December 1, 2018 | by admin_profile
ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കാലം. പത്താം ക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ മാര്‍ക്കു വാങ്ങി വിജയിച്ച് പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍ അഡ്മിഷന്‍ ലഭിച്ച എന്റെ ഒരു വിദ്യാര്‍ഥിനി ഒരുനാള്‍ പഴയ അധ്യാപകരെ കാണാന്‍ വന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ അവള്‍ പറഞ്ഞു: ‘സര്‍, അടുത്ത മാസം 25-ാം തീയതി എന്റെ വിവാഹമാണ്. തീര്‍ച്ചയായും വരണം.’ ‘എന്തു പറ്റി, ഇത്ര പെട്ടെന്ന് വിവാഹം? പ്ലസ് വണ്‍ ക്ലാസ് തുടങ്ങിയിട്ട് ഏതാനും മാസങ്ങളല്ലേ ആയിട്ടുള്ളൂ?’ ഞാന്‍ ചോദിച്ചു. ‘എന്തു ചെയ്യാനാണ് സാര്‍, വല്യുപ്പാക്ക് നിര്‍ബന്ധം എത്രയും വേഗം കല്യാണം നടത്തണമെന്ന്. ഞങ്ങളുടെ കുടുംബത്തില്‍ ഏതാണ്ടെല്ലാ പെണ്‍കുട്ടികളുടെയും വിവാഹം ഇതുപോലെ തന്നെയാണ് നടന്നത്.’ അവളുടെ മുഖം മ്ലാനമായിരുന്നു. ‘എങ്കിലും നിനക്ക് പ്ലസ്ടു പൂര്‍ത്തിയാക്കിയിട്ട് മതിയായിരുന്നു’- എന്റെ വാക്കുകള്‍ യഥാര്‍ഥത്തില്‍ അവളുടെ മോഹമായിരുന്നു. ബുദ്ധിയും സമ്പത്തും സൗന്ദര്യവുമുള്ള ആ പെണ്‍കുട്ടി, പഠനമെന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന വേദനയോടെയാണ് അന്ന് പടിയിറങ്ങിപ്പോയത്. പിന്നീടവള്‍ തിരിച്ചുവന്നതായി ഓര്‍ക്കുന്നില്ല.
എന്നാല്‍, വിവാഹത്തിനു വേണ്ടി പഠനം മുടക്കിയ മറ്റൊരു പെണ്‍കുട്ടി നാലു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവന്ന അനുഭവം സഹപ്രവര്‍ത്തകന്‍ പങ്കുവെക്കുകയുണ്ടായി. മിടുക്കിയായ അവളുടെ വിവാഹം നടന്നത് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍. നാലു വര്‍ഷത്തിനു ശേഷം കുഞ്ഞിനെയുമെടുത്ത് അവള്‍ അതേ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പടികയറിവന്നു. പ്രിന്‍സിപ്പലിനു മുമ്പില്‍ അവള്‍ ഉന്നയിച്ച ആവശ്യം, അവിടെ പ്ലസ്ടുവിന് തുടര്‍ന്ന് പഠിക്കണം എന്നതായിരുന്നു. അത് സാധ്യമല്ലെന്ന് അദ്ദേഹം വിശദീകരിച്ചപ്പോള്‍ അവളുടെ മുഖം വിവര്‍ണമായി. തുടര്‍ന്ന് പഠിക്കാന്‍ കഴിയാത്തതിലുള്ള നിരാശയോടെയാണ് അവള്‍ തിരിച്ചുനടന്നത്.
വിവാഹത്തിനു വേണ്ടി മാത്രം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന മിടുക്കികളായ അനേകം മുസ്‌ലിം പെണ്‍കുട്ടികളുടെ രണ്ട് പ്രതിനിധികളാണ് ഇവര്‍. ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയുള്ള, പഠിച്ചുയര്‍ന്ന് കുടുംബത്തിനും മുസ്‌ലിം സമുദായത്തിനും രാഷ്ട്രത്തിനും ക്രിയാത്മകമായ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന ഒട്ടനവധി കഴിവുറ്റ പെണ്‍കുട്ടികളാണ് വിടരും മുമ്പെ കൊഴിഞ്ഞു വീഴാന്‍ വിധിക്കപ്പെടുന്നതെന്ന് ഇത്തരം അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പെ വിവാഹിതരായി പോകുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വളര്‍ച്ച മാത്രമല്ല നഷ്ടമായിത്തീരുന്നത്; ഇളം പ്രായത്തിലുള്ള വിവാഹവും പ്രസവവും മറ്റും സൃഷ്ടിക്കുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ട കുടുംബജീവിതം തന്നെയും പലര്‍ക്കും പ്രയാസകരമാക്കിത്തീര്‍ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാകും ഇത്തരമൊരു ദുരവസ്ഥക്ക് കാരണമാകുന്നതെങ്കിലും അത് സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തം നമ്മെ ആശങ്കപ്പെടുത്തുന്നു.
മുസ്‌ലിം സ്ത്രീയുടെ അഭൂതപൂര്‍വമായ വിദ്യാഭ്യാസ മുന്നേറ്റമാണ് കഴിഞ്ഞ പതിറ്റാണ്ടിന്റെ സവിശേഷതകളിലൊന്ന്. അത് സാധ്യമാക്കുന്ന സാമൂഹിക വളര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഇന്ന് സാര്‍വത്രികമായി പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. അത് അഭിമാനകരം തന്നെ. എന്നാല്‍, വിദ്യാഭ്യാസ മുന്നേറ്റം പൂര്‍ത്തിയായി എന്ന് ആശ്വസിച്ചിരിക്കാന്‍ തീരുമാനിച്ചാല്‍, സമീപകാലത്ത് ആരംഭിച്ച വളര്‍ച്ച നിശ്ചലമായിത്തീരും. ദിശാബോധം നല്‍കിയും കഴിവുറ്റ പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചും ഈ ഉണര്‍വിനെ ത്വരിതപ്പെടുത്താനും ഫലപ്രദമാക്കാനുമാണ് ശ്രമിക്കേണ്ടത്. മാത്രമല്ല, പ്രതീക്ഷിത വളര്‍ച്ചക്ക് തടസ്സമാകുന്ന സാഹചര്യം സമുദായത്തില്‍ രൂപപ്പെടുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യണം. അതുകൊണ്ടാണ്, അനാരോഗ്യകരമായ വിവാഹ സങ്കല്‍പങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വിഘാതമാകുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്. കുറച്ചെങ്കിലും അതുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. ഇളം പ്രായത്തിന് വിവാഹ മാര്‍ക്കറ്റിലുള്ള ഡിമാന്റ് രക്ഷിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ അതിനനുസരിച്ച് അവര്‍ കാര്യങ്ങള്‍ നീക്കുന്നു. പക്ഷേ, അത് ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള വ്യക്തിത്വത്തെയും ഭദ്രതയുള്ള കുടുംബജീവിതത്തെയും മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയെയും എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് ആലോചിക്കണം.
വിവാഹം ഒരു സാംസ്‌കാരിക പ്രക്രിയയും സാമൂഹിക ദൗത്യവുമാണ്. രണ്ട് ശരീരങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലിനുപരിയായി രണ്ട് വ്യക്തിത്വങ്ങള്‍ ഒന്നുചേര്‍ന്ന്, മെച്ചപ്പെട്ട ഒരു സംസ്‌കൃതിക്ക് അസ്തിവാരമിടുകയാണ് വിവാഹത്തിലൂടെ. അതുകൊണ്ട് വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്ന് തലങ്ങളുടെയും വിജയകരമായ മുന്നേറ്റത്തിന് സഹായകമാവുംവിധം ആരോഗ്യകരമായ വിവാഹബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രദ്ധിക്കണം. ഒരു പുതിയ കുടുംബം പിറക്കുന്നത് വിവാഹത്തിലൂടെയാണ്. നല്ല സമൂഹമുണ്ടാകുന്നത് നല്ല കുടുംബങ്ങള്‍ ചേരുമ്പോഴും. അതുകൊണ്ട് ഏറെ സൂക്ഷ്മതയോടെയാണ് നാം വിവാഹം നടത്തേണ്ടത്. ഇണയുടെ തെരഞ്ഞെടുപ്പ്, അതിനു നിശ്ചയിക്കുന്ന നിബന്ധനകള്‍, വിവാഹ പ്രായം, വിവാഹത്തിന്റെ മാനദണ്ഡങ്ങള്‍, പരസ്പരമുള്ള പൊരുത്തവും ചേര്‍ച്ചയും, ദീനീബോധം, വിദ്യാഭ്യാസ-സാംസ്‌കാരിക നിലവാരം, ജീവിത വീക്ഷണം തുടങ്ങി ഒട്ടനവധി ഘടകങ്ങളെ ഗൗരവത്തില്‍ കാണണം. വിവാഹരംഗത്തെ ഏതേതു നടപ്പുരീതികളെയാണ് പൊളിച്ചെഴുതേണ്ടതെന്ന് ചിന്തിക്കണം. വിദ്യാഭ്യാസ മുന്നേറ്റവും ഊഷ്മളമായ കുടുംബജീവിതവും കൈവരിക്കാന്‍ സഹായകമാകുംവിധം വിവാഹസങ്കല്‍പങ്ങളെ പുനഃക്രമീകരിക്കണം.
വിദ്യാഭ്യാസം എല്ലാ മേഖലകളെയും പ്രഭാപൂരിതമാക്കുന്ന പ്രക്രിയയാണ്. അതുകൊണ്ട് വിവാഹം വിദ്യാഭ്യാസ വളര്‍ച്ചക്ക് വിഘാതമാവുകയല്ല, പ്രചോദനമാവുകയാണ് ചെയ്യേണ്ടത്. വിദ്യാഭ്യാസത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടു വേണം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍. തുടര്‍ വിദ്യാഭ്യാസത്തിന് ഇണകള്‍ പരസ്പരവും അവരുടെ കുടുംബങ്ങളും പ്രോത്സാഹനവും സഹായവും നല്‍കണം. ഇതു പക്ഷേ, വിവേകത്തോടെയും വിവേചനബോധത്തോടെയും നടപ്പാക്കേണ്ട ഒന്നാണ്. ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടെടുക്കുന്ന ഒട്ടേറെ രക്ഷിതാക്കളെയും ദമ്പതികളെയും കാണാം. ബിരുദപഠനവും ട്രെയിനിംഗും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മതി വിവാഹം എന്ന ഉയര്‍ന്ന നിലപാടെടുക്കുന്ന രക്ഷിതാക്കളുണ്ട്; വിവാഹശേഷവും പഠനം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന ഇണകളും.
മറുഭാഗത്ത്, വിവാഹം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമായിത്തീരുന്ന വിധം തെറ്റായ സമീപനരീതികള്‍ സ്വീകരിക്കുന്നു ചിലര്‍. ഇളം പ്രായത്തിന് വിവാഹ മാര്‍ക്കറ്റിലുള്ള ഡിമാന്റും, വിദ്യാഭ്യാസ വളര്‍ച്ച വിവാഹത്തിന് തടസ്സമാണെന്ന മനോഭാവവും, ആണ്‍കുട്ടികളുടെ വിദ്യാഭ്യാസക്കുറവുമാണ് ഇതിന്റെ കാരണം. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ സംബന്ധിച്ച് തെറ്റായ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുകയും അത് പലപ്പോഴും വിവാദമായിത്തീരുകയും ചെയ്യുന്നു.
ഇളം പ്രായത്തില്‍ പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ രക്ഷിതാക്കളില്‍ പലരും ധൃതി കാണിക്കുന്നതിന്റെ മനഃശാസ്ത്രം ‘ബാധ്യത തീര്‍ക്കുക, ഭാരം ഒഴിവാക്കുക’ എന്നതു കൂടിയാണ്. ഒരുപ്രായം കഴിഞ്ഞാല്‍ പിന്നെ കല്യാണങ്ങള്‍ നടക്കാന്‍ വലിയ പ്രയാസമാണെന്നാണ് പലരും പറയുന്നത്. ഡിഗ്രിക്കും അതിനപ്പുറത്തേക്കും പഠനം നീണ്ടാല്‍ പിന്നെ വിവാഹ മാര്‍ക്കറ്റില്‍ വിലയിടിയും എന്നതാണ് രക്ഷിതാക്കളുടെ ആധി. അതില്‍ ശരിയില്ലെന്ന് പറയാനോ ഏകപക്ഷീയമായി രക്ഷിതാക്കളെ കുറ്റപ്പെടുത്താനോ ആകില്ല. കാരണം, സാമൂഹിക സാഹചര്യങ്ങള്‍ അവരെ അത്തരമൊരു സമ്മര്‍ദത്തില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. ആ സമ്മര്‍ദത്തെ തത്ത്വ പ്രസംഗങ്ങള്‍ കൊണ്ട് മറികടക്കാനാകില്ല. മറിച്ച് അത്തരമൊരു സാമൂഹിക സാഹചര്യത്തെ കൃത്യമായി അഭിമുഖീകരിക്കാനും വിവാഹപ്രായം സംബന്ധിച്ച് യുവാക്കളുടെ സങ്കല്‍പങ്ങളില്‍ ആരോഗ്യകരമായ മാറ്റം വരുത്താനും പരിശ്രമിക്കുകയാണ് വേണ്ടത്. ഇളം പ്രായത്തില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ പൊതുവെ ശാരീരിക സൗന്ദര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ബിരുദ-ബിരുദാനന്തര പഠനത്തോടെ 20-22 വയസ്സായാലും അവരുടെ വിവാഹം പ്രയാസമില്ലാതെ നടക്കും. എന്നാല്‍, പ്രായം കൂടിയാല്‍ വിവാഹം നടക്കാന്‍ പ്രയാസമുള്ള പെണ്‍കുട്ടികളുടെ കല്യാണം നേരത്തെ നടക്കുന്നില്ല. അവര്‍ പിന്നെയും കാത്തുകിടക്കുക തന്നെയാണ്.
ബിരുദ-ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുമ്പോഴുണ്ടാകുന്ന ‘പ്രായക്കൂടുതല്‍’ വിവാഹത്തിന് അയോഗ്യതയായി കാണുന്നത് ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല. വിദ്യാഭ്യാസപരമായ ഔന്നത്യം വിവാഹത്തിനുള്ള യോഗ്യതയായി കാണുകയാണ് വിവേകമതികള്‍ ചെയ്യേണ്ടത്. ഇസ്‌ലാമിക സമൂഹത്തിന്റെ സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യത്തിന്റെ തേട്ടവും അതാണ്. വിദ്യാഭ്യാസം വഴിയുണ്ടാകുന്ന ‘പ്രായക്കൂടുതല്‍’, കുടുംബജീവിതത്തിന് ഏറ്റവും ആവശ്യമായ പക്വതയാര്‍ജിക്കാനുള്ള മാര്‍ഗമായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അങ്ങനെ ചിന്തിക്കുന്ന, ഡിഗ്രിയെങ്കിലും പൂര്‍ത്തിയാക്കാതെ കുട്ടികളെ വിവാഹം ചെയ്താല്‍ ശരിയാകില്ലെന്ന് പറയുന്ന യുവാക്കളെയും കാണാം. പക്ഷേ, ‘പഠിച്ച് പ്രായം കൂടിയ’ പെണ്‍കുട്ടി വിവാഹം കഴിഞ്ഞുപോകാന്‍ പ്രയാസപ്പെടുന്നുവെന്ന സത്യം അപ്പോഴും ബാക്കി നില്‍ക്കുന്നു. വിദ്യാഭ്യാസം മുടക്കി ഇളം പ്രായത്തില്‍ വിവാഹം ചെയ്തയക്കലല്ല അതിനുള്ള പരിഹാരം. നമ്മുടെ വിവാഹസങ്കല്‍പം വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന് യുവാക്കളും പെണ്‍കുട്ടികളും രക്ഷിതാക്കളും ഒരുപോലെ തീരുമാനിക്കണം. ഈ വിഷയത്തില്‍ കൂടുതല്‍ ബാധ്യത യുവാക്കള്‍ക്കാണ്. വിവാഹാനന്തരം പഠനം തുടരുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട്, വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ എന്ന ചോദ്യം എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കണം. അങ്ങനെ പഠനം തുടരുന്നവര്‍ കുറവാണ്. വിവാഹത്തോടെ പഠനം മുടങ്ങിയ മിടുക്കികളുടെ തുടര്‍ പഠനത്തിന് ഭര്‍ത്താക്കന്മാര്‍ അവസരമുണ്ടാക്കണം.
തെറ്റായ ചില സങ്കല്‍പങ്ങളില്‍ നിന്നാണ് ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടുന്നത്. മാനസികമായ വളര്‍ച്ചയും പക്വതയും ആര്‍ജിച്ച ഇണയെ സ്വീകരിച്ച് മെച്ചപ്പെട്ട കുടുംബജീവിതം നയിക്കുക എന്നതിനേക്കാള്‍ ശാരീരികമായ ആസ്വാദനത്തിന് പ്രാമുഖ്യം നല്‍കുന്ന പുരുഷ സമീപനമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് പ്രധാന കാരണം. മുസ്‌ലിം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ നിലവാരത്തില്‍ വന്നിട്ടുള്ള അന്തരമാണ് മറ്റൊന്ന്. ബിരുദതലം മുതല്‍ മുകളിലേക്കുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ആണ്‍കുട്ടികളേക്കാള്‍, ആപേക്ഷികമായി മുസ്‌ലിം പെണ്‍കുട്ടികള്‍ മുന്നിട്ടു നില്‍ക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. പ്രഫഷണല്‍ കോഴ്‌സുകള്‍ പരിശോധിച്ചാല്‍ ഇത് വളരെ പ്രകടമാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ ഈ മുന്നേറ്റം അഭിമാനകരമാകുമ്പോള്‍ തന്നെ, ഹയര്‍ സെക്കന്ററി പൂര്‍ത്തീകരിച്ച് പല വഴിക്ക് ചിതറി പോകുന്ന ആണ്‍കുട്ടികളുടെ അവസ്ഥ ആശങ്കാജനകവുമാണ്. വൈവാഹിക രംഗത്ത് ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിക്ക്, തത്തുല്യമായ വിദ്യാഭ്യാസ നിലവാരമുള്ള ഭര്‍ത്താവിനെ കിട്ടാന്‍ പ്രയാസപ്പെടുന്ന സാഹചര്യമുണ്ട്. തന്നെക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതത്തില്‍ ചിലപ്പോള്‍ അക്കാരണം കൊണ്ട് താളപ്പിഴകള്‍ സംഭവിക്കുന്നു. ഈഗോയും കോംപ്ലക്‌സുകളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതേ കാരണം കൊണ്ട് കല്യാണം കഴിക്കുന്ന കുറഞ്ഞ യോഗ്യതയുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യവും അനുഭവത്തിലുണ്ട്.
തീരെ ചെറിയ മനസ്സും ഇടുങ്ങിയ കാഴ്ചപ്പാടുമാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ രണ്ടു പേരെയും പ്രേരിപ്പിക്കുന്നത്. ഉയര്‍ന്ന നിലപാടെടുക്കുകയും പരസ്പരം ഉള്‍ക്കൊള്ളുകയും ചെയ്താല്‍ ഈ പ്രതിസന്ധി കുറെയൊക്കെ മറികടക്കാം.ഭര്‍ത്താവിന്റെ വിദ്യാഭ്യാസ യോഗ്യതക്കുറവിനെക്കാള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം, സ്വഭാവം, സ്‌നേഹം തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കുക. വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കിലും ഉയര്‍ന്ന വ്യക്തിത്വം രൂപപ്പെടുത്താന്‍ ഭര്‍ത്താവും പരിശ്രമിക്കുക. മാത്രമല്ല, തന്നെക്കാള്‍ വിദ്യാഭ്യാസ യോഗ്യത ഭാര്യക്ക് ഉണ്ട് എന്നത് അഭിമാനകരമായ നന്മയായി കാണാനും അവളെ ആദരിക്കാനും മനസ്സ് വെച്ചാല്‍ അതിന്റെ ഫലം വളരെ വലുതായിരിക്കും. തന്നെക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരായി മക്കള്‍ പഠിച്ച് വളരുന്നതില്‍ ഏതു പിതാവിനും അഭിമാനമാണുണ്ടാകാറുള്ളത്. അതുപക്ഷേ, സ്വന്തം ഭാര്യമാരുടെ കാര്യത്തില്‍ പുലര്‍ത്താന്‍ കഴിയാത്തത് ദാമ്പത്യത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുകൊണ്ട് കൂടിയാണ്. മേധാവിത്വ മനസ്സ് സൂക്ഷിക്കുകയും ഈഗോയും കോംപ്ലക്‌സും അതിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതാണ് കാരണം.
വിദ്യാഭ്യാസ നിലവാരത്തിലെ ആണ്‍-പെണ്‍ അന്തരം വിവാഹത്തിന് പ്രയാസമാകുന്നുണ്ടെങ്കില്‍, അതിനുള്ള പരിഹാരം പെണ്‍കുട്ടികളെ കുറഞ്ഞ വിദ്യാഭ്യാസം നല്‍കി ഇളംപ്രായത്തില്‍ കെട്ടിച്ചുവിടലല്ല; ആണ്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കലാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ശേഷമേ തങ്ങള്‍ വിവാഹം കഴിക്കൂ എന്ന് ആണ്‍കുട്ടികള്‍ തീരുമാനിച്ചാല്‍ അത് സ്വാഭാവികമായും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചയെയും ഗുണകരമായി സ്വാധീനിക്കും. വിവാഹം വിദ്യാഭ്യാസത്തിന് വിഘാതമായാല്‍ മുസ്‌ലിം സമുദായം നീണ്ടകാലത്തെ നിദ്രക്കു ശേഷം സമീപകാലത്ത് നേടിയ ഈ രംഗത്തെ മുന്നേറ്റം നിശ്ചലമാകാനും പിറകോട്ട് പോകാനും ഇടയാക്കും. മുഴുവന്‍ ആണ്‍-പെണ്‍ കുട്ടികള്‍ക്കും ഒരേപോലെ ബാധകമാകുന്നതല്ല ഇത്. 25-30 ശതമാനം കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു പോകാന്‍ സാധ്യതയില്ലാത്തവരായിരിക്കാം. വിവാഹത്തിനുള്ള മറ്റു യോഗ്യതകള്‍ പൂര്‍ത്തീകരിക്കുന്നതോടെ അവരെ കല്യാണം കഴിച്ചയക്കുന്നത് തന്നെയാണ് ഉത്തമം. ശേഷിക്കുന്നവരില്‍ ഏതാണ്ട് പകുതി, മികച്ച പഠന നിലവാരമുള്ളവരും ലക്ഷ്യബോധമുള്ളവരുമാണ്. അവരുടെ തുടര്‍ വിദ്യാഭ്യാസത്തില്‍ യാതൊരു വിധ ഉപേക്ഷയും വരുത്താന്‍ പാടില്ലാത്തതാണ്. ശരാശരി നിലവാരം പുലര്‍ത്തുന്ന ശേഷിക്കുന്നവരെയാകട്ടെ, പഠനതാല്‍പര്യം നിലനിര്‍ത്തിയും കൂടുതല്‍ പ്രോത്സാഹനം നല്‍കിയും വിദ്യാഭ്യാസപരമായി വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ സാമൂഹികമായ ആവശ്യമാണ്. പിന്നാക്കാവസ്ഥയിലുള്ള ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് നമ്മുടെ പ്രധാന അജണ്ടയാണല്ലോ. അതില്‍ സ്ത്രീ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം വളരെ വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരമൊരു സാമൂഹിക ബോധത്തോടുകൂടിയാകണം പെണ്‍കുട്ടികളുടെ വിവാഹത്തെയും വിദ്യാഭ്യാസത്തെയും വിവാഹ പ്രായത്തെയും കുറിച്ച കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍.
വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം എത്രയാകണമെന്നത് ഇസ്‌ലാമില്‍ ഖണ്ഡിതമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ആരോഗ്യകരമായ ദാമ്പത്യജീവിതത്തിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളും ഭൂമിയിലെ മനുഷ്യജീവിതത്തില്‍ അത് പൂര്‍ത്തീകരിക്കാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും മുന്‍ നിര്‍ത്തി വേണം ഓരോ കാലത്തും ദേശത്തുമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം തീരുമാനിക്കാന്‍. ഇസ്‌ലാമിക വീക്ഷണപ്രകാരം വിവാഹ പ്രായം ഒരു കര്‍മശാസ്ത്ര പ്രശ്‌നമല്ല, സാമൂഹിക ശാസ്ത്ര വിഷയമാണ്. കുടുംബത്തിലും സമൂഹത്തിലും ഓരോ വ്യക്തിയുടെയും ദൗത്യമെന്താണെന്ന് ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്. ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ വേണ്ട പ്രായവും യോഗ്യതയുമാണ് വിവാഹത്തിന് മാനദണ്ഡമാക്കേണ്ടത്. ഓരോ ദേശത്തെയും മുസ്‌ലിം വിഭാഗങ്ങള്‍ അവരവര്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുണകരമായ സമീപന രീതികളെ പോലും സാമുദായികമായ വൈകാരികതകളാല്‍ ഉല്ലംഘിക്കാന്‍ ശ്രമിക്കുന്ന അപക്വമായ നിലപാടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമുദായത്തിന് നേട്ടമുണ്ടാക്കില്ല എന്നുറപ്പാണ്. ഇന്ത്യന്‍ നിയമമനുസരിച്ച് ആണ്‍കുട്ടിക്ക് 21-ഉം പെണ്‍കുട്ടിക്ക് 18-ഉം വയസ്സാണ് കുറഞ്ഞ വിവാഹ പ്രായം. അതിന് മുമ്പുള്ള വിവാഹം ശൈശവ വിവാഹമായി കണക്കാക്കപ്പെടുകയും ശിക്ഷാ നടപടികള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഇന്ത്യാ രാജ്യത്തെ പൗരന്മാരെന്ന നിലക്ക് ആ നിയമം അംഗീകരിക്കാന്‍ മറ്റുള്ളവരെ പോലെ മുസ്‌ലിം സമൂഹവും ബാധ്യസ്ഥരാണ്. ഈ നിയമത്തിന്റെ ലംഘനവും ഇന്ത്യന്‍ വിവക്ഷയനുസരിച്ചുള്ള ‘ശൈശവ വിവാഹവും’ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നുണ്ട്. അതില്‍ മുസ്‌ലിം സമൂഹത്തെ മാത്രം വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, മുസ്‌ലിം സമൂഹം വിവാഹ-വിവാഹമോചന വിഷയത്തിലും മറ്റു വിഷയങ്ങളിലും ഇതര മത വിഭാഗങ്ങള്‍ക്കു കൂടി മാതൃകയാക്കാവുന്ന ഉയര്‍ന്ന നിലപാടെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.
പ്രായവും അതറിയിക്കുന്ന ശരീര വളര്‍ച്ചയും മാത്രമല്ല വിവാഹത്തിന്റെ ഒന്നാമത്തെ മാനദണ്ഡമാകേണ്ടത്. ഋതുമതിയാവുകയെന്നത് ഒരു ശാരീരിക പ്രക്രിയയാണ്. ഭക്ഷണമുള്‍പ്പെടെയുള്ള ഘടകങ്ങള്‍ അതിനെ നിയന്ത്രിക്കുന്നുണ്ട്. ഋതുമതിയായാല്‍ വിവാഹ പ്രായമെത്തിയെന്ന് വാശി പിടിക്കുന്നവര്‍ വിവാഹത്തെ ഒരു ശാരീരിക പ്രക്രിയ മാത്രമായി കാണുകയാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായത്തെക്കുറിച്ച് വാശിയോടെ സംസാരിക്കുന്നവര്‍ പുരുഷന്മാരാണെന്നതാണ് വിചിത്രമായ വസ്തുത. ഇളം പ്രായത്തില്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാനുള്ള ‘അനുവാദ’ത്തെക്കുറിച്ചും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന അപകടത്തെക്കുറിച്ചും വാചാലരാകുന്നത് സമുദായത്തിലെ പുരുഷ ലേഖകരും പ്രസംഗകരുമാണ്! എന്തായിരിക്കും ഇതിന്റെ മനഃശാസ്ത്രം?
ഇളം പ്രായത്തിലുള്ള വിവാഹത്തിന് ന്യായം കണ്ടെത്താന്‍ ഹസ്രത്ത് ആഇശയെ ഉദാഹരിക്കുന്നവര്‍, നബിയുടെ ഒന്നാമത്തെ പത്‌നി ഖദീജ, ഭര്‍ത്താവിനെക്കാള്‍ പതിനഞ്ച് വയസ്സ് കൂടുതലുള്ള വിധവയും മാതാവുമായിരുന്നു എന്നത് സൗകര്യപൂര്‍വം വിസ്മരിക്കുന്നു. മാത്രമല്ല, നബിയുടെ ഭാര്യമാരില്‍ പലരും വിധവകളും മുതിര്‍ന്നവരുമായിരുന്നു. ഹസ്രത്ത് ആഇശയാകട്ടെ വൈജ്ഞാനികമായും മറ്റും ആ സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന പദവിയിലായിരുന്നു താനും. അത്തരമൊരു പദവിയിലെത്താന്‍ നമ്മുടെ കുട്ടികളെ പ്രേരിപ്പിക്കുകയും അതിന് സാഹചര്യമൊരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്.
ശാരീരികമായി പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് വിവാഹപ്രായമായി എന്ന് ധരിക്കുന്നവര്‍, പെണ്‍കുട്ടികളെ കെട്ടിച്ചുവിടാന്‍ ധൃതി കാണിക്കുന്നവര്‍, ശാരീരികമായി പ്രായപൂര്‍ത്തിയെത്തിയ മുസ്‌ലിം ആണ്‍കുട്ടികളുടെ കാര്യത്തില്‍ ആ വ്യഗ്രത കാണിക്കുന്നില്ല. വഴിതെറ്റിപ്പോകാനുള്ള സാധ്യത പെണ്‍കുട്ടിയെക്കാള്‍ ആണ്‍കുട്ടിക്കാണല്ലോ കൂടുതല്‍. അവന് പക്വത വേണം, കുടുംബത്തെ നയിക്കാനുള്ള പ്രായമാകണം, പഠനം പൂര്‍ത്തിയാക്കണം, ജോലി വേണം എന്നൊക്കെ നമുക്ക് പറയാനുണ്ടാകും. അതൊക്കെ ശരിയാണ്. എന്നാല്‍, കുടുംബജീവിതം നയിക്കാനുള്ള പക്വതയും യോഗ്യതയും ആണ്‍കുട്ടി മാത്രം പൂര്‍ത്തിയാക്കിയാല്‍ മതിയോ? വീടിന്റെ ഭരണാധികാരി സ്ത്രീയാണെന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. അത്തരമൊരു ഭരണാധികാരിക്ക് ഉണ്ടാകേണ്ട യോഗ്യതകള്‍ കൈവരിക്കാന്‍ അവള്‍ക്ക് അവസരം നല്‍കേണ്ടതല്ലേ.
വിവാഹത്തിന് പെണ്‍കുട്ടിയുടെ അനുവാദം വാങ്ങണമെന്ന ഇസ്‌ലാമിക അധ്യാപനവും ഈ വിഷയത്തില്‍ പ്രസക്തമാണ്. പെണ്‍കുട്ടിയുടെ സമ്മതമില്ലാത്ത വിവാഹം പ്രവാചകന്‍ റദ്ദ് ചെയ്ത സംഭവങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. വിദ്യാഭ്യാസം മുടങ്ങുന്ന നിര്‍ബന്ധിത വിവാഹങ്ങള്‍ക്ക് തടയിടാന്‍ ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഇത് അമിത സ്വാതന്ത്ര്യമായി പെണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാകരുത്. പെണ്‍കുട്ടിയുടെ ‘അനുവാദം’ എന്നതിനോടൊപ്പം, രക്ഷിതാവിന്റെ ഉത്തരവാദിത്വത്തെയും അധികാരത്തെയും സംബന്ധിച്ചും ഇസ്‌ലാം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെടുന്ന പ്രവണത ഇപ്പോള്‍ കൂടിവരുന്നതായി അനുഭവപ്പെടുന്നു. പ്രണയ സൗഹൃദങ്ങളുടെ പേരിലുള്ള വാശികള്‍ക്ക് രക്ഷിതാക്കള്‍ വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുകയും ഭദ്രമായ കുടുംബജീവിതത്തിന് ചേരാത്ത വിവാഹബന്ധങ്ങള്‍ ഉണ്ടാവുകയും വൈകാതെ ഉടക്കിപ്പിരിയുകയും ചെയ്യുന്ന കേസുകള്‍ ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരം വിവാഹങ്ങളിലും പിന്നീടുള്ള പരാജയങ്ങളിലും രക്ഷിതാക്കള്‍ നിസ്സഹായരായി പോകുന്നു. ദാമ്പത്യജീവിതം ആരംഭിക്കും മുമ്പേ വീണുടയുന്ന വൈവാഹികബന്ധങ്ങള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ നമ്മുടെ അനുഭവങ്ങളിലുണ്ട്. പക്വതയെത്താത്ത പെണ്‍കുട്ടികളാണ് ഇതിന് പലപ്പോഴും കാരണക്കാരാകുന്നതെന്നാണ് അനുഭവം. എന്താണ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആധി കൊള്ളുകയാണ്. ഈ പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെ സമീപിക്കാനും പ്രായോഗിക പരിഹാരങ്ങള്‍ കാണാനും നാം മനസ്സു വെക്കണം.
വിവാഹം ലളിതവും എളുപ്പവുമാണ് ഇസ്‌ലാമില്‍. വിവാഹമോചനമാകട്ടെ, ഏറെ പ്രയാസമുള്ളതും സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതും. അല്ലാഹു ഇഷ്ടപ്പെടുന്ന, ദീനിന്റെ പാതി പൂര്‍ത്തീകരിക്കുന്നതാണ് വിവാഹം. പക്ഷേ, അല്ലാഹു വെറുക്കുന്ന, അവന്റെ സിംഹാസനം കുലുങ്ങുന്ന വെറുക്കപ്പെട്ട കാര്യമാണ് വിവാഹമോചനം. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ വിവാഹം ഏറെ ഭാരമുളളതും വിവാഹമോചനം ഏറ്റവും എളുപ്പമുള്ളതുമായി കീഴ്‌മേല്‍ മറിക്കപ്പെട്ടിരിക്കുന്നു.