Latest News


Single

ARTICLES

സ്വാസ്ഥ്യം കെടുത്തുന്ന തുനീഷ്യന്‍ സലഫിസം

December 1, 2018 | by admin_profile


അറബ്‌ വസന്തകാലത്തോടെയാണ്‌ തുനീഷ്യയിലെ സലഫി ആക്‌ടിവിസം മാധ്യമങ്ങളില്‍ ഇടംനേടിത്തുടങ്ങിയത്‌. തുനീഷ്യന്‍ ചരിത്രത്തില്‍ ഒട്ടും വേരുകളില്ലാത്ത സലഫിസത്തിന്‌ രാജ്യത്ത്‌ തീരെ കുറഞ്ഞ അനുയായികള്‍ മാത്രമേ ഉള്ളൂ. വിശ്വാസ-അനുഷ്‌ഠാന മണ്ഡലങ്ങളിലെ പരിഷ്‌കരണങ്ങളിലൂന്നി രംഗത്തുവന്ന സലഫികളില്‍ ഒരു വിഭാഗം വൈകാതെ സായുധജിഹാദിന്റെ വഴി തെരഞ്ഞെടുത്തു. ബിന്‍ അലിയുടെ സ്വേഛാധിപത്യ ഭരണകാലത്ത്‌ അടിച്ചമര്‍ത്തപ്പെട്ട സലഫികള്‍ മുല്ലപൂ വിപ്ലവാനന്തരം ലഭിച്ച സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്‌തുകൊണ്ടാണ്‌ മുന്നോട്ടു പോകുന്നത്‌. 2011 ജനുവരിയിലെ ഭരണമാറ്റത്തിനു ശേഷം ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുകയും ജയിലിലുണ്ടായിരുന്ന നേതാക്കള്‍ മോചിതരാവുകയും പ്രവാസ ജീവിതം നയിച്ചിരുന്നവര്‍ തിരിച്ചുവരികയും ചെയ്‌തതോടെയാണ്‌ തുനീഷ്യന്‍ സലഫികള്‍ സജീവമായത്‌.

ഒരേ ആദര്‍ശവും ലക്ഷ്യവുമുള്ള, എന്നാല്‍ വ്യത്യസ്‌ത വഴികള്‍ തെരഞ്ഞെടുത്ത മൂന്ന്‌ സലഫി ധാരകളാണ്‌ തുനീഷ്യയില്‍ പ്രധാനമായും ഉള്ളത്‌. 1.11 അസലഫിയത്തുല്‍ ഹറകിയ്യ. 2. അസലഫിയത്തുല്‍ ജിഹാദിയ്യ. 3. അസലഫിയത്തുല്‍ ഇല്‍മിയ്യ/ അല്‍മുഹാദീന. തുനീഷ്യയിലെ പ്രസിദ്ധ ഗവേഷക ആമാല്‍ ഖറാമീ ലബ്‌നീസ്‌ പത്രമായ അന്നഹാറിന്‌ നല്‍കിയ അഭിമുഖത്തില്‍ ഇത്‌ വ്യക്തമാക്കുകയുണ്ടായി. “സലഫികള്‍ ഒരൊറ്റ വിഭാഗമല്ല. നിരോധിക്കപ്പെട്ടിരുന്ന ഹിസ്‌ബുത്തഹ്‌രീര്‍ ഇപ്പോള്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നു. ശരീഅത്ത്‌ നടപ്പിലാക്കണം, ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കണം എന്നതാണവരുടെ മുദ്രാവാക്യം. എന്നാല്‍, ജിഹാദി സലഫിസം തീവ്രവാദ പ്രവര്‍ത്തനങ്ങളിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌. മറുവീക്ഷണക്കാരുമായി ആശയസംവാദത്തിന്‌ അവര്‍ക്ക്‌ സമയമില്ല. മതേതരത്വത്തില്‍നിന്ന്‌ സമൂഹത്തെ ശുദ്ധീകരിക്കുകയെന്നതാണവരുടെ ലക്ഷ്യം…” സൗദി സലഫിസത്തില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ സലഫി വിഭാഗങ്ങള്‍ മുന്നോട്ടുപോകുന്നത്‌. ഒരു കൂട്ടര്‍ അസഹിഷ്‌ണുതാ പൂര്‍ണവും അതിവാദപരവുമായ സമീപനം സ്വീകരിച്ച്‌ ജനകീയ ഭരണകൂട്ടായ്‌മയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍, മറുവിഭാഗം തുനീഷ്യന്‍ തെരുവുകളില്‍ സായുധ ആക്രമണങ്ങള്‍ അഴിച്ചുവിട്ട്‌ രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്‌. തുനീഷ്യയെ മുമ്പൊന്നും ബാധിച്ചിട്ടില്ലാത്ത രോഗമാണ്‌ സലഫിസം എന്ന്‌ ചില നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. തികച്ചും സമാധാനപൂര്‍ണമായി നടന്ന മുല്ലപ്പൂ വിപ്ലവത്തെ അട്ടിമറിക്കുകയും രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയ തടസപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ്‌ സലഫികള്‍ കൈക്കൊള്ളുന്നത്‌. എന്നാല്‍, ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇസ്‌ലാമിസ്റ്റുകളായ `അന്നഹ്‌ദ’ സഹിഷ്‌ണുതാ പൂര്‍ണമായ സമീപനമാണ്‌ സലഫികളോട്‌ സ്വീകരിക്കുന്നത്‌. അതിവാദവും അക്രമവും ഉപേക്ഷിച്ച്‌ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇസ്‌ലാമിസ്റ്റുകള്‍ സലഫികളെ ആഹ്വാനം ചെയ്യുന്നു. സലഫിസം സംഘടനയായ ഹിസ്‌ബുത്തഹ്‌രീറിന്‌ രാഷ്‌ട്രീയ പാര്‍ട്ടിയായി അംഗീകാരം നല്‍കിയത്‌ അതിന്റെ ഭാഗമായിട്ടാണ്‌. എന്നാല്‍ സലഫികളോട്‌ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപമാണ്‌ മതേതര-ഇടതുപക്ഷ കക്ഷികളില്‍നിന്ന്‌ ഇസ്‌ലാമിസ്റ്റുകള്‍ക്ക്‌ കേള്‍ക്കേണ്ടിവരുന്നത്‌.

ഇന്നിപ്പോള്‍ നീണ്ട താടിയും പ്രത്യേക കമീസ്‌ വസ്‌ത്രവും ധരിച്ച സലഫികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു വിഭാഗം, ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെ ഇന്റര്‍നെറ്റ്‌ ലോകം വ്യാപകമായി ഉപയോഗിച്ചുകൊണ്ടാണ്‌ ആശയ പ്രചാരണം നടത്തുന്നത്‌. വിദ്യാര്‍ഥികളും യുവാക്കളുമാണവുരടെ പ്രധാന ഉന്നം. മറ്റൊരു വിഭാഗം ഗ്രാമങ്ങള്‍ തോറും യുവാക്കളെ സംഘടിപ്പിച്ച്‌ ആയുധ പരിശീലനം നല്‍കി ജിഹാദി ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സലഫിസം അതിന്റെ ഏറ്റവും പ്രതിലോമകരമായ മുഖമാണ്‌ തുനീഷ്യയില്‍ പുറത്തെടുക്കുന്നതെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌.

തുടക്കം
തുനീഷ്യയിലെ ഫ്രഞ്ച്‌ അധിനിവേശത്തിന്‌ മുമ്പ്‌, ലോക പ്രശസ്‌തമായ സൈത്തൂന യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വായനയെച്ചൊല്ലി നടന്ന വൈജ്ഞാനിക ചര്‍ച്ചകളിലാണ്‌ രാജ്യത്തെ സലഫി ആശയങ്ങളുടെ വേരുകള്‍ എത്തിനില്‍ക്കുന്നതെന്ന്‌ ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതില്‍ ധിഷണയുടെ സ്ഥാനവും അവയുടെ സാമൂഹിക പ്രയോഗവത്‌കരണത്തിന്റെ രീതിശാസ്‌ത്രവുമായിരുന്നു ചര്‍ച്ചയുടെ മര്‍മം. ത്വാഹിറുല്‍ ഹദ്ദാദ്‌, ഖൈറുദ്ദീന്‍ ബാഷ തുടങ്ങിയ ചിന്തകന്മാര്‍ക്കായിരുന്നു ആ സംവാദങ്ങളില്‍ മേല്‍ക്കൈ ലഭിച്ചതെങ്കിലും പുതിയ വായനകളോടും ധൈഷണിക വ്യവഹാരങ്ങളോടും ഇടഞ്ഞുനില്‍ക്കുന്ന സലഫി വീക്ഷണങ്ങളും അന്നവിടെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍, 1980കളുടെ അവസാനം വരെ സലഫി ആശയ പ്രചാരകര്‍ തുനീഷ്യയുടെ മതമണ്ഡലത്തില്‍ കാണപ്പെട്ടിരുന്നില്ല. 1956 മുതല്‍ രാജ്യത്ത്‌ നിലനിന്നിരുന്ന അബൂറഖീബയുടെ സ്വേഛാധിപത്യ ഭരണം സലഫിചലനങ്ങള്‍ക്ക്‌ പ്രത്യക്ഷപ്പെടാനുള്ള സാഹചര്യം നിഷേധിച്ചതാകാം കാരണം.

1980-കളുടെ അവസാനത്തിലാണ്‌ സംഘടിത സലഫി പ്രവര്‍ത്തനങ്ങളുടെ ആദ്യ കിരണങ്ങള്‍ തുനീഷ്യന്‍ മണ്ണില്‍ പ്രത്യക്ഷപ്പെട്ടത്‌. സലഫിയ്യ ഹറകിയ്യ-ഇല്‍മിയ്യ ആശയധാരകളായിരുന്നു ആദ്യം രംഗത്തുവന്നത്‌. ബൂറഖീബയെ അട്ടിമറിച്ച്‌ അധികാരമേറ്റെടുത്ത ബിന്‍ അലിയുടെ ആദ്യകാല സമീപനങ്ങളാണ്‌ ഇതിന്‌ അനുകൂല സാഹചര്യങ്ങളൊരുക്കിയതെന്ന്‌ പറയാം. ഭരണത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാമികമുഖം പ്രകടിപ്പിച്ചിരുന്നു ബിന്‍ അലി. ആ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി 1988 മാര്‍ച്ചില്‍ രാജ്യത്തെ ഒന്നാമത്തെ സലഫി സംഘടന `അല്‍ ജബ്‌ഹത്തുല്‍ ഇസ്‌ലാമിയ്യ അത്തൂനീസിയ്യ’ രൂപീകരിക്കപ്പെട്ടു. രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളില്‍ രണ്ടു നേതൃത്വത്തിനു കീഴിലാണ്‌ സംഘടന നിലവില്‍വന്നത്‌. തലസ്ഥാനമായ തൂനിസില്‍ മുഹമ്മദ്‌ അലി ഫര്‍റാസിനും സ്വഫാഖിഷ്‌ പ്രവിഷ്യയില്‍ മുഹമ്മദ്‌ ഖൂജക്കുമായിരുന്നു പ്രധാന നേതൃത്വം. അബ്‌ദുല്ല അല്‍ ഹാജി പോലെ വേറെയും നേതാക്കള്‍ സംഘടനയെ നയിക്കാനുണ്ടായിരുന്നു. വിശ്വാസ-ആരാധനാ രംഗങ്ങളില്‍ മുസ്‌ലിം സമൂഹത്തെ സംസ്‌കരിച്ചെടുക്കുകയും വിശുദ്ധ ഖുര്‍ആനും സുന്നത്തും അനുശാസിക്കുന്ന കലര്‍പ്പില്ലാത്ത ദീനിലേക്ക്‌ അവരെ തിരിച്ചുകൊണ്ടുപോവുകയും ചെയ്യുകയെന്നതായിരുന്നു `ജബ്‌ഹ’യുടെ ലക്ഷ്യം. സംഘടന അത്‌ വിശദീകരിച്ചതിങ്ങനെ:

1. തുനീഷ്യന്‍ സലഫി പ്രസ്ഥാനത്തിന്റെ ശര്‍ഈ അടിസ്ഥാനം മാലികി മദ്‌ഹബാണ്‌.
2. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന ശരിയായ വിശ്വാസങ്ങളുടെ പ്രചാരണം.
3. രാജ്യത്തിന്റെ പൊതു നന്മ ഉദ്ദേശിച്ചും തിന്മ തടയുന്നതിനു വേണ്ടിയും രാഷ്‌ട്രീയത്തില്‍ പങ്കാളിത്തം.
4. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി ഇസ്‌ലാമിനെ അവതരിപ്പിക്കുക. ഐഹികലോകത്ത്‌, ഭൂമിയിലെ മനുഷ്യ ജീവിതത്തില്‍ പ്രയോഗവത്‌കരിക്കാനാണ്‌ അല്ലാഹു ദീനീ നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്‌.
5. മാധ്യമങ്ങള്‍ വികൃതമാക്കിയിട്ടുള്ള ഇസ്‌ലാമിന്റെ ചിത്രം ശരിയായ രീതിയില്‍ മാറ്റിവരക്കുക.
6. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കുക. ചിന്താ സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും എതിരാണ്‌ ഇസ്‌ലാം തുടങ്ങിയ പ്രചാരണങ്ങളെ പ്രതിരോധിക്കുക.

ഇതര രാജ്യങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി ഹമ്പലി മദ്‌ഹബിനു പകരം മാലികിമദ്‌ഹബാണ്‌ കര്‍മശാസ്‌ത്രത്തില്‍ തുനീഷ്യന്‍ സലഫികള്‍ പൊതുവെ പിന്തുടരുന്നത്‌. രാജ്യത്തെ മുസ്‌ലിംകള്‍ മാലികി മദ്‌ഹബ്‌ അനുധാവനം ചെയ്യുന്നതാണ്‌ കാരണം. അള്‍ജീരിയയിലെ അല്‍ ജബ്‌ഹ അല്‍ ഇസ്‌ലാമിയ്യ ലില്‍ ഇന്‍ഖാദില്‍ ജസാഇരിയ്യയുമായി ആശയത്തിലും ഘടനയിലും രാഷ്‌ട്രീയ നിലപാടുകളിലും തുനീഷ്യയിലെ `ജബ്‌ഹ’ക്ക്‌ സാമ്യതകളുണ്ട്‌. സംഘടനയുടെ വിദേശകാര്യ ചുമതലയുണ്ടായിരുന്ന മുഹമ്മദ്‌ അലി ഹര്‍റാസ്‌ അള്‍ജീരിയയിലെ ജബ്‌ഹയുമായും പാകിസ്‌താനിലെ ചില സംഘടനകളുമായും ബന്ധം സ്ഥാപിച്ചിരുന്നുവത്രെ. സോവിയറ്റ്‌ യൂനിയനെതിരായ അഫ്‌ഗാന്‍ യുദ്ധത്തില്‍ പോരാടുന്ന സംഘടനകളുടെ കോഡിനേഷനായിരുന്നു പാകിസ്‌താനിലെ പെഷവാറില്‍ ഉണ്ടായിരുന്നത്‌. അവരുമായുള്ള ജബ്‌ഹയുടെ ബന്ധം പിന്നീട്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക്‌ വളര്‍ന്നതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. തനിക്കെതിരായ തീവ്രവാദ ആരോപണം അഹ്‌മദ്‌ ഫര്‍റാസ്‌ നിഷേധിക്കുകയും സന്തുലിതമായ മധ്യമ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സമാധനപൂര്‍ണമായാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ വ്യക്തമാക്കുകയുമുണ്ടായി.
ശൈഖ്‌ ഖത്വീബ്‌ ഇദ്‌രീസിയുടെ നേതൃത്വത്തില്‍ രംഗത്തുവന്നതായിരുന്നു തുനീഷ്യയിലെ ഇല്‍മിയ്യ സലഫിധാര. സൗദി സലഫിസത്തിന്റെ വഴികള്‍ പിന്തുടര്‍ന്ന ഇവര്‍ക്ക്‌ പക്ഷേ, സംഘടനാ രൂപം ഉണ്ടായിരുന്നില്ല. സൗദിയില്‍നിന്ന്‌ ദീനീവിദ്യഭ്യാസം പൂര്‍ത്തീകരിച്ച്‌ തിരിച്ചുവന്ന തുനീഷ്യന്‍ സ്വദേശിയായ ഖത്വീബ്‌ ഇദ്‌രീസി 1994-ലാണ്‌ രാജ്യത്ത്‌ സലഫി പ്രബോധനം ആരംഭിച്ചത്‌. അദ്ദേഹത്തിന്റെവീടുതന്നെയായിരുന്നു പ്രവര്‍ത്തന കേന്ദ്രം. തൗഹീദ്‌ ഉയര്‍ത്തിപ്പിടിച്ച്‌ ശിര്‍ക്ക്‌ -ബിദ്‌അത്തുകള്‍ക്കെതിരായ പോരാട്ടമാണ്‌ അദ്ദേഹം നിര്‍വഹിച്ചത്‌. ജനങ്ങളില്‍ വിശേഷിച്ചും യുവാക്കളില്‍ ദീനീ ബോധമുണ്ടാക്കാന്‍ പരിശ്രമിച്ച അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ ശക്തമായ പ്രചാരണംതന്നെ നടത്തി. രാജ്യത്തെ `സയ്യിദീ അലി’ ഗ്രാമത്തില്‍ മഖ്‌ബറ കേന്ദ്രീകരിച്ചുള്ള വലിയൊരു ആഘോഷം നടക്കാറുണ്ടായിരുന്നു. രണ്ടര ലക്ഷത്തോളമാളുകള്‍ അതില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഈ ആഘോഷം ശൈഖ്‌ ഇദ്‌രീസിയുടെ ബോധവത്‌കരണ ഫലമായി ഏറെ ശോഷിച്ചതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഇസ്വ്‌ലാഹി പ്രവര്‍ത്തന രംഗത്ത്‌ കുറെയൊക്കെ മുന്നോട്ടുപോകാന്‍ സൈഖിന്‌ സാധിച്ചു.

സലഫികളിലെ ഏറ്റവും ദുര്‍ബല വിഭാഗമാണ്‌ ഇല്‍മിയ്യ/ മുഹാദിനധാര. വിശ്വാസം, കര്‍മശാസ്‌ത്രം എന്നിവയില്‍ പ്രബോധനം കേന്ദ്രീകരിച്ച ഇവര്‍ രാഷ്‌ട്രീയത്തില്‍നിന്ന്‌ വിട്ടുനില്‍ക്കുന്നവരാണ്‌. സൗദി അറേബ്യയുമായി ബന്ധമുളഅള ചില യുവാക്കളിലൂടെ 1990കളിലാണ്‌ ഇവര്‍ രംഗത്തുവന്നത്‌. ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഉസൈമീന്‍ തുടങ്ങിയവരാണ്‌ ഈ ധാരയുടെ മാതൃക. ഭരണാധികാരിക്കെതിരെ സമരം ചെയ്യുന്നത്‌ നിഷിദ്ധമാണെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. ബിന്‍ അലിക്കെതിരായ പ്രക്ഷോഭങ്ങളെ `ഫിത്‌ന’ എന്നാണ്‌ ഇവര്‍ വിശേഷിപ്പിച്ചത്‌. ഇതുകൊണ്ടാകണം മുഹാദിന (ഭരണകൂടവുമായി സന്ധിചെയ്‌തവര്‍) എന്ന്‌ ഇവര്‍ക്ക്‌ പേര്‍ വന്നത്‌. ഇസ്‌ലാമിസ്റ്റുകളുടെ വീക്ഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഈ സലഫി വിഭാഗം നിരാകരിക്കുന്നു. കമാലുബ്‌നു മുഹമ്മദ്‌ ബ്‌നു അലിമര്‍സൂഖി, ബശീറുബ്‌നുല്‍ ഹസന്‍ എന്നിവരാണ്‌ ഈ ധാരയുടെ നേതാക്കള്‍.

സലഫിസത്തിന്റെ ഭാവി പക്ഷേ, ശോഭനമായിരുന്നില്ല. അധികാരമുറപ്പിക്കാന്‍ വേണ്ടി തുടക്കത്തില്‍ ബിന്‍ അലി കളിച്ച നാടകങ്ങള്‍ വൈകാതെ അവസാനിച്ചു. ബൂറഖീബയുടെ വഴിയെത്തന്നെ സഞ്ചരിക്കാന്‍ തുടങ്ങിയ ബിന്‍ അലി എല്ലാതരം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പൗരസ്വാതന്ത്ര്യം തന്നെ നിഷേധിച്ചു. ഇഖ്‌വാനീ ആശയക്കാരായ ഇസ്‌ലാമിസ്റ്റുകളുടെയും സലഫികളുടെയും മറ്റും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ഇസ്‌ലാമിസ്റ്റുകളെപ്പോലെ ചില സലഫി നേതാക്കളും പ്രവര്‍ത്തകരും ജയിലിലടക്കപ്പെട്ടു. നിരന്തരമായ വേട്ടയാടലുകള്‍ക്ക്‌ സലഫികള്‍ വിധേയരായി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു, ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, തീവ്രവാദം പ്രചരിപ്പിക്കുന്നു തുടങ്ങിയവയായിരുന്നു ചുമത്തപ്പട്ട കുറ്റങ്ങള്‍.

സലഫികളെ മൂന്ന്‌ വിഭാഗങ്ങളായി തിരിച്ചുകൊണ്ട്‌ ആഭ്യന്തരവകുപ്പ്‌ പട്ടിക തയാറാക്കി. മൂന്ന്‌ വിഭാഗങ്ങളെയും വിവേചനമില്ലാതെ കൈകാര്യം ചെയ്‌തു. 1. സാധാരണ സലഫികള്‍. പള്ളികളില്‍ പോയി നിര്‍ബന്ധ -ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നവര്‍. ഇവരില്‍തന്നെ അപകടകാരികള്‍, അതീവ അപകടകാരികള്‍ എന്നിങ്ങനെ രണ്ടുവിധം സലഫികളുണ്ടെന്ന്‌ ആഭ്യന്തരവകുപ്പ്‌ നിരീക്ഷിച്ചു. സജ്ജനങ്ങളായ പുണ്യ പുരുഷന്മാരില്‍ (ഔലിയാക്കളില്‍) വിശ്വസിക്കാത്തവരും അവരെ സന്ദര്‍ശിക്കാത്തവരും സ്‌ത്രീകളുടെ ഖബ്‌ര്‍ സന്ദര്‍ശനം വിലക്കുന്നവരും നിര്‍ബന്ധമായ ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നവരുമാണ്‌ അപകടകാരികളായ സലഫികള്‍! ഈ പറഞ്ഞ കാര്യങ്ങളോടൊപ്പം താടി നീട്ടി വളര്‍ത്തുകയും പ്രത്യേക ഖമീസ്‌ വസ്‌ത്രം ധരിക്കുകയും ചെയ്യുന്നവരാണ്‌ അതീവ അപകടകാരികളായ സലഫികള്‍. ചില വിഷയങ്ങളില്‍, നബിചര്യ (സുന്നത്ത്‌) കണിശമായി പിന്തുടരുകയെന്ന പേരില്‍ സലഫികള്‍ പുലര്‍ത്തുന്ന അതിവാദത്തെയാണ്‌ അതീവ അപകടകരമെന്ന്‌ ഭരണകൂടം കണ്ടത്‌! ഈ നിലപാട്‌ ഭരണകൂട ഭീകരതയുടെ ഭാഗമായിരുന്നുവെങ്കിലും മതപരമായ ഇത്തരം അതിവാദങ്ങളുടെ ബാക്കിപത്രമാണ്‌ പിന്നീട്‌ തുനീഷ്യന്‍ സലഫിസത്തില്‍ ശക്തിപ്പട്ടെ സായുധ തീവ്രവാദം എന്നത്‌ ഗൗരവത്തില്‍ കാണേണ്ടതാണ്‌.
2. അസ്സലഫിയ്യത്തുല്‍ ജിഹാദിയ്യ. ഓരോ മുസ്‌ലിമിനും ജിഹാദ്‌ നിര്‍ബന്ധ ബാധ്യതയാണെന്ന്‌ വിശ്വസിക്കുന്നവര്‍ ജിഹാദ്‌ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഭൂമിയിലെ ഏതു സ്ഥലവും അതിനായി തെരഞ്ഞെടുക്കാമെന്നും അവര്‍ പറയുന്നു.
3. അസ്സലഫിയ്യൂനല്‍ മുസ്വര്‍റിഹൂന്‍. ജയിലിലടക്കപ്പെട്ട സലഫികളാണ്‌ ഈ പേരില്‍ വിളിക്കപ്പെട്ടത്‌.
ഇവരിലെ എല്ലാ വിഭാഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ആഭ്യന്തരവകുപ്പ്‌ ശേഖരിച്ചുകൊണ്ടിരുന്നു. നിശ്ചിത ഉദ്യോഗസ്ഥര്‍, വ്യക്തികളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു പോലും അന്വേഷിച്ച്‌ റിപ്പോര്‍ട്ടുകള്‍ തയാറാക്കി. ഇടക്കിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീടുകളിലും മറ്റും പരിശോധന നടത്തും. മിക്കവര്‍ക്കും യാത്രാ സ്വാതന്ത്ര്യം വിലക്കപ്പെട്ടു. വിദേശയാത്രകള്‍ ഒട്ടും അനുവദിക്കപ്പെട്ടില്ല. പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവെച്ചു. ചില പോലീസുദ്യോഗസ്ഥര്‍ ഈ സാഹചര്യം അഴിമതിക്കുള്ള അവസരമായി ഉപയോഗപ്പെടുത്തി. ചികിത്സക്കും മറ്റു ആവശ്യങ്ങള്‍ക്കും നഗരങ്ങളിലേക്കും മറ്റും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായവരില്‍നിന്ന്‌ കിട്ടാവുന്നത്ര കൈക്കൂലി വാങ്ങി അവര്‍!
മൂന്ന്‌ സലഫി വിഭാഗങ്ങളെയും ബിന്‍ അലിയുടെ ഭരണകൂടം ഒരുപോലെ പീഡിപ്പിച്ചു. പള്ളികള്‍, പ്രഭാഷണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവക്ക്‌ വിലക്കപ്പെടുക മാത്രമല്ല ചെയ്‌തത്‌, നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ഒട്ടേറെ പേരെ ജയിലിലടച്ച്‌ ക്രൂരമായി മര്‍ദിച്ചു. രാഷ്‌ട്രീയ തടവുകാരുടെ മോചനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട `അല്‍ ജംഇയ്യത്തുദ്ദുവലിയ്യ ലി മുസാഅദത്തില്‍ മുസാജീനസ്സിയാസീയീന്‍’ എന്ന സംഘടന തയാറാക്കിയ കണക്കനുസരിച്ച്‌ ഒരു ഘട്ടത്തില്‍ 1200-ല്‍ ഏറെ സലഫികള്‍ ബിന്‍ അലിയുടെ ഭരണകാലത്ത്‌ തടവിലുണ്ടായിരുന്നു. ഭീകരവിരുദ്ധ നിയമമനുസരിച്ചാണ്‌ ഇവരെയെല്ലാം അറസ്റ്റ്‌ ചെയ്‌തിരുന്നത്‌. നിരവധി സലഫീ നേതാക്കള്‍ നാടുവിട്ടുപോകേണ്ടിവരികയും ചെയ്‌തു. ഇതെല്ലാം ഫലത്തില്‍ സംഘടന ഇല്ലാതാകാന്‍ കാരണമായി.

1964-ല്‍ തുനീഷ്യയില്‍ ജനിച്ച മുഹമ്മദ്‌ അലി ഹര്‍റാസിന്‌ 1990-ല്‍ തന്നെ നാടുവിട്ട്‌ ലണ്ടനില്‍ അഭയം തേടേണ്ടിവന്നു. ജബ്‌ഹ രൂപീകരിച്ച്‌ രണ്ടു വര്‍ഷം തികയും മുമ്പാണ്‌ അദ്ദേഹം നാടുവിട്ടത്‌. അയല്‍രാജ്യമായ അള്‍ജീരിയയിലേക്ക്‌ കാല്‍നടയായി യാത്ര ചെയ്‌ത ഹര്‍റാസ്‌ പിന്നീട്‌ പാകിസ്‌താനിലേക്കും അവിടെനിന്ന്‌ യുഗോസ്ലാവ്യ, അല്‍മാനിയ വഴി ലണ്ടനിലേക്കും പോയി. ജബ്‌ഹയ്യുടെ 200-ഓളം നേതാക്കള്‍ അദ്ദേഹത്തോടൊപ്പം തുനീഷ്യ വിട്ട്‌ യൂറോപ്പില്‍ അഭയം തേടുകയുണ്ടായി. ലണ്ടന്‍ ആസ്ഥാനമായ `ഇസ്‌ലാം ചാനലി’ന്റെ മേല്‍നോട്ടം വഹിച്ച്‌ തന്റെ സലഫീ പ്രബോധനം തുടര്‍ന്നു അലി ഹര്‍റാസ്‌. `ഇസ്‌ലാം ചാനല്‍’ കടുത്ത സലഫി പക്ഷപാതിത്വവും അസഹിഷ്‌ണുതയും കുടുസ്സാര്‍ന്ന മതസമീപനവും പ്രസരിപ്പിക്കുന്നുവെന്ന്‌ വിമര്‍ശനം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്‌.
അബ്‌ദുല്ലാ അല്‍ ഹാജിയാണ്‌ മറ്റൊരു നേതാവ്‌. 1956-ല്‍ തുനീഷ്യയിലാണ്‌ ഇദ്ദേഹം ജനിച്ചത്‌. 1990-ല്‍ അദ്ദേഹവും പാകിസ്‌താനിലേക്ക്‌ പോയി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ 1995-ല്‍ തുനീഷ്യന്‍ ഗവണ്‍മെന്റ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടു. 2002-ല്‍ പാകിസ്‌താനിലെ പെഷവാറില്‍ പാക്‌ പോലിസ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ അമേരിക്കന്‍ ഏജന്‍സികള്‍ക്ക്‌ കൈമാറി. തുടര്‍ന്ന്‌ ഗോണ്ടനാമോ തടവറയില്‍ അടക്കപ്പെട്ട അദ്ദേഹത്തെ 2007 ജൂണ്‍ 18-ന്‌ തുനീഷ്യയില്‍ കൊണ്ടുവന്നു മര്‍നാഖിയ്യ ജയിലില്‍ ഇട്ടു. ഗ്വാണ്ടനാമോയിലും തുനീഷ്യയിലും അതിക്രൂരമായ പീഡനങ്ങള്‍ക്ക്‌ അബ്‌ദുല്ല അല്‍ഹാജി വിധേയനായി. വിചാരണക്കിടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്‌. മുന്‍ജി ഹാഷിദിയാണ്‌ മറ്റൊരു നേതാവ്‌. തുനീഷ്യയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടുവെന്ന പേരിലാണ്‌ 1989-ല്‍ അദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌! പിന്നീട്‌ ബെല്‍ജിയത്തിലേക്ക്‌ നാടുകടത്തുകയായിരുന്നു.

ശൈഖ്‌ ഇദ്‌രീസിയെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കി എന്നാരോപിച്ചാണ്‌ ജയിലില്‍ അടച്ചത്‌. ഹി. 1373-ല്‍ തുനീഷ്യയില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നഴ്‌സിംഗ്‌ പഠനം പൂര്‍ത്തീകരിച്ചു. പക്ഷേ, ദീനീ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന ഇദ്‌രീസി ആ വഴിക്ക്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അതിനായി ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഹി. 1406-ല്‍ അദ്ദേഹം സുഊദി അറേബ്യയിലേക്ക്‌ പുറപ്പെട്ടു. പ്രമുഖ സലഫി പണ്ഡിതരായ ശൈഖ്‌ മുഹമ്മദ്‌ സഈദ്‌ അല്‍ ഖഹ്‌ത്വാനി, ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ ഇബ്‌നു ബാസ്‌, ശൈഖ്‌ അബ്‌ദുല്‍ മജീദ്‌ സിന്‍ദാനി, സ്വാലിഹുല്ലിഹൈദാന്‍ തുടങ്ങിയവരുടെ ശിഷ്യനായി ദീനീ വിഭ്യാഭ്യാസം നേടി. ഒമ്പത്‌ വര്‍ഷക്കാലമാണ്‌ അദ്ദേഹം സൗദിയില്‍ താമസിച്ചത്‌. സലഫിസത്തില്‍ ആകൃഷ്‌ടനായ അദ്ദേഹം തുനീഷ്യയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ 1984-ല്‍ സ്വദേശത്ത്‌ തിരിച്ചെത്തി. മുഴുസമയ സലഫി പ്രബോധകനായിട്ടായിരുന്നു പിന്നീട്‌ ശൈഖിന്റെ ജീവിതം. ഹി. 1420-ല്‍ അദ്ദേഹത്തിന്റെ കാഴ്‌ച ശക്തി നഷ്‌ടപ്പെട്ടു. തന്റെ പ്രബോധനത്തിലൂടെ നിരവധി യുവാക്കളെ സലഫി ആശയധാരയിലേക്ക്‌ ആകര്‍ഷിക്കാന്‍ ശൈഖിന്‌ കഴിഞ്ഞു. 2006-ല്‍ തുനീഷ്യന്‍ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു ജയിലിലടച്ചു. `ജിഹാദ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട്‌ ഫത്‌വ നല്‍കി, തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച്‌ ഗവണ്‍മെന്റിന്‌ വിവരം നല്‍കിയില്ല’ എന്നിവയായിരുന്നു കുറ്റങ്ങള്‍. 2006-ല്‍ നടന്ന ചില അക്രമ പ്രവര്‍ത്തനങ്ങളായിരുന്നു അറസ്റ്റിന്‌ ആധാരം. രണ്ടു വര്‍ഷത്തെ തടവിനാണ്‌ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്‌. 2008-ല്‍ അദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. സ്വിഫത്തുസ്വലാത്ത്‌, കിതാബുല്‍ അദ്‌കാര്‍, തര്‍ക്കിയുല്‍ ഖുര്‍ആന്‍ എന്നിങ്ങനെ മൂന്ന്‌ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌.

സായുധ ജിഹാദിലേക്ക്‌
തുനീഷ്യയിലെ സലഫിധാരയില്‍ മൂന്നാമത്തേതും പ്രബലായതും സായുധ ജിഹാദിന്‌ ആഹ്വാനം ചെയ്യുന്ന `അസലഫിയ്യ അല്‍ ജിഹാദിയ്യ’ ആണ്‌. 1980-കളുടെ അവസാനത്തില്‍ `അല്‍ജബ്‌ഹ’ രൂപീകരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ തന്നെ `ജിഹാദി സലഫിസം’ രാജ്യത്തുണ്ടായിരുന്നുവെന്ന്‌ ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ബിന്‍ അലിയുടെ ഭരണത്തില്‍ സലഫികള്‍ ക്രൂരമായി വേട്ടയാടപ്പെട്ടപ്പോഴാണ്‌ ജിഹാദി സലഫിസം പ്രത്യക്ഷത്തില്‍ രംഗത്തുവരുന്നത്‌. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ഭരണകൂട ഭീകരതകളുടെ ഇരയാവുകയും ചെയ്‌തതിനോടുള്ള പ്രതികരണമായിട്ടായിരുന്നു സലഫികളില്‍ പലരും സായുധജിഹാദിന്റെ വഴി തെരഞ്ഞെടുത്തത്‌.
യഥാര്‍ഥത്തില്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ സലഫികള്‍ മാത്രമായിരുന്നില്ല. അന്നഹ്‌ദ പോലെ റാശിദുല്‍ ഗനൂശി നയിക്കുന്ന ഇസ്‌ലാമിസ്റ്റുകളും സ്വതന്ത്ര ആക്‌ടിവിസ്റ്റുകളും മറ്റു പലരും പീഡനങ്ങള്‍ക്കിരയാവുകയുണ്ടായി. എന്നാല്‍, ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ സ്വേഛാധിപത്യ ഭരണത്തെ മറികടക്കാനും ജനാധിപത്യവും പൗരാവകാശങ്ങളും സ്ഥാപിച്ചു കിട്ടാനുമാണ്‌ തുനീഷ്യയിലെയും ഈജിപ്‌തിലെയും മറ്റും ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിച്ചത്‌. സമാധനപൂര്‍ണമായ സമരത്തിന്റെ വഴികളാണ്‌ അവര്‍ തെരഞ്ഞെടുത്തത്‌. എന്നാല്‍, ഇത്‌ സലഫികളില്‍ വലിയൊരു വിഭാഗവും അംഗീകരിച്ചില്ല. ഈജിപ്‌തില്‍ ഇഖ്‌വാനോട്‌ വിയോജിച്ച്‌ `അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യ’യും മറ്റും സായുധ പോരാട്ടങ്ങള്‍ക്കിറങ്ങിയപോലെ സലഫികളില്‍ ഒരു വിഭാഗവും ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിന്‌ മുതിര്‍ന്നു. ഈജിപ്‌തില്‍ പക്ഷേ, അല്‍ജമാഅയും മറ്റും തെറ്റുതിരുത്തി ഇഖ്‌വാന്റെ വഴിയിലേക്ക്‌ വന്നെങ്കിലും തുനീഷ്യയില്‍ അവസ്ഥ അങ്ങനെയല്ല. ബിന്‍ അലിക്കെതിരെ എടുത്ത ആയുധങ്ങള്‍ മുല്ലപ്പൂ വിപ്ലവാനന്തരം ജനാധിപത്യ ഭരണകൂടത്തിനു നേരെ തിരിച്ചു പിടിച്ചിരിക്കുകയാണ്‌ തുനീഷ്യയിലെ സലഫികള്‍.
മൂന്ന്‌ ഘടകങ്ങളാണ്‌ സലഫി തീവ്രവാദത്തിന്റെ വളര്‍ച്ചക്ക്‌ കാരണമായത്‌.

1. ഭരണകൂട ഭീകരതയോടുള്ള വൈകാരിക പ്രതികരണം.
2. സായുധ ജിഹാദിന്‌ ആഹ്വാനം ചെയ്യുന്ന സലഫി പണ്ഡിതരുടെ ഫത്‌വകള്‍. ശൈഖ്‌ മുഹമ്മദ്‌ അല്‍അസ്‌റഖ്‌ നല്‍കിയ ഫത്‌വയെ തുടര്‍ന്ന്‌ ഒരു സംഘം സായുധ ജിഹാദിനിറങ്ങിയെങ്കിലും അത്‌ അമ്പേ പരാജയപ്പെടുകയാണുണ്ടായത്‌. അതില്‍ പങ്കെടുത്ത പലരും കൊല്ലപ്പെട്ടു, ചിലര്‍ ജയിലിലായി. ശൈഖ്‌ മുഹമ്മദ്‌ അസ്‌റഖ്‌ സംഭവത്തെത്തുടര്‍ന്ന്‌ സൗദി അറേബ്യയിലേക്ക്‌ രക്ഷപ്പെട്ടു. പക്ഷേ, സൗദി പോലീസ്‌ അദ്ദേഹത്തെ പിടികൂടി തുനീഷ്യക്ക്‌ കൈമാറുകയാണുണ്ടായത്‌. അന്ന്‌ 70 വയസ്സായിരുന്നു ശൈഖിന്‌ പ്രായം.
പിന്നീട്‌, സായുധ ജിഹാദില്‍ ആവേശം പുലര്‍ത്തിയ സലഫീ യുവാക്കള്‍ തുനീഷ്യക്ക്‌ പുറത്ത്‌ പോരാട്ടത്തിന്‌ തയാറാവുകയായിരുന്നു. 1990-കളില്‍ അള്‍ജീരിയയില്‍ തെരഞ്ഞെടുപ്പ്‌ വിജയം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍നിന്ന്‌ സായുധ ജിഹാദില്‍ വിശ്വസിക്കുന്ന ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അസ്സലഫിയ്യത്തുലിദ്ദഅ്‌വത്തി വല്‍ഖിതാല്‍ എന്നായിരുന്നു അവര്‍ സ്വീകരിച്ച പേര്‌. അള്‍ജീരിയയുടേതിന്‌ സമാനമായ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ഉള്ളതുകൊണ്ടുകൂടിയാകണം അയല്‍നാടായ തുനീഷ്യയിലേക്ക്‌ ഈയൊരു വികാരം പെട്ടെന്നു പടര്‍ന്നു. തുനീഷ്യയില്‍നിന്ന്‌ നിരവധി സലഫി യുവാക്കളാണ്‌ അള്‍ജീരിയയിലെത്തിയത്‌. അവര്‍ അഫ്‌ഗാന്‍, ബോസ്‌നിയ, ഇറാഖ്‌, സുഡാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സായുധ പോരാട്ടങ്ങളില്‍ പങ്കാളികളാവുകയുണ്ടായി. പ്രസ്‌തുത രാജ്യങ്ങളിലെല്ലാം മുസ്‌ലിം സമൂഹം ഏറെ പീഡനങ്ങള്‍ സഹിക്കുന്ന സന്ദര്‍ഭമായിരുന്നുവല്ലോ അത്‌. 2001 സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിനു ശേഷം അമേരിക്ക അഫ്‌ഗാനില്‍ യുദ്ധം തുടങ്ങിയപ്പോള്‍ അതിനെതിരായ പോരാട്ടത്തില്‍ തുനീഷ്യയിലെ സലഫികള്‍ പങ്കാളികളായിരുന്നു. അവരില്‍ ഒട്ടേറെ പേര്‍ രക്തസാക്ഷികളാവുകയും ചെയ്‌തു. സായുധ ജിഹാദ്‌ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തും അത്‌ നിര്‍വഹിക്കാം എന്ന സലഫി ഫത്‌വയുടെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം. അമേരിക്കക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തുനീഷ്യന്‍ സലഫികളില്‍ ചിലര്‍ ഇറാഖിലേക്കും പോവുകയുണ്ടായി.

2000-നു ശേഷമാണ്‌ സലഫികളുടെ സായുധ ജിഹാദ്‌ തുനീഷ്യയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്‌. അക്കാലത്തെ ചില അക്രമസംഭവങ്ങള്‍ക്ക്‌ പിന്നില്‍ സലഫി ഗ്രൂപ്പുകളാണെന്ന സംശയം ഉയര്‍ന്നിരുന്നു. സഅദ്‌ സാസി എന്ന സലഫി പോരാളിയും സംഘവും 2002-ല്‍ അള്‍ജീരിയയില്‍നിന്ന്‌ തുനീഷ്യയിലെത്തുകയുണ്ടായി. 1969-ല്‍ തുനീഷ്യയില്‍ ജനിച്ച സഅദ്‌ സാസി രാജ്യം വിട്ടുപോവുകയും ഇറ്റലിയില്‍ പ്രവാസ ജീവിതം നയിക്കുകയുമായിരുന്നു. അവിടെ ഒരു സലഫി മസ്‌ജിദ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം 2001-ല്‍ അള്‍ജീരിയയില്‍ വരികയും അവിടെ അല്‍ജമാഅത്തു സലഫഇയ്യ ലിദ്ദഅ്‌വതി വലര്‍ഖിതാല്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട്‌ ആയുധ പരിശീലനം നേടുകയും ചെയ്‌തു. സ്വേഛാധിപത്യ ഭരണാധികാരികളെ ആയുധമുപയോഗിച്ച്‌ താഴെയിറക്കുക എന്ന സിദ്ധാന്തമനുസരിച്ച്‌ ബിന്‍ അലിക്കെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെയാണ്‌ അവര്‍ തുനീഷ്യയിലെത്തിയത്‌. നാലു വര്‍ഷത്തോളം തുനീഷ്യയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അവര്‍ കുറെയേറെ ചെറുപ്പക്കാരെ ജിഹാദി സലഫിസത്തിലേക്ക്‌ ആകര്‍ഷിച്ചു. മധ്യവര്‍ഗ കുടുബങ്ങളിലെ, 20-25 വയസ്‌ പ്രായമുള്ള അഭ്യസ്ഥവിദ്യരായിരുന്നു ഇവരിലെധികവും. രഹസ്യ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ പോലീസ്‌ അവര്‍ക്കെതിരെ നടപടികള്‍ ശക്തിമാക്കി. 2006 ഡിസംബര്‍ 26-നു സഅദ്‌ സാസിയും ചിലസംഘാംഗങ്ങളും പോരീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.സാസിയുടെ അനുയായികള്‍ക്കെതിരെയെന്ന പേരില്‍ ആഭ്യന്തര വകുപ്പ്‌ സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ ദീനീ തല്‍പരരായ യുവാക്കളെ മൊത്തത്തില്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ഭരണകൂടത്തെ എതിര്‍ക്കാതെ, വിശ്വാസ-അനുഷ്‌ഠാന വിഷയങ്ങളില്‍ മാത്രം ഇടപെടുന്ന സലഫി വിഭാഗവും തബ്‌ലീഗ്‌ ജമാഅത്തുമായി ബന്ധമുള്ളവരും ഹിസ്‌ബുത്തഹ്‌രീരുമെല്ലാം ജിഹാദി സലഫികളോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജുന്‍ദു അസദ്‌ ബ്‌നു ഫുറാത്ത്‌, അന്‍സ്വാറുശരീഅ തുടങ്ങിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചുകൊണ്ട്‌ ജിഹാദി സലഫികള്‍ നടത്തിയ ഓപറേഷനുകളുടെ ദുരന്തം പേറേണ്ടിവന്നത്‌ നിരപരാധികളായ ഒട്ടേറെ യുവാക്കളായിരുന്നു.

വിപ്ലവാനന്തരം
ആഞ്ഞുവീശിയ 2001-ലെ ജനകീയ പ്രക്ഷോഭത്തോട്‌ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സ്‌തബ്‌ധരായി നിന്നു ഒരു ഘട്ടത്തില്‍ തുനീഷ്യയിലെ സലഫിധാര. പൊതുജനങ്ങളും ഇടതുപക്ഷ-മതേതര സംഘങ്ങളും ആക്‌ടിവിസ്റ്റുകളും ഇസ്‌ലാമിസ്റ്റുകളുമെല്ലാം ഒന്നിച്ച്‌ അണിനിരന്ന ജനകീയ മുന്നേറ്റത്തില്‍ സലഫി ഗ്രൂപ്പുകള്‍ക്ക്‌ വലിയ പങ്കൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ബിന്‍ അലി പുറത്താക്കപ്പെടുകയും ജനകീയ വിപ്ലവം വിജയിക്കുകയും രാജ്യം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയും ചെയ്‌തപ്പോള്‍ സലഫികള്‍ രംഗത്തുവരാന്‍ തുടങ്ങി. ശരീഅത്ത്‌ അനുസരിച്ച്‌ ഭരിക്കപ്പെടുന്ന ഇസ്‌ലാമിക രാഷ്‌ട്രമാക്കണം തുനീഷ്യയെ എന്നതായിരുന്നു സലഫി വിഭാഗങ്ങളുടെയെല്ലാം പൊതുവായ മുദ്രാവാക്യം. മുല്ലപ്പൂ വിപ്ലവത്തിന്റെ സുഗന്ധം പരന്ന മണ്ണില്‍, അതോടെ സലഫി തീവ്രവാദത്തിന്റെ ചുടുകാറ്റ്‌ വീശാന്‍ തുടങ്ങുകയായിരുന്നു.

സലഫികളുടെ രംഗപ്രവേശത്തിന്‌ വഴിയൊരുക്കിയ പ്രധാന ഘടകങ്ങള്‍ ഇവയാണ്‌. 1. സ്വാതന്ത്ര്യം. സ്വേഛാധിപത്യം നീങ്ങി സമാഗതമായ സ്വാതന്ത്ര്യത്തിന്റെ വലിയ ഗുണഭോക്താക്കളായി സലഫികള്‍ മാറി. തിരിച്ചുകിട്ടിയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പലതലങ്ങളിലായി അവര്‍ ഉപയോഗപ്പെടുത്തുന്നു. 2. ദീനീ ആവേശം. തുനീഷ്യന്‍ ജനതയില്‍, വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന ദീനീ മനസ്‌, വിപ്ലവാനന്തരം ആവേശകരമായി മാറിയിട്ടുണ്ട്‌. ഈ ദീനീ ആവേശം മുതലെടുക്കുന്നതില്‍ സലഫികള്‍ നന്നായി ശ്രദ്ധിക്കുന്നു. 3. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും. നീണ്ട സ്വേഛാധിപത്യ ഭരണത്തിന്റെ ബാക്കിപത്രമാണ്‌ രാജ്യത്തെ പ്രയാസപ്പെടുത്തുന്ന ദാരിദ്ര്യവും തൊഴിലില്ലായ്‌മയും. അഭ്യസ്‌തവിദ്യരായ ധാരാളം ചെറുപ്പക്കാര്‍ തുനീഷ്യയില്‍ തൊഴിലില്ലാ പടയായുണ്ട്‌. സലഫി അതിവാദത്തിലേക്കും ജിഹാദി ഗ്രൂപ്പുകളിലേക്കും യുവാക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ ഇതൊരു പ്രധാന കാരണമാണ്‌. 4. നേതാക്കളുടെ തിരിച്ചുവരവ്‌. ബിന്‍ അലി ഭരണകാലത്ത്‌ പല കാരണങ്ങളാല്‍ നാടുവിട്ടുപോകേണ്ടിവന്ന പ്രമുഖ സലഫി നേതാക്കള്‍ വിപ്ലവാനന്തരം തുനീഷ്യയില്‍ തിരിച്ചെത്തി. ജയിലിലടക്കപ്പെട്ടിരുന്ന സലഫി നേതാക്കളും പ്രവര്‍ത്തകരും മോചിതരാവുകയും ചെയ്‌തു. ഇത്‌ രാജ്യത്ത്‌ സലഫി പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ വഴിതുറന്നു. 5. ലിബിയന്‍-സിറിയന്‍ പോരാട്ടങ്ങള്‍. അറ്‌ബ വസന്തം തുനീഷ്യയും ഈജിപ്‌തും കടന്ന്‌ ലിബിയയിലെത്തിയപ്പോഴേക്കും രക്തരൂക്ഷിതമായി മാറ്റപ്പെട്ടു. ആദ്യം ഖദ്ദാഫിക്കും പിന്നീട്‌ ബശ്ശാറിനുമെതിരെ രൂപം കൊണ്ട സായുധ പോരാട്ടങ്ങളില്‍ തുനീഷ്യയിലെ സലഫി ഗ്രൂപ്പുകളും പങ്കാളികളാകാന്‍ തുടങ്ങി. ആയുധ പരിശീലനം നേടി പോരാട്ടങ്ങളില്‍ പങ്കാളികാകുന്ന സലഫി യുവാക്കള്‍ ലിബിയക്കു ശേഷം സിറിയയില്‍ മാത്രമല്ല, തുനീഷ്യയിലും പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്താന്‍ തുടങ്ങി.

ഒരേ ലക്ഷ്യം മുന്‍നിര്‍ത്തി പ ര്‌സപരം സഹായിക്കുന്ന വ്യത്യസ്‌ത വഴികള്‍ തെരഞ്ഞെടുത്ത സലഫി വിഭാഗങ്ങളാണ്‌ ഇപ്പോള്‍ തുനീഷ്യയില്‍ ഉള്ളത്‌. ഒന്ന്‌, ജബ്‌ഹത്തുല്‍ ഇസ്‌ലാഹ്‌ എന്ന പേരില്‍ സംഘടിച്ച സലഫിധാര. മുഹമ്മദ്‌ ഖൂജയാണ്‌ ജബ്‌ഹയുടെ അമരക്കാരന്‍. കമാല്‍ ബിന്‍ മുഹമ്മദ്‌ മര്‍സൂഖി, അബ്‌ദു അബ്‌ദുല്ല മുളഫര്‍, നൗഫല്‍ സാസി, റഫീഖുല്‍ ഔനി, കമാലുബ്‌നു റജബ്‌, ഫുആദ്‌ബ്‌നു സ്വാലിഹ്‌, അബ്‌ദുല്ലത്വീഫ്‌ അല്‍ മുശ്‌നി, ഖാലിദ്‌ബ്‌നു ഖാലിദ്‌, മുഹമ്മദ്‌ അലി ഹര്‍റാസ്‌ തുടങ്ങിയവര്‍ ജബ്‌ഹയുടെ നേതാക്കളാണ്‌. ഇസ്‌ലാമിക ഖിലാഫത്ത്‌ പുനഃസ്ഥാപിക്കുക, ശരീഅത്ത്‌ പൂര്‍ണമായും നടപ്പിലാക്കുക എന്നതാണ്‌ ജബ്‌ഹയുടെ പ്രധാന മുദ്രാവാക്യം. വിപ്ലവാനന്തര തുനീഷ്യയില്‍ ജബ്‌ഹയുടെ നയസമീപനങ്ങളെക്കുറിച്ച്‌ മുഹമ്മദ്‌ ഖോജ പറഞ്ഞതിപ്രകാരമാണ്‌.

1. ദീനും രാഷ്‌ട്രവും തമ്മില്‍ വേര്‍പിരിക്കാവതല്ല. ഇസ്‌ലാമിക ശരീഅത്തനുസരിച്ച്‌ ഭരണം നടത്തണം. എന്നാല്‍, അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത മനുഷ്യനിര്‍മിത നിയമങ്ങള്‍ അംഗീകരിക്കാം.
2. മതനേതാക്കള്‍ ഭരിക്കുന്ന ഇറാനിലെ ഇസ്‌ലാമിക ഭരണത്തിന്റെ മാതൃക സ്വീകാര്യമല്ല. അതേസമയം, പടിഞ്ഞാറന്‍ രീതിയിലുള്ള ഭരണവും തുനീഷ്യയില്‍ അനുവദനീയമല്ല.
3. തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങള്‍, വിദേശ രാഷ്‌ട്രങ്ങളുടെ ഇടപെടലുകളോടു കൂടിയ തീരുമാനങ്ങള്‍, പലിശാധിഷ്‌ഠിത സാമ്പത്തിക ക്രമം തുടങ്ങിയവ അല്ലാഹുവിന്റെ ശരീഅത്തിന്‌ എതിരാണ്‌.
4. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങിയ പലിശരഹിത സാമ്പത്തിക വ്യവസ്ഥ രാജ്യത്ത്‌ നടപ്പിലാക്കണം.
5. ഇസ്‌ലാം സമ്പൂര്‍ണമായൊരു ഏകകമാണ്‌. നാം അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. ഒന്നാമത്തെ ഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം ദീനില്‍ അനുവദനീയമല്ല.
6. ദീര്‍ഘകാലം രാജ്യത്ത്‌ സ്വേഛാധിപത്യം നടത്തിയ അഴിമതിക്കാരില്‍നിന്ന്‌ തുനീഷ്യ മോചനം നേടിയിരിക്കുന്നു. ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണ്‌.
7. സിറിയന്‍ പ്രക്ഷോഭങ്ങളോട്‌ ജബ്‌ഹ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സിറിയയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുന്നത്‌ ഏറ്റവും പ്രയാസകരമാണ്‌. അവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള മറ്റൊന്നുമില്ല. പക്ഷേ, യുവാക്കള്‍ സിറിയയിലേക്ക്‌ യുദ്ധത്തിന്‌ പോകുന്നതില്‍ യോജിപ്പില്ല. രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന്‌ പങ്കാളികളാകാന്‍ യുവാക്കള്‍ തുനീഷ്യയില്‍ തന്നെ പ്രവര്‍ത്തിക്കണം.
8. രാജ്യത്തെ മദ്യഷാപ്പുകളും മറ്റു ഇസ്‌ലാമിക വിരുദ്ധ കാര്യങ്ങളും ഉടന്‍ അവസാനിപ്പിക്കണം. എന്നാല്‍, ഒരു വിഭാഗം സലഫികള്‍ അത്തരം വിഷയങ്ങളില്‍ നടത്തുന്ന സായുധ ആക്രമണങ്ങളോട്‌ ജബ്‌ഹ യോജിക്കുന്നില്ല. അവരുമായി ആശയവിനിമയം നടത്താന്‍ ജബ്‌ഹ ശ്രമിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല.
9. ഇസ്‌ലാം ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദീനാണ്‌. രാഷ്‌ട്രീയത്തില്‍ സജീവ പങ്കാളിത്തം വഹിക്കണം. മുസ്‌ലിം സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതകളില്‍ പെട്ട ഇബാദത്താണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം. അടുത്ത തെരഞ്ഞെടുപ്പില്‍ ജബ്‌ഹയും മത്സരിക്കും. ജനാധിപത്യവും തെരഞ്ഞെടുപ്പും ഒരു ഉപകരണമായി ഉപയോഗിക്കേണ്ടതാണ്‌.
10. രാഷ്‌ട്രത്തിന്റെ നിലവിലുള്ള സിവില്‍ നിയമങ്ങളും പൊതു മൂല്യങ്ങളും ജബ്‌ഹ അംഗീകരിക്കുന്നു. ജനാധിപത്യത്തിന്റെ സവിശേഷമായ അനുഭവങ്ങളും ക്രമപ്രവൃദ്ധതയും ഉള്‍ക്കൊള്ളുന്നു. തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളും നിരാകരിക്കുന്നു

തുനീഷ്യയിലെ പ്രമുഖ സലഫി നേതാവും ജബ്‌ഹയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മുഹമ്മദ്‌ ഹറാസ്‌ തന്റെ നിലപാടുകള്‍ ഇങ്ങനെ വിശദീകരിക്കുന്നു: “ഖുര്‍ആനും സുന്നത്തും ആധാരമാക്കി യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസം പ്രബോധനം ചെയ്യുന്ന ഞങ്ങള്‍, സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യം വെച്ചുകൊണ്ട്‌ രാഷ്‌ട്രീയത്തിലും പ്രവേശിക്കുകയാണ്‌. തിന്മ കുറച്ചുകൊണ്ടുവരാനും നന്മകള്‍ വളര്‍ത്താനും അത്‌ സഹായകമാവും. തുനീഷ്യ 100 ശതമാനം മുസ്‌ലിംകളുള്ള രാജ്യമാണ്‌. അവിടെ ഇസ്‌ലാമിന്‌ വലിയ സ്ഥാനമുണ്ട്‌. ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ഇസ്‌ലാം സഹിഷ്‌ണുതയും വിശാല വീക്ഷണവും സന്തുലിത സമീപനവും ഉള്ളതാണ്‌. തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ നിരാകരിക്കുന്നു. തുനീഷ്യയിലെ ഇസ്‌ലാമിസ്റ്റുകളെ പോലെ തന്നെയാണ്‌ ഞങ്ങള്‍ സലഫികളും. ഞങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവരാണ്‌. അവരെ വെറുപ്പിച്ച്‌ അകറ്റുന്നവരല്ല. ഇസ്‌ലാമിനെതിരായ എല്ലാ ദുഷ്‌പ്രചാരണങ്ങളെയും പ്രതിരോധിക്കുകയും അതിന്റെ നല്ല മുഖം ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യും.”

ജബ്‌ഹയുടെ സമീപനരീതികളില്‍ ആശാവഹമായ മാറ്റമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ മുഹമ്മദ്‌ ഖൂജയുടെയും മുഹമ്മദ്‌ ഹറാസിന്റെയും വാക്കുകള്‍ സൂചിപ്പിക്കുന്നു. റാശിദുല്‍ ഗനൂശി ഉള്‍പ്പെടെയുള്ള ഇസ്‌ലാമിസ്റ്റുകളുടെയും അന്നഹ്‌ദയുടെയും മറ്റും സമീപനങ്ങളും തുനീഷ്യയുടെയും ഈജിപ്‌തിന്റെയും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ സമചിത്തതയോടെ ഉള്‍ക്കൊള്ളാനായതുമാണ്‌ ഒരു വിഭാഗം സലഫി പ്രവര്‍ത്തകരെ ഇത്തരമൊരു നിലപാടിലേക്ക്‌ എത്തിച്ചത്‌. സലഫികളെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനാണ്‌ അന്നഹ്‌ദ തുടക്കം മുതലേ ശ്രമിച്ചുവന്നത്‌.ജബ്‌ഹ ആ വഴിക്കുവന്നതോടെ ശ്രമം ഒരു പരിധിവരെ വിജയിച്ചുവെന്ന്‌ പറയാം. അന്നഹ്‌ദയുടെ നേതൃത്വത്തിലുള്ള തുനീഷ്യന്‍ ഗവണ്‍മെന്റ്‌ ജബഹ്‌ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടിയായി അംഗീകാരവും നല്‍കുകയുണ്ടായി.
എന്നാല്‍ തുനീഷ്യയിലെ സലഫികളില്‍ മറ്റൊരു വിഭാഗം തങ്ങളുടെ നിഷേധാത്മക നിലപാടുകളുമായി പൂര്‍വോപരി ശക്തിയില്‍ മുന്നോട്ടുപോവുകയാണ്‌. ജനാധിപത്യ പുനഃസ്ഥാപനം അവരുടെ പ്രതിലോമപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്‌തിരിക്കുന്നു. ജബ്‌ഹയെ പോലെ ശരീഅത്ത്‌ അനുസരിച്ചുള്ള ഭരണമാണ്‌ ഇവരും ലക്ഷ്യം വെക്കുന്നത്‌. ജനാധിപത്യം നിഷിദ്ധമാണ്‌, തെരഞ്ഞെടുപ്പുകള്‍ പാടില്ല, രാഷ്‌ട്രീയം മാലിന്യം (നജസ്‌) ആണ്‌. ദീനിന്‌ രാഷ്‌ട്രീയവുമായി യോജിക്കാനാവില്ല, പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ പാടില്ല, ശരീഅത്ത്‌ അനുസരിച്ചു മാത്രമേ രാജ്യത്തെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ, വ്യക്തികള്‍ ജീവിക്കാവൂ, ശരീഅത്ത്‌ അംഗീകരിക്കാത്തവര്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കരുത്‌… ഇങ്ങനെ പോകുന്നു തുനീഷ്യയിലെ ഒരു വിഭാഗം സലഫികളുടെ അതിവാദങ്ങള്‍.
`ജിഹാദി സലഫിസമാണ്‌’ ഇതിന്റെ മുന്‍നിരയിലുള്ളത്‌. ചിഹ്നങ്ങളിലും സുന്നത്തുകളിലുമുള്ള കാര്‍ക്കശ്യവും മറു വീക്ഷക്കാരോടുള്ള അസഹിഷ്‌ണുതയും സായുധ പ്രവര്‍ത്തനങ്ങളും ഇവരുടെ പ്രത്യേകതയാണ്‌. തുനീഷ്യന്‍ സലഫികള്‍ക്കിടയിലെ പ്രബല വിഭാഗമാണിവര്‍. ആയുധശക്തി ഉപയോഗിച്ച്‌ അധികാരം പിടിച്ചെടുക്കുകയെന്നതാണിവരുടെ ലക്ഷ്യം. സൈഫുല്ലാഹിബ്‌നു ഹുസൈനാണ്‌ ജിഹാദീ സലഫിസത്തിന്റെ പ്രധാന നേതാവ്‌. അബൂ ഇയാള്‌ എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. `ഇപ്പോഴത്തെ അസ്വസ്ഥതകള്‍ കാര്യമാക്കേണ്ടതില്ല. ഭാവി നമുക്കാണ്‌, നിലവിലുള്ള ഭരണകൂടം വീഴുമ്പോള്‍ നമ്മള്‍ മാത്രമാണ്‌ പകരക്കാരാവുക’ എന്നാണ്‌ സൈഫുല്ല അനുയായികളോട്‌ പ്രഖ്യാപിച്ചത്‌.

എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ജനകീയ ഭരണം സ്ഥാപിക്കുകയും ശരീഅത്ത്‌ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ റാശിദുല്‍ ഗനൂശിയെയും അന്നഹ്‌ദയെയും രൂക്ഷമായി വിമര്‍ശിക്കുന്നു ഈ സലഫികള്‍. ജനാധിപത്യം സത്യനിഷേധവും (കുഫ്‌ര്‍) ഈ കാലഘട്ടത്തിലെ പൂജാ ബിംബവും (സ്വനം) ആണെന്ന്‌ അവര്‍ പറയുന്നു. നിലവിലുള്ള തുനീഷ്യന്‍ ഭരണഘടനയുടെയും നിമയങ്ങളെയും അവര്‍ അംഗീകരിക്കുന്നില്ല. കാരണം അത്‌ ദൈവവിരുദ്ധം (ത്വാഗൂത്ത്‌) ആണ്‌ എന്നതുതന്നെ. പ്രമുഖ തുനീഷ്യന്‍ എഴുത്തുകാരന്‍ യാസീന്‍ ബിന്‍ അലി സലഫികളെ അനുകൂലിച്ചുകൊണ്ട്‌ പറയുകയുണ്ടായി: “അല്ലാഹുവും പ്രവാചകനും പറഞ്ഞതല്ലാത്ത ഒരു കാര്യവും സലഫികള്‍ പ്രചരിപ്പിക്കുന്നില്ല. അല്ലാഹുവിന്റെ നിയമനുസരിച്ച്‌ വിധി നടപ്പിലാക്കണം എന്നാണവര്‍ പറയുന്നത്‌. പ ടിഞ്ഞാറന്‍ ജനാധിപത്യത്തെ അവര്‍ അംഗീകരിക്കുന്നില്ല. ദീനില്‍ അറിയപ്പെട്ട കാര്യങ്ങള്‍ അവര്‍ തള്ളിപ്പറയുന്നില്ല. ഇസ്‌ലാമിക സമൂഹത്തില്‍ ഏകാഭിപ്രായമുള്ള കാര്യങ്ങള്‍ അവര്‍ നിഷേധിക്കുന്നുമില്ല. തങ്ങളുടെ വിശ്വാസത്തെ ഗ്രീക്ക്‌, ഇന്ത്യന്‍, പടിഞ്ഞാറന്‍ വിസ്വാസങ്ങളുമായി അവര്‍ കൂട്ടിക്കലര്‍ത്തുന്നില്ല. ജീവിതത്തില്‍ ശരീഅത്തിന്റെ നിയമങ്ങല്ലാത്തതൊന്നും അവര്‍ അംഗീകരിക്കരിക്കുന്നുമില്ല (അല്‍ ഹറകത്തു സലഫിയ്യ-അശ്ശുറൂഖ്‌ പത്രം, 5.12.2011, www.turess.com).

വിപ്ലവാനന്തരം സജീവമായിത്തീര്‍ന്ന സലഫികളുടെ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ തുനീഷ്യന്‍ ജനതയുടെ സൈ്വരജീവിതത്തിന്‌ ഭീഷണിയുയര്‍ത്തുകയും സുഗമമായ ഭരണത്തിന്‌ തടസ്സമാവുകയും വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്‌കരിക്കുന്നതിന്‌ വിഘാതം നില്‍ക്കുകയും ചെയ്യുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പള്ളികള്‍ക്കും മറ്റു ദീനീ സ്ഥാപനങ്ങള്‍ക്കും പുറമെ, സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളും ഇന്റര്‍നെറ്റ്‌ സംവിധാനവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിദ്യാര്‍ഥികളും യുവാക്കളും സലഫിസത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നതിന്റെ മുഖ്യ വഴിയാണ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍. ഈ രംഗത്ത്‌ തുനീഷ്യയിലെ സലഫി ഗ്രൂപ്പുകള്‍ക്ക്‌ ചടുലമായ ഇടപെടലുകളുണ്ട്‌. മുമ്പൊന്നുമില്ലാത്തവിധം നീണ്ട താടിയും പ്രത്യേക ഖമീസ്‌ വസ്‌ത്രവും ധരിച്ച യാവുക്കള്‍ തെരുവിലും കാമ്പസുകളിലും മറ്റും പ്രത്യക്ഷപ്പെടുന്നുണ്ട്‌. പെണ്‍കുട്ടികള്‍ക്കിടയില്‍ മുഖം മറക്കുന്ന (നിഖാബ്‌) പ്രവണതയും ഇപ്പോള്‍ കണ്ടുവരുന്നുണ്ട്‌. പൊതുവെ തുനീഷ്യന്‍ സ്‌ത്രീകള്‍ ഹിജാബ്‌ ധരിക്കുന്നവരുണ്ടെങ്കിലും ചില പെണ്‍കുട്ടികള്‍ പെട്ടൊരു ദിവസം മുഖം മറച്ച്‌ പ്രത്യക്ഷപ്പെടുന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥാന്തരം! മതപരമായ കാര്‍ക്കശ്യവും അസഹിഷ്‌ണുതയും പുലര്‍ത്തുന്ന സലഫിഗ്രൂപ്പുകള്‍ ആശയസംവാദങ്ങള്‍ക്കോ വിട്ടുവീഴ്‌ചകള്‍ക്കോ സന്നദ്ധരാകുന്നുമില്ല. `ഞങ്ങളെക്കുറിച്ച്‌ കേള്‍ക്കരുത്‌, ഞങ്ങളില്‍നിന്ന്‌ കേള്‍ക്കരുത്‌’ എന്നതാണവരുടെ മുദ്രാവാക്യം. വ്യക്തി സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും കൈയേറ്റം ചെയ്‌തുകൊണ്ടാണവര്‍ മുന്നോട്ടുപോകുന്നത്‌. പത്രപ്രവര്‍ത്തകര്‍, സ്‌ത്രീകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഇസ്‌ലാമിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സലഫികളുടെ അധിക്ഷേപങ്ങള്‍ക്കോ അതിക്രമങ്ങള്‍ക്കോ ഇരകളാകുന്നു. ചിത്രപ്രദര്‍ശനം, സംഗീത പരിപാടികള്‍, ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള ക്ലാസ്‌ മുറികള്‍, തുനീഷ്യന്‍ ദേശീയ പതാക തുടങ്ങിയവക്കെതിരെയെല്ലാം കടുത്ത നിലപാടുകളാണ്‌ സലഫികള്‍ക്കുള്ളത്‌. വ്യക്തികളെ കൈയേറ്റം ചെയ്യുക, ഓഫീസുകളും മറ്റും അടിച്ചു തകര്‍ക്കുക, തീവെപ്പ്‌, സായുധ ആക്രമണങ്ങള്‍, റോഡുകള്‍ ഉപരോധിക്കല്‍ തുടങ്ങിയവയാണ്‌ സലഫികളുടെ സമരരീതികള്‍.
2011 ഒക്‌ടോബര്‍ 7-നു തീരദേശപട്ടണമായ സൂസിലെ `കുല്ലിയ്യത്തുല്‍ ആദാബില്‍’ നടന്ന അക്രമസംഭവങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ്‌. കോളേജ്‌ ജനറല്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്യുകയും അദ്ദേഹത്തിന്റെ കാറ്‌ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു സലഫി സമരക്കാര്‍. 2001 ഒക്‌ടോബര്‍ 9-നു `നിസ്‌മ’ ചാനല്‍ ഓഫീസ്‌ സലഫി തീവ്രവാദികള്‍ ആക്രമിച്ചു. ഇറാനിയന്‍ -ഫ്രഞ്ച്‌ ഫിലിം സംപ്രേക്ഷണം ചെയ്‌തു എന്നതായിരുന്നു കുറ്റം. ജുമുഅ നമസ്‌കാരാനന്തരം തലസ്ഥാന നഗരിയില്‍ പ്രകടനം നടത്തിയ സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യം `ഞങ്ങള്‍ ഇസ്‌ലാമിക ഖിലാഫത്ത്‌ ആഗ്രഹിക്കുന്നു’ എന്നതായിരുന്നു. പ്രകടനാനന്തരം ചാനല്‍ ഡയറക്‌ടര്‍ നബീല്‍ ഖര്‍വിയുടെ വീടിനു സലഫികള്‍ തീവെച്ചു. മനൂബ യൂനിവേഴ്‌സിറ്റിയില്‍ സമരം നടത്തിയത്‌, ക്ലാസിലും പരീക്ഷാഹാളിലും മുഖം മറച്ച്‌ വരാനുള്ള അനുവാദത്തിനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകള്‍ ഏര്‍പ്പെടുത്താനും നമസ്‌കാര സൗകര്യം ഒരുക്കാനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. 2012-ല്‍ അതേ യൂനിവേഴ്‌സിറ്റിയില്‍ മറ്റൊരു സംഭവമുണ്ടായി. കോളേജില്‍ സ്ഥാപിച്ചിരുന്ന തുനീഷ്യന്‍ ദേശീയ പതാക ഒരു സലഫി പ്രവര്‍ത്തകന്‍ അഴിച്ചെടുത്ത്‌ പകരം ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദുര്‍റസൂലുല്ലാഹ്‌ എന്നെഴുതിയ കറുത്ത കൊടി നാട്ടി. പരീക്ഷാ വേളകളിലും ലക്‌ചറിംഗ്‌ സമയത്തും പെണ്‍കുട്ടികള്‍ മുഖം മറച്ച്‌ വരുന്നതിന്‌ യൂനിവേഴ്‌സിറ്റി വിലക്കേര്‍പ്പെടുത്തിയതാണ്‌ സലഫികളെ പ്രകോപിപ്പിച്ചത്‌. ആളുകളെ തിരിച്ചറിയുന്നതുള്‍പ്പെടെ ന്യായമായ ചില കാരണങ്ങളാണ്‌ വിലക്കിന്‌ പിന്നിലുണ്ടായിരുന്നത്‌. ഇതിന്റെ പേരില്‍ സലഫികള്‍ നടത്തിയ സമരം മൂലം ഏതാനും ദിവസങ്ങള്‍ സ്ഥാപനം അടച്ചിടേണ്ടിവന്നു. സലഫി വിദ്യാര്‍ഥികള്‍ക്കും മറ്റു വീക്ഷണക്കാരായ വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ കടുത്ത സംഘര്‍ഷമാണ്‌ ഇതുവഴി സൃഷ്‌ടിക്കപ്പെട്ടത്‌. വേഷത്തിലും ചിഹ്നങ്ങളിലും സമീപനങ്ങളിലും കാര്‍ക്കശ്യം പുലര്‍ത്തുന്ന വിദ്യാര്‍ഥി യുവജനങ്ങളെ സൃഷ്‌ടിച്ച്‌ അവരെ മുഖ്യധാരയില്‍ നിന്ന്‌ അകറ്റുനാണ്‌ സലഫികള്‍ ശ്രമിക്കുന്നതെന്ന്‌ ചിലര്‍ നിരീക്ഷിക്കുകയുണ്ടായി.

ജനാധിപത്യ മൂല്യങ്ങള്‍ നിരാകരിക്കുകയും തങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ്‌ സലഫികള്‍. റോഡുകളിലിറങ്ങി സ്‌ത്രീകളെ മുഖം മറക്കാന്‍ നിര്‍ബന്ധിക്കുക, ടൂറിസ്റ്റുകളെ ആട്ടിയോടിക്കുക, പുസ്‌തകശാലകളില്‍ കയറി തങ്ങള്‍ക്ക്‌ പിടിക്കാത്ത കൃതികള്‍ ചുട്ടുകരിക്കുക തുടങ്ങിയ ജനാധിപത്യധ്വംസനങ്ങളാണ്‌ സലഫികളില്‍നിന്നുണ്ടാകുന്നത്‌.
ചില ഗ്രാമങ്ങള്‍ പിടിച്ചെടുത്ത്‌ സലഫികളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. പ്രവാചക നിന്ദാ സിനിമക്കെതിരിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തൂനിസിലെ അമേരിക്കന്‍ എംബസിക്കു നേരെ സലഫികള്‍ ആക്രമണം അഴിച്ചുവിടുകയുണ്ടായി. 2012 സെപ്‌റ്റംബര്‍ 14-ന്‌ നടന്ന സംഭവത്തില്‍ നാലു പേര്‍ വധിക്കപ്പെടുകയും നിരവധി ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. സമീപത്തെ സ്‌കൂളിനു നേരെയും സലഫികളുടെ ആക്രമണം നടന്നു. പോലീസ്‌ സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മദ്യഷാപ്പുകള്‍ക്കു നേരെയും ജിഹാദി സലഫി ഗ്രൂപ്പുകള്‍ അക്രമവും തീവെപ്പും നടത്തുകയുണ്ടായി. തുനീഷ്യയില്‍ തുടര്‍ന്നുവരുന്ന നിയമമനുസരിച്ച്‌ മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനോ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നതിനോ വിലക്കില്ല. മദ്യത്തിനെതിരെ ശക്തമായ ബോധവത്‌കരണം നടത്തുകയും വിശദമായ ചര്‍ച്ചകളിലൂടെ അഭിപ്രായരൂപീകരണം നടത്തി പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാനാകൂ. ക്രമപ്രവൃദ്ധമായും വിവേകത്തോടെയും നിര്‍വഹിക്കേണ്ട കാര്യമാണിത്‌. ഇസ്‌ലാം മദ്യനിരോധം നടപ്പിലാക്കിയ രീതിയില്‍ നിന്നുതന്നെ ഇത്‌ മനസ്സിലാക്കാവുന്നതാണ്‌. എന്നാല്‍, ഭരണമേറ്റെടുത്ത്‌ ഏതൊരു നാളുകള്‍ക്കകം തന്നെ മദ്യഷാപ്പുകള്‍ എല്ലാം അടച്ചുപൂട്ടാത്തതിന്റെ പേരില്‍ ഭരണകൂടത്തെയും അന്നഹ്‌ദയെയും ഭര്‍ത്സിക്കുകയാണ്‌ സലഫികള്‍. അതിന്റെ പേരില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുക മാത്രമല്ല, ഷാപ്പുകള്‍ക്കെതിരെ തീവെപ്പും അക്രമവും അഴിച്ചുവിടുകയും ചെയ്യുന്നു.
2003-ല്‍ തെക്കന്‍ തുനീഷ്യയിലെ ജറബയില്‍ ജൂതദേവാലയത്തെ ലക്ഷ്യം വെച്ചുകൊണ്ട്‌ നടത്തിയ സ്‌ഫോടനം, 2006-2007 വര്‍ഷങ്ങളില്‍ സുലൈമാന്‍ പ്രവിശ്യയില്‍ നടന്ന ആക്രമണങ്ങള്‍ തുടങ്ങിയവ ജിഹാദി സലഫിസത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രധാന സായുധ ഓപ്പറേഷനുകളാണ്‌. ഒട്ടേറെ പേര്‍ ഈ സംഭവങ്ങളില്‍ വധിക്കപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്‌തു.

മാറ്റത്തിന്‌ സന്നദ്ധരാകുന്ന സലഫി വിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തുനീഷ്യയുടെ സ്വാസ്ഥ്യം കെടുത്തുന്ന സലഫി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്‌. തുനീഷ്യയിലെ മത-രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സലഫി തീവ്രവാദങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്‌. സലഫികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുനീഷ്യയുടെ ആഭ്യന്തര സുരക്ഷക്കുതന്നെ ഭീഷണി ഉയര്‍ത്തുന്നുവെന്ന്‌ പ്രസിഡന്റ്‌ മുന്‍സിഫുല്‍ മര്‍സൂഖി പറയുകയുണ്ടായി. “ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമാണ്‌ തുനീഷ്യയിലെ സലഫികള്‍. 3000-ല്‍ അധികം വരില്ല അവരുടെ അംഗസംഖ്യ. അവരുയര്‍ത്തുന്ന സാമൂഹിക ഭീഷണികള്‍ നിയമപരമായി നേരിടും. പ്രവാചകനിന്ദാ സിനിമക്കെതിരെ പ്രതിഷേധിച്ച്‌ അമേരിക്കന്‍ എംബസിക്ക്‌ തീവെച്ചവര്‍ മുന്നൂറോളം പേരാണ്‌. കൊച്ചു കൊച്ചു സലഫി ഗ്രൂപ്പകള്‍ ജിഹാദി സലഫിസത്തില്‍ ആവേശം കൊണ്ട്‌ രംഗത്തുവരികയാണ്‌. ഇവര്‍ക്ക്‌ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന്‌ പറയാനാകില്ല. ആ ഗ്രൂപ്പുകള്‍ തുനീഷ്യന്‍ സാമൂഹികാവസ്ഥയുടെ കൂടി സൃഷ്‌ടിയാണ്‌. രാജ്യത്തെ ദാരിദ്ര്യവും നിരക്ഷരതയും അതിന്‌ കാരണമാകുന്നുണ്ട്‌. വലിയ അപകടമാണ്‌ സമൂഹത്തില്‍ അവര്‍ സൃഷ്‌ടിക്കുന്നത്‌. അഞ്ച്‌ മില്യന്‍ ടൂറിസ്റ്റുകളാണ്‌ ഒരു വര്‍ഷം തുനീഷ്യയിലെത്തുന്നത്‌. സലഫി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനഫലമായി അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അത്‌ വലിയ വാര്‍ത്തയാകും. അത്‌ രാജ്യത്തെ പ്രതികൂലമായി ബാധിക്കും.” (Arabic cnn, 28.9.2012, middle east). `വിപ്ലവാനന്തര തുനീഷ്യ പലവെല്ലുവിളികളും നേരിടുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ടതാണ്‌ സലഫി തീവ്രവാദികളുടേതെന്നാണ്‌ പ്രധാനമന്ത്രി ഹമാദി ജബാലി പ്രഖ്യാപിച്ചത്‌. സായുധ ശക്തി ഉപയോഗിച്ച്‌ തങ്ങളുടെ അഭിപ്രായങ്ങള്‍ നടപ്പിലാക്കാനാണ്‌ അവര്‍ ശ്രമിക്കുന്നതെന്ന്‌ ദേശീയ ടെലിവിഷന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി (അല്‍ഖബസ്‌ 13.10.2012, www.alqabs.com.kw).

തുനീഷ്യന്‍ വിപ്ലവത്തിന്റെ നായകന്‍ റാശിദുല്‍ ഗനൂശിയും ജിഹാദി സലഫികള്‍ സൃഷ്‌ടിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. “അന്നഹ്‌ദക്ക്‌ മാത്രമല്ല സലഫികള്‍ ഭീഷണിയുയര്‍ത്തുന്നത്‌. രാജ്യത്തിന്റെ പൊതുവായ സ്വാതന്ത്ര്യത്തിനു തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അപകടം ചെയ്യും. എന്നാല്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ തന്നെ അവരെ കൈകാര്യം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌”- അദ്ദേഹം പറഞ്ഞു (കലിമത്തുതൂനിസ്‌ 21.9.2012, www.kalima-tunisie). തുനീഷ്യന്‍ വിപ്ലവത്തിനെതിരെയുള്ള യഥാര്‍ഥ ഭീഷണിയാണ്‌ സലഫി തീവ്രവാദം എന്നാണ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ മുഹമ്മദ്‌ നൂര്‍ അഭിപ്രായപ്പെട്ടത്‌. “തുനീഷ്യക്കാര്‍ ആഗ്രഹിക്കുന്നതും വിപ്ലവം വഴി സംജാതമായതുമായ സ്വാതന്ത്ര്യത്തെയാണ്‌ സലഫികള്‍ നിരാകരിക്കുന്നത്‌. ബിന്‍ അലിയുടെ കാലത്ത്‌ നിശ്ശബ്‌ദരായിരുന്നവര്‍, ഇപ്പോള്‍ വിപ്ലവത്തിന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ രംഗത്തുവരുന്നതിന്റെ പൊരുള്‍ എന്താണ്‌? അദ്ദേഹം ചോദിക്കുന്നു. ബിന്‍ അലിയുടെ പഴയ സ്വേഛാധിപത്യത്തിന്‌ പകരം മതാതിഷ്‌ഠിത സ്വേഛാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ്‌ സലഫികള്‍ നടത്തുന്നതെന്ന്‌ ചില നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നു. അന്നഹ്‌ദയും ഇസ്‌ലാമിസ്റ്റുകളും സലഫികളോട്‌ മൃദുസമീപനമാണ്‌ പുലര്‍ത്തുന്നതെന്ന്‌ സെക്യുലരിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത്‌. അതേസമയം, ഇസ്‌ലാമിസ്റ്റുകള്‍ മതേതരത്വത്തോട്‌ കൂറ്‌ കാണിക്കുകയാണെന്നും ഇസ്‌ലാമിക ശരീഅത്ത്‌ നടപ്പിലാക്കാന്‍ വിമുഖത കാണിക്കുകയാണെന്നും സലഫികള്‍ ആരോപിക്കുന്നു. അന്നഹ്‌ദയുടെ പ്രമുഖ നേതാവ്‌ ഇതിനോട്‌ പ്രതികരിച്ചതിങ്ങനെ: “സലഫികളും സെക്യുലരിസ്റ്റുകളും അന്നഹ്‌ദയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. അന്നഹ്‌ദ മറുപക്ഷത്തോട്‌ മൃദുസമീപനം പുലര്‍ത്തുന്നുവെന്നാണ്‌ ഇരു വിഭാഗവും ആരോപിക്കുന്നത്‌. യഥാര്‍ഥത്തില്‍, രാജ്യത്തെ വിരുദ്ധ ആത്യന്തികതകളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന രണ്ടു വിഭാഗങ്ങള്‍ക്കിടയിലാണ്‌ അന്നഹ്‌ദയുള്ളത്‌. അടിസ്ഥാനപമരായ രാഷ്‌ട്രീയ അജണ്ടകളിലല്ല ഇരു വിഭാഗങ്ങളും ശ്രദ്ധിക്കുന്നത്‌. അന്നഹ്‌ദ തങ്ങളോടൊപ്പം നില്‍ക്കണം എന്നാണ്‌ ഒരേസമയം സലഫികളുടെയും സെക്യുലരിസ്റ്റുകളുടെയും ആഗ്രഹം. ഈ വിഷയത്തില്‍ അന്നഹ്‌ദയുടെ സമീപനം റാശിദുല്‍ ഗനൂശി വിശദീകരിച്ചത്‌ ഇങ്ങനെ: ബിന്‍ അലിയുടെ ഭരണകാലത്ത്‌ ജയിലിലടക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്‌തിട്ടുണ്ട്‌ സലഫികള്‍. അവരില്‍ സഹകരണ മനസ്സുള്ളവരും തീവ്ര നിലപാടുകാരും ഉണ്ട്‌. നാം എല്ലാവരുമായും സംഭാഷണം നടത്തുന്നു, നന്മകളില്‍ സഹകരിക്കുന്നു. എന്നാല്‍, അതിരുവിട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈകാര്യം ചെയ്യാന്‍ ഇവിടെ നിയമമുണ്ട്‌. അതനുസരിച്ച്‌ അവര്‍ക്കെതിരെ നടപടിയെടുക്കും. ശരീഅത്തിനെ ഭയപ്പെടുന്നവരും അസ്വസ്ഥരുമായ ഒരു വിഭാഗം ജനങ്ങള്‍ തുനീഷ്യയിലുണ്ട്‌. സെക്യുലരിസ്റ്റുകളുടെയും മറ്റും ഇടയില്‍ ഇതു സംബന്ധിച്ച്‌ ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ട്‌ ധൃതി പിടിച്ച്‌ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ അന്നഹ്‌ദ തുനിയുന്നില്ല. ഇപ്പോള്‍ ലഭ്യമായ സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സലഫി യുവാക്കള്‍ സന്നദ്ധരാകണം. പള്ളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി ഫലപ്രദമായി പ്രവര്‍ത്തിക്കണം. ഭരണകൂടം യുവാക്കളോടും സലഫി യുവാക്കള്‍ ഭരണകൂടത്തോടും ഏറ്റുമുട്ടിയിരുന്ന പഴയ നിലാപാടിന്‌ മാറ്റം വരുത്തണം. ബിന്‍ അലിയുടെ കാലത്തെപ്പോലെ ഏറ്റുമുട്ടലുകളും അറസ്റ്റും തുടരുന്നത്‌ ശരിയല്ല. സലഫി യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, അതിനായി പരിശീലനം നേടുന്നു, സോമാലിയയിലെയും അഫ്‌ഗാനിലെയും ജിഹാദ്‌ അവസാനിപ്പിച്ച്‌ ചിലര്‍ തിരിച്ചുവന്നിരിക്കുന്നു. സലഫികളോട്‌ ഏറ്റുമുട്ടി അവരെ അറസ്റ്റ്‌ ചെയ്യാന്‍ അന്നഹ്‌ദയെ നിര്‍ബന്ധിക്കുകയാണവരുടെ ലക്ഷ്യം. അന്നഹ്‌ദക്കാരെന്ന്‌ ധരിച്ച്‌ ബിന്‍ അലി ജനങ്ങളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച പോലെ ഇപ്പോള്‍ അന്നഹ്‌ദ സലഫികളോടും പെരുമാറും എന്നാണവര്‍ പ്രതീക്ഷിക്കുന്നത്‌. ഈ നയം അന്നഹ്‌ദ നിരാകരിക്കുന്നു” (അശ്ശര്‍ഖ്‌, 13.10.2012, www.al-sharq.com).

ADD COMMENT

Previous Next
Close
Test Caption
Test Description goes like this