരിച്ചത്.
നിശ്ചിത കാരണത്താല്‍ ഒരു നിര്‍ണിതഘട്ടത്തിലാണ് നബി (സ) ബലിമാംസം ശേഖരിച്ചുവെക്കുന്നത് വിലക്കിയത്. മദീനയിലെ ഭക്ഷണ ദൗര്‍ലഭ്യതയായിരുന്നു ആ വിലക്കിന്റെ കാരണം. എന്നാല്‍, ഈ സാഹചര്യം മാറിയപ്പോള്‍ നബി വിധിയിലും മാറ്റം വരുത്തി. ഇതിനര്‍ഥം, രണ്ടാമത്തെ വിധി ആദ്യവിധിയെ പൂര്‍ണാര്‍ഥത്തില്‍ ദുര്‍ബലപ്പെടുത്തി എന്നല്ല. ആദ്യവര്‍ഷത്തെ സാഹചര്യം വരുമ്പോള്‍ ആദ്യത്തെ വിധിയും ആ സാഹചര്യം ഇല്ലാതാകുമ്പോള്‍ രണ്ടാമത്തെ വിധിയും നിലനില്‍ക്കും എന്നതാണ് സത്യം.
മാറ്റമില്ലാത്ത അടിത്തറകളോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന വിശദാംശങ്ങള്‍ക്കുള്ള വിശാല ഇടം കൂടി ഇസ്‌ലാമിക ശരീഅത്തിലുണ്ട്. വിശുദ്ധ ഖുര്‍ആനിലെ നിയമാവതരണ ഘട്ടങ്ങള്‍, വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതകളുള്ള ഖുര്‍ആന്‍ സൂക്തങ്ങളും നാനാര്‍ഥപ്രയോഗങ്ങളും ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ നബി സ്വീകരിച്ച വൈവിധ്യപൂര്‍ണമായ സമീപനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ഇത് മനസ്സിലാക്കാം. അതിന്റെ ചില ഉദാഹരണങ്ങളാണ് ഇതുവരെ സൂചിപ്പിച്ചത്.
വഹ്‌യ് നിലക്കുകയും നബി വിടപറയുകയും ചെയ്തശേഷം ഇസ്‌ലാമിക സമൂഹം ചലനമറ്റു കിടക്കുകയായിരുന്നില്ലല്ലോ. പുതിയ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി സംവദിച്ച് പുതിയ നിലപാടുകള്‍ രൂപപ്പെടുത്തിക്കൊണ്ട് മുസ്‌ലിം ഉമ്മത്ത് മുന്നോട്ടുപോയി. അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ കൈയിലുള്ള ഖുര്‍ആനിന്റെ പുസ്തകരൂപമായ ‘മുസ്വ്ഹഫ്’. നബി വിടപറഞ്ഞ ശേഷം മുസ്‌ലിം സമൂഹം പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുകയുണ്ടായി. അവയില്‍ ആദ്യവിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഖുര്‍ആന്‍ മനഃപാഠമുള്ള ധാരാളം പേരുടെ വേര്‍പാട്. ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചുകൊണ്ട് ഈ പ്രതിസന്ധി മറികടന്ന ഖലീഫ അബൂബക്‌റിന്റെയും അതിനു വേണ്ടി വാദിച്ച ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെയും അത് അംഗീകരിച്ച സ്വഹാബികളുടെയും നടപടി സാഹചര്യത്തിന്റെ പുതിയ ആവശ്യങ്ങള്‍ എങ്ങനെ പരിഗണിക്കണം എന്നതിന്റെ മാതൃകകളിലൊന്നാണ്.
ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ കാലം വന്നപ്പോള്‍ വികാസക്ഷമതയുടെ സാക്ഷാത്കാരത്തിന് വേഗത വര്‍ധിച്ചു. ഇസ്‌ലാം ഭൂമിശാസ്ത്രപരമായി പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഇസ്‌ലാമിക സാമൂഹികക്രമത്തിന്റെ ഭാഗമാവുകയുമൊക്കെ ചെയ്തപ്പോള്‍ പുതിയ രാഷട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. ഖലീഫ ഉമര്‍ എത്ര തന്മയത്വത്തോടെയാണ് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്ന് ആ വികാസത്തിന്റെ സാധ്യതകള്‍ കണ്ടെടുത്തത്. ശരീഅത്തിന്റെ മൗലികാടിത്തറകളില്‍ ഊന്നിനിന്നുകൊണ്ടുതന്നെ, എത്ര വലിയ ആകാശവാതിലുകളാണ് അദ്ദേഹം ഇസ്‌ലാമിക നിയമമണ്ഡലത്തില്‍ തുറന്നുവെച്ചത്!
ഖിലാഫത്തുര്‍റാശിദയിലും പിന്നീട് അമവീ-അബ്ബാസീ ഭരണകാലങ്ങളിലും തുടര്‍ന്നും ഇസ്‌ലാം ഭൂഖണ്ഡങ്ങളിലേക്ക് വളര്‍ന്നുകൊണ്ടേയിരുന്നു. ഈ സാമൂഹിക-രാഷട്രീയ ഋതുപ്പകര്‍ച്ചകളോട് സംവദിച്ചുകൊണ്ട് ഇസ്‌ലാമും വികസിച്ചുകൊണ്ടേയിരുന്നു. കര്‍മശാസ്ത്രവും തത്ത്വചിന്തകളും ഉള്‍പ്പെടെ വിവിധ വിജ്ഞാനശാഖകള്‍ ഇസ്‌ലാമിക ലോകത്ത് രൂപംകൊണ്ടത് അങ്ങനെയാണ്. കാലത്തിന്റെ ചലനവേഗങ്ങള്‍ക്കൊപ്പം, സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ചേര്‍ത്തുവെച്ച് ഇസ്‌ലാമിനെ മുന്നോട്ടുനയിച്ചതിന്റെ മനോഹര മാതൃകളാണ് വിവിധ കര്‍മശാസ്ത്ര സരണികള്‍. ശരീഅത്തിന്റെ വികാസക്ഷമതയുടെ പ്രയോഗരൂപമാണ് ഫിഖ്ഹീ മദ്ഹബുകള്‍ എന്നു പറയാം. കാലം പണ്ഡിതശ്രേഷ്ഠരോട് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടികളാണ് കര്‍മശാസ്ത്രത്തില്‍ പുതിയ വഴികള്‍ തുറന്നത്. ഇമാം മാലിക്, അബൂഹനീഫ, അഹ്മദുബ്‌നു ഹമ്പല്‍, മുഹമ്മദുബ്‌നു ഇദ്‌രീസുശ്ശാഫിഈ തുടങ്ങിയവര്‍ തുടങ്ങിവെച്ച വൈജ്ഞാനിക ദൗത്യം പിന്നീട് അവരുടെ ശിഷ്യഗണങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയപ്പോഴാണ് ഫിഖ്ഹീ മദ്ഹബുകള്‍ രൂപപ്പെടുന്നത്. അതായത്, ഇമാമുകളില്‍നിന്നുള്ള മുന്നോട്ടുനടത്തമായിരുന്നു ക്രോഡീകൃത മദ്ഹബുകളായി ഫിഖ്ഹീ നിലപാടുകളെ രൂപപ്പെടുത്തിയത് എന്നര്‍ഥം. ഗുരുനാഥന്മാരോട് ശിഷ്യര്‍ വിയോജിക്കുകയും ശിഷ്യര്‍ പരസ്പരം അഭിപ്രായ ഭിന്നതകള്‍ പുലര്‍ത്തുകയും ചെയ്തത് ഈ വികാസപ്രക്രിയയുടെ ഭാഗമാണ്.
കാലം പിന്നെയും മുന്നോട്ടു കുതിച്ചു. ഇസ്‌ലാമും മുസ്‌ലിം സമൂഹവും ഭൂമിശാസ്ത്രപരമായി പുതിയ മേഖലകളിലേക്ക് പടര്‍ന്നു വളര്‍ന്നു. നാഗരികതകളുടെ ഉത്ഥാനപതനങ്ങള്‍ക്ക് ലോകം സാക്ഷിയായിക്കൊണ്ടേയിരുന്നു. ഇസ്‌ലാമിക ലോകത്ത് രൂപംകൊണ്ടതും മുസ്‌ലിം സമൂഹം ഏറ്റെടുത്ത് വളര്‍ത്തിയതുമായ വിവിധ ജ്ഞാനശാസ്ത്രശാഖകള്‍ യൂറോപ്യരും മറ്റും കടംകൊണ്ട് തങ്ങളുടേതായ രീതിയില്‍ വളര്‍ത്തി വികസിപ്പിച്ചു. ആ രംഗത്ത് മുസ്‌ലിം ലോകം പിന്നീട് മുരടിപ്പുകളിലേക്കാണ് പതിച്ചത്. എന്നാല്‍, ശരീഅത്തിന്റെ വികാസക്ഷമത ഉറപ്പുവരുത്തുന്ന ഫിഖ്ഹീ ഗവേഷണങ്ങളും ഈ മുരടിപ്പില്‍നിന്ന് ഒട്ടും മുക്തമായില്ല. വൈജ്ഞാനിക വികാസത്തിന്റെ ഗവേഷണവഴികള്‍ (ഇജ്തിഹാദ്, തഫക്കുര്‍, തദബ്ബുര്‍) അടച്ചുകളഞ്ഞുകൊണ്ടാണ്, തഖ്‌ലീദിലൂടെ ഈ മുരടിപ്പിന് ന്യായീകരണം ചമച്ചത്. ശരീഅത്തിന്റെ വികാസക്ഷമതയെക്കുറിച്ച വര്‍ത്തമാനങ്ങളും ഇജ്തിഹാദിന്റെ വാതിലുകള്‍ തുറക്കാനുള്ള വെമ്പലുകളും ‘അല്ലാഹുവിന്റെയും റസൂലിന്റെയും നിയമശാസനകളില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നു’ പറഞ്ഞ് പ്രതിരോധിക്കപ്പെട്ടു. ഖുര്‍ആനിലും സുന്നത്തിലും മാറ്റം വരുത്തുകയോ, ശരീഅത്തിലെ ഖണ്ഡിതനിയമങ്ങള്‍ തിരുത്തുകയോ അല്ല വികാസക്ഷമത സാക്ഷാത്കരിക്കുക എന്നതിനര്‍ഥം. പ്രമാണ വാക്യങ്ങള്‍ക്കുള്ള വ്യത്യസ്തങ്ങളായ വ്യാഖ്യാനസാധ്യതകള്‍, സാഹചര്യം ആവശ്യപ്പെടുന്ന മുന്‍ഗണനകളിലെ പുനഃക്രമീകരണങ്ങള്‍, പുതിയ പ്രശ്‌നങ്ങള്‍ക്ക് മൗലികാധ്യാപനങ്ങളെ ആധാരമാക്കി പുതിയ സമീപനങ്ങള്‍ രൂപപ്പെടുത്തല്‍ തുടങ്ങിയവയാണ് അതിന്റെ അര്‍ഥം. ഖുര്‍ആനിനും സുന്നത്തിനും മാത്രമാണ് വിശുദ്ധ പദവിയും അപ്രമാദിത്വവുമുള്ളത്. ഈ പ്രമാണങ്ങളെ സംബന്ധിച്ച പണ്ഡിതന്മാരുടെ ബോധ്യങ്ങളാണ് ഫിഖ്ഹ്. മദ്ഹബിന്റെ ഇമാമുമാരുള്‍പ്പെടെയുള്ള പണ്ഡിതശ്രേഷ്ഠരുടെ അഭിപ്രായങ്ങള്‍ക്കൊന്നും വിശുദ്ധ പദവിയോ അപ്രമാദിത്വമോ ഇല്ല എന്നത് ഈ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെടേണ്ടതാണ്. ഇമാമുമാര്‍ സ്വയംതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പ്പിച്ചിട്ടില്ല. ശിഷ്യന്മാര്‍ ഇമാമുമാരുടെ പല അഭിപ്രായങ്ങളോടും വിയോജിച്ചതും കാണാം. ചരിത്രത്തിലെ മഹാരഥന്മാരായ പണ്ഡിതന്മാരുടെ പല അഭിപ്രായങ്ങളും അവരവരുടെ കാലത്തും സാഹചര്യത്തിലും നിന്നുകൊണ്ടുള്ളതായിരിക്കും. അവയില്‍ എക്കാലത്തും പ്രസക്തമായവ എന്നും സ്വീകരിക്കാവുന്നതാണ്. എന്നാല്‍, അവയില്‍ പ്രമാണങ്ങളുടെ ആത്മാവിനും കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കും ചേരാത്തതും പുതിയ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാത്തതുമായ അഭിപ്രായങ്ങള്‍ തള്ളിക്കളയാന്‍ ഇസ്‌ലാമിക സമൂഹം മടികാണിക്കേണ്ടതില്ല. ഖുര്‍ആനും സുന്നത്തും ഒഴികെ; ഫിഖ്ഹില്‍ പലതും പണ്ഡിതന്മാര്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്, നിദാനശാസ്ത്ര തത്ത്വങ്ങള്‍ ഉള്‍പ്പെടെ. അവയെല്ലാം അക്ഷരാര്‍ഥത്തില്‍ കാലാകാലത്തും അങ്ങനെത്തന്നെ നിലനിര്‍ത്തണം എന്ന് ഇസ്‌ലാമില്‍ നിയമമൊന്നുമില്ല. ഉലൂമുല്‍ ഖുര്‍ആനും ഉസ്വൂലുല്‍ ഹദീസും ഉസ്വൂലുല്‍ ഫിഖ്ഹുമൊക്കെ പണ്ഡിതന്മാര്‍ രൂപപ്പെടുത്തിയതാണെന്നിരിക്കെ, ലോകമുസ്‌ലിം പണ്ഡിതവേദികള്‍ക്ക് അവയില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ!
ഇസ്ലാമിക ശരീഅത്തിന്റെ വികാസക്ഷമതയെ ഗൗരവപൂര്‍വം സമീപിക്കുകയും പ്രായോഗിക മാതൃക കാണിക്കുകയും ചെയ്ത പണ്ഡിതന്മാര്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഹിജ്റ എട്ടാം നൂറ്റാണ്ടിലെ പ്രഗത്ഭ പണ്ഡിതന്‍ ഇമാം ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം, ഇമാം സര്‍ഖശി, ഇമാം ശൗകാനി, ഇമാം ശാത്വിബി, ഇമാം ഇബ്നുന്നജീം, ഇമാമുല്‍ ഹറമൈന്‍ അല്‍ജുവൈനി, അബൂഹാമിദില്‍ ഗസാലി, സൈഫുദ്ദീനുല്‍ ആമുദി, ഇബ്നുതൈമിയ്യ, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി തുടങ്ങിയ പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളവരാണ്. പ്രൗഢമായ വിശകലനത്തിലൂടെ ആഴമുള്ള ചിന്തകളാണ് ഇമാം ഇബ്നുല്‍ ഖയ്യിമും ഇമാം ശാത്വിബിയും മുന്നോട്ടുവെച്ചിട്ടുള്ളത്. സ്വതന്ത്ര വിശകലനമര്‍ഹിക്കുന്നതാണ് ഇവരുടെ ചിന്തകളെങ്കിലും, സാന്ദര്‍ഭികമായി ചില ഉദ്ധരണികള്‍ കൊടുക്കുന്നു. ”സ്ഥലകാലങ്ങളും, ഉദ്ദേശ്യ ലക്ഷ്യങ്ങളുടെയും സാഹചര്യങ്ങളുടെയും സമ്പ്രദായങ്ങളുടെയും വ്യത്യാസങ്ങളുമനുസരിച്ച് മതവിധികള്‍ മാറിക്കൊണ്ടേയിരിക്കും എന്നത് സുപ്രധാനമായൊരു അടിസ്ഥാന തത്ത്വമാണ്. ഈ മൗലിക യാഥാര്‍ഥ്യം മനസ്സിലാക്കാതെ വിധിവിലക്കുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ഇസ്ലാമിക ശരീഅത്തില്‍ സങ്കുചിതത്വവും ദുര്‍വഹമായ ക്ലേശവും സൃഷ്ടിക്കുന്നു. അങ്ങനെ, മനുഷ്യന്റെ ഉത്തമ താല്‍പര്യത്തിനുള്ള ശരീഅത്ത് അതിന് ഉതകാത്തതായി മനസ്സിലാക്കപ്പെടുന്നു. ഏതു വിഷയവും നീതിയില്‍നിന്ന് അനീതിയിലേക്ക് നീങ്ങിയാല്‍, കാരുണ്യത്തില്‍നിന്ന് ക്രൗര്യത്തിലേക്ക് കടന്നാല്‍, ലാളിത്യം നിരാകരിച്ച് ക്ലിഷ്ടത വരിച്ചാല്‍, നന്മക്കുപകരം തിന്മയായാല്‍, യുക്തി വിട്ട് ഭോഷ്‌കിലേക്ക് കടന്നാല്‍ അതൊരിക്കലും ശരീഅത്തിന്റെ വിഷയമാവുക വയ്യ. വ്യാഖ്യാന വിശദീകരണങ്ങള്‍കൊണ്ട് അതെത്ര ശക്തിയായി കുത്തിത്തിരുകിയാലും ശരി” (ഇമാം ഇബ്നുല്‍ ഖയ്യിം-ഇഅ്ലാമുല്‍ മുവഖിഈന്‍, വാള്യം 3). ”ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്മാര്‍ മറ്റ് മദ്ഹബുകളില്‍ പുനര്‍വിചിന്തനം നടത്തണം. ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ വിധികള്‍ കണ്ടെത്തിയാല്‍ അതനുസരിച്ച് ഫത്വ നല്‍കാന്‍ പാടില്ല. ഒരു മദ്ഹബും ഇത്തരം പ്രമാദങ്ങളില്‍നിന്ന് മുക്തമല്ല. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ നിപുണര്‍ക്കുമാത്രമേ അവ കണ്ടെത്താന്‍ കഴിയൂ.” ”ഇജ്തിഹാദിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന എല്ലാ നിയമങ്ങളും പ്രാവര്‍ത്തികമാക്കിക്കൊള്ളണമെന്നില്ല. മുജ്തഹിദുകളുടെ എല്ലാ നിയമങ്ങളും അനുസരിച്ചുകൊള്ളണമെന്നുമില്ല. കാരണം മദ്ഹബുകളില്‍ ഒട്ടേറെ അഭിപ്രായങ്ങളുണ്ട്. പുനര്‍വിചിന്തനം ആവശ്യമായി വരുന്ന ഇമാമിന്റെ വീക്ഷണം പിന്തുടരുന്നത് അഭികാമ്യമല്ല”(ഇമാം ഖര്‍റാഫി-അല്‍ഫുറൂഖ്, വാള്യം 2, പേജ്: 109-110).
ഇസ്‌ലാമിക നിയമസംഹിതയില്‍ അടിസ്ഥാനങ്ങളും ശാഖകളും ഉണ്ട്, ഖണ്ഡിത വിധികളും മാറ്റം വരുത്താവുന്ന നിര്‍ദേശങ്ങളും ഉണ്ട്. ആരാധനകളും സാമൂഹിക ഇടപാടുകളും രാഷ്ട്രീയ നിലപാടുകളുമുണ്ട്. ആരാധനാനുഷ്ഠാനങ്ങളില്‍ ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചത് അതേവിധം പിന്തുടരുകയാണ് വേണ്ടത്, അവയില്‍ ഗവേഷണത്തിന് പഴുതില്ല. എന്നാല്‍ ഇടപാടുകളും സാമുഹിക-രാഷ്ട്രീയ നിലപാടുകളും അങ്ങനെയല്ല. അവയില്‍ ചില അടിസ്ഥാന തത്ത്വങ്ങള്‍ മാറ്റമില്ലാതെ സ്വീകരിക്കുന്നതോടൊപ്പം തന്നെ, പല വിഷയങ്ങളിലും വികാസസ്വഭാവമുള്ള പുനര്‍വായനകള്‍ ആവശ്യമായേക്കും. ഇവ വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അപ്രകാരം, കാലാനുസൃതമായ സാമൂഹിക-രാഷ്ട്രീയ നിലപാടുകളെയും സമീപനങ്ങളെയും ശരീഅത്തിന്റെ സ്ഥിര സ്ഥായിയായ ശിര്‍ക്ക്, തൗഹീദ്, ബിദ്അത്ത്, ഹലാല്‍, ഹറാം തുടങ്ങിയ സാങ്കേതിക സംജ്ഞകള്‍കൊണ്ടുതന്നെ വിശദീകരിക്കേണ്ടതുമില്ല. ഇസ്‌ലാമിക സത്തയുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും പുതിയ സാഹചര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമായ പുതിയ സാങ്കേതിക പ്രയോഗങ്ങള്‍ (Terminology) രൂപംകൊള്ളേണ്ടതുമുണ്ട്.
ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ ഭാഗമായ പണ്ഡിതന്മാരുമാണ് ശരീഅത്തിന്റെ വികാസക്ഷമതയില്‍ നിലനിന്ന മുരടിപ്പിനെ കുറച്ചെങ്കിലും മറികടക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഡോ. യൂസുഫുല്‍ ഖര്‍ദാവിയെപ്പോലുള്ളവരുടെ രചനകളും സമീപനങ്ങളും ഈ രംഗത്ത് വര്‍ത്തമാനകാലത്ത് വലിയ തുറവി സാധ്യമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് സംവദിച്ച്, വികാസക്ഷമതയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രായോഗികമായി ഏറെ മുന്നോട്ടുപോവുകയുണ്ടായി. ദീനീ അടിത്തറകളില്‍ ഊന്നിനിന്നുകൊണ്ടുതന്നെയാണ് അത് സാധ്യമായിട്ടുള്ളത്. എന്നാല്‍, പ്രായോഗിക വികാസത്തിന് സമാന്തരമായി, താത്ത്വിക വിചാരങ്ങളും ആശയാവിഷ്‌കാരങ്ങളും വൈജ്ഞാനിക നടപടികളും ഗ്രന്ഥരചനകളും മറ്റും പുറത്തുവരേണ്ടതുണ്ട്. അന്തര്‍ദേശീയമോ ദേശീയമോ ആയ കൂട്ടായ്മകള്‍ക്കു മാത്രമേ ഇപ്പോള്‍ ഫലപ്രദമായി അത് സാധ്യമാകൂ.