Latest News


Single

STUDIES

താരതമ്യ കര്‍മശാസ്ത്രം തുറന്നിടുന്ന വാതിലുകള്‍

November 28, 2018 | by admin_profile


വിജ്ഞാനവും വിദ്യാര്‍ഥികളും, അറിവും അധ്യാപകരും, പാഠ്യപദ്ധതികളും ഗ്രന്ഥാലയങ്ങളും, പണ്ഡിതരും പ്രഭാഷകരും, സംഘടനകളും സ്ഥാപനങ്ങളും വെള്ളം കടക്കാത്ത അറകളായി സൃഷ്ടിച്ച് സംരക്ഷിക്കുന്നത് ഇസ്‌ലാമിനെ സംബന്ധിച്ച് വലിയൊരു സാമൂഹിക ദുരന്തമാണ്. അവനവന്റെ ഇടുങ്ങിയ ലോകത്ത് മാത്രമായി വളര്‍ത്തപ്പെടുന്നവരും വാഴ്ത്തപ്പെടുന്നവരും സങ്കുചിതത്വത്തിന്റെ പ്രണേതാക്കളും വിഭാഗീയതയുടെ പ്രചാരകരുമായിത്തീരുക സ്വാഭാവികം. മുസ്ലിം സമൂഹ ഗാത്രത്തിലെ അഭിശപ്തമായ ചേരിതിരിവുകളുടെ വേരുകള്‍ തിരയേണ്ടത് ഈ മൂലകങ്ങളിലാണ്. ആശയ ഭിന്നതയുള്ളവരെ കാണരുത്, മിണ്ടരുത്, കേള്‍ക്കരുത്, വായിക്കരുത് തുടങ്ങിയ വിലക്കുകള്‍ കൊണ്ട്  അനുയായികളെ തടങ്കലിലിട്ടാണ് മദ്ഹബു പക്ഷപാതികളും സംഘടനാ വാദികളും സ്വന്തം തട്ടകങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയത്. ‘പുത്തന്‍ വാദികളോട് സലാം പറയരുതെന്ന’ വിലക്കിനു പിന്നിലെ യഥാര്‍ഥ കാരണം വിഭാഗീയതയുടെ ഇരുമ്പു മറകള്‍ പൊളിയാന്‍ അതൊരു തുടക്കമാകും എന്ന ഭയമായിരുന്നു. സലാം പറയുകയും മടക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ, സംസാരിക്കും, ചര്‍ച്ചകള്‍ നടത്തും, ആശയ വിനിമയം നടക്കും…. അത് കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പിന് കാരണമാകുമെന്ന് മനസ്സിലാക്കപ്പെട്ടു. അതുകൊണ്ട് അതിരുകള്‍ കെട്ടി സമുദായഗാത്രത്തെ വേര്‍തിരിക്കുകയാണുണ്ടായത്. ഇത്തരം വിഭാഗീയതയുടെ മറകളും മതിലുകളും ക്രമേണയെങ്കിലും നീക്കം ചെയ്യപ്പെടുമ്പോഴാണ്, മുസ്‌ലിം ഉമ്മത്തിനകത്ത് വിശാല ഇടങ്ങള്‍ രൂപപ്പെടുക.

 

പ്രതിവിധികളുടെ സാധ്യത

മുഖ്യമായും മൂന്ന് കാരണങ്ങളാലാണ് സമുദായഗാത്രത്തില്‍ ഭിന്നതകള്‍ വളര്‍ച്ച പ്രാപിക്കുന്നത്. ഒന്ന്, ആശയ വൈജാത്യങ്ങള്‍. രണ്ട്, തെറ്റിദ്ധാരണകള്‍. മൂന്ന്, ഭൗതിക താല്‍പര്യങ്ങള്‍. വ്യക്തി, കുടുംബം, സംഘടന, കുലം, വംശം, രാഷ്ട്രം, രാഷ്ട്രീയം തുടങ്ങി തികച്ചും ഭൗതികമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഭിന്നതകള്‍ സൃഷ്ടിക്കുകയോ, ഉള്ളവ നിലനിര്‍ത്തുകയോ വളര്‍ത്തുകയോ ചെയ്യുന്ന ദുഃസ്ഥിതിയിലേക്ക് സമുദായാംഗങ്ങള്‍ താഴ്ന്നു പോകുന്നു. വിശ്വാസം (ഈമാന്‍), ആത്മാര്‍ഥത (ഇഖ്‌ലാസ്വ്), സൂക്ഷ്മതാ ബോധം (തഖ്‌വ), പരലോക ചിന്ത തുടങ്ങിയ ഇസ്‌ലാമിക ഗുണങ്ങള്‍ ദുര്‍ബലപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വ്യക്തിയുടെ ശാശ്വത പരലോക വിജയത്തിന് ആധാരമായ ഈ അടിസ്ഥാന ദീനീ മൂല്യങ്ങള്‍ വീണ്ടെടുത്ത് വളര്‍ത്താനും ആത്മീയ ഔന്നത്യം നേടാനും നാനാ തലങ്ങളില്‍ കഠിനാധ്വാനം ചെയ്യുകയാണ് പരിഹാരം. മദ്ഹബ് – സംഘടനാ പക്ഷപാതിത്വത്തോടെയുള്ള ഇടപെടലുകളില്‍ പരലോക ബോധത്തിന്റെ കുറവ് നിഴലിച്ചു കാണാറുണ്ട്. ഉദ്ദേശ്യശുദ്ധിയില്‍ (നിയ്യത്ത്) ആരംഭിക്കുന്ന സംസ്‌കരണമാണ് ഈ രംഗത്ത് നടക്കേണ്ടത്.

മനുഷ്യപ്രകൃതിയുടെ അനിവാര്യ തേട്ടവും ചരിത്രപരമായ യാഥാര്‍ഥ്യവുമാണ് ഇസ്‌ലാമിക സമൂഹത്തിലെ അഭിപ്രായ ഭിന്നതകളെന്ന് നേരത്തേ ചില ലേഖനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അവ ഇല്ലാതാക്കുക അസാധ്യമാണ്. വീക്ഷണ വൈജാത്യങ്ങളെ, കടുത്ത ആശയ വൈരുധ്യങ്ങളായി വളര്‍ത്തുകയും ശത്രുതാപരമായ നിലപാടുകള്‍ക്ക് അവയെ അടിസ്ഥാനമാക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ പ്രശ്‌നം. ഇസ്‌ലാമിക പ്രമാണങ്ങളുടെ, വൈവിധ്യതക്ക് സാധ്യതയുള്ള സ്വഭാവവും ചരിത്രാനുഭവങ്ങളും യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിയുകയും മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കുകയുമാണ് ഇതിനുള്ള ഒരു പരിഹാരം. വര്‍ത്തമാനത്തില്‍ കാണപ്പെടുന്ന അഭിപ്രായ ഭിന്നതകള്‍, ഇന്നലെ തുടങ്ങിയതും ഇന്ന് സംവാദങ്ങള്‍ നടത്തി നാളെ അവസാനിപ്പിക്കാവുന്നതുമല്ലെന്നും പതിനാല് നൂറ്റാണ്ടിന്റെ മുസ്‌ലിം ചരിത്രത്തില്‍ ഇതുണ്ടെന്നും ആര്‍ക്കും ആരെയും തോല്‍പ്പിക്കാനോ, ജയിക്കാനോ സാധ്യമല്ലെന്നുമൊക്കെയുള്ള തിരിച്ചറിവ് ലഭിച്ചാല്‍ വാശിയും വൈരാഗ്യവും കുടിയിറങ്ങിത്തുടങ്ങും. ‘താന്‍മാത്രം ശരി’ എന്ന വൈകാരിക വാശിക്ക് പ്രമാണ വായനയിലോ ചരിത്രാനുഭവങ്ങളിലോ യുക്തി ന്യായങ്ങളിലോ ഇടമൊന്നുമില്ലെന്നാണ്  നമുക്കുണ്ടാകേണ്ട യാഥാര്‍ഥ്യബോധം. പക്ഷേ, വിവേകത്തിന്റെ പശിമയുള്ള മണ്ണില്‍ മാത്രമേ യാഥാര്‍ഥ്യബോധത്തിന്റെ വിത്ത് മുളച്ച് വളരൂ.

പരസ്പരം അറിയാനുള്ള വാതിലുകള്‍ തുറക്കുക, പൊതു ഇടങ്ങള്‍ പങ്കുവെക്കുക,  അഭിപ്രായ ഭിന്നതകളുടെ രൂക്ഷത കുറക്കുക തുടങ്ങിയവ ഇസ്‌ലാമിക സമൂഹത്തിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള പ്രധാന പ്രായോഗിക വഴികളാണ്. ഭിന്ന വീക്ഷണമുള്ളവരെ അറിയാനുള്ള അവസരങ്ങള്‍ ധാരാളമായി ഒരുക്കപ്പെടുമ്പോള്‍ വിഭാഗീയതയുടെ ഇരുട്ട് നീങ്ങി, സഹകരണത്തിന്റെ വെളിച്ചം പ്രസരിച്ചു തുടങ്ങും.

എല്ലാ വിഭാഗം എഴുത്തുകാരുടെയും നല്ല ഗ്രന്ഥങ്ങള്‍ പുറത്തിറക്കുന്ന പൊതു പ്രസാധനാലയങ്ങള്‍, ഭിന്ന വീക്ഷണക്കാരായ പണ്ഡിതരെയും പ്രഭാഷകരെയും പങ്കെടുപ്പിക്കുന്ന സംഘടനാതീതമായ പൊതുപരിപാടികള്‍, സംഘടനാ പ്രസിദ്ധീകരണങ്ങളില്‍ വ്യത്യസ്ത എഴുത്തുകാരുടെയും നേതാക്കളുടെയും പങ്കുവെപ്പ് തുടങ്ങിയവ തൊട്ടുകൂടായ്മകള്‍ ലഘൂകരിക്കുകയും  ഇഴയടുപ്പം കൂട്ടുകയും ചെയ്യുമെന്നത് അനുഭവ സത്യമാണ്. ഇസ്‌ലാമിക വിജ്ഞാന- വിശ്വാസ- കര്‍മശാസ്ത്ര ധാരകളുടെ വൈവിധ്യതകള്‍ സമന്വയിപ്പിച്ച പാഠ്യപദ്ധതികളോടുകൂടിയ കാമ്പസുകളും നല്ല പരിഹാരമാര്‍ഗം തന്നെ. ലഖ്‌നോ നദ്‌വത്തുല്‍ ഉലമാ, ദാറുസ്സലാം ഉമറാബാദ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ ദൗത്യം കുറച്ചെങ്കിലും നിര്‍വഹിക്കുന്നുണ്ട്. കേരളത്തിനു പുറത്തെ ചില ഉന്നത ദീനീ കലാലയങ്ങളുടെ സിലബസും അന്തരീക്ഷവും സൃഷ്ടിക്കുന്ന വിശാല കാഴ്ചപ്പാടുകളെക്കുറിച്ച് അവിടങ്ങളില്‍ പഠിച്ചിറങ്ങിയ മലയാളി പണ്ഡിതന്മാര്‍ പങ്കുവെക്കുകയുണ്ടായിട്ടുണ്ട്. കാമ്പസ് ലൈബ്രറികള്‍ വ്യത്യസ്ത വീക്ഷണക്കാരുടെ ഗ്രന്ഥങ്ങളാല്‍ സമ്പന്നമാക്കാനായാല്‍ ഗുണഫലം ഏറെയായിരിക്കും. താരതമ്യ പഠനത്തിന് അവസരമുണ്ടായാല്‍ ചിന്താമണ്ഡലങ്ങളില്‍ വെളിച്ചം പ്രസരിക്കുകയും മനസ്സ് വിശാലമാവുകയും ചെയ്യും. സമകാലിക കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥി -യുവജന തലമുറയില്‍ ഒരു വശത്ത് ഇത് കണ്ടുതുടങ്ങിയത് പ്രതീക്ഷാജനകമാണ്. ഇടുങ്ങിയ സംഘടനാ പ്രതലങ്ങളില്‍ നിന്ന് പുറത്തേക്ക് കുതറാനുള്ള വെമ്പല്‍ കുറേ പേരെങ്കിലും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വൈജ്ഞാനിക- കലാ- സാഹിത്യ മത്സരങ്ങളിലൂടെയും അക്കാദമിക് സെമിനാറുകളിലുടെയും ഒന്നിച്ചിരിക്കാവുന്ന ഇടങ്ങള്‍ കുറച്ചൊക്കെ രൂപപ്പെട്ടു വരുന്നത്, സമീപ ഭാവിയില്‍ വലിയ തുറവി സാധ്യമാക്കുക തന്നെ ചെയ്യും.

 

താരതമ്യ കര്‍മശാസ്ത്രം

വിജ്ഞാന ചക്രവാളങ്ങള്‍ക്ക് വേലി കെട്ടാത്ത വിശാല മനസ്‌കരും മറു വീക്ഷണങ്ങള്‍ കൂടി മനസ്സിലാക്കി സാധ്യമാകുന്നത്ര സമന്വയത്തിന്റെ വഴിതേടാന്‍ ആഗ്രഹിക്കുന്നവരുമായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ രൂപപ്പെടുത്തിയ വിജ്ഞാന ശാഖയാണ് ഫിഖ്ഹുല്‍ മുഖാരിന്‍; താരതമ്യ കര്‍മശാസ്ത്രം. ‘ഫിഖ്ഹുല്‍ ഖിലാഫ് – അഭിപ്രായാന്തരങ്ങളുടെ കര്‍മശാസ്ത്രം’ എന്ന പേരിലാണ് ആദ്യം ഇത് അറിയപ്പെട്ടിരുന്നത്. തുലന കര്‍മശാസ്ത്രം (അല്‍ ഫിഖ്ഹുല്‍ ഖിയാസി), പ്രായോഗിക കര്‍മശാസ്ത്രം (അല്‍ ഫിഖ്ഹുത്തത്വ്ബീഖി), അഭിപ്രായാന്തരങ്ങളുടെ ശാസ്ത്രം (ഇല്‍മുല്‍ ഖിലാഫ്), വീക്ഷണ വൈജാത്യങ്ങള്‍ (അല്‍ ഖിലാഫിയ്യാത്ത്) തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെട്ടു. പരിഗണനീയമായ നിരവധി രചനകളും ഇടപെടലുകളും ‘താരതമ്യ കര്‍മശാസ്ത്ര’ത്തില്‍ ഉണ്ടായെങ്കിലും, ഇസ്‌ലാമിക സമൂഹത്തിനകത്തെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുതകുന്ന ഈ വിജ്ഞാന ശാഖക്ക് ആവശ്യമായ പ്രചാരം ലഭിക്കുകയുണ്ടായില്ല. പാഠ്യപദ്ധതികളിലുള്‍പ്പെടെ, ഇസ്‌ലാമിക അക്കാദമിക മേഖലകളില്‍ ഇതൊരു പ്രധാന വിഷയമായി ഇടം നേടിയതുമില്ല.

യഥാര്‍ഥത്തില്‍, ‘താരതമ്യ പഠനഗവേഷണം’ Comparative Research) ലോകതലത്തില്‍ പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുന്ന വിജ്ഞാനശാഖയാണ്; വിശേഷിച്ചും വര്‍ത്തമാനകാലത്ത്. വിഭിന്ന സംസ്‌കാരങ്ങളെയും ജനതകളെയും പരസ്പരം തുലനം ചെയ്ത് വിശകലന വിധേയമാക്കുന്ന സാമൂഹിക ശാസ്ത്രമാണ് താരതമ്യ പഠനം (Comparative study). ഭാഷ, സാഹിത്യം, മതം, സംസ്‌കാരം, ചരിത്രം തുടങ്ങിയ മണ്ഡലങ്ങളെയെല്ലാം ഉള്‍ക്കാള്ളുന്ന അക്കാദമിക- ഇതര തലങ്ങളില്‍ ശ്രദ്ധേയമായ പഠനശാഖയായി അത് വികസിച്ചിട്ടുണ്ട്. ക്രി. ആറാം നൂറ്റാണ്ടില്‍ ഗ്രീസിലാണ് ഈ ജ്ഞാനശാഖയുടെ ഉത്ഭവമെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വൈജ്ഞാനിക താല്‍പര്യമാണ്, ഭൗതിക ലക്ഷ്യങ്ങളായിരുന്നില്ല ഇതിന്റെ  പ്രേരക ഘടകം. ജ്ഞാന സിദ്ധാന്തങ്ങളുടെയും (epistemology), തത്ത്വചിന്തയുടെയും വളര്‍ച്ചയാണ് താരതമ്യ പഠനത്തിന്റെ വികാസത്തിന് വഴി തുറന്നത്. ദൈവശാസ്ത്ര ഗവേഷണത്തിലെ സത്യാന്വേഷണത്വരയാണ് മറ്റൊരു പ്രചോദക ഘടകം. ബൗദ്ധിക സജീവത, ഇതര സംസ്‌കാരങ്ങളെ കുറിച്ച് അറിയാനുള്ള അഭിവാഞ്ഛ വളര്‍ത്തിയതും  താരതമ്യപഠനത്തിന് ചടുലത നല്‍കി. (Moutsios, S. (2014) ‘On comparative inquiry: the Ancient Greek origins’. Research paper presented at the conference of the Comparative Education Society in Europe (CESE), Freiburg, Germany, 11/06/14 – 14/06/14). പിന്നീട് ഗ്രീസിന്റെ സാമൂഹിക-രാഷ്ട്രീയ അവസ്ഥാന്തരങ്ങളും ജനാധിപത്യത്തിന്റെ വികാസവും സാമൂഹിക ശാസ്ത്രജ്ഞരുടെ ചിന്താ വളര്‍ച്ചയുമെല്ലാം ഈ വിജ്ഞാന ശാഖയെ വളര്‍ത്തി; ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതികൂലമായും ബാധിച്ചിട്ടുണ്ടാകാം. 1800-കളോടെ താരതമ്യ പഠന രംഗത്ത് പല കൃതികളും പ്രസിദ്ധികരിക്കപ്പെടുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തിന് ശേഷം താരതമ്യ പഠനം വര്‍ധിച്ച ജനകീയത നേടാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ പല കാരണങ്ങളാല്‍ ഈ വിജ്ഞാനശാഖ സാമൂഹിക ശാസ്ത്രജ്ഞരുടെ വലിയ അംഗീകാരം നേടി. ഇതര സംസ്‌കാരങ്ങളെ അറിയാനും പഠിക്കാനുമുള്ള ബൗദ്ധിക ജിജ്ഞാസയും, വിദ്യാഭ്യാസപരമായ ആദാനപ്രദാനങ്ങള്‍ക്കുള്ള (educational exchange) ആഗ്രഹവും അവസരവും വര്‍ധിക്കുന്നതിന് ആഗോളവല്‍ക്കണം പിന്നീട് പ്രധാന കാരണമായി വര്‍ത്തിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം, താരതമ്യ പഠനത്തിനുള്ള വിവരങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ ലഭ്യമാക്കിയതും അന്തര്‍ദേശിയ സ്വഭാവത്തില്‍ ആശയ വിനിമയം എളുപ്പമാക്കിയതും ഈ വിജ്ഞാന ശാഖക്ക് അക്കാദമിക- അക്കാദമികേതര മേഖലകളില്‍ വൈപുല്യം നേടിക്കൊടുത്തു. ലോകോത്തര സര്‍വകലാശാലകളിലുള്‍പ്പെടെ താരതമ്യപഠനം നേടിയ വളര്‍ച്ചയുടെയും സ്വീകാര്യതയുടെയും വര്‍ത്തമാനം ഇതിന്റെ തെളിവാണ്. ഇന്ന് ലോകത്ത് വര്‍ധിച്ചു വരുന്ന മത-രാഷ്ട്രീയ – വംശീയ സംഘര്‍ഷങ്ങളുടെ ലഘൂകരണം ലക്ഷ്യമിട്ട് താരതമ്യ പഠനം വലിയ അളവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.

എന്നാല്‍, ലോകത്ത് താരതമ്യ പഠനത്തിന് ലഭിച്ച പൊതുവായ ഈ സ്വീകാര്യത, ‘ഫിഖ്ഹുല്‍ മുഖാരിന്ന്’ മുസ്‌ലിം ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. അറിവിന്റെ പരിമിതീകരണത്തെ കുറച്ചെങ്കിലും അതിജയിക്കുകയും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നവ മുസ്‌ലിം തലമുറയില്‍ ഒരു വശത്ത്, താരതമ്യ പഠനത്തിന് അനൗപചാരിക സ്വീകാര്യത കൂടിയിട്ടുണ്ടെങ്കിലും, മുസ്‌ലിം മുഖ്യധാരയില്‍ ഫിഖ്ഹുല്‍ മുഖാരിന്ന് ഔപചാരിക സ്വീകാര്യത വര്‍ധിച്ചതായി അനുഭവപ്പെടുന്നില്ല. താരതമ്യ കര്‍മശാസ്ത്രത്തിന് കുറേക്കൂടി പരിഗണനയും പ്രചാരവും നല്‍കാന്‍ സാധിച്ചാല്‍ മുസ്‌ലിംകള്‍ക്കിടയിലെ മദ്ഹബിയായ സംഘര്‍ഷങ്ങള്‍ക്ക് വലിയ അയവ്  വരും. കാരണം, വിമര്‍ശിക്കാന്‍ വേണ്ടി തെളിവുകള്‍ തിരയുന്നതിനു പകരം, മനസ്സിലാക്കാന്‍ വേണ്ടി വിശകലനം ചെയ്തു പഠിക്കുന്ന രീതിയാണ് താരതമ്യ പഠനത്തിന്റേത്. സ്വന്തം ധാരയുടെ കൃതികളും പണ്ഡിതരുടെ വീക്ഷണങ്ങളും ഊന്നിപ്പഠിച്ചാലും, മറു വീക്ഷണങ്ങളും പണ്ഡിതരും ഗ്രന്ഥങ്ങളുമെല്ലാം, വെറും വിമര്‍ശനത്തിനല്ലാത്ത  വായനാ പഠനത്തിന് വിധേയമാക്കപ്പെടുന്നതോടെ മനസ്സിലെ മറകള്‍ നീങ്ങിത്തുടങ്ങും. വിമര്‍ശനത്തില്‍ നിന്ന് വിശകലനത്തിലേക്കുള്ള വഴിദൂരം താണ്ടിക്കടക്കാനായാല്‍ സംഘര്‍ഷത്തില്‍ നിന്ന് സമവായത്തിലേക്ക് ചെന്നെത്താനുള്ള സാധ്യതകള്‍ കൂടും. ഇതാണ് ഫിഖ്ഹുല്‍ മുഖാരിന്റെ പ്രസക്തി.

 

ചരിത്രവും വികാസവും

ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ (അല്‍ഫിഖ്ഹുല്‍ ഇസ്‌ലാമി) സുപ്രധാന ശാഖയാണ് താരതമ്യ കര്‍മശാസ്ത്രം; അല്‍ ഫിഖ്ഹുല്‍ മുഖാരിന്‍. വീക്ഷണ കോണുകളിലും വിധി വിലക്കുകളിലും പണ്ഡിതന്മാര്‍ക്കും ആശയധാരകള്‍ക്കുമിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിശോധിക്കുക, അവയുടെ വിഷയങ്ങളും മേഖലകളും നിര്‍ണയിക്കുക, തെളിവുകളും ന്യായാന്യായതകളും മനസ്സിലാക്കുക, അവയുടെ സ്വീകാര്യതക്ക് മദ്ഹബീ പക്ഷപാതിത്വങ്ങളില്ലാതെ മുന്‍ഗണന നിശ്ചയിക്കാന്‍ ശ്രമിക്കുക, ആക്ഷേപത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും രീതിക്ക് പകരം വ്യക്തിപരമായ ആദരവിന്റെയും അംഗീകാരത്തിന്റെയും സമീപനം സ്വീകരിക്കുക തുടങ്ങിയവയാണ് താരതമ്യ ഫിഖ്ഹിന്റെ മുഖ്യ വശങ്ങള്‍. ഇസ്‌ലാമിക കര്‍മശാസ്ത്ര ചര്‍ച്ചകളുടെയും മദ്ഹബുകളുടെയും വളര്‍ച്ചയോടൊപ്പം തന്നെ താരതമ്യ ഫിഖ്ഹും രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇസലാമിക കര്‍മശാസ്ത്ര സരണികളുടെയും താരതമ്യ ഫിഖ്ഹിന്റെയും ചരിത്രം അതുകൊണ്ടുതന്നെ, പല ചരിത്ര ഘട്ടങ്ങളിലും കൂടിക്കലര്‍ന്നാണിരിക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ വിവിധ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങളാണ്, ഈ വിജ്ഞാന ശാഖയുടെ ഉത്ഭവത്തിനും അതിന്റെ നിയമങ്ങള്‍ (ഖവാഇദ്) രൂപവല്‍ക്കരിക്കുന്നതിനും പ്രധാന പശ്ചാത്തലമായി വര്‍ത്തിച്ചത്. ആദ്യഘട്ടത്തില്‍ ഇതൊരു ഫിഖ്ഹീ സരണിയായാണ് ഗണിക്കപ്പെട്ടതെങ്കിലും പിന്നീടിതൊരു സ്വതന്ത്ര വിജ്ഞാനശാഖയായി മാറി. പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന്നും മറ്റുമുള്ള ചിന്താപരമായ വികാസത്തിന് പിന്നീട് ഫിഖ്ഹുല്‍ മുഖാരിന്‍ വഴി തുറക്കുകയുണ്ടായി; വിശേഷിച്ചും ആഗോളവല്‍ക്കരണ – അനന്തരകാലത്ത്. ഇസ്‌ലാമിക നിയമ ശാസ്ത്രത്തിലെ വിഭിന്ന വീക്ഷണങ്ങള്‍ വിശകലനം ചെയ്ത് പരിശോധിച്ചും സമന്വയിപ്പിച്ചും പുതിയകാല പ്രശ്‌നങ്ങളെ സമീപിക്കാന്‍ ഫിഖ്ഹുല്‍ മുഖാരിന്‍ മുതല്‍ക്കൂട്ടാണ്. അതുകൊണ്ട്, ഈ വിജ്ഞാന ശാഖ സഗൗരവം പരിഗണിക്കുകയും പഠിക്കുകയും ഗവേഷണ വിധേയമാക്കുകയും ചെയ്യേണ്ടത് മുസ്‌ലിം ലോകത്തിന്റ അടിയന്തര ബാധ്യതകളിലൊന്നാണ്.

താരതമ്യം ചെയ്തു, സംയോജിപ്പിച്ചു എന്നൊക്കെ അര്‍ഥമുള്ള ഖരിന എന്ന അറബി പദത്തില്‍ നിന്നാണ് മുഖാരിന്‍ നിഷ്പന്നമായിട്ടുള്ളത്. തുലനം ചെയ്യുക (Comparison) എന്നാണ് മുഖാരിനയുടെ ഭാഷാര്‍ഥം. ‘നിര്‍ണിത വിഷയത്തിലെ തര്‍ക്കമണ്ഡലം ക്ലിപ്തപ്പെടുത്തിയ ശേഷം, അതു സംബന്ധിച്ച കര്‍മശാസത്ര വീക്ഷണങ്ങള്‍ ശര്‍ഈ തെളിവുകളും അവലംബങ്ങളും സഹിതം ഉദ്ധരിക്കുക, അവ തമ്മില്‍ തുലനം ചെയ്ത് പരിശോധിച്ച് സമന്വയിപ്പിക്കാനോ, പ്രബലമായതിന് മുന്‍ഗണ നല്‍കാനോ ആവശ്യമായ ബോധ്യങ്ങളിലേക്ക് എത്തിച്ചേരുക’ എന്നതാണ് സാങ്കേതികമായി ഫിഖ്ഹുല്‍ മുഖാരിന്‍. എന്നാല്‍, ‘താരതമ്യ പഠനം നടത്തുന്ന ഗവേഷകന്റ വീക്ഷണങ്ങള്‍ക്കനുസരിച്ചായിരിക്കും അദ്ദേഹം മദ്ഹബീവീക്ഷണങ്ങളിലൊന്നിന് മുന്‍ഗണന നല്‍കുകയെന്നതിനാല്‍, ഇത് പക്ഷപാതമുക്തമാകണമെന്നില്ല’ എന്നൊരു വിമര്‍ശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബി(സ)യുടെ കാലത്ത് ഇസ്‌ലാമിക കര്‍മശാസ്ത്രം സ്വഹാബിമാര്‍ക്കിടയില്‍ ഗവേഷണത്തിന്റെയോ, സംവാദത്തിന്റെയോ വിഷയമായിരുന്നില്ല. കാരണം അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനം (വഹ്‌യ്) ആയിരുന്നു അപ്പോള്‍ നിയമനിര്‍മാണത്തിന്റെ സ്രോതസ്സ്. ആരാധന അനുഷ്ഠാന വ്യവഹാര നിയമങ്ങളെല്ലാം നബിയില്‍ നിന്ന് ലഭിച്ച അതേ പ്രകാരം അനുചരന്മാര്‍ പ്രയോഗവല്‍ക്കരിച്ചു, അവയിലെ മൗലിക ഘടകങ്ങള്‍ (അര്‍കാന്‍), നിര്‍ബന്ധനിബന്ധനകള്‍ (ശ്വറുത്വ), മര്യാദകള്‍ (ആദാബ്) തുടങ്ങിയവ വേര്‍തിരിച്ച് വിശദീകരിക്കാനോ, മറ്റേതെങ്കിലും വിധത്തില്‍ സ്വന്തമായി  വ്യാഖ്യാനിക്കാനോ അവര്‍ തുനിഞ്ഞില്ല. നബിയുടെ ഭൗതിക സാന്നിധ്യമുണ്ടായിരുന്നതിനാല്‍ സംശയ നിവൃത്തിയും വിശദീകരണവുമെല്ലാം അദ്ദേഹത്തിന്റേതു തന്നെയായിരുന്നു. എന്നാല്‍, നബിയുടെ വിയോഗശേഷം, സ്വഹാബികളുടെയും താബിഉകളുടെയും കാലത്തോടെ, പാണ്ഡിത്യവും നേതൃത്വവുമുള്ളവര്‍ക്ക് ദീനീ വിഷയങ്ങള്‍ വിശദീകരിക്കുകയും സംശയനിവൃത്തി വരുത്തുകയും ചെയ്യേണ്ടി വന്നു. ഇസ്‌ലാമിന്റെ സാമൂഹികവും  രാഷ്ട്രീയവുമായ വളര്‍ച്ചയും പുതിയ പ്രശ്‌നങ്ങളുടെ ഉത്ഭവവും മറ്റും ഇത് അനിവാര്യമാക്കുകയായിരുന്നു. ഇമാമുമാരുടെയും മദ്ഹബുകളുടെയും ഘട്ടം ഈ പ്രക്രിയ കൂടുതല്‍ വിപുലവും സജീവവുമാക്കുകയും ചെയ്തു. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക; ‘നബിയുടെ കാലത്ത് ഫിഖ്ഹ് ക്രോഡീകൃതമായിരുന്നില്ല. ഫുഖഹാക്കളുടെ കാലത്തേതുപോലുള്ള ചര്‍ച്ചകള്‍ നിയമ വിധികളെ കുറിച്ച് നബിയുടെ കാലത്ത് നടന്നിരുന്നുമില്ല. മൗലിക ഘടകങ്ങള്‍ (അര്‍കാന്‍), നിര്‍ബന്ധ നിബന്ധനകള്‍ (ശ്വറുത്വ്), മര്യാദകള്‍ (ആദാബ്) തുടങ്ങിയവ ഇനംതിരിച്ച്, തെളിവുകള്‍ നിരത്തി  പ്രത്യേകം പ്രത്യേകം വിശദീകരിക്കാന്‍ വലിയ ത്യാഗപരിശ്രമങ്ങളാണ് ആ പണ്ഡിതന്മാര്‍ നടത്തിയത്’ (ഹുജജത്തുല്ലാഹില്‍ ബാലിഗ).

സ്വഹാബികളുടെ കാലത്തു തന്നെ കര്‍മശാസ്ത്ര ഭിന്നതകള്‍ രൂപപ്പെട്ടിരുന്നുവെങ്കിലും  നിയമരൂപീകരണ ഗവേഷണം (ഇജ്തിഹാദ്) അനുവദിക്കപ്പെട്ട മേഖലകളില്‍ പരിമിതമായിരുന്നു ഇത്. ഭിന്നാഭിപ്രായമുള്ള പ്രശ്‌നങ്ങളില്‍ സ്വഹാബികള്‍ക്കിടയില്‍ ആശയ സംവാദങ്ങള്‍ നടക്കുകയും, ഓരോരുത്തരും തങ്ങള്‍ക്കു ലഭിച്ച പ്രമാണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ശര്‍ഈ പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും നബിചര്യയെ ഉള്‍ക്കൊള്ളുന്നതിലുമുള്ള വീക്ഷണ വ്യത്യാസങ്ങളാണ് ഈ ഭിന്നതക്ക് കാരണമായത്. ശാഹ് വലിയ്യുല്ല പറയുന്നു: ‘നബിയുടെ ആരാധനകളും നിയമവിധികളും ഫത്‌വകളും അല്ലാഹുവിന്റെ പ്രീതിയെ മുന്‍നിര്‍ത്തി പഠിക്കുകയും ചിന്തിക്കുകയും സ്വീകരിക്കുകയുമാണ് സ്വഹാബികള്‍ ചെയ്തത്. ഓരോന്നിനും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിലത് അനുവദനീയമായും ചിലത് ദുര്‍ബലപ്പെട്ടതായും അവര്‍ മനസ്സിലാക്കി’ (ഹുജത്തുല്ലാഹില്‍ ബാലിഗ). ഹസ്‌റത്ത് ആഇശക്കും ഇബ്‌നു ഉമറിനുമിടയില്‍ ഒരു വിഷയത്തിലുണ്ടായ ഭിന്ന നിലപാടുകള്‍ അഭിപ്രായ വ്യത്യാസങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ സഹായകമാണ്; ‘കുളിക്കുമ്പോള്‍ സ്ത്രീകള്‍ കെട്ടിവെച്ച തലമുടി അഴിച്ചിടുകയോ, മുടികളയുകയോ വേണമെന്ന് ഇബ്‌നു ഉമര്‍ കല്‍പിച്ചതായി ആഇശ (റ) അറിഞ്ഞു. അത് തിരുത്തിക്കൊണ്ട് നബി പത്‌നി പറഞ്ഞതിങ്ങനെ; ‘നബിയും ഞാനും ഒരു പാത്രത്തില്‍ നിന്ന് ഒന്നിച്ച് കുളിക്കാറുണ്ടായിരുന്നു, എന്റെ തലയില്‍ മൂന്ന് തവണ വെള്ളം കോരി ഒഴിക്കുന്നതിനപ്പുറം ഞാനൊന്നും ചെയ്യാറുണ്ടായിരുന്നില്ല.’

പ്രസ്താവ്യമായൊരു കാര്യം, ഹദീസിന്റേതും റഅ്‌യിന്റേതുമായ രണ്ട് ധാരകള്‍ (മദ്‌റസത്തുല്‍ ഹദീസി വര്‍റഅ്‌യ്) സ്വഹാബിമാരുടെ കാലഘട്ടത്തില്‍ തന്നെ രൂപപ്പെട്ടിരുന്നുവെന്നതാണ്. വര്‍ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ആശയസംവാദങ്ങള്‍ക്കും ഇത് വഴിവെച്ചു. സ്വാഭാവികമായും, ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ നിയമവിധികള്‍ മനസ്സിലാക്കിയെടുക്കുക മുസ്‌ലിം പൊതുജനങ്ങള്‍ക്ക് എളുപ്പമായിത്തീരുന്ന വിധത്തില്‍ ഈ ഘട്ടത്തില്‍ ഫിഖ്ഹുല്‍ ഖിലാഫ് വികസിക്കുകയും ചെയ്തു.

(തുടരും)

Tags:

ADD COMMENT

Previous Next
Close
Test Caption
Test Description goes like this