സദ്‌റുദ്ദീന്‍ വാഴക്കാട്
നവോത്ഥാനം കൊളുത്തിയ വെളിച്ചംകെടുത്തി, മുസ്‌ലിം സമുദായത്തെ നാലു പതിറ്റാണ്ടെങ്കിലും പുറകിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമമാണ് മതസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് മതസംഘടനകള്‍ കൈകൊണ്ട നിലപാട് ഇന്ത്യന്‍ വിവാഹ നിയമത്തിന് മാത്രമല്ല, സാക്ഷാല്‍ ഇസ്‌ലാമിക നിയമത്തിനുതന്നെ വിരുദ്ധമാണ്. മുസ്‌ലിം സമുദായത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കും, മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനുമൊക്കെ വിഘാതമായിത്തീരുന്ന മതസംഘടനകളുടെ വിവാദ തീരുമാനം ഒരു പരിഷ്‌കൃതജനതയെ അങ്ങേയറ്റം പരിഹാസ്യരാക്കുന്നതും ഇസ്‌ലാമിനെ സംബന്ധിച്ച് വലിയ തെറ്റിധാരണകള്‍ പരത്തുന്നതുമാണ്. മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ഈ നിലപാടിന് ഇല്ലെന്നതിന്റെ തെളിവാണ്, ഇതിനെതിരെ ഉയര്‍ന്നുവന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ പൊതുമനസ് മതസംഘടനകള്‍ക്കെതിരെ രംഗത്തുവന്നുവെന്നത് അവര്‍ ആര്‍ജിച്ച സാമൂഹിക വളര്‍ച്ചയുടെ നിദര്‍ശനമാണ്.
മതനേതൃത്വത്തിന്റെ വിവേകശൂന്യതയും അപക്വതയും മാത്രമല്ല വിവാദ നടപടികളിലേക്ക് അവരെ നയിച്ചത്; ചില സംഘടനകള്‍ക്കിടയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടിയാണ്. ‘സമസ്ത’യും മുസ്‌ലിംലീഗും തമ്മിലുള്ള സംഘര്‍ഷം, സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനക്കകത്തെ വടംവലികള്‍ തുടങ്ങിയവ സംഭവത്തിനു പിന്നിലുണ്ടെന്നാണ് മനസിലാകുന്നത്. വിവാദയോഗത്തില്‍ രൂപംകൊണ്ട ‘വ്യക്തി നിയമ സംരക്ഷണ സമിതി’യുടെ മൂന്ന് ഭാരവാഹികളും (കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മുസ്തഫ മുണ്ടുപാറ, എം.സി. മായിന്‍ ഹാജി) ഒരേ വിഭാഗത്തില്‍പെട്ടവരായതിനു പിന്നിലെ രാഷ്ട്രീയമെന്താണെന്നും ചിന്തിക്കേണ്ടതുണ്ട്.
മൂന്ന് പ്രധാന വശങ്ങളാണ് വിഷയസംബന്ധിയായി ചര്‍ച്ച ചെയ്യേണ്ടത്. ഒന്ന്, മുസ്‌ലിം വ്യക്തി നിയമത്തിന്റെയും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളുടെയും സംരക്ഷണം. രണ്ട്, ഇസ്‌ലാം അനുശാസിക്കുന്ന വിവാഹപ്രായം. മൂന്ന്, ‘ശൈശവ വിവാഹം’ ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍. ഇന്ത്യയില്‍ നിലവിലുള്ള വിവാഹനിയമത്തെ സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതിനാല്‍ ഈ ലേഖനത്തില്‍ അത് വിശകലനം ചെയ്യുന്നില്ല.
വിവാഹപ്രായം ഇസ്‌ലാമിക നിയമത്തില്‍
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹത്തിന്റെ കുറഞ്ഞ വയസ് എത്രയാണെന്ന് ഇസ്‌ലാമിക നിയമസംഹിത (ശരീഅത്ത്) ഖണ്ഡിതമായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍, ആണ്‍-പെണ്‍ വിവാഹപ്രായം ഏതാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. അത് പുരുഷന് സ്ഖലനമുണ്ടാവുകയും സ്ത്രീ ഋതുമതിയാവുകയും ചെയ്യുന്ന ശാരീരിക പ്രക്രിയയല്ല; ബൗദ്ധികവും മാനസികവും ശാരീരികവുമായ പക്വതയെത്തലാണ്. ഖുര്‍ആനിക പാഠങ്ങളെ കണ്ണും മനസും തുറന്നുവെച്ചും സാമൂഹിക വളര്‍ച്ചയെ മുന്‍നിറുത്തിയും വായിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ തലക്കകത്തേക്ക് കാലത്തിന്റെ വെളിച്ചം കടത്തിവിടാതെ, കര്‍മശാസ്ത്ര തര്‍ക്കങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാനുള്ള വിവേകമുണ്ടാകണമെന്നില്ല.
ഖുര്‍ആന്‍ നാലാം അധ്യായത്തിലെ 6-ാം വചനം ഇങ്ങനെയാണ്. ”വിവാഹപ്രായമെത്തുന്നതുവരെ നിങ്ങള്‍ അനാഥരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. അവര്‍ക്ക് വിവേകമെത്തിയെന്നു ബോധ്യപ്പെട്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചുകൊടുക്കണം. അവര്‍ വളര്‍ന്ന് വലുതായി അവകാശം ചോദിക്കുമെന്ന് ഭയന്ന് നിങ്ങള്‍ അവരുടെ ധനം അനീതിപൂര്‍വ്വം ധൂര്‍ത്തടിച്ചും ധൃതിയായും ഭുജിക്കരുത്….” ബുദ്ധിവികാസം, സ്വന്തം ഉത്തരവാദിത്തത്തില്‍ കാര്യങ്ങള്‍ നടത്താനുള്ള ശേഷി, സമ്പത്ത് സ്വന്തമായി കൈകാര്യം ചെയ്യാനുള്ള കാര്യബോധം, അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള തന്റേടം തുടങ്ങിയവയാണ് ഖുര്‍ആന്‍ പറയുന്ന ‘വിവേകം’ (റുഷ്ദ്) എന്ന പദത്തിന്റെ ആശയം. ‘വളര്‍ന്നു വലുതാവുക’ എന്നതിനര്‍ത്ഥം ബുദ്ധിവികാസവും കാര്യപ്രാപ്തിയുമാണ്; ശാരീരികമായ സ്ഖലന-ആര്‍ത്തവ പ്രക്രിയയല്ല. ശാരീരികമായി പ്രായപൂര്‍ത്തിയായ ശേഷം വിവേകമെത്തുവോളം, ഏഴുവര്‍ഷം വരെ കാത്തിരിക്കണം എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അപ്പോള്‍, ശാരീരിക വയസറിയിക്കലല്ല, വിവേകമെത്തലാണ് വിവാഹത്തിനും സമ്പത്ത് കൈകാര്യം ചെയ്യാനുമുള്ള യോഗ്യത എന്ന് വ്യക്തം. വിദ്യാഭ്യാസ വളര്‍ച്ച, ശാരീരികവും മാനസികവുമായ ആരോഗ്യം, ഭദ്രമായ കുടുംബജീവിതം, മെച്ചപ്പെട്ട സന്താന പരിപാലനം തുടങ്ങിയവക്ക് ചേരുന്നതും അതുതന്നെയാണ്.
‘സ്ഖലനമുണ്ടായാല്‍ പുരുഷനെയും ഋതുമതിയായാല്‍ പെണ്‍കുട്ടിയെയും വിവാഹം കഴിപ്പിക്കണം’ എന്ന് ഖുര്‍ആനൊ, പ്രവാചകനൊ, കര്‍മ്മ ശാസ്ത്ര പണ്ഡിതരോ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിക്കാന്‍ കേരളത്തിലെയെന്നല്ല, ലോകത്തിലെ തന്നെ ഒരു മത പണ്ഡിതനും സാധിക്കുകയുമില്ല. ഏറ്റവും കുറഞ്ഞ വിവാഹ പ്രായത്തെക്കുറിച്ച് ഖണ്ഡിതമായി മതം വിധി പറയാതിരുന്നത്, സാമൂഹിക വളര്‍ച്ചക്ക് അനുസരിച്ചാണ് ഓരോകാലത്തും ദേശത്തും അത് തീരുമാനിക്കേണ്ടത് എന്നതുകൊണ്ടാണ്, ഇസ്‌ലാമിക നിയമ സംഹിതയുടെ (ശരീഅത്ത്) വികാസക്ഷമതയുടെ ഭാഗമാണത്. അതുകൊണ്ട്, കാലാതീതമായി നിലനില്‍ക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍നിന്നുകൊണ്ട് കാലാനുസൃത മാറ്റങ്ങളെ ഉള്‍ക്കൊണ്ടുവേണം ഇത്തരം വിഷയങ്ങളില്‍ നിലപാടെടുക്കാന്‍.
‘ഋതുമതിയായാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാം’ എന്ന് മധ്യകാലഘട്ടത്തിലെയും മറ്റും ചില കര്‍മ്മശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നത്തെ കാലത്ത് അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, ഏറെ മുന്നോട്ടുപോയ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതേപടി പിന്തുടരണം എന്ന് പറയുന്നത് വങ്കത്തമാണ്. ഖുര്‍ആനും നബിചര്യയും വിഷയത്തില്‍ ഖണ്ഡിത വിധി തന്നിട്ടില്ലെന്നിരിക്കെ, കര്‍മ്മശാസ്ത്രകാരന്‍മാരുടെ നിലപാടുകളെ കാലാനുസൃതമായി മാറ്റിയെഴുതുകയാണ് വേണ്ടത്. ഖലീഫ ഉമര്‍ മുതല്‍ മുസ്‌ലിം ഭരണാധികാരികളും നായകരും ഒട്ടേറെ മുന്‍നിലപാടുകള്‍ പില്‍ക്കാലത്ത് തിരുത്തിയെഴുതിയിട്ടുണ്ട്.
വിവാഹത്തിന്റെ കുറഞ്ഞ വയസ് എത്രയാണെന്ന് ഇസ്‌ലാം തീര്‍ത്തുപറഞ്ഞിട്ടില്ല എന്നിരിക്കെ, 18 വയസ് എന്ന ഇന്ത്യന്‍ നിയമം എങ്ങനെ ശരീഅത്ത് വിരുദ്ധമാകും? ഇസ്‌ലാമിന്റെ ഒരു ഖണ്ഡിത വിധിക്കെതിരെ ഒരു നിയമംകൊണ്ടുവന്നാല്‍ മാത്രമേ അത് മതവിരുദ്ധം എന്ന് പറയാന്‍ പറ്റൂ. ഈ വിഷയത്തില്‍ അത്തരമൊരു നിയമം നടപ്പിലാക്കാന്‍ ഏതു ഭരണകൂടത്തിനും അധികാരമുണ്ട്. അത് അംഗീകരിക്കാന്‍ രാജ്യത്തെ പൗരന്‍മാരെന്ന നിലക്ക് മുസ്‌ലിംകള്‍ ബാധ്യസ്ഥരുമാണ്. മാത്രമല്ല, 18 വയസിനുമുമ്പുള്ള വിവാഹം, വ്യക്തി നിയമത്തിന്റെ ഭാഗമല്ല, ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണ് ഇന്ത്യയില്‍. ക്രിമിനല്‍ നിയമങ്ങള്‍ ഏതു മതവിഭാഗത്തിനും ഒരുപോലെ ബാധകമാണ്. ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചാല്‍, മതനേതൃത്വം നിശിതമായി വിമര്‍ശിക്കപ്പെടുക മാത്രമല്ല, പുതിയ നിയമനടപടികള്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് വടികൊടുത്ത് അടി വാങ്ങാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയാനുള്ള വിവേകമാണ്-അതുണ്ടെങ്കില്‍-മതനേതൃത്വം കാണിക്കേണ്ടത്.
മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണം
‘മുസ്‌ലിം വ്യക്തിനിയമത്തിലെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു’ എന്ന് തെറ്റിദ്ധരി(പ്പി)ച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുക്കുന്നവര്‍, ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ ഒട്ടേറെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. അത്തരം അവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പലപ്പോഴും ഇതേ മതനേതാക്കളാണെന്നതും വസ്തുതയാണ്. വിവാഹത്തിന് അനുവാദം നല്‍കാനും വിവാഹമൂല്യം നിശ്ചയിക്കാനും സ്ത്രീകള്‍ക്കുള്ള അധികാരം, സ്ത്രീധന നിരോധം, വിവാഹ മോചനത്തിന്റെ മൂന്ന് ഘട്ടങ്ങള്‍, സ്ത്രീക്ക് പുരുഷനെ വിവാഹമോചനം ചെയ്യാനുള്ള അവകാശം (ഖുല്‍അ്, ഫസ്ഖ്), ജീവനാംശം തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ സ്ത്രീയുടെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനം, പള്ളിപ്രവേശം, തൊഴില്‍ തുടങ്ങിയ പല കാര്യങ്ങളിലും ഇസ്‌ലാമിക വിരുദ്ധ സമീപനം സ്വീകരിക്കുകവഴി മുസ്‌ലിം സ്ത്രീയുടെ പല മൗലിക അവകാശങ്ങളും ഹനിക്കപ്പെടുന്നുണ്ട്. അതിന് കാരണക്കാരായ മതനേതാക്കള്‍ വിവാഹപ്രായത്തിന്റെ പേരില്‍ ഇളകിവശാകുന്നത് മുസ്‌ലിം സ്ത്രീക്കൊ, ഇസ്‌ലാമിനൊ വേണ്ടിയല്ല; . വിവാഹകാര്യത്തില്‍ ഇസ്‌ലാം സ്ത്രീക്ക് വലിയ അധികാര അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അനുവാദമില്ലാത്ത വിവാഹം ഇസ്‌ലാമിക നിയമപ്രകാരം സാധുവല്ല, അത്തരം വിവാഹങ്ങള്‍ നബി റദ്ദ് ചെയ്യുകയും അതിന് സ്ത്രീക്ക് അവകാശം നല്‍കുകയും ചെയ്തിട്ടുണ്ട്. വിവാഹമൂല്യം (മഹ്ര്‍) എന്ത്, എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീക്കാണ്. എന്നാല്‍, ‘നിനക്ക് മഹ്ര്‍ എത്ര വേണമെന്ന്’ വിവാഹ നിശ്ചയവേളയില്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നത്‌പോലും പല സമുദായ പ്രമാണിമാരിലും അസ്വസ്ഥത പടര്‍ത്താറുണ്ട്. വിവാഹമോചനം മൂന്നു ഘട്ടങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്. മൂന്നാം ഘട്ട ത്വലാഖ് നടക്കുന്നതിന് മുമ്പ് സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍, അയാളുടെ ചെലവില്‍ തന്നെ താമസിക്കണം എന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ഇത് സ്ത്രീയുടെ അവകാശമാണ്. എന്നാല്‍, ഇന്ന് നടപ്പുള്ളത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ‘മുത്ത്വലാഖ്’ എന്ന ഏര്‍പ്പാടാണ്. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ വിവാഹമോചനാധികാരവും ഇവിടെ പൊതുവെ നടപ്പിലാകുന്നില്ല. വിവാഹ മോചിതക്ക് ഇസ്‌ലാം നല്‍കിയ ‘ജീവനാംശ’ അവകാശം നേടിയെടുക്കാന്‍ സുപ്രീം കോടതി ഇടപെടേണ്ടിവന്നു. ഇതിലെല്ലാം സ്ത്രീ വിരുദ്ധവും മതവിരുദ്ധവുമായ നിലപാടെടുക്കുന്ന മതപുരോഹിതര്‍, വിവാദ തീരുമാനത്തിലും പുലര്‍ത്തിയത് പുരുഷാധിപത്യ നിലപാടു തന്നെയാണ്. സ്ത്രീകളുടെ വിവാഹപ്രായം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേരളത്തിലെ പ്രമുഖ മുസ്‌ലിം വനിതാസംഘടനകളെയും, വിദ്യാര്‍ത്ഥിനീ സംഘടനകളെയും ക്ഷണിക്കാതിരുന്നത് ഈ സ്ത്രീവിരുദ്ധ നയത്തിന്റെ ഭാഗമായാണ്. വിഷയത്തില്‍ പ്രഥമവും പ്രധാനവുമായി അഭിപ്രായം പറയേണ്ടത് പെണ്‍കുട്ടികളാണ്. 99% മുസ്‌ലിം പെണ്‍കുട്ടികളും 18നുശേഷം മതി വിവാഹം എന്ന നിലപാടുകാരാണ്.അവര്‍ക്കിടയില്‍ ഒരു സര്‍വെ നടത്താന്‍ മതനേതൃത്വം തയാറാകുമോ? വിവാഹപ്രായം കുറക്കണമെന്ന് ഏതെങ്കിലും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടോ?
വിവാഹപ്രായം 18 ല്‍ കുറഞ്ഞില്ല എന്നതാണൊ മുസ്‌ലിം സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം? 18 ല്‍ കുറച്ചാല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സമുദായത്തിനും ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്? വിവാഹരംഗത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നം 18 വയസല്ല; സ്ത്രീധനം, കല്യാണ ചെലവുകള്‍, തെറ്റായ സൗന്ദര്യ സങ്കല്‍പം തുടങ്ങിയവയാണ്. ഇസ്‌ലാം വിലക്കിയതും സ്ത്രീകളെയും രക്ഷിതാക്കളെയും കണ്ണീര് കുടിപ്പിക്കുന്നതുമായ സ്ത്രീധന പിശാചിനെതിരെ ഇതുപോലൊരു ഐക്യം ഉണ്ടാക്കാനും ‘സ്ത്രീധന വിരുദ്ധസമിതി’ രൂപീകരിച്ച് പ്രവര്‍ത്തിക്കാനും മതനേതൃത്വം തയാറാകുമോ? മൈസൂര്‍ കല്യാണങ്ങളുടെയും അനാവശ്യ വിവാഹമോചനങ്ങളുടെയും ഇരകളായ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് വേണ്ടി ആധി കൊള്ളാത്ത, അവരുടെ പുനരധിവാസത്തിന് വേണ്ടി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാത്ത മതസംഘടനകള്‍ വിവാഹപ്രായത്തെ ചൊല്ലി സുപ്രീം കോടതി കയറുന്നത് വിരോധാഭാസമല്ലേ? പെണ്‍കുട്ടികളുടെതെന്നപോലെ മുസ്‌ലിം ആണ്‍കുട്ടികളുടെ ചുരുങ്ങിയ വിവാഹ പ്രായവും നിര്‍ണിതമല്ലല്ലോ! അത് 21 വയസില്‍ നിജപ്പെടുത്തിയത് വ്യക്തിനിയമത്തിന്റെ ലംഘനമല്ലേ? അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ? മദ്യം, പലിശ, കൈക്കൂലി തുടങ്ങി പലതും ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമല്ലേ. അതിനെതിരെ എന്തുകൊണ്ട് എല്ലാ മതസംഘടനകളും പ്രാദേശികതലം മുതല്‍ സംസ്ഥാനലം വരെ ‘ഐക്യസമിതി’ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നില്ല? സാമൂഹിക തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച ചര്‍ച്ചയാണല്ലോ, കോഴിക്കോട് ആസ്ഥാനമായി രൂപം കൊണ്ടിരുന്ന ‘മുസ്‌ലിം സൗഹൃദ വേദി’യുടെ തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന്!
നിലവിലുള്ള ‘മുസ്‌ലിം വ്യക്തിനിയമ’ത്തിലെ പല വകുപ്പുകളും ഇസ്‌ലാമിക വിരുദ്ധമല്ലേ? അവയില്‍ ഏതൊക്കെയാണ് തിരുത്തപ്പെടേണ്ടത്, ഏതൊക്കെയാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന് തീരുമാനിച്ച ശേഷമാണൊ ‘വ്യക്തിനിയമ സംരക്ഷണ സമിതി’ രൂപീകരിച്ചത്? ചോദ്യങ്ങള്‍ക്ക് ഇനിയും നീളമുണ്ട്. ‘പ്രണയ വിവാഹങ്ങള്‍’ നടത്തിക്കൊടുക്കാനാണ്, പ്രായം കുറക്കണമെന്ന് ‘മത പണ്ഡിതര്‍’ ആവശ്യപ്പെടുന്നത്രെ! മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന ഇത്തരമൊരു സമീപനത്തിനെതിരെ കേരളത്തിലെ വനിതാ സംഘടനകള്‍ പൊതുവായും മുസ്‌ലിം സ്ത്രീ സംഘടനകള്‍ പ്രത്യേകമായും ‘സ്ത്രീ അവകാശ സംരക്ഷണ സമിതി’ രൂപീകരിച്ച് ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ് വേണ്ടത്.