ആരാധനാനുഷ്‌ഠാനങ്ങളിലെ അടിസ്ഥാനവിധികളെയും ശാഖാപരമായ പ്രശ്‌നങ്ങളെയും വേര്‍തിരിച്ചു വിശകലനം ചെയ്‌ത പൂര്‍വികരായ സലഫീ പണ്ഡിതന്മാര്‍ ശാഖാപരമായ വിഷയങ്ങളില്‍ കുറെയൊക്കെ വിശാല വീക്ഷണം കൈകൊണ്ടവരായിരുന്നു. ഗവേഷണപരമായ (ഇജ്‌തിഹാദി) വിഷയങ്ങളില്‍ ഒരു നിലപാടിലെത്തിയവര്‍ മറുവീക്ഷണക്കാരെ ആക്ഷേപിക്കാന്‍ പാടില്ലെന്നതു തന്നെയായിരുന്നു അവരുടെ സമീപനം. നമസ്‌കാരത്തിലും മറ്റ് ആരാധനകളിലും പ്രവാചകചര്യ (സുന്നത്ത്) പിന്തുടരുന്നതില്‍ നിര്‍ബന്ധവും ഐഛികവും ആയ കര്‍മങ്ങള്‍ തമ്മിലുള്ള വ്യത്യാസം അവര്‍ അംഗീകരിച്ചിരുന്നു. തങ്ങളുടെ വീക്ഷണം കര്‍ക്കശമായി പ്രയോഗവത്‌കരിക്കുമ്പോള്‍ തന്നെ, മറുവീക്ഷണക്കാരോട് പൊതുവെ ശത്രുതയില്ലാതെ പെരുമാറണം എന്നതായിരുന്നു പ്രമുഖ സലഫീ പണ്ഡിതന്മാരുടെ നിലപാട്. എന്നാല്‍ അവരുടെ ശിഷ്യന്മാരും അനുയായികളും കുറേകൂടി തീവ്രമായ നിലപാടുകള്‍ കൈകൊള്ളുകയും മറുവീക്ഷണക്കാരോട് ശണ്‌ഠക്കിറങ്ങുകയും ചെയ്‌തതും നമുക്ക് ചരിത്രത്തില്‍ വായിക്കാം; വര്‍ത്തമാന കാലത്തിലും ഇതിന് ഉദാഹരണങ്ങള്‍ ഒട്ടേറെ. ഇന്ന് സലഫിധാരയില്‍ നിലകൊള്ളുന്ന പല പണ്ഡിതന്മാരും സംഘടനകളും കര്‍മശാസ്‌ത്രഭിന്നതകളിലും ആരാധനാകര്‍മങ്ങളിലെ പ്രവാചകന്റെ സുന്നത്തിന്റെ പേരിലും പുലര്‍ത്തുന്ന അതിവാദങ്ങള്‍ ആദ്യകാല സലഫി പണ്ഡിതന്മാര്‍ക്കൊന്നും ഇല്ലായിരുന്നു. ചില ചരിത്രരേഖകളിലൂടെ കടന്നുപോയാല്‍ ഇത് ബോധ്യപ്പെടും. സലഫീ നേതാക്കളില്‍ ഒന്നാമനായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ നിലപാടുകള്‍ ഈ വിഷയത്തില്‍ ഏറെ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ, `റഫ്‌ഉല്‍മലാം അന്‍അഇമ്മത്തില്‍ അഅ്‌ലാം, ഖിലാഫുല്‍ ഉമ്മത്തി ഫില്‍ ഇബാദാത്ത് വമദ്‌ഹബുഅഹ്‌ലിസുന്ന’ തുടങ്ങിയ കൃതികള്‍ ഇതിന്റെ ഉദാത്ത മാതൃകകളാണ്. ഫത്‌വകളുടെ സമാഹാരത്തിലും പലയിടങ്ങളിലായി തന്റെ കാഴ്‌ചപ്പാട് ശൈഖുല്‍ ഇസ്‌ലാം വിശദീകരിക്കുന്നുണ്ട്.
1. അല്ലാഹു നമ്മോട് കല്‍പിച്ചിരിക്കുന്നത് അവന്റെ ദീന്‍ സ്ഥാപിച്ചുനിലനിര്‍ത്തണം (ഇഖാമത്തുദ്ദീന്‍) എന്നാണ്. അഞ്ചു പ്രമുഖ പ്രവാചകന്മാര്‍ക്കു നല്‍കപ്പെട്ട നിര്‍ബന്ധശാസനയും അതായിരുന്നു. അതില്‍ നിങ്ങള്‍ ഭിന്നിക്കരുതെന്നും കല്‍പിച്ചു. മുഹമ്മദ് നബിക്ക് നല്‍കിയ ദിവ്യബോധനത്തില്‍ നമുക്ക് പ്രത്യേകമായുള്ള ശരീഅത്തും ഉള്‍പ്പെടുന്നു. ഇതെല്ലാം മുഹമ്മദ് നബിക്ക് അല്ലാഹു വഹ്‌യായി നല്‍കിയിട്ടുണ്ട്; അതില്‍ അടിസ്ഥാനങ്ങളും (ഉസ്വൂല്‍), ശാഖകളും (ഫുറൂഅ്) ഉണ്ട്. നൂഹിനും മറ്റു പ്രവാചകന്മാര്‍ക്കും നല്‍കിയതില്‍നിന്ന് വ്യത്യസ്‌തമാണിത്. അവര്‍ക്ക് വസ്വിയ്യത്തു ചെയ്‌ത ദീന്‍ തന്നെയാണ് നമുക്കും നിശ്ചയിച്ചുതന്നത്; ഇഖാമത്തുദീന്‍. അതില്‍ ഭിന്നിക്കാന്‍ പാടില്ല. അവരെല്ലാം യോജിക്കുന്ന ദീന്‍ എന്നാല്‍ അടിസ്ഥാനങ്ങള്‍ (ഉസ്വൂല്‍) ആണ്. (ഖാഇദത്തുന്‍ ഫില്‍ജമാഅത്തി വല്‍ ഫിര്‍ഖ-മജ്‌മൂഉഫതാവാ ഇബ്‌നുതൈമിയ-ക്രോഡീകരണം അബ്‌ദുര്‍റഹ്‌മാനുബ്‌നുമുഹമ്മദ് അല്‍ആസ്വിമീ അല്‍ഹമ്പലി, വാള്യം 1/പേജ്: 12-17, മക്തബത്തുന്നഹ്‌ള അല്‍ഹദീസ, മക്ക, ഹിജ്‌റ-1404).
2. ആത്മസംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്ന സൂഫികളും കര്‍മ്മശാസ്‌ത്രനിയമങ്ങള്‍ പഠിപ്പിക്കുന്ന ഫുഖഹാക്കളും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാമിന്റെ വിലയിരുത്തലിന്റെ സാരം ഇങ്ങനെ; ഫുഖഹാക്കള്‍ ബാഹ്യകര്‍മങ്ങളിലാണ് ശ്രദ്ധിക്കുന്നത്. തസ്വവ്വുഫിന്റെ വക്താക്കള്‍ ആന്തരിക പ്രവര്‍ത്തനങ്ങളിലും. ഓരോ വിഭാഗവും മറുവിഭാഗത്തെ നിഷേധിക്കുന്നു; അവര്‍ ദീനിന്റെ ആളുകളല്ല എന്ന വണ്ണം അപരനില്‍നിന്ന് മുഖം തിരിച്ചുകളയുന്നു. അങ്ങനെ അവര്‍ക്കിടയില്‍ ശത്രുതയും പകയും ഉടലെടുക്കുന്നു. യഥാര്‍ഥത്തില്‍ അല്ലാഹു, ഹൃദയം ശുദ്ധീകരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. ശരീരം വിശുദ്ധമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടു ശുദ്ധീകരണവും ദീനിന്റെ ഭാഗമാണ്. ആരാധനകളില്‍ വ്യാപൃതരായ ധാരാളം ഫുഖഹാക്കളെ കാണാം, അവര്‍ ശരീരത്തിന്റെ ശുദ്ധീകരണത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതില്‍, നിയമം അനുശാസിച്ചതിലുമധികം അവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധപൂര്‍വം കല്‍പിച്ച ആത്മവിശുദ്ധി അവര്‍ അവഗണിക്കുന്നു. ധാരാളം സൂഫികളെ നമുക്ക് കാണാം. അവര്‍ ദരിദ്രരാണ്. ആത്മാവിന്റെ വിശുദ്ധിയില്‍ മാത്രമാണവരുടെ ശ്രദ്ധ. അതില്‍, നിയമം അനുശാസിച്ചതിലും അധികം അവര്‍ ശ്രദ്ധിക്കുന്നു, പ്രവര്‍ത്തിക്കുന്നു…. ഓരോ വിഭാഗവും മറുവിഭാഗത്തെ ആക്ഷേപിക്കുന്നു. എന്നാല്‍ അവരവരുടെ കൈകളിലുള്ള സത്യത്തെ അവര്‍ അറിയുന്നില്ല, ശത്രുത അവസാനിപ്പിക്കുന്നുമില്ല (അതേപുസ്‌തകം: പേജ്: 14-16).
വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകളുടെ സ്വഭാവം എന്താണെന്നും ശൈഖുല്‍ ഇസ്‌ലാം അതിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നും ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്.
3. നമസ്‌കാരത്തിലെ ഖുനൂത്തിനെക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ചചെയ്‌തിട്ടുണ്ട് ശൈഖുല്‍ ഇസ്‌ലാം ഫതാവയില്‍. ഇതു സംബന്ധിച്ച ഹദീസുകളും, മദ്‌ഹബുകളുടെ നിലപാടുകളുമെല്ലാം വിശകലനം ചെയ്‌തശേഷം അദ്ദേഹം പറയുന്നു: `ദുരന്തങ്ങളുണ്ടാകുമ്പോഴാണ് ഖുനൂത് ഓതുന്നത്. ഖുനൂത്തിലെ പ്രാര്‍ഥന നിര്‍ണിതമല്ല. തോന്നിയതുപോലെ പ്രാര്‍ഥിക്കരുത്. നിയമവിധേയമായ പ്രാര്‍ഥനയില്‍നിന്ന് ഖുനൂത്തിന്റെ കാരണത്തോട് യോജിച്ചത് തെരഞ്ഞെടുക്കുക. മഴയെത്തേടുമ്പോഴും, സഹായം അഭ്യര്‍ഥിക്കുമ്പോഴും അതിനുയോജിച്ചതു പ്രാര്‍ഥിക്കുക. അതേ കാരണത്തിന്റെ പേരില്‍ നമസ്‌കാരത്തിനുപുറത്ത് നടത്തുന്ന പ്രാര്‍ഥനപോലെ. ഇതാണ് നബിയുടെ സുന്നത്തും ഖലീഫമാരുടെചര്യയും… ഇജ്‌തിഹാദ് അനുവദനീയമായ വിഷയങ്ങളില്‍ മഅ്‌മൂം ഇമാമിനെ പിന്തുടരല്‍ അനിവാര്യമാണ്. ഇമാം ഖുനൂത് ഓതിയാല്‍ മഅ്‌മൂം ഓതണം. ഇമാം ഖുനൂത് ഉപേക്ഷിച്ചാല്‍ മഅ്‌മൂമും ഉപേക്ഷിക്കണം. കാരണം നബി(സ) പറഞ്ഞിട്ടുണ്ട്; `ഇമാമിനെ നിശ്ചയിക്കുന്നത് അയാളെ പിന്തുടരാന്‍ വേണ്ടിയാണ്.’ മറ്റൊരിക്കല്‍ റസൂലുല്ല പറഞ്ഞു: `നിങ്ങള്‍ ഇമാമിനോട് ഭിന്നിക്കരുത്.’ നബി(സ)യില്‍ നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ടുണ്ട്; `അവര്‍ നിങ്ങള്‍ക്കുവേണ്ടിയാണ് നമസ്‌കരിക്കുന്നത്. അവര്‍ തെറ്റുചെയ്‌താല്‍ നിങ്ങള്‍ക്ക് പ്രശ്‌നമില്ല, അവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം,…. ഇമാം ഖുനൂത് ഓതിയാല്‍ അതിനെ മറികടന്നുപോകാന്‍ മഅ്‌മൂമിന് അനുവാദമില്ല. മിനയിലെ തര്‍ബീഇല്‍ ഉസ്‌മാനോട് വിയോജിപ്പുണ്ടായിട്ടും ഇബ്‌നു മസ്‌ഊദ് അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് നമസ്‌കരിച്ചു. അതുസംബന്ധിച്ച് ഇബ്‌നുമസ്‌ഊദ് പറഞ്ഞത്; ഭിന്നത നാശമാണ് എന്നത്രെ. കല്ലെറിയേണ്ട സമയത്തെക്കുറിച്ച്, തന്നോട് ഫത്‌വ ചേദിച്ചയാള്‍ക്ക് അനസ്(റ) ഫത്‌വ നല്‍കി. ശേഷം പറഞ്ഞു; നിന്റെ ഇമാം ചെയ്യുന്നതുപോലെ ചെയ്യുക (ഫതാവാ 23/112-116).
4. റൂകൂഇനു മുമ്പോ ശേഷമോ ഖുനൂത് ഓതാം. ഇമാം അഹ്‌മദിനെപ്പോലുള്ള അഹ്‌ലുല്‍ ഹദീസിലെ പണ്ഡിതന്മാര്‍ രണ്ടും അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട് (ഫതാവ 23/100).
5. “റമദാന്‍ മാസത്തിലെ രാത്രി നമസ്‌കാരത്തിന്റെ കാര്യത്തില്‍ നബി(സ) കൃത്യമായ എണ്ണം നിര്‍ണയിച്ചിട്ടില്ല. പക്ഷേ, റമദാനിലും അല്ലാത്ത കാലത്തും നബി(സ) പതിമൂന്നില്‍ കൂടുതല്‍ നമസ്‌കരിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹം റക്‌അത്ത് ദീര്‍ഘിപ്പിക്കുമായിരുന്നു. ഉബയ്യുബ്‌നു കഅ്‌ബിന്റെ നേതൃത്വത്തില്‍ ഉമര്‍(റ) ജനങ്ങളെ സംഘടിപ്പിച്ചു നമസ്‌കാരം തുടങ്ങിയപ്പോള്‍ 23 റക്‌അത്തും വിത്‌റുമായിരുന്നു ഉബയ്യ് നമസ്‌കരിച്ചത്. റക്‌അത്ത് വര്‍ധിപ്പിക്കുന്നതിനനുസരിച്ച് അദ്ദേഹം ഖുര്‍ആന്‍ പാരായണത്തിന്റെ ദൈര്‍ഘ്യം കുറച്ചു. റക്‌അത്ത് ദീര്‍ഘിപ്പിക്കുന്നതിലേറെ മഅ്‌മൂമുകള്‍ക്ക് സൗകര്യം ഖുര്‍ആന്‍ പാരായണം ചുരുക്കി റക്‌അത്ത് വര്‍ധിപ്പിക്കലാണെന്നതായിരുന്നു അതിന്റെ കാരണം. പൂര്‍വികരില്‍ (സലഫുകള്‍) ചിലര്‍ നാല്‍പതും മൂന്ന് വിത്‌റും നമസ്‌കരിച്ചിരുന്നു. മറ്റു ചിലര്‍ 36ഉം 3 വിത്‌റുമാണ് നമസ്‌കരിച്ചിരുന്നത്. ഇതെല്ലാം നിയമവേധയമാണ്. റമദാനില്‍ ഈ രീതികളില്‍ ഏതനുസരിച്ച് നമസ്‌കരിച്ചാലും നല്ലതുതന്നെ. നമസ്‌കരിക്കുന്നവരുടെ അവസ്ഥ മാറുന്നതിനനുസരിച്ച് ശ്രേഷ്‌ടതയിലും മാറ്റം വരാം. ഏറെ സമയം നില്‍ക്കാന്‍ കഴിയുമെങ്കില്‍ നബി(സ) റമദാന്‍ മാസത്തിലും അല്ലാത്തപ്പോഴും നമസ്‌കരിച്ചിരുന്നതുപോലെ പത്തും പിന്നെ മൂന്നും നമസ്‌കരിച്ചിരുന്നതാണ് ശ്രേഷ്‌ടം. അതിന് സാധ്യമല്ലാത്തവരാണെങ്കില്‍ ഇരുപത് നമസ്‌കരിക്കുന്നതാണ് ഉത്തമം. ഭൂരിപക്ഷം മുസ്‌ലിംകള്‍ നിര്‍വഹിക്കുന്നത് അതാണ്. ഇനി, 40ഓ മറ്റൊ നമസ്‌കരിക്കുന്നുവെങ്കില്‍ അതും അനുവദനീയമാണ്. ഇപ്പറഞ്ഞതൊന്നും വെറുക്കപ്പെടേണ്ടതല്ല. ഇമാം അഹ്‌മദും മറ്റുള്ള ഇമാമുമാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ നമസ്‌കാരം കൂട്ടാനോ കുറക്കാനോ പറ്റാത്തവിധം നബി എണ്ണം നിശ്ചയിച്ചിട്ടുണ്ടെന്ന് ആരെങ്കിലും ധരിച്ചവരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. റക്‌അത്തിന്‍രെ എണ്ണത്തില്‍പോലും ഇപ്രകാരം വിശാല സമീപനം ആകാമെങ്കില്‍ ഖുനൂത് പ്രാര്‍ഥനക്ക്‌വേണ്ടി നിറുത്തം ദീര്‍ഘിപ്പിക്കുന്നതും ഖുനൂത് തന്നെ വേണ്ടെന്ന് വെക്കുന്നതും സംബന്ധിച്ച് എന്താണ് മനസ്സിലാക്കേണ്ടത്. എല്ലാം അനുവദനീയവും നല്ലതും തന്നെ. മനുഷ്യന് ചിലപ്പോള്‍ ഉന്മേഷം തോന്നും അപ്പോള്‍ ഖുര്‍ആന്‍ പാരായണം ദീര്‍ഘിപ്പിക്കുന്നതാണ് നല്ലത്. ചിലപ്പോള്‍ ഉന്മേഷം നഷ്‌ടപ്പെടും അപ്പോള്‍ പാരായണം ചുരുക്കുന്നതാണ് നല്ലത്. നബിയുടെ നമസ്‌കാരം മിതരീതിയിലുള്ളതായിരുന്നു. നിറുത്തം ദീര്‍ഘിപ്പിച്ചാല്‍ റുകൂഉം സുജൂദും ദീര്‍പ്പിക്കും. നിറുത്തം ലഘൂകരിച്ചാല്‍ റുകൂളും സുജൂദും ലഘൂകരിക്കും. നിര്‍ബന്ധ നമസ്‌കാരങ്ങളിലും രാത്രി നമസ്‌കാരം, ഗ്രഹണ നമസ്‌കാരം എന്നിവയിലും അങ്ങിനെയാണ് നബി ചെയ്‌തിരുന്നത് (മജ്‌മൂഉഫതാവാ ഇബ്‌നു തൈമിയ്യ 2/272-273).
6. `എല്ലാവരും ഒന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക എന്നതാണ് അടിസ്ഥാന കാര്യം. നാം ഭിന്നിക്കരുത് എന്നത് ഇസ്‌ലാമിന്റെ മൗലിക അധ്യാപനമാണ്. ഖുര്‍ആനില്‍ ഇതു സംബന്ധിച്ച് ധാരാളം വന്നിട്ടുണ്ട്. നബിയുടെ വസ്വിയ്യത്തും ഉണ്ട്. ………… മുസ്‌ലിം ഉമ്മത്തിലെ നാശത്തിന്റെ വാതിലാണ് ഭിന്നതയും ഛിദ്രതയും…. മുസ്‌ലിം സമൂഹത്തിലെ തര്‍ക്കങ്ങളില്‍ ഏറെയും ഐഛികമായ കര്‍മങ്ങളെ ചൊല്ലായും, അനഭിലഷണീയം (മക്‌റൂഹ്). വിഷയങ്ങളെക്കുറിച്ചുമാണ്. നിര്‍ബന്ധ കര്‍മങ്ങളെയോ (വാജിബാത്ത്), നിഷിദ്ധങ്ങളെയോ (മുഹര്‍റമാത്) കുറിച്ചല്ല……… ബിസ്‌മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്‌കാരം നിഷ്‌ഫലമാവുകയില്ല, രണ്ടും അനുവദനീയമാണ്. പണ്ഡിതന്മാര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്‌തിട്ടുണ്ട്. ചിലര്‍ അത് ഐഛികമാണെന്ന് പറയുന്നു, ചിലര്‍ അത് നിഷേധിക്കുന്നു. തര്‍ക്കം ഐഛികമാണോ (മുസ്‌തഹബ്ബ്) എന്നതില്‍മാത്രം. എന്നാല്‍, അനുവദനീയമാണെന്ന കാര്യം പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിച്ചിട്ടുണ്ട്……… ഖുനൂത്തിന്റെ അവസ്ഥയും അതുതന്നെ. തര്‍ക്കം, അത് മുസ്‌തഹബ്ബാണൊ കറാഹത്താണൊ എന്നതില്‍ മാത്രം. ഖുനൂത് ചൊല്ലിയാലും ഉപേക്ഷിച്ചാലും നമസ്‌കാരം ശരിയാകും എന്നതില്‍ പൊതുവെ പണ്ഡിതര്‍ യോജിച്ചിരിക്കുന്നു” (ഖിലാഫുല്‍ ഉമ്മത്തിഫില്‍ ഇബാദാത്ത് വമദ്‌ഹബു അഹ്‌ലിസ്സുന്നവല്‍ ജമാഅ, 110-118).
7. “ശാഖാപരമായ വിഷയങ്ങളിലും ജുസ്‌ഇയ്യ്‌ത്തിലും ഉള്ള അഭിപ്രായാന്തരങ്ങള്‍ അനുഗ്രഹമാണ്. ചിലര്‍ അങ്ങനെയല്ലെന്ന് ചിന്തിക്കുന്നവരാണ്. അവര്‍ ഈ ആയത്ത് തെളിവായി ഉദ്ധരിക്കുന്നു: `നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ജനങ്ങളെ ഒരൊറ്റ സമുദായമാക്കാമായിരുന്നു. അവര്‍ വിഭിന്നരായിത്തന്നെയിരിക്കും; `നിന്റെ റബ്ബിന്റെ കാരുണ്യം ലഭിച്ചവരൊഴികെ. അതിനാണവന്‍, അവരെ സൃഷ്‌ടിച്ചിരിക്കുന്നത്’ -സൂറത്തുഹൂദ്: 118-119. ഈ ആയത്ത് എനിക്കാണ് തെളിവാകുന്നത്. അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച് അഭിപ്രായാന്തരങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്. അത് തടയാനാകില്ല. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നവരില്‍നിന്ന് ഭിന്നയുള്ളവരെ ഒഴിവാക്കിയിട്ടുണ്ടല്ലോ എന്നാണ് വാദിക്കുന്നതെങ്കില്‍ അതിനുള്ള മറുപടി ഇതാണ്; ഭിന്നതയെ അടിസ്ഥാന ഗുണമായി കൊണ്ടുനടക്കുന്നവരെ സംബന്ധിച്ച് ഇത് ശരിയാണ്. വിശ്വാസകാര്യങ്ങളിലും അടിസ്ഥാന വിഷയങ്ങളിലുമുള്ള ഭിന്നതയാണിത്. ജൂത ക്രൈസ്‌തവരുമായും മറ്റു ഭിന്നതപോലെ. പരസ്‌പരം കാഫിറാക്കുന്ന എല്ലാ സമുദായത്തിലെയും കക്ഷികളും തഥാ. എന്നാല്‍ ശാഖാപ്രശ്‌നങ്ങളിലും മറ്റുമുള്ള ഖണ്ഡിതമായ പ്രമാണമല്ലാത്തവയില്‍ ഭിന്നത അനിവാര്യമാണ്.” …..“ഇമാം ഹസന്‍(റ)ല്‍ നിന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നേരത്തെ പറഞ്ഞ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്: `അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹരായവര്‍ ഉപദ്രവകരമായ ഭിന്നത പുലര്‍ത്തുകയില്ല’-ഖണ്ഡിതമായി വിധിപറയാന്‍ കഴിയാത്ത ഇജ്‌തിഹാദി പ്രശ്‌നങ്ങളിലായിരിക്കും അവര്‍ ഭിന്നിക്കുക…. അല്ലാഹുവിന്റെ കാരുണ്യം ലഭിച്ച സ്വഹാബികള്‍തന്നെ ഇജ്‌തിഹാദി പ്രശ്‌നങ്ങളില്‍ ഭിന്നിച്ചിട്ടുണ്ട്. …..ശാഖാ വിഷയങ്ങളിലുള്ള ഭിന്നിപ്പ് അതിലെ അവരുടെ ഏകോപിതാഭിപ്രായം പോലത്തന്നെയാണ് (അല്‍ഇഅ്‌ത്വിസാം-ലിശാത്വിബി 2/168).
8. “കര്‍മശാസ്‌ത്ര മദ്‌ഹബുകള്‍ക്കിടയില്‍ ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടാകാന്‍ വൈജ്ഞാനികമായ കാരണങ്ങളുണ്ട്; അതിനുപിന്നില്‍ അല്ലാഹുവിന്റെ അടിമകള്‍ക്ക് കാരുണ്യമാണുള്ളത്. പ്രമാണങ്ങളില്‍നിന്ന് വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതിലെ വിശാലതയും. ഇത്തരം ഭിന്നതകളെ ഇല്ലാതാക്കാനാവില്ല. കാരണം അടിസ്ഥാന പ്രമാണങ്ങളില്‍ ഏറെയും ഒന്നിലധികം അര്‍ഥങ്ങള്‍ക്ക് സാധ്യതയുള്ളതാണ്. നടക്കാന്‍ സാധ്യതയുള്ള എല്ലാ സംഭവങ്ങളെയും ഉള്‍ക്കൊള്ളാന്‍ പ്രമാണങ്ങള്‍ക്ക് കഴിയില്ല. കാരണം പ്രമാണങ്ങള്‍ പരിമിതമാണ്. സംഭവങ്ങള്‍ അസംഖ്യവും. അപ്പോള്‍ അനിവാര്യമായും നാം ഖിയാസിനെ അവലംബിക്കേണ്ടി വരും. വിധികളുടെ കാരണങ്ങളും നിയമദാതാവിന്റെ ലക്ഷ്യവും ശരീഅത്തിന്റെ ഉദ്ദേശ്യങ്ങളും പരിഗണിക്കേണ്ടിവരും. ഒരു സംഭവത്തെക്കുറിച്ച് വിധിപറയുന്നതില്‍ അതെല്ലാം അവലംബിക്കേണ്ടതുണ്ട്. ഇതിലെല്ലാം ഒരേ വിഷയത്തില്‍ തന്നെ പണ്ഡിതന്മാരുടെ ധാരണകളും മുന്‍ഗണനകളും വ്യത്യസ്‌തമാകും; . പണ്ഡിതന്മാരെല്ലാം സത്യമാണ് അന്വേഷിക്കുന്നത്. ശരിയായ നിലപാടിലെത്തിയവര്‍ക്ക് രണ്ടു പ്രതിഫലം. തെറ്റിയാല്‍ ഒരു പ്രതിഫലം. ഇവിടെ നിന്നാണ് വിശാലതയും കാരുണ്യവും ഉണ്ടാകുന്നത്” (ഖിലാഫുല്‍ ഉമ്മത്തിഫില്‍ ഇബാദാത്ത്-ഇബ്‌നുതൈമിയ്യ, പേജ്: 19-21, ദാറുല്‍ കിതാബുല്‍ അറബി, ബൈറൂത്ത്).
ഇബ്‌നുല്‍ ഖയ്യിമിന്റെ
കാഴ്‌ചപ്പാട്
സലഫിധാരയിലെ പ്രമുഖ പണ്ഡിതന്‍ ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ സുബ്‌ഹി നമസ്‌കാരത്തിലെ ഖുനൂത്തിനെയും ബിസ്‌മിയെയും സംബന്ധിച്ച് പറയുന്നു: “നീതിമാനായ ഒരു പണ്ഡിതന് പറയാവുന്ന സന്തുലിതമായ നിലപാടിതാണ്; നബി(സ) ബിസ്‌മി… ഉറക്കെ ഓതിയിരുന്നു, പതുക്കെയും ഓതിയിരുന്നു. ഖുനൂത് ചൊല്ലിയിരുന്നു. ചൊല്ലാതെയുമിരുന്നു. ഉറക്കെ ബിസ്‌മി ചൊല്ലിയതിനെക്കാള്‍ കൂടുതലായിരുന്നു പതുക്കെ പറഞ്ഞത്. ഖുനൂത് ഓതിയതിനെക്കാള്‍ കൂടുതല്‍ ഓതാതിരുന്നതായിരുന്നു. ദുരന്തസന്ദര്‍ഭങ്ങളില്‍ തന്റെ ജനതക്കുവേണ്ടിയും പ്രതിയോഗികള്‍ക്കെതിരെയും മാത്രമായിരുന്നു ഖുനൂത്. ബന്ധികള്‍ മോചിതരായി എത്തിയപ്പോള്‍ നബി ഖുനൂത് നിര്‍ത്തി….
അബൂഹുറയ്‌റയില്‍ നിന്ന് പ്രബലമായ ഒരു നിവേദനം ഇങ്ങനെ വന്നിട്ടുണ്ട്; അല്ലാഹുവാണ! പ്രവാചകന്റെ നമസ്‌കാരത്തോട് നിങ്ങളില്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന ആളാണ് ഞാന്‍! അബൂഹുറൈറ സുബ്‌ഹിയിലെ അവസാന റക്‌അത്തില്‍ റുകൂഇനുശേഷം ഖുനൂത് ഓതാറുണ്ടായിരുന്നു… നബി(സ) അപ്രകാരം ചെയ്‌തിരുന്നുവെന്നതില്‍ സംശയമില്ല. ഇത്തരമൊരു ഖുനൂത്ത് സുന്നത്താണെന്ന് അവരെ പഠിപ്പിക്കാന്‍ അബൂഹുറൈറ ആഗ്രഹിച്ചു. നബി(സ) അങ്ങനെ ചെയ്‌തിരുന്നു. ഇത് കൂഫക്കാര്‍ക്കുള്ള മറുപടിയാണ്. ദുരന്തങ്ങള്‍ ഉണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ സുബ്‌ഹിയില്‍ ഖുനൂത് ഓതുന്നത് നിരുപാധികം ഖൂഫക്കാര്‍ വെറുത്തു. അത് ദുര്‍ബലപ്പെടുത്തപ്പെട്ടതും ബിദ്‌അത്തും ആണെന്ന് അവര്‍ പറയുന്നു. എന്നാല്‍ രണ്ടു നിലപാടുകള്‍ക്കുമിടയിലെ സന്തുലിത കാഴ്‌ച്ചപ്പാടാണ് അഹ്‌ലുല്‍ ഹദീസിന്റേത്. രണ്ടു വിഭാഗങ്ങളെക്കാള്‍ ഹദീസ് ലഭിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളതും ഇവര്‍ക്കാണ്. നബി(സ) ഖുനൂത് ഓതിയ സന്ദര്‍ഭങ്ങളില്‍ അവര്‍ ഖുതൂത് ഓതുന്നു നബി(സ) ഉപേക്ഷിച്ചിട്ടാണ് അവരും ഉപേക്ഷിക്കുന്നു. ഖുനൂത് ഓതുന്നതില്ല ഉപേക്ഷിക്കുന്നതിലും അവര്‍ നബിയെ പിന്തുടരുന്നു. അവരുടെ നിലപാട് ഇതാണ്; ഖുനൂത് ഓതല്‍ സുന്നത്താണ്, അത് ഉപേക്ഷിക്കലും സുന്നത്തുതന്നെ. സ്ഥിരമായി ഖുനൂത് ഓതുന്നവരെ അവര്‍ ആക്ഷേപിക്കുകയില്ല. അത് ചെയ്യുന്നത് അവര്‍ വെറുക്കുന്നില്ല. അത് ബിദ്‌അത്തായും അവര്‍ കാണുന്നില്ല. അത് ചെയ്യുന്നവന്‍ സുന്നത്തിന് എതിര് പ്രവര്‍ത്തിക്കുന്നവനായും കരുതുന്നില്ല. അപകട സന്ദര്‍ഭങ്ങളിലും ഖുനൂത് ഓതാത്തവരെ അവര്‍ അധിക്ഷേപിക്കില്ല. അത് ചൊല്ലാതിരിക്കുന്നത് ബിദ്‌അത്തായി അവര്‍ കാണുന്നില്ല. അത് ഉപേക്ഷിക്കുന്നവന്‍ സുന്നത്തിന് എതിരുചെയ്‌തുവെന്നും അവര്‍ പറയില്ല. ഖുനൂത് ഓതുന്നവന്‍ നല്ലത് ചെയ്യുന്നു, ഖുനൂത് ഉപേക്ഷിക്കുന്നവനും നല്ലത് ചെയ്യുന്നു. ഇഅ്‌തിദാല്‍ പ്രാര്‍ഥനയുടെയും പുകഴ്‌ത്തലിന്റെയും സന്ദര്‍ഭമാണ്. നബി അവിടെ അത് രണ്ടും ചെയ്‌തിട്ടുണ്ട്. ഖുനൂത് പ്രാര്‍ഥനയും പുകഴ്‌ത്തലുമാണ്. ഇവിടെ ഏറ്റവും ഉത്തമമാണത്. മഅ്‌മൂമുകള്‍ കേള്‍ക്കാനായി ഇമാം ഖുനൂത് ഉറക്കെചൊല്ലുന്നതില്‍ തെറ്റില്ല. മഅ്‌മൂമുകള്‍ കേള്‍ക്കാനായി ഉമര്‍ പ്രാരംഭ പ്രാര്‍ഥന ഉറക്കെ ചൊല്ലിയിരുന്നു. മയ്യിത്ത് നമസ്‌കാരത്തില്‍ ഇബ്‌നു അബ്ബാസ് ഫാതിഹ ഉറക്കെ ഓതിയിരുന്നു; അത് സുന്നത്താണെന്ന് ജനങ്ങളെ അറിയിക്കലായിരുന്നു ലക്ഷ്യം. ഇമാം `ആമീന്‍’ ഉറക്കെ പറയുന്നതും ഇതില്‍പെടുന്നു. അനുവദനീയമായ ഭിന്നതകളില്‍പെട്ട ഈ കാര്യങ്ങള്‍ ചെയ്‌തതിന്റെ പേരിലൊ ഉപേക്ഷിക്കുന്നതുകൊണ്ടോ ആരെയും ആക്ഷേപിക്കാന്‍ പാടില്ല. ഇപ്രകാരം തന്നെയാണ്, നമസ്‌കാരത്തില്‍ കൈകള്‍ ഉയര്‍ത്തലും ഉയര്‍ത്താതിരിക്കലും ശഹാദത്തിന്റെ ഇനങ്ങളിലുള്ള ഭിന്നത, ഇഖാമത്തിന്റെയും ബാങ്കിന്റെയും ഇനങ്ങള്‍, ഇഫ്‌റാദ്, ഖിറാന്‍, തമത്തുഅ് എന്നീ ഹജ്ജിലെ ഇനങ്ങള്‍ തുടങ്ങിയവ…. സുബ്‌ഹിയിലെ ഖുനൂത്തും ബിസ്‌മി ഉറക്കെ ഓതലും നബി(സ) പതിവായി ചെയ്‌തിരുന്നില്ല എന്നതുകൊണ്ട്, അത് സ്ഥിരമായി ചെയ്യുന്നത് വെറുക്കപ്പെട്ട കാര്യമാകുന്നില്ല. അത് ബിദ്‌അത്താകുന്നുമില്ല. മറിച്ച് നബിയുടെ ചര്യയാണ് പരിപൂര്‍ണവും ശ്രേഷ്‌ടവും” (സാദുല്‍ മആദ്, ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ-1/272-275, മുഅസ്സത്തുരിസാല).
ഇബ്‌നുബാസിന്റെ നിലപാട്
ആധുനിക സലഫീപണ്ഡിതരില്‍ പ്രമുഖനും സുഊദിയിലെ ഉന്നതപണ്ഡിത സഭയുടെ അധ്യക്ഷനുമായിരുന്ന ശൈഖ് ഇബ്‌നുബാസ് കര്‍മ്മശാസ്‌ത്ര ഭിന്നതകളെക്കുറിച്ച് പറയുന്നു: നമസ്‌കാരത്തില്‍ റുകൂഇന് മുമ്പും ശേഷവും കൈവെക്കേണ്ടത് അതല്ല മറ്റെവിടെയെങ്കിലുമാണോ തുടങ്ങിയ കാര്യങ്ങള്‍ സുന്നത്തിന്റെ പട്ടികയിലാണ് വരുന്നത്. പണ്ഡിതാഭിപ്രായപ്രകാരം ഒരിക്കലും അത് നിര്‍ബന്ധകാര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ല. ഒരു വ്യക്തി റുകൂഇന് മുമ്പോ ശേഷമോ കൈകെട്ടാതെയാണ് നമസ്‌കരിച്ചതെങ്കില്‍പോലും അയാളുടെ നമസ്‌കാരം തികച്ചും സ്വീകാരയോഗ്യമാണ്. അയാള്‍ ചില ശ്രേഷ്‌ടതകള്‍ ഉപേക്ഷിച്ചുവെന്ന് മാത്രമേയുള്ളൂ. ഒരിക്കലും മുസ്‌ലിംകള്‍ അത്തരം പ്രശ്‌നങ്ങള്‍ തര്‍ക്കത്തിന്റെയും ഭിന്നതയുടെയും അകല്‍ച്ചയുടെയും കാരണമായി സ്വീകരിക്കരുത്. ഇമാം ശൗകാനി നൈലുല്‍ ഔതാറില്‍ കൈകെട്ടുന്നത് വാജിബാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ മുസ്‌ലിംകള്‍ വിഘടിച്ചുനില്‍ക്കാവതല്ല. അതേയവസരം, തഖ്‌വയുടെയും നന്മയുടെയും മാര്‍ഗത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും പരസ്‌പരവിദ്വേഷത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യേണ്ടത് മുസ്‌ലിംകള്‍ക്ക് വാജിബാണ്. ഭിന്നിപ്പിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് കരുതിയിരിക്കേണ്ടതാണ്. കാരണം, അല്ലാഹു മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും നിര്‍ബന്ധമാക്കിയിരിക്കുന്നു. “അല്ലാഹുവിന്റെ കയര്‍ നിങ്ങള്‍ മുറുകെപിടിക്കുക അതില്‍ ഭിന്നിക്കരുത് (2:103), പ്രവാചകന്‍ പറഞ്ഞു: അല്ലാഹു മൂന്ന് കാര്യങ്ങളില്‍ നിങ്ങളില്‍ തലവനായിരിക്കും. ഒന്ന്, അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക, അതില്‍ ഭിന്നിക്കാതിരിക്കുക. മൂന്ന്, ഭരണകര്‍ത്താക്കളോട് ഗുണകാംക്ഷ പുലര്‍ത്തുക.”
“ആഫ്രിക്കയിലും ഇതര രാജ്യങ്ങളിലും എന്റെ മുസ്‌ലിം സഹോദരങ്ങള്‍ക്കിടയില്‍, കൈകെട്ടുന്നത് സംബന്ധമായ പ്രശ്‌നങ്ങള്‍മൂലം കഠിനമായ വിദ്വേഷവും അകല്‍ച്ചയും നിലനില്‍ക്കുന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതും തെറ്റുമാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല. സ്‌നേഹവും സാഹോദര്യവും ഐക്യവും നിലനിര്‍ത്തിക്കൊണ്ട് സത്യം മനസിലാക്കുന്നതില്‍ പരസ്‌പരധാരണയും ഗുണകാംക്ഷയും അനിവാര്യമാണ്. പ്രവാചകാനുയായികള്‍ തമ്മില്‍പോലും ശാഖാപരമായ പ്രശ്‌നങ്ങളില്‍ അഭിപ്രായ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊരിക്കലും അവര്‍ക്കിടയില്‍ അനൈക്യത്തിനോ അകല്‍ച്ചക്കോ കാരണമായില്ല. അവരുടെ ലക്ഷ്യം തെളിവുകള്‍ സഹിതം സത്യം മനസ്സിലാക്കുക മാത്രമായിരുന്നു. സത്യം വ്യക്തമായാല്‍ അവരതില്‍ ഒന്നിക്കും. ചിലര്‍ക്കത് അവ്യക്തമായാല്‍, മറ്റുള്ളവരെ മാര്‍ഗഭ്രംശം സംഭവിച്ചവരായി മുദ്രകുത്തുക………..മാത്രമല്ല, സ്വന്തം സഹോദരനുമായുള്ള ആദര്‍ശബന്ധം തുടരുന്നതിനോ, തുടര്‍ന്ന് നമസ്‌കരിക്കാനോ തടസമായില്ല. അല്ലാഹുവിനെ സൂക്ഷിക്കുക, സത്യം മുറുകെപിടിക്കുക, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുക, പരസ്‌പര ഗുണകാംക്ഷ പുലര്‍ത്തുക, ആദര്‍ശപരമായ സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ തെളിവുകള്‍ അവ്യക്തമാകുമ്പോള്‍ താന്‍ കൈകൊണ്ടിട്ടുള്ള ഇജ്‌തിഹാദ് സഹോദരന്റെ മേല്‍ നടപ്പിലാക്കാന്‍ ശ്രമിക്കാതിരിക്കുക, ശാഖാപരമായ പ്രശ്‌നങ്ങളുടെപേരില്‍ പരസ്‌പരബന്ധം വിഛേദിക്കാതിരിക്കുക, തുടങ്ങിയ നമ്മുടെ ബാധ്യതയാണ്. അതാണ് സലഫിസരണി” (മജല്ലത്തുല്‍ ഫുര്‍ഖാന്‍, സലഫീ മാസിക, കുവൈത്ത്, 1999 ജൂലൈ).
ആധുനിക സലഫീ പണ്ഡിതരും അവരുള്‍പ്പെടുന്ന ഫത്‌വാസമിതികളും ഈ വിഷയത്തില്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടുകള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ ഇവിടെ ഉദ്ധരിക്കുന്നില്ല. (ഫതാവാഅല്ലജ്‌നത്തിദ്ദാഇമ, ഫത്‌വ നമ്പര്‍-16113, പേജ്: 212, ശിഫാഉസ്സ്വുദൂര്‍-സൈനുദ്ദീന്‍ മര്‍ഈ ബിന്‍ യൂസുഫുല്‍ കര്‍മി-പേജ്-154, അര്‍റിആസത്തുല്‍ ആമ്മലില്‍ബുഹൂസില്‍ ഇല്‍മിയ്യ).
4
അതിവാദ പ്രവണതകള്‍
അഹ്‌ലുല്‍ ഹദീസിലെ പണ്ഡിതന്മാരും അവരുടെ അനുയായികളും ഇത്തരം വിഷയങ്ങളില്‍ മുന്‍കാലങ്ങളില്‍ പൊതുവെ പുലര്‍ത്തിയ കാര്‍ക്കശ്യം, ആധുനിക സലഫീപണ്ഡിതരില്‍ ചിലര്‍ കൂടുതല്‍ ആവേശത്തോടെ പുനരവതരിപ്പിക്കാന്‍ തുടങ്ങിയത് സലഫികള്‍ക്കിടിയില്‍ തന്നെ ഈ വിഷയത്തില്‍ ഭിന്നതകള്‍ക്ക് കാരണമായി. ഹദീസ് നിദാന ശാസ്‌ത്രത്തിലെ സങ്കേതങ്ങള്‍ ഉപയോഗിച്ച്, പല സ്വഭാവത്തില്‍ സ്വീകാര്യയോഗ്യമെന്ന് പൊതുവെ അംഗീകരിക്കപ്പെട്ട ഹദീസുകളെ ബലമുള്ളതും ഇല്ലാത്തതും എന്ന് വേര്‍തിരിക്കുകയും, `തങ്ങളുടെ മാനദണ്ഡമനുസരിച്ച്’ ഏറ്റവും ബലമുള്ളതിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കണമെന്ന് ചിലര്‍ ശഠിക്കുകയും ചെയ്‌തതാണ് പുതിയ അതിവാദങ്ങള്‍ സലഫിസത്തിനകത്തു സൃഷ്‌ടിക്കപ്പെടാനുള്ള ഒരു കാരണം. നേരത്തെ സൂചിപ്പിച്ചതുപൊലെ, ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയാണ് ഇതിന് ഒരുപരിധിവരെ കാരണക്കാരനായത്. ഒരു വിഷയത്തില്‍ നിവേദനം ചെയ്യപ്പെട്ട പല ഹദീസുകളില്‍നിന്ന് തന്റെ വീക്ഷണത്തില്‍ ഏറ്റവും ബലമുള്ളതിന്റെ അടിസ്ഥാനത്തില്‍ മാത്രം കര്‍മങ്ങള്‍ അനുഷ്‌ഠിക്കണം എന്ന് നിര്‍ബന്ധം പിടിക്കുകയും അതിനെക്കാള്‍ ബലം കുറഞ്ഞതെന്ന് താന്‍ ധരിക്കുന്ന ഹദീസുകളുടെ വ്യാഖ്യാന സാധ്യതകളെ നിരാകരിക്കുകയുമാണ് അല്‍ബാനിയും ശിഷ്യന്മാരും ചെയ്‌തത്. പൗരാണിക പണ്ഡിതനായ ഇമാം ഇബ്‌നുഹസം ഈ വിഷയത്തില്‍ പുലര്‍ത്തിയ കാര്‍ക്കശ്യത്തിന്റെ കുറെക്കൂടി വികസിച്ചരീതിയാണ് അല്‍ബാനി മുന്നോട്ടു വെച്ചത്.
ഉദാരഹണമായി, തറാവീഹിന്റെ റക്‌അത്തുകളുടെ എണ്ണത്തിലുള്ള തര്‍ക്കം പരിശോധിക്കുക. വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ പരിശോധിച്ച ഇബ്‌നു തൈമിയ പതിനൊന്ന് റക്‌അത്താണ് ഉത്തമം എന്ന് പ്രഖ്യാപിച്ചു. അതോടൊപ്പം 23, 30 തുടങ്ങിയ എണ്ണം റക്‌അത്തുകള്‍ നമസ്‌കരിക്കാമെന്നും അത് നബിചര്യക്ക് വിരുദ്ധമല്ലെന്നും മറ്റു ഹദീസുകള്‍ മുമ്പില്‍വെച്ചുകൊണ്ട് ഇബ്‌നുതൈമിയ്യ വിശദീകരിച്ചു. ഒരു നിലപാടിന് മുന്‍ഗണന നല്‍കുമ്പോള്‍തന്നെ മറ്റു ചില വീക്ഷണങ്ങള്‍ക്കുള്ള സാധ്യത അംഗീകരിക്കുകയാണ് ശൈഖുല്‍ ഇസ്‌ലാം ചെയ്‌തത്. എന്നാല്‍ ഇബ്‌നുതൈമിയ്യയുടെ ഈ നിലപാടിനെ വിമര്‍ശിച്ച നാസ്വിറുദ്ദീന്‍ അല്‍ബാനി തറാവീഹ് പതിനൊന്ന് റക്‌അത്ത് മാത്രമേ നമസ്‌കരിക്കപ്പെട്ട, അതിലേറെ നമസ്‌കരിക്കുന്നത് ബിദ്‌അത്തും നബിചര്യക്ക് വിരുദ്ധവും എന്ന് ഖണ്ഡിതമായി പ്രഖ്യാപിച്ചു. തീരെ ദുര്‍ബലമായ ഹദീസുകള്‍ നിരാകരിച്ച ശേഷവും ഇബ്‌നുതൈമിയ്യ പരിഗണിച്ച, സ്വീകാര്യതയില്‍ (സ്വിഹത്ത്) പലതലങ്ങളില്‍ നില്‍ക്കുന്ന ഹദീസുകളെ അല്‍ബാനി തള്ളിപ്പറയുകയും ഒരു വീക്ഷണത്തിലുള്ള ഹദീസുകള്‍ മാത്രം സ്വീകാര്യയോഗ്യം എന്ന് വിധിക്കുകയും ചെയ്‌തതാണിതിന്റെ കാരണങ്ങളില്‍ ഒന്ന്. മദ്‌ഹബിന്റെ ഇമാമുമാര്‍ക്ക് സ്വഹീഹായ ചില ഹദീസുകള്‍ ലഭിക്കാതിരുന്നതിനാലാണ് അവരില്‍നിന്ന് ചില സ്‌ഖലിതങ്ങള്‍ സംഭവിച്ചതെന്ന്, അംഗീകരിക്കാം. കാരണം ഇമാമുമാരുടെ കാലശേഷമാണ് പ്രമുഖ ഹദീസ്‌ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതും ഹദീസ് നിദാനശാസ്‌ത്രം വളര്‍ന്നു വികസിച്ചതും. എന്നാല്‍ ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് സമാഹാരങ്ങള്‍ ഉണ്ടായ ശേഷം, അവയെല്ലാം പരിശോധിച്ച് ശാഖാപരമായ ചില വിഷയങ്ങളില്‍ സലഫീധാരയിലെ മുന്‍നിര പണ്ഡിതന്മാര്‍ എടുത്ത സന്തുലിത നിലപാടിനെ തള്ളിപറയുന്നത് ഏതടിസ്ഥാനത്തിലാണ്. ഇബ്‌നുതൈമിയ്യക്ക് അറിയാത്ത ഹദീസൊന്നും ഹദീസല്ല എന്ന് പണ്ഡിതന്മാര്‍ പറയാന്‍ മാത്രം ഹദീസ് പരിജ്ഞാനിയായിരുന്നു ശൈഖുല്‍ ഇസ്‌ലാം. തറാവീഹിന്റെ റക്‌അത്തുകളെക്കുറിച്ച വിവിധ വീക്ഷണങ്ങള്‍ നന്നായി മനസിലാക്കയി ശേഷം, തദ്വിഷയകമായി വന്ന ഹദീസുകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ശൈഖുല്‍ ഇസ്‌ലാം തന്റെ സന്തുലിതമായ കാഴ്‌ചപ്പാട് അവതരിപ്പിച്ചത്; ഏറ്റവും ഉത്തമം പതിനൊന്നു റക്‌അത്താണ്, അതിലധികം നമസ്‌കരിക്കുന്നതു തെറ്റല്ല. സ്വഹാബിമാരില്‍നിന്ന് അതിനു മാതൃകയുണ്ട്. ഇതിനെയാണ് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി ശക്തമായി ഖണ്ഡിച്ചത്. പതിനൊന്നിലധികം നമസ്‌കരിക്കുന്നത് ബിദ്‌അത്തും പ്രവാചകചര്യക്ക് വിരുദ്ധവുമാണ് എന്നതത്രെ അദ്ദേഹത്തിന്റെ വാദം (ഖിയാമുറമദാന്‍-നാസ്വിറുദ്ദീന്‍ അല്‍ബാനി).
സലഫി ലോകത്തുതന്നെ വിവാദമായിത്തീര്‍ന്ന ഈ നിലപാട്, ഏറ്റുപിടിക്കാന്‍ പല ഭാഗത്തു ചില സലഫി വിഭാഗങ്ങള്‍ രംഗത്തുവരികയുണ്ടായി. കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുജാഹിദ് നേതാവ് കെ.കെ സകരിയ്യ സ്വലാഹിയുടെ എഴുതിയത് ശ്രദ്ധിക്കുക; “…..രാത്രി നമസ്‌കാരം ഈ രണ്ട് ഈ രണ്ടാണ് എന്ന ഹദീസ് പതിനൊന്ന് റക്‌അത്തിന്റെ രൂപം വിവരിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ റക്‌അത്ത് എത്യയുമാവാമെന്ന് ധ്വനിപ്പിക്കുകയല്ല എന്ന് വ്യക്തം. ഇതുകൊണ്ടാണ് അറബികളുടെ-ഇബ്‌നുതൈമിയ്യ മുതല്‍ ഇബ്‌നുബാസ് വരെയുള്ളവരുടെ-വ്യാഖ്യാനം അബദ്ധമാണ്, പിഴവാണ് എന്ന്. നാം ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചത്. അറബ് ലോകത്തെ ആധുനിക പണ്ഡിതന്മാരെക്കാള്‍ എത്രയോ ഉന്നതരായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയെപ്പോലുള്ളവര്‍ മേല്‍പറഞ്ഞവിധം വ്യാഖ്യാനിച്ചിട്ടും നാം ആ വ്യാഖ്യാനം സ്വീകരിക്കാതിരുന്നത് നബിചര്യയില്‍ സ്ഥിരപ്പെട്ടത് സ്വീകരിക്കണം എന്ന നിലക്കായിരുന്നു… എന്നാല്‍ അറബ് ലോകത്ത് മാത്രമല്ല, മുസ്‌ലിം ലോകത്താകമാനം വൈജ്ഞാനിക കൊടുങ്കാറ്റ് സൃഷ്‌ടിച്ച ലോക പ്രശസ്‌ത സലഫി പണ്ഡിതനും മുഹദ്ദിസുമായിരുന്ന മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനി തന്റെ `സ്വലാത്തുത്തറാവീഹ്’ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ഈ വാദക്കാരെ എതിര്‍ക്കുകയും പതിനൊന്നിലധികം തറാവീഹ് നമസ്‌കരിക്കുന്നതിന് ഹദീസില്‍ യാതൊരടിസ്ഥാനവുമില്ലെന്ന് ശക്തിയുക്തം സമര്‍ഥിക്കുകയും ചെയ്‌തിട്ടുണ്ട്. അറബ് ലോകത്ത് കോളിളക്കം സൃഷ്‌ടിച്ച ഗ്രന്ഥമാണിത് (ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും കെ.കെ സകരിയ്യ സ്വലാഹി, പേജ്: 139-149).
തറാവീഹ് പതിനൊന്ന് റക്‌അത്താണ് ഉത്തമം എന്ന്‌പറയുമ്പോള്‍ തന്നെ അതിലധികം നമസ്‌കരിക്കുന്നത് നബിചര്യക്ക് എതിരല്ലെന്നും അനുവദനീയമാണെന്നും പ്രഖ്യാപിച്ച സലഫി പണ്ഡിതന്മാര്‍, ഇബ്‌നുതൈമിയക്കുപുറമെ വേറെയുമുണ്ട്. കേരളത്തില്‍ സലഫി മുജാഹിദു ധാരയിലുള്ള പണ്ഡിതന്മാരിലും പലരും ഈ നിലപാടുള്ളവരായിരുന്നു. (ഗള്‍ഫ് സലഫിസവും ഇസ്‌ലാഹി പ്രസ്ഥാനവും, എം.ഐ മുഹമ്മദലി സുല്ലമി) സലഫിധാരയില്‍ പൊതുവെ അംഗീകരിക്കപ്പെട്ടുവന്ന ഈ സമീപനരീതിയില്‍ മാറ്റം വരുത്തുകയാണ് അല്‍ബാനിയും ശിഷ്യന്മാരും അവരെ അനുകരിച്ചവരും ചെയ്‌തത്.
പതിനൊന്നില്‍ കൂടുതല്‍ നമസ്‌കരിക്കുന്നത് ബിദ്‌അത്തും നബിചര്യക്ക് വിരുദ്ധവുമാണെന്ന വാദത്തെക്കുറിച്ച് ചിന്തിക്കുക. സലഫികള്‍ പറയുന്നതനുസരിച്ചുള്ള `ബിദ്‌അത്തു’കളെല്ലാം മാര്‍ഗഭ്രംശവും (ളലാലത്ത്) എല്ലാ മാര്‍ഗഭ്രംശവും നരകത്തിലുമാണല്ലോ! അപ്പോള്‍ 11ല്‍ കൂടുതല്‍ തറാവീഹ് നമസ്‌കരിച്ചാല്‍ നരകത്തില്‍ പോകും എന്നാണോ? എത്രമാത്രം അപഹാസ്യവും അപകടകരവുമാണ് ഈ വാദം.
ഹദീസ് നിദാനശാസ്‌ത്രത്തിലെ തലനാരിഴകീറിയ ഗവേഷണങ്ങളിലൂടെയാണ് അല്‍ബാനി തന്റെ സമീപരീതി വികസിപ്പിച്ചെടുത്തത്. ഹദീസ് വിജ്ഞാന മേഖലയില്‍ അദ്ദേഹത്തിന്റെ ത്യാഗപരിശ്രമങ്ങള്‍ വലിയൊരു മുതല്‍ക്കൂട്ടാണ്, തീര്‍ച്ച. എന്നാല്‍, കര്‍മശാസ്‌ത്രത്തിലെ ശാഖാപരമായ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങളെപോലും ഏകീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം, ചരിത്ര യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കുന്നതും സലഫി മന്‍ഹജിനുതന്നെ വിരുദ്ധവുമായിപ്പോയി എന്നതു ദുഃഖകരമാണ്.
നമസ്‌കാരത്തെ സംബന്ധിച്ച ചര്‍ച്ചയില്‍, കൈകെട്ടേണ്ടത് എവിടെ, എങ്ങനെ, കൈ ഉയര്‍ത്തേണ്ടത് എപ്പോള്‍, എത്രവരെ, `ബിസ്‌മി’ ഉറക്കെയോ പതുക്കെയോ ചൊല്ലേണ്ടത്. സുജൂദിലേക്ക് പോകുമ്പോള്‍ ആദ്യം കൈ ആണോ നിലത്തുവെക്കേണ്ടത്, ഖുനൂത്തിന്റെ വിധിയെന്ത്, അത്തഹിയ്യാത്തിലെ വിരലനക്കം തുടങ്ങിയ ശാഖാപരമായ വിഷയങ്ങളെ കര്‍ക്കശസ്വഭാവത്തില്‍ സമീപിക്കുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട് ശൈഖ് അല്‍ബാനി. വ്യാഖ്യാനഭേദങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളില്‍പോലും പ്രമാണപരത എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഏകാഭിപ്രായത്തെ ശക്തിയായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു അദ്ദേഹം. അതേസമയം, നമസ്‌കാരത്തിന്റെ ആത്മീയതയും ചൈതന്യവും ശൈഖ് അല്‍ബാനി വിശദീകരിക്കുന്നില്ലെന്നു മാത്രമല്ല, പ്രസ്‌തുത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുകപോലും ചെയ്യുന്നില്ല. കര്‍മങ്ങളുടെ പ്രകടരൂപങ്ങള്‍ പ്രമാണബദ്ധമാക്കുന്നതിലാണ് അദ്ദേഹത്തിന്റെ തീവ്രശ്രമം മുഴുവന്‍. ശാരീരിക ചലനങ്ങള്‍, പ്രാര്‍ഥനകളുടെയും ദിക്‌റുകളുടെയും വാചകഘടന എന്നിവ നിയമപരമായ രീതിയില്‍ സുന്നത്തിനെ പരിപൂര്‍ണമായും അനുകരിക്കുന്ന വിധത്തിലാകണമെന്ന് ശഠിച്ചുകൊണ്ടാണ് അദ്ദേഹം നമസ്‌കാരത്തെക്കുറിച്ച് 225 പേജുള്ള ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഫുഖഹാക്കളും തസ്വവ്വുഫിന്റെ വക്താക്കളും തമ്മിലുള്ള ചില ഭിന്നതകളെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ നടത്തിയ നിരൂപണം നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ആത്മാവ് ചോര്‍ന്നുപോയ അനുഷ്‌ഠാന മതത്തെ ഫുഖഹാക്കളില്‍ ചിലര്‍ അവതരിപ്പിച്ചതിന്റെ കുറേക്കൂടി വികസിച്ച മുഖമാണ് അല്‍ബാനിയുടെ കൃതിയിലും കാണാനാകുന്നത്. കര്‍മങ്ങളുടെ ബാഹുരൂപങ്ങള്‍ നിയമാനുസൃതമാക്കാന്‍ ഉത്സാഹിക്കുന്നതിനപ്പുറം ആത്മസംസ്‌കരണവും ചൈതന്യവും പരിഗണിക്കപ്പെടാതെ പോകുന്നത് ബാഹ്യാര്‍ഥ കേന്ദ്രീകൃതവും അക്ഷരവായനയിലധിഷ്‌ഠിതവുമായ സലഫിസത്തിന്റെ വലിയൊരു പരിമിതിയാണ്. ആ പരിമിതിയെ കുറെകൂടി കുടുസ്സാക്കുകയാണ് ഇത്തരം അതിവാദങ്ങള്‍ ചെയ്യുന്നത്. കര്‍മശാസ്‌ത്രത്തിലെ ശാഖാപരമായ വിഷയങ്ങളിലുള്ള അഭിപ്രായാന്തരങ്ങള്‍പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ശൈഖ് അല്‍ബാനിയുടെ നിലപാടിന്റെ ചുരുക്കമിതാണ്; “ദീനീ വിഷയങ്ങളില്‍ നബി(സ)യുടെ ചര്യ പിന്തുടരല്‍ നിര്‍ബന്ധ ബാധ്യത(വാജിബ്) ആണ്. ഇജ്‌തിഹാദിനൊ, അഭിപ്രായാന്തരത്തിനൊ ഇടമില്ലാത്ത തനി ഇബാദത്തുകളില്‍ വിശേഷിച്ചും. കാരണം അത് തൗഖീഫിയ്യ് ആണ്; നമസ്‌കാരം പോലെ. എന്നാല്‍ ചിലര്‍ അഭിപ്രായാന്തരങ്ങള്‍(ഇഖ്‌തിലാഫ്) അംഗീകരിക്കുന്നു. അതില്‍ ഉമ്മത്തിന് വിശാലതയുണ്ടെന്നാണ് അവരുടെ വാദം. ഒരു ഹദീസ് അതിന് തെളിവായി ഉദ്ധരിക്കുന്നുണ്ട്: “എന്റെ സമുദായത്തിലെ അഭിപ്രായാന്തരങ്ങള്‍ അനുഗ്രഹമാണ്.” സുന്നത്തിനെ സഹായിക്കുന്നവരെ(അന്‍സ്വാറുസുന്ന) പ്രതിരോധിക്കാന്‍ ഏറെക്കാലമായി ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ഹദീസ് ശരിയല്ല, യാതൊരടിസ്ഥാനവും അതിനില്ല. മാത്രമല്ല ഖുര്‍ആനിന്റെ തത്ത്വങ്ങള്‍ക്ക് എതിരാണ് ഈ ഹദീസ്. ദീനില്‍ യാതൊരുവിധ അഭിപ്രായഭിന്നതയും പോടില്ല. ഏകോപിച്ചു നില്‍ക്കണം എന്നാണ് കല്‍പന. ഖുര്‍ആന്‍ പറയുന്നു: `നിങ്ങള്‍ തര്‍ക്കിക്കരുത്. അപ്പോള്‍ നിങ്ങള്‍ ഛിന്നഭിന്നമാകും നിങ്ങളുടെ കാറ്റുപോകും’ (അന്‍ഫാല്‍-46); `നിങ്ങള്‍ മുശ്‌രിക്കുകളില്‍പെട്ടു പോകരുത്. അഥവാ, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി പിരിയുകയും ചെയ്‌തവരുടെ കൂട്ടത്തില്‍പെടാതിരിക്കുക (അര്‍റൂം: 31, 32). മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു, `അവര്‍ അഭിപ്രായഭിന്നതയുള്ളവരായിക്കൊണ്ടേയിരിക്കും, നിന്റെ നാഥന്റെ കാരുണ്യം ലഭിച്ചിവരൊഴികെ’ (ഹൂദ്: 118, 119). അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചവര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉണ്ടാകില്ല, അസത്യത്തിന്റെ വക്താക്കള്‍ മാത്രമേ ഭിന്നിക്കൂ എങ്കില്‍ അഭിപ്രായഭിന്നത കാരുണ്യമാണെന്ന് എങ്ങനെ പറയും.” (സ്വിഫത്തുസ്വാലാത്തിന്നബിയില്‍ നിന്ന് സംഗ്രഹിച്ചത്, പേജ്: 58-60).
മദ്‌ഹബിന്റെ അനുയായികള്‍ക്കിടയില്‍ പില്‍ക്കാലത്തുണ്ടായ ആക്ഷേപകരമായ കക്ഷിവഴക്കുകള്‍ തന്റെ വാദത്തിനു തെളിവായി അല്‍ബാനി ചൂണ്ടിക്കാട്ടുന്നുണ്ട്. മദ്‌ഹബുകളെ തഖ്‌ലീദ് ചെയ്യന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു (അതേ പുസ്‌തകം, പേജ്: 60-63).
മദ്‌ഹുകളുടെ അനുയായികള്‍ക്കിടയില്‍ പില്‍ക്കാലത്തുണ്ടായ ശത്രുതാപരമായ സമീപനങ്ങള്‍ ഖുര്‍ആനും സുന്നത്തും വിലക്കിയ ഭിന്നതയില്‍ പെട്ടതാണ്. മദ്‌ഹബുകളിലുള്ള സുന്നത്തിന് വിരുദ്ധമായി വീക്ഷണങ്ങള്‍ തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതുമാണ്. ഇതില്‍ അല്‍ബാനിയുടെ കാഴ്‌ചപ്പാടിനോട് ആരും എതിര്‍പ്പുപ്രകടിപ്പിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, ആരാധനാകര്‍മങ്ങളിലെ ശാഖാപരമായ കാര്യങ്ങളിലും വിശദാംശങ്ങളിലുമെല്ലാം `പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട’ ഒരേ ഒരു രീതി മാത്രമേ സ്വീകരിക്കാവൂ, വൈജാത്യങ്ങള്‍ ഭിന്നതയാണ് എന്ന തരത്തിലുള്ള വാദങ്ങള്‍ക്ക്, പ്രമാണങ്ങളുടെയോ ചരിത്രത്തിന്റെയോ പിന്‍ബലമില്ല. സ്വഹാബികള്‍ക്കും സലഫുസ്വാലിഹുകള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന അഭിപ്രായാന്തരങ്ങളെക്കുറിച്ച ചോദ്യത്തിന് അല്‍ബാനി പറയുന്ന മറുപടി ദുര്‍ബലമാണ്. മാത്രമല്ല, ആ മറുപടിയില്‍ തന്നെ, ശാഖാപരമായ വിഷയങ്ങളിലെ അഭിപ്രായ ഭിന്നത അനിവാര്യമാണ്, പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും മറ്റുമുള്ള വ്യത്യാസമാണതിന് കാരണം എന്ന് അല്‍ബാനി തന്നെ വ്യക്തമാക്കുന്നുമുണ്ട്. “അഭിപ്രായഭിന്നത ദീനില്‍ വിലക്കപ്പെട്ടതാണെങ്കില്‍, സ്വഹാബിമാരും അവര്‍ക്കുശേഷമുള്ള ഇമാമുകളും ഭിന്നിച്ചതെന്തുകൊണ്ടെന്ന് ചിലര്‍ ചോദിക്കുന്നു. അവരുടെയും പില്‍ക്കാലക്കാരുടെ അഭിപ്രായഭിന്നതകള്‍ക്കിടയില്‍ അന്തരമുണ്ട്. സ്വഹാബികള്‍ക്കിടയിലെ ഭിന്നത അനിവാര്യകാരണങ്ങളാലായിരുന്നു, പ്രമാണങ്ങള്‍ മനസിലാക്കുന്നതിലെ സ്വാഭാവികമായ ഭിന്നതയായിരുന്നു. ഭിന്നതയെ അവര്‍ തെരഞ്ഞെടുത്തതല്ല. അവരുടെ കാലത്തുണ്ടായിരുന്ന മറ്റുചില ഘടകങ്ങളും അതിന് കാരണമായിട്ടുണ്ട്. അനിവാര്യമായിരുന്ന അവരുടെ ഭിന്നത അവര്‍ക്കുശേഷം ഇല്ലാതാവുകയും ചെയ്‌തു. അത്തരം അഭിപ്രായഭിന്നതകളില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെടാന്‍ സാധ്യമല്ല. ഭിന്നതയെ ആക്ഷേപിച്ച് ആയത്തുകള്‍ അവരെ ബാധിക്കുകയില്ല. കാരണം അഭിപ്രായഭിന്നതയില്‍ അവര്‍ ഉറച്ചുനിന്നിരുന്നില്ല.” ഇങ്ങനെ പോകുന്നു അല്‍ബാനിയുടെ കാഴ്‌ചപ്പാട് (സ്വിഫത്തുസ്വാലാത്തിന്നബിയില്‍ നിന്ന് സംഗ്രഹിച്ചത്, പേജ്: 58-60).
ഇതു തന്നെയാണ്, സ്വഹാബികളും താബിഉകളും ഇമാമുമാരും ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിച്ചിട്ടുള്ളത്. മാത്രമല്ല, ശൈഖുല്‍ ഇസ്‌്‌ലാം ഇബ്‌്‌നു തൈമിയ മുതല്‍ ശൈഖ് ഇബ്‌നുബാസ് വരെയുള്ള സലഫി പണ്ഡിതര്‍ ശാഖാപരമായ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്ന് നാം വിശദീകരിക്കുകയുണ്ടായി. ഈ സലഫീ പാരമ്പര്യത്തെ അല്‍ബാനി തള്ളിപറയുന്നത് എന്തടിസ്ഥാനത്തിലാണ്?
ഈ `അല്‍ബാനി മദ്‌ഹബ്’ കൃത്യമായി പ്രതിഫലിക്കുന്ന കൃതിയാണ് `സ്വിഫത്തു സ്വലാത്തിന്നബി മിനത്ത്‌ക്‌ബീരി ഇലത്തസ്‌ലീം കഅന്നക്ക തറാഹു.” പ്രവാചകന്റെ നമസ്‌കാരത്തിന്റെ ശരിയായ രീതി മനസ്സിലാക്കാന്‍ സഹായകമാകണമെന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട കൃതി, നമസ്‌കാരത്തിലെ ഐഛികവും ശാഖാപരവുമായ എല്ലാ ഓരോ കര്‍മത്തിലെയും വ്യാഖ്യാന ഭേദങ്ങളെ വരെ നിരാകരിക്കുകയും `ഏക മദ്‌ഹബ്’ സ്ഥാപിച്ചെടുക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്. ഗ്രന്ഥരചനയുടെ പശ്ചാത്തലവും ലക്ഷ്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്; “ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതാണോ നിങ്ങള്‍ കണ്ടത് അതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക” എന്നാണ് നബി(സ) കല്‍പിച്ചിരിക്കുന്നത്. ഹാഫിദ് മുന്‍ദിരിയുടെ `അത്തര്‍ഗീബു വത്തര്‍ഹീബിലെ’ നമസ്‌കാരത്തെ കുറിച്ച അധ്യായം വായിക്കുകയും പഠിപ്പിക്കുകയും ചെയ്‌തപ്പോള്‍ ഇസ്‌ലാമില്‍ നമസ്‌കാരത്തിനുള്ള സ്ഥാനവും പ്രതിഫലവും മനസ്സിലാക്കാന്‍ സാധിച്ചെങ്കിലും നബി(സ)യുടെ നമസ്‌കാരത്തില്‍ നിന്ന് നമ്മില്‍ പലരുടെയും നമസ്‌കാരത്തിന് ചില വ്യത്യാസങ്ങളുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു. നബി(സ)യുടെ നമസ്‌കാരത്തോട് ശരിയായവണ്ണം നീതിപുലര്‍ത്തുന്നതോ, അതിനോട് അടുത്തു നില്‍ക്കുന്നതോ ആകണം നമ്മുടെ നമസ്‌കാരമെങ്കില്‍, നബിയുടെ നമസ്‌കാരത്തിന്റെ സവിശേഷതകള്‍ കൃത്യമായി നാം പഠിക്കേണ്ടതുണ്ട്. അത് വിശദമായി അറിയാന്‍ പണ്ഡിതന്മാര്‍ക്കു മാത്രമല്ല ജനങ്ങളില്‍ അധികപേര്‍ക്കും സാധിച്ചിട്ടില്ല. അവര്‍ മദ്‌ഹബുകളെ പിന്തുടരുന്നതാണിതിന്റെ കാരണം. ചില മദ്‌ഹബുകളില്‍ പറയുന്ന നമസ്‌കാരത്തിലെ സുന്നത്തുകള്‍ മറ്റു ചില മദ്‌ഹബുകളില്‍ കാണുന്നില്ല. നബിയിലേക്ക് ചേര്‍ത്തു പറയാന്‍ പറ്റാത്ത പലതും അവയിലെല്ലാം ഉണ്ട്‌താനും. ഇതു തിരുത്താനാണ് ഹദീസ് പണ്ഡിതന്മാര്‍ ശ്രമിച്ചത്…. ഈ അവസ്ഥയാണ്, തക്‌ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നബിയുടെ നമസ്‌കാരത്തിലെ മുഴുവന്‍ കാര്യങ്ങളും വിശദമാക്കുന്ന ഒരു പുസ്‌തകം രചിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നബിയെ ശരിയായ രീതിയില്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഹദീസിനെ പിന്‍പറ്റി നമസ്‌കരിക്കാന്‍ കഴിയണം. ഹദീസ് ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാണ് ഞാന്‍ ഈ കൃതി തയാറാക്കിയിരിക്കുന്നത്. ഹദീസ് നിദാന ശാസ്‌ത്രത്തിലെ അടിസ്ഥാനങ്ങളും നിയമങ്ങളും അനുസരിച്ച്, നിവേദക പരമ്പര കുറ്റമറ്റതായ ഹദീസുകള്‍ മാത്രമാണ് ഞാന്‍ ഉദ്ധരിച്ചിട്ടുള്ളത്; നമസ്‌കാരത്തിന്റെ രൂപം, ദിക്‌ര്‍ ശ്രേഷ്‌ഠതകള്‍ തുടങ്ങിയ ഓരോന്നിലും. സ്ഥിരപ്പെട്ട (സാബിത്) ഹദീസ് ദൗര്‍ബല്യത്തില്‍നിന്ന് മുക്തമായിരിക്കുമല്ലോ. ദുര്‍ബലമായ ഹദീസ് ഊഹങ്ങളെ മാത്രമാണ് പ്രദാനം ചെയ്യുന്നത്. `ഊഹം സത്യത്തിന് പകരം നില്‍ക്കാന്‍ പര്യാപ്‌തമല്ലെന്ന്’ അല്ലാഹു (ഖുര്‍ആന്‍-അന്നജ്‌മ്: 28) പറഞ്ഞിട്ടുണ്ടല്ലോ…. ശരിയാണെന്ന് സ്ഥിരപ്പെട്ട ഹദീസുകളെ മാത്രം അവലംബിച്ചുള്ള കൃതിയാണത്. അതായിരുന്നു പൗരാണികരും ആധുനികരുമായ ഹദീസ് പണ്ഡിതന്മാരുടെ മദ്‌ഹബ്. ഹസനുബ്‌നുമുഹമ്മദുന്നബവിയുടെ കവിത എത്ര സത്യമാണ്: `അഹ്‌ലുല്‍ ഹദീസാണ് യഥാര്‍ഥത്തില്‍ പ്രവാചകന്റെ അഹ്‌ലുകാര്‍; നബിയുടെ ശരീരത്തോട് അവര്‍ കൂട്ടുചേര്‍ന്നിട്ടില്ലെങ്കിലും തിരുമേനിയുടെ ആത്മാവിനോട് അവര്‍ സഹവസിച്ചിട്ടുണ്ട്’ (ഫദ്‌ലുല്‍ ഹദീസ് വഅഹ്‌ലിഹി). ഹദീസ്-കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളിലുള്ള ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കുകയാണ് ഈ കൃതിയില്‍ ഞാന്‍ ചെയ്‌തിട്ടുള്ളത്. ഇതിന് ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും; വിശേഷിച്ചും മദ്‌ഹബുകള്‍ പിന്തുടരുന്നവരില്‍നിന്ന്. ഹദീസിന് എതിരിലുള്ള തന്റെ അഭിപ്രായം തള്ളിക്കളഞ്ഞ് ഹദീസ് സ്വീകരിക്കണം എന്നാണല്ലോ എല്ലാ മദ്‌ഹബിന്റെ ഇമാമുമാരും പറഞ്ഞിട്ടുള്ളത്. സ്ഥിരപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തില്‍ നബിയുടെ നമസ്‌കാരത്തിന്റെ ഗുണവിശേഷങ്ങള്‍ (സ്വിഫത്) ഏകീകരിച്ചിട്ടുള്ളതാണ് ഈ ഗ്രന്ഥം. ആ സുന്നത്തുകള്‍ ഉപേക്ഷിക്കാന്‍ ആര്‍ക്കും ന്യായങ്ങളില്ല. ഉപേക്ഷിക്കണം എന്ന് പണ്ഡിതന്മാര്‍ ഏകസ്വരത്തില്‍ പറഞ്ഞതൊന്നും ഈ കൃതിയിലില്ല. അങ്ങനെ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അവന് (തെറ്റുപറ്റിയ മുജ്‌തഹിദിനുള്ള) ഒരു പ്രതിഫലം മാത്രമേ ഉള്ളൂ. പാപസുരക്ഷിതമായ പ്രമാണത്തെ (അന്നസ്വുല്‍ മഅ്‌സൂം) പിന്തുടരുക എല്ലാവരുടെയും ബാധ്യതയാണ്” (പുസ്‌തകത്തിന് അല്‍ബാനി എഴുതിയ ആ മുഖങ്ങളില്‍നിന്ന് സമാഹരിച്ചത്. പേജ്: 35-72).
ഈ കൃതിക്ക് മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ച സ്വീകാര്യത ലഭിച്ചതായി ശൈഖ് അല്‍ബാനി `സംശയങ്ങളും മറുപടികളും’ എന്ന അധ്യായത്തില്‍ സൂചിപ്പിക്കുന്നുണ്ട്; “ദീനിലും ഇബാദത്തിലും ഇസ്‌ലാമിന്റെ കലര്‍പില്ലാത്ത സ്രോതസുകളിലേക്ക് തിരിച്ചുപോകേണ്ടത് നിര്‍ബന്ധമാണെന്ന് ഈ കൃതി യുവാക്കളെ ഉണര്‍ത്തി. ഖുര്‍ആനും സുന്നത്തുമാണ് ആ സ്രോതസുകള്‍. സുന്നത്തനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും ആരാധനകള്‍ അനുഷ്‌ഠിക്കുന്നവരും ഏറെ വര്‍ധിച്ചിരിക്കുന്നു; അല്‍ഹംദുലില്ലാഹ്. അക്കാര്യത്തില്‍ ആ യുവാക്കള്‍ അറിയപ്പെടുന്നവരായിക്കഴിഞ്ഞു. എന്നാല്‍ ചില പണ്ഡിതര്‍ അത്തരം യുവാക്കള്‍ക്കുചുറ്റും അഭിപ്രായാന്തരങ്ങളുടെ അനിവാര്യതയെ കുറിച്ച് പറഞ്ഞുകൊണ്ട് പുക മറകള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്. ഇതുവഴി അത്തരക്കാര്‍ക്ക് സുന്നത്തിലേക്ക് മടങ്ങാനും `വിജയിച്ച കക്ഷിയില്‍’ (അല്‍ഫിര്‍ഖത്തുന്നാജിയ) ഉള്‍പ്പെടാനും സാധിച്ചേക്കാം” (സ്വഫതുസ്വലാത്തിന്നബി-58).
സലഫീ ലോകത്ത്, വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന `സുന്നത്തി’ന്റെ പേരിലുള്ള അതിവാദ പ്രവണതകളും ചില ചിഹ്നങ്ങളോടുള്ള പ്രകടനാത്മമായ അമിത പ്രതിപത്തിയുടെയും വേരുകള്‍ എവിടെയാണെന്ന് ആദരണീയനായ ശൈഖ് അല്‍ബാനിയുടെ വിശദീകരണത്തില്‍നിന്ന് മനസ്സിലാക്കാം.